This post is part of the series കണ്ണികള്‍
Other posts in this series:
‘’ എന്താണബ്ടെ… എന്താ? …എന്താ?…’‘
ആജ്ഞാസ്വരത്തിലുള്ള ചോദ്യം കേട്ടപ്പോള്‍ എല്ലാവരും അങ്ങോട്ട് നോക്കി.
കൊച്ചുണ്ണി മാഷ്!
അഴീക്കോട്ടു നിന്ന് കൊപ്ര കച്ചവടത്തിന് പള്ളിപ്പുറത്തു വന്ന കൊച്ചുണ്ണി മാഷെ എല്ലാവര്‍ക്കും ഭയവും ബഹുമാനവുമുണ്ട്. സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന ഒരു പുരാതന തറവാട്ടിലെ അംഗമാണ് അദ്ദേഹം. അധ്യാപകനല്ലെങ്കിലും ആളുകള്‍ ആദരവോടെ ‘’ മാഷെ…’‘ എന്നാണു വിളിക്കുന്നത്.
കൂടി നിന്നവര്‍ കൊച്ചുണ്ണി മാഷിന് കടന്നുവരാന്‍ വഴിയൊരുക്കിക്കൊടുത്തു.
സുന്ദരനായ ഒരു ചെറുപ്പക്കാരനേയും ബോധം കെട്ടു കിടക്കുന്ന പെണ്‍കുട്ടിയെയും കൊച്ചുണ്ണി മാഷുടെ ശ്രദ്ധയില്‍ പെട്ടു.
‘’ എന്തായിത്? ആരാ ഈ കുട്ടികള്‍ ?’‘
‘’ എവിടത്തുകാരാന്ന് അറിയില്ല ഏതോ പെണ്‍കുട്ടിയെ ഇവന്‍ കടത്തിക്കൊണ്ടു വന്നതാ’‘ ഒരാള്‍ വിശദീകരിച്ചു.
കൊച്ചുണ്ണിമാഷ് അയ്യപ്പന്‍കുട്ടിയുടേയും കൗസല്യയുടേയും അടുത്തു ചെന്നു നോക്കി. നല്ല മുഖ പരിചയം പക്ഷെ ആരെന്ന് മനസില്‍ തെളിയുന്നില്ല.
‘’ മോന്‍ ആരാ?’‘
സ്നേഹസൃണ്മായ ചോദ്യം അയ്യപ്പന്‍കുട്ടിയുടെ തിളച്ചു നിന്ന കോപത്തെ അല്‍പ്പം ശമിപ്പിച്ചു.
‘’ ഞാന്‍… ഞാന്‍… അയ്യപ്പന്‍കുട്ടി ‘’
‘’ ഏത് അയ്യപ്പന്‍ കുട്ടി ? ന്റെ ബീടെവിടാ?’‘
‘’ ചക്കരക്കടവില്‍..’‘
‘’അബ്ടെ ?’‘
ജെട്ടീല്‍ കച്ചോടം നടത്തണ കണ്ണു എന്റെ അമ്മാവനാ. ഇതെന്റെ പെണ്ണ്’‘
‘’ എടാ ഇതു ഞമ്മടെ കൊച്ചനാ ഓന്റെ ബീവിയാ അത് ‘’
എല്ലാവരും ജാള്യത്തോടെ ഒഴിഞ്ഞു മാറി.
‘’ഇബര്‍ ആരാന്നറിയ്യോ ?.. ബല്യ ബീട്ടിലെയാ… പുതുമണവാളനും പുതുമണവാട്ടീം. രണ്ടുപേരേം ഞമ്മടെ ബളവര വഞ്ചീല്‍ ബീട്ടിലെത്തിക്കണം. എടാ കുഞ്ഞയ്മദേ… സെയ്താലീ….’‘
അയ്യപ്പന്‍കുട്ടിയും കൗസല്യയും കൊച്ചുണ്ണിമാഷുടെ വളവരവഞ്ചിയില്‍ രാജ പ്രൗഡിയോടെ യാത്ര പുറപ്പെട്ടു. കൂടെ കൊച്ചുണ്ണി മാഷും.
നടന്ന സംഭവങ്ങള്‍ കേട്ട് നാണുക്കുട്ടനും കുഞ്ഞുപെണ്ണും സ്തംഭിച്ചു. മക്കളില്‍ നിന്ന് ഇത്രയ്ക്കൊന്നും അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇനി ഇവരെ കയറൂരി വിടരുതെന്ന് അവര്‍ തീരുമാനിച്ചു.
അടുത്ത ദിവസം മുതല്‍ അയ്യപ്പന്‍കുട്ടിക്ക് ചായക്കടയില്‍ ചുമതല കിട്ടി. ചായ ഉണ്ടാക്കുക, പലഹാരങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും നോക്കണം.
എത്ര ആളുണ്ടായാലും നാണുക്കുട്ടന്റെ കടയില്‍ ജോലിക്കാര്‍ മതിയാകില്ല. കൊച്ചിയിലേക്കാള്‍ സാധനങ്ങള്‍ക്ക് വിലക്കുറവാണെന്നാണു കേള്‍വി. വള്ളക്കാരില്‍ നിന്ന് സാധങ്ങള്‍ കളവായി വാങ്ങുന്നതുകൊണ്ടാണ് വിലകുറച്ചു കിട്ടുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ആരും എതിര്‍ത്തില്ല. എതിര്‍ത്താല്‍ അതിന്റെ നഷ്ടം സംഭവിക്കുന്നത് തങ്ങള്‍ക്കായിരിക്കുമെന്ന് സാധാരണക്കാരായ നാട്ടുകാര്‍ക്ക് അറിയാമായിരുന്നു.
കല്യാണ നിശ്ചയം, മരണാവശ്യം, പതിനാറടിയന്തിരം തുടങ്ങീയ എന്തു കാര്യങ്ങള്‍ക്കും ആവശ്യമുള്ള സാധങ്ങള്‍ നാണുക്കുട്ടന്റെ കടയില്‍ കിട്ടും. എഴുപത്തഞ്ചു പേരുടെ കല്യാണം ഇരുപതു പേരുടെ നിശ്ചയം അമ്പതു പേരുടെ പതിനാറടിയന്തിരം ഇങ്ങിനെ മാത്രം പറഞ്ഞാല്‍ മതി. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ ആവശ്യമുള്ള എല്ലാ സാധങ്ങളും സ്ഥലത്ത് എത്തിച്ചു കൊടുക്കും. മരണാവശ്യമാണെങ്കില്‍ ദര്‍ഭ മുതല്‍ ചമതക്കമ്പു വരെയും ചിരട്ട , പൊതി മടല്‍, വറളി തുടങ്ങിയവയും എത്തിച്ചുകൊടുക്കും.
നാണുക്കുട്ടന്റെ കടയില്‍ കിട്ടുന്ന സാധനങ്ങളെക്കുറിച്ച് ഒരു കഥയുണ്ട്. പണക്കാരനായ വറുഗീസ് എന്നൊരാള്‍ പുതിയൊരു വീടുവയ്ക്കാന്‍ തീരുമാനിച്ചു. ചെങ്കല്ല് സുര്‍ക്കയിട്ടു കെട്ടിയാണ് വീടു വയ്ക്കുക. അല്ലെങ്കില്‍ കുമ്മായമായിരിക്കും! സുര്‍ക്കയില്‍ ഒരു തരം മാവുപശയിട്ടാല്‍ നല്ല ഉറപ്പു കിട്ടുമെന്ന് വറുഗീസിന് അറിവു കിട്ടി. അയാള്‍ കൊച്ചിയില്‍ അന്വേഷിച്ചു കിട്ടിയില്ല. പിന്നെ ആലപ്പുഴയിലും ആലുവായിലും പെരുമ്പാവൂരും അന്വേഷിച്ചു ഫലം തഥൈവ ! കോയമ്പത്തൂര്‍ മാര്‍ക്കറ്റില്‍ കിട്ടുമെന്ന് കേട്ടപ്പോള്‍ അവിടേയും പോയി. കോയമ്പത്തൂരിലെ ഒരു കടക്കാരന്‍ പറഞ്ഞെത്രെ ‘’ ഇത് ഇവിടെയെങ്ങും കിട്ടില്ല. നിങ്ങളുടെ നാട്ടിലെ നാണുക്കുട്ടന്റെ കടയില്‍ ഒന്നന്വേഷിച്ചു നോക്ക് ‘’
ഈ കഥയില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് അറിയില്ല എങ്കിലും കടക്ക് ഈ കഥയേക്കാള്‍ നല്ല പരസ്യമില്ലായിരുന്നു.
അയ്യപ്പന്‍കുട്ടി കടയില്‍ ചില പരിഷ്ക്കാരങ്ങള്‍ വരുത്തി. ചില്ലുഭരണ്ടികള്‍ വാങ്ങി അതില്‍ പലഹാരങ്ങള്‍ സംഭരിച്ചു, പപ്പടേപ്പം, ഉപ്പേരി, എള്ളുണ്ട, അവലോസുണ്ട തുടങ്ങിയവയ്ക്ക് നല്ല വില്‍പ്പന കിട്ടി. കടവില്‍ അടുക്കുന്ന വള്ളങ്ങള്‍ ഈ പലഹാരങ്ങള്‍ വാങ്ങി വീട്ടിലേക്കു കൊണ്ടു പോകും. സമീപത്തുള്ളവര്‍ വീട്ടില്‍ വിരുന്നുകാര്‍ വന്നാല്‍ ഈ പലഹാരങ്ങള്‍ വാങ്ങും.
കൗസല്യയുടെ ആങ്ങളമാരാണ് മാധവനും സുപ്രനും വിദ്യാനന്ദനും ഫല്‍ഗുവും. ഇവരെകൊണ്ട് കുടുംബത്തിനൊരു ഗുണവും കിട്ടിയിരുന്നില്ല. അയ്യപ്പന്‍കുട്ടിയുടെ അവിടത്തെ താമസവും ഭരണവും അളിയന്മാര്‍ക്ക് ഒട്ടും പിടിച്ചിരുന്നില്ല. വള്ളക്കാരില്‍ നിന്ന് കിട്ടാത്ത സാധങ്ങള്‍ പുറത്തു നിന്ന് വാങ്ങാന്‍ പോയിരുന്നത് മാധവനായിരുന്നു. നൂറു രൂപയുടെ സാധങ്ങള്‍ വാങ്ങിയാല്‍ 10 രൂപ മാധവന്‍ എടുക്കും. മാധവന്‍ വാങ്ങുന്ന സാധങ്ങള്‍ക്കു മാത്രം പുറത്തുള്ളതിനേക്കാള്‍ കൂടുതല്‍ വിലക്ക് വില്‍ക്കേണ്ടി വരുന്നത് ഒരു അപാകതയായി അയ്യപ്പന്‍കുട്ടിക്കു തോന്നി. രഹസ്യമായ അന്വേഷണത്തിലൂടെ മാധവന്‍ നടത്തി വന്നിരുന്ന കളവ് കണ്ടുപിടിച്ചു. സ്വന്തം മുതല്‍ കക്കുന്നതിലുള്ള അനൗചിത്യം അയ്യപ്പന്‍കുട്ടി ചൂണ്ടിക്കാണിച്ചത് മാധവന് ഇഷ്ടപ്പെട്ടില്ല. മറ്റ് അളിയമാരും സ്ഥിരമായി നടത്തുന്ന തട്ടിപ്പുകള്‍ അയ്യപ്പന്‍കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടു .
ചെറുപ്പക്കാരായ അളിയന്മാരുടെ ആവശ്യങ്ങള്‍ക്ക് പണം വേണമെന്ന അഭിപ്രായം അയ്യപ്പന്‍കുട്ടിക്കുണ്ട്. അത് എല്ലാമാസവും ഒരു നിശ്ചിത തുകയായി അവര്‍ക്കു കൊടുക്കണം. അയ്യപ്പന്‍കുട്ടിയുടെ അഭിപ്രായം നാണുക്കുട്ടനും കുഞ്ഞുപെണ്ണിനും സ്വീകാര്യമയിരുന്നില്ല. പക്ഷെ അയ്യപ്പന്‍കുട്ടിയുടെ ശക്തമായ അഭിപ്രായം അവര്‍ക്ക് നിരാകരിക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ പ്രതിമാസം പത്ത് രൂപ വീതം നാല് അളിയന്മാര്‍ക്കും കൊടുക്കാന്‍ തീരുമാനമായി .പക്ഷെ അളിയന്മാര്‍ക്ക് അയ്യപ്പനോടുള്ള അമര്‍ഷം വൈരാഗ്യമായി വളരുകയാണുണ്ടായത്.
മാസത്തില്‍ നാല് പ്രാവശ്യം പുറത്തു നിന്ന് സാധങ്ങള്‍ വാങ്ങുമ്പോള്‍ കേവലം പത്തു രൂപ ! പത്തു രൂപ കൊണ്ട് ഒരു ദിവസം വാസവദത്തച്ചേച്ചിയുടെ അടുത്തു പോകാന്‍ പോലും കഴിയില്ല.
അളിയന്മാര്‍ സംഘടിച്ചു. എല്ലാ മാസവും പത്താം തീയതിക്കുള്ളിലാണ് പത്ത് രൂപ കൊടുക്കേണ്ടത്. അത് അവര്‍ മുന്‍ കൂറായി പറ്റിക്കഴിഞ്ഞിരുന്നു. എങ്കിലും കടയില്‍ അച്ഛനും അമ്മയുമില്ലാത്ത സന്ദര്‍ഭം നോക്കി അവര്‍ നാലു പേരും അയ്യപ്പന്‍കുട്ടിയുടെ അടുത്ത് എത്തി. എല്ലാവര്‍ക്കും 25 രൂപ വീതം മുന്‍കൂര്‍ പറ്റു വേണം.
പറഞ്ഞിട്ടുള്ളതില്‍ നിന്ന് വ്യത്യസ്ഥമായി ചെയ്യാന്‍ അയ്യപ്പന്‍കുട്ടിക്ക് നിര്‍വാഹമില്ല.
‘’ എന്നോട് എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ പത്ത് രൂപ വീതം തരാനാണ് പറഞ്ഞിട്ടുള്ളത് അത് നിങ്ങള്‍ നേരത്തേ വാങ്ങി ഇനി വേണമെങ്കില്‍ അച്ഛനോ അമ്മയോ പറയണം ‘’
‘’ ഇതു ഞങ്ങളുടെ മൊതലാ അധികാരം കാണിച്ച് ഞങ്ങളെ ഭരിക്കാന്‍ വരണ്ട’‘
‘’ എനിക്ക് ഭരിക്കേണ്ട. പക്ഷെ എന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ എനിക്ക് ഭംഗിയായി ചെയ്യണം”
‘’ ചെയ്യണ കാര്യങ്ങള്‍ ഞങ്ങള്‍ അറിയണുണ്ട്. അളിയനും ചേച്ചിക്കും കൂടി കറങ്ങാന്‍ എവിടുന്നാ കാശ് ഒക്കെ ഇവിടന്നു കക്കണതല്ലേ?’‘
‘ കക്കണത്’ എന്ന പ്രയോഗം അയ്യപ്പന്‍കുട്ടിയുടെ മനസിനെ വല്ലാതെ പൊള്ളിച്ചു.
‘’ കക്കുന്നതോ? ഞാനോ? ദേ, ദൈവദോഷം പറയരുത് ‘’
‘’ മിണ്ടാതെ അവിടെയിരുന്നോ ഇല്ലെങ്കി അളിയനാണെന്നൊന്നും ഞങ്ങള്‍ നോക്കില്ല’‘
ഇതു പറഞ്ഞതും മാധവന്‍ പെട്ടിയില്‍ നിന്ന് കുറെ നോട്ടുകള്‍ വാരിയെടുത്തതും ഒപ്പമായിരുന്നു.
‘’ എടുക്കരുത് ..അത് എടുക്കരുത്..’‘ എന്നു പറഞ്ഞുകൊണ്ട് അയ്യപ്പന്‍കുട്ടി അവരെ തടയാന്‍ നോക്കി.
നാലുപേരും കൂടി അയ്യപ്പന്‍കുട്ടിയെ ഒരു തള്ളുകൊടുത്തു. അയാള്‍ താഴേക്ക് തലയടിച്ചു വീണു. എങ്കിലും ചാടിയെഴുന്നേറ്റു. തലയുടെ പുറകില്‍ അല്‍പ്പം മുറിഞ്ഞ് ചോര വരുന്നുണ്ടായിരുന്നു. അളിയന്മാര്‍ നാലുപേരും പുറത്തേക്കു ചാടി. പോകുന്ന പോക്കില്‍ കയ്യില്‍ കിട്ടിയ ഒരു വടിയെടുത്ത് ഫല്‍ഗു അയ്യപ്പന്‍ കുട്ടിക്ക് ഒരടിയും കൊടുത്തു.
ബഹളം കേട്ട് നാണുക്കുട്ടനും കുഞ്ഞുപെണ്ണും ഓടി വന്നു. അപ്പോഴേക്കും നാലുപേരും സ്ഥലം വിട്ടിരുന്നു. ചോര ഒലിപ്പിച്ചു നില്‍ക്കുന്ന അയ്യപ്പന്‍കുട്ടിയെ കണ്ടപ്പോള്‍ കൗസല്യ വാവിട്ടു കരഞ്ഞു. കുഞ്ഞുപെണ്ണും നാണുക്കുട്ടനും സ്തംഭിച്ചു പോയി. നാണുക്കുട്ടന്‍ കുറച്ച് ചായപ്പൊടി എടുത്ത് അയ്യപ്പന്‍കുട്ടിയുടെ മുറിവില്‍ വച്ചു കെട്ടി.
എല്ലാവരു ഈ സംഭവം മൂടി വയ്ക്കുവാന്‍ ശ്രമിച്ചു. കുടുംബത്തിന്റെ മാനകേടായിട്ടാണ് ആണ്മക്കള്‍ വളരുന്നതെന്ന് നാണുക്കുട്ടന്‍ തിരിച്ചറിഞ്ഞു.
അയ്യപ്പന്‍കുട്ടി പിന്നെ കടയില്‍ പോയില്ല. വീട്ടിലെ തങ്ങളുടെ മുറിയില്‍ കഴിച്ചു കൂട്ടി.
ഒരു ദിവസം നാരായണന്‍ അമ്പലനടയില്‍ നില്‍ക്കുമ്പോള്‍ നാല് അളിയന്മാരു കൂടി പോകുന്നതു കണ്ടു നാരായണന്‍ അവരെ കൈകാട്ടി വിളിച്ചു.
പേടിയോടെയാണ് നാലുപേരും നിന്നത്. നാരായണന്റെ ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ അവര്‍ക്ക് അല്‍പ്പം ആശ്വാസം തോന്നി. വീട്ടുകാര്യങ്ങളും കച്ചവടക്കാര്യവുമെല്ലാം സംസാരിച്ച് അവര്‍ തൈക്കാടം പള്ളി ഇടവഴിയിലെത്തി. ഈ ഇടവഴിമുതല്‍ കോഴിക്കല്‍ അമ്പലം വരെ തികച്ചും വിജനമായിരിക്കും. ഈ പരിസരത്ത് ഭൂതപ്രേതാദികള്‍ വാഴുന്നെന്നാണ് വിശ്വാസം. കുട്ടികള്‍ ഇവിടെ ഒറ്റെക്കെത്തിയാല്‍ ഒരൊറ്റ ഓട്ടമായിരിക്കും.
നാരായണന്‍ പറഞ്ഞു.
‘’ നമുക്ക് ഇവിടെ നിന്ന് അല്‍പ്പം സംസാരിച്ചിട്ടു പോകാം’‘
‘’ അയ്യോ വേണ്ട നമുക്ക് കോഴിക്കലമ്പലം കഴിഞ്ഞിട്ടു നില്‍ക്കാം’‘
‘’ അതു വേണ്ടന്നേ നിങ്ങള്‍ക്ക് ആരെയെങ്കിലും പേടിയുണ്ടോ?’‘
‘’ ഇല്ല’‘
‘’ അല്ല ധൈര്യത്തിന് ഒരു വടി കയ്യിലിരിക്കട്ടെ’‘ നാരായണന്‍ വേലിക്കരികില്‍ നിന്ന് ഒരു പത്തല്‍ ഊരിയെടുത്ത് ഇലയും കാമ്പും കളഞ്ഞ് നല്ല മിനുസമുള്ള വടിയാക്കി മാറ്റി.
‘’ നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ടായിരുന്നു’‘
‘’ എന്താ?’‘
അളിയന്മാര്‍ സംശയത്തോടെ ചോദിച്ചു.
‘’ നിങ്ങള്‍ എന്റെ അനിയനെ തല്ലിയെന്നു കേട്ടു’‘
” ആരു പറഞ്ഞു?”
‘’ ആരെങ്കിലുമാകട്ടെ സത്യം പറയണം’‘
‘’ ഇല്ല തല്ലിയില്ല ‘’ മാധവന്‍ പറഞ്ഞു.
‘’ ഫാ, നായേ! .. കളവു പറയുന്നോ?’‘
ഇങ്ങനെ പറഞ്ഞതും നാരായണന്‍ വടികൊണ്ട് മാധവന്റെ ചന്തിക്കിട്ട് ഒന്നു കൊടുത്തതും ഒപ്പമായിരുന്നു. പ്രതീക്ഷിക്കാത്ത പ്രഹരം കണ്ട് ബാക്കി മൂന്നു പേരും ഓടി. ഓട്ടത്തിനിടയില്‍ ഫല്‍ഗു കല്ലില്‍ തട്ടി താഴെ വീണു.
നാരായണന്‍ മാധവനെ വിട്ട് ഓടിച്ചെന്ന് ഫല്‍ഗുവിനെ പിടിച്ചു ‘’ പടാ…പടാ’‘ എന്ന് നാലെണ്ണം വച്ചു കൊടുത്തു.
വിവരമറിഞ്ഞപ്പോള്‍ നാണുക്കുട്ടന്‍ കുഞ്ഞുപെണ്ണിനോടു പറഞ്ഞു ‘’ കണക്കായിപ്പോയി ഇത് ഞാന്‍ ചെയ്യേണ്ടതായിരുന്നു’‘
നാരായണനു വേണ്ടി കാണാനും കേള്‍ക്കാനും നാട്ടിലെമ്പാടും ആളുകള്‍ ഉണ്ടായിരുന്നു. നാരായണന്‍ ജനങ്ങളുടെ അംഗീകാരമുള്ള നേതാവായിരുന്നു. സമൂഹത്തിന് യോജിക്കാത്തതും തിന്മയുടേതുമായ എന്തു കാര്യത്തിലും നാരായണന്‍ പ്രതികരിക്കും. വിയോജിപ്പുള്ളവരെപ്പോലും എളുപ്പം കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ നാരായണന് പ്രത്യേക കഴിവായിരുന്നു.
ആയിടക്ക് പൊതുവഴിയില്‍ വരുന്ന പുലയര്‍, ഉള്ളാടര്‍, തുടങ്ങിയവരെ കാരണമില്ലാതെ മര്‍ദ്ദിക്കുമായിരുന്നു.. എണ്ണത്തില്‍ കുറവുള്ള ഈഴവ സമുദായക്കാര്‍ക്കും തീണ്ടല്‍ തൊടീല്‍ ബാധകമാണെങ്കിലും അവരില്‍ ചിലര്‍ ഈ മര്‍ദ്ദനത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നു . ദാസന്‍, വേലായുധന്‍, ദാമോദരന്‍ എന്നീ മൂന്നു പേരായിരുന്നു ഇതില്‍ പ്രധാനികള്‍.
ഒരു ദിവസം ക്ഷേത്രത്തിനു സമീപം വേലായുധനും ദാസനും നില്‍ക്കുമ്പോഴാണ് ഒരു പുലയചെറുക്കന്‍ മുമ്പില്‍ വന്നു പെട്ടത്. ഇരുവരും ചെറുക്കന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അതൊടെ പുലയച്ചെറുക്കന്‍ മുള്ളിപ്പോയി.
‘’ നിനക്കെന്താടാ ഇവിടെ കാര്യം?’‘
പുലയചെറുക്കന്‍ കരയാന്‍ തുടങ്ങി.
ദാസനും വേലായുധനും മത്സരിച്ചെന്നവണ്ണം അവനെ തല്ലി. ആരും എതിര്‍ക്കാനുണ്ടായില്ല. തല്ലുകൊണ്ട് ചോര ഒലിപ്പിച്ച് പുലയച്ചെറുക്കന്‍ അവിടെ വീണു. അപ്പോഴും അവന്റെ കയ്യില്‍ അമ്മക്കു കൊടുക്കാനുള്ള കഷായപ്പൊതിയുണ്ടായിരുന്നു.
അല്‍പ്പം കഴിഞ്ഞപ്പോഴാണ് നാരായണന്‍ ആ വഴി വന്നത്. അതുവരെ ചെറുക്കന്‍ വഴിയില്‍ തന്നെ കിടക്കുകയായിരുന്നു. നാരായണന്‍ അവനെ കോരിയെടുത്തു. എന്നിട്ട് അടുത്തുള്ള വൈദ്യരുടെ അടുത്തു കൊണ്ടു പോയി മരുന്നു വച്ചുകൊടുത്തു. പിന്നെ, അവനെ വീട്ടിലെത്തിച്ചു.
വിവരമറിഞ്ഞ് നാരായണന്റെ കൂട്ടുകാരും പുരോഗമന വാദികളുമായ ഏതാനും ചെറുപ്പക്കാര്‍ അവിടെ എത്തിച്ചേര്‍ന്നു. അവരിങ്ങനെ നില്‍ക്കുമ്പോളാണ് ദാസനും വേലായുധനും ദാമോദരനും എത്തിച്ചേര്‍ന്നത്. പുലയച്ചെറുക്കനെ തല്ലിയാല്‍ ഈഴവര്‍ക്ക് സന്തോഷമാകുമെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് ചെറുപ്പക്കാരെ കണ്ടപ്പോള്‍ ഒഴിഞ്ഞു മാറാന്‍ നോക്കിയില്ല.
നാരായണന്‍ നേരെ മര്‍ദ്ദകരുടെ അടുത്തു ചെന്നു.
‘’ ആരാ പയ്യനെ തല്ലിയത്?’‘
‘’ ഞാനാ…’‘
തല്ലില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും ദാമോദരനാണ് അങ്ങിനെ പറഞ്ഞത്.
നാരായണന്‍ കൈവീശി ദാമോദരന്റെ ചെകിട്ടത്ത് അടിച്ചു.
അറിയപ്പെടുന്ന റൗഡിയായിരുന്നെങ്കിലും ആ തല്ലിന്റെ ആഘാതം ദാമോദരന് താങ്ങാനായില്ല. അയാള്‍ താഴെ വീണു. അപ്പോഴേക്കും മറ്റു ചെറുപ്പക്കാരും മര്‍ദ്ദകര്‍ക്കു നേരെ പാഞ്ഞടുത്തു.
അടികൊണ്ട് ‘’ അമ്മേ ….’‘ എന്ന് മൂന്നുപേരും നിലവിളിച്ചു പോയി.
ഒരാഴ്ചത്തേക്ക് മൂന്നു പേര്‍ക്കും കിടക്കപ്പായയില്‍ നിന്നും എണിക്കാന്‍ കഴിഞ്ഞില്ല. അവരെ കാണാന്‍ എത്തിയവരോട് സങ്കടം പറഞ്ഞു.
‘’ പെലേമ്മാരെ ചോമ്മാരു തല്ലിയാ, ചോമ്മാരെന്തിനാ ചോദിക്കാന്‍ വരണെ? എനിക്കു തോന്നണത് ഇവമ്മാര്‍ പെലേമ്മാരുടെ മക്കളാണെന്നാ..’‘
‘’ ഇതിങ്ങനെ വിട്ടാ പറ്റില്ല. ചോമ്മാരുടെ ശക്തി ഒന്നു കാണിച്ചു കൊടുക്കണം’‘
‘’ വേണം’‘
‘’ ആ നാരായണന്റെ കയ്യും കാലും ഒടിക്കണം’‘
‘’ ശരിയാ’‘
എല്ലാവരും അങ്ങിനെ അഭിപ്രായപ്പെട്ടെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ആരും ഉണ്ടായില്ല. അതോടെ പുലയരെ തല്ലുന്ന കാര്യം അവസാനിച്ചു.
അയ്യപ്പന്‍ കുട്ടിയുടെ ജീവിതത്തില്‍ ഒരു ദുര്‍ഘടസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്ന് നാരായണന്‍ തിരിച്ചറിഞ്ഞു. ഭാര്യ വീട്ടില്‍ അളിയന്മാരുടെ തല്ലുകൊണ്ട് ഒരു ജോലിയും ചെയ്യാതെ കഴിഞ്ഞു കൂടുക ഇതിന് പരിഹാരമുണ്ടാക്കേണ്ട ചുമതല ജേഷ്ഠനെന്ന നിലക്ക് തനിക്കുണ്ട്.
കൊച്ചിക്കാരായ ഗൗഢസാരസ്വത ബ്രാഹ്മണന്‍മാരുടെ കൈവശമാണ് ചെറായിയിലെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും ഇരിക്കുന്നത്. അതില്‍ പുരോഗമന കാഴ്ചപ്പാടുള്ള ഒരു പ്രൊഫസര്‍ ഉണ്ട്. നാരായണന്‍ കൊച്ചിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി.
തിരുമല ദേവസ്വം ക്ഷേത്രത്തിന്റെ സമീപത്തായി വിസൃതമായ ഒരു വളപ്പിലാണ് വീട്. പെരുമാറുന്ന ഭാഗമൊഴിച്ച് മറ്റെല്ലായിടവും കാടു പിടിച്ചു കിടക്കുന്നു. താഴ്ന്ന ജാതിക്കാരനായ തന്നോട് പ്രഫസര്‍ എങ്ങിനെ പെരുമാറുമെന്നു നാരായണന് ആശങ്കയുണ്ടായിരുന്നു.
മുറ്റത്തു നിന്ന് നാരായണന്‍ മുരടനക്കി.
‘’ ആരാ’‘
അകത്തുനിന്നുള്ള ചോദ്യം.
‘’ അല്‍പ്പം അകലെ നിന്നുമാണ്’‘
‘’ അകത്തേക്കുവാ..’‘
നാരായണന്‍ അകത്തു കയറിയില്ല. ഉയര്‍ന്ന ജാതിക്കാരനായ ഒരാളുടെ വീടിനകത്തേക്ക് ഒരു താഴ്ന്ന ജാതിക്കാരന്‍ എങ്ങിനെ കടന്നു ചെല്ലും?
‘’ പറഞ്ഞതു കേട്ടില്ലേ? അകത്തേക്കു വരു..’‘
‘’ താഴ്ന്ന ജാതിക്കാരനാ…’‘
‘’ എന്താ ജാതി ?’‘
‘’ ഈഴവന്‍’‘
‘’ സ്ത്രീയെന്നും പുരുഷനെന്നും രണ്ടു ജാതിയേ ഉള്ളു എന്നാണ് ഇയാള്‍ പ്രസംഗിക്കാറുള്ളത്. സ്വന്തം കാര്യത്തില്‍ വന്നപ്പോള്‍ താഴ്ന്ന ജാതിന്നും മേല്‍ ജാതിന്നും മാറ്റം വന്നോ?’‘
നാരായണന്‍ അത്ഭുത സ്തബ്ധനായിപ്പോയി. തന്റെ പ്രസംഗത്തെ കുറിച്ച് ഇദ്ദേഹം എങ്ങിനെ മനസിലാക്കി ?
പ്രഫസര്‍ പുറത്തേക്കു വന്നു . തികച്ചും ലളിതമായ വേഷം. മുഖത്തെ സൗമ്യമായ ചിരിയും വിനയവും കൊണ്ട് നാരായണന്‍ വശീകരിക്കപ്പെട്ടു പോയി.
‘’ വാ നമുക്കകത്തിരുന്നു സംസാരിക്കാം’ ‘ രണ്ടുപേരും അകത്തേക്കു കയറി.
അദ്ദേഹത്തിന്റെ ഒപ്പമിരിക്കാന്‍ നാരായണന്‍ മടിച്ചു.
‘’ ഇരിക്ക്… ഇരിക്ക് …’‘
നാരായണന്‍ അര്‍ദ്ധാസനത്തിലാണ് ഇരുന്നത് കയ്യില്‍ കരുതിയിരുന്ന ‘ പ്ലെയേഴ്സ്’ സിഗരറ്റിന്റെ പൊതി പ്രൊഫസറുടെ അടുത്തേക്കു നീട്ടി.
‘’ എന്തായിത്?’‘
‘’ സിഗരറ്റാണ് പ്ലെയേഴ്സ്’‘
‘’ ഓ, വെരിഗുഡ് എന്റെയൊരു വീക്നെസ്സാണ് സിഗരറ്റ്. ഇത് ചെറായിലൊക്കെ അറിയാമല്ലേ?’‘
പ്രൊഫസര്‍ അപ്പോള്‍ തന്നെ ഒരു സിഗരറ്റിനു തീ കൊളുത്തി. എന്നിട്ട് വട്ടത്തില്‍ പുക വിട്ട് ആസ്വദിച്ചു.
‘’ പിന്നെ എന്താണ് വിശേഷം? നാട്ടില്‍ ക്ഷേത്രപ്രവശനത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടല്ലോ?’‘
‘’ ഉവ്വ്’‘
‘’ എല്ലാം ഞാനിവിടെയിരുന്നു അറിയുന്നുണ്ട്. നടക്കുന്ന കാര്യങ്ങള്‍ അതേ പോലെ എനിക്കെത്തിച്ചു കിട്ടും’‘ നാരായണന്‍ മന്ദഹസിച്ചു.
‘’ ഇയാളുടെ പ്രസംഗത്തിന്റെ പോയിന്റ്സുകള്‍ ഞാന്‍ കേട്ടു. കൊള്ളാം, ഇടക്ക് സഹോദരനുമയി ബന്ധപ്പെടാറുണ്ട്, വെറുതെ. കഴിവുള്ള ആളുകളെ എപ്പോഴും മാനിക്കണമല്ലോ പിന്നെ, എന്താ വന്നത്?’‘
‘’ അനുജനൊരാളുണ്ട് അയ്യപ്പന്‍കുട്ടി ഇത്തിരി കഷ്ടത്തിലാ ഭാര്യവീട്ടിലാ നില്‍ക്കുന്നത്. സാറിന്റെ സ്ഥലത്ത് ഒരു കുടിലുകെട്ടാന്‍ അനുവദിക്കണം’‘
പ്രഫസറുടെ മുഖത്ത് ആലോചനാഭാവം നിഴലിച്ചു. പുറത്തേക്കു നോക്കി വിളിച്ചു.
‘’ മക്കൂ…’‘
പെട്ടന്ന് മക്കു മൂപ്പന്‍ പ്രത്യക്ഷപ്പെട്ടു.
‘’ അറെ മക്കു , അഗേനെ ബാവാക്ക് റബ്ബൂക്ക് ചെറായില് ഖെത്തേഗി അംകാ സ്ഥേലത്ത്? ‘’
‘’ ഹെത്തേയ് ദീം കാമുണ്‍ സംഗിലാപുറോ, അംഗാ ഔക്കാ സ്ഥേലസമു ‘’
‘’ ജെല്ലാരി ബോട്ടു ജെട്ടീലഗീ ധിം ചാക് ജെത്തന്‍വോ‘
‘’ ജെത്തേനേ’‘ (എടോ മക്കൂ. അയാളുടെ അനിയന് താമസിക്കാന്‍ ചെറായില് എവിടാ നമുക്ക് സ്ഥലമുള്ളത്? എവിടെ കൊടുക്കണമെന്ന് പറഞ്ഞാ മതി. എവിടേം നമുക്ക് സ്ഥലം ഉണ്ടല്ലോ. എങ്കില്‍ ബോട്ടുജെട്ടിക്ക് അടുത്തുതന്നെ കൊടുക്കാന്‍ പറ്റ്വോ? പറ്റും.)
‘’ ശരി എങ്കില്‍ നാരായണന്‍ നാളെത്തന്നെ അതിനുള്ള ഏര്‍പ്പാടു ചെയ്തോ’‘
ഒരു വലിയ സാമ്രാജ്യം വെട്ടിപ്പിടിച്ച പോരാളിയുടെ ഭാവത്തോടെയാണ് നാരായണന്‍ ‘’ ലോര്‍ഡ് ഹരി’‘ ബോട്ടില്‍ നാട്ടിലേക്കു തിരിച്ചത്.
Generated from archived content: kanni6.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ – അധ്യായം ഏഴ്
Click this button or press Ctrl+G to toggle between Malayalam and English