കണ്ണികള്‍ – അധ്യായം എട്ട്

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

കാര്‍ത്തുവിന്റെ ആത്മഹത്യ നാരായണന്റെ മനസ്സിനെ വല്ലാതെ ഉലച്ചു കളഞ്ഞു. കണ്ണടച്ചാലും തുറന്നാലും കഴുക്കോലില്‍ തൂങ്ങി നില്‍ക്കുന്ന അമ്മയുടെ രൂപം. അമ്മയുടെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് മനസ്സ് സദാ കുറ്റപ്പെടുത്തി.

അമ്മയെ പുരവാസലിന് വിളിച്ചിരുന്നു. പക്ഷെ, അമ്മ വരില്ലെന്നു തീര്‍ത്തു പറഞ്ഞു. സഹോദരന്‍, സഹോദരഭാ‍ര്യ, അമ്മ എന്നിവരൊത്തുള്ള സന്തോഷകരമായ ഒരു ജീവിതമായിരുന്നു തന്റെ സ്വപ്നം. അമ്മക്ക് ജീവിതത്തിലൊരിക്കലും സന്തോഷം കിട്ടിയിട്ടില്ല. അമ്മയെ ഒരു രാജ്ഞിയേപ്പോലെ കൊണ്ടു നടക്കണം എന്ന് ആശിച്ചു . വലിയ വീടുകളില്‍ ചെല്ലുമ്പോള്‍ കാതില്‍ തോടയിട്ട് വെള്ള മുണ്ടും കസവിന്റെ നേര്യതുമിട്ട് നില്‍ക്കുന്ന കുടുംബിനികളെ കാണുമ്പോള്‍ അതുപോലെ അമ്മയേയും നാരായണന്‍ സങ്കല്‍പ്പിക്കുമായിരുന്നു. ഇത്രയും ദയനീയമായ ഒരന്ത്യം അമ്മക്കു വന്നത് സഹിക്കാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു.

അയ്യപ്പന്‍കുട്ടിയേയും കൗസല്യയേയും അമ്മയുടെ മരണം ബാധിച്ചില്ല. മകനും ഭാര്യയും ഒരു പുതിയ വീട്ടില്‍ താമസം തുടങ്ങുമ്പോള്‍ വരില്ലെന്നു ശാഠ്യം പിടിച്ച അമ്മക്ക് മക്കളോട് എന്തു സ്നേഹമാണുള്ളത്? ഇങ്ങോട്ടു സ്നേഹമുണ്ടങ്കിലല്ലേ അങ്ങോട്ടും ഉണ്ടാകേണ്ടത്? മക്കള്‍ തെറ്റുചെയ്താല്‍ അച്ഛനമ്മമാര്‍ ക്ഷമിക്കണം. അതായത് , എന്തു തെറ്റു ചെയ്താലും അമ്മ വരേണ്ടതായിരുന്നു. അവരുടെ വാദഗതി അങ്ങിനെയായിരുന്നു.

മരണം പോലീസ് സ്റ്റേഷനില്‍ അറിയിച്ചില്ല. പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കിക്കിട്ടണമെന്നായിരുന്നു എല്ലാവരുടേയും ആഗ്രഹം. അമ്മയെ കീറി മുറിക്കുന്നത് ഏതായാലും വേണ്ടെന്ന് നാരായണനും ആഗ്രഹിച്ചു.

നാട്ടുപ്രമാണിയായ കല്ലേക്കാട് കുമാരന്‍കുട്ടിയായിരുന്നു നാട്ടുപഞ്ചായത്ത് അധികാരി. നാട്ടില്‍ നടക്കുന്ന ചെറിയ പ്രശ്നങ്ങളില്‍ ഇടപെട്ട് തീര്‍പ്പ് കല്‍പ്പിച്ചിരുന്നത് അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍ ന്യായമായിരിക്കുമെന്ന് ഏവര്‍ക്കും ഉറപ്പുണ്ട്. കണ്ണുവിനുവേണ്ടി ഒരു സംഘം ആളുകള്‍ അദ്ദേഹത്തെ പോയി കണ്ടു. ജാപ്പാണം പുകയിലയും കിളിവാലന്‍ വെറ്റിലയും കാണിക്ക വച്ചു.

വളഞ്ഞ കാലന്‍ വടിയും മെതിയടിയും തലയില്‍ കസവു തൊപ്പിയും വച്ച് അദ്ദേഹം വീടിന്റെ പൂമുഖത്തേക്കു വന്നു. എല്ലാവരും താ‍ണുവണങ്ങി.

‘’ എല്ലാവരുമുണ്ടല്ലോ , എന്താ പ്രത്യേകിച്ച്?’‘

രണ്ടു വാക്ക് പറയാന്‍ കഴിവുള്ള ഇഞ്ചക്കാടന്‍ കുമാരന്‍ വിശദീകരിച്ചു.

‘’ ചക്കരക്കടവിലെ ജെട്ടീലു കച്ചവടം നടത്തുന്ന കണ്ണുവിന്റെ പെങ്ങളു ചത്തു. തൂങ്ങീതാ…’‘

‘’ എന്താ കാര്യം?’‘

‘’ ഭര്‍ത്താവ് ചത്തേപ്പിന്നെ കണ്ണൂന്റെ സംരക്ഷണേലാ, കുടുമ്മ കലഹമാ…’‘

‘’ കണ്ണുവായിട്ടോ? അതല്ലെങ്കില്‍ കണ്ണൂന്റെ ഭാര്യയുമായിട്ടോ?’‘

‘’ രണ്ടുമല്ല . മക്കള്‍ താമസം മാറ്റുന്നു അത് പിടിക്കാത്തതുകൊണ്ടാ…’‘

‘’ ആരാ മക്കള്‍?’‘

‘’ കേട്ടു കാണും – മൂത്തത് നാരായണന്‍ ഇളയത് അയ്യപ്പന്‍’‘

‘’ നാരായണനെ അറിയാം. എന്താ, അയാള്‍ക്ക് പരാതിയുണോ?’‘

‘’ ഇല്ല ആര്‍ക്കും പരാതിയില്ല ‘’

‘’ അപ്പോ എന്തു വേണം?’‘

‘’ ശവം കീറിമുറിക്കാതെ ദഹിപ്പിക്കാന്‍ അനുവദിക്കണം’‘

‘’ ആരെങ്കിലും എതിര്‍ക്കുമോ?’‘

‘’ ഇല്ല ‘’

‘’ ശരി നിങ്ങള്‍ ശവം താഴെയിറക്കി വേഗം ദഹിപ്പിച്ചോ. പിന്നെ ആരെങ്കിലും എതിര്‍ത്താല്‍ ഞാന്‍ പറഞ്ഞോളാം ‘’

എല്ലാവര്‍ക്കും ആശ്വാസമായി.

ശവം ദഹിപ്പിച്ചു . ആചാരപ്രകാരം സഞ്ചയനം നടന്നു. ദുര്‍മ്മരണം ആയതിനാല്‍ പ്രത്യേക പൂജകളും ഉണ്ടായിരുന്നു. പതിനാറടിയന്തിരം ഉണ്ടായില്ല. മൂത്തവര്‍ ജീവിച്ചിരിക്കുമ്പോള്‍ അടിയന്തിരം പാടില്ലെത്രെ. കണ്ണു എന്തു വേണമെങ്കിലും ചെയ്യാന്‍ സന്നദ്ധനാ‍യിരുന്നു.

നാരായണന്റെ മനസ്സില്‍ മുഴുവന്‍ തീയാണ്. ഒരു ആശ്വാസത്തിനു വേണ്ടി അയാള്‍ ഉഴറി. ധാരാളം സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും മനസ്സ് തുറക്കാന്‍ കഴിഞ്ഞില്ല. ഏകാന്തതയില്‍‍ ഒറ്റക്കിരുന്നു കരയും. ചിലപ്പോള്‍ ലക്ഷ്യമില്ലാതെ എങ്ങോട്ടെങ്കിലും നടക്കും.

ഒരു ദിവസം അയാളുടെ അലച്ചില്‍ അവസാനിച്ചത് മാളുവിന്റെ വീടിനു മുറ്റത്തായിരുന്നു.

മാളു ഓടി വന്നു. അവളുടെ അച്ഛനും അമ്മയും കൂടി നാരായണന്റെ അടുത്തു ചെന്നു.

‘’ ചടങ്ങൊക്കെ കഴിഞ്ഞോ?’‘

അമ്മയാണു ചോദിച്ചത്. വാസ്തവത്തില്‍ നാരായണന്റെ മുഖം കണ്ടപ്പോള്‍ എന്തെങ്കിലും സംസാരിക്കാനുള്ള വാക്കുകള്‍ കിട്ടാതെ മാളുവും അച്ഛനും വിഷമിക്കുകയായിരുന്നു. അമ്മയാണ് അതില്‍ നിന്ന് രക്ഷിച്ചത്.

എന്താണ് ഇനി സംസാരിക്കേണ്ടതെന്ന് കണ്ടെത്താന്‍ കഴിയാതെ അവര്‍ വീണ്ടും കുഴങ്ങി

പക്ഷെ, ഒരു മലവെള്ളപ്പാച്ചില്‍ പോലെ നാരായണന്റെ സങ്കടങ്ങള്‍ പുറത്തേക്ക് പൊട്ടിയൊഴുകി. ഇത്രയധികം സങ്കടങ്ങളുള്ള ഒരാളാണ് നാരായണന്‍ എന്ന് അവര്‍ അറിഞ്ഞിരുന്നില്ല.

എന്തെന്നില്ലാത്ത ആശ്വാസമാണ് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ നാരായണനുണ്ടായത്.

പുരുഷന്റെ സങ്കടങ്ങള്‍ക്ക് ഏറ്റവും നല്ല ഔഷധം സ്ത്രീയാണെന്ന് നാരായണന്‍ കണ്ടെത്തി.

വൈകീട്ട് മാളുവിന്റെ വീട്ടില്‍ നിന്ന് പോരുമ്പോള്‍ നാരായണന്റെ മനസ്സ് മുഴുവന്‍ അവളുടെ വശ്യതയാര്‍ന്ന മന്ദസ്മിതമായിരുന്നു. ഒരു പനിനീര്‍ക്കാറ്റുപോലെ അവളുടെ രൂപത്തിന്റെ സ്മരണ അയാളെ തലോടി ആശ്വസിപ്പിച്ചു.

നവദമ്പതികളുടെ മനസ്സ് എപ്പോഴും പ്രേമനിര്‍ഭരമായിരിക്കും. ആ കാലഘട്ടത്തില്‍ ഏതു കൊടിയ വേദനകള്‍ക്കും മനസ്സിന്റെ ബലം തകര്‍ക്കാന്‍ കഴിയില്ല. ഒരാള്‍ക്ക് മറ്റൊരാള്‍ ആശ്വാസം പകരാന്‍ ഉണ്ടാകുമ്പോള്‍ വേദനയുടെ ആഘാതം കുറയും. അയ്യപ്പങ്കുട്ടിയുടേയും കൗസല്യയുടേയും സ്ഥിതി അങ്ങിനെയായിരുന്നു . അമ്മയുടെ മരണം കഴിഞ്ഞുള്ള ദിവസങ്ങളായിരുന്നെങ്കിലും കൗസല്യയുടെ സാമീപ്യം അയ്യപ്പന്‍കുട്ടിക്ക് വലിയ ആശ്വാസമായി. ഒരു പക്ഷെ കൗസല്യ ജീവിതത്തിലേക്കു കടന്നു വന്നില്ലായിരുന്നെങ്കില്‍ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ അയ്യപ്പന്‍കുട്ടിക്ക് കഴിയുമായിരുന്നില്ല.

അമ്മക്കു സുഖമില്ലന്നെറിഞ്ഞ് കൗസല്യയും അയ്യപ്പന്‍കുട്ടിയും കാണാന്‍ പോയി. ചെല്ലുമ്പോള്‍ കുഞ്ഞുപെണ്ണ് കടയിലായിരുന്നു. കടവില്‍ ഏതാനും വള്ളങ്ങള്‍ അടുത്തിട്ടുണ്ട്. തിരക്കൊഴിഞ്ഞപ്പോള്‍ കുഞ്ഞുപെണ്ണ് വീട്ടില്‍ വന്നു.

‘’ സുഖമില്ലെങ്കി അമ്മക്കു കിടക്കാമായിരുന്നില്ലേ?’‘

‘’ എനിക്കു സുഖമില്ലെന്ന് നിന്നോടാരാ പറഞ്ഞത്?’‘

‘’ ചന്ദ്രേച്ചി’‘

‘’ എനിക്കൊന്നുമില്ല. പിന്നെ ഇന്നു നിങ്ങള്‍ പോണുണ്ടോ?’‘

‘’ ഉവ്വ് ഇപ്പത്തന്നെ പോണം’‘

‘’ എന്നാ പോ’‘

വീട്ടിലെത്തിയപ്പോള്‍ അയ്യപ്പന്‍കുട്ടി ചിരിയോടു ചിരി.

‘’ എന്താ നിങ്ങളു ചിരിക്കുന്നത്?’‘

ക്ഷമകെട്ട കൗസല്യ ചോദിച്ചു.

‘’ എടീ സന്തോഷം വന്നാ ആളുകള്‍ ചിരിക്കില്ലേ?’‘

‘’ ഇല്ല , ഇതു വട്ടിന്റെ അസുഖമാ’‘

അയ്യപ്പന്‍കുട്ടി പിന്നെയും ചിരിച്ചു. ക്ഷമകെട്ട് കൗസല്യ മണ്ണെണ്ണ വിളക്കൂതി.

ഇരുട്ടത്ത് അടുത്തേക്കു നീണ്ടു വന്ന അയ്യപ്പന്‍കുട്ടിയുടെ കൈകള്‍ അവള്‍ തട്ടി മാറ്റി.

‘’ മാറ്… നീങ്ങിക്കിടക്ക്’‘

‘’ നീങ്ങിക്കിടന്നാ എങ്ങിനെയാ? നിന്റെ അമ്മയെപ്പോലെ നമുക്കും വേണ്ടേ കുഞ്ഞുവാവ?’‘

‘’ ങേ…?’‘

കൗസല്യ പെട്ടന്ന് എണീറ്റിരുന്നു. പിന്നീട് തീപ്പെട്ടി തപ്പി . അയ്യപ്പന്‍കുട്ടി ആ ശ്രമം പരാജയപ്പെടുത്തി കൗസല്യയെ ഇറുകെ പിടിച്ചു.

അപ്പോള്‍ കൗസല്യ പറഞ്ഞു.

‘’പതുക്കെ പിടിക്ക് ഇല്ലെങ്കി നമ്മുടെ കുഞ്ഞുവാവക്ക് ശ്വാസം മുട്ടും’‘

ഇപ്രാവശ്യം അത്ഭുതപ്പെട്ടത് അയ്യപ്പന്‍കുട്ടിയായിരുന്നു. അയാള്‍ വേഗം എണീറ്റ് വിളക്കു കത്തിച്ചു.

നാണം കൊണ്ട് കൗസല്യ മുഖം പൊത്തി. അയ്യപ്പന്‍കുട്ടി ആ കൈകള്‍ മെല്ലെ വിടര്‍ത്തിയെടുത്തു. പ്രതീക്ഷാനിര്‍ഭരമായ ഹൃദയത്തോടെ അവളുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു.

‘’ നേരോ? നമുക്ക് കുഞ്ഞുവാവ വരുന്നോ?’‘

‘’ങും…’‘

വീണ്ടും കണ്ണുപൊത്തി കൗസല്യ മൊഴിഞ്ഞു.

അയ്യപ്പന്‍കുട്ടിക്ക് സന്തോഷം അടക്കാന്‍ കഴിഞ്ഞില്ല. അയാള്‍ ഒരു കൊച്ചുകുഞ്ഞിനേപ്പോലെ പൊട്ടിച്ചിരിച്ചു. ആ ചിരി പിന്നെ കരച്ചിലായി മാറി.

‘’ അയ്യേ എന്താ കരയണെ ? പെണ്ണുങ്ങളേപ്പോലെ..’’

‘’ എനിക്കു കരയണം. എനിക്കു സഹിക്കുന്നില്ലെടീ ഞാന്‍ ഒരച്ഛനാകാന്‍ പോണ് നീ ഒരമ്മേം … നമ്മുടെ മോന്‍’‘

‘’ മോളായാലോ?’‘

‘’ മോളാണോ എന്നാലും കുഴപ്പമില്ല. ഞാനവളെ പൊന്നുപോലെ നോക്കും’‘

‘’ ഞാനും’‘

‘’ നീയിത് എന്നോടെന്താ നേരത്തെ പറയാതിരുന്നത്?’‘

‘’ എന്താണെന്ന് എനിക്കറിയില്ലായിരുന്നു അമ്മ പറഞ്ഞപ്പഴാ എനിക്കു മനസിലായത്’‘

മകള്‍ ഗര്‍ഭിണീയാണെന്നറിഞ്ഞപ്പോള്‍ കുഞ്ഞുപെണ്ണ് ഏറെ സന്തോഷിച്ചു. ഗര്‍ഭിണികള്‍ക്ക് പുളി കൊടുക്കണം. അതിന് മുഹൂര്‍ത്തം നിശ്ചയിക്കണം. ഞായര്‍, ചൊവ്വ, വ്യാഴം ഈ ദിവസങ്ങളാണു നല്ലത് വേലിയിറക്കമുള്ള രാശികളും നോക്കണം. നിത്യദോഷങ്ങളും സ്ത്രീയുടെ ജന്മാ‍നുജന്മ നക്ഷത്രങ്ങളും വര്‍ജ്ജിക്കണം. ഇതെല്ലാം നോക്കി കണിയാന്‍ നല്ലൊരു ദിവസം നിശ്ചയിച്ചു. ചൊവ്വാഴ്ച.

അറിയാവുന്ന ആചാരങ്ങളുടെ എല്ലാ പ്രയോഗങ്ങളും അനുഭവിച്ച് കൗസല്യയുടെ വയര്‍ വീര്‍ത്തുവീര്‍ത്തു വന്നു.

അയ്യപ്പന്‍കുട്ടിയുടെ ഭാര്യ ഗര്‍ഭിണിയാണെന്നു കേട്ടപ്പോള്‍ കൊച്ചുപെണ്ണിനും ഒരാഗ്രഹം. മൂത്തമകന്‍ പ്രകാശനും നാരായണന്‍ കുട്ടിയുടെ പ്രായമാണ്. അവന് ഒരു പെണ്ണു കൊണ്ടു വരണം. കണ്ണുവിന് മക്കള്‍ പ്രായമായെന്നോ അവര്‍ക്ക് കല്യാണം വേണമെന്നോ ചിന്തയുണ്ടായിരുന്നില്ല.

കൊച്ചുപെണ്ണ് മകന്റെ കല്യാണക്കാര്യം പറഞ്ഞപ്പോള്‍ നിര്‍വികാരതയോടെ കേട്ടിരുന്നു. അവസാനം പറഞ്ഞു.

‘’ നിന്റെ ഇഷ്ടം പോലെ ചെയ്യ്. പക്ഷെ, നല്ല സ്ത്രീധനം കിട്ടണം’‘

കൊച്ചുപെണ്ണ് മകന് പെണ്ണന്വേഷിച്ചു. വൈറ്റില പൊന്നുരുത്തി റെയില്‍വേയിലെ മേസ്തിരിയായ പരമേശ്വരന്റെ മകള്‍ നളിനിയെ അവര്‍ കണ്ടെത്തി.

നല്ല കതിരു പോലെത്തെ പെണ്ണ്. വെളുത്ത നിറം ചന്തി കഴിഞ്ഞു കിടക്കുന്ന മുടി. പെണ്ണിനെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പൊന്നുരുത്തി ക്ഷേത്രത്തില്‍ വച്ചായിരുന്നു കല്യാണം.

ഇരുപത്തഞ്ചോളം വരുന്ന കല്യാണ സംഘം പൊന്നുരുത്തിയില്‍ നിന്ന് നടന്ന് എറണാകുളം ജെട്ടിയിലെത്തി. അവിടെ കോട്ടപ്പുറം പോകാനുള്ള ‘’ പാര്‍ത്ഥസാരഥി’‘ ബോട്ട് തയ്യാറായി കിടന്നിരുന്നു.

എറണാകുളത്തു നിന്ന് പുറപ്പെട്ട ബോട്ട് മട്ടാഞ്ചേരിയില്‍ അടുത്തപ്പോള്‍ ബോട്ടില്‍ നിറയെ ചരക്കു കയറ്റി. സാധാരണയില്‍ കവിഞ്ഞ ആളും ചരക്കും കൊണ്ട് ബോട്ടിനകം വീര്‍പ്പുമുട്ടി. പരിചയമുള്ള ബോട്ടുകാര്‍ നവദമ്പതികള്‍ക്കു മാത്രം അല്‍പ്പം സൗകര്യം ഉണ്ടാക്കിക്കൊടുത്തു. മറ്റുള്ളവര്‍ വിവിധ ചാക്കുകെട്ടുകളുടെ മുകളില്‍ കയറിയിരുന്നു. സത്രീകള്‍ ഉള്‍പ്പെടെ.

ഇതിനിടയില്‍ അഴീക്കോട്ടുകാരന്‍ ഒരു നാരങ്ങാക്കച്ചവടക്കാരന്‍ ഒരു പെട്ടിയുമായി വന്നു. എല്ലാ സീറ്റിനടിയിലും എന്തെങ്കിലും ലഗേജുണ്ട്. മണവാട്ടി ഇരിക്കുന്നിടത്തു മാത്രമില്ല.

അശ്ലീലം കലര്‍ന്ന ഒരു നോട്ടത്തിനു ശേഷം അയാള്‍ നവവധുവിന്റെ അടുത്തു ചെന്നു പറഞ്ഞു.

‘’ മോളേ, ഒന്നു കാലുപൊക്കിയേ ഇതൊന്ന് അടിയില്‍ വച്ചോട്ടെ ‘’

മണവാട്ടിക്ക് അയാളുടെ കരണക്കുറ്റിക്ക് ഒന്നു കൊടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ, മണവാളന്‍ ചമഞ്ഞ് അടുത്തിരിക്കുന്ന ആണൊരുത്തന്‍ നിന്നു ചിരിക്കുന്നു. നളിനി തന്റെ ഭര്‍ത്താവിനെ അതോടെ അളന്നിട്ടു.

നാരങ്ങാക്കാരന്‍ പെട്ടി സീറ്റിനടിയില്‍ വച്ച് സ്ഥലമുണ്ടാക്കി മണവാട്ടിയുടെ അടുത്തിരുന്നു.

ബോട്ടിന്റെ എഞ്ചിന്‍ റൂമിനു മുകളില്‍ ചീട്ടുകളി തുടങ്ങി. പ്രകാശനും ചീട്ടുകളിയില്‍ വലിയ കമ്പമുണ്ട്. രണ്ടു മൂന്നു പ്രാവശ്യം പ്രകാശന്‍ അങ്ങോട്ടു നോക്കി. സ്ഥിരം യാത്രക്കാരനായ ഒരു പരിചയക്കാരന്‍ പ്രകാശനെ നോക്കി ചോദിച്ചു.

‘’ എന്താ മണവാളനും കൂടണോ?’‘

പ്രകാശന്‍ ‘’ ഇല്ല’‘ എന്ന അര്‍ത്ഥത്തില്‍ കണ്ണടച്ചു കാണിച്ചു . മണവാട്ടിയുടെ അടുത്തു നിന്നു പോകുന്നത് ശരിയല്ലെന്നു കരുതിയാണ് ക്ഷണം നിരസിച്ചത്.

ബോട്ട് കറുത്തേടത്ത് അടുത്തപ്പോള്‍ കളിവെട്ടത്തിലെ ഒരാള്‍ എഴുന്നേറ്റു പോയി. പകരത്തിന് ആരും കയറിയില്ല.

‘’ പ്രകാശാ ഒന്നു വാ … ഒരാളുടെ കുറവുണ്ട് ‘’

പ്രകാശന്‍ നളിനിയുടെ മുഖത്തേക്കു നോക്കി. അവള്‍ക്ക് യാതൊരു ഭാവഭേദവുമില്ല.

പ്രകാശന്‍ മുക്കി മുക്കി ചോദിച്ചു.

‘’ അതേയ് അവിടെ കളിക്കാന്‍ ഒരാളുടെ കുറവുണ്ട് അവരു വിളിക്കുന്നു ‘’

നളിനി അയാളെ രൂക്ഷമായി നോക്കി . പ്രകാശന്‍ ദഹിച്ചു പോയി.

അടുത്തിരുന്ന നാരങ്ങക്കാരന്‍ ഒരു ‘’ഊളച്ചിരി’‘ ചിരിച്ചു.

‘’ വാ പ്രകാശാ… ഇല്ലെങ്കി ഞങ്ങള്‍ കളി നിര്‍ത്തും’‘

പ്രകാശന്‍ പിന്നെ നളിനിയെ നോക്കിയില്ല. കെട്ടിവലിച്ചപോലെ കളിക്കാരുടെ കൂട്ടത്തില്‍ കൂടി.

നളിനിയുടെ കാലില്‍ അടുത്തിരുന്ന നാരങ്ങാക്കാരന്റെ കാലൊന്നു മുട്ടി. നളിനി അല്‍പ്പം അകന്നിരുന്നു.

‘’ അരി നന്നായിട്ടു ഇടിക്കുമല്ലേ?’‘

നാരങ്ങാക്കാരന്‍ ചോദിച്ചു.

‘’ മര്യാദക്കിരുന്നോ ഇല്ലെങ്കി നിന്നേം ഇടിക്കും’‘

നളിനി പിറുപിറുത്തു.

‘’ കണ്ണുമാമക്ക് ചായക്കടേല്‍ അരിയിടിക്കാന് ഒരാളെ‍ വേണമെന്ന് കേട്ടിരുന്നു’‘

നളിനി ഞെട്ടിപ്പോയി. എങ്കിലും ഭാവഭേദമില്ലാതെ താഴേക്കു നോക്കിയിരുന്നു. എന്തായാലും ഇന്ന് താന്‍ മണവാട്ടിയാണല്ലോ.

നാരങ്ങാക്കാരന്‍ കാല്‍വിരല്‍ കൊണ്ട് നളിനിയുടെ പാദത്തില്‍ ചൊറിഞ്ഞു.

പതുക്കെയാണെങ്കിലും നളിനി അയാളോട് ദൃഢസ്വരത്തില്‍ പറഞ്ഞു.

‘’ മര്യാദക്കിരുന്നോ ഇല്ലെങ്കി എന്റെ കൈ മേടിക്കും’‘

‘’ നല്ല കൈ, ആളും നല്ല മൊഞ്ചത്തി തന്നാല്‍ ഞാനെടുത്തോളാം ‘’

നളിനി ചാടി എണീറ്റു. എന്നിട്ട് കൈ ആഞ്ഞുവീശി നാരങ്ങാക്കാരന്റെ കരണത്തടിച്ചു . ബോട്ടിലുള്ള എല്ലാവരും ഇതു കണ്ടു. അവരെല്ലാം എഴുന്നേറ്റ് നളിനിയുടെയും നാരങ്ങാക്കാരന്റെയും അടുത്തു ചെന്നു.

‘’ എന്താ , എന്താ ഉണ്ടായത്?’‘

‘’ ഇയാള്‍ ശല്യം ചെയ്യുന്നു, കൊറെ നേരമായി’‘

കല്യാണസംഘത്തില്‍പ്പെട്ട എല്ലാവരും കൂടി നാരങ്ങാക്കാരനെ തല്ലി.

‘’ എന്നിട്ട് പ്രകാശനെവിടെ? നമ്മുടെ മണവാളന്‍…’‘

കല്യാണസംഘം അന്വേഷിച്ചു.

‘’ ദാ ,അവിടെ …’‘

എല്ലാവരും അവിടെ നളിനി ചൂണ്ടിക്കാണിച്ച് ഭാഗത്തേക്ക് നോക്കി. അവിടെ ബോട്ടിന്റെ എഞ്ചിന്‍ റൂമിനു മുകളില്‍ ചീട്ടുകളി തകൃതിയായി നടന്നിരുന്നു. അവര്‍ മാത്രം ബോട്ടില്‍ നടന്ന സംഭവങ്ങള്‍ അറിഞ്ഞില്ല.

Generated from archived content: kanni8.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here