പഴയ ഒരു വയനാടൻ ഓർമ

ഒരുപാട്‌ കാലം മുൻപ്‌ ഒരു പുലർകാലം, നേരിയ മഞ്ഞു വീണു കിടക്കുന്നുണ്ടായിരുന്നു മുറ്റത്തെ പുല്ലിൽ. അടിച്ചു വാരിയിട്ടു കുറെ നാളുകൾ ആയിക്കാണും കരിയിലകൾ ഒരു പാട്‌ മുറ്റത്ത്‌. നേരത്തെ തന്നെ ഉറക്കം പോയതോ, പക്ഷികളുടെ പാട്ടിന്റെ കോലാഹലത്തിൽ ഉണർന്നു പോയതോ. വീതി കുറഞ്ഞ വരാന്തയിൽ വെച്ചിരുന്ന ചൂരൽ കസേരകൾ ഒരു വശത്തേക്ക്‌ മാറ്റി, ചുവന്ന സിമന്റു തേച്ച തിട്ടയിൽ പുറത്തേക്കു കാലിട്ട്‌ ഇരുന്നു. മഞ്ഞിൽ നനഞ്ഞ സിമന്റിന്റെ തണുപ്പ്‌ ചന്തിയിൽ, ഉടുത്ത കൈലി നനഞ്ഞത്‌ അപ്പോൾ അറിഞ്ഞുള്ളു, നേരിയ ഇരുട്ട്‌ വെളിച്ചത്തിന്‌ വഴിമാറുന്നെ ഉണ്ടായിരുന്നുള്ളു. പുതിയ സ്‌ഥലം, വീട്‌, മുറി ശരിക്കുറങ്ങിയില്ല. ഇന്നലെ രാത്രി അവസാനത്തെ ബസിനുവന്നിറങ്ങിയതാണ്‌. ഈ ആശുപത്രി കണ്ടെത്താൻ ഒട്ടും പണിപ്പെടേണ്ടി വന്നില്ല. കാരണം ഡോക്‌ടർ സണ്ണി ഇവിടത്തെ രണ്ടു തലമുറകളുടെ ഡോക്‌ടർ മാത്രമല്ല ഇവിടത്തെ ആദിവാസികളുടെ, കുടിയേറ്റക്കാരുടെ സർവ്വ കാര്യങ്ങളിലും ഭാഗമാണ്‌. ആശുപത്രിക്ക്‌ പുറകിലെ ഈ വീടും, കാലിത്തൊഴുത്തും, നീണ്ടനിരയായി കൂട്ടിലിട്ട ലവ്‌ബേർഡ്‌സും അതിനു പുറകിലെ പത്തേക്കർ തോട്ടവും. കഥകൾ പറഞ്ഞു തന്നത്‌ അവസാന ബസിൽ ഞാൻ വരുന്നത്‌ കാത്ത്‌ നിന്ന കുഞ്ഞിചെക്കനാണ്‌. വയനാട്ടിലെ മുഴുവൻ കാര്യങ്ങളും ഒരു ദിവസം കൊണ്ടു പറഞ്ഞു തരേണ്ടത്‌ തന്റെ കടമ ആണെന്ന്‌ വിശ്വസിക്കുന്നപോലെ തോന്നി, അതോ യജമാന സ്‌നേഹം കൊണ്ടോ. പറഞ്ഞത്‌ മുഴുവൻ സണ്ണി ഡോക്‌ടറെപറ്റി, ദൂരെയുള്ള എസ്‌റ്റേറ്റുകളെ പറ്റി. കുട്ടികൾ ഉണ്ടാവാത്തതിന്റെ കാരണം ചേച്ചിയുടെ കുഴപ്പമാണെന്നും വീട്ടിലേക്ക്‌ എത്തുന്ന ഇത്തിരി വഴിയിൽ വെച്ചു തന്നെ പറഞ്ഞു തീർത്തു. നേരത്തെ എനിക്ക്‌ വേണ്ടി ഉണ്ടാക്കിവെച്ച ഭക്ഷണം തന്നു, പാത്രം കഴുകി കിടക്ക വിരിച്ചുവെച്ചു. ബാത്ത്‌ റൂമിലെ വലിയ സിമന്റ്‌ ഭരണിയിൽ വെള്ളം പിടിച്ചു വെച്ചു. പോകുന്നതിനു മുമ്പ്‌ കൈയിലെ നാല്‌ ബാറ്ററി ടോർച്ച്‌ നീട്ടിയടിച്ച്‌ പുറകിലെ തോട്ടത്തിന്റെ വിശാലതയെപ്പറ്റി, പന്നി കൂടിനെ പറ്റി, കഴിഞ്ഞയാഴ്‌ച വെച്ചു പിടിപ്പിച്ച കുരുമുളക്‌ വള്ളിയെ കുറിച്ചും വാചാലനായി. സ്വന്തം കൈകൊണ്ടു നട്ടു നനച്ചു വളർത്തിയതിന്റെ അഭിമാനം. ഓർമ വെക്കാത്ത നാളിൽ ഈ വീട്ടിൽ വന്നു കയറിയതാണ്‌. ഇപ്പൊ കാവലും, തോട്ടക്കാരനും, ഡോക്‌ടറുടെ സഹായിയും, ചിലപ്പോ അനുഭവിച്ചിട്ടില്ലാത്ത മാതൃ പുത്രാ ബന്ധം പരസ്‌പരം പറയാതെ അനുഭവിക്കുന്നതും. കുഞ്ഞിചെക്കന്‌ ആ വീടുമായുള്ള ബന്ധത്തിന്റെ, അല്ലെങ്കിൽ സ്‌ഥാനത്തിന്റെ നിർവചനം തേടിയ ഞാൻ ഒരു മണ്ടൻ എന്ന്‌ സ്വയം പറഞ്ഞു. കുഞ്ഞിചെക്കൻ നീണ്ട ടോർച്ചു ലൈറ്റ്‌ തെളിച്ച്‌ ആശുപത്രിയിലേക്ക്‌ പോയ ശേഷമാണ്‌ ഞാൻ കിടന്നത്‌. ഡോക്‌ടറും ത്രേസ്യ ചേടത്തിയും ചങ്ങനാശ്ശേരി തറവാട്ടിൽ നിന്നു തിരിച്ചു വരുന്നത്‌ വരെ ഈ തോട്ടവും വീടും ആശുപത്രിയും നോക്കി നടത്തേണ്ട ചുമതല കുഞ്ഞി ചെക്കന്റെയും (എന്റെയും ഞാൻ എന്റെ ദൗത്യം മറന്നോ? ആശുപത്രി കിടത്തിയ പ്രസവ കേസുകളടക്കം പത്തിരുപതു പേരും, രാവും പകലും വരുന്ന എല്ലാ കേസുകളും വരുന്ന മൂന്നു ദിവസം എന്റെ പൂർണ ഉത്തരവാദിത്വം ആണെന്നു). ഭാഗ്യത്തിന്‌ ലേബർ റൂമിൽ പോസ്‌റ്റിങ്ങ്‌ കഴിയുന്നതിനു മുൻപ്‌ രണ്ടു മൂന്നു പ്രസവ കേസുകൾ എടുത്തിട്ടുണ്ട്‌. ചെറൂപയിൽ കഴിഞ്ഞ ദിവസം രാത്രി വന്ന ഒരു കേസ്‌ ഒറ്റയ്‌ക്ക്‌ പോയി പ്രസവമെടുത്ത ആത്‌മവിശ്വാസവും. ഒട്ടും താല്‌പര്യമുണ്ടായിരുന്നില്ല, സ്‌ഥിരം ജീ.പീ.കാർ ആരും സ്‌ഥലത്തില്ലാത്തത്‌ കൊണ്ടു തലയിൽ പെട്ടതാണ്‌. ഇൻജക്‌ഷന്‌ ഒ.പി. ഞങ്ങൾ നോക്കിക്കോളാം എന്ന്‌ പറഞ്ഞു ആശംസിച്ചയച്ചത്‌ ഈ സി ആണ്‌. ഗുരുവിന്റെ ആശംസയോടെ ആദ്യത്തെ ജി പി വയനാടൻ ചുരം കയറിയായി.

ദൂരെ നിന്നു ജീപ്പ്‌ വരുന്ന ശബ്‌ദം കേൾക്കുമ്പോ നെഞ്ചിടിക്കും. ആരായിരിക്കും നെഞ്ചുവേദന ആവാതിരുന്നാൽ മതി. മെഡിസിന്‌ പോസ്‌റ്റിങ്ങ്‌ ആദ്യം ആയിരുന്നെങ്കിൽ ചെരൂപ ജീ.പീ ക്കാർക്ക്‌ ആത്‌മവിശ്വാസം കൂട്ടിയേനെ. ഭാഗ്യം രാത്രി ഒരൊറ്റ കേസും വന്നില്ല. ആശുപത്രിയിൽ നിന്നും കുഞ്ഞിചെക്കൻ വിളിക്കാൻ വന്നുമില്ല. കാത്തു കാത്തിരുന്നു ഉറക്കം കളഞ്ഞത്‌ മെച്ചം. നേരം വെളുത്തിരുന്നു. ദൂരെ മഞ്ഞുമൂടിയ മലകൾ. മലകൾക്കിടയിൽ നൂല്‌പോലെ വെള്ളച്ചാട്ടം. ഇന്നലെ കുഞ്ഞിചെക്കന്റെ ടോർച്ചുവെളിച്ചത്തിൽ കണ്ട തോട്ടമല്ല. പച്ചപ്പുല്ല്‌ ചേമ്പും ചേനയും, കവുങ്ങും കാപ്പിയും. തോട്ടം നിറയെ നനക്കാനുള്ള പൈപ്പുകൾ. ഇത്തിരി ദൂരെ തൊഴുത്തും ഒരുപാട്‌ പശുക്കളും ഉള്ള കാര്യം ഇപ്പോഴാണ്‌ കണ്ടത്‌. ചാണകം ഉണക്കി പൊടിച്ചു വെച്ചിരിക്കുന്നു. മുറ്റത്തെ തെക്കേ അറ്റത്ത്‌ ഒരുപാട്‌ റോസാ ചെടികൾ. മഞ്ഞുവീണ റോസാ പൂക്കൾ എന്നെ വരവേൽക്കാനെന്ന പോലെ തലയാട്ടി.

“സാർ, കാപ്പി.”

ഒരു പതിനാല്‌കാരി പെൺകുട്ടി തിരിഞ്ഞു നോക്കിയപ്പോഴാണ്‌ അവൾ എന്റെ മുഖം കണ്ടത്‌. ഇത്‌ തന്നെയോ ഡോക്‌ടർ. മുഖത്തെ അത്‌ഭുത ഭാവം വായിച്ചെടുത്തു. മീശ മുളക്കാത്ത ചെക്കനെ സാർ എന്ന്‌ ഇനി വിളിക്കണോ എന്ന്‌ ആലോചിച്ചാവാം സിമന്റു തിട്ടയിൽ സ്‌റ്റീൽ പാത്രം വെച്ചു അവൾ ഓടിപോയി.

കഴുത്തിലെ കുഴലിനെ കുറിച്ച്‌ ഇത്രമാത്രം അഭിമാനം തോന്നിയ നിമിഷങ്ങൾ മുൻപോ പിൻപോ ഉണ്ടായിട്ടില്ല. അത്‌ നെഞ്ചിൽ വെച്ചാൽ എല്ലാം അറിയാം. മനസ്സിന്റെ വേദനകളും വേവലാതികളും വരെ, മനസ്സിലെ വിചാരങ്ങൾ വരെ. ഇത്ര നാളുകൾക്കുശേഷം ആലോചിക്കുമ്പോൾ അവർ ചിന്തിച്ചതാണ്‌ ശരി. നമ്മുടെ കുഴൽ രോഗം മനസ്സിലാക്കുന്നതിനെക്കാൾ അത്‌ നല്‌കുന്ന ആത്‌മവിശ്വാസവും സാന്ത്വനവും ആണ്‌ അവരിലെ അസുഖം മാറ്റിയത്‌ എന്ന്‌ തിരിച്ചറിയുന്നു. ഏറെ വൈകി. ഒരു പക്ഷെ പത്തുവർഷം കഴിയുമ്പോൾ നമ്മൾ യേശുദേവനെ പോലെ (വാക്കും നോക്കും തലോടലും കൊണ്ടു രോഗം മാറ്റുന്നവരായി മാറും. കുരുടന്‌ കാഴ്‌ച കൊടുക്കുന്ന മുടന്തനെ നടത്തിക്കുന്ന ദിവ്യത്വം, അറിവ്‌ കൂടുമ്പോഴല്ല, മനസ്സിൽ നന്മയും സ്‌നേഹവും കൂടുമ്പോൾ അറിവിന്‌ മേലേയുള്ള ഒരു ശക്തി കൈകളിലേക്ക്‌ കടന്നു വരുന്നതായി അനുഭവിക്കുന്നു.)

നെഞ്ചിൽ കുഴൽ വെച്ചു എന്ത്‌ പറഞ്ഞാലും അനുസരിച്ച്‌ അവസാനം വരെ മുഖത്ത്‌ നിന്നും കണ്ണെടുക്കാതെ, ശരിക്കും ഞാൻ ഒന്നും കേട്ടില്ല. ശരീരത്തിന്റെ എണ്ണക്കറുപ്പും കാതിലെ തോടയും കഴുത്തിൽ കെട്ടിയ പുലിനഖവും രുദ്രാക്ഷവും, മുഷിഞ്ഞ തോർത്ത്‌ മുണ്ടും തൂങ്ങിയാടുന്ന മുലകളും മുഖത്തെ ചുളിവുകളും ചുണ്ണാമ്പു പുരണ്ട വിരലുകളും മാത്രം ശ്രദ്ധിച്ചു. ഞാൻ പഠിച്ച ശാസ്‌ത്രം അവിടെ പ്രയോഗിക്കനുള്ളതല്ല എന്ന സത്യം ഞാൻ അറിഞ്ഞു. മൂന്നുമണി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയപ്പോ പന്നിയിറച്ചിയും ചോറും കപ്പയും. അത്‌ കഴിച്ചു നേരിയ ഒരു മയക്കത്തിന്‌ നേരം കിട്ടി, ഇന്നലത്തെ ഉറക്കക്ഷീണം മാറി. ഒന്ന്‌ കുളിച്ചു കളയാം എന്ന്‌ കരുതിയപ്പോ കുഞ്ഞുചെക്കന്‌, കുളി പുഴയിൽ നിന്നാവാം, നമ്മുടെ തോട്ടത്തിനു പടിഞ്ഞാറ്‌ പുഴയാണ്‌. എനിക്കുൽസാഹം. കൈയ്‌ലി ഉടുത്തു ഒരു തോർത്തുകെട്ടി കാപ്പിതോട്ടത്തിലൂടെ പുഴയിലേക്ക്‌. കുഞ്ഞിചെക്കൻ ഇടയ്‌ക്കിടെ അപ്രത്യക്ഷമാവും. വഴിയിൽ നിന്നും വ്യതിചലിക്കുന്നത്‌ ഓരോ ചേമ്പും ചേനയും ചെടിയും പുഴുവിനെ പിടിച്ചു ഇല നുള്ളി ചാഞ്ഞു നില്‌ക്കുന്ന വാഴയ്‌ക്ക്‌ ഊന്നു കൊടുത്തു, കൈയ്യിലുള്ള കൊടുവാൾ കൊണ്ടു ചില്ലകൾ വെട്ടി. അറിയാതെ എനിക്കു തോന്നി ഒരു വാക്കത്തി കൈയിൽ കരുതാമായിരുന്നു. വഴിയിൽ ഒരു പേര മരത്തിൽ കയറി പേരക്ക പൊട്ടിച്ചു വാക്കത്തികൊണ്ടു തോൽ ചെത്തി ഒപ്പം തിന്നുമ്പോ എനിക്ക്‌ തോന്നി അത്‌ കുഞ്ഞിചെക്കനല്ല. ഞങ്ങൾ രണ്ട്‌ ബാല്യകാല സുഹൃത്തുക്കൾ “ഒരിക്കൽ കൂടി തൊടിയിലെ കായ്‌ക്കെന്തുമധുരം.” പങ്കുവെക്കുന്ന പോലെ. പുഴ ആഴമില്ലാതെ വെള്ളാരം കല്ലുകൾ കരയിൽ നിറയെ, തെളിവെള്ളത്തിലൂടെ വെള്ളാരം കല്ലിലെ പായലിൽ ചവിട്ടി കഴുത്തോളം വെള്ളത്തിൽ നിന്നു പടിഞ്ഞാറൻ സന്ധ്യയുടെ ചുവപ്പിലേക്ക്‌ നോക്കി നിൽക്കുമ്പോ കുഞ്ഞിചെക്കൻ പറമ്പിലേക്ക്‌ മടങ്ങിയിരുന്നു. പുഴയിൽ ഞാനും വെള്ളത്തിനടിയിൽ എന്നെ തിന്നാൻ ശ്രമിക്കുന്ന കുഞ്ഞുമീനുകളും, ആകാശത്ത്‌ കൂടണയുന്ന പക്ഷികളും, പുഴക്കിരുവശവും കാടുകൾ മാത്രം. ഈ സന്ധ്യയുടെ ഭംഗി ഇന്ന്‌ എനിക്ക്‌ മാത്രം വരച്ചു വെച്ചതാണെന്നു ആരോ പറയുന്ന പോലെ.

ഇരുട്ടായിരുന്നു. വീട്ടിൽ എത്താൻ. ക്ഷമയോടെ കാത്തിരുന്ന അഞ്ചാറു പേർ ആശുപത്രിയുടെ പരിസരത്ത്‌ ഒരു പരാതിയും ഇല്ലാതെ, അല്ലെങ്കിലും ഒരു വെറ്റില മുറുക്കിന്‌ മാറ്റിക്കളയാനാവും അവരുടെ മടുപ്പിനെ, വീട്ടിലേക്കു മടങ്ങി പോവുമ്പോളാണ്‌ കറന്റ്‌ പോയത്‌. കുഞ്ഞിചെക്കൻ പറഞ്ഞു. “ഇന്നിനി നോക്കണ്ട. നാളെ പത്തുമണി വരെ മണ്ണെണ്ണ വിളക്ക്‌ തന്നെ ശരണം.” പ്രസവമോ മറ്റെന്തെങ്കിലും വന്നാൽ പെട്രോ മാക്‌സ്‌ ഉണ്ട്‌ ആശുപത്രിയിൽ. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു ഉർവശി ശാപം ഉപകാരം എന്ന്‌ പണ്ടുള്ളവർ പറഞ്ഞത്‌ ശരിക്കനുഭവപ്പെട്ടത്‌. ഈ നിലാവിന്റെ ഭംഗി വിളക്കിനുണ്ടായിരുന്നെങ്കിൽ നഷ്‌ടമായേനെ. ഒരു ചൂരൽ കസേര മുറ്റത്തേക്ക്‌ വലിച്ചിട്ടു. കണ്ണെത്താത്ത ദൂരത്തെ ചെടികളും മരങ്ങളും നിലാവിൽ കുളിച്ചുനിൽക്കുന്നു. അകലെ നിന്നു രാപക്ഷികൾ ഇടയ്‌ക്കു നീട്ടി പാടുകയോ വിളിക്കുകയോ. എവിടെനിന്നോ കുഞ്ഞിചെക്കൻ ഒരു പഴയ റേഡിയോ സംഘടിപ്പിച്ചു വന്നു. “മേരി സിസ്‌റ്ററുടെയാ, കഴിഞ്ഞതവണ ചേട്ടൻ വന്നപ്പോ കൊടുത്തതാ. സാറിവിടെ ഇരുട്ടത്ത്‌ ഒറ്റക്കിരിക്കുന്നത്‌ പറഞ്ഞു വാങ്ങിയതാ. നാളെ തിരിച്ചു കൊടുക്കാം. നല്ല പാട്ടുണ്ടാവും.” ഞാൻ ഒറ്റക്കിരുന്നു മടുപ്പാകുന്നു എന്ന വേവലാതി. അതിനു കണ്ട പരിഹാരം വിദ്യാഭ്യാസമില്ലാത്ത കുഞ്ഞിചെക്കൻ അന്ന്‌ പഠിപ്പിച്ച വലിയ പാട്ട്‌ “സുഹാനീ രാത്‌ ട്ടൽ ചുകീ, നാ ജാനേ തും കബ്‌ ആഒഗെ, തടപ്‌ രഹെ ഹി ഹാം യഹാം” റാഫിയുടെ മധുരശബ്‌ദം. കാമുകിയുടെ വരവ്‌ കാതോർത്തിരിക്കുന്ന കാമുകന്റെ ആ നിലാവിൽ കൈയിലെ കുഞ്ഞു റേഡിയോയിൽ നിന്നും നേരിയ ശബ്‌ദത്തിൽ ഒഴുകിയ പ്രേമഗാനം, ആ രാവു ഒരിക്കലും മറക്കാത്തതാക്കി.

Generated from archived content: essay1_mar13_10.html Author: purushothaman_kk

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here