This post is part of the series കണ്ണികള്‍
Other posts in this series:
കോന്നന്‍ കുട്ടി മെറ്റല്‍ കൂമ്പാരത്തിനു മുകളില്‍ കിടന്നുകൊണ്ട് ആലോചിച്ചു. എത്ര വലിയ അബദ്ധമാണ് തനിക്കു പറ്റിയത്. അച്ഛനോടും സഹോദരങ്ങളോടും പടവെട്ടിയാണ് ഓഹരി വാങ്ങിച്ചെടുത്തത്. കടം കയറിയ കുടുംബസ്വത്ത് ലേലത്തില്‍ പോകുന്ന ഘട്ടം വന്നപ്പോള്‍ ഓരോരുത്തരും സ്വന്തം നിലനില്‍പ്പിനായി പൊരുതി. അവിടെ സ്വന്തബന്ധങ്ങള്‍ പ്രശ്‌നമായിരുന്നില്ല. ഒരു സഹോദരന്‍ മറ്റൊരു സഹോദരന് ശത്രുവായി. അമ്മമാരും മക്കളും തമ്മില്‍ അകന്നു. അച്ഛന്‍ എല്ലാവര്‍ക്കും പൊതുശത്രുവായി മാറി. ഇനി ഒന്നും കണ്ടില്ല, കേട്ടില്ല എന്നു നടിക്കാന്‍ വയ്യ. മതി അച്ഛന്റെ ഭരണം. ഉള്ളതു പങ്കിട്ടു തന്നാല്‍ എവിടെയെങ്കിലും പോയി എങ്ങനെയെങ്കിലും ജീവിക്കാമായിരുന്നു.
പങ്കിടണം എന്ന ആശയത്തോട് എല്ലാവരും യോജിച്ചു. അച്ഛന്റെ വിഷയലമ്പടത്വം മക്കളില്‍ അത്രയ്ക്ക് അമര്‍ഷം സൃഷ്ടിച്ചിരുന്നു.
രാമന്റെയും മാധവിയുടെയും തടവറയില്‍ നിന്ന് അച്ഛനെ രക്ഷപെടുത്തിക്കൊണ്ടുവരാനുള്ള മക്കളുടെ ശ്രമം വിജയിച്ചില്ല. എതിര്‍ക്കുന്തോറും അച്ഛന് മാധവിയോടുള്ള വിധേയത്വം കൂടിക്കൂടി വന്നു. അവസാനം മാധവി തന്നെ ചിരുകണ്ടന്റെ മുന്നില്‍ വാതില്‍ കൊട്ടിയടച്ചു.
കോന്നന്‍കുട്ടിയുടെ കൈയില്‍ ഓഹരികിട്ടിയതും പണിയെടുത്തു സമ്പാദിച്ചതുമായ മൂവായിരത്തിയഞ്ഞൂറോളം രൂപയുണ്ടായിരുന്നു. നിത്യചെലവിനുള്ള പണം പോലും തരാതെയാണ് കണ്ണു പണം വാങ്ങിച്ചെടുത്തത്. അതിനുശേഷം ഇന്നുവരെ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. കടയില്‍വച്ചു കണ്ടാല്‍ കണ്ട ഭാവം പോലും നടിക്കില്ല.
ഇതെന്തു മനുഷ്യന്‍? ഈ മനുഷ്യന് മനഃസാക്ഷി എന്നൊന്നില്ലേ? തന്റെ കൈയില്‍ നിന്നു എന്ത് അവകാശം കാണിച്ചാണ് പണം വാങ്ങിയത്? മകളുടെ ഭര്‍ത്താവ് എന്നാല്‍ മകന്‍ തന്നെയല്ലേ..? പണം വാങ്ങുമ്പോള്‍ മകളുടെ ഭര്‍ത്താവ്. അതിനു ശേഷം താന്‍ ആരാണ്…
വിശന്നു പ്രാണന്‍ പൊരിയുകയാണ്. ഇന്ന് ഒരു തുള്ളി വെള്ളം പോലും കഴിച്ചിട്ടില്ല. ശരീരത്തിന് നന്നേ തളര്‍ച്ചയുണ്ട്… കോന്നന്‍കുട്ടി ഭാര്യാവീട്ടിലേക്കു നോക്കി… സുഭദ്രയുടെ മുറിയില്‍ വെളിച്ചമുണ്ട്. അവളെ ഒരു നോക്കു കാണാനും ഒന്നു മിണ്ടാനും മനസ് കൊതിച്ചു… അവളുടെ മനോഭാവം എങ്ങനെയായിരിക്കും? ആ മനസില്‍ തനിക്ക് സ്ഥാനമുണ്ടാകുമോ… അച്ഛന്‍ തന്റെ കൈയില്‍ നിന്നു പണം വാങ്ങിയത് അവള്‍ അറിഞ്ഞിരിക്കില്ലേ?
സുഭദ്ര പുറത്തേയ്ക്കിറങ്ങുന്നത് കോന്നന്‍ കുട്ടി കണ്ടു. അല്‍പം കഴിഞ്ഞപ്പോള്‍ അവള്‍ ഇളംതിണ്ണയില്‍ വന്നുനിന്ന് താന്‍ നില്‍ക്കുന്നയിടത്തേയ്ക്കു നോക്കുന്നതും കണ്ടു.
തന്നയാണോ അവള്‍ നോക്കുന്നത്? ഇനിയെങ്കിലും ഭര്‍ത്താവെന്ന സ്ഥാനം നല്‍കാന്‍ അവള്‍ തയാറാണോ..? ഒരു പുരുഷനും കാണിക്കാത്തവണ്ണം താന്‍ ക്ഷമിച്ചിട്ടുണ്ട്. ഈ വിരഹത്തിന് എന്നെങ്കിലും ഒരു അന്ത്യം വേണ്ടേ? സുഭദ്രയുടെ വീട്ടിലെ സാഹചര്യങ്ങള്‍ ഇപ്പോള്‍ ഏറ്റവും മോശമാണ്.. ആ വീട്ടില്‍ നിന്നു രക്ഷപെടാന്‍ അവള്‍ക്കു മോഹമുണ്ടാകില്ലേ..? തന്റെ സ്‌നേഹം അവള്‍ മനസിലാക്കാതിരിക്കുമോ..?
സുഭദ്ര എന്തോ ആംഗ്യം കാണിച്ചതുപോലെ കോന്നന്‍ കുട്ടിക്കു തോന്നി. പെട്ടെന്നുണ്ടായ ആവേശത്തള്ളിച്ചയില്‍ കോന്നന്‍കുട്ടി മെറ്റല്‍ കൂമ്പാരത്തില്‍ നിന്നു ശരവേഗത്തില്‍ താഴേക്കു ഊര്‍ന്നിറങ്ങി. താഴെ എത്തിയ ശേഷം കോന്നന്‍കുട്ടി സുഭദ്ര നിന്ന ഭാഗത്തേയ്ക്കു നോക്കി. ഇല്ല, അവള്‍ അവിടെയില്ല… ഒരു നിമിഷം ചന്തിച്ച ശേഷം ധൈര്യം അവലംബിച്ച് കോന്നന്‍ കുട്ടി അങ്ങോട്ടു നടന്നു.
വീടിന്റെ മുമ്പിലെ റാന്തല്‍ വിളക്ക്, അവിടെ നിന്നിരുന്ന പ്രതാപനെ അയാള്‍ക്കു കാട്ടിക്കൊടുത്തു. പ്രതാപന്‍ കോന്നന്‍കുട്ടിയെ സൂക്ഷിച്ചു നോക്കി.. കോന്നന്‍ കുട്ടി പ്രതാപനെയും. ഒന്നു രണ്ടു നിമിഷം ഇരുവരുടെയും നോട്ടം ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ചു നിന്നു.
മുമ്പ് നടന്ന കൈയേറ്റത്തിന്റെ ഓര്‍മ കോന്നന്‍ കുട്ടിയുടെ മനസിലേക്ക് ഇരച്ചുവന്നു. വേണ്ട- ഒരു ഏറ്റുമുട്ടല്‍ വേണ്ട… അതിനുള്ള ശാരീരികവും മാനസികവുമായ കരുത്ത് ഇപ്പോള്‍ തനിക്കില്ല.. കോന്നന്‍ കുട്ടി തിരിച്ചു നടന്നു..
മെറ്റല്‍ കൂമ്പാരത്തിനു മുകളില്‍ മലര്‍ന്നു കിടക്കുമ്പോള്‍ കോന്നന്‍കുട്ടി കരയുകയായിരുന്നു. തന്റെ ഭീരുത്വം തന്നെ തോല്‍പ്പിക്കുകയാണ് എന്ന് അയാള്‍ തിരിച്ചറിഞ്ഞു. ഇപ്രാവിശ്യം പ്രതാപന്‍ തന്നോട് പ്രകോപനം ഒന്നും കാട്ടിയില്ല. മുഖത്തോടു മുഖം കണ്ടപ്പോള്‍ തനിക്ക് ഒന്നുചിരിക്കാന്‍ പോലും കഴിഞ്ഞില്ല. പ്രതാപനില്‍ നിന്നു സ്‌നേഹപൂര്‍വമായ ഒരു നോട്ടം പോലും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പ്രതാപന്‍ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനായ ഒരു മനുഷ്യനാണ്. സംസാരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് താന്‍ തന്നെയായിരുന്നു.
തീപിടിച്ച വയറുമായാണ് കോന്നന്‍ കുട്ടി പുലര്‍ച്ചെ എഴുന്നേറ്റത്. ഇന്ന് എന്തെങ്കിലും ഭക്ഷണം കഴിക്കാതെ വയ്യ. ധൈര്യമായി കടയിലേക്ക് കയറിച്ചെല്ലുക തന്നെ. ഒന്നുമില്ലെങ്കിലും തന്റെ മൂവായിരത്തി മൂന്നൂറ് രൂപ അമ്മായിയച്ഛന്റെ കൈവശമുണ്ടല്ലോ…
രണ്ടു കഷ്ണം പൂട്ടും കടലക്കറിയും പപ്പടവും കോന്നന്‍ കുട്ടി ഓര്‍ഡര്‍ ചെയ്തു. കൊച്ചുപെണ്ണുതന്നെയാണ് ഇവ കോന്നന്‍ കുട്ടിക്കു വിളമ്പിയത്. മകളുടെ ഭര്‍ത്താവ് എന്ന നിലയ്ക്ക് ഒരു പരിചയവം കൊച്ചു പെണ്ണ് കാണിച്ചില്ല.
ചായകുടി കഴിഞ്ഞ് കോന്നന്‍ കുട്ടി കണ്ണുവിന്റെ മേശക്കരികിലേക്ക് ചെന്നു. അപ്പോള്‍ കൊച്ചുപെണ്ണ് വിളിച്ചു പറഞ്ഞു..’ മൂന്നണ’
‘പറ്റിലെഴുതിക്കോ..’ -കോന്നന്‍ കുട്ടി പറഞ്ഞു.
രൂക്ഷമായി നോക്കി കണ്ണു ചോദിച്ചു..’ നിനക്കിവിടെ പറ്റില്ലല്ലോ….’
‘ഇല്ല’
‘ പിന്നെ എവിടെ എഴുതും..?’
‘പുതിയ പറ്റായിട്ടു മതി..’
‘ആ ഏര്‍പ്പാട് ഇവിടെയില്ല..’
‘എന്റെ കൈയില്‍ നിന്നു കാശു മേടിച്ചിട്ടുണ്ടല്ലോ.. അതില്‍ കുറവു ചെയ്‌തോ..’
‘ആരു കാശു മേടിച്ചു..’
ചോദ്യം കേട്ട് ഒരു നിമിഷം കോന്നന്‍കുട്ടി പകച്ചു പോയി.. ഏറെ പണിപ്പെട്ട് തൊണ്ടയില്‍ കുടുങ്ങിയ വാക്കുകള്‍ കോന്നന്‍കുട്ടി പുറത്തെടുത്തു.. ‘ അച്ഛന്‍ .. അച്ഛനാ വാങ്ങിയത്..’
‘ഫ്ഭാ.. ആരാടാ നിന്റെ അച്ഛന്‍..’
തര്‍ക്കം കടയിലിരുന്ന പലരും ശ്രദ്ധിക്കാന്‍ തുടങ്ങി.. ദേഷ്യവും സങ്കടവും കൊണ്ട് കോന്നന്‍കുട്ടി വിറച്ചു..
‘ ഞങ്ങളുടെ നാട്ടില് ഭാര്യയുടെ അച്ഛനെ ‘ അച്ഛാ’ എന്നാണു വിളിക്കാറുള്ളത്.. അത് തനിക്കു കൊറച്ചിലായി തോന്നുന്നുണ്ടെങ്കില്‍ തനിക്കു പറ്റിയ പേരു തന്നെ വിളിക്കാം… ചെറ്റ… ഏടോ ചെറ്റേ… താനല്ലേ കഴിഞ്ഞ ദിവസം രാത്രീല് എന്റടുത്തു വന്നു കാശുമേടിച്ചത്. ആ കാശല്ലെടോ കൊച്ചിനെ കൊന്ന കേസ് ഒതുക്കാന്‍ സ്‌റ്റേഷനില്‍ കൊടുത്തത്..’
കോന്നന്‍ കുട്ടിയില്‍ നിന്നു കണ്ണു ഇത്രയും പ്രതീക്ഷിച്ചില്ല. .പറഞ്ഞുവന്നപ്പോള്‍ കോന്നന്‍കുട്ടിയുടെ എല്ലാ നിയന്ത്രണങ്ങളും അറ്റുപോയി.. പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു പഠിച്ച സകല തെറികളും ക്രൂരമായിത്തന്നെ കണ്ണുവിന് നേര്‍ക്കു പ്രയോഗിച്ചു..
കൊച്ചുപെണ്ണ് കോന്നന്‍ കുട്ടിയുടെ നേര്‍ക്ക് ചൂലുമായി ചാടിവീണു. അടി വരുന്നത് കണ്ടപ്പോള്‍ കോന്നന്‍ കുട്ടി ഒഴിഞ്ഞുമാറി. അടി കിട്ടിയത് കണ്ണുവിനായിരുന്നു. അപ്പോഴെയ്ക്കും പ്രകാശനും രംഗത്തെത്തി.. അവരെല്ലാം കൂടി കോന്നന്‍കുട്ടിയെ ശരിക്കു മര്‍ദിച്ചു. കോന്നന്‍ കുട്ടി കൈയില്‍ കിട്ടിയതെല്ലാമെടുത്ത് അവരെ നേരിട്ടു. കടയുടെ ചില്ലലമാരികളഉും മിഠായി ഭരണികളും തകര്‍ന്നു. പഴക്കുലകള്‍ ചതഞ്ഞു തെറിച്ചു.. പ്രകാശന്റെ അടിയില്‍ കോന്നന്‍കുട്ടി ബോധം കെട്ടുവീണു. എല്ലാവരും കൂടി വീട്ടുവളപ്പിലെ തെങ്ങില്‍ കോന്നന്‍ കുട്ടിയെ കെട്ടിയിട്ടു..
പകല്‍മുഴുവന്‍ കോന്നന്‍കുട്ടി ബന്ധനത്തില്‍ കിടന്നു. അയാളെ അഴിച്ചുവിടാനോ ഒരു തുള്ളി വെള്ളം കൊടുക്കാനോ ആരുമുണ്ടായില്ല. സുഭദ്രയും തിരിഞ്ഞുനോക്കിയില്ല. രാത്രി ഏറെ ചെന്നപ്പോള്‍ ഒരനക്കം കേട്ട് കോന്നന്‍കുട്ടി ഞെട്ടിയുണര്‍ന്നു. ആരോ തന്റെ അടുത്തേയ്ക്കു വരുന്നുണ്ട്…
‘ മോനേ പേടിക്കേണ്ടാ.. ഇതു ഞാനാ…’
ഇഞ്ചക്കാടന്റെ സ്വരം കോന്നന്‍കുട്ടി തിരിച്ചറിഞ്ഞു.
ഇഞ്ചക്കാടന്‍ കോന്നന്‍കുട്ടിയുടെ കെട്ടഴിച്ചു. അയാളെ പിടിച്ചെഴുന്നേല്‍പ്പിച്ചു വീട്ടുവളപ്പിന്റെ പുറത്തെത്തിച്ചു. അവിടെ സുഭദ്രയും നില്‍പ്പുണ്ടായിരുന്നു.. ഇരുട്ടിന്റെ മറപറ്റി മൂവരും ഇഞ്ചക്കാടന്റെ വീട്ടിലേക്കു നടന്നു. ആരു പരസ്പരം ഉരിയാടിയില്ല. എന്നാല്‍ മൂന്നുപേരും സ്വയം ചോദിക്കുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയുമായിരുന്നു.
കോന്നന്‍കുട്ടിയെയും സുഭദ്രയെയും എവിടെ പാര്‍പ്പിക്കും എന്നതായിരുന്നു ഇഞ്ചക്കാടന്റെ ചിന്ത. രണ്ടുപേരും ഇടത്തരം ചുറ്റുപാടില്‍ ജീവിച്ചവരാണ്. രണ്ടുപേര്‍ക്കും നല്ല വീടുണ്ടായിരുന്നു. പക്ഷെ, തന്റെ സ്ഥിതി അതാണോ.. തന്റേത് വീടെന്നു പറയാമോ… ? വെറും ഓലക്കീറ് കൊണ്ട് കുത്തിമറച്ചത്. തൊഴുത്ത് ഇതിനേക്കാളും എത്ര ഭേദമാണ്. അന്നന്നത്തെ ആഹാരത്തിനു വേണ്ടിയുള്ള ഓട്ടത്തിനിടെ ഒന്നും നേടാന്‍ കഴിഞ്ഞില്ല.. നിരന്തരമായ പട്ടിണിയും രോഗവും മൂലം ഭാര്യ മരിച്ചു. മകള്‍ നിത്യനരകത്തില്‍പ്പെട്ടു വിഷമിക്കുന്നതു കണ്ടപ്പോള്‍ ഒരു പിതാവിനു നിരക്കാത്ത പ്രവൃത്തി ചെയ്യേണ്ടതായി വന്നു. കോന്നന്‍ കുട്ടിയും സുഭദ്രയും തന്റെ പ്രവൃത്തി നേരില്‍ കാണുമ്പോള്‍ എങ്ങനെ പ്രതികരിക്കും? പക്ഷെ, ആരെന്തു വിചാരിച്ചാലും താന്‍ ഒരു പിതാവാണ്. ജീവിതത്തിന്റെ അവസാന ഖണ്ഡത്തില്‍ എത്തിനില്‍ക്കുന്ന ഒരു പിതാവ്. നിസഹായനും ദുര്‍ബലനുമായ പിതാവ്. മകളെ ഒരാണിന്റെ കൈ പിടിച്ചു കൊടുക്കുക എന്ന കടമ തൃപ്തിയോടെയല്ലെങ്കിലും ചെയ്യേണ്ടി വന്നു.
കോന്നന്‍ കുട്ടി വിചാരിച്ചു- എവിടേയ്ക്കാണീ ഈ പോക്ക്. വിവാഹിതനാണെങ്കിലും ഇന്നലെ വരെ ഒറ്റത്തടിയായിരുന്നു. താന്‍ സ്വപ്‌നം കണ്ടിരുന്ന ഭാര്യയുമൊത്തുള്ള ജീവിതം ഇതാ നടപ്പിലാകുന്നു. പക്ഷെ അപ്പോഴെയ്ക്കും താന്‍ ദരിദ്രനായിരിക്കുന്നു. കൈയില്‍ ഒരു ചില്ലിക്കാശു പോലുമില്ല. വിശക്കുമ്പോള്‍ ഭാര്യക്ക് തിന്നാന്‍ എന്തു വാങ്ങിക്കൊടുക്കും? രോഗം വന്നാല്‍ ചികിത്സിക്കേണ്ടേ..? ഉടുക്കാന്‍ തുണി വാങ്ങിക്കൊടുക്കേണ്ടേ..? എല്ലാത്തിനുമുപരി എവിടെ താമസിക്കും? ഭാര്യയില്ലെങ്കില്‍ ഏതെങ്കിലും പീടികത്തിണ്ണയില്‍ കിടക്കാം.. ഇപ്പോള്‍ അതല്ലെല്ലോ സ്ഥിതി..
അടുത്ത നിമിഷം കോന്നന്‍ കുട്ടിയുടെ മനസില്‍ ആത്മവിശ്വാസത്തിന്റെ വെള്ളിവെളിച്ചം വീണു. വിദഗ്ധനായ ഒരു ഡ്രൈവര്‍ക്ക് എന്താണ് പേടിക്കാനുള്ളത്? എവിടെച്ചെന്നാലും പണി കിട്ടും. ‘കൃഷ്ണ’ ബസില്‍ നിന്നു പിരിയുമ്പോള്‍ മുതലാളി പറഞ്ഞതാണ്- ‘ കോന്നന്‍ കുട്ടി എന്തിനാ പോകുന്നത്? ഇവിടെ എന്നും പണിയെടുക്കാം..’
പക്ഷെ താനതു കേട്ടില്ല.. ചെറായി പാലംപണി കാണാന്‍ ചെന്നപ്പോള്‍ സുഭദ്രയെ കണ്ടു. ഭാര്യയെ എന്നും കണ്ടുകൊണ്ടിരിക്കാന്‍ കൊതി തോന്നി. അപ്പോള്‍ കൈയില്‍ കാശുമുണ്ടായിരുന്നു. അതുകൊണ്ട് കൂടുതല്‍ ചിന്തിച്ചില്ല..
കുറ്റബോധം കൊണ്ടും ലജ്ജയാലും ഉള്ളാലെ തേങ്ങി കരഞ്ഞുകൊണ്ടാണ് സുഭദ്ര നടന്നിരുന്നത്. വിവാഹം കഴിഞ്ഞപ്പോള്‍ മുതലുള്ള ഓരോ രംഗങ്ങളും അവളുടെ മനസില്‍ ഒരു ചലച്ചിത്രം പോലെ മിന്നി മറഞ്ഞു. ഒരു ഭാര്യയുടെ കടമ താന്‍ നിര്‍വഹിച്ചിരുന്നോ? ഭര്‍ത്താവിനോട് ഇന്നുവരെ സ്‌നേഹമായി പെരുമാറിയോ.. ? അമര്‍ഷം നിറഞ്ഞ നോട്ടമേ ഇതുവരെ പ്രകടിപ്പിച്ചിട്ടുള്ളൂ. തന്റെ കുടുംബവും എത്ര നികൃഷ്ടമായാണ് ഭര്‍ത്താവിനോട് പെരുമാറിയത്… എല്ലാം ഏറ്റുപറഞ്ഞ് ആ കാല്ക്കല്‍ വീഴണം. കണ്ണീരു കൊണ്ട് ആ പാദങ്ങള്‍ കഴുകണം. മനസില്‍ മൂടിക്കെട്ടി നിന്നിരുന്ന എല്ലാ പാപക്കറകളും കരഞ്ഞ് കഴുകിക്കളയണം..
ഓലക്കീറ്‌കൊണ്ടു കെട്ടിമറച്ച ഇഞ്ചക്കാടന്റെ വീടിനു മുന്നില്‍ മൂവരും എത്തി.
‘മോളേ.. ലീലേ..’- ഇഞ്ചക്കാടന്‍ വിളിച്ചു.
അകത്ത് മണ്ണെണ്ണ വിളക്ക് തെളിഞ്ഞു… ഓലക്കീറിന്റെ വാതില്‍ തുറന്ന് ക്ഷീണിതയെങ്കിലും സുന്ദരിയായ ഒരു യുവതി പുറത്തേയ്ക്കു വന്നു. കുലീനമായ ഒരു പുഞ്ചിരിയോടെ അവള്‍ അതിഥികള്‍ക്കു സ്വാഗതമരുളി..
‘ഇതാണെന്റെ മോള്.. ലീല..’- ഇഞ്ചക്കാടന്‍ പരിചയപ്പെടുത്തി.. ‘ ഇനി ഒരാള്‍ കൂടിയുണ്ട്… ഇവളുടെ ഭര്‍ത്താവ്, ആളെ കണ്ടാല്‍ നിങ്ങള്‍ അതിശയിക്കും..’
ഇഞ്ചക്കാടന്‍ അകത്തേയ്ക്കു നോക്കി വിളിച്ചു…. ‘ മോനേ..’
ഒരു നവോഢയെപ്പോലെ ലജ്ജിച്ചു തലതാഴ്ത്തി പുറത്തുവന്ന ആളെ കണ്ടപ്പോള്‍ കോന്നന്‍ കുട്ടിയും സുഭദ്രയും ശരിക്കും അത്ഭുതപ്പെട്ടു..
പ്രതാപന്‍!
‘പ്രതാപന്‍ ഇപ്പോള്‍ പഴയ പ്രതാപനല്ല.. ശരിക്കും മാറിപ്പോയി… പ്രതാപനാണ് നിങ്ങളെ കൂട്ടിക്കൊണ്ടുവരാന്‍ പറഞ്ഞത്’
ഇഞ്ചക്കാടന്റെ വാക്കുകളെ ശരിവയ്ക്കും വിധം പ്രതാപന്‍ പറഞ്ഞു.. ‘ വാ, നമുക്ക് അകത്തിരുന്നു സംസാരിക്കാം.. ലീലേ.. നീ വേഗം ചോറു വിളമ്പ്..’
ഒരു പുതിയ ലോകം മലര്‍ക്കെ തുറന്നിട്ടുകൊണ്ട് അതിന്റെ അവകാശികളാകാന്‍ ക്ഷണിക്കുന്നതു പോലെ കോന്നന്‍കുട്ടിക്കും സുഭദ്രയ്ക്കും തോന്നി.
Generated from archived content: kanni28.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ – അധ്യായം 29
Click this button or press Ctrl+G to toggle between Malayalam and English