കണ്ണികള്‍- അധ്യായം ഇരുപത്തിയഞ്ച്

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

പാലം പണിക്കുള്ള മെറ്റല്‍ ഒരു മലയോളം പൊക്കം വച്ചു. അതിന്റെ മുകളില്‍ നിന്നാല്‍ നാലുപാടുമുള്ള കാഴ്ച കാണാം. രാവിലെ എട്ടുമണിക്കു തുടങ്ങുന്ന പണി വൈകീട്ട് അഞ്ചിന് അവസാനിക്കും. വെയിലു മൂക്കുന്നതിനു മുമ്പ് പണി തുടങ്ങണം. അല്ലെങ്കില്‍ ചൂടേറ്റു കഷ്ടപ്പെടും. പണി കഴിഞ്ഞാല്‍ എല്ലാവരും കുളിക്കാനായി ഗൗരീശ്വര ക്ഷേത്രം വക അമ്പലക്കുളത്തിലേക്കു പോകും. പക്ഷെ കോന്നന്‍കുട്ടി ചെറായി പുഴയില്‍ തന്നെ കുളി നടത്തും. വര്‍ഷകാലത്ത് ഒഴിച്ച് എപ്പോഴും നല്ല ഉപ്പുരസമായിരിക്കും പുഴവെള്ളത്തിന്. കോന്നന്‍കുട്ടി വെള്ളത്തിന്റെ നല്‍പ് നോക്കിയില്ല. കുളി കഴിഞ്ഞ് കോന്നന്‍കുട്ടി മെറ്റല്‍ കൂമ്പാരത്തിന്റെ മുകളില്‍ കയറിയിരിക്കും. അങ്ങിനെയിരുന്നാല്‍ വല്ലപ്പോഴും സുഭദ്രയെ കാണാന്‍ കഴിയും.

മെറ്റല്‍ കൂമ്പാരത്തിനടുത്തുകൂടി പോകുന്ന ഇഞ്ചക്കാടനെ കോന്നന്‍കുട്ടി കണ്ടു. അയാള്‍ ഇഞ്ചക്കാടനെ കൈ കൊട്ടിവിളിച്ചു. എന്നിട്ട് ഒരു കുട്ടിയെപ്പോലെ മെറ്റല്‍ കൂമ്പാരത്തില്‍ നിന്നു താഴോട്ട് ഊര്‍ന്നിറങ്ങി. ഇഞ്ചക്കാടന്‍ ശരിക്കും പേടിച്ചു. തന്നെ കൈയേറ്റം ചെയ്തുകളയുമോ എന്നായിരുന്നു ഇഞ്ചക്കാടന്റെ ഭയം.

‘കുമാരന്‍ ചേട്ടാ.. ചേട്ടനോട് ഒരുകാര്യം പറയാന്‍ ഞാന്‍ എത്ര നാളുണ്ട് ഇവിടെ കാത്തു നില്‍ക്കുന്നെന്നോ?’

‘എന്താ.. കാര്യം?’

‘വാ, നമുക്ക് അവിടെയിരുന്നു സംസാരിക്കാം?’

കോന്നന്‍കുട്ടി വിരല്‍ ചൂണ്ടിയ ഭാഗത്ത് കള്ളുഷാപ്പ് ആയിരുന്നു.

‘ഞാന്‍ കള്ളുകുടിക്കാറില്ല’- ഇഞ്ചക്കാടന്‍ വ്യക്തമാക്കി.

‘സാരമില്ല, എന്തെങ്കിലും കഴിക്കാമല്ലോ’

ഇഞ്ചക്കാടന് എപ്പോഴും വിശപ്പായിരിക്കും. എന്തു കിട്ടിയാലും തിന്നും. പ്രത്യേകിച്ച് രോഗമൊന്നും ഉണ്ടായിട്ടില്ല. ഇങ്ങനെ ആരെങ്കിലും വിളിച്ചു കൊടുക്കുമ്പോള്‍ മാത്രമാണ് അയാളുടെ വയറ്റിലേക്കു പോയിരുന്നത്. എന്തെങ്കിലും പണി അയാള്‍ക്കു വശമില്ല. വൈദഗ്ധ്യം വേണ്ടാത്ത, അധ്വാനമുള്ള പണിയെടുക്കാന്‍ കെല്പ്പുമില്ല.

ഇരുവരും ഷാപ്പിനകത്തേയ്ക്കു കയറി.

ഇഞ്ചക്കാടനെ കണ്ടപ്പോള്‍ ഷാപ്പ് മാനേജര്‍ ചോദിച്ചു: ‘എന്താ കുമാരാ… നീയും തുടങ്ങിയോ..?’ കള്ള് എടുത്തു കൊടുക്കുന്ന പരമു കളിയാക്കി.. ‘ ഗുരു പറഞ്ഞിരിക്കുന്നത് മദ്യം വിഷമാണന്നല്ലേ..?’

മറ്റൊരു സപ്ലയര്‍ കൂട്ടിച്ചേര്‍ത്തു..’ അല്ല.. പരമൂ.. മദ്യം വിഷമാണെന്നല്ല… വിഷമമാണെന്നാ പറഞ്ഞത്..’

ഷാപ്പിലുള്ളവരുടെ പൊട്ടിച്ചിരികള്‍ക്കിടയില്‍ ഇരുവരും പടിഞ്ഞാറെ അറ്റത്തെ ഒഴിഞ്ഞ മുറിയില്‍ പോയിരുന്നു.

രണ്ടു തൊണ്ടുകള്‍ നിറയെ കള്ളുമായി സപ്ലയര്‍ വന്നു.

‘എന്താണ് തിന്നേണ്ടത്..?’- കോന്നന്‍ കുട്ടി ചോദിച്ചു.

‘നിനക്കിഷ്ടമുള്ളത് പറയ്..’

ഇതുവരെ എന്തെങ്കിലും കഴിക്കാന്‍ വേണ്ടി ഷാപ്പില്‍ കയറിയിട്ടില്ല. തിന്നാന്‍ തരാമെന്ന പ്രലോഭനത്തിലാണ് ഇഞ്ചക്കാടന്‍ ഷാപ്പില്‍ കയറിയത്.

ഒരു പ്ലേറ്റ് നിറയെ കപ്പക്കറിയും പ്ലേറ്റ് കവിഞ്ഞു നില്‍ക്കുന്ന വലുപ്പത്തിലുള്ള കരിമീന്‍ കറിയും കൊണ്ടുവന്നു വച്ചു. ഇത് എങ്ങനെ തീര്‍ക്കും എന്നു അത്ഭുതപ്പെട്ടിരിക്കുമ്പോഴാണ് ഒരു പ്ലേറ്റ് ഞണ്ടിന്‍ കറിയും കൂടി എത്തിയത്.

ഇഞ്ചക്കാടന്‍ ജീവിത്തില്‍ ഇതുവരെ ഇത്രയും രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ല. എല്ലാം തിന്നു കഴിഞ്ഞപ്പോള്‍ താനിതെങ്ങനെ അകത്താക്കിയെന്ന് അയാള്‍ അത്ഭുതപ്പെട്ടു. ഇനിയും വേണമെങ്കില്‍ കഴിച്ചയത്രയും കൂടി കഴിക്കാനാകുമെന്നു അയാള്‍ക്കു തോന്നി.

എത്ര നിര്‍ബന്ധിച്ചിട്ടും ഇഞ്ചക്കാടന്‍ കള്ളുകുടിച്ചില്ല. രണ്ടു തൊണ്ടുകളും കോന്നന്‍ കുട്ടി കഴിച്ചു. ആ കുടി കണ്ടപ്പോള്‍ ഇഞ്ചക്കാടന് അത്ഭുതം തോന്നി.

വിശപ്പടങ്ങിയപ്പോള്‍ ഇഞ്ചക്കാടന് എന്തെന്നില്ലാത്ത സന്തോഷം. അപ്പോഴാണ് കോന്നന്‍കുട്ടി ക്ഷണിച്ചത് എന്തിനായിരിക്കും എന്നു ചിന്തിച്ചത്.

‘പിന്നെ, കോന്നന്‍ കുട്ടി എന്തിനാ എന്നെ കാണണമെന്നു പറഞ്ഞത്..?’

‘കുമാരന്‍ ചേട്ടന് ഇനി എന്താ വേണ്ടത്..?’

‘ അയ്യോ.. വേണ്ട..’

ഇഞ്ചക്കാടന്‍ സാമാന്യ മര്യാദ പ്രകടിപ്പിച്ചു.

‘കുമാരേട്ടന്‍ എന്റെ അച്ഛനെപ്പോലെയാണ്… എന്നു വച്ചാല്‍ അച്ഛന്റെ സ്ഥാനത്ത്.. അച്ഛന്‍ ചീത്ത.. പെണ്ണുപിടിയന്‍.. മക്കളുടെ ജീവിതം തകര്‍ത്തവന്‍.. കൊറെ ജീവിതങ്ങള്‍ തകര്‍ത്തവന്‍..’

കോന്നന്‍കുട്ടിക്ക് മദ്യം ശരിക്കും ഏറ്റിട്ടുണ്ടെന്നു ഇഞ്ചക്കാടന് മനസിലായി..

‘കുമാരേട്ടനറിയ്വോ..?… ഞാന്‍ വീട്ടീന്നു പോന്നു.. എല്ലാവരും വിട്ടുപോന്നു… ഭാഗത്തീ കിട്ടിയ കാശാ ഈ പേഴ്‌സ് നിറയെ… ഡ്രൈവറു പണീം ഉപേക്ഷിച്ചു.. ഇവിടെ വന്നത് അറിയ്വോ..? എന്റെ സുഭദ്രയെ കാണാന്‍….ഞാന്‍ കെട്ടിയ പെണ്ണിനെ കാണാന്‍ … ദാ… ഇവിടെ നോക്ക്… ഈ ചങ്കീന്ന് അവള് ഒഴിഞ്ഞുപോയിട്ടില്ല.. ഞാന്‍ ഇറക്കിവിട്ടിട്ടില്ല.. കണ്ട അന്നു മുതല് അവള് ഇവിടുണ്ട്… പക്ഷെ, അവള്‍ക്കെന്നെ വെറുപ്പാ.. പേടിയാ… ഇവിടെ വന്നിട്ട് ഇത്രേം ദിവസമായിട്ട് അവള് എന്റെ മുന്നില് വന്നിട്ടില്ല.. കാണുമ്പ വേഗം പോകും.. ഞാനെന്താ അവളെ പിടിച്ചു തിന്ന്വോ? അവളെ കൊല്ലുമോ..? തല്ലുമോ..?.. ഇല്ല.. അവളെന്റെ ജീവനാ… അവളെന്റെയാ..’

ഒന്നും മറുപടി പറയാതെ ഇഞ്ചക്കാടന്‍ എല്ലാം കേട്ടിരുന്നു. കോന്നന്‍കുട്ടി മദ്യലഹരിയിലാണ് പറയുന്നതെങ്കിലും അതില്‍ കാര്യമുണ്ടെന്നു ഇഞ്ചക്കാടന് ബോധ്യമായി…

‘എന്റെ കാശു തീരുന്നതിനു മുന്‍പ് എവിടെയെങ്കിലും ഒരു അഞ്ചു സെന്റ് സ്ഥലം വാങ്ങണം… അതില്.. ഒരു കൂരവച്ച് എന്റെ സുഭദ്രേനെ കൂട്ടിക്കൊണ്ടുപോകണം… കുമാരേട്ടന്‍ എന്റെ അച്ഛനാ… സൊന്തം അച്ഛന്‍.. അച്ഛനിതു നടത്തിത്തരില്ലേ..?’

‘തരും..ഞാന്‍ നടത്തിത്തരും..’

രാത്രി ഷാപ്പടയ്ക്കുന്നതുവരെ അവര്‍ അവിടെത്തന്നെയിരുന്നു. അതിനിടയില്‍ കോന്നന്‍കുട്ടിയുടെ വീട്ടുകാര്യങ്ങള്‍ മുഴുവന്‍ ഇഞ്ചക്കാടന്റെ മുന്നില്‍ അഴിച്ചു..

ഇഞ്ചക്കാടന്‍ കണ്ണുവിന്റെയും കൊച്ചുപെണ്ണിന്റെയും മുമ്പാകെ പ്രശ്‌നം അവതരിപ്പിച്ചു.

കോന്നന്‍കുട്ടിയുടെ കൈയില്‍ ധാരാളം പണമുണ്ടെന്നു കേട്ടപ്പോള്‍ ഇരുവരുടെയും മനസിളകി.

‘അതിന് ഞങ്ങളെന്താ മറുപടി പറയേണ്ടത്? അവര് ഭാര്യേം ഭര്‍ത്താവുമാണ്. എന്തെങ്കിലും ചില്ലറ കശപിശ ഉണ്ടായികാണും. അല്ലാതെ അവരുടെ ബന്തം വേര്‍പെടുത്തീട്ടില്ലല്ലോ.. അവന് എപ്പ വേണമെങ്കിലും അവളെ വിളിച്ചോണ്ടു പോകാം..’

കണ്ണുവിന്റെ അഭിപ്രായമറിഞ്ഞപ്പോള്‍ കോന്നന്‍കുട്ടിക്ക് വലിയ സന്തോഷമായി. അയാള്‍ അന്നു വൈകീട്ട് സുഭദ്രയുടെ വീട്ടിലേക്കു കയറിച്ചെന്നു.

പ്രതാപന്‍ മുറിയുടെ വാതില്ക്കല്‍ ചെന്നു മണിയടിച്ചു. പ്രതാപന്‍ ഇറങ്ങിവന്നു..

‘അളിയാ…’ എന്നു വിളിച്ചുകൊണ്ട് കോന്നന്‍കുട്ടി ചിരിച്ചു..

‘ആരാടാ.. അളിയന്‍.. പോടാ പന്നീ…’ പ്രതാപന്‍ കോന്നന്‍കുട്ടിയെ തള്ളി മുറ്റത്തേയ്ക്കിട്ടു.. കോന്നന്‍കുട്ടി സുഭദ്രയ്ക്കു കൊണ്ടുവന്ന പൊതിയില്‍ നിന്നു പലഹാരങ്ങള്‍ നാലുപാടും ചിതറിവീണു..

അപ്രതീക്ഷിതമായുണ്ടായ പ്രഹരത്തില്‍ കോന്നന്‍കുട്ടി പതറി. ഒരു കണക്കിന് എഴുന്നേറ്റു. നാട്ടുകാരും പാലം പണിക്കാരും ആ രംഗം നോക്കിനിന്നു. സുഭദ്രയോ മറ്റു സ്ത്രീകളോ അവിടേയ്ക്കു എത്തിനോക്കുക പോലും ചെയ്തില്ല.

മേസ്തിരി ഈ വിവരം അറിഞ്ഞു

‘കോന്നന്‍കുട്ടി നാളെമുതല്‍ ഇവിടെ പണിക്കു നില്‍ക്കേണ്ട.. കിട്ടാനുള്ള കൂലി മേടിച്ച് ഇന്നു തന്നെ പൊയ്‌ക്കോ..’

‘അതെന്താ മേസ്തിരീ..?’

‘എന്തോന്ന് തനിക്കറിയില്ലേ..? ഞാന്‍ തന്നെ പറയണോ..?’

‘മേസ്തിരീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാ..’

‘ഒന്നും പറയേണ്ട.. നീ ആ വിട്ടിലേക്കു തന്നെ നോക്കി കൊണ്ടു നില്‍ക്കുന്നത്. ഞാന്‍ എത്ര വട്ടം കണ്ടിരിക്കുന്നു. അപ്പഴേ ഞാന്‍ കരുതിയതാ.. നീ എന്നെങ്കിലും അവരുടെ കൈ മേടിക്കുമെന്ന്..’

‘അതങ്ങിനെയല്ല മേസ്തിരീ..’-കോന്നന്‍ കുട്ടിയും മേസ്തിരിയും തമ്മിലുള്ള സംഭാഷണം കേട്ടുകൊണ്ട് ഗോപാലന്‍ പറഞ്ഞു.

‘ഞാന്‍ ഗോപാലനേം കാണാനിരിക്കുകയായിരുന്നു. ഇയാളാണല്ലോ കോന്നന്‍കുട്ടിയെ ഇവിടെ കൊണ്ടുവന്നത്. ഒരാളെ കൊണ്ടുവരുമ്പോള് ആള് ഏതു തരക്കാരാനാണെന്നു നോക്കേണ്ടേ?’

‘കോന്നന്‍കുട്ടി നല്ലവനാ മേസ്തിരി’

‘ഇവനോ? ഗോപാലന്‍ അപ്പള് വിവരമൊന്നും അറിഞ്ഞില്ലേ..?’

‘അറിഞ്ഞു..’

‘എപ്പോഴും ഇവന്റെ കണ്ണ് ആ വീട്ടിലേക്കാ.. ഞാനത് കാണാറുണ്ട്.. പോരാത്തതിന് ഇന്നവന്‍ ആ വീട്ടിലേക്കു നേരിട്ടു കേറിച്ചെന്നിരിക്കുന്നു… അവന്റെ അഹമ്മതി എത്രത്തോളം ഉണ്ടെന്നു നോക്കണേ..’

‘മേസ്തിരി .. അത് ഇവന്റെ ഭാര്യവീടാ… സ്വന്തം ഭാര്യയേയാ ഇവന്‍ നോക്കുന്നത്..’

‘അങ്ങനെയാണോ..?’

‘അതേ മേസ്തിരീ..’

‘അപ്പ ഇവനെ അവര് തല്ലിയതെന്താ..?’

ഗോപാലനും കോന്നന്‍ കുട്ടിയും കൂടി എല്ലാ സംഭവങ്ങളും മേസ്തിരിയെ പറഞ്ഞു കേള്‍പ്പിച്ചു…

‘അങ്ങനെയാണോ… എങ്കിലത് വെറുതെ വിട്ടുകൂടാ…’

മേസ്തിരി നാക്കിനും കൈക്കും ബലമുള്ള മൂന്നുനാലു പേരെ കൂട്ടി കണ്ണുവിന്റെ അടുത്തു ചെന്നു.

‘നിങ്ങളുടെ മോന്‍ ഞങ്ങളുടെ പണിക്കാരനെ തല്ലി.. അതിനു സമാധാനം ഒണ്ടാക്കണം…’

‘അത് ഞങ്ങടെ കുടുമ്മക്കാര്യമാ.. നിങ്ങള്‍ക്കതില് എന്താ കാര്യം..?

അപ്രതീക്ഷിതമായ മറുപടി കേട്ടു മേസ്തിരിയും കുട്ടനും പതറി.

‘പിന്നെ, അന്യനാട്ടിലു വന്ന് കൂടുതല് വെളച്ചിലു വേണ്ട… ഞങ്ങളെ ഭരിക്കാനൊന്നും വരണ്ട കേട്ടോ..’

‘എടോ കാര്‍ന്നോരേ… തന്നെ ഞാന്‍..’

കൂട്ടത്തില്‍ തടിമിടുക്കുള്ള മെറ്റല്‍ പണിക്കാരന്‍ ജോര്‍ജ് കണ്ണുവിനെ വിരട്ടാന്‍ നോക്കി..

കണ്ണു ഒട്ടും വകവയ്ക്കാതെ പറഞ്ഞു..- ‘എടാ മോനേ.. പോയി തരത്തില്‍ പോയി കളിക്കെടാ.. പോടാ.. പോടാ..’

മേസ്തിരിയും സംഘവും ഇളിഭ്യരായാണ് മടങ്ങിയത്… കടയില്‍ ചായകുടിക്കാന്‍ എത്തിയവരും അല്ലാത്തവരുമായ ആളുകള്‍ മേസ്തിരിയെയും കൂട്ടരെയും നോക്കി പരിഹസിച്ചു ചിരിച്ചു..

കോന്നന്‍കുട്ടി അന്നുതന്നെ അവിടെനിന്നു സ്ഥലം വിട്ടു… പണിയെടുത്ത കൂലിപോലും വാങ്ങാന്‍ നിന്നില്ല. ആരോടും യാത്ര പറഞ്ഞതുമില്ല..

നാരായണന്റെ പനി ടൈഫോയ്ഡായി മാറി. അയ്യപ്പന്‍കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു വന്നതിനു ശേഷം അയാള്‍ക്ക് വിശ്രമം എന്തെന്നറിയാന്‍ കഴിഞ്ഞില്ല. ആദ്യം ചില സംഘടനാപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു വര്‍ക്കലയിലേക്ക പോകേണ്ടതായി വന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സാവിത്രിയെ പെണ്ണുകാണാന്‍ വന്നതിന്റെ തിരക്ക്. പനിയുള്ളപ്പോള്‍ മോരു കഴിച്ചതും വിനയായി. അത് പനി വര്‍ധിക്കാനും ഇടയാക്കി. അതിനിടയില്‍ മാളുവിന് ശ്വാസമുട്ടും കൂടുതലായി..

മാളുവിന് മരുന്ന് വാങ്ങാന്‍ ചെന്നപ്പോള്‍ വൈദ്യര്‍ മുന്നറിയിപ്പു നല്‍കി..- ‘ ഈ പനി സൂക്ഷിക്കണം കെട്ടോ… ഇപ്പോത്തന്നെ രണ്ടാഴ്ച കഴിഞ്ഞില്ലേ… വിശ്രമിക്കണം.. ആവതില്ലാതെ പണി ചെയ്യുമ്പോഴാ പനി വരുന്നത്.. അതുകൊണ്ട് നല്ല ഡോക്റ്ററെ കാണണം.. വിശ്രമിക്കേം വേണം..’

നാരായണന്‍ എല്ലാം മൂളിക്കേട്ടെങ്കിലും വൈദ്യരുടെ നിര്‍ദേശം നടപ്പാക്കാന്‍ കഴിഞ്ഞില്ല… വീട്ടില്‍ ചെന്നപ്പോള്‍ വീണ്ടും നൂറുകൂട്ടം കാര്യങ്ങള്‍. അവിടെയും ഓടാന്‍ വേറെ ആരിരിക്കുന്നു..!

അവസാനം നാരായണന്‍ വീണു. ഗൗരീശ്വരത്തിന് അടുത്തുള്ള വെട്ടുവഴിയിലാണ് വീണത്. ഭാഗ്യത്തിന് മുറിവ് പറ്റിയില്ല.. ആളുകള്‍ എടുത്ത് ആശുപത്രിയില്‍ എത്തിച്ചു.

അയാളെ പരിശോധിച്ച ശേഷം ഡോക്റ്റര്‍ പറഞ്ഞു ‘ ഉടനെ എറണാകുളത്തേയ്ക്കു കൊണ്ടുപോകണം. പനി ടൈഫോയ്ഡ് ആയിട്ടുണ്ട്.. രണ്ടു മൂന്നാഴ്ച വെറുതെ കൊണ്ടുനടന്നു… ഇവിടെ ചികിത്സിക്കാനുള്ള സൗകര്യങ്ങളില്ല.. വേഗം എറണാകുളത്തെത്തിച്ചാലേ രക്ഷപ്പെടുത്താന്‍ കഴിയൂ… പനി അത്രയ്ക്കു കൂടിയിട്ടുണ്ട്..’

എല്ലാവരും കൂടി നാരായണനെ വീട്ടിലെത്തിച്ചു.. നാരായണന്റെ വിഷമത കണ്ടപ്പോള്‍ മാളുവിന് ശ്വാസംമുട്ട് കൂടി…

നാരായണനെ എറണാകുളത്ത് കൊണ്ടു പോകണം… പക്ഷെ ആരു കൊണ്ടു പോകും? ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും അപ്പോള്‍ കിട്ടാവുന്ന ആരുമില്ല..

കൗസല്യയും സാവിത്രിയും രാമകൃഷ്ണനും കൂടി മാളുവിന്റെ വീട്ടില്‍ ചെന്നു.. അവര്‍ ആദ്യമായാണ് അവിടെ ചെല്ലുന്നത്.. ഒരു പുലയ സ്ത്രീയുടെ വീട്ടില്‍ കയറാന്‍ അപ്പോഴും അവരുടെ ആഢ്യത്വം തയാറായിരുന്നില്ല.

മാളുവിന്റെ മുതുമുത്തശ്ശി ഒരു നമ്പൂതിരി സ്ത്രീ ആയിരുന്നെത്രെ! വീടിന്റെ പരിസരത്ത് രാത്രി ഇറങ്ങിനടക്കുമ്പോള്‍ മുത്തശിയെ മാളുവിന്റെ മുതുമുത്തശ്ശന്‍ തട്ടിക്കൊണ്ടു പോന്നതാണെത്രെ. വര്‍ഷത്തില്‍ ഒരു നിശ്ചിതദിവസം ഇങ്ങനെ മേല്‍ജാതിക്കാരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോരാന്‍ പുലയര്‍ക്കു അവകാശമുണ്ടായിരുന്നുപോലും! ഇതിനെ ‘പുലപ്പേടി’ എന്നു പറഞ്ഞിരുന്നു. മാളുവിന്റെ ശ്വാസംമുട്ടും ആ മുതുമുത്തശിയില്‍ നിന്നു പാരമ്പര്യമായി കിട്ടിയതത്രെ.

നാരായണനെ ഉടനെ എറണാകുളത്തെത്തിക്കണം. പക്ഷെ, ആരു കൊണ്ടുപോകും? പ്രത്യേകിച്ച് അസുഖം ഇത്ര വഷളായ സ്ഥിതിക്ക് ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ അവിടെ നില്‍ക്കേണ്ടതായി വരും. അതിനു പറ്റിയ ആളുകളായിരിക്കണം..

മാളു ഞെരങ്ങി പറഞ്ഞു: -‘ ഞാന്‍ പോകാം..’

‘അതു വേണ്ട, ഞാന്‍ പോകാം..’-കൗസല്യ തയാറായി..

‘ഏയ്.. അതു ശരിയാവില്ല… പുറത്തിറങ്ങി ശീലമല്ലാത്ത നിങ്ങളവിടെ പോയിട്ട് എന്തു ചെയ്യാനാ..? വല്യ പട്ടണമാ എറണാകുളം. കണ്ണു തെറ്റിയ പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകും..’

‘എന്നാലൊരു കാര്യം ചെയ്താലോ… എന്റെ മൂത്ത അങ്ങള മാധവനെ കൂട്ടി വിട്ടാലോ..’ -കൗസല്യയുടെ നിര്‍ദേശം എല്ലാവര്‍ക്കും സ്വീകാര്യമായി. കാര്യമൊന്നുമില്ലെങ്കിലും മാധവന്‍ ഇടയ്ക്ക് എറണാകുളത്ത് പോകാറുള്ളതാണ്..

കാര്യമറിഞ്ഞപ്പോള്‍ മാധവന്‍ പറഞ്ഞു..-‘ ഞാനില്ല..’

കൗസല്യ അച്ഛനോടും അമ്മയോടും കെഞ്ചിപ്പറഞ്ഞു..- ‘ ഞങ്ങള്‍ക്ക് ആകെയുള്ള ഒരാശ്രയമാ ആ മനുഷ്യന്‍.. ഞങ്ങള്‍ക്കു വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോ ഒരാവശ്യം വന്നപ്പോ.. കൈ ഒഴിയുന്നത് ശരിയല്ല’

പക്ഷെ, അച്ഛനും അമ്മയും ഒരുപോലെ നിശബ്ദത പാലിച്ചു…

കൗസല്യ ഒരുപാട് കരഞ്ഞു. ഒടുവില്‍ ഭീഷണിപ്പെടുത്തി- ‘മാധവാ… നീ വന്നില്ലെങ്കീ… ഞാനീ പുഴയില്‍ ചാടിച്ചാകും.. നോക്കിക്കോ..’

അത്രയുമായപ്പോള്‍ കുഞ്ഞുപെണ്ണ് പറഞ്ഞു- ‘ എടാ മാധവാ… നീ ചെല്ല്..’

കുഞ്ഞുപെണ്ണ് മടിയില്‍ നിന്നു കുറെ രൂപയെടുത്ത് മാധവനു നേരെ നീട്ടി. മാധവന്‍ അത് എണ്ണിനോക്കി- നൂറ്റിപ്പതിമൂന്നു രൂപ..

എല്ലാം തയാറായി ബോട്ടു ജെട്ടിയില്‍ ചെന്നപ്പോള്‍ നേരം സന്ധ്യയാകാറായി. ഇനി ലാസ്റ്റ് ബോട്ടാണുള്ളത്.. അതാണെങ്കില്‍ പലപ്പോഴും ഉണ്ടാവില്ല. ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ദൂരെ വടക്കേവളവില്‍ ബോട്ടു കണ്ടു.

രണ്ടാളുകള്‍ പിടിച്ചിട്ടാണ് നാരായണനെ ബോട്ടില്‍ കയറ്റിയത്. ആളുകള്‍ അയാള്‍ക്ക് കിടക്കാന്‍ സൗകര്യം ചെയ്തു കൊടുത്തു. നാരായണന്റെ തലയ്ക്കല്‍ മാധവനുമിരുന്നു.

നാരായണന്‍ മയക്കത്തില്‍ പിച്ചുംപേയും പറയുന്നതു കണ്ടപ്പോള്‍ മാധവന് പേടിയും നാണക്കേടും തോന്നി. ചുറ്റുമുള്ളവര്‍ തന്നെ ശ്രദ്ധിക്കുന്നതില്‍ മാധവന്‍ അസ്വസ്ഥനായി. ഈ ഭാരം എന്തിനാണ് തന്റെ തലയില്‍ കയറ്റിവച്ചതെന്നു മയാള്‍ സങ്കടപ്പെട്ടു..

നാരായണനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ട ചുമതല തനിക്കുണ്ടോ… ? അയ്യപ്പന്‍കുട്ടിയുമായിട്ടല്ലാതെ ഇയാളുമായി തനിക്കെന്താ ബന്ധം? മിത്രം എന്നതിലുപരി ശത്രുവല്ലേ..? അനിയന്റെ കാര്യം പറഞ്ഞ് തൈക്കാടംപള്ളി ഇടവഴിയില്‍ വച്ച് അടിച്ചതിന്റെ വേദന ഇപ്പോഴും മനസില്‍ നീറിക്കൊണ്ടിരിക്കുന്നു.

എറണാകുളം ജെട്ടിയില്‍ എത്തിയാല്‍ ബോധമില്ലാതെ കിടക്കുന്ന ഇയാളെ എങ്ങനെ കരയ്ക്കിറക്കും? രണ്ടു പേരുടെ സഹായമെങ്കിലും വേണ്ടി വരും. രാത്രി ഒമ്പതര മണിക്കാവും ബോട്ട് ജെട്ടിയിലെത്തുക. ആ സമയം ജെട്ടിയില്‍ റിക്ഷ ഉണ്ടാകുമോ..? ഉണ്ടാകാന്‍ ഒരു സാധ്യതയുമില്ല.. റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നാല്‍ റിക്ഷ കിട്ടും. അപ്പോള്‍ ബോട്ടില്‍ നിന്നു രോഗിയെ ഇറക്കി ജെട്ടിയിലെ ബെഞ്ചില്‍ കിടത്തി പോകേണ്ടതായി വരും. തീവണ്ടി വരുന്ന സമയമാണെങ്കില്‍ റിക്ഷ വിളിച്ചാല്‍ വരില്ല. അഥവാ, വന്നാല്‍ തന്നെ ഇരട്ടി കാശ് കൊടുക്കണം.

നാരായണന്‍ ശരിക്കു വിയര്‍ക്കാന്‍ തുടങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ തണുത്തു വിറച്ചു.

‘വെള്ളം.. വെള്ളം..’- അയാള്‍ പിറുപിറുത്തു

മാധവന്‍ അനങ്ങിയില്ല..

‘എടോ ഇത്തിരി വെള്ളം കൊടുക്ക്.’- ബോട്ടിലെ യാത്രക്കാര്‍ പറഞ്ഞു. ഒരു യാത്രക്കാരന്‍ കൂജയില്‍ വച്ചിരുന്ന വെള്ളം ഒരു ഗ്ലാസില്‍ പകര്‍ന്നുകൊണ്ടുവന്നു കൊടുത്തു.

മാധവന്‍ ശങ്കിച്ചുശങ്കിച്ചാണ് വെള്ളം കൊടുത്തത്.. ബോട്ടില്‍ വച്ചെങ്ങാനും നാരായണന്‍ മരിച്ചുപോയാലോ?- ആ ചിന്ത മാധവനെ ഞെട്ടിച്ചു കളഞ്ഞു. അങ്ങനെയൊരു രംഗം വന്നാല്‍ തന്നെക്കൊണ്ട് നേരിടാനാവില്ലെന്നു മാധവന്‍ കണക്കുകൂട്ടി.

ബോട്ട് എറണാകുളത്തെത്തി. കോട്ടപ്പുറത്തേയ്ക്കും വരാപ്പുഴയിലേക്കും ആലപ്പുഴയ്ക്കും ചാത്തനാട്ടേയ്ക്കും മറ്റുമുള്ള ബോട്ടുകള്‍ കുളത്തില്‍ കയറ്റിയാണ് ഇടുന്നത്.

മാധവനാണ് ബോട്ടില്‍ നിന്ന് ആദ്യം ഇറങ്ങിയത്.

‘എന്താ രോഗിയെ കൊണ്ടുപോണില്ലേ..?’- ബോട്ടുമാസ്റ്റര്‍ ചോദിച്ചു..

‘ഉവ്വ്, റിക്ഷ കൊണ്ടുവരട്ടേ..’

‘ശരി, വേഗം വേണം…’

മാധവന്‍ തിരക്കിനിടയിലൂടെ ഊളിയിട്ടു മറഞ്ഞു.

മണിക്കൂറുകള്‍ നീണ്ടു പോയി ബോട്ടിലുള്ള എല്ലാ യാത്രികരും പൊയ്ക്കഴിഞ്ഞു. ഇനി വെളുപ്പിനാണ് ബോട്ടുകള്‍ പുറപ്പെടുക.. നാരായണനെ കയറ്റിവന്ന ബോട്ടിലെ വിളക്കു മാത്രം അണച്ചിരുന്നില്ല.

‘ശ്ശെ.. ആ രോഗിയുടെ ആളെ കാണാനില്ലല്ലോ..’ -ബോട്ടു മാസ്റ്റര്‍ പിറുപിറുത്തു

‘റിക്ഷ കിട്ടിയിട്ടുണ്ടാവില്ല… റെയില്‍വേ സ്റ്റേഷനില്‍ ഇല്ലെങ്കില്‍ ലക്ഷ്മണ്‍ തീയെറ്ററിനു മുന്നില്‍ പോകണം. അല്ലെങ്കീ മേനകയില്.. മഴയുള്ളതുകൊണ്ട് റിക്ഷയ്ക്കു നല്ല ഓട്ടമായിരിക്കും’

നേരം വെളുക്കുന്നതുവരെ ബോട്ടുകാര്‍ മാധവനെ പ്രതീക്ഷിച്ചിരുന്നു. പിന്നെ അവര്‍ മാധവന്‍ മുങ്ങിയതാവാമെന്ന സത്യത്തിന്റെ തീരത്തടുത്തു.

കോട്ടപ്പുറത്തേയ്ക്കുള്ള ആദ്യത്തെ ട്രിപ്പാണ്. പക്ഷെ, എന്തു ചെയ്യും..? ഒരു രോഗി ഉള്ളില്‍ കിടക്കുമ്പോള്‍ എങ്ങനെ ബോട്ട് കൊണ്ടുപോകും?

‘മാഷേ, നമുക്കൊരു കാര്യം ചെയ്താലോ..?’- ലാസ്‌കര്‍ ചോദിച്ചു.

‘എന്താ..’

‘രോഗിയെ ജെട്ടി സൂപ്രണ്ടിന്റെ മുന്‍വശത്തെ മുറിയില്‍ കിടത്താം… കനാല്‍ ലാസ്‌കറ് വേലായുധന്‍ സാറിനെ ഏല്‍പ്പിച്ചിട്ടു പോകാം. ്അപ്പോഴെയ്ക്കും രോഗിയുടെ കൂടെയുള്ള ആളുവന്നാല്‍ കൂട്ടിക്കൊണ്ടുപോകട്ടേ..’

‘അതു കൊള്ളാം..’

എല്ലാവരും കൂടി നാരായണനെ പൊക്കിയെടുക്കാന്‍ ചെന്നു. തണുത്തു വിറങ്ങലിച്ച ശരീരത്തില്‍ തൊട്ടപ്പോള്‍ അവര്‍ ഞെട്ടിപ്പോയി.. രോഗി മരിച്ചിരിക്കുന്നു…

Generated from archived content: kanni25.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here