കണ്ണികള്‍- അവസാന ഭാഗം

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം (Current)
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

ഏതാനും ദിവസത്തേയ്ക്ക് കൗസല്യയ്ക്ക് എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. സാവിത്രിയേക്കാളും മനസില്‍ ആഘാതമേറ്റത് കൗസല്യക്കായിരുന്നു. ഏതൊരു അമ്മയുടെയും അവസ്ഥ ഇതുതന്നെ ആയിരിക്കും.

ഇങ്ങോട്ടു വന്ന് പ്രലോഭിപ്പിച്ചിട്ട് ശശി എന്തിനായിരിക്കും തങ്ങളെ ചതിച്ചത്? ഈ കല്യാണത്തിനു വേണ്ടി എന്തെല്ലാം ഒരുക്കങ്ങളാണ് തങ്ങള്‍ ചെയ്തത്? അശരണരായ തങ്ങളെ വഞ്ചിച്ച ശശിയോട് ദൈവം ചോദിക്കാതിരിക്കില്ല. കൗസല്യ എല്ലാം ദൈവത്തിലര്‍പ്പിച്ചു. മനസിന്റെ ഭിത്തിയില്‍ ദൈവത്തിന്റെ രൂപത്തിലാണ് ശശിയുടെ ചിത്രം സാവിത്രി സൂക്ഷിച്ചിരുന്നത്. ആ ചിത്രം തകര്‍ന്നു തരിപ്പണമായി ആ സ്ഥാനത്ത് ചെകുത്താന്റെ പൈശാചിക ഭാവത്തില്‍ ശശിയുടെ രൂപം തെളിഞ്ഞു. എന്നെങ്കിലും ഇതിനെക്കുറിച്ച് ചോദിക്കാന്‍ വേണ്ടി മാത്രം ആ രൂപം സാവിത്രി മനസില്‍ സൂക്ഷിച്ചു.

‘വെറുതെയല്ല, ദൈവം അവന് കാലുകൊടുക്കാതിരുന്നത്.. ദുഷ്ടന്‍’- ജലജാമണി ഉറക്കെ പ്രാകി…

ആശുപത്രിയിലെ അന്തേവാസികള്‍ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. എല്ലാവരുടെയും മനസിലും പ്രതികാരം ആളിക്കത്തി. അയ്യപ്പന്‍ കുട്ടി തങ്ങളെപ്പോലെ ഒരു രോഗി അല്ലാതിരുന്നെങ്കില്‍ കല്യാണം നടക്കുമായിരുന്നു. രോഗിയുടെ മകളായതുകൊണ്ട് ചെറുക്കന്റെ വീട്ടുകാര്‍ എതിര്‍ത്തു. അപ്പോള്‍ അവരുടെ എതിര്‍പ്പ് രോഗത്തോടാണ്. ആ രോഗം ബാധിച്ച തങ്ങളെല്ലാവരും അവരുടെ മുന്നില്‍ വെറുക്കപ്പെട്ടവരാണ്. അതിനാല്‍ ഇത് അയ്യപ്പന്‍ കുട്ടിയെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. എല്ലാ രോഗികളുടെയും പ്രശ്‌നമാണ്. ഇതിനെതിരേ എന്തെങ്കിലും ചെയ്യണം.. ചെയ്‌തേ മതിയാകൂ…

പല ദിവസങ്ങളിലായി ആസ്പത്രിയുടെ മുക്കിലും മൂലയിലുമായി ഇതു തന്നെയായിരുന്നു ചര്‍ച്ച. ഒടുവില്‍ സുകുമാരനാണ് ചര്‍ച്ചയ്ക്ക് ഒരു മൂര്‍ത്ത രൂപം കൊടുത്തത്. ‘ എനിക്കൊരു മകനുണ്ട്.. അവന്‍ പുരോഗമന വാദിയും പൊതു പ്രവര്‍ത്തകനുമാണ്… അവനെക്കൊണ്ട് അയ്യപ്പന്‍കുട്ടിയുടെ മകളെ കല്യാണം കഴിപ്പിക്കാം’

അതെല്ലാവര്‍ക്കും സ്വീകാര്യമായി തോന്നി.

‘എന്റെ മോനെ കൊണ്ടും നോക്കാം, പക്ഷെ ഞങ്ങള് കുറഞ്ഞ ജാതിക്കാരാ..’ പരമന്‍ എഴുന്നേറ്റു പറഞ്ഞു.

‘ജാതീം മതവുമൊന്നും നമുക്കിടയിലില്ല, എല്ലാവരും ഇവിടെ ഒന്നാ രോഗികള്..’-

അപ്പുവേട്ടന്‍ പറഞ്ഞു.- ‘അയ്യപ്പന്‍ കുട്ടിയുടെ മൂത്ത കുട്ടിയെ കണ്ടപ്പോള്‍ എന്റെ മോന് ആലോചിച്ചാ കൊള്ളാമെന്നുണ്ട്.. എന്താ നിങ്ങളുടെ അഭിപ്രായംട

കൊള്ളാം.. കൊള്ളാം..’- എല്ലാവരും കൈയടിച്ചു സ്വീകരിച്ചു.

ഇപ്പോള്‍ ഒരു കല്യാണം മുടങ്ങിയ സ്ഥാനത്ത് മൂന്നു പെണ്‍കുട്ടികള്‍ക്കു കല്യാണമാകുന്നു. അയ്യപ്പന്‍കുട്ടിയുടെ മനസ് സന്തോഷം കൊണ്ട് തേങ്ങിപ്പോയി.

കല്യാണങ്ങള്‍ക്ക് ഒന്നു കൂടി വ്യക്തത വരുത്താന്‍ അപ്പുവേട്ടന്‍ ഇടപെട്ടു. ആര് ആരെ കല്യാണം കഴിക്കും? എന്നാണ് കല്യാണം? ചെറുക്കന്മാരുടെ സമ്മതം ഉറപ്പുവരുത്തേണ്ടേ?

രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ അതിനു കൂടി തീരുമാനമായി.

സാവിത്രിയെ അപ്പുവേട്ടന്റെ മകന്‍ സുരേഷ്‌കുമാര്‍ കെട്ടും. ജലജാ മണിയെ കോട്ടയത്തുകാരന്‍ പരമന്റെ മകന്‍ വിജയഗോപാലന്‍ കെട്ടും. പ്രസന്നയെ സുകുമാരന്റെ മകന്‍ ബാബുജി കെട്ടും.

ജോത്സ്യന്‍ ഗോപാലകൃഷ്ണന്‍ തീയതി കുറിച്ചു. പത്താം ദിവസം കല്യാണം.

‘ആസ്പത്രിയുടെ ക്ലബ് ഹാളില്‍ വച്ചു കല്യാണം നടത്താം..’

‘കൊള്ളാം.. അപ്പോ എല്ലാവര്‍ക്കും പങ്കെടുക്കാമല്ലോ..’

‘ പക്ഷെ സൂപ്രണ്ട് അനുവദിക്കണം.. ഇതിനു മുന്‍പ് ഇങ്ങനെയൊരു ഏര്‍പ്പാട് ഇവിടെ ഇല്ലാത്തതാണ്’

‘സാരമില്ല.. നമുക്ക് ഇപ്പോള്‍ തന്നെ ചോദിച്ച് ഉറപ്പിക്കാം’

ആസ്പത്രി സൂപ്രണ്ട അതിരറ്റ സന്തോഷത്തോടെയാണ് അതിനെ സ്വീകരിച്ചത്. തന്റെ വിഹിതമായി ഇരുന്നൂറ് രൂപ അപ്പോള്‍ തന്നെ അവരെ ഏല്‍പ്പിക്കുകയും ചെയ്തു.

ആസ്പത്രിയുടെ മുന്‍വശത്ത് ഒരു കമാനം ഉയര്‍ന്നു. കമാനത്തിന്റെ ഇരുവശങ്ങളിലും താലമേന്തി നില്‍ക്കുന്ന യുവതികളുടെ ചിത്രമുണ്ടായിരുന്നു. പനങ്കുലയും കുലവാഴയും മോടികൂട്ടാന്‍ വച്ചു. മുന്‍ വശത്തു നിന്ന് ക്ലബു ഹാളു വരെ വര്‍ണക്കടലാസുകള്‍ തൂക്കി ഭംഗിപ്പെടുത്തിയിരുന്നു

ആസ്പത്രിയിലെ എല്ലാ അന്തേവാസികള്‍ക്കും ജീവനക്കാര്‍ക്കും സദ്യ ഒരുക്കിയിരുന്നു. തലേ ദിവസം സുജാത ടീച്ചറുടെ പാട്ടുകച്ചേരിയുണ്ടായിരുന്നു. മലപ്പുറത്തെ സ്‌കൂളില്‍ പാട്ടു ടീച്ചറായിരിക്കുമ്പോഴാണ് അവര്‍ക്ക് ഈ അസുഖം വന്നത്.

കോട്ടയത്തു നിന്ന് പരമന്റെ മകന്‍ വിജയഗോപാലനും സംഘവും ആദ്യമെത്തി. അയ്യപ്പന്‍ കുട്ടിയും സംഘവും അവരെ സ്വീകരിച്ചിരുത്തി.

പത്തു മിനിറ്റു കഴിഞ്ഞപ്പോഴെയ്ക്കും ബാബുജിയും സംഘവും എത്തിച്ചേര്‍ന്നു. മണവാളന്മാര്‍ രണ്ടു പേരും കൂടി വേദിക്കരികിലെ കസേരയിലിരുന്നു സംസാരിച്ചു.

‘നമ്മുടെ ചേട്ടനെ കണ്ടില്ലല്ലോ?’

അപ്പുവേട്ടന്റെ മകന്‍ സുരേഷ് കുമാറിനെ ഉദ്ദേശിച്ചാണവര്‍ പറഞ്ഞത്.

‘ സമയം ഇനിയുമുണ്ടല്ലോ.. ഇപ്പോള്‍ വരുമായിരിക്കും’

അവര്‍ മറ്റു വിഷയങ്ങളിലേക്കു കടന്നു. പരസ്പരം പരിചയപ്പെട്ടു.

ബാബുജി മാസികകളില്‍ കവിത എഴുതും. ഒരു ട്യൂട്ടോറിയല്‍ കോളെജിലെ മലയാളം അധ്യാപകനാണ്. വീട്ടില്‍ അമ്മയും ഒരു അനുജത്തിയുമുണ്ട്. അനുജത്തി പഠിക്കുന്നു. അച്ഛന് ഈ രോഗം വരുന്നതിനു മുന്‍പ് സ്‌കൂള്‍ മാഷായിരുന്നു. നാട്ടിലും വീട്ടിലും അച്ഛന്‍ ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു.

വിജയഗോപാലന്‍ പൊതുവെ മിതഭാഷിയും നാണം കുണുങ്ങിയുമാണ്. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാല്‍ മാത്രമേ മറുപടി പറയൂ. അച്ഛന്റെ അഭാവത്തില്‍ വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നത് വിജയഗോപാലനാണ്. അനുജനും രണ്ടു അനുജത്തിമാരുമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടില്ല. മൂന്ന് ഏക്കറോളം സ്ഥലത്ത് റബറും കുരുമുളകും കൃഷി ചെയ്യുന്നു.

രണ്ടു പേരും മനസു തുറന്ന് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആളുകളുടെ പരിഭ്രമവും തിടുക്കവും ശ്രദ്ധയില്‍ പെട്ടത്.

‘ എന്തോ വിഷയമുണ്ടെന്നു തോന്നുന്നു’- ബാബുജി പറഞ്ഞു

‘ വാ.. നമുക്ക് അന്വേഷിക്കാം..’– വിജയഗോപാലന്‍ ജേഷ്ഠന്റെ സ്ഥാനത്തു നിന്നു ബാബുജിയെ വിളിച്ചു.

‘എന്താ വല്ല വിശേഷവുമുണ്ടോ?’

‘ മുഹൂര്‍ത്തമായി, പിന്നെ അപ്പുവേട്ടനും മകനും ഇതുവരെ എത്തിയിട്ടില്ല’- കല്യാണക്കാരില്‍ ഒരു പ്രധാനിയെന്നു തോന്നിച്ച ആള്‍ പറഞ്ഞു.

പെണ്ണുങ്ങളുടെ വശത്തു നിന്നും മുറുമുറുപ്പും നേര്‍ത്ത കരച്ചിലും കേട്ടപ്പോള്‍ മണവാളന്മാര്‍ അങ്ങോട്ടു ചെന്നു. അവിടെ സംസാരിച്ചു കൊണ്ടിരുന്ന സുകുമാരനും പരമനും അവരെ തടഞ്ഞു

‘മക്കള് അവിടെ പോയിരിക്ക്..’

‘അവര് കരയുകയാണല്ലോ..’- ബാബുജി പറഞ്ഞു

‘ പിന്നെ കരയാതിരിക്കുമോ… മൂത്ത പെണ്ണിന്റെ കല്യാണം ഒന്നു മുടങ്ങിയതാ. അതും കല്യാണ ദിവസം. ഇന്നും അത് ആവര്‍ത്തിക്കുന്ന ലക്ഷണമാ… മുഹൂര്‍ത്തം കഴിയാന്‍ ഇനി പത്തു മിനിറ്റേയുള്ളൂ. ഈ അപ്പുവേട്ടന്‍ എല്ലാം അറിഞ്ഞുകൊണ്ട് ഇങ്ങനെ ചെയ്തതിലാ അത്ഭുതം.’- സുകുമാരന്‍ പരാതിപ്പെട്ടു.

‘ ദൈവമേ.. എ്‌ന്റെ മോളെ നീ വീണ്ടും പരീക്ഷിക്കുകയാണോ.. അവള്‍ക്കു കല്യാണം വിധിച്ചിട്ടില്ലേ..?’ – കൗസല്യ ഏങ്ങലടിച്ചു കരഞ്ഞു. സാവിത്രി ഒന്നും മിണ്ടാതെ കമഴ്ന്നു കിടന്നു

പരമനും സുകുമാരനും അയ്യപ്പന്‍ കുട്ടിയെ അരികില്‍ വിളിച്ചു.

‘ അയ്യപ്പന്‍ കുട്ടീ… അപ്പുവേട്ടന്‍ വന്നില്ലെന്നു കരുതി മറ്റുള്ളവരുടെ കല്യാണം മാറ്റിവയ്ക്കണോ..?’

‘എന്താ വേണ്ടത്.. നിങ്ങള് തന്നെ പറയ്.. എനിക്കൊന്നും തോന്നുന്നില്ല’

ജലജാമണിയും പ്രസന്നയും കല്യാണ പന്തലിലേക്കു നീങ്ങി. അവിടെ പുറത്തു നിന്നു വരുത്തിയ നാദസ്വര വിദ്വാന്മാരുടെ കുഴല്‍ വിളിയും തകിലടിയും തുടങ്ങി.

ക്ലബ് ഹാളിന്റെ ചുമരില്‍ തൂക്കിയിരുന്ന ക്ലോക്കിന്റെ മിനിറ്റ് സൂചി മുഹൂര്‍ത്തത്തിന്റെ അവസാനത്തിലേക്കു നീങ്ങി. ആശുപത്രി കോമ്പൗണ്ടിലുള്ള ക്ഷേത്രത്തിലെ പൂജാരി കല്യാണച്ചടങ്ങുകളിലേക്കു കടന്നു

പെട്ടെന്ന് വേദിക്കരികില്‍ ഒരു കാര്‍ വന്നു നിന്നു,. എല്ലാവരും അങ്ങോട്ടു നോക്കി.

‘അപ്പുവേട്ടന്‍.. ..അപ്പുവേട്ടന്‍…’ എ്ല്ലാവരും ആവേശത്തോടെ വിളിച്ചു.

അപ്പുവേട്ടന്‍ കാറില്‍ നിന്നിറങ്ങി

‘എന്താണ് വൈകിയത് ? വഴിയില്‍ വല്ല തടസവും ഉണ്ടായോ..?’

‘എല്ലാം പറയാം..’ അപ്പുവേട്ടന്‍ വേദിയിലേക്കു നീങ്ങി.

‘ഞാന്‍ ഒരു് സ്വാര്‍ഥനാണ്.. അയ്യപ്പന്‍ കുട്ടിയുടെ മകളെ കണ്ടപ്പോള്‍ എ്‌ന്റെ മരുമകളായി കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. സാവിത്രിയുടെ കല്യാണം മുടങ്ങിയപ്പോള്‍ ഞാന്‍ വാസ്തവത്തില്‍ സന്തോഷിക്കുകയാണ് ചെയ്തത്. എ്‌ന്റെ മോനോട് ഞാന്‍ എന്തു പറഞ്ഞാലും അനുസരിക്കും. ഇല്ലെങ്കില്‍ എന്റെ സ്വത്ത് കിട്ടില്ലെന്ന് അവനറിയാം. അവനോട് സാവിത്രിയെ കെട്ടണമെന്നു ഞാന്‍ പറഞ്ഞു. അവനത് ഇഷ്ടമാണോ , അതോ അവന്റെ മനസില്‍ മറ്റൊരു പെണ്ണുണ്ടോ എന്നു ഞാന്‍ ചോദിച്ചില്ല. ഇന്നലെയാണ് ഞാനറിയുന്നത് അവന്റെ മനസില്‍ മറ്റൊരു പെണ്ണുണ്ടെന്ന്. .എല്ലാവരും എന്നോട് ക്ഷമിക്കണം.’

അപ്പുവേട്ടന്‍ എല്ലാവരെയും നോക്കി തൊഴുതു. എല്ലാവരും ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നെങ്കിലും അപ്പുവേട്ടന്റെ പ്രവൃത്തിയില്‍ ഏവര്‍ക്കും അമര്‍ഷം തോന്നി

‘സ്‌നേഹത്തിന്റെ വില എനിക്കറിയാം. സ്‌നേഹിക്കുന്ന ഹൃദയങ്ങളെ തമ്മില്‍ ഞാന്‍ അകറ്റില്ല. നമുക്കിവിടെ സ്‌നേഹി്ക്കുന്ന രണ്ടു ഹൃദയങ്ങളെ ഒരുമിപ്പിക്കാം..’

അപ്പുവേട്ടന്‍ പറയുന്നതിന്റെ പൊരുള്‍ ആര്‍ക്കും പിടികിട്ടിയില്ല

‘ഹേയ് ഇങ്ങോട്ടിറങ്ങി വാ’

അപ്പുവേട്ടന്‍ കാറിലേക്കു നോക്കി കൈ കൊട്ടി വിളിച്ചു. കാറില്‍ നിന്നിറങ്ങിയ ആളെ കണ്ട് എല്ലാവരിലും അത്ഭുതത്തിന്റെ അമിട്ടുകള്‍ പൊട്ടി..

ശശി!

‘എല്ലാവരുടെയും മുന്നില്‍ ഞാന്‍ ഒരു ചതിയന്‍ ആയിട്ടാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കാമെന്നു വ്യാമോഹിപ്പിച്ചു കടന്നു കളഞ്ഞ ചതിയന്‍’

വേണ്ട എനിക്കയാളെ കാണേണ്ടയെന്നു പറഞ്ഞ് കരയുകയായിരുന്ന സാവിത്രി പതുക്കെ തലയുയര്‍ത്തി നോക്കി.

‘ പക്ഷെ ഞാന്‍ ആരേയും ചതിച്ചിട്ടില്ല. കല്യാണത്തിന് ഒരുങ്ങിയിറങ്ങിയ എന്നെ വീട്ടുകള്‍ പിടിച്ചു കെട്ടി മുറിയിലിട്ടു പൂട്ടി. ഒരു വികലാംഗനായ എനിക്ക് അവരെ നേരിടാനുള്ള ശക്തിയുണ്ടായില്ല. നിങ്ങളെ വിവരം അറിയിക്കാനും എനിക്കു കഴിഞ്ഞില്ല.’

‘മാപ്പ്… ഒരായിരം മാപ്പ്’ സാവിത്രി മനസാ ശശിയോടു മാപ്പുപറഞ്ഞു.

‘ കുടുംബസമേതം സാവിത്രിയും വീട്ടുകാരും നാടുവിട്ടെന്നു തെറ്റിദ്ധരിച്ചാണ് ഇന്നലെ എന്റെ വീട്ടുകാര്‍ എന്നെ തുറന്നുവിട്ടത്. ഇവിടത്തെ കല്യാണ വിവരം അവര്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ നേരെ ആശുപത്രിയിലേക്കു വന്നു. അപ്പുവേട്ടന്റെ മകന്റെ കല്യാണമാണെന്ന് ഇവിടത്തെ വാച്ചുമാനാണ് പറഞ്ഞത്. അപ്പുവേട്ടന്റെ വീട്ടിലെത്തി ഞാന്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു. അതു കേട്ടപ്പോഴാണ് അപ്പുവേട്ടന്റെ മകന്‍ തന്റെ മനസില്‍ മറ്റൊരു പെണ്ണുണ്ടെന്ന് പറഞ്ഞത്’

ശശിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ എല്ലാവരും മൗനികളായി. ഇനി തീരുമാനമെടുക്കേണ്ടത് സാവിത്രിയാണ്. ഒരിക്കല്‍ മണവാട്ടി ചമഞ്ഞ് കാത്തിരുന്ന പെണ്ണ് ഇനിയും അയാളെ ്‌സ്വീകരിക്കാന്‍ മനസു കാണിക്കുമോ?

സാവിത്രി എഴുന്നേറ്റ് വേദിയിലേക്കു വന്നു. ്അവള്‍ ശശിയുടെ പാദങ്ങളില്‍ തൊട്ടു വന്ദിച്ചു.

‘എന്നോടു ക്ഷമിക്കണം.. ഞാന്‍ തെറ്റായി പലതും വിചാരിച്ചു’

‘ഇല്ല, സാവിത്രി തെറ്റൊന്നും ചെയ്തിട്ടില്ല, ഏതൊരു പെണ്ണും ഇത്തരം സന്ദര്‍ഭങ്ങളില്‍ മനസാ ശപിച്ചുപോകും.’

നിമിഷങ്ങള്‍ ചലനമറ്റു നില്‍ക്കുമ്പോള്‍ ആരോ ഒരാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു.. ‘മുഹൂര്‍ത്തം തീരാറായി.. മേളം മുഴങ്ങട്ടെ..’

നാദസ്വര മേളം മുഴങ്ങി.

മംഗള ധ്വനിയോടൊപ്പം പൂജാരിയുടെ മന്ത്രോച്ചാരണവും ഉയര്‍ന്നു..

‘ മംഗളം തന്തുനാനേന

മമ ജീവന ഹേതുന

കണ്‌ഠേ ബദ്‌നാമി സുഭഗേ

ത്വം ജീവ ശരതാം ശതം..’

മൂന്നു ദമ്പതികളും വരണമാല്യം ചൂടി നിന്നപ്പോള്‍ അയ്യപ്പന്‍കുട്ടിയുടെയും കൗസല്യയുടെയും കണ്ണുകള്‍ നിറഞ്ഞു.

(നോവല്‍ അവസാനിച്ചു)

Generated from archived content: kanni33.html Author: purushan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English