“പണ്ട് പണ്ട്, വളരെപ്പണ്ട്” ഒരഞ്ചു വയസ്സുകാരനെ മടിയിൽ കിടത്തി മുത്തശ്ശി പറയാറുള്ള കഥ, മടിയിൽ ചെരിഞ്ഞു കിടന്നു കാലുകൾക്കിടയിൽ കൈകൾ രണ്ടും തിരുകി വെച്ച് കണ്ണുകൾ പാതിയടച്ചു ഇടക്ക് മൂളിക്കൊണ്ട്. ഉണക്കച്ചുള്ളിപോലത്തെ വിരലുകൾ ചുണ്ണാമ്പ് പുരണ്ട വിരലുകൾ മുടിയിഴകളിലേക്ക് എടുത്തു വെപ്പിക്കും. കഥയുടെ താളവും തലവെച്ച് കിടക്കുന്ന കാലുകളുടെ നേരിയ ചലനവും മുടിയിലൂടെ ഒഴുകി നടക്കുന്ന വിരലുകളും മൂളുന്നയാളുടെ മൂളൽ നേർത്തു നേർത്തു വരും. എന്നും ഒരേ തുടക്കം. ഒരേ താളം. എന്നാലും കേൾക്കണം, രാജാവിന്റെ രാജകുമാരന്റെ രാജകുമാരിയുടെ പ്രണയത്തിന്റെ, വീരന്മാരുടെ വിജയത്തിന്റെ, രക്തം കുടിക്കുന്ന, എല്ലും തോലും ബാക്കിവെച്ച് നൊട്ടിനുണയുന്ന യക്ഷിമാരുടെ കഥയുടെ. നടുവിലെവിടെയോ സ്വപ്‌നത്തിലേക്ക്, കേട്ട കഥയിലെ രാജകുമാരി ചിറകുമുളച്ചു പൂമ്പാറ്റയായി വർണഭംഗിയുള്ള ലോകത്തിൽ എത്തിയിരിക്കും. കഥയുടെ അവസാനം ഒരിക്കലും കേട്ടിട്ടില്ല.
അത് പോലൊരു കഥ, വളരെ പഴയ ഒരു കഥ, ഒരു പ്രണയത്തിന്റെ, എല്ലാവരും ജീവിതത്തിന്റെ ഏറെ നിറമുള്ള കാലത്ത് അനുഭവിച്ചതും ജീവിതത്തിന്റെ സന്ധ്യയിലും മനസ്സിന്റെ ചെപ്പിൽ നിന്നെടുത്തു തലോലിക്കുന്നതുമായ പ്രണയാനുഭവം. പക്ഷെ എന്റെ ഈ പ്രണയാനുഭവം വ്യത്യസ്‌തമാണ്. ഒരു വേദനയാണ്, എന്നും അനുഭവിക്കുന്ന ഒരു സംഘർഷം ആണ്.
“ഇനി കഥയിലേക്ക്”
ഇത്തിരിപോലു വിശ്രമം കിട്ടാത്ത ഒരു ഡ്യൂട്ടി ദിവസമായിരുന്നു അന്ന്. അഞ്ചുനില താഴെ അത്യാഹിത വിഭാഗത്തിൽ രാപകൽ ഇടതടവില്ലാതെ ആംബുലൻസും ഓട്ടോറിക്ഷയും പാഞ്ഞു വരുന്നു. നിലവിളിയും പരക്കം പാച്ചിലും ട്രോളി വലിക്കുന്ന ഒച്ചയും, ബഹളവും വെപ്രാളം കൊണ്ടു ഓടിവരുന്നതാണ് പലരും. ചിലപ്പോ ഒരു സ്വാന്തനവാക്കോ, ഒരു തലോടലോ മതിയാകും. വന്ന അതേ ഓട്ടോയിൽ തന്നെ തിരിച്ചയക്കാം. ഒരു ചെറു പുഞ്ചിരി സമ്മാനമായി തിരിച്ചു നല്‌കി കൊണ്ടു നിന്നു പെയ്യുന്ന മഴയിൽ തോളിലെടുത്തു മൈലുകൾ നടന്നു മേശയിൽ കൊണ്ടു വന്നു കിടത്തുമ്പോൾ മാത്രം ശ്വാസം നിലച്ചിട്ട് ഏറെ നേരം ആയിരിക്കുന്നു എന്ന നടുക്കുന്ന സത്യം മനസ്സിലാക്കുന്ന കേസ്സുകളും ഉണ്ടാവാറുണ്ട്. പ്രതീക്ഷിക്കുന്ന കണ്ണുകളിലേക്കു നോക്കി സത്യം പറയാൻ പാട് പെടുന്ന നിമിഷങ്ങൾ. കിടത്തി ചികിത്സ വേണ്ടുന്നവരെ ഇവിടെ അഞ്ചാം നിലയിലെ വാർഡിലേക്ക് വിടുന്നു. എന്റെ കർമരംഗം ഇവിടെയാണ്. അഡ്‌മിറ്റ് ആയി വാർഡിൽ വരുന്ന കുട്ടികളെ നോക്കി വേണ്ടത് ചെയ്യണം, വാർഡിൽ കിടക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങൾ അപ്പോഴപ്പോൾ നോക്കി പരിഹരിക്കണം. പിറ്റേന്ന് പ്രൊഫസർ വരുമ്പോൾ ഓരോ കേസും പഠിച്ചു തെറ്റാതെ അവതരിപ്പിക്കണം. വിശകലനങ്ങൾ സാധ്യതകൾ, എന്റെ നിഗമനങ്ങളും ഓരോ കേസുകളിലും എടുത്ത തീരുമാനങ്ങളും ന്യായീകരിക്കണം. തിരക്കോ സമയകുറവോ ഒരു പി ജീ വിദ്യാർത്ഥി എന്തെങ്കിലും ചെയ്യാതിരിക്കുന്നതിനു ന്യായീകരണം ആവുന്നില്ല. ഊണം ഉറക്കവും ഒഴിഞ്ഞു ശരീരത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ പോലും മാറ്റി വെച്ച് ഒരു തപസ്യ പോലെ കഴിച്ചു കൂട്ടിയ നാളുകൾ. അറിവിന്റെ അനുഭവത്തിന്റെ അടിത്തറ പടുത്തുയർത്തിയ നാളുകൾ ഒരു നിമിഷം പോലും ഒന്നിരിക്കാൻ പറ്റിയിട്ടില്ല. നന്നേ കാലത്ത് തുടങ്ങിയതാണ്. അഞ്ചു മണിക്ക് ഒന്ന് പുറത്തിറങ്ങണം. കൂടെയുള്ള ഹൗസ് സർജൻ മിടുക്കനാണ്, വിശ്വസിച്ചു കാര്യങ്ങൾ ഏൽപിക്കാം. കോണി പടികൾ ഇറങ്ങി തുടങ്ങിയതെ ഉള്ളു. പിൻവിളി, വേലായുൻ ചേട്ടൻ ആണ്. ഞങ്ങളുടെ വാർഡിലെ ഗ്രേഡ് ഫോർ ജീവനക്കാരൻ, ലിഫ്‌റ്റ് പണി മുടക്കിയത് കൊണ്ടു അഞ്ചാം നിലയിലേക്ക് ട്രോളി വലിച്ചു കൊണ്ടു വന്ന കിതപ്പും ഈർഷ്യയും മുഖത്ത്. “സാർ, ഒരു കേസ് കൊണ്ടു വന്നിട്ടുണ്ട് സീരിയസ് ആണെന്ന് തോന്നുന്നു. സാറിനു അത് നോക്കിയിട്ട് പോയാൽ പോരെ.” സ്‌നേഹം നിറഞ്ഞ അധികാരസ്വരം മറുത്തൊന്നും പറയാതെ തിരിച്ചു പടികൾ കയറി.
നിണ്ടു മെലിഞ്ഞൊരു പെൺകുട്ടി. വിളറി വെളുത്തിരിക്കുന്നു. കൈ കാലുകൾ ഐസ് പോലെ തണുത്തിരിക്കുന്നു. ഉള്ളിലെവിടെയോ രക്തസ്രാവം നടക്കുന്നുണ്ടാവണം. തളർന്ന കണ്ണുകൾ എന്റെ നേരെ. കണ്ണുകളിൽ ഭയമാണോ, എന്നെ രക്ഷിക്കൂ എന്ന അപേക്ഷയോ? മറ്റ് ആലോചനകൾക്ക് പ്രസക്തിയില്ല. കാത്തിരിക്കാനുള്ള നേരമില്ല, നീണ്ട നാളത്തെ പരിശ്രമം, അല്ല തപസ്യ നേടിത്തന്ന ആത്‌മവിശ്വാസം ചെറുതല്ല. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമം, അതൊരു കൂട്ടായ്‌മയുടെ കലയാണ്. ഒരുപാട് പേരുടെ മനസ്സും കൈകളും ചേർന്നൊരു സംഗീതം ജനിക്കും പോലെ. ഒരേ താള ലയം, ശാസ്‌ത്രവും കലയും ലയിച്ചു ചേരുന്ന, അല്ലെങ്കിൽ ഏതു ഏതെന്നു വേർതിരിക്കാനാവാത്ത നിമിഷങ്ങൾ.
പൾസ്്്് കിട്ടി തുടങ്ങി. നെറ്റിയിലെ വിയർപ്പു കണങ്ങൾ വറ്റിയിരിക്കുന്നു. കണ്ണുകളിലെ ദൈന്യതയും ഭയവും മാറി, പകരം നേരിയ ഒരു പുഞ്ചിരി ചുണ്ടിൽ. കുട്ടിയെ വിശദമായി പിരിശോധിക്കാൻ അപ്പോഴേ പറ്റിയുള്ളൂ. മേലാകെ നീലിച്ച പാടുകൾ, കഴുത്തിൽ നെല്ലിക്കയോളം പോന്ന മുഴകൾ;;; അഗാധമായ ഗർത്തത്തിൽ വീഴുന്ന ഒരാളെ കൈ പിടിച്ചു കരക്ക് കയറ്റിയ സംതൃപ്‌തിയായിരുന്നു അത് വരെ. അതൊരു ഞെട്ടലിനു വഴി മാറി. അറിവിൽ നിന്നും അനുഭവത്തിൽ നിന്നും കിട്ടിയ അറിവുകൾ തെറ്റായി പോകണം എന്ന് ചിലപ്പോ പ്രാർത്ഥിച്ചു പോകാറുണ്ട്. എന്റെ പരിശോധന കഴിയും വരെ ആ കുട്ടിയുടെ കണ്ണുകൾ എന്നെ പിൻതുടരുകയായിരുന്നു. എന്റെ മനസ്സ് വായിച്ചെടുക്കും പോലെ. വിരൽതുമ്പിൽ നിന്നു ഒരു തുള്ളി രക്തം ചില്ലിലേക്ക് എടുത്തു, ഫാനിന്റെ കീഴിൽ വെച്ചു ഉണക്കി മെല്ലെ സൈഡ് ലാബിലേക്ക് നടന്നു. തല്‌ക്കാലം ജീവൻ കിട്ടി എന്നാലും വല്ലാത്ത വിളർച്ച, ഒന്നോ രണ്ടോ കുപ്പി രക്തം വേണ്ടിവരും. രക്തബാങ്കിലേക്ക് കടലാസ് കൊടുക്കാൻ ഹൗസ് സർജനെ ശട്ടം കെട്ടി. വാർഡിന്റെ മറ്റേ അറ്റത്താണ് സൈഡ് ലാബ്. പെട്ടെന്ന് എടുക്കേണ്ട തീരുമാനങ്ങൾ മറ്റാരെയും ആശ്രയിക്കാതെ ഏതു പാതി രാത്രിയിലും ഇവിടെ ചെയ്യാം. എല്ലാം സ്വയം ചെയ്യണം എന്ന് മാത്രം ചില്ലിൽ സ്‌ടയിൻ ഒഴിച്ച് കാത്തിരുന്നു. ജനാലയിൽ കാലു കയറ്റി വെച്ചു പകുതി പൊളിഞ്ഞ കസേരയിൽ ചടഞ്ഞിരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തി. ഈ നിമിഷം വരെ ഒന്ന് സ്വസ്‌ഥമായി ഇരിക്കാൻ പറ്റിയിട്ടില്ല. ഒരിത്തിരി നേരം കിട്ടിയാൽ മനസ്സിന്റെ ബാറ്ററി ചാർജ് ചെയ്യുന്നതിവിടെ ആണ്. വാർഡിന്റെ പടിഞ്ഞാറേ അറ്റം, അഞ്ചാം നിലയിൽ നിന്നും നേരെ കാണുന്ന സന്ധ്യാകാശത്തിനും താഴെ പടർന്നു പന്തലിച്ചു കിടക്കുന്ന മെയ്‌മാസ മരത്തിന്റെ പൂക്കൾക്കും ഒരേ നിറം. കൂടണയുന്ന പക്ഷികളുടെ കലപില. സ്ലൈഡ് തയ്യാറായിരിക്കുന്നു. മൈക്രോസ്‌കോപ്പിൽ അധികം തിരയേണ്ടിവന്നില്ല. പ്രതീക്ഷിച്ചപോലെ ലുകീമിയ തന്നെ. ഇന്ദിര മാഡത്തിന്റെ കൂടെ കഴിഞ്ഞ കുറെ നാളുകൾ ഒരുപാട് കേസുകൾ കണ്ടിരുന്നു. നാളെ തന്നെ മജ്ജ കുത്തിയെടുത്തു പരിശോധിക്കാൻ ഏർപ്പാട് ചെയ്യണം ഇനിയുള്ള ഓരോ ദിവസവും വിലപ്പെട്ടതാണ്…. എന്തോ അപേക്ഷിക്കും പോലത്തെ കണ്ണുകൾ മനസ്സിൽ നിന്നും മായാതെ ഇരിക്കുന്നു. വാർഡിലേക്ക് തിരിച്ചു ചെന്ന്, കേസ് ഷീറ്റ് വിശദമായി എഴുതി തീർത്താണ് വാച്ചിലേക്ക് നോക്കിയത്. രാത്രി പതിനൊന്നായിരിക്കുന്നു. ഇന്ന് രാത്രിയും ഭക്ഷണത്തിന് തട്ട് കട തന്നെ ശരണം. സാരമില്ല, ഒരു രാത്രി മുഴുവൻ ഉറക്കമിളക്കാൻ ദേവഗിരി ജംഗ്‌ഷനിലെ ഒരു പൊടിച്ചായ മതിയാകും.
തിരിച്ചു വന്നപ്പോഴേക്കും രക്ത ബാങ്കിലേക്ക് പോയവർ വെറും കയ്യോടെ തിരിച്ചു വന്നിരിക്കുന്നു കുട്ടിയുടെ രക്ത ഗ്രൂപ്പ് എ.ബി. പോസിറ്റീവ്, കിട്ടാനില്ല. കൊണ്ടോട്ടിയിൽ പോയി ആളെ കൊണ്ടുവരണം, ഈ രാത്രി നേരം വണ്ടി പിടിച്ചു പോയി കൊണ്ടു വരാനുള്ള പാങ്ങൊന്നും അവർക്കുള്ളതായി തോന്നിയില്ല. മൊസൈക് തറയിൽ കുന്തിച്ചിരിക്കുന്ന ഒരു ഉമ്മയും ഒരു താടിക്കാരനും. മുട്ടോളമെത്തുന്ന മുണ്ടിന്റെ കരകൾ വയലറ്റ് നിറത്തിൽ നരച്ച ഒരു കുട ചുമരുചാരിവെച്ചിരിക്കുന്നു. ഈ നിമിഷം ഉണ്ടാവുമെന്ന് നേരത്തെ എഴുതി വെച്ചിരുന്ന പോലെ, എന്റെ രക്ത ഗ്രൂപ്പ് അത്‌തന്നെ ആയത്. അങ്ങനത്തെ ഫിലോസഫി ചിന്തകൾ ഒന്നും അപ്പൊ തോന്നിയില്ല. മറ്റൊന്നും ആലോചിച്ചില്ല, നേരെ രക്തബാങ്കിലേക്ക്. ടെക്‌നിഷനെ വിളിച്ചുണർത്തി ഫോറം പൂരിപ്പിച്ചു, ബെഢിലേക്ക് കിടന്നു കൈ നീട്ടി പിടിച്ചു കൊടുത്തു. കേസ് ഷീറ്റ് എഴുതിയപ്പോഴും ഫോറം പൂരിപ്പിച്ചപ്പോഴും ശ്രദ്ധിച്ചിട്ടില്ലാത്ത അവളുടെ പേര് അപ്പോഴാണ് മനസ്സിൽ വന്നത്, ഉമ്മുൽ, അത് വരെ അങ്ങനെ ഒരു പേര് കേട്ടിട്ടില്ല.
പിറ്റേന്ന് കാലത്ത് പ്രൊഫസറോടൊപ്പം റൗണ്ട്‌സ് തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്, അവൾ ഉഷാറായി ബെഢിൽ എഴുന്നേറ്റിരിക്കുന്നു. വെളുത്ത് നന്നേ മെലിഞ്ഞ് വയസ്സ് പറഞ്ഞതിൽ കൂടുതൽ കാണും. പന്ത്രണ്ടല്ല, കേസിന്റെ വിശദ അംശങ്ങൾ ചർച്ച ചെയ്‌തു അടുത്ത ബെഡിലേക്ക് നീങ്ങി. പുറത്താരോ തോണ്ടുന്നു. “ഇങ്ങളാ ഇന്നലെ അനക്ക് ചോര തന്നത്. ഉമ്മ പറഞ്ഞു. ഇങ്ങള് നല്ലോണം നോക്കീന്നു, നല്ല ദരസ്സർ ആണെന്ന് ഉമ്മ പറഞ്ഞി. എന്താ ഇങ്ങളെ പേര് ദരസ്സരെ, ”ദരസ്സര്“ അവള് രണ്ടാമത് ആവർത്തിച്ചതിൽ ഇത്തിരി കുസൃതി ഉണ്ടായിരുന്നു. ഉമ്മയുടെ അറിവില്ലായ്‌മയെ കളിയാക്കിയതാണോ, എനിക്ക് പറ്റിയ പേര് അതാണെന്നോ? തിരി കത്തിച്ച പോലെ കണ്ണുകൾ പ്രകാശിച്ചിരുന്നു. എന്തൊരതിശയം, ഒരു ദിവസം കൊണ്ട് ജീവിതത്തിന്റെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്തേക്ക്.
മജ്‌ജ പരിശോധനയുടെ റിസൾട്ട് അന്ന് തന്നെ കിട്ടി. മയലൊഇദ് ലുകീമിയ. എന്ത് ചികിത്സ കൊടുത്താലും ഏതാനും മാസങ്ങൾ മാത്രം. ചികിത്സിക്കാൻ തന്നെ തീരുമാനിച്ചു, ശക്തിയേറിയ മരുന്നുകൾ, കുത്തിവെപ്പുകൾ.
അസുഖത്തെ കുറിച്ച് അവൾക്കു എന്തെങ്കിലും അറിയാമായിരുന്നോ? കുറച്ചു ദിവസം കൊണ്ടു ആ വാർഡിനു മുഴുവൻ അവകാശി താനാണെന്ന് കരുതും പോലെ എവിടെ നോക്കിയാലും അവളെ കാണും. റൗണ്ട്‌സ് എടുക്കുമ്പോൾ കൂടെ കൂടും, സിസ്‌റ്റെർമാരുടെ കൂടെ പനിനോക്കാനും മരുന്ന് കൊടുക്കാനും, വാർഡ് വൃത്തിയാക്കുന്നവരുടെ കൂടെയും, സഹികെട്ടു പ്രൊഫസർ പറയും ” നീ അവിടെ പോയി കിടക്കു കുട്ടീ. അവർ പണി ചെയ്‌താട്ടെ.“ സ്‌നേഹത്തോടെ ചെവിക്കൊരു തിരുമ്മും കൊടുക്കും.
നാളുകൾ എത്ര പെട്ടെന്നാണ് കടന്നു പോയത്. അവൾക്കു കുത്തിവെപ്പ് ഉള്ള ദിവസം മാത്രമാണ് അവൾ ഒരു രോഗി ആണെന്നോർക്കുന്നത്. വാർഡിലെ നേഴ്‌സിംഗ് റൂം മുഴുവൻ അവൾ ഉണ്ടാക്കിയ കടലാസ് പൂക്കളും, തൂങ്ങിയാടുന്ന പക്ഷികളും, മീനുകളും ഞാൻ ഡ്യൂട്ടി ഉള്ള രാവു പുലരുമ്പോഴേക്കും വാർഡ് നിറയെ വർണകടലാസ് തുണ്ടുകളും ഇരിക്കുന്നിടം മുഴുവൻ പശയും. വഴക്ക് പറയാൻ പേടിയാണ് കൈയിൽ കിട്ടിയതെന്തും എടുത്തെറിഞ്ഞേക്കും. പേനയിലെ മഷി കുപ്പായത്തിൽ തെറിപ്പിച്ചു അരിശം തീർക്കും.
ഒരു അഡ്‌മിഷൻ ദിവസം വൈകുന്നേരം. തലച്ചോറിനു പഴുപ്പ്‌ബാധ സംശയിക്കുന്ന ഒരു കുട്ടിയുടെ നട്ടെല്ല് കുത്തി വെള്ളമെടുത്തു സെല്ലുകൾ നോക്കാൻ സൈഡ് ലാബിൽ മൈക്രോസ്‌കോപ്പിൽ കണ്ണും നട്ടിരിക്കയായിരുന്നു ഞാൻ. ആരോ പുറകിൽ നിന്നും കണ്ണ് പൊത്തി. കൈകൾ തീരെ ചെറുതും ബലമില്ലാത്തതുമായതിനാൽ പെട്ടെന്ന് എടുത്തു മാറ്റാൻ പറ്റി.” നിന്നോടാരാ ഇവിടെ കയറി വരാൻ പറഞ്ഞത്, ഉപദ്രവിക്കാതെ പോ.“
”ഇങ്ങള് നോക്കുന്നത് അന്നെയും കൂടി കാട്ടിതരൂ, അനക്കും കാണണം“ ആവശ്യം നിഷേധിക്കാൻ കഴിഞ്ഞില്ല. ഞാൻ ഇരിക്കുന്ന സ്‌റ്റൂളിൽ നിന്നു മാറാതെ തല ചെരിച്ചു മാറ്റികൊടുത്ത് അവളോട് നോക്കികൊള്ളാൻ പറഞ്ഞു. അടുക്കികെട്ടാത്ത മുടിയിഴകൾ വെളുത്ത കവിളുകൾ കണ്ണുകൾ അത്‌ഭുതക്കാഴ്‌ച കണ്ടപോലെ തിളങ്ങി. കുട്ടിക്കാലത്ത് ശീപോതിക്കാവിൽ തെയ്യത്തിന്റെ നാള്, മാലയും വളയും, വർണ ബലൂണുകൾ, ആന മയിൽ ഒട്ടകം കളിക്കാരും തക്രിതിയും. ഫിലിം മാറ്റി എം.ജി. ആറിനെയും, പ്രേം നസീറിനെയും നോക്കാൻ ഞങ്ങൾ ഊഴമിട്ട് കാത്തിരുന്ന കാലം ഓർമയിൽ ഫിലിമിൽ കണ്ട വിസ്‌മയങ്ങൾ ആ കാഴ്‌ച വിരിയിച്ച മാസ്‌മര ലോകം.
”അതെന്താ ആ കാണുന്ന നീലിച്ച ഉണ്ടകൾ.“
”അതൊന്നും നീ അറിയണ്ട. അതാണ് സെല്ലുകൾ“
”അതനക്കറിയ, ഓ അതായത്, ഇപ്പ തിരിഞ്ഞു, ഞാൻ പഠിച്ചിട്ടുണ്ട്, ആറാം ക്ലാസിൽ ഇപ്പതിരിഞ്ഞി“ ഞാൻ എന്ത് ചെയ്യുമ്പോഴും ഒരു നിഴൽപോലെ കൂടെ ഉണ്ടാവും അവൾ. അവളുടെ കുത്തിവെപ്പുകൾ എന്നെ കൊണ്ടു മാത്രമേ ചെയ്യിക്കൂ. ദുർവാശിക്കാരെ ഏറെ ദിവസവും കാണുന്നത്‌കൊണ്ട് അതിലൊന്നും പുതുമ കണ്ടില്ല. എല്ലാം അനുവദിച്ചു കൊടുത്തു.
”ഈ പെണ്ണ് ചെക്കന്മാരെ വഴി നടക്കാൻ സമ്മതിക്കില്ല “മേരി സിസ്‌റ്റർ പെണ്ണിനെ വഴക്ക് പറഞ്ഞപ്പോ ഞാൻ ഒന്ന് ചൂളിയൊ? എന്നെ ഉന്നം വെച്ചാവുമോ? സിസ്‌റ്റർ ഇത്തിരി വായാടിയാണ്, എന്തും തുറന്നടിച്ചു കളയും. ഏയ്, എനിക്ക് തോന്നിയതാവും.
മുത്തശ്ശി കഥ കേട്ടുറങ്ങിയ ബാലൻ, കേട്ട കഥ ഒരിക്കലും മുഴുവൻ കേട്ടിട്ടില്ല, കഥയുടെ നടുവിൽ രാജകുമാരിയോടൊപ്പം സ്വപ്‌നത്തിലേക്ക് പൂമ്പാറ്റയായി പറന്നുയരും. ഇവിടെ കഥ പറഞ്ഞു തരുന്ന മുത്തശ്ശി ഇല്ല, ഞാൻ തന്നെ കഥ പറഞ്ഞു തീർക്കണം. കഥ പാതി വഴിയിൽ നിർത്തി പോകാൻ പറ്റില്ല. കഥ പറയുന്ന ആളിന്റെ വാക്കുകൾ ഇടറി പോകുന്നു, താളം പിഴച്ചു പോകുന്നു.
ഒരു നാൾ അതേ ട്രോളിയിൽ വേലായുധൻ ചേട്ടൻ അവളെ അഞ്ചാം നിലയിലേക്ക് കൊണ്ടു വന്നു, എന്റെ ഡ്യൂട്ടി ദിവസം, കണ്ണുകളിൽ വെളുത്ത പാട കെട്ടിയിരുന്നു, വിളറി വെളുത്തിരുന്നു. ഒരു മണിയൻ ഈച്ച എന്നെ കണ്ടപ്പോൾ അവളുടെ കവിളിൽ നിന്നും പറന്നു പോയി. ”itra craneal bleed“ ആവും” പുറകിൽ നിന്നും ആരോ പറഞ്ഞു. കേസിന്റെ ന്യായാന്യായങ്ങളെയും, സാധ്യതകളെയും വിശകലം ചെയ്യാൻ ഒരു നിമിഷം മറന്നു. ഒരു നിമിഷം ഞാൻ “ദരസ്സര്” അല്ലാതായി. ഇവിടെ എന്നെ മാത്രം വഴിയിൽ വിട്ടു രാജകുമാരി പൂമ്പാറ്റയായി പറന്നുയർന്നു.
നേഴ്‌സിംഗ് സെക്‌ഷനിൽ ചെന്ന് കേസ് ഷീറ്റ് മുഴുമിപ്പിച്ചു.
“…………………..pupils dialated and fixed. patient declared dead”” ഒന്നര വർഷത്തെ വിവരങ്ങൾ എഴുതി കേസ് ഷീറ്റ് ഒരു വലിയ പുസ്‌തകത്തോളം. മേലെ കറങ്ങുന്ന പങ്കക്കടിയിൽ താളുകൾ പുറകോട്ടു മറിഞ്ഞു. ആദ്യത്തെ പേജിൽ എന്റെ കൈ അക്ഷരങ്ങൾ……..
കഥ പറഞ്ഞു കഴിഞ്ഞു. കുട്ടിക്കാലത്ത് വായിച്ച വിക്രമാദിത്യൻ കഥയിൽ കഥക്കൊടുവിൽ വേതാളം ഒരു ചോദ്യം ചോദിക്കും. ഉത്തരം പറഞ്ഞില്ലെങ്കിൽ തല പൊട്ടിത്തെറിക്കും എന്ന ഭീഷണിയും ഇവിടെ ചോദ്യം ചോദിക്കുന്നത് ഞാനാണ്, സ്വയം ചോദിച്ച ചോദ്യങ്ങൾക്ക് ഇത്രയും നാൾ ഉത്തരം കിട്ടാത്തത് കൊണ്ട്.
ചോദ്യം ഒന്ന് ഃ ഒരു ഡോക്‌ടർ ആയി ഗുരുനാഥൻമാരുടെ മുന്നിൽ കൈ നീട്ടി പിടിച്ചു എടുത്ത പ്രതിജ്ഞ ഞാൻ ലംഘിച്ചോ?
ആ കുട്ടിക്ക് എന്നോട് തോന്നിയ അടുപ്പം കൗമാരപ്രണയമായിരുന്നോ. മൈക്രോസ്‌കോപിലെ വർണക്കാഴ്‌ചകളിൽ തുടങ്ങിയ ഇഷ്‌ടം മെല്ലെ മെല്ലെ സാമീപ്യത്തിന്റെ മാധുര്യമായി മാറിയിരുന്നു എന്ന് ഞാൻ അറിഞ്ഞു. എനിക്കങ്ങോട്ട് തോന്നിയത് സഹാനുഭൂതി ആയിരുന്നു എന്ന് പറഞ്ഞാൽ ആത്‌മവഞ്ചന ആകും. അല്ലെങ്കിൽ മുട്ടായി തെരുവിൽ നിന്നു തിരിച്ചു വരുമ്പോൾ അവൾക്കായി മാത്രം “ചെറുത് എന്തെങ്കിലും” കുപ്പായ കീശയിൽ കരുതിയത് എന്തിനാണ്. ചികിത്സയിലെ ഇടവേളകളിൽ വീട്ടിൽ പോകുമ്പോൾ അറിയാതെ അവളെ തിരഞ്ഞു പോയതെന്തിനാണ് ചോദ്യം രണ്ടു മരണം സുനിശ്ചിതമായ ഒരാൾക്ക് ഒത്തിരി സന്തോഷം കൊടുക്കാൻ പറ്റുമെങ്കിൽ സാമൂഹ്യനിയമങ്ങളോ, നമ്മൾ എടുക്കുന്ന പ്രതിജ്ഞയോ അതിനു തടസ്സമായി നില്‌ക്കേണ്ടതുണ്ടോ. ആതുര സേവകർ ദൈവനാമത്തിൽ കൈ നീട്ടി പിടിച്ചെടുക്കുന്ന പ്രതിജ്ഞകൾ കാലത്തിനു അതീതമാണോ, കാലത്തിനതീതമായ സ്‌നേഹം പ്രകടപ്പിക്കുന്നതിന് പ്രതിജ്ഞകൾ തടസ്സമായി നില്‌ക്കുന്നെങ്കിൽ അതിനു ഒരു പൊളിച്ചെഴുത്ത് ആവശ്യമല്ലേ.
Generated from archived content: story1_oct7_10.html Author: purushothaman_kk
[…] http://www.puzha.com/blog/magazine-purushothaman_kk-story1_oct7_10/ […]