കണ്ണികള്‍ – അധ്യായം നാല്

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

അയ്യപ്പന്‍കുട്ടി പെണ്ണുകാണാന്‍ എത്തിയപ്പോള്‍ കുഞ്ഞുപെണ്ണിനും നാണുക്കുട്ടനും കൂടുതല്‍ ഇഷ്ടമായി . കടയില്‍ നില്‍ക്കാനും എവിടെയെങ്കിലും ഓടിക്കാനും അയ്യപ്പന്‍കുട്ടിയാണ് ഏറ്റവും നല്ലത്. കൗസല്യക്കാണ് കൂടുതല്‍ സന്തോഷം തോന്നിയത് . അവള്‍ പലവട്ടം അയ്യപ്പന്‍കുട്ടിയെ കണ്ടിട്ടുണ്ട്. അയ്യപ്പന്‍കുട്ടി സുന്ദരനാണ്. തലയില്‍ കുടുമ വച്ചിട്ടുണ്ട്, കാതില്‍ ചുവന്ന കല്ലിന്റെ സ്വര്‍ണ്ണക്കടുക്കന്‍ ഇട്ടിട്ടുണ്ട്. ആരോടും എളുപ്പത്തില്‍ കൂടൂം. സ്വന്തമായൊരു അഭിപ്രായം ഇല്ലാത്തതുകൊണ്ടും ആരെന്തു പറഞ്ഞാലും അംഗീകരിക്കുന്നതു കൊണ്ടും എല്ലാവര്‍ക്കും ഇഷ്ടവുമാണ്.

ഉച്ചക്കുള്ള സദ്യയോടെ പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞു. ചടങ്ങില്‍ നാരായണന്‍ പങ്കെടുത്തില്ല. അതില്‍ കണ്ണുവിനും കൊച്ചുപെണ്ണിനും വലിയ ഈര്‍ഷ്യ തോന്നി . എങ്കിലും പുറത്തു കാണിച്ചില്ല. അവന്‍ എതിര്‍ത്താല്‍ കല്യാണം നടക്കില്ല. അതുവരെ പ്രശ്നമുണ്ടാക്കേണ്ടെന്ന് കണ്ണുവും കൊച്ചുപെണ്ണൂം തീരുമാനിച്ചു.

കല്യാണത്തോടെ കുഞ്ഞുപെണ്ണിന്റെ സ്വത്തില്‍ നിന്ന് ഒരു വിഹിതം തങ്ങളുടെ കയ്യിലേക്കുവരുമെന്ന് കൊച്ചുപെണ്ണ് മധുരക്കിനാവു കണ്ടു. കണ്ണുവിന്റെയുള്ളിലും ചില്ലറമോഹങ്ങള്‍ ഇല്ലാതിരുന്നില്ല നാണുക്കുട്ടന്റെ പേരില്‍ അയ്യമ്പിള്ളിയിലുള്ള നാ‍ല്‍പ്പത് സെന്റ് സ്ഥലമാണ് കണ്ണു ആഗ്രഹിച്ചത്.

എല്ലാവരും ചേര്‍ന്ന് കല്യാണതീയതി നിശ്ചയിച്ചു. അതിനു മുമ്പ് കല്യാണച്ചടങ്ങുകളായ ചെറുക്കന്‍ നിശ്ചയവും പെണ്ണുനിശ്ചയവും നടത്തണം. ഒരു ചടങ്ങും വേണ്ടെന്നു വയ്ക്കരുത്.

അയ്യപ്പന്‍കുട്ടിക്ക് ആത്മാര്‍ത്ഥതയുള്ള കൂട്ടുകാരന്‍ ഒരാളേയുള്ളൂ രായപ്പന്‍. കൗസല്യയെ അയ്യപ്പന്‍കുട്ടിക്ക് ഇഷ്ടമായെങ്കിലും കല്യാണം കഴിക്കണമെങ്കില്‍ രായപ്പന്റെ അഭിപ്രാ‍യം കൂടി അറിയണം. ഇനി അടുത്ത ചടങ്ങുകള്‍ നടക്കുന്നതിനു മുന്‍പ് അത് നടക്കണം അയ്യപ്പന്‍കുട്ടി മനസില്‍ കരുതി.

അയ്യപ്പന്‍കുട്ടിയുടെ കല്യാണക്കാര്യം കേട്ടപ്പോള്‍ രായപ്പന്‍ പൊട്ടിച്ചിരിച്ചു. ചിരിയുടെ കാരണമറിയാതെ അയ്യപ്പന്‍കുട്ടി കുഴങ്ങി. രായപ്പന് ചിരി നിര്‍ത്താനേ കഴിയുന്നില്ല.

‘’ എന്താ, വൈദര്യരു ചിരിക്കുന്നത് ?‘’

‘’ ഹ.. ഹ.. ഹ..’‘

‘’ കാര്യം പറ വൈദ്യരെ ..’‘

‘’ഹ..ഹ…ഹ..’‘

‘’ എന്നാല്‍ ഞാന്‍ പോണ്’‘

അയ്യപ്പന്‍കുട്ടി പരിഭവിച്ചു നടന്നു.

‘’എടാ നില്‍ക്ക്… നില്‍ക്ക് ‘’

രായപ്പന്‍ വിളിച്ചു. പക്ഷെ, അയ്യപ്പന്‍കുട്ടി നിന്നില്ല. രായപ്പന്‍ ഓടി അയ്യപ്പന്‍കുട്ടിയുടെ അടുത്തു ചെന്നു.

‘’ എടാ , നിന്നേ ഒരു കാര്യം പറയട്ടെ’‘

‘’ വൈദ്യര്‍ക്ക് കളിയാക്കാനല്ലേ?’‘

‘’ അല്ല കാര്യം പറയാനാ’‘

അയ്യപ്പന്‍കുട്ടി നിന്നു. എങ്കിലും രായപ്പന്റെ മുഖത്തേക്കു നോക്കിയില്ല.

‘’ എടാ , നിനക്കെത്ര വയസായി ?’‘

അയ്യപ്പന്‍കുട്ടി ആലോചിച്ചു എത്ര വയസായി? എത്ര വയസായെന്ന് ആരും ഇതുവരെ അയ്യപ്പന്‍കുട്ടിയോട് പറഞ്ഞിട്ടില്ല. ആദ്യമായിട്ടാണ് ഒരാള്‍ വയസ്സു ചോദിക്കുന്നത്.

‘’ ആവോ , എനിക്കറിയില്ല’‘

‘’ സ്വന്തം വയസ്സുപോലും അറിയാത്ത ആളാണോ കല്യാണം കഴിക്കാന്‍ പോകുന്നത്?’‘

‘’ കല്യാണം കഴിക്കുന്നതതിന് വയസ്സറിയുന്നതെന്തിന്?’‘

‘’ കല്യാണം കഴിക്കുന്ന സ്ത്രീക്കും പുരുഷനും പക്വതയുണ്ടാകണം. എങ്കിലേ ദാമ്പത്യ ജീവിതം വിജയിക്കു’‘

‘’ ദാമ്പത്യജീവിതം എന്നാ എന്താ?’‘

‘’ കല്യാണം കഴിഞ്ഞ് നീയും ഭാര്യയുമൊത്തുള്ള ജീവിതം. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കുട്ടികള്‍ വേണ്ടേ?’‘

‘’ വേണം’‘

‘’അവളെ നീ എവിടെ പാര്‍പ്പിക്കും ? നിനക്ക് സ്വന്തമായൊരു വീടുണ്ടോ?’‘

ആ ചോദ്യത്തിനു മുന്നില്‍ അയ്യപ്പന്‍കുട്ടി പതറി. തനിക്ക് സ്വന്തമായൊരു വീടില്ല എന്ന ബോധം അപ്പോഴാണ് അയ്യപ്പന്‍കുട്ടിയുടെ മനസില്‍ പതിഞ്ഞത് നിസ്സഹായനായ ഒരു മനുഷ്യനാണ് താനെന്ന് അവന്‍ സ്വയം അറിഞ്ഞു.

മനസില്‍ നിറയെ ഭാരവുമായാണ് അയ്യപ്പന്‍കുട്ടി രായപ്പന്റെ അടുത്തുനിന്ന് മടങ്ങിയത്.

അന്നു രാത്രി അയ്യപ്പന്‍കുട്ടി ഉറങ്ങിയില്ല. അത്താഴവും കഴിച്ചില്ല വയറിനു സുഖമില്ല എന്നു പറഞ്ഞ് അവന്‍ പായ വിരിച്ചു കിടന്നു. അതേ പായില്‍ക്കിടന്ന നാരായണനും ആ കൊച്ചുമുറിയില്‍ അന്തേവാസിയായ കാര്‍ത്തുവും അയ്യപ്പന്‍കുട്ടി ഉറങ്ങുന്നില്ലെന്നു മനസിലാക്കി.

തന്നേക്കാള്‍ മൂത്ത ചേട്ടന്‍ എന്തുകൊണ്ട് കല്യാണം കഴിക്കാതെ ഒഴിഞ്ഞു മാറി? ചേട്ടന്‍ നില്‍ക്കുമ്പോള്‍ അനിയന്‍ കല്യാണം കഴിക്കുന്നത് ഉചിതമാണോ? സമ്പന്നമായ വീട്ടില്‍ നിന്നു വരുന്ന കൗസല്യയുടെ തന്നോടുള്ള മനോഭാവം എന്തായിരിക്കും? അവളുടെ വീട്ടുകാരുടെ മനോഭാവം എന്തായിരിക്കും?

ഒരു വലിയ ചിന്താഭാണ്ഡവുമായാണ് അയ്യപ്പന്‍കുട്ടി ചെറുക്കന്‍ കാണല്‍ ചടങ്ങില്‍ നിന്നു കൊടുത്തത്. എല്ലാവരും പരിചയക്കാരോ ബന്ധുക്കളൊ ആയിരുന്നു. അതുകൊണ്ട് ഒരു വശത്തു നിന്നും ചോദ്യങ്ങള്‍ നേരിടേണ്ടി വന്നില്ല. ചെറുക്കന്‍ നിശ്ചയത്തിന് രായപ്പന്‍ ഉണ്ടായിരുന്നെങ്കിലും അവന്റെ മുന്‍പാകെ ഒരു ചോദ്യവും ഉന്നയിച്ചില്ല.

ചെറുക്കന്‍ നിശ്ചയം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ആയിരുന്നു പെണ്ണു നിശ്ചയം. പെണ്ണു നിശ്ചയത്തിന് ഒരു കല്യാണത്തിന്റെയത്ര തന്നെ ആളുകളുണ്ടായിരുന്നു. അന്ന് കൊച്ചുപെണ്ണിന്റേയും കുഞ്ഞുപെണ്ണിന്റേയും കച്ചവട സ്ഥാപനങ്ങള്‍ക്ക് മുടക്കമായിരുന്നു.

ജാതകം കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടി കൊച്ചു പെണ്ണിന്റേയും കുഞ്ഞുപെണ്ണിന്റേയും ആങ്ങള കുട്ടിശ്ശങ്കരന്‍ എത്തിയിരുന്നു. വൈക്കത്തെ എക്സെയ്സ് ഇന്‍സ്പെക്ടറായ കുട്ടിശ്ശങ്കരന്‍ സാറിനെ ആദ്യമായിട്ടാണ് നാട്ടുകാര്‍ കാണുന്നത്. പുരാണത്തിലെ ബകനേയോ ഘടോല്‍ക്കചനേയോ ഓര്‍മ്മപ്പെടുത്തുന്ന രൂപമായിരുന്നു കുട്ടിശ്ശരന്‍ സാറിന്റേത്. എല്ലാവരും കുട്ടിശ്ശങ്കരന്‍ സാറിനെക്കുറിച്ച് അടക്കം പറഞ്ഞു . എല്ലാം വീരകഥകള്‍ തന്നെ. കള്ള വാറ്റ് പിടിക്കാന്‍ പോകുന്നതും പ്രതികളെ തല്ലുന്നതുമൊക്കെ പറയുന്നതു കേട്ടപ്പോള്‍ അയ്യപ്പന്‍കുട്ടിയുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഭയം തോന്നി.

കുഞ്ഞു പെണ്ണ് മുറ്റത്തെ ഓലപ്പന്തലില്‍ ഒരു തഴപ്പായ വിരിച്ചു അതിന്റെ മധ്യത്തിലായി നിറപറയും നിലവിളക്കും ഒരുക്കി വച്ചു. ആളുകള്‍ ചുറ്റും കൂടി നിന്നു. ചെറുക്കന്റേയും പെണ്ണിന്റേയും അമ്മാവന്മാര്‍ അഭിമുഖമായി നിന്നു.

‘’ ജാതകം കൈമാറട്ടെ ‘’

ചെറുക്കന്റെ അമ്മാവന്‍ കണ്ണു മൂന്നു പ്രാവശ്യം വിളിച്ചു ചോദിച്ചു.

‘’ ജാതകം വാങ്ങട്ടെ’‘

പെണ്ണിന്റെ അമ്മാവന്‍ കുട്ടിശ്ശങ്കരന്‍ സമ്മതം ചോദിച്ചു.

‘’ വാങ്ങിച്ചോളു’‘

എല്ലാവരും സമ്മതം പറഞ്ഞു.

പിന്നെ നടന്നത് കല്യാണത്തിന്റെ നടത്തിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു.

എല്ലാ കാര്യങ്ങളും നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും നാട്ടുനടപ്പനുസരിച്ച് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിരുന്നു ചര്‍ച്ച.

പിന്നെ സദ്യ വിളമ്പി. തറയില്‍ പായ വിരിച്ച് അതില്‍ തൂശനിലയിട്ടായിരുന്നു സദ്യ.

സദ്യയുണ്ണാന്‍ അയ്യപ്പന്‍കുട്ടിയെ വിളിച്ചത് കുട്ടിശ്ശങ്കരന്‍ ആയിരുന്നു.

‘’ അയ്യപ്പാ…’‘

പ്രതികളെ നോക്കി ഗര്‍ജ്ജിക്കുന്ന മട്ടിലായിരുന്നു കുട്ടിശ്ശങ്കരന്‍ സാറിന്റെ വിളി.

അയ്യപ്പന്‍കുട്ടി പേടിച്ചു വിറച്ചു. എന്താണെന്നു മനസിലാകാതെ അയാള്‍ കുഴങ്ങി . ആനയുടെ മുമ്പില്‍ ആട് വന്നുപെട്ടതു പോലെ അയ്യപ്പന്‍കൂട്ടി കുട്ടിശ്ശങ്കരന്‍ സാറിന്റെ മുമ്പില്‍ നിന്നു.

‘’ എന്താ, സാറെ …’‘ എന്നു ചോദിക്കലും അയ്യപ്പന്‍കുട്ടിയുടെ കോടി മുണ്ട് നനഞ്ഞതും ഒപ്പമായിരുന്നു.

വിവരം അടുക്കളപ്പുറത്തെ പെണ്ണുങ്ങള്‍ വരെ അറിഞ്ഞു.

അവര്‍ അടക്കം പറഞ്ഞു ചിരിച്ചു.

തന്റെ അമ്മാവന്‍ ആളൊരു കേമനാണെന്നും ആളുകള്‍ ഭയഭകതി ബഹുമാനം കാണിക്കുന്ന വ്യക്തിയാണെന്നും ഓര്‍ത്ത് കൗസല്യക്ക് ഉള്ളില്‍ അഭിമാനവും അഹങ്കാരവും തോന്നി.

കൊച്ചുപെണ്ണിന്റെ വീട്ടില്‍ നിന്ന് പെണ്ണു വീട്ടിലേക്ക് കല്യാണ സംഘം രാവിലെ പുറപ്പെട്ടു. കല്യാണക്കാരുടെ മുമ്പില്‍ കോരുവാശാന്റെ നാദസ്വരവും ദാസന്‍ ചേട്ടന്റെ തകിലുമുണ്ടായിരുന്നു. ജെട്ടിയിയില്‍ കല്യാണക്കാരെ കടത്തിറക്കാന്‍ ഇഞ്ചക്കാടന്‍ കുമാരനും ഉണ്ടായിരുന്നു. കല്യാണം പോകുന്നതു കാണാന്‍ വഴി നീളെ ആളുകള്‍ കൂടി നിന്നിരുന്നു.

ക്ഷേത്രം ശാന്തിയായിരുന്നു വിവാ‍ഹ കാര്‍മ്മികന്‍. താലികെട്ടു കഴിഞ്ഞ് വധൂവരന്മാര്‍ പ്രദക്ഷിണം വയ്ക്കുമ്പോള്‍ അവര്‍ക്കു മുമ്പിലായി നാണിക്കറുപ്പത്തി സ്വര്‍ണ്ണനിറത്തിലുള്ള പന്തുകൊണ്ട് അമ്മാനമാടി വധൂവരന്മാര്‍ക്ക് മംഗളമാശംസിച്ചുകൊണ്ട് പാട്ടുപാ‍ടി താലികെട്ടു മുഹൂര്‍ത്തത്തില്‍ പുറത്ത് വെടിക്കെട്ടും കോരുവാശാന്റെ നാദസ്വര മേളവുമുണ്ടായി.

ഒരു വെള്ളോട്ടു കിണ്ടിയില്‍ വെള്ളമെടുത്ത് നാണുക്കുട്ടന്‍ ചെറുക്കന്റെ കാരണവരായ കണ്ണുവിനെ സദ്യക്കു ക്ഷണിച്ചു. പന്തലിനു വെലിയില്‍ എച്ചിലില വാങ്ങി മിച്ചമൂള്ള എച്ചില്‍ കഴിക്കാന്‍ പത്തോളം പാവപ്പെട്ടവരുണ്ടായിരുന്നു. ഇല കൊടുക്കാതെ വലിച്ചെറിയുന്ന ഇലയിലെ എച്ചില്‍ തിന്നാന്‍ പട്ടികള്‍ തമ്മില്‍ കടി പിടിയുണ്ടായി.

അയ്യപ്പന്‍കുട്ടിയുടെയും കൗസല്യയുടേയും കല്യാണം കെങ്കേമമായിരുന്നു . എന്നാല്‍ , അയ്യപ്പന്‍കുട്ടിക്ക് പലതുകൊണ്ടും അതൃപ്തി ആയിരുന്നു. ഒന്നാമത്തേത് മനസില്‍ ചാട്ടുളി പോലെ തറച്ച രായപ്പന്റെ ചോദ്യങ്ങള്‍. അതിന് മറുപടി കണ്ടെത്താന്‍ അയ്യപ്പന്‍കുട്ടിക്ക് കഴിഞ്ഞില്ല. വിവാഹം തന്നെ വേണ്ടന്നായിരുന്നു അയ്യപ്പന്‍കുട്ടിയുടെ മനസില്‍. എന്നാല്‍, വീട്ടുകാരെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം അയ്യപ്പന്‍ കുട്ടിക്ക് ഇല്ലായിരുന്നു. അമ്മാവനും അമ്മായിക്കും ഇഷ്ടപ്പെട്ട പെണ്ണിനെ കെട്ടാന്‍ പറയുമ്പോള്‍ പറ്റില്ലെന്നു പറഞ്ഞാലുള്ള സ്ഥിതി അയ്യപ്പന്‍കുട്ടിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നതായിരുന്നുന്നില്ല. ചേട്ടന്‍ പറ്റില്ലെന്നു പറഞ്ഞു താനും അങ്ങിനെ പറഞ്ഞാല്‍ പിന്നെ തനിക്കും അമ്മക്കും ചേട്ടനും ആ വീട്ടില്‍ സ്ഥാനമുണ്ടാകില്ല. അവിടെ നിന്ന് നിഷ്കാസിതനായാല്‍ എവിടെയാണ് മറ്റൊരു ആശ്രയം?

രണ്ടാമത്തെ കാര്യം രായപ്പന്‍ കല്യാണത്തിനു വന്നില്ല എന്നതാണ്. ആയിടക്കാണ് ചെറായിയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മിശ്രഭോജനം നടന്നത് . അക്കാലത്ത് ചെറായിയിലെ ഈഴവര്‍ രണ്ടു തട്ടിലായിരുന്നു ആഢ്യന്മാരായ ഒരു വിഭാഗം അയിത്താചാരത്തിന്റെ കൂടെയായിരുന്നു. സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ പുരോഗമനവാദികളായ ചെറുപ്പക്കാര്‍ അയിത്താചാരത്തിനെ വെല്ലുവിളിച്ചു. പുലയന്മാരുമായി ചേര്‍ന്ന് അവര്‍ പന്തിഭോജനം നടത്തിയവരെ സമുദായ ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കി. അനുഭാവമുള്ള യുവാക്കള്‍ രക്ഷകര്‍ത്താക്കളുടെ തടവറയില്പ്പെട്ട പോലെയായി.അക്കൂട്ടത്തിലായിരുന്നു രായപ്പന്‍.അതുകൊണ്ടാണ് രായപ്പന് കല്യാണത്തിന് വരാന്‍ കഴിയാതിരുന്നത്.

നാരാ‍യണനും സഹോദരന്‍ അയ്യപ്പനോട് അനുഭാവമുള്ള കൂട്ടത്തിലായിരുന്നു. രായപ്പനും നാരായണനും പരസ്പരം കണ്ടു മുട്ടുമ്പോള്‍ നടത്തുന്ന ചര്‍ച്ചകള്‍ അയ്യപ്പന്‍ കുട്ടിക്ക് അറിയാമായിരുന്നു . എന്നാല്‍, അവര്‍ പറയുന്നതൊന്നും അയ്യപ്പന്‍കുട്ടിക്ക് മനസിലായിരുന്നില്ല.

വീടിന്റെ പുറകുവശത്ത് , അയ്യപ്പന്‍കുട്ടിയും നാരായണനും കാര്‍ത്തുവും താമസിക്കുന്ന കൊച്ചു മുറിയുടെ മുമ്പിലാണ് കല്യാണപ്പെണ്ണീനെ സ്വീകരിക്കാന്‍ കാര്‍ത്തു നിലവിളക്കുമായി കാത്തു നിന്നിരുന്നത്.

വീടിന്റെ പൂമുഖം പ്രതാപന്റെ കൈവശമാണ്. അവിടെ മറ്റാര്‍ക്കും പ്രവേശനമില്ല. കണ്ണുവും കൊച്ചുപെണ്ണും ഉരല്‍പ്പുരയിലാണ് കിടക്കുന്നത്. ഉള്ള മുറികളോരോന്നും ഓരോരുത്തര്‍ കൈവശപ്പെടുത്തിയിരിക്കുന്നു. കൗസല്യ ചുരുങ്ങിയ സമയം കൊണ്ട് എല്ലാം മനസിലാക്കി.

വൈകീട്ട് ചെറുക്കനേയും പെണ്ണിനേയും കൂട്ടിക്കൊണ്ടു പോകാന്‍ വിരുന്നുകാരെത്തി.

മൂന്നു ദിവസം നവവധൂവരന്‍മാര്‍ പെണ്‍ വീട്ടില്‍ കഴിച്ചു.

വിഭവസമൃദ്ധമായ ഭക്ഷണം കൊണ്ട് കുഞ്ഞുപെണ്ണ് പുതുമണവാളനെ വീര്‍പ്പു മുട്ടിച്ചു.

കടുപ്പമുള്ള അവലോസുണ്ട പൊട്ടിച്ചു തിന്നുന്നത് മാത്രമായിരുന്നു അയ്യപ്പന്‍കുട്ടിക്ക് ബുദ്ധിമുട്ടായി തോന്നിയത്.

അമ്മായിയമ്മമാര്‍ പുതുമണവാളനു തയ്യാറാക്കുന്ന അവലോസുണ്ട കടിച്ചാല്‍ പൊട്ടാത്തതായിരിക്കണമെന്നാണ് നാട്ടുനടപ്പ്. കുഞ്ഞുപെണ്ണിനും കൊച്ചുപെണ്ണിനും മാത്രം ഉണ്ടാക്കാനറിയാവുന്ന ഒരു പലഹാരം അയ്യപ്പന്‍ കുട്ടിക്ക് പ്രത്യേകമായി തയ്യാറാക്കി വച്ചിരുന്നു.

‘’ എന്താ ഇതിന്റെ പേര്‍?’‘

അയ്യപ്പന്‍കുട്ടി തിരക്കി.

‘’ പപ്പടേപ്പം’‘

‘’ ഇത് ഞാന്‍ ആദ്യമായിട്ടാണ് തിന്നുന്നത് ‘’

‘’ ചേച്ചിക്കും ഉണ്ടാക്കാനറിയാം . പക്ഷെ ,ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളീലേ ഉണ്ടാക്കാറുള്ളൂ’‘

‘’ എങ്ങിനെയാ ഉണ്ടാക്കുന്നത്’‘

‘’അരിപ്പൊടിയില്‍ ശര്‍ക്കരയും ഏലക്കായും ജീരകവും നാളികേരവും ചേര്‍ത്ത് കുഴച്ചെടുക്കും. എന്നിട്ട് പരുത്തിയിലയില്‍ വെളിച്ചെണ്ണ പുരട്ടി അതില്‍ പൊടി എടുത്ത് പപ്പടം പോലെ പരത്തും നടുക്ക് ഒരു തൊളേം ഇടും. വെളിച്ചണ്ണയില്‍ പൊരിച്ചെടുക്കുമ്പോള്‍ നല്ല ശര്‍ക്കരയുടെ നിറം കിട്ടും’‘

‘’ ഇതു നമുക്ക് ചായക്കടേല്‍ ഉണ്ടാക്കി വില്‍ക്കാം’‘

മരുമകന്റെ നിര്‍ദ്ദേശം കുഞ്ഞുപെണ്ണിന് നന്നേ പിടിച്ചു. അധികം താമസിയാതെ കുഞ്ഞു പെണ്ണിന്റെ ചായക്കടേല്‍ പപ്പടേപ്പവും വില്‍പ്പനക്കെത്തി.

ആദ്യരാത്രിയില്‍ കൗസല്യ ഒരു ഗ്ലാസ്സ് പാലുമായി അയ്യപ്പന്‍കുട്ടി കിടന്നിരുന്ന മുറിയിലെത്തി. തറയില്‍ വിരിച്ചിട്ട മെത്തയില്‍ ഒരു തലയിണ ഉണ്ടായിരുന്നു. അതിന്മേല്‍ ഒരു വെളുത്ത തുണി വിരിച്ചിരുന്നു . അയ്യപ്പന്‍കുട്ടിക്ക് കിടക്കാന്‍ അവിടെയായിരുന്നു ഒരുക്കിയിരുന്നത്.

ആ വീട്ടില്‍ കരിവീട്ടിയില്‍ തീര്‍ത്തതും ചിത്രപ്പണികള്‍ ചെയ്തതുമായ ഒരു കട്ടില്‍ മാത്രമാണുള്ളത്. ആ കട്ടിലിലാണ് നാണുക്കുട്ടന്‍ കിടക്കുന്നത്. മറ്റെല്ലാവരും തറയില്‍ തഴപ്പായ വിരിച്ചിട്ടാണ് കിടന്നിരുന്നത്.

പാലുമായി മുമ്പില്‍ നിന്നിട്ടും അയ്യപ്പന്‍കുട്ടി കൗസല്യയോട് ഒന്നും മിണ്ടിയില്ല.

‘’ ഇന്നാ പാല് ‘’

കൗസല്യ തന്നെ സംഭാഷണത്തിനു തുടക്കമിട്ടു.

അയ്യപ്പന്‍കുട്ടി പാലു വാങ്ങി ഒറ്റ മോന്ത്.

‘’ അപ്പ പകുതി എനിക്കില്ലേ?’‘

അബദ്ധം പറ്റിയതു പോലെ അയ്യപ്പന്‍കുട്ടി നിന്നു.

‘’ സാരമില്ല , ഇതൊന്നും അറിയാന്‍ പാടില്ലല്ലേ?’‘

അപ്പോഴും അയ്യപ്പന്‍കുട്ടി മിണ്ടിയില്ല. മുഖം താ‍ഴ്ന്നു തന്നെയിരുന്നു. അല്‍പ്പം കഴിഞ്ഞാല്‍ അയ്യപ്പന്‍കുട്ടി കരഞ്ഞു പോകുമെന്ന് കൗസല്യക്കു മനസിലായി.

‘’ എന്നോടു മിണ്ടാത്തത് ഇഷ്ടമല്ലാത്തതുകൊണ്ടാണോ?’‘

‘’ അല്ല ‘’

‘’ എനിക്ക് ആദ്യമേ ഇഷ്ടമായിരുന്നു. നാരായണന്‍ ചേട്ടന്‍ വരല്ലേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്റെ പ്രാര്‍ത്ഥന മുരുകന്‍ കേട്ടു’‘

‘’ ആരാ മുരുകന്‍?’‘

‘’ നല്ല കൊണ്ടന്‍ തന്നെ. മുരുകനെന്നാല്‍ പരമശിവന്റെ മോന്‍’‘

‘’ ആരാ പരമശിവന്‍?’‘

‘’ അയ്യോ ഇതൊന്നുമറിയില്ലേ? കഴുത്തില്‍ പാമ്പക്കൊയിട്ട് ഒരു ദൈവം ഇരിക്കണ കണ്ടിട്ടില്ലേ? ആ ദൈവത്തിന്റെ മോനാ മുരുകന്‍’‘

‘’ അപ്പ ദൈവത്തിനോടു പറഞ്ഞാപ്പോരെ ? എന്തിനാ മോനോടു പറഞ്ഞത്?’‘

‘’ എനിക്ക് മോനെയാ ഇഷ്ടം’‘

പിന്നെ , കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല. സംസാരിക്കാനുള്ള വിഷയം കൗസല്യ അന്വേഷിക്കുകയായിരുന്നു.

‘’ ഞാനൊരു കാര്യം പറഞ്ഞാല്‍ കൊണ്ടു വന്നു തരുമോ?’‘

ആ ചോദ്യം കേട്ട് അയ്യപ്പന്‍കുട്ടി ഞെട്ടി. എന്തായിരിക്കും ഇത്ര വലിയ കാര്യം !

‘’ പറ .. കേള്‍ക്കട്ടെ..’‘

‘’ എനിക്ക് മൂന്നു കാശിന് നാരങ്ങാമിട്ടായി വേണം ഞങ്ങടെ കടയിലില്ല’‘

ആയിടക്കാണ് നാരങ്ങാ മിഠായി പുറത്തിറങ്ങിയത്. തിന്നാന്‍ കൊള്ളില്ലെന്ന ഒരു പ്രചാരണം ആദ്യമുണ്ടായിരുന്നു. അത് വിശ്വസിച്ച നാണുക്കുട്ടന്‍ നാരങ്ങാ മിഠായി വില്‍ക്കാന്‍ തുനിഞ്ഞില്ല അതുകൊണ്ട് പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ കൗസല്യ നാരങ്ങാമിഠായി കഴിച്ചിരുന്നില്ല.

‘’ മേടിച്ചു തരാം’‘

അയ്യപ്പന്‍കുട്ടി തന്റെ ഭാര്യ ആദ്യമായി ആവശ്യപ്പെട്ട കാര്യം നിറവേറ്റിക്കൊടുക്കാമെന്ന് ഉറപ്പു നല്‍കി.

മൂന്നാം ദിവസം വധൂവര‍ന്മാരെ കൂട്ടിക്കൊണ്ടു പോകാ‍ന്‍ കൊച്ചുപെണ്ണും പ്രകാശനുമെത്തി.

ഊണുകഴിഞ്ഞ് ഇറങ്ങേണ്ട സമയം വന്നപ്പോള്‍ കൗസല്യ പറഞ്ഞു.

‘’ വല്യമ്മ പൊയ്ക്കോ.’‘

‘’ നീയും ഇറങ്ങ് ‘’

‘’ ഇല്ല വല്യമ്മ പൊയ്ക്കോ’‘

കൊച്ചുപെണ്ണിന് കൗസല്യ പറഞ്ഞത് മനസിലായില്ല.

‘’ മോള്‍ വാ’‘

‘’ പറഞ്ഞതു മനസിലായില്ലേ ? ആ വീട്ടിലേക്കു വരാന്‍ ഞാനില്ല”

കൗസല്യയുടെ ഭാ‍വം കണ്ടപ്പോള്‍ കൊച്ചുപെണ്ണ് ഭയന്നു. പെണ്ണെന്താ പറയുന്നത്? ഇതു നാണക്കേടായല്ലോ!

‘’ മോളേ കല്യാണം കഴിഞ്ഞ പെണ്ണ് ഭര്‍ത്താവിന്റെ വീട്ടിലാ നില്‍ക്കേണ്ടത് അല്ലെങ്കില്‍ നാണക്കേടാ’‘

‘’ ഇല്ല ഞാന്‍ വരില്ല. അത് നിങ്ങളുടെ വീടല്ലേ? എന്റെ ഭര്‍ത്താവിന് വീടുണ്ടാകട്ടെ. ഒരു കുടിലാണെങ്കിലും ഞാനവിടെ വരാം’‘

നിശ്ചയ ദാര്‍ഢ്യത്തിന്റെ ആള്‍ രൂപമായി കൗസല്യ നിന്നപ്പോള്‍ എല്ലാവരുടേയും നിര്‍ബന്ധവും പ്രേരണയും അവിടെ തകര്‍ന്നു വീണു.

Generated from archived content: kanni4.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English