എറുള്‍

രാജവെമ്പാല, എട്ടടി മൂര്‍ഖന്‍, കരിമൂര്‍ഖന്‍, പുല്ലാന്നിമൂര്‍ഖന്‍, അണലി, വെള്ളിക്കെട്ടന്‍, ചേനത്തണ്ടന്‍ തുടങ്ങി ആയിരത്തോളം വിഷപ്പാമ്പുകളുമായി ഒരു മാസക്കാലം കണ്ണാടിക്കൂട്ടില്‍ കഴിഞ്ഞ പീതാംബരന്‍ പുറത്തുവന്നത്,ലിംകാ ബൂക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലേക്കാണ്.

സ്വദേശത്തും വിദേശത്തുമായി നല്‍കപ്പെട്ട സ്വീകരണങ്ങളുടെ ആഘോഷത്തിമിര്‍പ്പില്‍ പീതാംബരന്റെ അനിതര സാധാരണമായ ധൈര്യം പ്രകീര്‍ത്തിക്കപ്പെട്ടു. അനേകവട്ടം വിഷപ്പാമ്പുകളുടെ ദംശനമേറ്റിട്ടും മരണത്തെ വെല്ലുവിളിച്ച് നിലകൊണ്ട പീതാംബരനെ ജനം ഒരു എട്ടാം ലോകാത്ഭുതമായി നൊക്കികണ്ടു.

കൈയില്‍ കുറച്ചു പണവും ആഗോളപ്രശസ്തിയുമായപ്പോള്‍ പീതാംബരന്റെ പ്രിയപത്നി രാജമ്മക്കൊരു പൂതി:

,,നമ്മളെത്ര നാളാ ഈ മലമൂട്ടില്‍ കഴിയുക. മക്കളൊക്കെ വലുതായി വരുന്നു. അവര്‍ക്ക് നല്ല പടിത്തോം സുഖോം സൌകര്യോം ഒക്കെ വേണ്ടേ? അതുകൊണ്ട് നമുക്ക് ഈ വീടും പറമ്പും വിറ്റ് പട്ടണത്തിലേക്ക് താമസം മാറ്റാം.,,

സ്നഹത്തിന്റെ തേന്‍ കുഴച്ച് ,പരിഭവത്തിന്റെ പുളി ചേര്‍ത്ത് രാജമ്മ വിളമ്പിയ നിവേദനത്തില്‍ പീതാംബരന്‍ ഇനീഷ്യലിട്ടു.

,,ഞാനൊന്ന് ആലോചിക്കട്ടെ…,,

അധികം താമസിയാതെ പീതാംബരന്‍ പട്ടണത്തില്‍ പുതിയ വീടുവച്ച് താമസം മാറ്റി.

അന്യോന്യം അറിയാത്ത അയല്‍ക്കാരുടെയും അപരിചിതരായ വഴിയാത്രക്കാരുടെയും മുമ്പില്‍ പീതാബരന്‍ വീര്‍പ്പുമുട്ടി. നാട്ടിന്‍പുറത്ത് എവിടെ തിരിഞ്ഞാലും പരിചയക്കാരും അഭ്യുദയകാംക്ഷിളുമായിരുന്നു. ലോകത്തെമ്പാടുമുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും പീതാംബരന്‍ പറയുന്ന അഭിപ്രയങ്ങള്‍ക്കുവേണ്ടി കാതുകൂര്‍പ്പിച്ച ഒരു സമൂഹമുണ്ടായിരുന്നു. ഇവിടെ, പട്ടണത്തില്‍ എല്ലാവരും വലിയ ആളുകള്‍. അവരുടെ ദന്തഗോപുരങ്ങളിലേക്ക് കടന്നുചെല്ലാനോ അവര്‍ താഴേക്കിറങ്ങി വരാനോ തയ്യാറായില്ല. പട്ടണത്തിന്റെ പകിട്ടില്‍ രാജമ്മ ഭ്രമിച്ചുപോയെങ്കിലും, പീതാംബരന്‍ അസ്വസ്ഥനായി മാറി.

ഒരു മതിലിന്റെ വേര്‍തിരിവില്‍ കഴിഞ്ഞിരുന്ന അടുത്ത വീട്ടിലെ ഡോക്ടറുടെ ഭാര്യ എലിസബത്തുമായി രാജമ്മ ചങ്ങാത്തം കൂടി. ഡോ:മാത്യൂസിന് ഗവണമെന്റ് ആശുപത്രിയിലാണ് ജോലി. ഇതുവരെ സംസാരിച്ചിട്ടില്ലെങ്കിലും ഡോക്ടര്‍ക്ക് പീതാംബരനെ അറിയാമെന്ന് എലിസബത്ത് രാജമ്മയോട് പറഞ്ഞു. അഭിമാനംകൊണ്ട് ഉയര്‍ന്ന ശിരസ്സുമായി രജമ്മ ആ വിവരം പീതാംബരന് കൈമാറുമ്പോള്‍ അയാള്‍ നിസ്സംഗത ഭാവിച്ചു.

ഏതായാലും ഡോക്ടറുമായുള്ള പരോക്ഷ അടുപ്പം പ്രത്യക്ഷത്തിലേക്കെത്താന്‍ അടുത്ത ദിവസത്തെ സംഭവം വഴി തെളിച്ചു. രാജമ്മയെ സഹായിക്കാന്‍വേണ്ടി കറിക്കരിഞ്ഞപ്പോള്‍ പീതാംബരന്റെ കൈ ചെറുതായൊന്നു മുറിഞ്ഞു. അയാള്‍ അപ്പോള്‍തന്നെ ഉള്ളി ചതച്ച് മുറിവില്‍ കെട്ടി. വിഷപാമ്പുകള്‍ ദംശിക്കുമ്പോഴും പീതാംബരന്‍ ഇങ്ങനെയൊക്കെത്തന്നെയാണ് ചെയ്തിരുന്നത്.

രാത്രിയില്‍ ഡോ.മാത്യൂസ് വീട്ടിലെത്തിയപ്പോള്‍ ഈ വിവരം അറിഞ്ഞു. അദ്ദേഹം ഭാര്യയേയുംകൂട്ടി അപ്പോള്‍ത്തന്നെ പീതാംബരന്റെ വീട്ടിലെത്തി.

ഡോക്ടറുടെ പരിഭ്രമം കണ്ടപ്പോള്‍ പീതാംബരന്റെയുള്ളില്‍ ചിരിപൊട്ടി.

ഡോക്ടര്‍ സാധാരണ മുറിവുകളെക്കുറിച്ചും വിഷജന്തുക്കളുടെ കടിമൂലമുണ്ടാകുന്ന മുറിവുകളെക്കുറിച്ചുമെല്ലാം വിശദമായ ഒരു ക്ലാസ് എടുത്തു.

പീതാംബരന്‍ പരിഭ്രമിച്ചുപോയി. ഇതിനകം അത്യുഗ്രവിഷമുള്ള എത്രെയെത്ര പാമ്പുകള്‍ തന്നെ കടിച്ചിരിക്കുന്നു. എന്നിട്ട് ഇതുവരെ ഒരു ഇഞ്ചക്ഷനും ഇടുത്തില്ല. പാരമ്പര്യമായി കിട്ടിയ നാട്ടുചികിത്സകൊണ്ട് ഒരപകടവും ഉണ്ടായിട്ടില്ല.

ഡോക്ടര്‍ മുറിവിലെ കെട്ടഴിച്ച് പൊതിഞ്ഞുവെച്ചിരുന്ന ഉള്ളി എടുത്തുകളഞ്ഞു. മുറിവിന്റെ ആഴവും സ്വഭാവവും വിലയിരുത്തി. അത് തുടച്ചു വൃത്തിയാക്കി. പുതിയ മരുന്നുവെച്ചു കെട്ടി. ഒരു എടിഎസും എടുത്തു.

ഡോക്ടര്‍ പൊയ്കഴിഞ്ഞപ്പോള്‍ രാജമ്മ കുറെനേരം കരഞ്ഞു. മക്കളും അമ്മയോടൊപ്പം കോറസ് പാടി. പീതാംബരന് കുറ്റബോധം തോന്നി. ഇത്രകാലം താന്‍ എന്തെല്ലാം വിഡ്ഡിത്തങ്ങളാണു കാണിച്ചത്. ഒരു മുറിവു പറ്റിയാല്‍ ഇങ്ങനെയൊക്കെ ഭവിഷ്യത്ത് ഉണ്ടാകുമോ?

പിറ്റേദിവസം രാവിലെ ഹോസ്പിറ്റലില്‍ പോകുന്നതിന്മുമ്പ് ഡോക്ടര്‍ പീതാംബരന്റെ വീട്ടിലെത്തി. മുറിവ് പരിശോധിച്ചശേഷം അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. തിരിച്ചുപോകുമ്പോള്‍, മുറിവുണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചെയ്യേണ്ട ചികിത്സകളെക്കുറിച്ചും പ്രതിപാതിക്കുന്ന ഒരു ഹാന്‍ഡ് ബുക്ക് കൊടുത്തു.

വിഷമയമായ പ്രപഞ്ചത്തെക്കുറിച്ചും വിഷബാധമൂലം ലോകത്ത് ഒരോ മണിക്കൂറിലും മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങളായിരുന്നു ആ പുസ്തകം നിറയെ. വായിക്കുംതോറും പീതാംബരന് ആകാംക്ഷ കൂടിവന്നു.

നമുക്ക് ചുറ്റുമുള്ള ലോകം. നാം ചവുട്ടിനില്‍ക്കുന്ന മണ്ണ്. മുമ്പോട്ടുവയ്ക്കുന്ന ഓരോ ചുവടിനടിയിലും ലക്ഷക്കണക്കിന് ടെറ്റനസ് രോഗാണുക്കള്‍. ഓരോ മനുഷ്യശരീരത്തിലും നടക്കുന്ന കണ്‍സ്ട്രക്ടീവും ഡിസ്ട്രക്ടീവുമായ പ്രവര്‍ത്തനങ്ങള്‍….. പ്രായമേറുമ്പോള്‍ വരുന്ന വ്യതിയാനങ്ങള്‍….. ചെറുപ്പത്തില്‍ തനിക്ക് പലതും ചെയ്യാന്‍ കഴിഞ്ഞു. പക്ഷെ, ഭാഗ്യംകൊണ്ടാണ് അപകടം പറ്റാതിരുന്നത്. ഇനി ശ്രദ്ധിക്കണം. പീതാംബരന്‍ ദൃഡനിശ്ചയം ചെയ്തു.

നാട്ടില്‍ അയല്പക്കത്തു താമസിച്ചിരുന്ന അശ്വതികുട്ടിയുടെ വിവാഹം. ക്ഷണിക്കാന്‍ മാതാപിതാക്കളോടൊപ്പം അശ്വതിക്കുട്ടിയും വന്നിരുന്നു. തന്റെ മക്കളേ നോക്കിയിരുന്നത് അശ്വതിക്കുട്ടിയായിരുന്നു. മക്കള്‍ക്ക് രാജമ്മയേക്കാള്‍ സ്നേഹം അശ്വതിക്കുട്ടിയോടായിരുന്നു.

വിവാഹത്തിന്റെ തലേദിവസംതന്നെ പീതംബരനും കുടുംബവും അശ്വതിക്കുട്ടിയുടെ വീട്ടിലെത്തി. കല്യാണവീട്ടില്‍ അവര്‍ വി.ഐ.പി.കളായി തിളങ്ങി. സ്നേഹാന്യേഷണങ്ങളുടെ മധുരം… അഭ്യുദയകാംക്ഷികളുടെ ആശംസകള്‍….. നാട്ടുവിശേഷങ്ങള്‍…. നഗരവിശേഷങ്ങള്‍….

ഇതിനിടയില്‍ വിവാഹവും വിരുന്നും കഴിഞ്ഞു. പീതാംബരനും കുടുംബവും മടങ്ങാന്‍ തുടങ്ങി.

അശ്വതിക്കുട്ടിയുടെ വീടിനുമുമ്പില്‍ ഒരു ചെറിയ തോടുണ്ട്. ആണായാലും പെണ്ണായാലും വസ്ത്രം പൊക്കിക്കയറ്റി നീന്തി വേണം അക്കരെ കടക്കാന്‍.

പീതാംബരന്‍ ആദ്യം നീന്തി. തൊട്ടുപുറകെ രാജമ്മയും മക്കളും.

വെള്ളത്തില്‍ക്കൂടി വേഗത്തില്‍ നീന്തിവരുന്ന ഒരു നീര്‍ക്കോലിപാമ്പ്.

,,അയ്യോ, പാമ്പ്….,,

പീതാംബരന്‍ അത്യുച്ചത്തില്‍ വിളിച്ചു പറഞ്ഞു. വെപ്രാളത്തിനിടയില്‍ നീര്‍ക്കോലി പീതാംബരനെ ചെറുതായൊന്നു കടിച്ചു. അത് തൊലിപ്പുറത്ത് ഒരു ചെറിയ രക്തപ്പാട് സൃഷ്ടിച്ചു.

ഒരു പ്രത്യേകതരം ശബ്ദമുണ്ടാക്കിക്കൊണ്ട് പീതാംബരന്‍ വെള്ളത്തിലേക്ക് ചരിഞ്ഞുവീണു. രാജമ്മയും മക്കളും നാട്ടുകാരും ചേര്‍ന്ന് പീതാംബരനെ താങ്ങി. ഭീതികൊണ്ട് അയാളുടെ കണ്ണുകള്‍ തുറിച്ചിരുന്നു. ശരീരത്തിന്റെ ചലനവും നഷ്ടപ്പെട്ടിരുന്നു.

,,ചതിച്ചോ, ദൈവമേ!,,

രജമ്മ ചങ്കുപൊട്ടുമാറ് ഉച്ചത്തില്‍ വിലപിച്ചു.

Generated from archived content: story1_aug8_11.html Author: purushan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English