This post is part of the series കണ്ണികള്‍
Other posts in this series:
കൊച്ചുപെണ്ണിനും കണ്ണുവിനും കോപം അടക്കാന്‍ കഴിഞ്ഞില്ല. ജനിച്ചയുടന്‍ എത്രയോ കുഞ്ഞുങ്ങള്‍ മരിക്കുന്നു. അത് കൊലപാതകമെന്നോ സ്വാഭാവിക മരണമെന്നോ ആരും തിരക്കാറില്ല. പിന്നെ എന്തുകൊണ്ടാണ് തങ്ങളുടെ കാര്യത്തില്‍ പൊലീസ് ഇത്തരം അന്വേഷണം നടത്തിയത്? വയറ്റാട്ടി തള്ളയാണു പരാതിക്കാരിയെന്നു കരുതാന്‍ വയ്യ. അവര്‍ക്കു പൊലീസ് സ്റ്റേഷനില്‍ ചെന്നു പരാതി കൊടുക്കാന്‍ വേണ്ടും തന്റേടം ഇല്ല. പിന്നെ ആരായിരിക്കും?
മാക്കോതയും മകന്‍ ഡോക്റ്ററും ഇടപെട്ടില്ലായിരുന്നെങ്കില്‍ കൊലക്കേസായി മാറുമായിരുന്നു. കൊലക്കേസാകുമ്പോള്‍ ജീവപര്യന്തം തടവോ വധശിക്ഷയോ തന്നെ വന്നേക്കാം. അക്കാര്യങ്ങള്‍ വിശദീകരിച്ചു കേട്ടപ്പോഴാണ് ശരിക്കും നടുങ്ങിയത്. കൊച്ചുപെണ്ണിനെ ഒന്നാം പ്രതിയും പ്രകാശനെ രണ്ടാം പ്രതിയും കണ്ണുവിനെ മൂന്നാം പ്രതിയും ആക്കുന്ന തരത്തിലായിരുന്നു കേസിന്റെ ഫ്രെയ്മിങ്. എല്ലാം കേട്ടപ്പോള്‍ കൊച്ചുപെണ്ണ് സ്റ്റേഷനില്‍ ബോധംകെട്ടുവീണു.
കേസ് എങ്ങനെയെങ്കിലും ഒതുക്കണം. അതിന് എന്തു ചെലവ് വന്നാലും പരിഹാരം ഉണ്ടാക്കണം. മധ്യസ്ഥ ശ്രമങ്ങള്‍ മുറുകിയപ്പോള്‍ ചില വ്യവസ്ഥകള്‍ മുന്നോട്ടുവന്നു. ജില്ലാ പൊലീസ് സൂപ്രണ്ടിന് അയ്യായിരം, സര്‍ക്കിളിനും സബ്ബിനും കൂടി അയ്യായിരം, ഏഴു പൊലീസുകാര്‍ക്കും കൂടി മൂവായിരത്തിയഞ്ഞൂറ്, ഡോക്റ്റര്‍ക്ക് മൂവായിരം.
വിലപേശലിനിടയില്‍ തുക അല്‍പം താന്നു. മൊത്തം പന്തീരായിരം രൂപ..
ഇത്രയും പണം എങ്ങനെയുണ്ടാക്കും?
നാണുക്കുട്ടന്റഎ പറമ്പിനോട് ചേര്‍ന്ന് കണ്ണുവിന് കുറച്ചു സ്ഥലമുണ്ടായിരുന്നു. പ്രകാശന്റെ സ്ത്രീധനം കിട്ടിയ തുകകൊണ്ട് വാങ്ങിയതായിരുന്നു. വില്‍ക്കാമെന്നു കരുതിയപ്പോള്‍ ആര്‍ക്കും വേണ്ട. നാട്ടിലുള്ള ധനവാന്മാരെ അവരുടെ വീട്ടില്‍ ചെന്നു കണ്ടു്. എല്ലാവരും കൈയൊഴിഞ്ഞു. ഒന്നാമത് ചോദിക്കുന്ന വില കൂടുതലാണ്. രണ്ടാമത് പറമ്പിന് പണം മുടക്കുന്നതില്‍ കാര്യമില്ല. കണ്ടം ആണെങ്കില്‍ കൃഷി ചെയ്യാം. അതു കഴിഞ്ഞ് ചെമ്മീന്‍ കെട്ടിനും കൊടുക്കാം. ഇരട്ടി ലാഭം കിട്ടും.
നാട്ടിലെ പ്രധാന പണക്കാരനാണ് ഇട്ടിയച്ചന്‍. കണ്ണുവും ഇഞ്ചക്കാടനും കൂടി അദ്ദേഹത്തെ പോയി കണ്ടു. ഏതു പാതിരാത്രിയിലും ഇട്ടിയച്ചന്റെ പെട്ടിയില്‍ ഒരു ലക്ഷം രൂപ എടുക്കാനുണ്ടാകുമെന്നാണ് കേള്‍വി.
കണ്ണു ഇട്ടിയച്ചനെ താണു തൊഴുതു..
‘ എന്താ?’- ഇട്ടിയച്ചന്‍ സൗമനസ്യത്തോടെ ചോദിച്ചു.
‘രക്ഷിക്കണം.. വേറെ മാര്‍ഗമൊന്നും കാ്ണാത്തതു കൊണ്ടാണ് ഇവിടെ വന്നത്..’
‘കാര്യം പറയ്’
‘ അത്… അത് ..’- കണ്ണുവിന്റെ വാക്കുകള്‍ ഗദ്ഗദം കൊണ്ട് തൊണ്ടയില്‍ തടഞ്ഞുപോയി..
ഇഞ്ചക്കാടന്‍ പൂരിപ്പിച്ചു… – ‘ പെട്ടെന്ന് ഇത്തിരി പണത്തിന് ആവശ്യം വന്നു’
‘ഈട് കൊണ്ടുവന്നിട്ടുണ്ടോ…?’
‘ വസ്തുവിന്റെ ആധാരമുണ്ടേ..’
‘എത്ര ഭൂമിയുണ്ട്’
‘അമ്പത് സെന്റ്’
‘എവിടെയാ ഭൂമി..?’
‘അയ്യമ്പിള്ളീലാ..’
‘എത്രരൂപയാ വേണ്ടത്?’
‘ പന്തീരായിരം രൂപ’
‘ പന്തീരായിരം രൂപയോ.. രണ്ടായിരം രൂപയുടെ മൊതലിന് പന്തീരായിരം രൂപയോ.. ചോദിക്കുന്നതിന് ഔചിത്യം വേണ്ടേ..?’
‘ആവശ്യക്കാരന് ഔചിത്യമില്ലില്ലോ മൊതലാളി.. മൊതലാളി എങ്ങനെം ഒന്നു സഹായിക്കണം’- ഇഞ്ചക്കാടന്‍ കണ്ണുവിനു വേണ്ടി അപേക്ഷിച്ചു.
‘ഞാന്‍ അല്‍പം കൂടി ഭേദപ്പെടുത്തി തരാം.. രണ്ടായിരത്തി അഞ്ഞൂറു രൂപ തന്നേക്കാം’
‘അയ്യോ, അതു പോരാ… പന്തീരായിരം രൂപ തന്നെ വേണം.. നാളെ ഒരാവശ്യത്തിനു കൊടുക്കാനാ..’
‘നിങ്ങളുടെ അത്യാവശ്യത്തിന് ഞാനെന്തിനാ പണം തരുന്നത്? ഈ ഭൂമി നിങ്ങളെടുത്തുത് സെന്റിന് നാല്‍പതു രൂപ വച്ചല്ലേ..?’
‘പക്ഷെ മൊതലാളീ..’
‘വേറൊന്നും എനിക്കു പറയാനില്ല..?’- ഇട്ടിയച്ചന്‍ എഴുന്നേറ്റു.
ഇനിയിപ്പോ എന്തു ചെയ്യും? കണ്ണുവിന്റെ കണ്ണുകളില്‍ ഇരുട്ട് വ്യാപിക്കുകയായിരുന്നു. ചുറ്റും കറങ്ങുന്നതു പോലെ അയാള്‍ക്കു തോന്നി. അവസാന ആശ്രയവും കൈവിട്ടുപോയിരിക്കുന്നു. ഇഞ്ചക്കാടന്‍ തോളില്‍ താങ്ങുകൊടുത്ത് കണ്ണു നടന്നു.
നാളെ മധ്യസ്ഥരുടെ മു്മ്പാകെ പണമെത്തിക്കണം. പക്ഷെ, എന്തു ചെയ്യും? എല്ലാം കൂടി തപ്പിപ്പെറുക്കിയാല്‍ രണ്ടായിരം രൂപ ഒപ്പിക്കാം.. ബാക്കി പതിനായിരം രൂപ….
കണ്ണു തലതല്ലി കരഞ്ഞു. കൊച്ചുപെണ്ണിനും കരച്ചിടക്കാന്‍ കഴിഞ്ഞില്ല. തല കറങ്ങുന്നുണ്ടെങ്കിലും കണ്ണുവിന് അടങ്ങിയൊതുങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ എഴുന്നേറ്റഉ വെളിയിലേക്കു നടന്നു.
നേരം ഇരുട്ടിയിരിക്കുന്നു. പാലം പണിക്കുള്ള മെറ്റല്‍ കറുത്ത മലപോലെ തോന്നിച്ചു. അതിന്റെ ചുവട്ടിലൂടെ നടക്കുമ്പോള്‍ മുകളില്‍ ഒരാള്‍ ഇരിക്കുന്നതു കണ്ടു..
കോ്ന്നന്‍ കുട്ടി! ഇവന്‍ തിരിച്ചുവന്നോ?
കണ്ണുവിന് വലിയ ആശ്വാസം തോന്നി. അയാള്‍ ക്ലേശിച്ച് മെറ്റല്‍ കൂമ്പാരത്തിന്റെ മുകളിലേക്കു കയറി. കണ്ണു മുകളിലേക്കു കയറിവരുന്നതു കണ്ടപ്പോള്‍ കോന്നന്‍കുട്ടിക്കു സംശയമായി. എന്തെങ്കിലും കുഴപ്പം ഉണ്ടാക്കാനാണോ കാരണവരുടെ വരവ്? പക്ഷെ, താനൊരു തെറ്റും ചെയ്തിട്ടില്ല. അതുകൊണ്ട് പേടിക്കേണ്ട കാര്യവുമില്ല. വരുന്നത് വരുന്നിടത്ത് വച്ചു കാണാം.
കോന്നന്‍ കുട്ടി ധൈര്യം അവംലബിച്ച് ഞെളിഞ്ഞു നിന്നു..
‘ മോനേ..’
അപ്രതീക്ഷിതമായ ചിലമ്പിച്ച വിളികേട്ടപ്പോള്‍ കോന്നന്‍ കുട്ടി അത്ഭുതത്തോടെ നോക്കി. എന്തിനും പോന്ന ധിക്കാരിയായ തന്റെ അമ്മായിയച്ഛന്‍ തന്നെയാണോ ഈ മുന്നില്‍ നില്‍ക്കുന്നത്. ആ കണ്ണുകളില്‍ ഒരു സമുദ്രം ആര്‍ത്തിരമ്പുന്നു.
‘ പണിയെടുത്ത കൂലി ഞാന്‍ ചോദിച്ചിരുന്നില്ല. ഇന്നുവരാന്‍ മേസ്തിരി ആളെ പറഞ്ഞയിച്ചി്ട്ടു വന്നതാണ്..’
അതൊന്നും കണ്ണുവിന് അറിയേണ്ട. അറിയേണ്ടത് ഒന്നു മാത്രം കൈയില്‍ പണമുണ്ടോ..?
ഒരു ജാള്യതയും കൂടാതെ കണ്ണു ചോദിച്ചു- ‘ മോന്റെ കൈയില്‍ രൂപയുണ്ടോ..?’
ആ ചോദ്യം കോന്നന്‍ കുട്ടിയെ അത്ഭുതപ്പെടുത്തി. ചെറിയ തുക വല്ലതും ആയിരിക്കുമെന്നാണ് അയാള്‍ കരുതിയത്. അതു കൊണ്ടുതന്നെ പറഞ്ഞു. ‘ ഉണ്ട് .. എത്ര വേണം..’
‘ഉള്ളത് താ..’
കോന്നന്‍ കുട്ടി അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പേഴ്‌സ് പുറത്തെടുത്തു തുറന്നു. അതില്‍ മൂവായിരത്തില്‍പരം രൂപയുണ്ടായിരുന്നു.
ആര്‍ത്തിയോടെയാണ് കണ്ണു ആ പണം വാങ്ങിയത്. അയാള്‍ പണവുമായി വീട്ടിലേക്കു ഓടുകയായിരുന്നു.
പുറകില്‍ നിന്നു കോന്നന്‍ കുട്ടി വിളിച്ചു ചോദിച്ചു…
‘അപ്പോ.. ഞാന്‍..’
അതിനുള്ള മറുപടി കോന്നന്‍ കുട്ടിക്കു കിട്ടിയില്ല. അണ്ടി കളഞ്ഞു പോയ അണ്ണാനെപ്പോലെ അയാള്‍ ഭാര്യവീട്ടിലേക്കു നോക്കി കുറെനേരം നിന്നു. പിന്നെ മെറ്റല്‍ കൂമ്പാരത്തില്‍ മലര്‍ന്നു കിടന്ന് ആകാശവും നക്ഷത്രവും കണ്ടു.
കണ്ണുവിന്റെ വീട്ടില്‍ ആ രാത്രി ആരും ഉറങ്ങിയില്ല. നേരം വെളുത്താല്‍ മധ്യസ്ഥരുടെ മുമ്പാകെ പന്തീരായിരം രൂപ എത്തിക്കണം. ഇപ്പോള്‍ ആകെ അയ്യായിരം രൂപ ആയിട്ടുണ്ട്. പണം മുഴുവന്‍ കൊടുത്തില്ലെങ്കില്‍ കേസ് കൊലക്കേസ് ആകും.
കണ്ണു ആധാരവും കൈയിലെടുത്ത് ഇഞ്ചക്കാടനെയും കൂട്ടി ഇട്ടിയച്ചന്റെ വീട്ടിലേക്കു യാത്രയായി. എങ്ങനെയെങ്കിലും ഇട്ടിയച്ചനില്‍ നിന്നു ആവശ്യമുള്ളത്ര തുക വാങ്ങിച്ചെടുക്കണം. അതിനുള്ള തന്ത്രങ്ങള്‍ ഇഞ്ചക്കാടനുമായി ആലോചിച്ചുറപ്പിച്ചു.
വീട്ടുപടിക്കലെത്തിയപ്പോള്‍ നാലഞ്ചുപേര്‍ ഇട്ടിയച്ചനുമായി സംസാരിച്ചു നില്‍ക്കുന്നതു കണ്ടു. കണ്ണുവിന് ആശ്വാസമായി. ഇട്ടിയച്ചന്‍ അവിടെത്തന്നെയുണ്ടല്ലോ.. സാധാരണ എപ്പോള്‍ എവിടെയുണ്ടാകും എന്നു ഇട്ടിയച്ചനെക്കുറിച്ച് ഉറപ്പിക്കാനാവില്ല
കണ്ണുവും ഇഞ്ചക്കാടനും ഇട്ടയച്ചന്റെ കണ്ണെത്താദൂരത്ത് മാറിനിന്നു. ഇട്ടിയച്ചന്‍ അകത്തുപോയി നോട്ടു കെട്ടുകളുമായി പുറത്തുവന്നു. അത് വീടിന്റെ അരമതിലില്‍ നിരത്തിവച്ചു. എ്ന്നിട്ട് ഓരോരുത്തരെയായി വിളിച്ചു..
‘ചീക്കു..’- ചീക്കു അടുത്തുചെന്ന് ഒരു കെട്ടു നോട്ടു വാങ്ങി താണു തൊഴുത് പുറത്തേക്കു പോയി. അതു പോലെ ശ്രീധരനും കണാരനും പണം വാങ്ങി. മീന്‍ കച്ചവടക്കാരന്‍ അറുമുഖന് പണം കൊടുത്തില്ല. പകരം ഉറക്കെയുള്ള ശകാരമായിരുന്നു.. ‘ നിന്നോടു പറഞ്ഞാ മനസിലാകില്ലേ കൊശവാ.. ഇതിനു മുന്‍പ് എന്നോടു വാങ്ങിച്ച പണമെവിടെ? പലിശയെവിടെ? പണമെന്താ ഇവിടെ അടിച്ചെടുക്കുകയാണെന്നാണോ നിന്റെ വെചാരം?’
അറുമുഖന്‍ കുറച്ചു നേരം കൂടി തല ചൊറുകി അവിടെ നിന്നു. അതിനു ശേഷം പടിക്കലേക്കു നടന്നു. പിന്നെ ഉടുത്തിരുന്ന തുണിയഴിച്ച് കൗപീനധാരിയായി നിന്നു.. ‘ എടാ.. ഇട്ടിയച്ചന്‍ പോര്‍ക്കേ… തെണ്ടീ… വല്യ മൊതലാളിയാണെന്ന നിന്റെ ഭാവമുണ്ടല്ലോ, അതെന്റെയടുത്ത് എടുക്കരുത്. നീ ആരാ.. ഇന്നാളത്തെ മഴയ്ക്കു കുരുത്ത തകരയല്ലേ.. പുതുപണക്കാരന്‍ … പന്നീ.. അച്ഛനും അമ്മയ്ക്കും കഞ്ഞി കൊടുക്കാത്തവനേ.. പെണ്ണച്ചൂ..’
ഇട്ടിയച്ചന്‍ പുരയുടെ മോന്തായത്തില്‍ തിരുകിവച്ചിരുന്ന പാമ്പിനെ കൊല്ലുന്ന മുപ്പല്ലിയെടുത്ത് അറുമുഖന്റെ അടുത്തേയ്ക്ക് ഓടിച്ചെന്നു. അപ്പോഴേക്കും അറുമുഖന്‍ ശരവേഗത്തില്‍ പാഞ്ഞു. ഓട്ടത്തിനിടയില്‍ അയാള്‍ കൂക്കി വിളിച്ചു.. ‘ അയ്യോ… എന്നെ ശീമപ്പോര്‍ക്ക് കൊല്ലാന്‍ വരുന്നേ
ഇട്ടിയച്ചന്‍ ഒരു കല്ലെടുത്ത് അറുമുഖനെ എറിഞ്ഞു. പക്ഷെ അതു കൊണ്ടില്ല..
‘ പൂഹോയ്… പൂഹോയ്…’ -ഇട്ടിയച്ചനെ കൂക്കിവിളിച്ചുകൊണ്ട് അറുമുഖന്‍ ഓടി. ഓട്ടത്തിനിടയില്‍ അറുമുഖന്‍ എറിഞ്ഞ കല്ല് ഇട്ടിയച്ചന്റെ മാറത്തു കൊണ്ടു. അയാള്‍ വേദനകൊണ്ട് പുളഞ്ഞു.
‘വരട്ടെ, എന്നെങ്കിലും എന്റെ കൈയില്‍ കിട്ടും.. അന്നു ഞാന്‍ കാണിച്ചു തരാം.. കണ്ടോന്റെ മോന്‍.. തെണ്ടിപ്പട്ടി..’- ഇട്ടിയച്ചന്‍ നെഞ്ചുതടവി പറഞ്ഞു.
രംഗം പന്തിയല്ലെന്നു കണ്ട് കണ്ണുവും ഇഞ്ചക്കാടനും ഒതുങ്ങിമാറിനിന്നു. മുന്നില്‍ക്കൂടി പോയിട്ടും ഇട്ടിയച്ചന്‍ അവരെ കണ്ടില്ല. മുപ്പല്ലി വീടിന്റെ മോന്തായത്തില്‍ തിരുകിവച്ച് തിരിയുമ്പോഴാണ് കണ്ണുവിനെയും ഇഞ്ചക്കാടനെയും ദൃഷ്ടിയില്‍പ്പെട്ടത്.
‘ഊം.. നിങ്ങള് വീണ്ടും വന്നോ..?’
‘മൊതലാളി രക്ഷിക്കണം..’
‘രക്ഷിക്കാന്‍ ഞാനെന്താ ദൈവമാണോ…? അവന്‍ വിളിച്ചത് കേട്ടില്ലേ… ശീമപ്പോര്‍ക്കേന്ന്. കാര്യം കഴിയുമ്പോ എല്ലാവരും ഇങ്ങനെയാ… കാലുപിടിച്ചു കാര്യം നേടുന്നവന്‍ കാലുപിടിച്ചു നിലത്തടിക്കും..’
‘ ശരിയാ മൊതലാളി.. എന്നാലും അവന്റെ അഹമ്മതി കൊറെ കൂടിപ്പോയി..’
‘ അതു നിങ്ങള്‍ക്കു ബോധ്യമായല്ലോ.. മതി.. എല്ലാവരും അതു മനസിലാക്കില്ല.. അതിനു ബോധം വേണം… ബുദ്ധി വേണം.’
ഇട്ടിയച്ചന്റെ കോപ്ം അടങ്ങിയെന്നു ഇഞ്ചക്കാടനു മനസിലായി. അയാള്‍ കണ്ണുവിനെ തോണ്ടിക്കൊണ്ട് എന്തോ ആംഗ്യം കാണിച്ചു. അതു കണ്ട് ഇട്ടിയച്ചന്‍ പറഞ്ഞു: ‘നിങ്ങള് ഇന്നലെ രാത്രി വന്ന കാര്യത്തിനാണെങ്കീ നില്‍ക്കേണ്ട. ഇവിടെ കാശൊന്നും ഇരിപ്പില്ല.:’
‘അയ്യോ മൊതലാളി, ്അങ്ങനെ പറയരുത്… ‘ കണ്ണു തൊണ്ടപൊട്ടി പറഞ്ഞു.
‘എന്നു പറഞ്ഞാ എങ്ങനെയാ… ഇവിടെ കാശ് ഇരുപ്പുണ്ടെങ്കിലല്ലേ തരാന്‍ പറ്റൂ.. നാലുപേര്‍ക്കു കാശുകൊടുത്തത് കണ്ടില്ലേ..? അഞ്ചാമത്തെ ആള്‍ക്കു കൊടുക്കാനില്ലാതെ വന്നപ്പോഴാ അവന്‍.. ആ തെണ്ടി.. എന്നെ ചീത്തപറഞ്ഞത്’
പ്രതീക്ഷയുടെ അവസാനത്തെ പിടിവള്ളിയും കൈവിട്ടു പോയെന്ന് കണ്ണുവിന് ബോധ്യമായി.. ഇനിയെന്തു ചെയ്യും?
ഇഞ്ചക്കാടനും കരച്ചിലിന്റെ വക്കോളമെത്തി.. ഇരുവരും പതുക്കെപ്പതുക്കെ വീട്ടിലേക്കു നടന്നു.
വീട്ടിലെത്തിയപാടെ കണ്ണു പായ വിരിച്ചു കിടന്നു. കൊച്ചുപെണ്ണ് കൊടുത്ത വെള്ളം മുഴുവന്‍ ഒറ്റയടിക്കു കുടിച്ചുതീര്‍ത്തു. കണ്ണുവിന്റെ പരവേശം കണ്ടപ്പോള്‍ കൊച്ചുപെണ്ണിന് ഒന്നും ചോദിക്കാന്‍ തോന്നിയില്ല. കാര്യം നടക്കാത്തതിലുള്ള വിഷമമാണെന്നു അവള്‍ ഊഹിച്ചു.
കൊച്ചുപെണ്ണ് ഇഞ്ചക്കാടനെ വിളിച്ച് കാര്യം തിരക്കി. അതിനു ശേഷം എന്തോ രഹസ്യ നിര്‍ദേശം കൊടുത്തു. ഇഞ്ചക്കാടന്‍ തലകുലുക്കി പുറത്തേയ്ക്കു പോയി..
നാണുക്കുട്ടന്റെ കടയില്‍ നല്ല കച്ചവട സമയമായിരുന്നു. പക്ഷെ, തിരക്കൊഴിയാന്‍ കാത്തിരുന്നാല്‍ കാര്യം നടക്കില്ല. ഇഞ്ചക്കാടന്‍ നേരെ ചെന്ന് നാണുക്കുട്ടനോട് പറഞ്ഞു.
‘ഒരത്യാവശ്യ കാര്യം പറയാനുണ്ട്…’
‘തിരക്കൊന്ന് കഴിഞ്ഞോട്ടേ..’
‘അതു പറഞ്ഞാല്‍ പറ്റില്ല, ഇത്തിരി ഗൗരവമുള്ളതാണ്..’
കുഞ്ഞുപെണ്ണ് ഇഞ്ചക്കാടന്‍ പറഞ്ഞത് കേട്ടു.. അവര്‍ വേഗം അയാളുടെ അടുത്തേയ്ക്കു ചെന്നു.
‘എന്താ കുമാരന്‍ ചേട്ടാ..’
ഇഞ്ചക്കാടന്‍ മൗനം പാലിച്ചു.
‘അയ്യോ.. എന്റെ ചേച്ചിക്ക് എന്തെങ്കിലും പറ്റിയോ..’- കുഞ്ഞുപെണ്ണ് നിലവിളിക്കാന്‍ തുടങ്ങി..
‘ ഒന്നും പറ്റിയിട്ടില്ല.. സമാധാനിക്ക്..’- ഇഞ്ചക്കാടന്‍ ആശ്വസിപ്പിച്ചു.
നടന്ന സംഭവങ്ങള്‍ എല്ലാം കേട്ടപ്പോള്‍ നാണുക്കുട്ടനും കുഞ്ഞുപെണ്ണും മൂക്കത്ത് വിരല്‍ വച്ചുപോയി.
‘ കഷ്ടം ഇനിയിപ്പൊ എന്തു ചെയ്യും.. ?’- അവര്‍ മുഖത്തോടു മുഖം നോക്കി.
‘എന്തായാലും ഈ ആപത്തില് ചേച്ചിയെ സഹായിക്കണം’
‘എന്നു പറഞ്ഞാ ഇത്രയും രൂപ ഞാന്‍ എവിടന്ന് ഉണ്ടാക്കും?’- നാണുക്കുട്ടന്‍ ചൊടിച്ചുകൊണ്ട് ചോദിച്ചു.- ‘സഹായിക്കേണ്ട ആളുകള്‍ … കൈയിലിരിപ്പു കൊണ്ടാ ഇങ്ങനെയെല്ലാം വന്നത്’- നാണുക്കുട്ടന് ദേഷ്യം കലശലായി.
‘അല്ലെങ്കിലും നിങ്ങളിങ്ങനെയാ.. എന്റെ ഒരു കാര്യം വന്നപ്പോ സൊഭാവം മാറണതു കണ്ടോ..’
‘എന്താ.. ഞാനിവിടെ കാശു കെട്ടിവച്ചിരിക്കുകയാണോ…?’
‘നിങ്ങളുടെ കൈയില്‍ ഒരു കാശും ഇല്ലേ..?
‘ഒണ്ട്.. നാളെ അരിക്കാരന്‍ സായിപ്പിന് കൊടുക്കാന്‍ വച്ചിരിക്കണ കാശുണ്ട്’
‘അത് പിന്നെ കൊടുക്കാം…’
‘അയ്യോ.. അതു പറ്റില്ല..’
‘നമ്മള് എത്രനാളായിട്ട് കച്ചവടം ചെയ്യുന്നതാ.. അയാളോട് പറഞ്ഞാല്‍ നില്‍ക്കും..’
‘എന്നാലും കാശു തികയില്ലല്ലോ.. ചേച്ചീടെ വീട്ടില്‍ അയ്യായിരം രൂപയുണ്ട്.. ഏഴായിരമാ ഇനി ഒപ്പിക്കേണ്ടത്..’
‘നിങ്ങടെ കൈയില് മൂവായിരം ഉണ്ടല്ലോ… ‘
‘അത്..’
‘അത്.. എന്തിന്റേതായാലും എടുക്കണം.. നാലായിരം ഞാനുംതരാം..’
‘നിന്റെ കൈയ്യില് എവിടന്നാ കാശ്..?’
‘അതൊന്നും നിങ്ങളറിയേണ്ട… ഇപ്പത്തന്നെ നിങ്ങളു പോയി ഈ കാശു കൊടുക്കണം..’
‘ഞാന്‍ പോവില്ല..’
‘പോണം..’
പോകണം എന്നു കുഞ്ഞുപെണ്ണ് തീര്‍ത്തു പറഞ്ഞാല്‍ നാണുക്കുട്ടന് എതിരഭിപ്രായം ഉണ്ടാവില്ല. കുഞ്ഞുപെണ്ണും നാണുക്കുട്ടനോടൊപ്പം ചേച്ചിയുടെ വീട്ടിലേക്കു തിരിച്ചു.
ഉറക്കച്ചടവോടെ കരഞ്ഞുവീര്‍ത്ത മുഖവുമായി നില്‍ക്കുന്ന ചേച്ചിയുടെ മുന്നിലേക്കു ഏഴായിരം രൂപയുടെ നോട്ടുകെട്ടുകള്‍ കുഞ്ഞുപെണ്ണ് നിരത്തിവച്ചു. ഒറ്റരൂപ നോട്ടുകള്‍ മുതല്‍ നൂറു രൂപ നോട്ടുകള്‍ വരെ അതിലുണ്ടായിരുന്നു. മൂന്നു കാശ്, ആറ് കാശ്, ഒരണ, രണ്ടണ, നാലണ, എട്ടണ, ഒരു ഉറുപ്പിക എന്നീ നാണയങ്ങള്‍ വെവ്വേറെയായി മടിശീലയില്‍ കെട്ടിവച്ചിരുന്നു.
ഇന്‍സ്‌പെക്ടറും പൊലീസുകാരും കൊച്ചുപെണ്ണിനോടും പ്രകാശനോടും കണ്ണുവിനോടും സ്‌നേഹത്തോടെയാണ് പെരുമാറിയത്. അതവര്‍ക്ക് വലിയ ആശ്വാസമായി.
കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ ഭീഷണിയുടെയും വിരട്ടലിന്റെയും ഓര്‍മകള്‍ അവരുടെ മനസിലേക്കു ഇരമ്പിയെത്തി.
നവജാത ശിശുവിനെ കൊന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെന്നും അതില്‍ കാമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് ആറാം മാസത്തില്‍ പ്രസവിച്ചുവെന്നും ഗര്‍ഭം മാസം തികയാതിരുന്നത് കൊണ്ട് കുഞ്ഞ് ചാപിള്ളയായിരുന്നെന്നും ഡോക്റ്ററുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പരാതി കെട്ടിച്ചമച്ചതും ദുരുപദിഷ്ടവും വ്യക്തിവൈരാഗ്യം കൊണ്ടുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
അങ്ങനെ ആ കേസ് അവസാനിച്ചു..
കമലാവതിക്ക് യാതൊരുവിധ പ്രസവശുശ്രൂഷയും കിട്ടിയില്ല. അശാസ്ത്രീയമായി പ്രസവം എടുത്തതു കൊണ്ട് അവളുടെ യോനീമുഖത്ത് ഒരു മാംസസഞ്ചി പുറത്തേയ്ക്കു തള്ളിവന്നു. വലിഞ്ഞുവലിഞ്ഞുള്ള അവളുടെ നടപ്പു കണ്ടിട്ട് ആര്‍ക്കും ദയവ് തോന്നിയില്ല. എത്ര പണിയെടുത്താലും ചീത്തപറച്ചില്‍ തന്നെ. കൊച്ചുപെണ്ണും പ്രതാപനും അവളെ മൃഗീയമായി തല്ലും. പ്രകാശന്‍ തല്ലാറില്ലെങ്കിലും അവളെ അങ്ങേയറ്റം വെറുത്തിരുന്നു.
കമലാവതിയുടെ വീട്ടില്‍ നിന്നും ആരും തിരിഞ്ഞുനോക്കാറില്ല. അവളുടെ അമ്മയ്ക്ക് മകളെ എവിടെയാണ് വിവാഹം ചെയ്തു കൊടുത്തതെന്നു അറിവില്ലായിരുന്നു. ആര്‍ക്കും വേണ്ടാത്ത ജന്മമായി മാറി കമലാവതി. സമൃദ്ധിയുടെ നടുവിലാണ് ജനിച്ചതെങ്കിലും കൗമാരചാപല്യത്തില്‍ എല്ലാം നഷ്ടപ്പെട്ടു പോയ ജന്മം.
പക്ഷെ, കമലാവതി കരയാറില്ല. എന്തു കാര്യത്തിനും എപ്പോഴും ഒരു നിര്‍വികാരത.
അന്ന് അത്താഴത്തിന് മീന്‍ കറിയായിരുന്നു. കുടംപുളിയിട്ടുവറ്റിച്ച് മുളകുചാറില്‍ ഉണ്ടാക്കിയത് കമലാവതിയായിരുന്നു. ഒരു വശത്ത് പ്രകാശനും മറ്റൊരു വശത്ത് പ്രതാപനും ഉണ്ണാനിരുന്നു.
ഒന്നു നുള്ളി നാവില്‍ വച്ചപ്പോള്‍ത്തന്നെ പ്രകാശന് എരിച്ചില്‍ ശക്തിയായി അനുഭവപ്പെട്ടു. അയാള്‍ രൂക്ഷമായി കമലാവതിയെ നോക്കി. പ്രതാപന്‍ ചാറൊഴിച്ച് ചോറ് ഉരുളയാക്കി വായിലേക്കു വച്ചു. നല്ല തിളച്ച വെള്ളം വായിലൊഴിച്ചതു പോലെ അയാള്‍ വെപ്രാളത്തോടെ ചാടിയെഴുന്നേറ്റു. ഹോ… ഹോ… എന്നലറിക്കൊണ്ട്. അയാള്‍ തണുത്ത വെള്ളം വായില്‍ക്കൊണ്ടു. എന്നിട്ടും ശമനം കിട്ടാതായപ്പോള്‍ കുറച്ചു വെളിച്ചെണ്ണ വായില്‍ ഒഴിച്ചു. എരിച്ചില്‍ സഹിക്കാതെ അയാള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി.
പ്രതാപന്റെ ബഹളം കേട്ട് കണ്ണുവും കൊച്ചുപെണ്ണും എത്തി. കൊച്ചുപെണ്ണ് മീന്‍കറി രുചിച്ചുനോക്കി. അവരും ഞെളിപിരി കൊണ്ടു. മീന്‍കറി കലത്തോടെയെടുത്ത് കമലാവതിയുടെ തലയില്‍ ഒഴിച്ചു. അത് താഴോട്ടൊലിച്ചിറങ്ങി കണ്ണിലും വായിലും നിറഞ്ഞു.. കമലാവതിയും കലച്ചിലും ഓട്ടവുമായി
പ്രതാപന്റെ വെപ്രാളത്തിന് അല്‍പം ശമനം വന്നു. കമലാവതി അപ്പോഴും കണ്ണു നീറി കരയുകയാണ്. അയാള്‍ ഓടിവന്ന് കമലാവതിയുടെ തലയിലടിച്ചു. അവള്‍ നിലത്തു വീണുപോയി..
‘മുശേട്ട.. അവളെ അങ്ങനെ വിടരുത്..’
കൊച്ചുപെണ്ണും മകന്റെ ഒപ്പം കൂടി… ഇരുവരും ചേര്‍ന്ന് ഇടിക്കുകയും അടിക്കുകയും ചവിട്ടുകയും ചെയ്തു..
പ്രതാപന്‍ കമലാവതിയുടെ തുണി പിടിച്ചു വലിച്ചു.. അച്ഛന്റെയും അമ്മയുടെയും ഭര്‍ത്താവിന്റെയും മുന്നില്‍ അവളുടെ നാണത്തിന്റെ തിരശീല നീങ്ങി.
പ്രതാപന്‍ വായുവേഗത്തില്‍ പ്രകാശന്റെ മുമ്പില്‍ നിന്നു കറിപ്പാത്രം എടുത്ത് കമലാവതിയുടെ അനാവരണം ചെയ്യപ്പെട്ട ശരീരഭാഗത്തേയ്ക്കു കമഴ്ത്തി.
‘അമ്മേ .. അയ്യോ… ‘ എന്നു നിലവിളിച്ചുകൊണ്ട് അഴള്‍ അവിടം മുഴുവന്‍ കിടന്നുരുണ്ടു..
പക്ഷെ, ആരും ആ കരച്ചില്‍ ഗൗനിച്ചില്ല…
Generated from archived content: kanni27.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ – അധ്യായം 26
Click this button or press Ctrl+G to toggle between Malayalam and English