കണ്ണികള്‍ – അധ്യായം 30

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

നാട്ടിലുടനീളം ദാരിദ്ര്യം പടര്‍ന്നു പിടിച്ചു. എങ്ങും അരി കിട്ടാനില്ല. കപ്പലണ്ടിപ്പിണ്ണാക്കും കപ്പയുമായിരുന്നു മിക്കവരുടെയും ഭക്ഷണം. ‘ഉന്ത്’ എന്ന ഭക്ഷ്യവസ്തുവും പ്രചാരത്തില്‍ വന്നു. അരിഭക്ഷണം കിട്ടിയവര്‍ക്ക് ‘ഉച്ചും’ പുഴുക്കളും കൂട്ടി കഴിക്കേണ്ടി വന്നു. ആര്‍ക്കും പരസ്പരം സഹായിക്കാന്‍ കഴിയാത്ത അവസ്ഥ.

കൗസല്യയുടെയും കുട്ടികളുടെയും കാര്യം ഏറെ കഷ്ടത്തിലായി. അയ്യപ്പന്‍ കുട്ടി ആശുപത്രിയിലായതോടെ നാരായണനാണ് അവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. ഇപ്പോള്‍ നാരായണനെ കുറിച്ചും യാതൊരു വിവരവുമില്ല. ചെറുപ്പം മുതല്‍ കൗസല്യ കഷ്ടപ്പാടുകള്‍ അറിഞ്ഞിരുന്നില്ല. ഇടത്തരം സമ്പന്നതയുടെ മടിയില്‍ അല്ലലില്ലാതെയാണ് അവള്‍ വളര്‍ന്നത്. ഒരു കാര്യത്തിനും മുട്ടുവന്നതില്ല. എന്ത് ആഗ്രഹിച്ചാലും നടക്കും. അതിനാല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായും വന്നിട്ടില്ല. കല്യാണം കഴിഞ്ഞപ്പോള്‍ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരാന്‍ അയ്യപ്പന്‍കുട്ടിയുണ്ടായി. സാവിത്രി വളര്‍ന്നപ്പോള്‍ അമ്മയെ സഹായിക്കാനും അമ്മയുടെ ചുമതലകള്‍ നിര്‍വഹിക്കാനും മുന്നോട്ടു വന്നു. പിന്നെ നാരായണന്റെ സഹായവുമുണ്ടായി.

കല്യാണ പ്രായം തികഞ്ഞ മൂന്നു പെണ്‍മക്കളെക്കുറിച്ച് ആലോചിക്കുമ്പോള്‍ കൗസല്യയുടെ മനസില്‍ കനലെരിയും . കുഷ്ഠരോഗിയുടെ ബന്ധുക്കളെന്ന പേര് അവരുടെ ജീവിതത്തെ തകര്‍ത്തുകളഞ്ഞിരിക്കുന്നു. കല്യാണമാലോചിച്ച് ആരും വീടിന്റെ പടികയറാറില്ല. സാധാരണ ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ ഏതു യുവാവും ഒന്നു നോക്കും. എന്നാല്‍ കൗസല്യയുടെ പെണ്‍മക്കളെ പരിചയമുള്ള ഒരു യുവാക്കളും തിരിഞ്ഞുനോക്കാറില്ല.

രാമകൃഷ്ണന്‍ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. അഞ്ചാം ക്ലാസുവരെ ഉച്ചക്കഞ്ഞി കിട്ടും. അത് വലിയ ആശ്വാസമാണ്. ഇനി സ്‌കൂളടച്ചാല്‍ എന്തുചെയ്യും. രാവിലെ സ്‌കൂളില്‍ പോകുമ്പോള്‍ അവന് പലപ്പോഴും ഭക്ഷണമൊന്നും കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒന്നും കഴിക്കാനില്ലാതെ വാടിത്തളര്‍ന്ന് സ്‌കൂൡലേക്കു പോകുന്ന മകനെ കണ്ട് കൗസല്യയുടെ നെഞ്ച് പൊട്ടും. വൈകീട്ട് സ്‌കൂളില്‍ നിന്നുവരുമ്പോഴും സ്ഥിതി അങ്ങനെതന്നെ. ഒന്നും കൊടുക്കാനില്ലാത്ത ദിവസം കൗസല്യ വീട്ടില്‍ നിന്നു മാറിക്കളയും.

സാവിത്രി കൃഷി ചെയ്യുന്ന കാച്ചില്‍ അവര്‍ ഇടയ്ക്കു പറിച്ചു തിന്നും. പക്ഷെ അത് എപ്പോഴും കിട്ടണമെന്നില്ല. ചേമ്പും തകരയുമടക്കം തിന്നാന്‍ പറ്റുന്നതെല്ലാം അവര്‍ കഴിക്കാന്‍ തുടങ്ങി.

നാണുക്കുട്ടന്റെ കച്ചവടം തകര്‍ന്നുപോയി. കച്ചവടത്തില്‍ മുടക്കാന്‍ പണമില്ലാതെയായി. പണം കൊടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ വള്ളക്കാര്‍ സാധനങ്ങള്‍ കൊടുക്കാതെയായി.

കണ്ണുവിനു കൊടുത്ത ഏഴായിരം രൂപ തിരിച്ചു കിട്ടിയില്ല. പണം കൊടുത്തപ്പോള്‍ കാണിച്ച സ്‌നേഹം പിന്നീടവന്‍ കാണിച്ചില്ല. നേരിട്ടു കാണുമ്പോള്‍ പരിചയ ഭാവം പോലും കാട്ടുന്നില്ല.

സ്‌കൂളില്ലാത്ത ദിവസം രാമകൃഷ്ണന്‍ അമ്മവീട്ടില്‍ പോകും. കുഞ്ഞുപെണ്ണ് അവന് തിന്നാന്‍ കൊടുക്കും. പക്ഷെ കൗസല്യയുടെ ആങ്ങളമാര്‍ക്ക് ഈ സത്കാരം തീരെ പിടിച്ചിരുന്നില്ല.

‘ആ ചെക്കനെന്താ എപ്പോഴും ഇവിടെ വരുന്നത്?’- ഒരു ദിവസം ഫല്‍ഗുനന്‍ അമ്മയോട് നേരിട്ടു ചോദിച്ചു

‘അതേയ് അവന്റെ അമ്മയുടെ വീടായിട്ട്..’- കുഞ്ഞുപെണ്ണ് മറുപടി പറഞ്ഞു.

‘ അതിന് ചേച്ചിയെ കല്യാണം കഴിച്ചു വിട്ടതല്ലേ..?’

‘ എന്നു കരുതി അവള്‍ എന്റെ മോളല്ലാതാകുമോ… അവളുടെ കുട്ടി എന്റെ പേരക്കിടാവല്ലാതാകുമോ..?’

‘ആയിക്കോ.. ആയിക്കോ.. ബന്ധം പറഞ്ഞ് ഇവിടെ നിന്നു പോണത് ഞങ്ങളുടെ വീതമാ..’

‘ വീതമോ..? ആരുടെ വീതം…. എന്തു വീതം..? ഇതു ഞങ്ങടെ സമ്പാദ്യമാ.. ഞങ്ങളിത് ഇഷ്ടമുള്ള പോലെ ചെയ്യും.. നീ ചോദിക്കാന്‍ വരേണ്ട..’- കുഞ്ഞുപെണ്ണ് തീര്‍ത്തു പറഞ്ഞു.

ഇളയമകനും അമ്മയും തമ്മിലുള്ള തര്‍ക്കം ചേട്ടന്മാരും കേട്ടു. അവര്‍ അനിയനെ സഹായിക്കാനെത്തി..

‘തള്ളേ…, അധികം ഞെളിയേണ്ട… ഞങ്ങളെ വഴിയാധാരമാക്കിയത് നിങ്ങള് ഒറ്റയൊരുത്തിയാ… എല്ലാം ചേച്ചിക്കും മറ്റുള്ളോര്‍ക്കും കൊണ്ടുപോയി തുലച്ചില്ലേ… ഞങ്ങളുടെ കാര്യം വല്ലതും നിങ്ങളോര്‍ത്തോ… പെറ്റുകൂട്ടിയതല്ലാതെ ഞങ്ങള്‍ക്കു ജീവിക്കാന്‍ നിങ്ങളെന്തു വഴികണ്ടു.. ഞങ്ങള് തെണ്ടാനോ..? അതോ കക്കാന്‍ പോണോ..?’

മാധവന്റെ തീഷ്ണമായ ചോദ്യത്തിനു മുന്നില്‍ കുഞ്ഞുപെണ്ണ് നിന്നു ചൂളി. എങ്കിലും മക്കളുടെ എതിര്‍പ്പ് പേരക്കിടാവിന് അല്‍പം കഞ്ഞി കൊടുക്കുന്നതിനാണല്ലോ എന്നോര്‍ത്തപ്പോള്‍ ആ അമ്മൂമ്മ മനസ് ഉണര്‍ന്നു. മൂന്നു നേരം ഭക്ഷണം കഴിക്കുന്ന മക്കള്‍ അവരുടെ കൂടപ്പിറപ്പിന്റെ മകന്റെ കുഞ്ഞുവയര്‍ വിശപ്പുകൊണ്ട് പൊരിയുന്നത് കാണുന്നില്ല

‘ മൂന്നു നേരം മൂക്കുമുട്ടെ തിന്നുന്നുണ്ടല്ലോ… തടിമാടന്മാരായില്ലേ.. ഇനിയെങ്കിലും പുറത്തുപോയി പണിയെടുത്ത് തിന്ന്. വയസായ ഞങ്ങളു തന്നെ നിങ്ങള്‍ക്ക് പണിയെടുത്തു തിന്നാന്‍ തരണോ… നിങ്ങളുടെ കൂടപ്പിറപ്പിന്റെ കുഞ്ഞല്ലേടാ ഇത്.. ഇത്തിരി കഞ്ഞി ഈ കുഞ്ഞിനു കൊടുത്താല്‍ നിങ്ങക്കെന്താ ചേതം?’

‘ചേതമുണ്ട്.. ചേച്ചിയെയും അവരുടെ മക്കളെയും ഇവിടെ കയറ്റാന്‍ ഞങ്ങള് സമ്മതിക്കില്ല.. അളിയന് കുഷ്ഠമാ… അതു കൊണ്ട് അവര്‍ക്കും അതുണ്ടാകും..’

മാധവന്റെ വാക്കുകള്‍ കേട്ട് കുഞ്ഞുപെണ്ണ് ഞെട്ടിത്തെറിച്ചുപോയി…

ദൈവമേ.. തന്റെ കടിഞ്ഞൂല്‍ സന്തതി.. എത്രവലിയ ദുര്‍ഗതിയാണ് അവള്‍ക്കു വന്നിരിക്കുന്നത്. ഈ ലോകത്ത് സകലവരാലും വെറുക്കപ്പെട്ട്, ഒറ്റപ്പെട്ട ഒരു ജീവിതം… അവള്‍ എത്രത്തോളം കഷ്ടപ്പെടുന്നു. എത്രമാത്രം വേദന തിന്നുന്നു. ഒരിറ്റ് ആശ്വാസം പകരാന്‍ അവള്‍ക്ക് ആരുമില്ലാതായല്ലോ..

‘ആരെതിര്‍ത്താലും കൗസല്യയ്ക്ക് ഞാനുണ്ടാകും. ഞാന്‍ പെറ്റതാ അവളെ.. എനിക്കവളെ തള്ളിക്കളയാന്‍ വയ്യ. നിങ്ങള്‍ക്കു വേണമെങ്കില്‍ ഇവിടന്നു പോകാം… എന്നാല്‍ അവളോടൊ അവളുടെ മക്കളോടൊ എന്തെങ്കിലും ദ്രോഹം കാണിച്ചുവെന്നു കേട്ടാല്‍ ആ നിമിഷം നിങ്ങളെ ഞാനിവിടന്നു അടിച്ചിറക്കും’

കുഞ്ഞുപെണ്ണിന്റെ ശക്തമായ താക്കീതിനു മുന്നില്‍ ആണ്‍മക്കള്‍ തത്കാലം ശൗര്യം അടക്കി.

ചെറായി പാലത്തിന്റെ പണി തകൃതിയായി നടന്നു കൊണ്ടിരുന്നു. കരയിലിട്ടു വാര്‍ത്തെടുത്ത കുറ്റികള്‍ ഫ്‌ളോട്ടില്‍ ഘടിപ്പിച്ച ക്രെയിന്‍ വഴി പൊക്കിയെടുത്ത് പുഴയില്‍ അടിച്ചു താഴ്ത്തുന്ന പണിയാണ് ഇപ്പോള്‍ നടക്കുന്നത്. പണി തീര്‍ന്നതോടെ മെറ്റല്‍പണിക്കാര്‍ എല്ലാവരും അവരവരുടെ നാട്ടിലേക്കു മടങ്ങിപ്പോയി..

കോന്നന്‍കുട്ടി വീണ്ടും ഡ്രൈവര്‍ പണിയിലേക്കു തിരിഞ്ഞു. വൈപ്പിന്‍ കരയില്‍ ആദ്യമായി ആരംഭിച്ച ബസ് സര്‍വീസില്‍ അയാള്‍ ഡ്രൈവറായി ചേര്‍ന്നു

ഭക്ഷ്യക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച പൂഴത്തിവയ്പ്പ് കണ്ടുപിടിക്കുന്നതിനുള്ള പൊലീസ് സ്‌ക്വാഡ് കണ്ണുവിന്റെ കടയില്‍ പരിശോധന നടത്തി. കണ്ണ്ു അവരെ ഉദാരമായി സത്കരിച്ചു. ഷാപ്പില്‍ നിന്നു വരുത്തിയ കള്ളും ഞണ്ടുകറിയും കരിമീന്‍ വറുത്തതുമെല്ലാം കൂടിയായപ്പോള്‍ കണ്ണുവിന്റെ കടയില്‍ സൂക്ഷിച്ചിരുന്ന അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയുമൊന്നും പൊലീസിന്റെ ദൃഷ്ടിയില്‍പ്പെട്ടില്ല.

സ്‌ക്വാഡിന്റെ തലവനായ ഇന്‍സ്‌പെക്റ്റര്‍ കണ്ണുവിനോട് ചോദിച്ചു…- ‘ഇവിടെ വേറേതു കടയിലാ ഭക്ഷ്യ സാധനങ്ങള്‍ പൂഴ്ത്തിവച്ചിരിക്കുന്നത്?’

‘അയ്യോ.. അങ്ങനെ ചോദിച്ചാല്‍ ഞാനെങ്ങനാ പറയുന്നത്?’

‘ കണ്ണൂ,, നിങ്ങള്‍ പറഞ്ഞോ.. പറയുന്നതെല്ലാം രഹസ്യമായിരിക്കും’

‘എന്നാലും സ്വന്തക്കാരെ ഒറ്റിക്കൊടുക്കാമോ..?’

‘ഓഹോ.. അപ്പോള്‍ സ്വന്തക്കാര്‍ പൂഴ്ത്തിവച്ചിട്ടുണ്ടല്ലേ..?’

‘ഉവ്വ്..’

‘ആരാ അത്..?’

‘അതാ പറയാന്‍ വിഷമം’

‘പറഞ്ഞോളൂ..് അല്ലെങ്കില്‍ പറയിപ്പിക്കേണ്ട വഴി നോക്കേണ്ടി വരും’

‘അയ്യോ.. വേണ്ട.. പക്ഷെ. ഞാന്‍ പറഞ്ഞെന്നു വരരുത്..’

‘ഇല്ല’

‘തെക്കേക്കരയില്‍ എന്റെ ഭാര്യടെ അനിയത്തീടെ ഒരു കടയുണ്ട്.. വള്ളക്കാരുടെ അടുത്തുനിന്ന് സാധനങ്ങള്‍ വാങ്ങി വില്‍പ്പനയുമുണ്ട്..’

പൊലീസ് സ്‌ക്വാഡ് നേരേ തന്നെ തെക്കേക്കരയിലേക്കു തിരിഞ്ഞു. ഓര്‍ക്കാപ്പുറത്ത് പൊലീസ് സ്‌ക്വാഡ് വന്നുകയറിയപ്പോള്‍ നാണുക്കുട്ടന്‍ അമ്പരന്നു. എന്താണെന്നു ചോദിച്ച് കുഞ്ഞുപെണ്ണും ഓടിയെത്തി..

പൊലീസ് കടയില്‍ വിശദമായ പരിശോധന നടത്തി. അരിയും ഗോതമ്പും പഞ്ചസാരയും മണ്ണെണ്ണയും അവിടെ നിന്നു പിടിച്ചെടുത്തു. മൊത്തക്കടയില്‍ നിന്നു വാങ്ങിയതായുള്ള ബില്ലുകള്‍ ഹാജരാക്കാന്‍ നാണുക്കുട്ടന് കഴിഞ്ഞില്ല. വഞ്ചിക്കാരില്‍ നിന്നു കളവായി വാങ്ങിയ സാധനങ്ങള്‍ എന്ന നിലയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പൊലീസ് കടയില്‍ വച്ചുതന്നെ നാണുക്കുട്ടനെ ഭീകരമായി മര്‍ദിച്ചു. കുഞ്ഞുപെണ്ണ് വാവിട്ടു കരഞ്ഞു. പൊലീസ് കടപൂട്ടി സീല്‍ ചെയ്തു. നാണുക്കുട്ടന്റെ തലയില്‍ ഒരു പാട്ട മണ്ണെണ്ണ വച്ചു കൊടുത്തുകൊണ്ട് സ്റ്റേഷന്‍ വരെ നടത്തിച്ചു.

കള്ളനെപ്പോലെ അച്ഛനെ പിടിച്ചുകൊണ്ടു പോകന്നതുകണ്ട് കൗസല്യ പൊട്ടിക്കരഞ്ഞു.. അ്പ്പൂപ്പാ.. എന്നു വിളിച്ച് പേരക്കുട്ടികളും കരഞ്ഞു..

കുഞ്ഞുപെണ്ണ് മാധവനെയും കൂട്ടി വൈക്കത്തേയ്ക്കു പോയി.. വീ്ട്ടുപടിക്കലെത്തിയപ്പോള്‍ എന്തോ പന്തികേടുണ്ടെന്നു കുഞ്ഞുപെണ്ണിനു തോന്നി. അമ്മയുടെ മരണ ദിവസം കുഞ്ഞുപെണ്ണിന്റെ മനസിലേക്ക് ഓടിയെത്തി… അന്നും ഇതുപോലെ മുറ്റം നിറയെ ആളുകളുണ്ടായിരുന്നു.. കുഞ്ഞുപെണ്ണ് അകത്തേയ്ക്കു കയറി..

അകത്തെ കാഴ്ച കണ്ട് അവള്‍ ഞെട്ടിപ്പോയി… ജീവശ്ശവം പോലെ കിടക്കുന്നു കുട്ടിശ്ശങ്കരന്‍ ആങ്ങള. .. അടുത്തിരുന്നു മരുന്നു കൊടുക്കുന്നു നാത്തൂന്‍.

‘ഒരാഴ്ച മുമ്പാ തളര്‍ന്നു പോയത് .. കാലത്ത് ചായകൊടുക്കാന്‍ ചെല്ലുമ്പോ താഴെ കിടക്കുകയായിരുന്നു. വലതു വശം തളര്‍ന്നു പോയി.. മിണ്ടാട്ടവുമില്ല.. പരമേശ്വരന്‍ വൈദ്യരുടെ മരുന്നാ..’ -വിമ്മിക്കരഞ്ഞ് നാത്തൂന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

പിറ്റേന്ന് കുഞ്ഞുപെണ്ണും മാധവനും മടങ്ങിപ്പോയി. പറയാനുള്ളതൊന്നും അവള്‍ പറഞ്ഞില്ല. ഈ അവസ്ഥയില്‍ നാത്തൂനോടും ആങ്ങളയോടും എന്തുപറയാന്‍… എല്ലാം തന്റെ വിധിയാണ്…

നാണുക്കുട്ടനെ ജാമ്യത്തിലെടുക്കാന്‍ കുഞ്ഞുപെണ്ണ് ഓടിനടന്നു. കളവു കേസായതിനാല്‍ ആരും ജാമ്യം നില്‍ക്കാന്‍ തയാറായില്ല. ഒരുവില്‍ ഒട്ടും പ്രതീക്ഷിക്കാതെ ഒരാള്‍ മുന്നോട്ടു വന്നു.. പ്രതാപന്‍..

തീരെ അവശനായാണ് നാണുക്കുട്ടന്‍ വീട്ടിലെത്തിയത്. ശരീരം മുഴുവന്‍ മര്‍ദനമേറ്റു നീരു വന്നു കരുവാളിച്ചു കിടക്കുന്നു. മൂത്രം പോകാന്‍ വൈഷമ്യം. ഇറ്റിറ്റുപോകുന്ന മൂത്രത്തില്‍ രക്തമയം. മുന്‍വശത്തെ മൂന്നുപല്ലുകള്‍ ഇളകിപോയിരിക്കുന്നു.

രായപ്പന്‍ വൈദ്യര്‍ വന്നു പരിശോധിച്ചു. മരുന്നു കുറിച്ചുകൊടുത്തു. ഏഴു ദിവസം കഴിഞ്ഞപ്പോള്‍ നാണുക്കുട്ടന് എഴുന്നേറ്റു നടക്കാമെന്നായി.

പൊലീസ് സീല്‍ ചെയ്തതുകൊണ്ട് കട തുറക്കാനോ വീട്ടു സാമാനങ്ങള്‍ എടുത്തു ചെലവു കഴിക്കാനോ നിവൃത്തിയില്ലാതെ കുഞ്ഞുപെണ്ണ് നന്നേ വിഷമിച്ചു.

രണ്ടു ദിവസം കൗസല്യയുടെ വീട്ടില്‍ ആഹാരം ഉണ്ടായില്ല. രാമകൃഷ്ണനും ജലജാമണിയും പ്രസന്നയും കിടന്ന കിടപ്പുതന്നെ. മണ്‍കലത്തില്‍ അല്‍പാല്‍പം വെള്ളമെടുത്ത് ഉപ്പിട്ടു എ്ല്ലാവരും കുടിച്ചുകൊണ്ടിരുന്നു.

പിഴലക്കാരന്‍ പൈലിച്ചേട്ടന്റെ വീട്ടിലെ ആടുചത്തു. കൗസല്യയുടെ വീടിനു അല്‍പം തെക്കുമാറിയാണ് അവരുടെ വീട്. പൈലിച്ചേട്ടന് വള്ളം പണിയാണ് തൊഴില്‍. പണിയുടെ സൗകര്യത്തിനു വേണ്ടിയാണ് പിഴലയില്‍ നിന്നു ചെറായിലേക്കു താമസം മാറ്റിയത്. പോരുമ്പോള്‍ അവര്‍ക്ക് രണ്ടു മൂന്ന് ആടുകള്‍ ഉണ്ടായിരുന്നു. പൈലിയുടെ ഭാര്യ താണ്ടുവാണ് ആടിനെ നോക്കിയിരുന്നത്.

ആട് എന്തോ തിന്നാണ് ചത്തതെന്നു ആളുകള്‍ പറഞ്ഞു. പാമ്പുകടിച്ചാണെന്നും മടവന്‍ തല്ലിയിട്ടാണ് ചത്തെന്നും ചിലര്‍ പറഞ്ഞു പരത്തി. മടവന്‍ എന്നാല്‍ ഒരു കുട്ടിപ്പിശാചാണത്രേ…!

‘അമ്മേ.. നമുക്ക് ആ ആടിനെ ചോദിച്ചു നോക്കിയാലോ..?’- സാവിത്രി അഭിപ്രായപ്പെട്ടു..

‘നമുക്കെന്തിനാ ചത്ത ആട്..’

‘തിന്നാന്‍ അല്ലാതെന്തിനാ..’

‘അയ്യേ ചത്ത ആടിനെ ആരെങ്കിലും തിന്നോ..?’

‘എന്താ തിന്നാല്.. കൊന്നു കഴിയുമ്പാ ആട് ചാവില്ലേ.. ജീവനുള്ള ആടിനെയാ തിന്നാന്‍ പാടില്ലാത്തത്..’

‘എന്നാലും എന്റെ മോളെ നമുക്കതു വേണ്ട..’

‘വെശന്നു പൊരിയുന്നമ്മേ.. ഞാന്‍ പോയി ചോദിക്കാം..’

‘കെട്ടിക്കാറായ നീ പോയി ചോദിക്കേണ്ട.. ഞാന്‍ പൊയ്‌ക്കൊള്ളാം..’

‘എന്നാല്‍ അമ്മ ചെല്ല്..:’

‘നേരം മയങ്ങട്ടേടി… നമ്മള്‍ ചെന്ന് ചത്ത ആടിനെ കൊണ്ടു പോരുമ്പോള്‍ ആളുകളെന്തു പറയും..’

‘കുന്തം.. അമ്മയുടെ മക്കള് കെടക്കണ കണ്ടില്ലേ… അവരു വിശന്നു ചത്താല്‍ എന്തു പറയും’

‘പോകാം.. പക്ഷെ രാത്രിയേ ആടിനെ കൊണ്ടുവരൂ..’

രാത്രിയായപ്പോള്‍ നാണിച്ചു നാണിച്ച് കൗസല്യ പൈലിയുടെ വീട്ടിലെത്തി.

‘ആരായിത്.. കൗസുവോ..?’- താണ്ടു പുറത്തേയ്ക്കിറങ്ങി വന്നു.

‘എന്താ ഇങ്ങോട്ടൊക്കെ വരാന്‍ വഴി അറിയോ..?

‘വേണ്ടി വന്നാല്‍ വരാതിരിക്കാന്‍ പറ്റ്വോ..’

‘എന്താന്നുവച്ചാ കാര്യം പറയ് കൗസൂ..’

‘വേറെ ആരും അറിയരുത്.. ഒരു കാര്യം ചോദിക്കാനാ വന്നത്..’

‘നിങ്ങള് ധൈര്യമായി ചോയ്ക്ക്… ഞാനാരോടും പറയാന്‍ പോണില്ല’

‘നിങ്ങടെ ആട് ചത്തൂന്ന് കേട്ടൂ..’

‘നേരാണു കൗസൂ..’- താണ്ടു കരഞ്ഞുകൊണ്ടാണ് അത് പറഞ്ഞത്.. ‘നാലു നാഴി കറക്കണ ആടായിരുന്നു.. മടവന്‍ തല്ലിയെന്നാ പറേണത്. പറമ്പില് കരിനീലം പോലെയാ കിടന്നിരുന്നത്.’

‘ഞാന്‍ അതു കേട്ടിട്ടാ വരുന്നത്’

‘പെഴലേന്ന് പോരുമ്പാ എന്റെ അമ്മ തന്ന ആടാ.. കഴിഞ്ഞ മാസം അമ്മേം പോയി… ഇപ്പ ആടും പോയി.. ഞാന്‍ എന്റെ അമ്മയെ കാണുന്നതു പോലെയാ ആ ആടിനെ കണ്ടിരുന്നത്’

കൗസല്യക്ക് സംസാരിക്കാന്‍ വാക്കുകളില്ലാതെയായി. എങ്ങനെയാണ് ചത്ത ആടിനെ തരുമോയെന്ന് ചോദിക്കുന്നത്. പക്ഷെ ചോദിച്ചില്ലെങ്കില്‍ വീട്ടില്‍ ചെന്നു മക്കളോട് എന്തു സമാധാനം പറയും. എല്ലാവരും ഇപ്പോ ആട്ടിറച്ചി എത്തുമെന്നു പ്രതീക്ഷിച്ചിരിക്കുകയാകും..

‘എന്നിട്ട് ആടെന്തിയേ..’

‘വെട്ടുകാര് വന്നു ചോദിച്ചു.. 15 രൂപയ്ക്ക്.. ഞാന്‍ കൊടുത്തില്ല.. അപ്പോഴാ പൂതപ്പാണ്ടിന്ന് ഒരു കൂട്ടര് വരണത്.. അവരു നാലഞ്ചു കുടുംബങ്ങള് പട്ടിണിയിലാ… എല്ലാവര്‍ക്കും വച്ചു തിന്നാല്‍ ആടിനെ ചോദിച്ചു.. ഞാന്‍ എടുത്തോളാനും പറഞ്ഞു.. ഇപ്പ അങ്ങ് കൊണ്ടുപോയതേയുള്ളൂ.. അല്ല കൗസു എന്തിനാ വന്നത്..?

‘ഞാന്‍.. ഞാന്‍..’

‘എന്താന്ന് വച്ചാ പറഞ്ഞോളൂ.. കര്‍ത്താവനുഗ്രഹിച്ച് ഈ നാട്ടില്‍ വന്നതില്‍ പിന്നെ അതിയാന് നല്ല പണിയുണ്ട്. അതുകൊണ്ട് വലിയ മുട്ടുകൂടാതെ കഴിഞ്ഞു കൂടുന്നുണ്ട്. എന്താ കൗസൂ.. വേണ്ടത്..’

‘ഒരു.. ഒരു നാഴി അരി കടം തര്വോ..?’

‘ഇതിനാണോ കൗസൂ ഇത്ര വെഷമിച്ചേ.. തരാമല്ലോ’

താണ്ടു രണ്ടു നാഴി അരിയും രണ്ടു മൂന്നു പച്ചക്കളങ്ങയും ഒരു ചേന കഷണവും കൗസുവിന് കൊടുത്തു.

വളരെ നാളുകള്‍ക്കു ശേഷം ആദ്യമായാണ് കൗസല്യയുടെ മക്കള്‍ വയറു നിറച്ച് ചോറുണ്ടത്. ഒട്ടു മടിക്കാതെ മാന്യതയോടെ അരിയും മറ്റും കടം തന്ന താണ്ടുവിനോട് കൗസല്യയും മക്കളും മനസാ നന്ദി പറഞ്ഞു.

പിറ്റേ ദിവസത്തെ പ്രഭാതം ഒരു ദുരന്തവാര്‍ത്തയുമായിട്ടാണ് കടന്നു വന്നത്..

താണ്ടുവിന്റെ ചത്ത ആടിനെ തിന്നവര്‍ വയറിളക്കവും ഛര്‍ദിയും ബാധിച്ച് ആശുപത്രിയിലായി.. അതില്‍ മൂന്നു വയസുള്ള ഒരു കുട്ടിയും എണ്‍പതു വയസായ ഒരു തള്ളയും മരണപ്പെട്ടു…

Generated from archived content: kanni30.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English