കണ്ണികള്‍ – അധ്യായം 29

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

നേരം വെളുത്തപ്പോഴാണ് സുഭദ്രയെ കാണാനില്ലെന്നു വീട്ടുകാര്‍ അറിയുന്നത്. തെങ്ങില്‍ കെട്ടിയിട്ടിരുന്ന കോന്നന്‍കുട്ടിയും അവളോടൊപ്പം അപ്രത്യക്ഷനായിരിക്കുന്നു. ഇഞ്ചക്കാടന്‍ വന്നതിനു ശേഷം അന്വേഷിക്കാന്‍ വിടാമെന്നു കണ്ണുവും കൊച്ചുപെണ്ണും കരുതി. കുറച്ചുനേരം കാത്തിരുന്നിട്ടും ഇഞ്ചക്കാടനെ കാണാതായപ്പോള്‍ കൊച്ചുപെണ്ണിനു ക്ഷമയറ്റു. സാധാരണ നേരം വെളുത്താല്‍ ഇഞ്ചക്കാടന്‍ എത്തിച്ചേരേണ്ടതാണ്. അയാളുടെ സേവനങ്ങള്‍ക്ക് കൂലിയൊന്നും കൊടുത്തിരുന്നില്ല. കുറച്ചു കഞ്ഞിയിലും ചീയാന്‍ തുടങ്ങുന്ന പഴത്തിലും അയാളുടെ വേതനം ഒതുങ്ങിനിന്നു.

അരിയിടിക്കാന്‍ വന്ന ഭാര്‍ഗവിയില്‍ നിന്നാണ് കൊച്ചുപെണ്ണ് ഞെട്ടിപ്പിക്കുന്ന ആ വിവരം അറിയുന്നത്. കോന്നന്‍കുട്ടിയും സുഭദ്രയും ഇഞ്ചക്കാടന്റെ വീട്ടിലുണ്ട്. പ്രതാപന്‍ ഇഞ്ചക്കാടന്റെ മകള്‍ ലീലയുടെ കൂടെയാണ് പൊറുതി.

ചെവിയില്‍ മൂട്ട കയറിയതുപോലെയാണ് കൊച്ചുപെണ്ണ് ഭാര്‍ഗവിയുടെ വാക്കുകള്‍ കേട്ടത്. കടയിലേക്കു കൊണ്ടുപോകാന്‍ എടുത്ത മുട്ടക്കറി അമര്‍ഷത്തോടെ ചുമരിലേക്ക് വലിച്ചൊരേറുകൊടുത്തു.

കൊച്ചുപെണ്ണിന്റെ ബഹളം കേട്ട് കണ്ണുവും പ്രകാശനും ഓടിയെത്തി. വിവരം അറിഞ്ഞപ്പോള്‍ കൊച്ചുപെണ്ണിനെ ആശ്വസിപ്പിക്കുന്നതിനു പകരം അവരും ബഹളംകൂട്ടാന്‍ തുടങ്ങി.

കണ്ണു പൊലീസ് സ്റ്റേഷനിലേക്കു പോകാനൊരുങ്ങി.

ജെട്ടി സൂപ്രണ്ട് ചോദിച്ചു: ‘ അവിടെച്ചെന്നിട്ട് കണ്ണുച്ചേട്ടന്‍ എന്തു പരാതി പറയും?’

‘എന്റെ മോനെ ഇഞ്ചക്കാടനും മോളും കൂടി വശീകരിച്ചെടുത്തെന്നു പറയും. പിന്നെ നമ്മുടെ മോളെ കോന്നന്‍ കുട്ടി തട്ടിയെടുത്തെന്നും പറയും’

‘കണ്ണുച്ചേട്ടാ.. ഈ രണ്ടു പരാതിയും അവിടെ വിലപ്പോവില്ല. മോന്‍ പ്രായപൂര്‍ത്തിയായ ആളാ… സ്വന്തം ഇഷ്ടത്തോടെയാ ഇഞ്ചക്കാടന്റെ മോളെ കല്യാണം കഴിച്ചതെന്നു പ്രതാപന്‍ പറഞ്ഞാല്‍ കേസുണ്ടാവില്ല. സുഭദ്രയെ കോന്നന്‍കുട്ടി തട്ടിക്കൊണ്ടു പോയെന്നു പറഞ്ഞാലും ശരിയാവില്ല. കോന്നന്‍കുട്ടി സുഭദ്രയുടെ ആരാ? സ്വന്തം ഭര്‍ത്താവ്.. അവരാണെങ്കില്‍ വിവാഹ ബന്ധം ഒഴിഞ്ഞിട്ടുമില്ല. പിന്നെങ്ങനെ കേസെടുക്കും?’

കണ്ണുവിന്റെ മനസില്‍ പ്രതികാരത്തിന്റെ തീയാളി. എന്തെങ്കിലും ചെയ്‌തേ പറ്റൂ. കുറഞ്ഞപക്ഷം ഇഞ്ചക്കാടന് രണ്ടിടിയെങ്കിലും കൊടുപ്പിക്കണം. കൂടെനിന്നു ചതിച്ച ദ്രോഹിയാണവന്‍.

കണ്ണു ഒന്നുരണ്ടടി മുന്നോട്ടുവച്ചു. അതാ, പ്രതാപനും ഇഞ്ചക്കാടനും മുന്നില്‍..

‘എടാ.. പട്ടീ..’ കണ്ണു ഇഞ്ചക്കാടന്റെ നേര്‍ക്കു ചാടി വീണു.

പ്രതാപന്‍ ഇടയ്ക്കു കയറിനിന്നു: ‘ തൊട്ടുപോകരുത്..’

കണ്ണുവിന്റെ കൈ താന്നു. നാവിറങ്ങി. മകന്‍ സംഹാരരുദ്രനെപ്പോലെ മുന്നില്‍ നില്‍ക്കുന്നു. ദേഷ്യം വന്നാല്‍ അവന്‍ മുന്‍പിന്‍ നോക്കില്ലെന്ന് കണ്ണുവിനറിയാം. അയാളുടെ ശിരസുതാഴ്ന്നു. പതുക്കെപ്പതുക്കെ വിതുമ്പിക്കരഞ്ഞു

‘കണ്ണുച്ചേട്ടാ.. എന്റ് മോളെ നിങ്ങളുടെ മോന് ഞാന്‍ കെട്ടിച്ചുകൊടുത്തു. ഇക്കാര്യം നിങ്ങളോട് മുന്നേ പറഞ്ഞാല്‍ സമ്മതിക്കില്ലെന്ന് എനിക്കറിയാം. അതാ പറയാതിരുന്നത്. ചേട്ടന്‍ ക്ഷമിക്കണം. ഇനി നമ്മള് ബന്ധക്കാരായിരിക്കുകയാ… വൈരാഗ്യം മനസില്‍ വച്ചിരിക്കരുത്..’

‘ ഫ്ഭാ… ആരാടാ ബന്ധു… നീയോ… എന്റെ വീട്ടിന്ന് കഞ്ഞിവെള്ളം കുടിച്ചുനടന്ന നീയോ.. നിന്നെ ഞാന്‍..’

‘അച്ഛന്‍ വേണ്ടാത്തതിനൊന്നും നില്‍ക്കേണ്ട, ഇപ്പാ ഇനിക്ക് രണ്ടച്ഛന്‍മാരായി.. സ്വന്തം അച്ഛനും അമ്മായിഅച്ഛനും. അച്ഛന്‍മാര് രണ്ടും ഒരുപോലെയായ സ്ഥിതിക്ക് ന്യായം ആരുടെ ഭാഗത്താണോ അവിടെ ഞാന്‍ നില്‍ക്കും..’

പ്രതാപന്‍ ഇഞ്ചക്കാടനെയും കൂട്ടി വീടിനകത്തേയ്ക്കു കയറാന്‍ തുടങ്ങി. മീന്‍ വെട്ടിയിരുന്ന കൊച്ചുപെണ്ണ് അതു കണ്ടു.

‘എങ്ങോട്ടാടാ കയറിപ്പോകുന്നേ….?’

അവര്‍ മീന്‍കലവൂമായി ഓടിച്ചെന്നു. വര്‍ധിച്ച കോപത്തോടെ മീനും വെള്ളവും ഇഞ്ചക്കാടനെ ലക്ഷ്യമാക്കി നീട്ടി ഒഴിച്ചു. പക്ഷെ കൊച്ചുപെണ്ണിനെ ശരിക്കറിയാവുന്ന ഇഞ്ചക്കാടന്‍ നോക്കിയാണ് നിന്നിരുന്നത്. അയാള്‍ ഒഴിഞ്ഞുമാറി. പ്രതാപന്റെ ശരീരത്തില്‍ മീനും അഴുക്കുവെള്ളവും അഭിഷേകംനടത്തി.

പ്രതാപന്‍ കോപംകൊണ്ട് ജ്വലിച്ചു. എടീ തള്ളേ ഇന്നു ഞാന്‍ നിന്നെ ശരിയാക്കും എന്നു അലറിക്കൊണ്ട് അവന്‍ കൊച്ചുപെണ്ണിന്റെ നേര്‍ക്കു ചാടിവീണു. കൊച്ചുപെണ്ണിന്റെ കൈക്കു പിടിച്ചു തിരിക്കുകയും മുഖത്ത് ഒരടി കൊടുക്കുകയും ചെയ്തു. ഇഞ്ചക്കാടന്‍ അവനെ പിടിച്ചുമാറ്റി.

കുറെ നേരം കൊച്ചുപെണ്ണിന്റെ കരച്ചിലും തെറിവാക്കുകളും അവിടെ ഉച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരുന്നു… പക്ഷെ അതൊന്നും പ്രതാപനെ ബാധിച്ചില്ല. അയാള്‍ ഇഞ്ചക്കാടനെ തന്റെ മുറിയില്‍ ഇരുത്തി. പിന്നെ പുറത്തിറങ്ങി മേല്‍കഴുകി വസ്ത്രം മാറ്റി വന്നു.

അന്ന് ഇഞ്ചക്കാടന്‍ അവിടെ നിന്നാണ് ഊണ് കഴിച്ചത്. കമലാവതിയോട് പറഞ്ഞ് പ്രതാപന്‍ ചോറും കറികളും ഒരുക്കിയിരുന്നു. ഊണ് കഴിഞ്ഞ് ഇഞ്ചക്കാടന്‍ അല്‍പനേരം അവിടെക്കിടന്ന് ഉറങ്ങുകയും ചെയ്തു.

അന്നു വൈകുന്നേരം തന്നെ പ്രതാപന്‍ ലീലയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവരെ കണ്ടപ്പോള്‍ കൊച്ചുപെണ്ണ് വീണ്ടും ബഹളം തുടങ്ങി. അതുകേട്ട് കണ്ണുവും പ്രകാശനും വന്നു നോക്കിയെങ്കിലും പ്രതികരിച്ചില്ല. പ്രതാപനോട് ഏറ്റുമുട്ടാന്‍ അവര്‍ക്ക് ധൈര്യമില്ലായിരുന്നു. കണ്ണുവും പ്രകാശനും പിന്‍വാങ്ങിയപ്പോള്‍ കൊച്ചുപെണ്ണ് ദുര്‍ബലയായി. അവര്‍ തെറിവാക്കുകള്‍ അവസാനിപ്പിച്ച് ഏങ്ങലടിച്ചു..

ഈ സമയം വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് കത്തിച്ച നിലവിളക്കും വെള്ളോട്ടു കിണ്ടിയില്‍ വെള്ളവുമായി കമലാവതി പുറത്തേയ്ക്കു വന്നു. കവച്ചുകവച്ച് ഏന്തിവലിഞ്ഞ് അവള്‍ നവവധൂവരന്മാരുടെ അടുത്തേയ്ക്കു ചെന്നു. നിലവിളക്ക് ലീലയുടെ കൈയില്‍ കൊടുത്തു. വധൂവരന്മാരുടെ കാലില്‍ വെള്ളം ഒഴിച്ച് അകത്തേയ്ക്കു കയറ്റി. മുന്‍വശത്തെ കട്ടിലില്‍ വധൂവരന്മാര്‍ ഇരുന്നു. കമലാവതി കൊടുത്ത ഒരു ഗ്ലാസ് പാല്‍ ഇരുവരുമായി കുടിച്ചു.

ഈ സമയമത്രയും കമലാവതിയുടെ മുഖത്ത് യാതൊരുവിധ വികാരങ്ങളുമുണ്ടായില്ല. നിശ്ചലമായ ഒരു തടാകം പോലെ മനസ് സ്തംഭിച്ചു കിടന്നിരുന്നു. തങ്ങളെ വേണ്ടവിധം സ്വീകരിക്കാന്‍ കമലാവതിക്ക് എങ്ങനെ മനസു വന്നുവെന്ന് പ്രതാപന്‍ അത്ഭുതപ്പെട്ടു. നാളിതുവരെയുള്ള അനുഭവത്തില്‍ നിന്ന് കമലാവതിക്ക് വിവേകബുദ്ധി ഉള്ളതായി തോന്നിയിട്ടില്ല. ഒരു യന്ത്രം, അല്ലെങ്കില്‍ ഒരു കഴുത..

ഒന്നു രണ്ടു ദിവസം ലീല വളരെ ഭവ്യതയോടെയാണ് കൊച്ചുപെണ്ണിനോട് പെരുമാറിയത്. എല്ലാവരെക്കാളും ആദ്യം ലീല എഴുന്നേല്‍ക്കും. കുളിച്ച് അടുപ്പുകൂട്ടും. ചക്കരയും ചുക്കും കുരുമുളകും ചേര്‍ത്ത് കാപ്പിയുണ്ടാക്കും. ആദ്യം കൊച്ചുപെണ്ണിനു കൊണ്ടുപോയി കൊടുക്കും. രണ്ടു ദിവസം കൊച്ചുപെണ്ണ് കാപ്പി വാങ്ങിയില്ല.

ആദ്യത്തെ ദിവസം കൊച്ചുപെണ്ണ് അലറിക്കൊണ്ട് പറഞ്ഞു..: :’ കൊണ്ടുപൊയ്‌ക്കോ എന്റെ മുമ്പീന്ന്.. കുരുത്തം കെട്ടവളേ..’

രണ്ടാമത്തെ ദിവസം അല്‍പം മാറ്റം വന്നു. വെറുപ്പോടെയാണെങ്കിലും അലറാതെ പറഞ്ഞു.. :’ എനിക്കു വേണ്ട..’

മൂന്നാം ദിവസവും ലീല കാപ്പിയുമായി ചെന്നു: ‘ അമ്മേ കാപ്പി…’

കൊച്ചുപെണ്ണ് അല്‍പം മയത്തോടെ ലീലയെ നോക്കി. അപ്പോഴെയ്ക്കും കൊച്ചുപെണ്ണിന്റെ മുഖത്ത് ക്രൂരഭാവം മാറി ദയനീയത വന്നിരുന്നു. ‘അവിടെ വച്ചേയ്ക്ക്..’

ലീല കാപ്പിപ്പാത്രം താഴെ വയ്ക്കാതെ കൈയില്‍ പിടിച്ചുനിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കൊച്ചുപെണ്ണ് കൈനീട്ടി പാത്രം വാങ്ങി. മുഖത്തുവിരിഞ്ഞ ഗൂഢമന്ദസ്മിതം ആരും കാണാതിരിക്കാന്‍ ലീല ചുണ്ടത്ത് കൈപ്പത്തിവച്ചു.

ചുരുങ്ങിയ ദിവസംകൊണ്ട് ലീല കൊച്ചുപെണ്ണിനെ കൈയിലെടുത്തു. സംഭാഷണത്തിലും പെരുമാറ്റത്തിലും തേന്‍ പുരട്ടി കൊച്ചുപെണ്ണിന്റെ മനസില്‍ അവള്‍ സ്ഥാനം നേടി..

എന്നാല്‍ പ്രതാപന്‍ അവള്‍ക്കു മുന്നറിയിപ്പ് കൊടുത്തു: ‘ നീ അമ്മയോട് അത്രയ്ക്ക് അടുക്കേണ്ട.. ആ തള്ളയുടെ മനസു മുഴുവന്‍ വിഷമാ.. ആ വിഷം നമുക്ക് തുപ്പിക്കണം.. അപ്പോഴെ അവരോട് അടുക്കാന്‍ പറ്റൂ..’

‘എന്തായാലും എനിനക്കെന്റെ മരിച്ചുപോയ അമ്മയെപ്പോലെയാ.. എനിക്കു ചേട്ടന്റെ അമ്മയെ ഇഷ്ടമാ..’

‘ഇഷ്ടത്തിനു കുഴപ്പമൊന്നുമില്ല.. പക്ഷെ, അവരെ നമുക്ക് നന്നാക്കിയെടുക്കണം.. അതിനു ചില പൊടിക്കൈകളൊക്കെയുണ്ട്..’

‘എന്തു പൊടിക്കൈകള്‍’

‘അത് അപ്പപ്പോ ഞാന്‍ പറഞ്ഞുതരാം… നീയതുപോലെ ചെയ്താല്‍ മതി..’

കൊച്ചുപെണ്ണിന് പണ്ടുമുതലേയുള്ളതാണ് കാലുവേദന. മുട്ടിന്റെ വശത്ത് തടിപ്പും പാദത്തില്‍ നീരും വരും. ഒരാഴ്ചയോളം അത് നീണ്ടു നില്‍ക്കും. പിന്നെ മരുന്നു കഴിക്കുമ്പോള്‍ ശാന്തത വരും… ഇത് ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്…

പ്രതാപന്‍ പറവൂര്‍ മാര്‍ക്കറ്റിനടുത്തുള്ള പാരമ്പര്യ മര്‍മ്മവൈദ്യശാലയില്‍ നിന്നു കുഴമ്പുവാങ്ങി. ലീല വളരെ സ്‌നേഹപൂര്‍വം കൊച്ചുപെണ്ണിന്റെ കാലില്‍ അത് പുരട്ടിക്കൊടുത്തു. പെട്ടെന്നാണ് കൊച്ചുപെണ്ണിന്റെ രോഗത്തിന് ശമനം കിട്ടിയത്. അതോടെ കൊച്ചുപെണ്ണിന് ലീലയോട് കൂടുതല്‍ കൂടുതല്‍ ഇഷ്ടമായിത്തുടങ്ങി..

ലീല എത്രയോ മുന്‍പ് തന്റെ വീട്ടില്‍ മരുമകളായി വരേണ്ടതായിരുന്നു. ഇത്രയും നല്ലൊരു മരുമകളെ താന്‍ ഒഴിവാക്കാന്‍ എത്രത്തോളം ശ്രമിച്ചു. എന്നിട്ടും ദൈവം അവളെ എനിക്കുതന്നെ തന്നു. അവള്‍ ഈ കുടുംബത്തിന്റെ കെടാവിളക്കാണ്. മഹാപോക്കിരിയായ പ്രതാപനു പോലും എന്തൊരു മാറ്റമാണുണ്ടായത്.

കൊച്ചുപെണ്ണ് കടയിലേക്കുള്ള പലഹാരങ്ങളുമായി പോകുമ്പോഴാണ് പ്രതാപന്‍ വിളിച്ചത്…

‘അമ്മേ ഒന്നു നിന്നേ..’

‘എന്താടാ..’

‘ലീലയ്ക്ക് ഒരു നടുവേദന, ഇന്നലെ രാത്രി തുടങ്ങിയതാ..’

‘അയ്യോ.. എന്റെ മോള്‍ക്കെന്തുപറ്റീ…?’

കൊച്ചുപെണ്ണിനെ കണ്ടതോടെ ലീലയുടെ കരച്ചില്‍ ഒന്നുകൂടി വര്‍ധിച്ചു… കൊച്ചുപെണ്ണ് ലീലയുടെ പുറത്ത് കുഴമ്പ് പുരട്ടിക്കൊടുത്തു. പക്ഷെ, ലീലയുടെ കരച്ചില്‍ കുറഞ്ഞില്ല…

‘അയ്യോ.. വേദന കാലിലേക്കു കയറുന്നു.. അയ്യോ… എന്റെ അമ്മേ… എനിക്കു വയ്യായേ..’

കൊച്ചുപെണ്ണ് ലീലയുടെ കാലിലും തടവി..

പ്രതാപന്‍ ചോദിച്ചു: ‘അല്ല, അമ്മയെന്തിനാ അവളുടെ കാലുപിടിക്കുന്നത്? എന്തെങ്കിലും കാര്യം കാണാനാണെങ്കില്‍ എന്നോടു പറഞ്ഞാല്‍ പോരെ…?’

കൊച്ചുപെണ്ണ് പെട്ടെന്നു കൈ പിന്‍വലിച്ചു. പ്രതാപന്റെ പൊട്ടിച്ചിരിക്കൊപ്പം ലീലയും ചേര്‍ന്നു. അവള്‍ എഴുന്നേറ്റിരുന്നപ്പോള്‍ രണ്ടുപേരും ചേര്‍ന്നു തന്നെ പറ്റിക്കുകയാണെന്ന് കൊച്ചുപെണ്ണിന് ബോധ്യമായി. അന്നു മുഴുവനും കൊച്ചുപെണ്ണ് മുഖം വീര്‍പ്പിച്ചിരുന്നു..

പിറ്റേന്ന് ലീല കൊച്ചുപെണ്ണിനെ തേന്‍ പുരട്ടിയ മട്ടില്‍ വിളിച്ചു: ‘ അമ്മേ..’

കൊച്ചുപെണ്ണിന് പെട്ടെന്നു ദേഷ്യം ചുരത്തിവന്നു..

‘അമ്മേ ഇന്നലെ തടവിത്തന്നതു കൊണ്ടാ എന്റെ നടുവേദന പെട്ടെന്നു കുറഞ്ഞത്. അമ്മയ്ക്കു നല്ല കൈപ്പുണ്യമുണ്ട്. പിന്നെ മരുന്നിന്റെ ഗൊണവുമുണ്ട്. പാരമ്പര്യ മര്‍മചികിത്സക്കാരുടെ കുഴമ്പാ..’

‘വേണ്ടാ, നീയെന്നെ കളിയാക്കിയതാ.. ഇഞ്ചക്കാടന്റെയല്ലേ മോള്… ഞാനത്ര പൊട്ടിയൊന്നുമല്ല..’

‘അയ്യോ,, അമ്മ എന്നെ തെറ്റിദ്ധരിച്ചതാ.. അമ്മ എന്റെ ഇക്കിളിയുള്ള ഭാഗത്ത് തൊട്ടപ്പോഴാ ഞാന്‍ ചിരിച്ചത്.. അവിടെ തൊട്ടാല്‍ ആര്‍ക്കാ ഇക്കിളി വരാത്തത്..’

കൊച്ചുപെണ്ണിന് അത് ശരിയാണെന്നു തോന്നി. കുഴമ്പിട്ട് എളിഭാഗത്ത് കൈയ്യോടിച്ചാല്‍ ആര്‍ക്കാണെങ്കിലും ഇക്കിളി വരും. വെറുതെ താന്‍ ലീലയെ തെറ്റിദ്ധരിച്ചു..

ഒരു മന്ദഹാസത്തോടെ കൊച്ചുപെണ്ണ് ലീലയുമായുള്ള സൗഹൃദം പുനഃസ്ഥാപിച്ചു…

Generated from archived content: kanni29.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here