കണ്ണികള്‍ – അധ്യായം അഞ്ച്

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

കൗസല്യയുടെ പിടിവാശിക്കു മുമ്പില്‍ എല്ലാവരും മുട്ടുകുത്തി.

അയ്യപ്പന്‍കുട്ടി നിസ്സംഗനായി നിന്നതേയുള്ളു. പെണ്ണിനെ കൂട്ടിക്കൊണ്ടുപോകണമെന്ന് കൊച്ചുപെണ്ണ് നിര്‍ബന്ധിച്ചു. കുഞ്ഞുപെണ്ണ് ഏറെ നിസ്സഹായവസ്ഥയിലായി. ചേച്ചിയെ വിഷമിപ്പിക്കേണ്ടി വന്നതിലാണ് കുഞ്ഞുപെണ്ണിന് സങ്കടം.

‘’ ഇത് എവിടെയെങ്കിലും പറഞ്ഞു കേട്ടിട്ടുള്ളതാണോ ? കല്യാണം കഴിച്ച പെണ്ണിനെ കൊണ്ടു പോകാന്‍ വരുമ്പോള്‍ വരില്ലെന്നു പറയുന്നത് എവിടത്തെ ന്യായം? പുറത്തുള്ളവര്‍ പരിഹസിക്കില്ലേ? കല്യാണം വേണ്ടെങ്കില്‍ ഇവള്‍ക്ക് ആദ്യമേ പറയാമായിരുന്നല്ലോ?’‘

കൊച്ചുപെണ്ണിന്റെ ന്യായവാദത്തിനു മുമ്പില്‍ ആര്‍ക്കും മറുപടിയില്ലായിരുന്നു.

വിവരം അറിഞ്ഞ് കണ്ണൂവും ചില നാട്ടുപ്രമാണികളും എത്തിയതോടെ രംഗം സംഘര്‍ഷത്തിന്റേതായി മാറി. ആളുകളുടെ മുമ്പില്‍ നാണക്കേടു കൊണ്ട് നാണുക്കുട്ടന്റെ ശിരസ്സു താണു. ഇന്നുവരെ മകളെ നുള്ളി നോവിച്ചിട്ടില്ല. ഇപ്പോള്‍ വിവാഹിതയായ മകളെ ഭര്‍ത്താവിന്റെ മുമ്പില്‍ വച്ച് തല്ലേണ്ട ഘട്ടത്തിലെത്തിയിരിക്കുന്നു.

വാദപ്രതിവാദങ്ങള്‍ മൂത്തപ്പോള്‍ അതില്‍ ഇടപെടേണ്ട ബാധ്യത അമ്മാവനായ കുട്ടിശ്ശങ്കരനു വന്നു.

കുട്ടിശ്ശങ്കരന്‍ മരുമകളെ സ്നേഹത്തോടെ വിളിച്ചു.

‘’ കൗസ്സൂ…’‘

അമ്മാവന്റെ മുഖത്തു നോക്കാന്‍ ധൈര്യമില്ലാതെ കൗസു തലതാഴ്ത്തി നിന്നു.

‘’ നിന്റെ കല്യണം കഴിഞ്ഞു കല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടിലാണ് കഴിയേണ്ടത്’‘

‘’ അതെനിക്കറിയാം പക്ഷെ ഭര്‍ത്താവിന് വീടില്ലല്ലോ’‘

കുട്ടിശ്ശങ്കരന് ഉത്തരം മുട്ടി. അയാളുടെ മനസ്സിലും ചില ചിന്താകുഴപ്പങ്ങള്‍ തലപൊക്കി. കൊച്ചുപെണ്ണും കുഞ്ഞുപെണ്ണും തന്റെ സഹോദരിമാരാണ്. രണ്ടു പേരോടും നീതി ചെയ്യാനുള്ള ഉത്തരവാദിത്വം തനിക്കുണ്ട്. മൂത്ത സഹോദരിയുടെ വീട്ടിലെ സ്ഥിതി മോശമാണെന്ന് കുട്ടിശ്ശങ്കരന് ബോധ്യമുള്ളതാണ്. കൗസല്യയെ അങ്ങോട്ടയക്കാതിരിക്കുന്നതാണ് നല്ലത്. അമ്മയുടെ അഭിപ്രായം കൂടി അന്വേഷിക്കാം. കുട്ടിശ്ശങ്കരന്റേയും കൊച്ചുപെണ്ണിന്റേയും അമ്മയാണ് ഇട്ടുണ്ണൂലി. ഇട്ടുണ്ണൂലിയുടെ മൂത്തമകള്‍ കൊച്ചുപെണ്ണ് രണ്ടാമത്തെ മകന്‍ കുട്ടിശ്ശങ്കരന്‍ ഇളയമകള്‍ കുഞ്ഞുപെണ്ണ്. മകന്റെ കൂടെ വൈക്കത്താണ് ഇട്ടുണ്ണൂലിയുടെ താമസം. ഇട്ടുണ്ണൂലിക്ക് ഒരു വലിയ ചരിത്രമുണ്ട് അവര്‍ ജനിച്ചത് എറണാകുളത്തായിരുന്നു ഇപ്പോള്‍ അവര്‍ താമസിച്ചിരുന്ന സ്ഥലത്ത് നോര്‍ത്ത് റയില്‍വേ സ്റ്റേഷനാണ്.

ഇട്ടുണ്ണൂലിയുടെ പതിനാറാമത്തെ വയസ്സിലാണ് ഇറ്റാമനുമായി കല്യാണം നടക്കുന്നത്. കല്യാണപ്പെണ്ണിനെ ആദ്യരാത്രിയില്‍ നാട്ടു പ്രമാണിയുടെ വീട്ടിലെത്തിക്കണം. അതുപ്രകാരം ഇട്ടുണ്ണൂലിയും പ്രമാണിയുടെ വീട്ടിലെത്തി. ആ രാത്രി ഉച്ചത്തിലുള്ള ഒരു അലര്‍ച്ച കേട്ടാണ് എല്ലാവരും ഞെട്ടിയുണര്‍ന്നത്. വിളക്കു കത്തിച്ചു നോക്കുമ്പോള്‍ പ്രമാണിയുടെ മുണ്ടില്‍ മുഴുവന്‍ ചോര ! ചോര ഇറ്റു വീഴുന്ന കത്തിയുമായി പൈശാചികഭാവത്തില്‍ നില്‍ക്കുന്ന ഉണ്ണൂലി.

അന്നു പുലര്‍ച്ചെ തന്നെ ഇട്ടുണ്ണൂലിയും ഇറ്റാമനും വഞ്ചി കയറി സ്ഥലം വിട്ടു.

അതോടെ ആ നാട്ടില്‍ നില നിന്നിരുന്ന ഒരു ദുരാചാരം അവസാനിച്ചു.

ആരോടും തോല്‍ക്കാതെ മാനം പണയം വയ്ക്കാതെ ഇട്ടുണ്ണുലിയും ഇറ്റാമനും ജീവിതത്തെ നേരിട്ടു വിജയം നേടി.

ഇട്ടുണ്ണൂലി എന്തെങ്കിലും പറഞ്ഞാല്‍ അത് എല്ലാവരും അനുസരിക്കും.

കുട്ടിശ്ശങ്കരന്‍ അമ്മയോടു ചോദിച്ചു.

‘’ എന്താ വേണ്ടത് ? അമ്മ തന്നെ പറയ്…’‘

‘’ കൊച്ചുപെണ്ണിന്റെ വീട്ടില്‍ ഇവര്‍ക്ക് താമസിക്കാനുള്ള സൗകര്യമില്ല എന്ന് നമുക്ക് അറിയാമല്ലോ. ആ നിലക്ക് കൊച്ചുമോളു പറയുന്നതില്‍ കാര്യമുണ്ട് . പക്ഷെ , കെട്ടിയ പെണ്ണിനെ വിരുന്നു കൊണ്ടു പോകേണ്ട കടമ കൊച്ചുപെണ്ണിനും അവളെ പറഞ്ഞയക്കേണ്ട ചുമതല കുഞ്ഞുപെണ്ണിനും ഉണ്ട്. അതുകൊണ്ട് ഇപ്പോള്‍ കൗസല്യ കൊച്ചുപെണ്ണിന്റെ കൂടെ പോകട്ടെ. ഒരു ദിവസം താലികെട്ടിയ ചെറുക്കന്റെ താമസ്ഥലത്തു നിന്നിട്ട് പിറ്റെ ദിവസം അയ്യപ്പന്‍കുട്ടി പെണ്ണിനെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരണം’‘

ഇട്ടുണ്ണൂലിയുടെ തീരുമാനം എല്ലാവരും അംഗീകരിച്ചു. മുത്തിയമ്മയോട് മറിച്ചു പറയാന്‍ കഴിയാത്തതുകൊണ്ട് കൗസല്യയും അനുസരിച്ചു.

അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കു പോയി.

ആ ഒരു രാത്രി കഴിയുന്നതിനു വേണ്ടി മാത്രം നവദമ്പതികള്‍ക്കായി ഒരു മുറി പ്രത്യേകം ഒരുക്കി ആ മുറിയില്‍ അയ്യപ്പന്‍ കുട്ടിയും കൗസല്യയും മാത്രം.

വീര്‍ത്ത മുഖവുമാ‍യിട്ടാണ് അയ്യപ്പന്‍കുട്ടി കൗസല്യയെ എതിരേറ്റത്. എന്തൊരു ധിക്കാരമാണ് കൗസല്യ കാണിച്ചത്. അത്രയും ആളുകളുടെ മുമ്പില്‍ വച്ച് ഒരു പെണ്‍കുട്ടി ഇത്രക്കു തന്റേടം കാണിക്കാമോ? അവിടെ തന്റെ വിലയല്ലേ ഇടിഞ്ഞു പോയത്?

‘’ എന്താ മുഖത്തൊരു കനം?’‘

മുറിയിലേക്കു കയറിവന്ന കൗസല്യ അയ്യപ്പന്‍കുട്ടിയുടെ മുഖം ശ്രദ്ധിച്ചുകൊണ്ട് ചോദിച്ചു.

അയ്യപ്പന്‍കുട്ടി മറുപടി പറഞ്ഞില്ല.

‘’ പിണക്കത്തിലാണോ ? ദേ, എനിക്കും പിണങ്ങാനൊക്കെ അറിയാം , കേട്ടോ,’‘

കൗസല്യ അയ്യപ്പന്‍കുട്ടിയുടെ താടി പിടിച്ച് ഉയര്‍ത്തിക്കൊണ്ട് ആ കണ്ണുകളിലേക്കു നോക്കി. അയ്യപ്പന്‍ കുട്ടിക്ക് തീപടരുന്ന ആ നോട്ടം നേരിടാന്‍ കഴിഞ്ഞില്ല അയാള്‍ തല താഴ്ത്തി.

അയ്യപ്പന്‍കുട്ടി വെറും പാവമാണെന്ന് കൗസല്യ അടുത്തറിഞ്ഞു.

‘’ പിന്നെ ആണുങ്ങളായ കൊറൊച്ചൊക്കെ ധൈര്യം വേണം ‘’

‘’ എന്താ നീയെന്നെ ആണല്ലെന്നാണോ പറയണത്?’‘

‘’ ആണാണോ എങ്കിലത് കാണട്ടെ’‘

അയ്യപ്പന്‍കുട്ടി കൗസല്യയുടെ കരണം നോക്കി ഒന്നു പൊട്ടിച്ചു.

കൗസല്യക്കത് അപ്രതീക്ഷിതമായിരുന്നു. ഒരു നിമിഷം സ്തംഭിച്ചു പോയ കൗസല്യ പെട്ടന്ന് മന:സാന്നിധ്യം വീണ്ടെടുത്തു . എന്നിട്ട് പൊട്ടിച്ചിരിച്ചു.

അയ്യപ്പന്‍കുട്ടിക്ക് ഒന്നും മനസിലായില്ല . അയാള്‍ അവളെ തുറിച്ചു നോക്കി. അടിച്ചത് തെറ്റായീപ്പോയെന്ന് അയാള്‍ക്ക് കുറ്റബോധം തോന്നി. അയാള്‍ മെല്ലെ അവളുടെ കവിളില്‍ തലോടി. എന്നിട്ട് കൊച്ചു കുട്ടിയേപ്പോലെ കരഞ്ഞു.

‘’ ഞാന്‍ ഇങ്ങോട്ടു വരില്ലെന്നു പറഞ്ഞതു കൊണ്ടാണോ ഇത്ര ദേഷ്യം?’‘

‘’ ഊം’‘

‘’ ഞാന്‍ പറഞ്ഞതില്‍ എന്താ തെറ്റ് ? ഈ വീട് അയ്യപ്പന്‍ കുട്ടി ചേട്ടന്റെയോ ചേട്ടന്റെ അച്ഛന്റെയോ അല്ല. അമ്മയുടേയും അല്ല. ഇതിനൊരു തീരുമാനമുണ്ടാക്കാന്‍ വീട്ടില്‍ കാര്‍ന്നോന്മാര്‍ എല്ലാവരുമുള്ളപ്പോഴേ നടക്കു അതാ ഞാന്‍ അങ്ങനെ പറഞ്ഞത്. എനിക്കു വേണ്ടിയല്ല നമുക്കു വേണ്ടി … നമുക്കു ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാ ഞാന്‍ നിര്‍ബന്ധം പിടിച്ചത്’‘

സകല നിയന്ത്രണങ്ങളും വിട്ട് അയ്യപ്പന്‍ കുട്ടി പൊട്ടിക്കരഞ്ഞു പോയി. ഇപ്രാവശ്യം കൗസല്യക്കും കരായാതിരിക്കാന്‍ കഴിഞ്ഞില്ല.

അവര്‍ പരസ്പരം കെട്ടിപ്പിടിച്ചു ഒന്നായിട്ടും ഇനിയുമിനി ഒന്നാകാന്‍ ബാ‍ക്കിയുള്ളതുപോലെ തോന്നി ആലിംഗനത്തിന്റെ പരമകാഷ്ഠയില്‍ അവര്‍ പായിലേക്കു ചരിഞ്ഞു. പറയാന്‍ വാക്കുകളില്ലാതെ, സ്നേഹിച്ചു മതിവരാതെ വന്ന കാര്യങ്ങള്‍ അവര്‍ ശരീരം കൊണ്ടു പൂരിപ്പിച്ചു.

‘’ ആരുമില്ലാത്തവനാണു ഞാന്‍ പഠിച്ചിട്ടില്ല ഒന്നും അറിയാന്‍ പാടില്ല ഉപദേശിക്കാനും ആളുണ്ടായിരുന്നില്ല എന്നെ കൈവിടരുത്’‘

അയ്യപ്പന്‍ കുട്ടി കൗസല്യയുടെ കാതില്‍ ഒരു മന്ത്രം പോലെ ഉരുവിട്ടു.

‘’ എന്റെ പൊന്നേ എന്നും ഞാനുണ്ട് എന്നെ മറക്കരുത്’‘’

‘’ ഈ മനസ്സില്‍ല്‍ നീയുണ്ടാകും എന്നും…എന്നും…’‘

ആ രാത്രി ക്രമേണ വെളുത്തു വരുന്നത് അയ്യപ്പന്‍കുട്ടിയും കൗസല്യയും കണ്ടറിഞ്ഞു.

നേരം പുലര്‍ന്നിട്ട് അധികം നേരമായില്ല. അപ്പോള്‍ നാ‍ണുക്കുട്ടനും കുട്ടിശ്ശങ്കരനും കുഞ്ഞുപെണ്ണും കൂടി നവദമ്പതികളെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തി. കൗസല്യ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി വയ്ക്കുമോ കൊച്ചു പെണ്ണിന്റെ വീട്ടുകാര്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുമോ ? ഇത്തരം ചിന്തകള്‍ കൗസല്യയുടെ വീട്ടുകാരെയും ഉറക്കിയില്ല. അതാണ് കാലത്തേ തന്നെ അവള്‍ കൗസല്യയെ കൂട്ടിക്കൊണ്ടു വരാന്‍ എത്തിയത് നവദമ്പതികളെ കൊണ്ടു പോകുന്നതില്‍ ആര്‍ക്കും എതിര്‍പ്പു പ്രകടിപ്പിച്ചില്ല. അതിഥികള്‍ക്ക് പുട്ടും കടലയും പപ്പടവും വലിയ ചായയും കൊടുത്തു. സംതൃപ്തിയോടെയാണ് എല്ലാവരും മടങ്ങിയത്.

അല്‍പ്പദിവസങ്ങള്‍ക്കു ശേഷം കണ്ണുവിനെക്കാണാന്‍ നാണുക്കുട്ടന്‍ വീണ്ടും ചെന്നു.

അയാളുടെ കയ്യില്‍ അയ്യമ്പിള്ളിയിലെ 40 സെന്റ് ഭൂമി അയ്യപ്പന്‍കുട്ടിയുടെയും കൗസല്യയുടേയും പേരില്‍ ഇഷ്ടദാനമായി എഴുതി കൊടുത്ത പ്രമാണവുമുണ്ടായിരുന്നു. കല്യാണത്തിനു മുമ്പു തന്നെ നാണുക്കുട്ടന്‍ ഈ കാര്യത്തില്‍ തീരുമാനം എടുത്തിരുന്നു.

കയ്യില്‍ കിട്ടിയ ആധാരം ഒരു മന്ദസ്മിതത്തോടെ വാങ്ങി കണ്ണു പത്തായത്തില്‍ വച്ചു പൂട്ടി.

കൊച്ചുപെണ്ണ് ഒരു വലിയ ചായയും മൂട് അല്‍പ്പം ചീഞ്ഞ രണ്ട് പാളയന്‍ കോടന്‍ പഴവും നാണുക്കുട്ടനു കൊടുത്തു. കുഞ്ഞുപെണ്ണിന്റെയും അയ്യപ്പന്‍കുട്ടിയുടെയും വിശേഷങ്ങളും തിരക്കി. പക്ഷെ കൗസല്യയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടിയില്ല.

വീട്ടിലേക്കു മടങ്ങുമ്പോള്‍ നാണുക്കുട്ടന്റെ മനസ്സ് കാര്‍മേഘം കൊണ്ട് മൂടിയതു പോലെ ഇരുണ്ടു. ആധാരം കണ്ണുവിനെ ഏല്‍പ്പിച്ചത് അബദ്ധമായോ? തന്റെ മകള്‍ക്കും ഭര്‍ത്താവിനും കൂടി കൊടുക്കാനുള്ളത് അവരെത്തന്നെ ഏല്‍പ്പിച്ചാല്‍ പോരായിരുന്നോ? ഇനി, കണ്ണു വസ്തുവില്‍ എന്തെങ്കിലും തിരിമറി നടത്തുമോ?

ഉടനെ മറിച്ചുള്ള ചിന്തകളും നാണുക്കുട്ടനുണ്ടായി.

ഒരാളുടെ പേരില്‍ എഴുതിക്കൊടുത്ത വസ്തുവില്‍ മറ്റൊരാള്‍ക്ക് എന്തു തിരിമറി നടത്താന്‍ കഴിയും? ഈ നാട്ടില്‍ നിയമവും നീതി പാലകരും ഇല്ലേ? പിന്നെ അയ്യപ്പന്‍ കുട്ടിയുടെ കാരണവര്‍ കണ്ണു ആണല്ലോ അയ്യപ്പന്‍ കുട്ടിക്കു കൊടുക്കുന്നത് കാരണവര്‍ അറിയേണ്ടേ? ചിന്തയുടെ യുക്തികള്‍ക്കു മേല്‍ ഭീതിയുടെ ഉമിത്തീയും ചൊരിഞ്ഞിട്ട് നാണുക്കുട്ടന്‍ വീട്ടിലേക്കു മടങ്ങി.

സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനം ഇതിനിടയില്‍ നാട്ടില്‍ വമ്പിച്ച കോലാഹലങ്ങളാണ് ഉണ്ടാക്കിയത്. പന്തിഭോജനത്തില്‍ പങ്കെടുത്ത രായപ്പനും നാരായണനും ഈഴവപ്രമാണിമാരുടെ നോട്ടപ്പുള്ളികളായി. രായപ്പനെ അമ്മ വീട്ടു തടങ്കലിലാക്കിയതുപോലെ സൂക്ഷിച്ചു. നാരായണനെ സംഭന്ധിച്ചിടത്തോളം ആരും നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നില്ല. കല്യാണത്തോടെ അമ്മാവനും അമ്മായിയും കുടുംബാംഗങ്ങളും അകന്നു. അമ്മക്ക് വെറുതെ കരയാന്‍ മാത്രമറിയാം. അമ്മ മകനെ ഉപദേശിക്കാനോ നിയന്ത്രിക്കാനോ തുനിഞ്ഞില്ല. യുക്തിഭദ്രമായ നാരായണന്റെ വാക്കുകള്‍ക്കു മുന്നില്‍ കാര്‍ത്തുവിന് മറുവാക്കുകള്‍ ഉണ്ടായിരുന്നില്ല. ജാതിക്കും ആചാരങ്ങള്‍ക്കുമെതിരെ നാരായണഗുരുവും ഡോക്ടര്‍ പല്‍പ്പുവും കുമാരനാശാനും സഹോദരന്‍ അയ്യപ്പനുമൊക്കെ നടത്തിയ കാര്യങ്ങള്‍ മകന്‍ അമ്മയോടു പറയും. മകന് ഇതെല്ലാം എങ്ങനെ കിട്ടുന്നുവെന്ന് അമ്മ അത്ഭുതപ്പെട്ടു.

അനാചാരങ്ങള്‍ക്കെതിരെ പലപ്പോഴും ചെറിയ യോഗങ്ങള്‍ നടക്കാറുണ്ടായിരുന്നു. യോഗത്തിനു മുമ്പോ പിമ്പോ മഹാകവി കുമാരനാശാന്റെ കവിതകളുടെ ആലാപനം ഇഞ്ചക്കാടന്‍ നടത്തും. ചിലപ്പോള്‍ മനപ്പിള്ളി നാരായണനാശാനുമുണ്ടാകും.

ഇഞ്ചക്കാടന്‍ കുമാരന്‍, ആശാന്‍ കവിതകളുടെ ആലാപനത്തില്‍ ഒരു വലിയ ആശാന്‍ തന്നെയായിരുന്നു. വീണ പൂവും ചിന്താവിഷ്ടയായ സീതയും , ചണ്ഡാലഭിക്ഷുകിയും പ്രരോദനവും ലീലയും കരുണയും നളിനിയുമൊക്കെ ഇഞ്ചക്കാടനു മന:പാഠമായിരുന്നു. ‘’ ഹാ, പുഷ്പമേ ! അധികതുംഗപഥത്തിലെത്രെ… എന്നു നീട്ടിച്ചൊല്ലുമ്പോള്‍ സ്രോതാക്കള്‍ ശരിക്കും ആലാപനത്തില്‍ ലയിക്കുമായിരുന്നു. പക്ഷെ പട്ടിണി കൊണ്ടും പാമരന്‍മാരുടെ അവഗണന കൊണ്ടും അദ്ദേഹത്തിന്റെ പാണ്ഡിത്യന്‍ മന്ദിച്ചു കിടന്നു.

അയ്യപ്പന്‍കുട്ടിക്ക് കൗസല്യയുടെ വീട് ഒരു സ്വര്‍ഗ്ഗം പോലെ തോന്നി. ഇവിടെ ഓരോ കാര്യവും വിശേഷപ്പെട്ടതാണ്. എല്ലാ ദിവസവും ഏഴര വെളുപ്പിനു കൗസല്യ എണീക്കും. എണിറ്റാല്‍ ആദ്യം തന്നെ കുളിക്കും. യവ്വനം നെഞ്ചില്‍ കൂമ്പി വരുന്നതേയുള്ളുവെങ്കിലും റൌക്ക ധരിക്കും. കുറ്റിച്ചൂല്‍ കൊണ്ട് മുറ്റം മുഴുവന്‍ അടിച്ച് വീടിനു ചുറ്റും ചാണക വെള്ളം തളിക്കും. പച്ചീര്‍ക്കില്‍ ഭംഗിയായി കീറിയെടുത്ത് നാക്കുവടിക്കാന്‍ കൊടുക്കും. ആദ്യം ചായയും പുട്ടും കടലയും പപ്പടവും. ചിലപ്പോള്‍ വെള്ളയപ്പവും ഉരുളക്കിഴങ്ങും. ഇരട്ടപ്പഴമോ മുട്ട പുഴുങ്ങിയതോ വേറെയുമുണ്ടാകും. അല്‍പ്പം കഴിഞ്ഞാല്‍ കഞ്ഞി. എന്നും കുശാലായ ഭക്ഷണം.

കൗസല്യക്ക് കാഴ്ചകള്‍ കാണുന്നത് വലിയ ഇഷ്ടമാണ്. അയ്യപ്പന്‍കുട്ടിയോടു പറഞ്ഞാല്‍ ആ നിമിഷം അത് സാധിച്ചു കൊടുക്കാന്‍ തയ്യാറാ‍ണ്. ആദ്യരാത്രിയില്‍ ആവശ്യപ്പെട്ട നാരങ്ങാ മിഠായി വാങ്ങാന്‍‍ പറവൂര്‍ ചന്തയില്‍ പോയി. അക്കാലത്ത് നാട്ടില്‍ കൃഷ്ണന്‍ കുട്ടി ചേട്ടന്റെ പഞ്ചാരമിഠായിക്കായിരുന്നു പ്രചാരം. ഒരു കോലില്‍ ചുറ്റിയ ചുവന്ന മിഠായി പാട്ടുപാടിക്കൊണ്ട് കൃഷ്ണന്‍കുട്ടി ചേട്ടന്‍ കുട്ടികള്‍ക്ക് മുറിച്ചു കൊടുക്കും. മിഠായിക്ക് നിറം കിട്ടാന്‍ എപ്പോഴും സ്വന്തം തുപ്പല്‍ പുരട്ടും. പിന്നീടു വന്നതാണ് നാരങ്ങ മിഠായി.

പാലക്കാട്ടുകാരന്‍ ഗൗഡര്‍ വലിയവീട്ടില്‍ക്കുന്നു മൈതാനത്ത് നിശബ്ദ സിനിമാ പ്രദര്‍ശനം തുടങ്ങിയത് നാട്ടിലൊരു സംസാരമായി. മൂന്നു കാശാണ് നിരക്ക്. എടുത്തു നടക്കാവുന്ന കുട്ടികള്‍ക്ക് കാശില്ല. അയ്യപ്പന്‍ കുട്ടി കൗസല്യയെ സിനിമ കാണിക്കാന്‍ കൊണ്ടു പോയി. കൗസല്യയുടെ അയ്യപ്പന്‍കുട്ടിയോടുള്ള സ്നേഹം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കൗസല്യയുടെ സന്തോഷം അയ്യപ്പന്‍കുട്ടിയുടെയും സന്തോഷമായിരുന്നു.

ചെറായി സാമാന്യം വലിയ ഒരു പ്രദേശമാണ് വടക്കു ഭാഗത്തെ വാടയ്ക്കകം പൂക്കാര മൈതാനം മേത്തശ്ശേരിക്കുന്ന് എന്നി പേരുകളിലും തെക്കു ഭാഗത്തെ ഈട്ടുമ്മച്ചാല്‍ പാഞ്ചാലിപ്പറമ്പ് പൂതപ്പാണ്ടി കോലാത്ര ചക്കരക്കടവ് കൊക്കനാട്ടുകഴുവ എന്നീ പേരുകളിലുമാണ് അറിയപ്പെട്ടിരുന്നത് ഈ സ്ഥലങ്ങളെല്ലാം അയ്യപ്പന്‍കുട്ടി കൗസല്യയെ കൊണ്ടു പോയി കാണിച്ചു.

നാണുക്കുട്ടനോ കുഞ്ഞുപെണ്ണോ ഇവരുടെ കറക്കത്തെ തടഞ്ഞില്ല. ശരിക്കും പറഞ്ഞാല്‍ അവര്‍ കച്ചവടത്തിരക്കുകൊണ്ട് ഒന്നും അന്വേഷിക്കന്‍ കഴിഞ്ഞില്ല.

രാവിലെ കഞ്ഞിയും പയറും ചമ്മന്തിയും കഴിച്ചു കൊണ്ടിരിക്കെ കൗസല്യ കൊഞ്ചലോടെ ചോദിച്ചു.

‘’ ഇന്ന് നമുക്കൊരിടം വരെ പോകാം?’‘

‘’ എവിടെ?’‘

‘’ പോകാന്നു പറേ’‘

‘’ എവിടെ വേണോങ്കിലും പോകാം’‘

‘’ എന്നാലെ … നമുക്ക് പള്ളിപ്പുറം കോട്ടേ പോകാം?’‘

അയ്യപ്പന്‍കുട്ടി ശരിക്കും ഞെട്ടിപ്പോയി. എന്താ ഇവള്‍ പറയുന്നത് ? താനിതുവരെ ആ പ്രദേശത്തു പോയിട്ടില്ല. സാമൂഹ്യവിരുദ്ധര്‍ അവിടെ ധാരാളമുണ്ട്. പോരാത്തതിന് കോട്ട സംരക്ഷിക്കുന്നതിന് കാപ്പിരികളുമുണ്ടെത്രെ. പറങ്കികളുടെ നിധികാക്കാന്‍ ബലിയര്‍പ്പിക്കപ്പെട്ട പടയാളികളുടെ പ്രേതങ്ങളാണ് ഈ കാപ്പിരികള്‍. സ്ത്രീകളെ പിടിച്ചു കോണ്ടു പോയി അവര്‍ കോട്ടക്കുള്ളിലെ അറയില്‍ അട‍ക്കാറുണ്ടെത്രെ! എന്തു പറഞ്ഞിട്ടും കൗസല്യ വഴങ്ങിയില്ല. പള്ളിപ്പുറം കോട്ട കണ്ടിട്ടേ ഇനി പച്ചവെള്ളം പോലും കഴിക്കു. അവളുടെ നിര്‍ബന്ധത്തിനു മുമ്പില്‍ അയ്യപ്പന്‍കുട്ടിയുടെ തടസ്സവാദങ്ങള്‍ ഒലിച്ചു പോയി.

പോകുന്ന വഴിക്ക് അയ്യപ്പന്‍കുട്ടി കൗസല്യയോട് ഒന്നും സംസാരിച്ചില്ല. വരാന്‍ പോകുന്ന അപകടത്തെ കുറിച്ചുള്ള ചിന്ത അയ്യപ്പന്‍കുട്ടിയുടെ നാവിറക്കിക്കളഞ്ഞു.

കോട്ടയുടെ എല്ലാ വശവും അവര്‍ ചുറ്റി നടന്നു കണ്ടു. വട്ടത്തിലുള്ള കോട്ട. മുകളില്‍ മേലാപ്പില്ല ഭിത്തിക്ക് നല്ല വണ്ണം.

പെട്ടന്നാണ് ഒരു ഭീകരസത്വം പ്രത്യകഷപ്പെട്ടത്. ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു അയ്യപ്പന്‍ കുട്ടി അലറി നിലവിളിച്ചു.

‘’ അയ്യോ , കാപ്പിരി …’‘

അയ്യപ്പന്‍കുട്ടി കൗസല്യയുടെ കൈപിടിച്ചു കൊണ്ട് ഓടി മാറാന്‍ ശ്രമിച്ചു. അപ്പോള്‍ അവിടെ രണ്ടു പേര്‍ നില്‍ക്കുന്നു. അവര്‍ എതിര്‍ദിശയിലേക്ക് ഓടി. അവിടെയും ആളുകള്‍ നില്‍ക്കുന്നു. നിമിഷം കൊണ്ട് അവര്‍ പത്തുമുപ്പതു പേരുടെ ഒരു വലയത്തിലായി.

ഭീതികൊണ്ട് കൗസല്യ അയ്യപ്പന്‍കുട്ടിയെ വട്ടം കയറിപ്പിടിച്ചു. അയ്യപ്പന്‍ കുട്ടി ഒരു കൈകൊണ്ട് കൗസല്യയെ ഒതുക്കി നിറുത്തി മറു കൈ കൊണ്ട് ആളുകളുടെ നേരെ വീശി.

‘’അടുക്കരുത് ആരും അടുക്കരുത്…’‘

ചുറ്റും കൂടിനിന്നവര്‍ ഉച്ചത്തിലുച്ചത്തില്‍ ചിരിച്ചു കൗസല്യ ബോധം മറഞ്ഞ് താഴേക്കു വീണു.

Generated from archived content: kanni5.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here