This post is part of the series കണ്ണികള്‍
Other posts in this series:
കല്യാണ സംഘം കയറിയ ബോട്ട് ചെറായി ജെട്ടിയില്‍ എത്തിയപ്പോള്‍ നേരം സന്ധ്യയാകാറായി. യാത്രാ മദ്ധ്യേ ചെറുവൈയ്പ്പ് പരിസരത്തു വച്ച് ബോട്ടു കേടായി. ബോട്ട് ഡ്രൈവര്‍ പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും ബോട്ടിന്റെ എഞ്ചിനു ജീവന്‍ വച്ചില്ല. പിന്നെ ലാസ്കര്‍മാര്‍ കഴുക്കോല്‍ കൊണ്ടു കുത്തി ബോട്ട് കരക്കടുപ്പിച്ചു.
ബോട്ട് മാസ്റ്റര്‍ മെക്കാനിക്കിനെ അന്വേഷിച്ച് അയ്യമ്പിള്ളിയിലേക്കു പോയി. ഇതിനിടയില്‍ പുറകെ വന്ന മൂന്ന് ലൈന്‍ ബോട്ടുകള്‍ക്ക് കൈകാണിച്ചെങ്കിലും അവര്‍ നിറുത്തിയില്ല. ആ ബോട്ടുകളിലും നല്ല തിരക്കായിരുന്നു. ഒടുവില്‍ മെക്കാനിക്ക് വന്ന് ബോട്ട് നന്നാക്കിയ ശേഷമാണ് യാത്ര തുടരാന്‍ കഴിഞ്ഞത്. കല്യാണപ്പാര്‍ട്ടി എത്തുന്നതിനു മുമ്പ് വധൂവരന്മാരെ വിരുന്നു കൊണ്ടുപോകുന്നതിനുള്ള സംഘം എത്തിയിരുന്നു. അവര്‍ പൊന്നുരുന്നിയില്‍ നിന്ന് ആലുവ പറവൂര്‍ വഴി ബസ്സിലാണ് വന്നത്.
പെണ്ണ് വലതുകാല്‍ വച്ച് അകത്തുകയറി. അമ്മായിയമ്മ ഒരു ഗ്ലാസ്സ് ചായ കുടിക്കാന്‍ കൊടുത്തു. ചൂടുകൊണ്ട് ചായ മുഴുവന്‍ കുടിച്ചില്ല. അപ്പോഴേക്കും വിരുന്നുകൊണ്ടുപോകാനെത്തിയ സംഘത്തിലെ നേതാവായ അമ്മാവന്‍ വിളിച്ചു ‘’ വരൂ നമുക്കിറങ്ങാം’‘
നളിനി ചായ താഴെ വച്ചു അടുത്തു നിന്നിരുന്ന ചെറുപ്പക്കാരിയോട് എന്തോ അടക്കം പറഞ്ഞു.
‘’ വാ ഞാന്‍ കാണിച്ചു തരാം’‘
ചെറുപ്പക്കാരി , നളിനിക്ക് മറപ്പുര കാണിച്ചു കൊടുത്തു.
അമ്മാവന്‍ പുറത്ത് ബഹളം തുടങ്ങി.
‘’ ഈ പെണ്ണ് എവിടെ പോയി കിടക്കുന്നു?’‘
‘’ പെണ്ണിന് ചെറുക്കന്റെ വീട്ടീന്ന് പോരാന്‍ തോന്നുന്നില്ല’‘
നളിനിയുടെ കൂട്ടുകാരി കളിയാക്കി.
അമ്മാവന് കൂടുതല്‍ അരിശമായി.
‘’ എന്നാ ഇവിടെത്തന്നെ കിടന്നോ ഞങ്ങള്‍ പോണ്’‘
അമ്മാവന്‍ ചാടിയിറങ്ങി വിരുന്നുകാര്‍ ഒന്നടങ്കം അമ്മാവന്റെ പുറകെയിറങ്ങി.
നളിനി മറപ്പുരയില്‍ നിന്നു വന്നപ്പോള്‍ അവളെ കൂട്ടിക്കൊണ്ടു പോകാനെത്തിയവര്‍ ഏതാനും വാര അകലെയെത്തി. അവരുടെ കൂടെ അവളുടെ ഭര്‍ത്താവുമുണ്ട്. നളിനി ആദ്യം സ്തംഭിച്ചു പോയി. പിന്നെ ഓടി അവരുടെ അടുത്തു ചെന്നു. പുറകില്‍ കാഴ്ചക്കാര്‍ ആര്‍ത്തു ചിരിച്ചു.
‘’ വേഗം നടക്ക് ഇല്ലെങ്കില്‍ ബസ്സു കിട്ടില്ല’‘
അമ്മാവന്‍ ധൃതി കൂട്ടി. നളിനിക്ക് വേഗത്തില്‍ നടന്നു ശീലമില്ല. അവള്‍ എല്ലാവര്‍ക്കുമൊപ്പമെത്താന്‍ നന്നേ പാടുപെട്ടു.
എട്ടിയോടം പാലത്തിനടുത്തെത്തിയപ്പോള്‍ അമ്മാവന്‍ പറഞ്ഞു
‘’ ആലുവായ്ക്കുള്ള അവസാനത്തെ ബസ്സു കിട്ടണമെങ്കില്‍ എല്ലാവരും ഒന്ന് ഓടണം. ഇല്ലെങ്കില്‍ ബസ്റ്റാന്‍ഡില്‍ കിടക്കേണ്ടി വരും’‘
പിന്നെ, വിരുന്നിനെത്തിയവര്‍ എല്ലാവരും ഒരു പോലെ ഓടി. നാട്ടുകാര്‍ക്ക് അത് ഒരു രസകരമായ കാഴ്ചയായിരുന്നു. എല്ലാവരും അതു കണ്ട് ചിരിയോടു ചിരി. ഇടക്ക് നളിനി ഒരു കല്ലില്‍ തട്ടി താഴേ വീണു. പക്ഷെ, ആരും അവളെ തിരിഞ്ഞു നോക്കിയില്ല. നളിനി എഴുന്നേറ്റ് കാലിലേയും കയ്യിലേയും മണ്ണ് തട്ടിക്കളഞ്ഞു. മുട്ട് അല്‍പ്പം മുറിഞ്ഞിട്ടുണ്ട്. എഴുന്നേറ്റപ്പോള്‍ ആരേയും കാണാനില്ല. നളിനിക്ക് സങ്കടം വന്നു അവള്‍ നിലത്തിരുന്ന് വിതുമ്പിക്കരഞ്ഞു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അമ്മാവന്‍ തിരിച്ചു വന്നു.
‘’ നീ ഇവിടെ എന്തെടുക്കാ? വാ, വേഗം വാ ‘’
പക്ഷെ അവള്‍ എഴുന്നേറ്റില്ല. നിലത്തിരുന്നു കരഞ്ഞു.
‘’ ശല്യം നീ വരണുണ്ടോ ഇല്ലെങ്കില്‍ ബസ്റ്റാന്‍ഡീ കെടക്കണ്ടീ വരും ഓര്‍ത്തോണം’‘
‘’ എന്റെ കാലു പൊട്ടി’‘
‘’ അത് സാരമില്ല കാല്‍ ഒടിഞ്ഞില്ലല്ലോ വേഗം വാ..’‘
നളിനി എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മാവന്‍ ഓട്ടമായി . നളിനിയും പുറകെ ഓടി.
ബസ്റ്റാന്‍ഡിലെത്തിയപ്പോള്‍ ബസ് നീങ്ങിത്തുടങ്ങി. കല്യാണക്കാര്‍ ഉറക്കെ വിളിച്ചു പറഞ്ഞു.
‘’ ആളുണ്ടേ…. ആളുകേറാനുണ്ടേ..’‘
പക്ഷെ ബസ്സ് നിറുത്തിയില്ല. ബസ്സില്‍ ഒരാള്‍ക്കു പോലും കയറാനുള്ള ഇടമുണ്ടായിരുന്നില്ല. അമ്മാവന്‍ കുറച്ചു ദൂരം ബസ്സിന്റെ പുറകെയോടി. അമ്മാവനൊപ്പം മറ്റുള്ളവരും ഓടിച്ചെന്നു. അമ്മാവന്‍ ബസ്സുകാരെ കുറെ തെറി വിളിച്ചു. പിന്നെ ദേഷ്യം മുഴുവന്‍ നളിനിയോടായി.
‘’ കുരുത്തം കെട്ടവള്‍ ഇവളുകാരണമാണ് ബസ്സ് കിട്ടാഞ്ഞത്. ഇനി കിടന്നോ റോട്ടില്‍ നശൂലം’‘
‘’ ഇനി കിടന്ന് ഒച്ചയിട്ടിട്ട് എന്താ കാര്യം?’‘
അമ്മാവന്റെ മകന്‍ കണാരന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
‘’ഫ്ഫ തെണ്ടി, മിണ്ടാതിരി ഇനി ഇവര്‍ക്കൊക്കെ തിന്നാന്‍ മേടിച്ചു കൊടുക്കാന്‍ നിന്റെ അമ്മായിയപ്പന്‍ കാശു തരോ?’‘
അപ്പോഴാണ് എല്ലാവരും അത്താഴത്തെക്കുറിച്ചു ചിന്തിച്ചത്.
രാത്രി ബസ്സ് സര്‍വീസില്ല. അതുകൊണ്ട് ബസ്റ്റാന്‍ഡിലെ കടകള്‍ അടച്ചു തുടങ്ങി.
ഒരു ഹോട്ടലില്‍ പെട്രോമാക്സ് ലൈറ്റ് കത്തുന്നുണ്ട്. ഇനി അതും കൂടി അടച്ചാല്‍ ബസ്സ് പോയതു പോലെയാകും.
‘’ അപ്പോ മേസ്തിരി മാമന്‍ ബസ്സുകാശല്ലാതെ വേറെ ഒന്നും തന്നില്ലേ?
‘’ ആ തന്നു, ഒലക്ക ആ പിശുക്കന്‍ മേസ്തിരി കാശുതന്നില്ലടാ….’‘
അതുപറഞ്ഞ് അമ്മാവന്‍ കരഞ്ഞു പോയി.
ഇനി എന്തു ചെയ്യും ? കാലത്ത് അല്‍പ്പം കഞ്ഞി മാത്രം കുടിച്ചാണ് നളിനി നില്‍ക്കുന്നത്. എല്ലാവര്‍ക്കും ഭക്ഷണം വാങ്ങിക്കൊടുക്കണ്ട ബാധ്യത തനിക്കുണ്ട്. മണവാളന്റെ വീട്ടിലേക്ക് തിരിച്ചു പോകാനും വയ്യ. അമ്മാവന്‍ ഓരോരുത്തരോടും കൈയിലുള്ള കാശ് എടുക്കാന്‍ ആവശ്യപ്പെട്ടു. ആകെ കിട്ടിയത് രണ്ടര രൂപ.
കണാരന്‍ ആ തുകക്ക് പഴം വാങ്ങി. എല്ലാവര്‍ക്കും പഴം കിട്ടിയില്ല. ഹോട്ടലില്‍ നിന്ന് വെള്ളം വാങ്ങി എല്ലാവരും കുടിച്ചു.
ഹോട്ടലുടമയോട് സമ്മതം വാങ്ങി മണവാളനും മണവാട്ടിയുമുള്‍പ്പെടെ ചിലര്‍ ഹോട്ടലിലെ ബഞ്ചില്‍ കിടന്നു. മറ്റു ചിലര്‍ ബസ്റ്റാന്‍ഡിലെ തറയില്‍ കിടന്നു. അങ്ങിനെ പ്രകാശന്റേയും നളിനിയുടേയും ആദ്യരാത്രി ബസ്റ്റാന്‍ഡില്‍ കഴിഞ്ഞു.
കൗസല്യക്ക് പ്രസവവേദന തുടങ്ങി. ആദ്യപ്രസവം ആയിരുന്നെങ്കിലും വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല.
ആകാംക്ഷയോടെ നിന്ന അയ്യപ്പന്‍കുട്ടി കുഞ്ഞിന്റെ കരച്ചില്‍ കേട്ടു പെറ്റു കിടക്കുന്ന പെണ്ണിന്റെ മുറിയിലേക്ക് കയറാന്‍ അയാള്‍ വെമ്പി.
വയറ്റാട്ടിത്തള്ള വിലക്കി.
‘’ എവിടെ പോണ് അങ്ങോട്ട് മാറി നിക്ക്’‘
‘’ എന്റെ കുഞ്ഞ്’‘
‘’ഓ …പെണ്ണു പെറ്റു , പെണ്ണു തന്നെയാ’‘
അതുവരെ കൗസല്യയുടെ പ്രസവമെടുക്കാന്‍ വയറ്റാട്ടിയുടെ കൂടെ നിന്ന കുഞ്ഞുപെണ്ണ് അടുത്ത മുറിയിലേക്കു കയറി. ഒന്നോ രണ്ടോ നിമിഷം പോലുമായില്ല. ആ മുറിയില്‍ നിന്നും ‘’ ള്ളേ….ള്ളേ…എന്ന കരച്ചില്‍ കേട്ടു.
നിമിഷ വ്യത്യാസത്തിലാണ് അമ്മയുടെയും മകളുടേയും പ്രസവം നടന്നത്. രണ്ടും പെണ്‍കുഞ്ഞായിരുന്നു. മകളുടെ മൂത്ത കുഞ്ഞും. അമ്മയുടെ ഏഴാമത്തെ കുഞ്ഞും.
ആളുകള്‍ പലതും പറഞ്ഞു ചിരിച്ചു. പരിഹാസത്തിന്റെ മുഴക്കങ്ങള്‍ കുഞ്ഞുപെണ്ണിന്റെ ചെവിയിലും എത്തി. അവരതു കാര്യമാക്കിയില്ല. സങ്കടപ്പെട്ട മകളോടു പറഞ്ഞു.
‘’ പെറ്റാല്‍ പൊര ചിരിക്കും തീണ്ടാരിയായാല്‍ പൊര കരയും’‘ എന്നാ പഴഞ്ചൊല്ല് ഭാര്യേം ഭര്‍ത്താവും സ്നേഹത്തോടെ കഴിയുന്നെടത്താ പെണ്ണിനു പേറുണ്ടാകു. അതിലാരും അസൂയപ്പെട്ടിട്ടു കാര്യമില്ല’‘
അതോടെ കൗസല്യയുടെ വൈഷമ്യം മാറി.
ഭര്‍ത്തൃവീട്ടിലേക്ക് പോകണമെന്ന് നളിനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായില്ല. യാത്രയിലുണ്ടായ ദുരനുഭവങ്ങള്‍ നളിനി അമ്മയോടു പറഞ്ഞു. പരമേശ്വരന്‍ മേസ്തിരിയും മറ്റുള്ളവരില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞു. പക്ഷെ മേസ്തിരിയുടെ കാഴ്ചപ്പാടില്‍ അതത്ര ഗൗരവമുള്ളതായി തോന്നിയില്ല.
യാത്രയിലാണ് ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടായത്. മകള്‍ എന്നും യാത്ര ചെയ്യാനല്ല അവിടെ പൊറുക്കാനാണ് പോകുന്നത്. ഇപ്പോള്‍ ഉണ്ടായപോലെ എല്ലാ യാത്രയിലും ഈ പ്രയാസങ്ങള്‍ ഉണ്ടാകണമെന്നില്ല.
അച്ഛന്റെ ന്യായവാദങ്ങള്‍ കേട്ടപ്പോള്‍ നളിനിയുടെ മനസ്സ് ചഞ്ചലമായി. യാത്രയുടെ വൈഷമ്യം ഒരു പ്രശ്നമല്ലെന്നു കരുതാം. പക്ഷെ, ഭര്‍ത്താവ് ഒരു വ്യക്തിത്വവുമില്ലാത്ത ഈ ഭര്‍ത്താവിനൊപ്പം എങ്ങിനെ ജീവിക്കും? ഒടുവില്‍ നളിനി സമാധാനിച്ചു. വരുന്നതു വരട്ടെ ഭര്‍ത്തൃവീട്ടിലേക്കു പോവുക തന്നെ.
ചെറായിലേക്കുള്ള യാത്ര ആലുവ വഴിയായിരുന്നു. ആലുവയില്‍ നിന്ന് പറവൂര്‍ക്ക് ബസ് മാറിക്കയറി. ബസ്സ് വിടാറായപ്പോള്‍ പ്രകാശന്‍ പെട്ടെന്ന് ബസ്സില്‍ നിന്നിറങ്ങി, എന്നിട്ട് എറണാകുളത്തു നിന്നു വന്ന ബസ് ലക്ഷ്യമാക്കി ഓടി. പക്ഷെ അപ്പോഴേക്കും ആ ബസ് പുറപ്പെട്ടു. വീണ്ടും പറവൂര്‍ ബസിനടുത്തെത്തിയപ്പോള്‍ അതും യാത്രയായി.
എന്തു ചെയ്യണമെന്നറിയാതെ പ്രകാശന്‍ സ്റ്റാന്‍ഡില്‍ ഇളിഭ്യനായി നിന്നു. ഈ സമയം മുന്നോട്ടു നീങ്ങിയ ബസ്സില്‍ എന്തോ ബഹളം കേട്ടു ബസ്സ് ബെല്ലടിച്ചു നിര്‍ത്തി. അതില്‍ നിന്ന് നളിനിയും വധൂവരന്മാരെ കൂട്ടിക്കൊണ്ടു വരാനെത്തിയ അയ്യപ്പന്‍കുട്ടിയും കൗസുക്കുഞ്ഞമ്മയും ഇറങ്ങി. യാത്രക്കാരും ബസ്സ് ജീവനക്കാരും അവരെ ചീത്ത പറഞ്ഞു. ആ ബസ്സ് അവരെ കയറ്റാതെ പോയി.
നളിനിയുടെ കോപം മുഴുവന്‍ പ്രകാശനോടായിരുന്നു
‘’ നിങ്ങളെങ്ങോട്ടാ പോയത്?’‘
‘’ എന്റെ കല്യാണക്കൊട മറ്റേ ബസ്സില്‍ വച്ചു മറന്നു’‘
‘’എന്നിട്ട് കൊട എവിടെ?’‘
‘’ ആ ബസ്സ് പോയി”
‘’ പോയി … കൊടേം പോയി …ബസ്സും പോയി… മാനോം പോയി’‘
നളിനിയുടെ ഭാവം കണ്ടപ്പോള്‍ അവള്‍ പ്രകാശനെ തല്ലിയേക്കുമെന്ന് അയ്യപ്പന്‍കുട്ടിക്കു തോന്നി.
നളിനി കയ്യിലിരുന്ന കുട ദൂരേക്ക് ഒരേറു വച്ചു കൊടുത്തു. എന്നിട്ട് ബസ്സ്റ്റാന്‍ഡില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. പ്രകാശന്‍ ഒരു തൂണിന്റെ മറവിലേക്കു നീങ്ങി. യാത്രക്കാര്‍ ശ്രദ്ധിക്കുന്നതു കണ്ടപ്പോള്‍ അയ്യപ്പന്‍ കുട്ടിക്കും കൗസുക്കുഞ്ഞമ്മക്കും നാണം തോന്നി.
പറവൂര്‍ക്കുള്ള അടുത്ത ബസ്സ് വന്നു. എല്ലാവര്‍ക്കും ബസ്സില്‍ സീറ്റു കിട്ടി. യാത്രക്കിടയില്‍ നളിനിക്ക് പിന്നെയും നാണക്കേടുണ്ടാകാനുള്ള സന്ദര്‍ഭമുണ്ടായി. പ്രകാശന്‍ ഛര്‍ദ്ദിയോടു ഛര്‍ദ്ദി. പറവൂര്‍ വരെ അത് തുടര്‍ന്നു.
അവിടെ നിന്ന് എട്ടിയോടം വഴി ചക്കരക്കടവ് കടത്തു കടന്നു നടന്നു.
യാത്രാ മദ്ധ്യേ ആരും മിണ്ടിയില്ല. എല്ലാവരുടേയും മനസ്സു നിറയെ വിവിധ ചിന്തകളായിരുന്നു.
വിരുന്നുകാര്‍ വീട്ടില്‍ വന്നു കയറിയപ്പോളെന്തോ പ്രശ്നമുണ്ടെന്നു അവരുടെ മുഖത്തു നിന്ന് കണ്ണു വായിച്ചെടുത്തു. പക്ഷെ എന്താണെന്ന് ആരോടും ചോദിച്ചില്ല. ആരും പറഞ്ഞുമില്ല.
നളിനിയെ സുഭദ്ര ഓരോ മുറിയും കൊണ്ടു നടന്നു കാണിച്ചു. ഇല്ല ശരിയാകില്ല എന്ന് നളിനി തന്റെ ഭാവി കുടുംബജീവിതത്തെ കുറിച്ച് മനസ്സില്‍ കുറിച്ചിട്ടു.
പട്ടണത്തില്‍ വളര്‍ന്നതുകൊണ്ട് നളിനിക്ക് പല പ്രതീക്ഷകളും ഉണ്ടായിരുന്നു .സാമ്പത്തികമായി പിന്നോക്കമായിരുന്നെങ്കിലും ജീവിത പ്രതീക്ഷകളില്‍ അത് പ്രതിഫലിച്ചിരുന്നില്ല. എന്നാല്‍ സാമ്പത്തികം അല്‍പ്പം മെച്ചമായിരുന്നെങ്കിലും എങ്ങിനെ ജീവിക്കണമെന്ന് പ്രകാശനും വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. നല്ല രീതിയില്‍ ജീവിക്കണമെങ്കില്‍ പണം മാത്രം പോരാ ; ഭാവനയും വേണം. ആ ഭാവന തന്റെ ജീവിത പങ്കാളിയില്‍ ഇല്ല , ഇനി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനും വയ്യ.
പക്ഷെ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകാതെ വയ്യ. അച്ഛനുമമ്മയും ഏറെ കഷ്ടപ്പെട്ടാണ് കല്യാണം നടത്തിയത്. കല്യാണം കഴിച്ചു വിടാന്‍ രണ്ട് അനിയത്തിമാര്‍ കൂടിയുണ്ട്. കല്യാണം കഴിഞ്ഞപ്പോള്‍ അയ്യപ്പന്‍കുട്ടിക്കും കൗസുവിനും ഒരുക്കിക്കൊടുത്ത അതേ മുറി തന്നെയാണ് നവദമ്പതികള്‍ക്കും കൊടുത്തത്. കതകുണ്ടെങ്കിലും അതിനു കൊളുത്തില്ലെന്ന് നളിനി ശ്രദ്ധിച്ചു.
മുറിയില്‍ നിലത്ത് ഒരു പായ വിരിച്ചിരുന്നു. അതില്‍ മുഷിഞ്ഞ ഒരു തലയിണ വച്ച് പ്രകാശന്‍ കിടന്നിരുന്നു. യാത്രയിലെ സംഭവം മൂലമുണ്ടായ ദേഷ്യം നളിനിക്ക് തീര്‍ന്നിരുന്നില്ല. നളിനി പ്രകാശനെ ഉണര്‍ത്താന്‍ പോയില്ല. യാത്രയുടേയും തുടര്‍ച്ചയായ ഛര്‍ദ്ദിയുടേയും ക്ഷീണം നിമിത്തം അയാള്‍ ഗാഢമായ നിദ്രയിലേക്കു വീണിരുന്നു.
നളിനി പായയുടെ ഒരറ്റത്ത് ചരിഞ്ഞു കിടന്നു. എന്നിട്ട് വിളക്ക് അണച്ചു. അവള്‍ക്ക് ഉറക്കം വന്നില്ല. തട്ടിന്‍ പുറത്ത് എലികള്‍ ഓടുന്ന ശബ്ദവും പൂച്ചയുടെ ‘മ്യാവൂ…’‘ വിളിയും അവളെ ഭയപ്പെടുത്തി.
ലോകപരിചയമുണ്ടെങ്കിലും പെണ്‍കുട്ടികള്‍ക്ക് കുടുംബജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നില്ലല്ലോ എന്ന് നളിനി വേവലാതിപ്പെട്ടു. അല്‍പ്പം കൂടി കാത്തിരുന്നാല്‍ നല്ല ബന്ധം കിട്ടിയേക്കും പക്ഷെ പ്രായമായ മൂന്നു പെണ്മക്കളുള്ള ഒരു വീട്ടില്‍ നല്ല ബന്ധവും കാത്ത് മാതാപിതാക്കള്‍ ഇരിക്കില്ല. അവര്‍ക്ക് തലയിലെ ഉത്തരവാദിത്വത്തിന്റെ ഭാരം ഒന്നിറക്കിവെച്ചാല്‍ മതി.
അമ്മൂമ്മ പറഞ്ഞതോര്‍ത്തു. പെണ്‍കുട്ടികള്‍ക്ക് നല്ല ചെറുക്കനെ കിട്ടണമെങ്കില്‍ തലവര നന്നായിരിക്കണം. അഴകുള്ള ചെറുക്കനല്ല സ്നേഹമുള്ള ചെറുക്കനാണ് പെണ്ണിന്റെ ഭാഗ്യം.
പല തരം ചിന്തകളുടെ വേട്ടയാടലില്‍ മനസ്സ് ഓടി തളര്‍ന്നപ്പോള്‍ നളിനി മെല്ലെ മയങ്ങി.
ആരോ തന്നെ സ്പര്‍ശിക്കുന്നതായി തോന്നിയപ്പോള്‍ നളിനി ഞെട്ടിയുണര്‍ന്നു. പാദം മുതല്‍ മുകളിലേക്ക് സ്പര്‍ശം കയറി വന്നു . പ്രകാശനായിരിക്കുമെന്നാണ് അവള്‍ കരുതിയത്. പക്ഷെ പ്രകാശന്‍ തിരിഞ്ഞാണു കിടക്കുന്നത്.
അപ്പോള്‍ ഇതാര്?
അവള്‍ ഞെട്ടിപ്പോയി. പെട്ടെന്ന് എണീറ്റ് തീപ്പട്ടിയുരച്ചു.
പായില്‍ മറ്റൊരാള്‍!
‘’ ആരാണ്? ആരാണ്?’‘
അവള്‍ ഉറക്കെ ചോദിച്ചു. തീപ്പട്ടി വീണ്ടും കത്തിച്ചപ്പോള്‍ അത് ഊതി കെടുത്തിക്കൊണ്ട് ആള്‍ പുറത്തേക്കു ചാടി.
അപ്പോഴേക്കും പ്രകാശന്‍ എഴുന്നേറ്റു. മറ്റു മുറികളിലും വെളിച്ചം തെളിഞ്ഞു.
നളിനി വിറച്ചു തുള്ളുകയായിരുന്നു. അതുകണ്ട് ഒന്നും പറയാനാവാതെ വീട്ടുകാര്‍ തലതാഴ്ത്തി.
Generated from archived content: kanni9.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ – അധ്യായം പത്ത്
Click this button or press Ctrl+G to toggle between Malayalam and English