ജീവിതത്തോട്‌ സംസാരിക്കുന്ന കഥകൾ

ആധുനികതയ്‌ക്ക്‌ ശേഷമുളള മലയാളകഥയുടെ ഗതിപരിണാമങ്ങളെ വലിയതോതിൽ പ്രതിനിധീകരിക്കുന്ന കഥകളുടെ കൂട്ടം എന്ന നിലയിലായിരിക്കും പി.ആർ.വിജയകുമാറിന്റെ “പീന്യയിലെ ആൽമരങ്ങൾ” എന്ന കഥാസമാഹാരം ശ്രദ്ധേയമാകാൻ പോകുന്നത്‌. ഭാഷാപരമായ കസർത്തുകളുടെ വിലോഭനങ്ങളിൽ പെടാതെ ആധുനികാനന്തരത മുന്നോട്ടുവെച്ച രചനാപരീക്ഷണങ്ങളിലൊന്നും അഭിരമിക്കാതെ, നേർരേഖയിൽ നിന്നുകൊണ്ട്‌ ഒട്ടും നേരിമയില്ലാത്ത ഒരു കാലത്തെ, ജീവിതത്തെ, പ്രതിനിധീകരിക്കുന്ന പതിനേഴ്‌ കഥകളാണ്‌ ഈ സമാഹാരത്തിലുളളത്‌. തൃശൂർ കറന്റ്‌ ബുക്‌സ്‌ ആണ്‌ പ്രസാധകർ.

അതിവേഗം നഗരവത്‌കൃതമാകുന്ന നമ്മുടെ ജീവിതം അഭിമുഖീകരിക്കുന്ന പ്രതിസന്ധികളാണ്‌ ഈ കഥകളുടെ അടിസ്ഥാന പ്രമേയം. സ്‌ത്രീശരീരത്തെ ആർത്തിയോടെ വിഴുങ്ങുന്ന ഒരു പാമ്പായി നാമോരോരുത്തരും മാറിത്തീരുന്നത്‌ ഈ സമാഹാരത്തിലെ ചില കഥകൾ വരച്ചിടുന്നു. ലിങ്കണും രണ്ടു ബലാൽസംഗങ്ങളും, സാന്ത്വനങ്ങൾ, ഹെസ്രഗട്ടയിലേക്കുളള വണ്ടി, രാംഗുഡിയിലെ നിയമങ്ങൾ എന്നീ കഥകളെല്ലാം പ്രമേയമാക്കുന്നത്‌ സ്‌ത്രീക്കെതിരായ കടന്നുകയറ്റങ്ങളെയാണ്‌.

രചനാപരമായ സവിശേഷതകൾകൊണ്ട്‌ സമാഹാരത്തിലെതന്നെ മികച്ച കഥയായ “ഹെസ്രഗട്ടയിലേക്കുളള വണ്ടി” ദക്ഷിണേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന്‌ നഗരങ്ങളിലേയ്‌ക്ക്‌ വേശ്യാവൃത്തിക്കായി കൊണ്ടുപോകുന്ന ശിവകാമിമാരുടെ കഥയാണ്‌. കഥയിലൊരിടത്തും ശിവകാമിയുടെ സാന്നിദ്ധ്യമില്ല. പക്ഷേ കഥയിലെ ഓരോ വരിയിലും ശിവകാമി നിറയുന്നു. നാം നേടിയെടുത്ത വലിയ ലോകങ്ങളിൽ ബലിയായിപോകുന്ന, നമ്മുടെ മാംസക്കൊതിയുടെ ഉഷ്‌ണഞ്ഞരമ്പുകളെ നിരന്തരം വിജൃംഭിപ്പിക്കുന്ന ശിവകാമിമാരുടെ ഭയചകിതമായ നോട്ടങ്ങൾ കഥാവായനയ്‌ക്കുശേഷവും നമ്മെ പിൻതുടരുന്നു. നഗരത്തിന്റെ ആർത്തിപുരണ്ട ദംഷ്‌ട്രകളിലേക്ക്‌ ഇരയായിപ്പോകുന്ന ഗ്രാമത്തിന്റെ ചരിത്രമാണ്‌ ഈ കഥ.

സമാഹാരത്തിലെ ആദ്യകഥയായ “ലിങ്കണും രണ്ടു ബലാത്‌സംഗങ്ങളും” രേഖപ്പെടുത്തുന്നത്‌ ഇത്തരം ഭീഷണമായ വേട്ടയാടലുകളുടെ കഥതന്നെയാണ്‌. നഗരത്തിന്റെ കോടതികളിൽ നീതിയുടെ ജലസാന്നിദ്ധ്യമില്ല എന്ന തിരിച്ചറിവാണ്‌ ഈ കഥ. ചരിത്രത്തിലെ നീതിയുടെ- ജനാധിപത്യത്തിന്റെ-എക്കാലത്തെയും വലിയ പ്രതിപുരുഷൻ വരണ്ടുണങ്ങിയ കോടതി വരാന്തകളിൽ നിന്ന്‌ രാജ്‌ഘട്ടിലേക്ക്‌ തിരിച്ചോടുന്നിടത്താണ്‌ കഥ അവസാനിക്കുന്നത്‌. പരീക്ഷണസ്വഭാവമുളള ഏകരചന ഇതാണെങ്കിലും കൃത്രിമത്വത്തിലേക്കോ രചനാ ക്ലിഷ്‌ടതയിലേക്കോ വിജയകുമാർ നിലംപതിക്കുന്നില്ല. മാംസക്കൊതിയുടെ, സ്‌ത്രീക്കെതിരായ കടന്നുകയറ്റത്തിന്റെ കഥതന്നെയാണ്‌ “സാന്ത്വനങ്ങളും” “രാംഗുഢിയിലെ നിയമങ്ങളും” പറയുന്നത്‌. ഈ കഥകളിലൂടെ കടന്നുപോകുമ്പോൾ വൈലോപ്പിളളി ഓർമ്മിപ്പിച്ചതുപോലെ നമ്മളൊക്കെ ചെറ്റകളായ വിടൻമാരാകുന്നതുപോലെ തോന്നും. കണ്ണാടി നോക്കാൻ നമുക്കു ഭയമാകുന്നപോലെ.

ഈ സമാഹാരത്തിലെ വേറിട്ടു നിൽക്കുന്ന ഒരു രചനയാണ്‌ “പീന്യയിലെ ആൽമരങ്ങൾ”. നഗരജീവിതത്തിന്റെ വരൾച്ചകൾ തന്നെയാണ്‌ ഈ കഥയും പ്രതിനിധീകരിക്കുന്നത്‌ എങ്കിലും സൂക്ഷ്‌മമായ ചില ജീവിതചിത്രങ്ങൾ ഈ കഥയിൽ കാണാം. അശ്രദ്ധകൊണ്ട്‌ സംഭവിച്ച ചില കാര്യങ്ങൾ ഒഴിവാക്കിയാൽ മികച്ച വായനയാണ്‌ ഈ കഥ നൽകുന്നത്‌. ഗ്രാമാന്തരീക്ഷത്തിൽ നിന്ന്‌ വലിയ നഗരങ്ങളിലേക്ക്‌ തൊഴിൽ തേടിപോകുന്ന മനസ്സുകളുടെ അതിസൂക്ഷ്‌മമായ ചിത്രങ്ങൾ ഈ കഥയിൽ കാണാം. ഭൂവുടമ ബന്ധങ്ങളിലുണ്ടായ മാറ്റവും ഗ്രാമീണ കാർഷിക സംസ്‌കാരത്തിന്റെ തകർച്ചയുമാണ്‌ “നെല്ല്‌” എന്ന കഥ.

“അപകടങ്ങൾ”, “സുരക്ഷിതർ” എന്നീ ലഘുകഥകൾ ഒരേ സ്വഭാവമുളള പ്രമേയങ്ങളാണ്‌ സംസാരിക്കുന്നത്‌. മരണത്തെപ്പോലും മാർക്കറ്റ്‌ ചെയ്യേണ്ട ദുര്യോഗം വന്നുചേർന്നിരിക്കുന്ന ആധുനിക ജീവിതമാണ്‌ അപകടങ്ങളുടെ പ്രമേയമെങ്കിൽ നൂറുകണക്കിന്‌ യാത്രക്കാർ കത്തിയെരിയുമ്പോഴും ഇൻഷുറൻസ്‌ പുതുക്കിയിട്ടുണ്ട്‌ എന്ന അറിവിന്റെ ആഹ്ലാദത്തിൽ ലാഘവത്തോടെ ഉറങ്ങാൻ പോകുന്ന നഗരമുതലാളിത്തമാണ്‌ “സുരക്ഷിതരു”ടെ പ്രമേയം.

നവോത്ഥാനകാല കഥകളുടെ നിഴൽ പിൻതുടരുന്ന ചില കഥകളും ഈ സമാഹാരത്തിലുണ്ട്‌. “അരിമുറുക്ക്‌” “ജനനവും മരണവും” തുടങ്ങിയ കഥകൾ ഉദാഹരണമാണ്‌. ആദർശാത്മകമായി ജീവിക്കാൻ കഴിയാതെ പോകുന്ന പുതിയ കാലത്തെക്കുറിച്ചാണ്‌ ഈ കഥകളും ആകുലപ്പെടുന്നത്‌. “കാണാക്കടവിന്റെ കഥ” “അവൻ…അവൾ” തുടങ്ങിയ അപക്വരചനകളും ഈ സമാഹാരത്തിൽ കാണാം.

ആസുരമായ ഒരു കാലത്തെ പ്രതിനിധീകരിക്കുമ്പോഴും ലാളിത്യമാണ്‌ ഈ സമാഹാരത്തിലെ കഥകൾ പുലർത്തുന്നത്‌. ജീവിതം ഒരു പദപ്രശ്‌നമാണെന്നും ഓരോ മനുഷ്യനും അവനവന്റെ പദപ്രശ്‌നങ്ങളിൽ കുരുങ്ങിനിൽക്കുകയാണ്‌ എന്നുമുളള ഓർമ്മപ്പെടുത്തലുകൾ ഈ കഥകളിലുണ്ട്‌. ചെറുകഥാ പ്രസ്ഥാനങ്ങളുടെ ഏതു സന്ദർഭത്തെയാണ്‌ വിജയകുമാർ പ്രതിനിധാനം ചെയ്യുന്നതെന്ന വിധി പ്രഖ്യാപനത്തിന്‌ ഇവിടെ പ്രസക്തിയില്ല. നിശ്‌ചയമായും അത്‌ സത്യസന്ധമാണ്‌. ജീവിതത്തോട്‌ ആത്മാർത്ഥത പുലർത്തുന്നതുമാണ്‌.

——

Generated from archived content: pustakam_jeevithathode.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English