This post is part of the series കണ്ണികള്‍
Other posts in this series:
അവകാശികള്‍ എത്തുമെന്ന പ്രതീക്ഷയില്‍ നാരായണന്റെ ജഡം മൂന്നു ദിവസം ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. അതിനു ശേഷം മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന വണ്ടിയില്‍ കയറ്റി പടിയാത്ത് ശ്മശാനത്തില്‍ എത്തിച്ചു സംസ്‌കരിച്ചു.
നാരായണനെയും മാധവനെയും കാണാതിരുന്നപ്പോള്‍ എല്ലാവരും കരുതിയത് ആസ്പത്രിയില്‍ ആയിരിക്കുമെന്നാണ്. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ വിമുഖനായിരുന്ന മാധവന്‍ നാരായണനെ പരിചരിച്ച് കഷ്ടപ്പെടുന്നുണ്ടാകും എന്ന് അവര്‍ വിശ്വസിച്ചു.
നാരായണന്റെ സഹപ്രവര്‍ത്തകര്‍ ചിറയിന്‍കീഴില്‍ നടന്ന സംഘടനയുടെ മഹാസമ്മേളനത്തില്‍ പങ്കെടുത്തു തിരിച്ചെത്തിയപ്പോഴാണ് നാരായണന്‍ ആസ്പത്രിയിലേക്കു പോയ വിവരം അറിയുന്നത്. അവര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ അന്വേഷിച്ചു ചെന്നു. നാരായണന്‍ എന്നൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കി.
നാരായണനെക്കുറിച്ചും മാധവനെക്കുറിച്ചും വിവരങ്ങള്‍ ഒന്നും കിട്ടാതായപ്പോള്‍ വീട്ടുകാര്‍ക്ക് ഉത്കണ്ഠയായി. അവരുടെ ഉത്കണ്ഠ നാട്ടിലേക്കും പടര്‍ന്നു. സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നാരായണനും മാധവനും എവിടെ പോയെന്ന് അറിയാനുള്ള ഉത്തരവാദിത്വം വര്‍ധിച്ചു. ഇതിനിടയില്‍ പല അഭ്യൂഹങ്ങളും നാട്ടില്‍ പ്രചരിച്ചു. നാരായണനെ ശത്രുക്കള്‍ കൊന്നുകളഞ്ഞു എന്നതിനായിരുന്നു മുന്‍തൂക്കം. നാരായണന്റെ കൂടെ പോയതുകൊണ്ട് മാധവനും അപകടത്തില്‍പ്പെട്ടെന്നു ചിലര്‍ അഭിപ്രായപ്പെട്ടു. നാരായണനും മാധവനും തീവണ്ടിയില്‍ കയറിപ്പോയതു കണ്ടതായി ഒരു വിവരം കിട്ടി. ആ വഴിക്കും അന്വേഷണം നീങ്ങി.
നാരായണനും മാധവനും എറണാകുളത്തേയ്ക്കു യാത്ര പുറപ്പെട്ട ബോട്ടിലെ ജീവനക്കാരോടും അന്വേഷിച്ചു. പൊലീസ് സ്റ്റേഷനിലും കോടതിയിലും കയറാനും സാക്ഷിപറയാനും മടി വിചാരിച്ച് ബോട്ട് ജീവനക്കാര്‍ ഒന്നും വെളിപ്പെടുത്തിയില്ല-
അവര്‍ പറഞ്ഞു- ‘ ബോട്ടില്‍ എത്ര പേരാണ് കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. അവര്‍ ആരൊക്കെയാണെന്നു ശ്രദ്ധിക്കാന്‍ കഴിയുമോ..?’
അന്വേഷണം പലവഴിക്കു നീങ്ങി. പക്ഷെ ആര്‍ക്കും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ പിന്നെയും നീങ്ങി…
യാദൃശ്ചികമായിട്ടാണ് ചെറായിക്കാരനായ ബാഹുലേയന്‍ എറണാകുളം മാര്‍ക്കറ്റില്‍ വച്ച് മാധവനെ കണ്ടുമുട്ടുന്നത്. ക്ഷീണിച്ച് അവശനും പ്രാകൃതനുമായി ചുറ്റിത്തിരിയുന്ന മാധവനെ അയാള്‍ക്കു മനസിലായി. വാടയ്ക്കകത്ത് ചെറിയതോതില്‍ കച്ചവടം നടത്തുന്ന ബാഹുലേയന്‍ പലവട്ടം നാണുക്കുട്ടന്റെ കടയില്‍ വച്ച് മാധവനെ കണ്ടിട്ടുണ്ട്.
ബാഹുലേയന്‍ മാധവനെ ചെറായിലേക്കു കൂട്ടിക്കൊണ്ടു വന്നു. നാട്ടുകാരും വീട്ടുകാരും മാധവനോട് വിവരങ്ങള്‍ തെരക്കി…
‘ ഞാന്‍ റിക്ഷ വിളിക്കാന്‍ തീവണ്ടിയാപ്പീസില്‍ പോയി. ബോട്ടില്‍ തന്നെയിരിക്കണമെന്നു പറഞ്ഞാണ് പോയത്. തിരിച്ചു വന്നപ്പോള്‍ ആളില്ല. പിന്നെ ഇത്രയും നാള്‍ ആളെ അ്‌ന്വേഷിച്ചു നടക്കുകയായിരുന്നു.’
വീട്ടുകാര്‍ മാധവന്റെ വിശദീകരണം പൂര്‍ണമായും വിശ്വസിച്ചു. നാരായണന്‍ മറ്റെവിടെയെങ്കിലും പോയിട്ടുണ്ടാകുമെന്നും തിരിച്ചുവരുമെന്നും കരുതി.
കമലാവതിക്ക് പ്രസവവേദന. വയറ്റാട്ടിക്ക് ആളുപോയി. കൊച്ചുപെണ്ണ് ഗര്‍ഭിണിയുടെ അടുത്ത് മാറാതെ നിന്നു. കണ്ണുവും ഇടയ്ക്കിടയ്ക്ക് വന്നു വിവരം അന്വേഷിച്ചുകൊണ്ടിരുന്നു. താലികെട്ടിയ പ്രകാശനും ഭര്‍ത്താവിന്റെ അധികാരം സ്ഥാപിച്ച പ്രതാപനും വ്ീട്ടിലും പറമ്പിലുമൊക്കെയായി ചുറ്റിപ്പറ്റി നടന്നു..
‘അമ്മേ.. അയ്യോ..’ – കമലാവതി ഉറക്കെ കരഞ്ഞു.
‘മിണ്ടരുത്..’ – കൊച്ചുപെണ്ണ് താക്കീത് നല്‍കി.
പ്രസവ സമയത്ത് പോലും നിലവിളിക്കാന്‍ സ്വാതന്ത്ര്യമില്ലെന്നോര്‍ത്ത് കമലാവതി കൂടുതല്‍ സങ്കടപ്പെട്ടു.
വയറ്റാട്ടിത്തള്ള പറഞ്ഞു ‘കൊച്ചുപെണ്ണേ.. ഇമ്മിണി വിഷമമാണെന്നാ തോന്നുന്നത്.. തലയല്ല.. കൈയാണല്ലോ കാണുന്നത്.. നമുക്ക് ആശുപത്രിയില്‍ പോകന്നതാ നല്ലത്..’
‘എന്തിന്…? നമ്മളൊക്കെ പെറ്റത് ആശൂത്രീ പോയിട്ടാണോ? തള്ള കൈ പിടിച്ച് വലിക്ക്..’
‘അയ്യോ അതപകടമാ.. വല്ലതും വന്നാല്‍..?’
‘ഒന്നും വരില്ല.. വന്നാലും കൊഴപ്പമില്ല.. ഞങ്ങള്‍ സഹിച്ചു..’
‘ പെങ്കൊച്ചിന് ചോതിക്കാനും പറയാനും ആളുകളുള്ളതാണേ…’
‘ആരും വരില്ല.. തലയ്ക്കു പകരം കൈയല്ലേ കണ്ടത്.. കാലല്ലല്ലോ… തെക്കേലെ മല്ലീട്െ പേറിന് കൊച്ചിന്റെ കാലല്ലേ ആദ്യം വന്നത്..’
‘എന്നാലും കൊച്ചുപെണ്ണേ..’
‘ഒരു എന്നാലുമില്ല.. നിങ്ങള് ഞാന്‍ പറേണ പോലെ ചെയ്യ്.. വരണത് വരണേടത്ത് വച്ച് കാണാം..’
വയറ്റാട്ടിത്തള്ള വീ്ണ്ടും ഈറ്റില്ലത്തിലേക്കു കയറി. അല്‍പസമയത്തിനുള്ളില്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടു…
‘ദേ നിങ്ങടെ കുഞ്ഞ്.. ആണാണ്.. ഒരു കേടും പറ്റിയിട്ടില്ല..’
വയറ്റാട്ടിത്തള്ള സന്തോഷത്തോടെ കുഞ്ഞിനെ കൊച്ചുപെണ്ണിന്റെ കൈയിലേക്കു കൊടുത്തു. കൊച്ചുപെണ്ണ് ഒരു നനഞ്ഞ തുണിയെടുത്തു കുഞ്ഞിന്റെ മുഖത്തേയ്ക്കിട്ടു,,
‘ അയ്യോ.. ഇതെന്താ കാണിക്കുന്നത്?’
‘ഈ അസുര വിത്തിനെ ഞങ്ങള്‍ക്കു വേണ്ട..’
‘കൊച്ചുപെണ്ണേ ഇതു പാപമാ… വല്ലവരും അറിഞ്ഞാല്‍..’
‘അറിയരുത്.. അറിഞ്ഞാല്‍ .. എന്റെ സ്വഭാവം ്അറിയാമല്ലോ..?’
കൊച്ചുപെണ്ണ് നിശ്ചലയായ കുഞ്ഞിനെ കമലാവതിയുടെ അരികില്‍ കിടത്തി. വയറ്റാട്ടിക്കു പോകാന്‍ നേരം ഇരുപത്തിയഞ്ചു രൂപയും ഒരു മുണ്ടും നാടനും ഇടങ്ങഴി അരിയും കൊടുത്തു. എന്നാലും അവരുടെ മുഖം തെളിഞ്ഞില്ല..
‘ഒന്നും എനിക്കു വേണ്ട.. ഞാന്‍ പോണ്..’
‘പോകാന്‍ വരട്ടേ.. ഇത് കയ്യിലെടുക്ക്. നിങ്ങള് ഒന്നും ചെയ്തില്ലല്ലോ? ഞാനല്ലേ ചെയ്തത്. അതിന്റെ പാപം ഞാനേറ്റു’
വയറ്റാട്ടിത്തള്ള എല്ലാമെടുത്തു പുറത്തിറങ്ങി.
കമലാവതി ആലസ്യംവിട്ടു കണ്ണുതുറന്നു. കുഞ്ഞ് അരികത്ത് തന്നെ കിടപ്പുണ്ട്.. എന്താണ് കുഞ്ഞ് കരയാത്തത്? അവള്‍ കൈക്കുള്ളിലേക്കു കുഞ്ഞിനെ ചേര്‍ത്തു. ഇല്ല നിശബ്ദം.. കുഞ്ഞ് കരയുന്നില്ല.. കുഞ്ഞിന് ജീവനില്ല.!
കമലാവതി ഞെട്ടിയില്ല. എല്ലാം മുന്‍കൂട്ടി കണക്കാക്കിയ പോലെ അവള്‍ നിര്‍വികാരയായി കിടന്നു..
‘മംഗലപ്പിള്ളിയിലേക്കു ആളു പോണോ..?’- കണ്ണു ചോദിച്ചു.
‘എന്തിനാ..?’ കൊച്ചു പെണ്ണ് തിരിച്ചു ചോദിച്ചു.
‘അല്ല.. കുഞ്ഞ് ചത്ത നിലയ്ക്ക്..’
‘നിങ്ങക്കെന്താ പ്രാന്തുണ്ടോ..? കുഞ്ഞു ചത്തതില്‍ അവര്‍ക്കും സന്തോഷമായിരിക്കും..’
‘എന്തോ, എനിക്കങ്ങു ബോധ്യം വരണില്ല..’
‘കല്യാണം കഴിഞ്ഞിട്ടു മാസം ആറായി.. എന്നിട്ടവരു തിരിഞ്ഞു നോക്കിയോ..?’
‘ആളുകളെന്തു പറയും..?’
‘ആറാം മാസത്തില്‍ എവിടെയാ പെണ്ണു പെറുന്നത്? മാസം തെകയുന്നതിനു മുന്‍പ് പെണ്ണു പെറ്റു.. ആരോഗ്യം കൊറവായതുകൊണ്ട് കുഞ്ഞു ചത്തു… ജീവനോടെ ഇരുന്നാലാ അപവാതം കേള്‍ക്കേണ്ടി വരിക..’
ആ പറഞ്ഞത് ശരിയാണെന്നു കണ്ണുവിനു ബോധ്യപ്പെട്ടു. അതുകൊണ്ട് മറുത്തൊന്നും പറഞ്ഞില്ല.
മറപ്പുരയില്‍ ഒരു ചെറിയ കുഴിയെടുത്തു. അതിനുള്ളില്‍ കുഞ്ഞിന്റെ ജഡം കുഴിച്ചിട്ടു.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഒരു പൊലീസുകാരന്‍ ബോട്ടില്‍ വന്നിറങ്ങി.
‘ആരാ.. പ്രകാശന്‍..?’ -അയാള്‍ കണ്ണുവിനോട് അന്വേഷിച്ചു.
‘മോനാ… പ്രകാശന്‍..’
പ്രകാശന്‍ വിനീത വിധേയനായി പൊലീസുകാരന്റെ മുന്നില്‍ ചെന്നു നിന്നു..
‘എന്താണേമാനേ..?’
‘നീയും അച്ഛനും അമ്മേം കൂടി സ്‌റ്റേഷന്‍ വരെ വരണം..’
‘എന്തിനാ ഏമാനേ..?’
‘ഞങ്ങടെ ഏമാന് നിന്നെയൊന്നു കാണാനാ.. ‘
‘അയ്യോ.. എന്താ.. കാര്യം..?’
‘കാര്യം എന്താണെന്നറിഞ്ഞാലേ വരത്തുള്ളോ..?’
‘വരാം..’
സ്‌റ്റേഷനില്‍ ചെല്ലുന്നതു വരെ ആര്‍ക്കും എ്ന്താണു കാര്യമെന്നു അറിവുണ്ടായിരുന്നില്ല..
‘ആരാടാ.. പ്രകാശന്‍..?’
എസ്‌ഐ അന്വേഷിച്ചു..
ഒരു പൊലീസുകാരന്‍ മൂവരെയും എസ് ഐയുടെ മുന്നിലേക്കു ഹാജരാക്കി.
‘ഇങ്ങു മാറിനില്‍ക്ക്..’
മൂന്നു പേരും പേടിച്ചു വിറച്ചു..
‘ആരാടാ പുല്ലൂറ്റൂന്ന് കല്യാണം കഴിച്ചത്..?’
‘ഞാനാണേ..’-പ്രകാശന്‍ ഏറ്റുപറഞ്ഞു.
‘എന്തു സ്ത്രീധനം മേടിച്ചു?’
‘ഞാനല്ല.. അച്ഛനാ മേടിച്ചത്..’
‘ഫ് ഭാ തെണ്ടീ.. നാണമില്ലേടാ നിനക്ക്.. നീ കെട്ടി.. അച്ഛന്‍ കാശുമേടിച്ചു..’
കൊച്ചുപെണ്ണ ഇടയ്ക്കു കയറി പറഞ്ഞു..’ രണ്ടായിരം രൂപ’
‘രണ്ടായിരം രൂപ.. ഇവരാരാ.. കൊച്ചി ദിവാനോ..? അതോ മജിസ്‌ട്രേറ്റോ..?’
കൊച്ചുപെണ്ണും പ്രകാശനും മറുപടി പറഞ്ഞില്ല.. ഈ ചോദ്യം ചെയ്യല്‍ എന്തിനു വേണ്ടിയാണെന്നറിയാതെ അവര്‍ കുഴങ്ങി..
‘ആ പെണ്ണിന് വയറ്റിലൊണ്ടായിരുന്നതു കൊണ്ടല്ലേടാ ഇത്രയും സ്ത്രീധനം തന്നത്?’
ആരും അതിനുത്തരം പറഞ്ഞില്ല…
‘ഇവിടെ ഒരു പരാതി കിട്ടിയിട്ടുണ്ട്.. പ്രകാശന്റെ ഭാര്യ കമലാവതി പ്രസവിച്ച കുഞ്ഞിനെ നിങ്ങള്‍ കൊലപ്പെടുത്തിയെന്നാ അന്യായം..’- ഇന്‍സ്‌പെക്ടറ്റര്‍ വിശദീകരിച്ചു..
‘അയ്യോ ശുദ്ധ കള്ളമാ.. ആരാ പറഞ്ഞേ..?
‘അതാരെങ്കിലുമാകട്ടേ.. സ്ത്യമാണോ.. അല്ലെയോ..?’
‘നൊണ .. പച്ച നൊണ..’- കൊച്ചുപെണ്ണ് തറപ്പിച്ചു പറഞ്ഞു.
‘എങ്കീ, കുഞ്ഞിന്റെ ശവം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യാം..’
‘കുഞ്ഞിന് ജനിച്ചപ്പത്തന്നെ ജീവനില്ലായിരുന്നു..’
‘ശരി.. എങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാം.. അതില്‍ സത്യം തെളിയുമല്ലോ.. നിങ്ങള് പൊയ്‌ക്കോ.. നാളെ ഞങ്ങള് അവിടെ എത്തും..’
കണ്ണു ഇഞ്ചക്കാടനോട് ആലോചിച്ചു.. എന്തു ചെയ്യണം.. ആരാണ് രക്ഷിക്കാന്‍ പറ്റിയത്..?
‘വാടേല് മാക്കോതച്ചേട്ടന്റെ മോന്‍ ബാലമോഹനന്‍ ഒരു ഡോക്കിട്ടറാണ്.. പുതുതായി പാസായി വന്നതാ… മോളിലുള്ളവരുമായി നല്ല പിടിപാടുണ്ട്..’
ഇരുവരും അപ്പോള്‍ത്തന്നെ ഡോക്റ്ററെ കാണാന്‍ പോയി. അദ്ദേഹം പറഞ്ഞു..- ‘സ്വാഭാവിക മരണമാണെങ്കില്‍ നിങ്ങളെന്തിനാ പേടിക്കുന്നത്… ഡോക്റ്ററുടെ റിപ്പോര്‍ട്ടിന്മേല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല..’
‘മരണം നടന്നത് എങ്ങിനെയാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടുപിടിക്കാന്‍ ്പറ്റുമോ..? അതും നവജാത ശിശുവിന്റേത്..?’ – അവരുടെ സംഭാഷണത്തില്‍ ഇടപെട്ടുകൊണ്ട് മാക്കോത ചോദിച്ചു.
ബാലമോഹന്‍ വിശദീകരിച്ചു..- ‘ ഒരു ശിശു ജീവനോടെ പുറത്തുവന്നാലുടന്‍ ശ്വസിക്കും. ആ വായു ശിശുവിന്റെ ആമാശയത്തില്‍ ഉണ്ടാകും. ഉടനെ മരിച്ചാലും ആ വായു നിലനില്‍ക്കും. എന്നാല്‍, ചാപിള്ളയായിട്ടാണ് ജനിക്കുന്നതെങ്കില്‍ ആമാശയത്തില്‍ വായു ഉണ്ടാകില്ല. ഇതു പ്രകൃതിയുടെ ഒരു പ്രതിഭാസമാണ്..’
കണ്ണുവിന് തങ്ങള്‍ കുടുങ്ങിയതുതന്നെ എന്നു ബോധ്യമായി. .എങ്ങനെ ഇതില്‍ നിന്നു രക്ഷപെടും.. ആരു രക്ഷിക്കും.. ആരായിരിക്കും തങ്ങള്‍ക്കെതിരേ പരാതി കൊടുത്തത്..?
പെട്ടന്നുദിച്ച ബുദ്ധിയാല്‍ കണ്ണു വാവിട്ടു കരഞ്ഞു.. മാക്കോതയുടെ മനസ്സലിഞ്ഞു.
‘എന്താ കണ്ണൂ.. ഇത്.. കുഞ്ഞുങ്ങളെപ്പോലെ..?’
‘എന്റെ മാക്കോതേ, രക്ഷിക്കണം…ഒരു അബദ്ധം പറ്റിപ്പോയി. നല്ല തറവാട്ടുകാരാണെന്നു കരുതിയാ മകന്റെ കല്യാണം നടത്തിയത്.. പക്ഷെ പെണ്ണിനു വയറ്റിലുണ്ടായിരുന്നു.. ഞങ്ങളെ അവര് ചതിക്കുകയായിരുന്നു.. നാണക്കേടോര്‍ത്താ ഞങ്ങളത് ചെയ്തുപോയത്..’
മാക്കോതയുടെ മനസലിഞ്ഞു.. അയാള്‍ മകനോട് പറഞ്ഞു..’എടാ ഡോക്ടറേ…, ഇതു നമുക്ക് വേണ്ടപ്പെട്ടയാളാ.. കൈയൊഴിയരുത്.. നിന്റെ സഹപാഠി ആയിരുന്നില്ലേ ഇന്‍സ്‌പെക്ടര്‍… പറഞ്ഞൊരു സമാധാനം ഉണ്ടാക്ക്.. എന്താന്നുവച്ചാ നമുക്ക് ചെയ്യാം..’
ഡോക്റ്റര്‍ തലകുലുക്കി പറഞ്ഞു..’ നോക്കട്ടേ.. പക്ഷെ, അവനൊരു കൈക്കൂലിക്കാരനാ..’
Generated from archived content: kanni26.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ – അധ്യായം 28