നേരിയ നൂലിഴയിൽ തൂങ്ങിയാടുകയായിരുന്നു. ഇളം കാറ്റ് ഒരു കുട്ടിയുടെ കുസൃതിയോടെ ആ നൂലിഴ പൊട്ടിച്ചു. അവനെല്ലാം കളിയായിരുന്നു, പൂവിനെ വീഴ്‌ത്തി പൂമ്പാറ്റയെ തൊട്ടു മാമ്പൂക്കളെ തൊട്ടിലാട്ടി. തൂങ്ങിയാടുന്ന നൂലിഴയെ ഒരു വീണയുടെ തന്ത്രിയായി അവനു തോന്നിക്കാണും. ഒന്ന് തൊട്ടു മീട്ടി കടന്നു പോകാൻ മാത്രം.
നിലവിളി മനസ്സിൽ നിന്നോ, തൊണ്ടയിൽ നിന്നോ പുറപ്പെട്ടത് എന്നറിയില്ല, താഴേക്കുള്ള പതനം, ഒരു നിമിഷം മാത്രം, ഒരു ജീവിതം മുഴുവൻ ഒരു ചിമിഴായി അതിൽ ഒതുങ്ങിയിരിക്കുന്നു. ശാസ്‌ത്രം പറയുന്നു, ഒരു ജീവിയുടെ ഓരോ സെല്ലിലും അവനവൻ മുഴുവനായി ഒളിഞ്ഞു കിടക്കുന്നു എന്ന്, ഒരു ജന്മം മുഴുവൻ ആ ഒരു നിമിഷ ബിന്ദുവിലേക്ക്, ഒരു ചിമിഴിലേക്ക് ഒതുങ്ങി ആരോ ഒരു തൊട്ടിലിലേക്ക് എന്ന പോലെ എന്നെ ഏറ്റുവാങ്ങിയിരിക്കുന്നു. ചുറ്റും നീല പരപ്പുള്ള പുഴയാണ്, നേരിയ അലകൾ എന്നെ നോക്കി ചിരിക്കുന്നു. എന്റെ മേലെ തൊട്ടുഴിഞ്ഞു ഇക്കിളിയാക്കുന്നു. പുഴയിൽ മുങ്ങിപ്പോകില്ലേ എന്ന ആശങ്ക ഒരു നിമിഷം മാത്രം, എന്നെ സ്വന്തം ആഴങ്ങളിലേക്ക് ഏറ്റുവാങ്ങാനല്ല, ഇരു കൈകൾ കൊണ്ടു കുമ്പിൾ കൊട്ടി എന്നെ അലകളിൽ നീന്തിക്കുകയാണ്. അച്‌ഛന്റെ കൈകൾ പോലെ. എന്നെ നീന്തൽ പഠിപ്പിക്കുമ്പോൾ അച്ഛന്റെ കൈകൾ എന്റെ വയറിലായിരുന്നു, ഒന്നും ഉടുക്കാതെ, കൈകളിൽ കിടന്നു കൈകാലിട്ടടിച്ചു, വെള്ളം തെറിപ്പിച്ചു, കൈകൾ വിട്ടാൽ, കലക്കവെള്ളം കുടിച്ചു ചുമക്കുന്ന….. ബാല്യം.
ഞാൻ കൈകാൽ ഇട്ടടിക്കുന്നില്ല, അദൃശ്യമായ പുഴയുടെ കൈകൾ എനിക്കനുഭവപ്പെടുന്നു, പുഴയുടെ കാരുണ്യം ഞാനറിയുന്നു. പുഴയുടെ ശാന്തമായ പരപ്പ്, ആഴമില്ലാത്ത പുഴ, അക്കരെ തെങ്ങിൻ തോപ്പുകളുടെ ഇടയിലൂടെ വെയിൽ ചീളുകൾ പുഴയിലേക്ക്, ഒരു പാട് കുഞ്ഞുസൂര്യന്മാർ, സൂര്യന്റെ കുട്ടികൾ പുഴയിലാകെ. പണ്ട് വേനലവധി കഴിഞ്ഞു സ്‌കൂൾ തുറന്നു മഴ പെയ്‌തു തുടങ്ങുന്ന ജൂൺ മാസം ഓർമ വന്നു. മീൻ പിടിക്കാൻ പുഴയിൽ, പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന മരത്തിന്റെ തണലിൽ, ഇരുട്ട് വീണു കിടക്കുന്ന ആഴമായിരുന്നു അവിടെ, വലിയ മീനിനെ കാട്ടിത്തന്ന ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ ആരാണെന്ന് ഓർമയില്ല. ഒരു പാട് പൊടിക്കുഞ്ഞുങ്ങളുടെ കൂടെ, ഒരു രാജ്ഞിയെപ്പോലെ. പൊടിമീൻകുട്ടികൾ ആയിരങ്ങൾ. അങ്ങ് ദൂരെ തലേക്കെട്ട് കെട്ടിയ തോണിക്കാരൻ കാറ്റിന്റെ എതിരെ പോകുന്നത് കൊണ്ടാവും വലിയ തണ്ടിൽ ആയാസപ്പെട്ട് കുത്തിപ്പോകുന്നു.
അലകൾ ഉയർത്തി ഇളം കാറ്റ് എന്നെ തൊട്ടുഴിഞ്ഞു പോയി, അവന് എന്നെ മനസ്സിലായില്ല. അല്ലെങ്കിലും ഒരു നൂലിഴ പൊട്ടിക്കുന്ന കുസൃതി മാത്രമേ അവനുണ്ടായിരുന്നുള്ളു.
Generated from archived content: story1_may26_10.html Author: purushothaman_kk
[…] http://www.puzha.com/blog/magazine-purushothaman_kk-story1_may26_10/ […]