This post is part of the series കണ്ണികള്‍
Other posts in this series:
- കണ്ണികള്‍- അവസാന ഭാഗം
- കണ്ണികള്‍ – അധ്യായം 32 (Current)
- കണ്ണികള്‍ – അധ്യായം 31
സാവിത്രിയെ ശശി വിവാഹം ആലോചിച്ചതു മുതല്‍ കൗസല്യയുടെ വീട്ടില്‍ ആഹ്ലാദം അലതല്ലാന്‍ തുടങ്ങി. പട്ടിണിയാണെങ്കിലും തമാശ പറയാനും പൊട്ടിച്ചിരിക്കാനും ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായി. ശശിയുടെ ഞൊണ്ടല്‍ അനുകരിച്ചുകൊണ്ട് രാമകൃഷ്ണന്‍ ചേച്ചിയെ കളിയാക്കും. സാവിത്രി അവനെ തല്ലാന്‍ ഓടിച്ചിടും. മറ്റു ചേച്ചിമാര്‍ അവന്റെ തമാശയെ പ്രോത്സാഹിപ്പിക്കും.
കൗസല്യയും ഒരു പ്രത്യേക ലോകത്തായിരുന്നു. കാലിന് അല്‍പം ഞൊണ്ടലുണ്ടെങ്കിലും ശശി കാര്യപ്രാപ്തിയുള്ളവനാണ്. എന്തുകാര്യത്തിനും മുന്നോട്ടിറങ്ങാന്‍ കരുത്തുള്ളവന്‍. അച്ഛന്റെ മരണവിവരം അയ്യപ്പന്‍കുട്ടിയെ അറിയിക്കാന്‍ കഴിഞ്ഞത് ശശിയുടെ മിടുക്കുകൊണ്ടായിരുന്നു. ഈ സന്തോഷത്തിനിടയിലും ഒരു കാര്യം കൗസല്യയെ അലട്ടിയിരുന്നു. കല്യാണത്തിന് മകള്‍ക്ക് സ്ത്രീധനം കൊടുക്കേണ്ടേ? ആരാണ് സഹായിക്കാനുണ്ടാകുക?
എങ്ങുനിന്നെന്നില്ലാതെ ഒരു ധൈര്യം കൗസല്യയ്ക്കുണ്ടായി. എല്ലാ കാര്യങ്ങളഉം നടക്കും. ദൈവത്തിന്റെ അനുഗ്രഹം തങ്ങള്‍ക്ക് വേണ്ടുവോളമുണ്ട്. അതുകൊണ്ടല്ലേ ആട്ടിറച്ചിമൂലമുള്ള മരണത്തില്‍ നിന്നു തങ്ങള്‍ഒഴിവായത്. ഇപ്പോള്‍ കല്യാണം ആലോചിച്ച് ഒരു ചെറുപ്പക്കാരന്‍ കടന്നുവന്നത്. എല്ലാം നടക്കേണ്ട സമയത്ത് വേണ്ടപോലെ നടക്കും.
നാണുക്കുട്ടന്റെ മരണശേഷം കടതുറക്കാന്‍ കഴിഞ്ഞില്ല. ദാരിദ്ര്യം കൊടുമ്പിരിക്കൊണ്ടു നില്‍ക്കുമ്പോഴും കടയ്ക്കകത്തിരുന്നു അരിയും പഞ്ചസാരയും ശര്‍ക്കരയും ഉള്ളിയും ചീത്തയായി തുടങ്ങി. ഇടയ്‌ക്കൊരു മഴ പെയ്തപ്പോള്‍ വെള്ളം ഒലിച്ചിറങ്ങി പലവ്യഞ്ജനങ്ങള്‍ കൂടുതല്‍ ചീത്തയായി. നാണുക്കുട്ടന്റെയും അയ്യപ്പന്‍കുട്ടിയുടെയും കച്ചവടം നിലച്ചപ്പോള്‍ തങ്ങള്‍ക്ക് കൂടുതല്‍ കച്ചവടം കിട്ടുമെന്നു കണ്ണു കണക്കുകൂട്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല.
കടത്തുകടവിനും ബോട്ടുജെട്ടിക്കും ഇടയ്ക്കായി ഒരു പുതിയ കട കൂടി തുറന്നു. പലചരക്കും ചായയും പച്ചക്കറിയും ഉണ്ട്. ചക്കരകടവിലെ തോമസാണ് കച്ചവടക്കാരന്‍.
തോമസ് നല്ല നയമുള്ള ആളാണ്. അതുകൊണ്ട് കണ്ണുവിന്റെ കടയിലെ സ്ഥിരം പറ്റുകാരുള്‍പ്പെടെ മിക്കവരുടെയും കച്ചവടം അയാള്‍ നേടിയെടുത്തു. കാലിനടിയിലെ മണ്ണ് ചോരുന്നതറിഞ്ഞിട്ടും ഒന്നും ചെയ്യാനാകാതെ കണ്ണു നിസഹായനായി നിന്നു. ബോട്ടു സര്‍വീസും പഴയപോലെയില്ല. ബസ് സര്‍വീസ് ആരംഭിച്ചതോടെ പലരും റോഡുമാര്‍ഗമായി യാത്ര. ഇനി പാലം പണി തീര്‍ന്നാല്‍ ബോട്ടുസര്‍വീസും നിലയ്ക്കും.
കച്ചവടം അവസാനിച്ചതോടെ ജീവിക്കണമെങ്കില്‍ മറ്റു വഴികള്‍ നോക്കണമെന്ന യാഥാര്‍ഥ്യത്തിലേക്ക് നാണുക്കുട്ടന്റെ മക്കള്‍ എത്തിച്ചേര്‍ന്നു. മാധവനും സുപ്രനും ബോട്ടുജെട്ടിയില്‍ ചുമടെടുക്കാന്‍ തയാറായി. ഫല്‍ഗുണന്‍ കള്ളുഷാപ്പില്‍ കപ്പലണ്ടി കച്ചവടവും പാത്രം കഴുകലുമൊക്കെയായി കൂടി. വിദ്യാനന്ദന് പുറത്തിറങ്ങാന്‍ പേടി. ഏതോ അവ്യക്തമായ ഭീതി അവന്റെ മനസിന്റെ സമനില തെറ്റിച്ചു. വീടിന്റെ പടിഞ്ഞാറേ ചായ്പ്പില്‍ സ്വയം ഒരു തടവുകാരനായി അടച്ചുപൂട്ടി ജീവിച്ചു.
ജെട്ടിയില്‍ ബോട്ടടുത്തപ്പോള്‍ ഇറക്കിയ ഒരു ചുമട് എടുക്കാന്‍ മാധവനും സുപ്രനും ഓടിച്ചെല്ലുന്നത് സ്ഥിരം പോര്‍ട്ടര്‍മാരായ വേലാണ്ടിയും കുഞ്ഞാണ്ടിയും കണ്ടു.
‘എന്താടാ നിങ്ങള്‍ക്കിവിടെ കാര്യം?’- കുഞ്ഞാണ്ടി ഗൗരവത്തോടെ ചോദിച്ചു.
‘വിശന്നിട്ടാണ്.. . ഈ ചുമട് ഞങ്ങളെടുത്തോട്ടെ’
‘വിശപ്പോ? എന്നാ പോയി തെണ്ടടാ… ഇവിടത്തെ ചുമട് ഞങ്ങളാ എടുക്കണെ… സര്‍ക്കാരിന്റെ പോര്‍ട്ടര്‍മാരാ ഞങ്ങള്… പോടാ.. പോ..’ -കുഞ്ഞാണ്ടിയുടെ മയമില്ലാത്ത വാക്കുകള്‍ കേട്ടാണ് വേലാണ്ടി ചെന്നത്.
‘പോട്ടെ കുഞ്ഞാണ്ടിച്ചേട്ടാ… അവരും ചുമട് എടുത്തോട്ടെ’
വേലാണ്ടിയുടെ ശുപാര്‍ശയില്‍ മാധവനും സുപ്രനും കൂടി ബോട്ടു ജെട്ടിയിലെ പുതിയ ചുമട്ടുകാരായി.. ആദ്യമായി എടുത്ത ചുമടിന് മാധവനും സുപ്രനും നാലണ കൂലി കിട്ടി.
ഒറ്റയ്‌ക്കൊറ്റയ്ക്ക് അവര്‍ ചുമടെടുക്കില്ല. ഒരു തോര്‍ത്തു മുണ്ട് ചുരുട്ടി തലയില്‍ വച്ച് ആദ്യം ഒരാള്‍ ചുമടെടുക്കും. കുറച്ചു ദൂരം നടന്നുകഴിയുമ്പോള്‍ അടുത്തയാള്‍ ഏറ്റെടുക്കും.
പലപ്പോഴും ചുമടിന്റെ കാര്യത്തില്‍ ജെട്ടിയിലുള്ള മറ്റു ചുമട്ടുകാരുമായി തല്ലുകൂടേണ്ടി വരും. അരവിന്ദനും ജോര്‍ജും തങ്കപ്പനും ഇല്ലാത്ത അവസരത്തിലേ മാധവനും സുപ്രനും ചുമട് കിട്ടൂ. അരയണ, ഒരണ, നാലണ, ആറണ, എട്ടണ, പന്ത്രണ്ടണ, ഒരു രൂപ – ഇങ്ങനെയാണ് ചുമട്ടുകൂലി. വലിയ കൂലിയുള്ള ചുമടുകള്‍ കുഞ്ഞാണ്ടിക്കും വേലാണ്ടിക്കും പോകും. അതു കഴിഞ്ഞാല്‍ തങ്കപ്പനും ജോര്‍ജിനും അരവിന്ദനും. ഒടുവിലേ മാധവനും സുപ്രനും കിട്ടുകയുള്ളൂ…
ഭക്ഷണത്തിന്റെ കാര്യത്തില്‍ ഫല്‍ഗുണനാണ് ഭാഗ്യവാന്‍. ഷാപ്പിലെ ജീവനക്കാര്‍ക്ക് വയ്ക്കുന്നതില്‍ ഒരു പങ്ക് ഫല്‍ഗുനന് കിട്ടും. കാര്‍ത്യായിനി അമ്മയാണ് ജീവനക്കാര്‍ക്കു വേണ്ടി ഭക്ഷണം പാചകം ചെയ്തിരുന്നത്. മക്കളില്ലാതിരുന്ന അവര്‍ ഫല്‍ഗുനനെ മകനെപ്പോലെ കരുതി.
വൈകുന്നേരമാണ് ഷാപ്പില്‍ കച്ചവടം കൂടുതല്‍ നടക്കുക. പണികഴിഞ്ഞെത്തുന്ന തൊഴിലാളികള്‍ ചിരട്ടത്തൊണ്ടില്‍ കള്ളു വാങ്ങി കുടിക്കും. ഞണ്ട്, മീന്‍, കപ്പ തുടങ്ങിയ കറികളും പുട്ട്, അപ്പം, ഉണ്ട എന്നിവയും വാങ്ങും.
മിക്ക ദിവസങ്ങളിലും ഷാപ്പില്‍ അടിയുണ്ടാകും. ലഹരി മൂത്തുകഴിഞ്ഞാല്‍ കുടിയന്മാര്‍ ഷാപ്പു ജീവനക്കാരെ ചീത്തവിളിക്കും. സാധാരണ നിലയ്ക്ക് ജീവനക്കാര്‍ പ്രതികരിക്കില്ല. തള്ളയ്ക്കും തന്തയ്ക്കും പറയുന്ന ഘട്ടത്തിലായാല്‍ പിന്നെ അടിയാകും.
രാവിലെ എറണാകുളത്ത്‌നിന്ന് എത്തിയ ബോട്ടില്‍ നിന്നും മാധവന്‍ ചുമടെടുത്തു ബോട്ടുപാലത്തില്‍ വച്ചു. അപ്പോഴാണ് ബോട്ടില്‍ കയറുകെട്ടുന്ന ലാസ്‌കര്‍ തന്നെ ശ്രദ്ധിക്കുന്നതായി അവനു തോന്നിയത്. ഇയാളെ താന്‍ എവിടെയോ കണ്ടിട്ടുണ്ടെന്നു മാധവന് സംശയമായി. പക്ഷെ, എവിടെയാണെന്നു പെട്ടെന്ന് ഓര്‍മ വരുന്നില്ല.
ലാസ്‌കര്‍ ബോട്ട് കുറ്റിയില്‍ കെട്ടിയ ശേഷം മാധവന്റെ അടുത്തേയ്ക്കു ചെന്നു. ‘ എടാ, നീയല്ലേ ബോട്ടില്‍ ശവം ഇട്ടിട്ടു മുങ്ങിക്കളഞ്ഞത്?’
പെട്ടെന്ന് മാധവന് ലാസ്‌കറെ ഓര്‍മവന്നു. അന്ന് നാരായണനെ എറണാകുളം ആശുപത്രിയിലേക്കു കൊണ്ടുപോയ ബോട്ടിലെ ലാസ്‌കറായിരുന്നു ഇയാള്‍. പിന്നെ, ഒട്ടും സമയം പാഴാക്കാതെ മാധവന്‍ പുറത്തേയ്ക്കു കുതിച്ചു.
‘പിടിച്ചോ, അവനെ പിടിച്ചോ…’ ലാസ്‌കര്‍ ഒച്ചയെടുത്തു..
മാധവന്‍ എന്തോ കട്ടുകൊണ്ട് ഓടുകയാണെന്നാണ് എല്ലാവരും കരുതിയത്. ജെട്ടിയിലും കടകളിലുമായി ഉണ്ടായിരുന്നവര്‍ ഓടിച്ചെന്നു മാധവനെ വളഞ്ഞു പിടിച്ചു. ഉള്ളില്‍ ഈര്‍ഷ്യയുണ്ടായിരുന്ന ജോര്‍ജും അരവിന്ദനും തങ്കപ്പനും കൂടി മാധവനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു.
കാര്യം തിരക്കിയ നാട്ടുകാരോട് ലാസ്‌കര്‍ വിവരം പറഞ്ഞു. നാരായണനെ ബോട്ടില്‍ കയറ്റിയതും എറണാകുളത്ത് എത്തിയപ്പോള്‍ ജഡം ഉപേക്ഷിച്ചു കടന്നുകളഞ്ഞതുമെല്ലാം കേട്ടപ്പോള്‍ മറ്റു ചിലരും കൂടി മാധവനെ മര്‍ദിച്ചു.
നാരായണന്റെ ദുര്യോഗം നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നു. വേണ്ട വിധം ചികിത്സ കിട്ടാതെ മരിച്ച ഒരാളുടെ ശവം അനാഥമായി പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കേണ്ടി വന്ന സാഹചര്യം എല്ലാവരെയും വേദനിപ്പിച്ചു. അതിനു കാരണക്കാരനായ മാധവനെ എല്ലാവരും വെറുത്തു. നാരായണനെ ഇഷ്ടപ്പെടാതിരുന്ന ആളുകള്‍ പോലും മാധവന്റെ നടപടിയെ അപലപിച്ചു. പൊതുജനങ്ങളുടെ വെറുപ്പിനു മുന്നില്‍ മാധവന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അതോടെ മാധവന്‍ എങ്ങോട്ടോ പുറപ്പെട്ടു പോയി.
ഒരു ദിവസം ശശി കൗസല്യയുടെ വീട്ടിലേക്കു കയറിച്ചെന്നു. തീവ്രമായ ചിന്തയില്‍ അയാളുടെ മുഖം വിളറിയിരുന്നു. അകത്ത് എന്തോ പണിയിലായിരുന്ന കൗസല്യ ശശിയുടെ അടുത്തുചെന്നു ചോദിച്ചു.
‘മോനെ കണ്ടിട്ടു കുറച്ചു ദിവസമായല്ലോ’
‘ങാ… ഒരു കാര്യം പറയാനുണ്ട്, അമ്മ സാവിത്രിയെക്കൂടി ഒന്നു വിളിക്കുമോ..?’
അമ്മയുടെ അടുത്തേയ്ക്കു വന്ന സാവിത്രി ശശിയെ കണ്ട് നാണത്തോടെ വാതില്‍ക്കല്‍ മറഞ്ഞു നിന്നു.
‘കാര്യങ്ങള്‍ക്ക് ഒരു തീരുമാനമായിട്ടു വരാമെന്നു കരുതിയതു കൊണ്ടാണ് ഇത്ര വൈകിയത്’
കൗസല്യയുടെയും സാവിത്രിയുടെയും മനസ് പ്രതീക്ഷാ നിര്‍ഭരമായി. ജലജാമണിയും പ്രസന്നയും ചേച്ചിയുടെ പുറകില്‍ അണി നിരന്നു. രാമകൃഷ്ണന്‍ സ്‌നേഹത്തോടെ ശശിയുടെ അടുത്തു മുട്ടിയുരുമി നിന്നു.
‘വീട്ടിലാര്‍ക്കും ഈ ബന്ധത്തിനു താത്പര്യമില്ല’
കൗസല്യയുടെ മനസില്‍ ഒരു ഇടിത്തീ പാഞ്ഞു. സാവിത്രിയുടെയും അനിയത്തിമാരുടെയും മുഖത്ത്‌നിന്നു ചിരി തുടച്ചു മാറ്റപ്പെട്ടു.
കല്യാണത്തെക്കുറിച്ചോ കുടുംബജീവിതത്തെക്കുറിച്ചോ കൗസല്യയുടെ മക്കളാരും സ്വപ്‌നം കണ്ടിരുന്നില്ല. അച്ഛന്‍ കുഷ്ഠരോഗിയായപ്പോള്‍ സമൂഹത്തിന്റെ വെറുപ്പും ഒറ്റപ്പെടലും അവര്‍ ശരിക്കും അനുഭവിച്ചതാണ്. അതുകൊണ്ടു മധുരപ്രതീക്ഷകളുടെ നാമ്പുകളൊന്നും അവരുടെ തരിശു മനസില്‍ കിളിര്‍ത്തിരുന്നില്ല.
പിന്നെ ശശിയുടെ വാക്കുകള്‍… വിവാഹാലോചന.. പെരുമാറ്റം…. എല്ലാം അവരില്‍ പ്രതീക്ഷയുണര്‍ത്തി.. പെട്ടെന്ന് അവ തഴച്ചു വളരുകയും ചെയ്തു.
‘വീട്ടുകാര്‍ എതിര്‍ത്താലും ഞാന്‍ സാവിത്രിയെ കല്യാണം കഴിക്കാന്‍ തയാറാണ്..’
‘മോനെ, അത്..’
‘അമ്മ എതിര്‍ത്തൊന്നും പറയരുത്… എന്റെ വീട്ടുകാരുടെ എതിര്‍പ്പ് താനെ മാറിക്കൊള്ളും..’
‘ഞങ്ങള് മൂലം മോന് അച്ഛനും അമ്മേം നഷ്ടപ്പെടരുത്..’
‘സാവിത്രി എന്തു പറയുന്നു?’- ശശി ഇടയ്ക്കു കയറി ചോദിച്ചു.
‘ അച്ഛനും അമ്മയും പറയുന്നതിലപ്പുറം എനിക്കൊന്നും പറയാനില്ല. എങ്കിലും ഞാന്‍ മൂലം ശശിച്ചേട്ടന് വീട്ടുകാര്‍ നഷ്ടപ്പെടാന്‍ ഇടവരരുത്..’
‘സാരമില്ല, എല്ലാം ശരിയായിക്കൊള്ളും. ഞാന്‍ കൊരട്ടിയില്‍ പോയി അച്ഛനെ കാണുന്നുണ്ട്..’
ശശി പൊയ്ക്കഴിഞ്ഞപ്പോള്‍ കൗസല്യയ്ക്കു തലകറങ്ങുന്നതുപോലെ തോന്നി. മക്കളെല്ലാവരും കൂടി പിടിച്ച് അവളെ പായില്‍ കിടത്തി. കൗസല്യ ശരിക്കും വിയര്‍ത്തു. മക്കള്‍ അവളെ വിശറികൊണ്ടു വീശി. അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ കണ്ണു തുറന്നു. എന്നിട്ടു വിതുമ്പിക്കരഞ്ഞു. മക്കളും കൂടെ കരഞ്ഞു.
ശശി ആശുപത്രിയില്‍ പോയി അയ്യപ്പന്‍ കുട്ടിയെ കണ്ടു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അയ്യപ്പന്‍ കുട്ടി ചിന്താധീനനായി. അപ്പുവേട്ടനും കൊടകരക്കാരന്‍ ഭാസ്‌കരനും തൃപ്രയാര്‍ സുകുമാരനും അയ്യപ്പന്‍കുട്ടിക്ക് ധൈര്യം പകര്‍ന്നു.
‘അയ്യപ്പന്‍കുട്ടീ, നമ്മളെപ്പോലുള്ളവരുടെ മക്കള്‍ക്ക് കല്യാണമെന്നാല്‍ ഇങ്ങനെയൊക്കെ ആയിരിക്കും. ആരും മക്കളെ കുഷ്ഠരോഗികളുടെ മക്കളെക്കൊണ്ടു കല്യാണം കഴിപ്പിക്കില്ല. കല്യാണം കഴിഞ്ഞാല്‍ എല്ലാം നേരെയായിക്കൊള്ളും’
അപ്പുവേട്ടന്റെ അഭിപ്രായം എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു. എല്ലാവരും സ്വന്തം മക്കളുടെ കല്യാണം പോലെ കണ്ട് അഭിപ്രായം പറഞ്ഞതില്‍ അയ്യപ്പന്‍ കുട്ടിക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി.
ബി ബ്ലോക്കിലെ അന്തേവാസിയായ ജോത്സ്യന്‍ ഗോപാലകൃഷ്ണനെ അപ്പോള്‍ തന്നെ വിളിച്ചുവരുത്തി. ശശിയുടെയും സാവിത്രിയുടെയും നാളുനോക്കി കല്യാണത്തിനുള്ള തീയതി നിശ്ചയിച്ചു. മൂന്നാം ഓണത്തിന് രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കുംമധ്യേയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വധൂഗൃഹത്തില്‍ വച്ചു വിവാഹം നടത്തണം.
ശശി പൊയ്ക്കഴിഞ്ഞപ്പോള്‍ അപ്പുവേട്ടന്റെ നേതൃത്വത്തില്‍ ക്ലബ് ഹാളില്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു. യോഗത്തില്‍ ഒട്ടുമിക്ക അന്തോവാസികളും പങ്കെടുത്തു.
അയ്യപ്പന്‍ കുട്ടിയുടെ മകളുടെ വിവാഹത്തെക്കുറിച്ചും എതിര്‍പ്പുകളെക്കുറിച്ചും അപ്പുവേട്ടന്‍ വിശദീകരിച്ചു. കല്യാണം നടത്തിക്കൊടുക്കേണ്ട ചുമതല ഏറ്റെടുക്കണമെന്നു അപ്പുവേട്ടന്‍ പറഞ്ഞപ്പോള്‍ നീണ്ട കൈയടിയുണ്ടായി.
വധുവിനുള്ള സ്ത്രീധനവും നമുക്ക് കൊടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. ഓരോരുത്തരും തങ്ങളുടെ വിഹിതം അപ്പോള്‍ തന്നെ വിളിച്ചുപറഞ്ഞു. ചില സ്ത്രീകള്‍ തങ്ങളുടെ കമ്മലും മൂക്കുത്തിയും വളയും മോതിരവും ഒക്കെ ഊരി അപ്പുവേട്ടനെ ഏല്‍പ്പിച്ചു. ആടുവളര്‍ത്തിയിരുന്ന മേരി ഒരു ആട്ടിന്‍കുട്ടിയെ സംഭാവന ചെയ്തു. മറ്റൊരു സ്ത്രീ നല്‍കിയത് മൂന്നു കോഴികളെയായിരുന്നു. ഒടുവില്‍ അപ്പുവേട്ടന്‍ തന്റെ വിഹിതം പ്രഖ്യാപിച്ചു. അഞ്ചു പവന്‍.
കൗസല്യയുടെയും മക്കളുടെയും സന്തോഷം തിരിച്ചുവന്നു. ദൈവം തങ്ങളെ കൈവിട്ടിട്ടില്ലെന്നു കൗസല്യ ആശ്വസിച്ചു സന്തോഷമാണോ സന്താപമാണോ എന്നു വേര്‍പിരിഞ്ഞു എടുക്കാന്‍ കഴിയാത്ത ഒരു വികാരം സാവിത്രിയുടെ മനസിനെ പൊതിഞ്ഞു.
ഓണവും കല്യാണവും പ്രമാണിച്ച് അയ്യപ്പന്‍ കുട്ടി നേരത്തേ തന്നെ വീട്ടിലേക്കു പോന്നു.
കല്യാണത്തിന്റെ തലേ ദിവസം അപ്പുവേട്ടനും ഭാസ്‌കരനും സുകുമാരനും എത്തി. അതോടെ അയ്യപ്പന്‍ കുട്ടിയുടെ വീട് ശരിക്കുമൊരു കല്യാണവീടായി.
അയല്‍പ്പക്കത്തുള്ള രണ്ടു മൂന്നു വീട്ടുകാര്‍മാത്രമാണ് കല്യാണത്തിന് എത്തിയത്. വരുന്നതിനു മുന്‍പ്തന്നെ കല്യാണവീട്ടില്‍ നിന്നു ഭക്ഷണം കഴിക്കില്ലെന്ന് അവര്‍ അറിയിച്ചിരുന്നു. എങ്കിലും ചോറിനോടൊപ്പം പപ്പടം, പഴം, പായസം എന്നിവ തയാറാക്കി വച്ചിരുന്നു.
മുഹൂര്‍ത്തത്തിനു മുന്‍പായി ആസ്പത്രിയിലെ നാല് അന്തേവാസികള്‍ കൂടി എത്തിച്ചേര്‍ന്നു. അവര്‍ പന്തലില്‍ ഓരോ കാര്യങ്ങള്‍ക്കായി അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു. എട്ടു രോഗികളെ കല്യാണപന്തലില്‍ ഒരുമിച്ചു കണ്ടപ്പോള്‍ കല്യാണത്തിനെത്തിയ അയല്‍ക്കാര്‍ ആരോടും പറയാതെ മുങ്ങി.
മുഹൂര്‍ത്തമായിട്ടും ശശിയെ കണ്ടില്ല.
മണവാളനും രണ്ടുമൂന്നു കൂട്ടുകാരും വരുമെന്നാണ് അറിയിച്ചിരുന്നത്. കൂടെ ആരും വന്നില്ലെങ്കിലും താന്‍ എത്തിച്ചേരുമെന്ന് ശശി ഉറപ്പുപറഞ്ഞിരുന്നു.
മണവാളനെ കാണാതിരുന്നപ്പോള്‍ എല്ലാവരും കൂടി പന്തലിനു പുറത്തിറങ്ങി വഴിയിലേക്കു നോക്കിനിന്നു.
അപ്പുവേട്ടന്‍ വാച്ചിലേക്കു നോക്കി അക്ഷമനായി പറഞ്ഞുകൊണ്ടിരുന്നു.. ‘ ഇനി പത്തുമിനിറ്റേയുള്ളൂ…. ഹോ കാണുന്നില്ലല്ലോ… ഇനി അഞ്ചു മിനിറ്റ്,, ദേ സമയം കഴിഞ്ഞു’
എല്ലാവരും വിഷമിച്ചു നില്‍ക്കുന്നതു കണ്ടപ്പോള്‍ ഇഞ്ചക്കാടന്‍ സമാധാനിപ്പിച്ചു..
‘ ചെറുക്കന്‍ വരും, വരാതിരിക്കില്ല… പിന്നെ വീട്ടുകാരുടെ കണ്ണുവെട്ടിച്ചു വേണമല്ലോ വരാന്‍..’
അതു ശരിയാണെന്ന് എല്ലാവര്‍ക്കും തോന്നി.
‘ മുഹൂര്‍ത്തം കഴിഞ്ഞ് ചെറുക്കനെത്തിയാലും നമുക്ക് കല്യാണം നടത്തുന്നതില്‍ എതിര്‍പ്പുണ്ടാവില്ലല്ലോ..?’
‘എന്ത് എതിര്‍പ്പ്, എപ്പോ വന്നാലും കല്യാണം നടത്തണം. ഇത് ദൈവത്തിന്റെ അനുഗ്രഹമുള്ള കല്യാണമാ.. മുഹൂര്‍ത്തം പ്രശ്‌നമല്ല..’- അപ്പുവേട്ടന്‍ ആശ്വസിപ്പിക്കാനായി പറഞ്ഞു.
‘ഞാനൊന്നു പോയി നോക്കിയാലോ..?’- ഇഞ്ചക്കാടന്‍ പറഞ്ഞത് എല്ലാവര്‍ക്കും സ്വീകാര്യമായി. ഉടനെ ഇഞ്ചക്കാടന്‍ പുറപ്പെടുകയും ചെയ്തു.
അഞ്ചു മിനിറ്റായില്ല, ഇഞ്ചക്കാടന്‍ ഓടിക്കിതച്ചെത്തി..
‘എന്താ.. എന്തുപറ്റീ….?’- എല്ലാവരും ഉത്കണ്ഠയോടെ ചോദിച്ചു
‘അത് … അത് .. ചെറുക്കനെ കാണാനില്ല.. ആളുകള്‍ നാലുപാടും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്..’
‘ദൈവമേ.. ചതിച്ചോ..’
കൗസല്യ വെട്ടിയിട്ടതു പോലെ താഴെ വീണു.. അതോടെ കല്യാണ വീട്ടില്‍ കൂട്ടക്കരച്ചിലായി..’
Generated from archived content: kanni32.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍- അവസാന ഭാഗം