This post is part of the series കണ്ണികള്‍
Other posts in this series:
പ്രകാശന് ബോധം തെളിഞ്ഞപ്പോള്‍ നാലുപാടും കൂരിരുട്ടായിരുന്നു. അവിടവിടെയായി നീറ്റലുണ്ട്. കൈതൊട്ടു നോക്കിയപ്പോള്‍ ചോര നനഞ്ഞു. പ്രതാപന്റെ ചവിട്ടില്‍ പ്രകാശന്റെ നടുവിന് ഉളുക്ക് പറ്റിയിട്ടുണ്ട്. എഴുന്നേല്‍ക്കാന്‍ പ്രയാസം. ഒരുവിധം തപ്പിത്തടഞ്ഞ് എഴുന്നേറ്റു.
നവദമ്പതികളുടെ മണിയറവാതില്‍ അകത്തുനിന്നു കുറ്റിയിട്ടിരിക്കുകയാണ്. ശ്ശൊ! എന്തൊരു നാണക്കേട്.. അനിയന്‍ ചെയ്തതു വലിയ കടുംകൈയാണ്. ഒച്ചയുണ്ടാക്കിയാലോ? വേണ്ട.. നാട്ടുകാരറിഞ്ഞാല്‍ പിന്നെ ജീവിച്ചിരിക്കേണ്ട. ഭര്‍ത്താവിനെ ചവിട്ടിപ്പുറത്താക്കി ഭാര്യയില്‍ മറ്റൊരാള്‍ ആധിപത്യം സ്ഥാപിക്കുക. അതും സ്വന്തം സഹോദരന്‍. നെഞ്ചു വിങ്ങിപ്പൊട്ടുകയാണ്. ശരീരത്തിനും മനസിനും ഒരുപോലെ വേദന.
പ്രകാശന്‍ മൃദുവായി വാതിലില്‍ മുട്ടിവിളിച്ചു..
‘പ്രതാപാ.. എടാ പ്രതാപാ…’
ആരും വാതില്‍ തുറന്നില്ല. അല്‍പനേരം കൂടി കാത്തത്തിനു ശേഷം വീണ്ടും വാതിലില്‍ മുട്ടി..
‘കമലാവതീ… വാതില്‍ തുറക്ക്..’
അകത്തുനിന്നു പ്രതികരണമുണ്ടായില്ല. പ്രകാശന്‍ വാതില്‍ക്കല്‍ കുത്തിയിരുന്നു നേരം വെളുപ്പിച്ചു. അയാള്‍ക്ക് ഒരേയൊരു പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ… ‘ ഈശ്വരാ.. ആരെങ്കിലും എത്തുന്നതിനു മുന്‍പ് പ്രതാപന്‍ എഴുന്നേറ്റു പോണേ..’
കൊച്ചുപെണ്ണ് എഴുന്നേറ്റു വരുമ്പോള്‍ പ്രതാപന്‍ പുറത്തിരിക്കുന്നു..
‘നീയെന്താടാ ഇവിടെ ഇരിക്കുന്നത്.?’
പ്രകാശന്‍ അമ്മയെ നോക്കി ഒറ്റക്കരച്ചില്‍- കുട്ടികളെപ്പോലെ. ആ കരച്ചിലിനിടയില്‍ അയാളുടെ നാവില്‍ നിന്നും ഒരു പേര് പുറത്തുവന്നു…’ പ്രതാപന്‍’
കൊച്ചു പെണ്ണിനു കാര്യങ്ങള്‍ ഏകദേശം മനസിലായി. അവള്‍ വാതിലില്‍ മുട്ടിവിളിച്ചു.
‘എടാ പ്രതാപാ… വാതില്‍ തുറക്കെടാ.. എടീ കമലാവതീ…’
പ്രതാപന്‍ വാതില്‍ തുറന്നു. അവന്റെ തൊട്ടുപിന്നില്‍ ഭാര്യയെപ്പോലെ കമലാവതി. ആ കാഴ്ച പ്രകാശന്റെ നെഞ്ചു കലക്കി.
‘എടാ.. കുരുത്തംകെട്ടവനേ.. നീ എന്തു പണിയാടാ ഈ കാണിച്ചേ..?’
ഗൗരവത്തോടെയുള്ള കൊച്ചുപെണ്ണിന്റെ ചോദ്യം പ്രതാപന്‍ തൃണവല്‍ഗണിച്ചു.
‘ നീ പോടീ പന്നീ… ‘ എന്നു പറഞ്ഞ് അവന്‍ അകത്തേയ്ക്കു പോയി.
കൊച്ചുപെണ്ണ് പുതുമണവാട്ടിയോട് ഒന്നും ചോദിച്ചില്ല. ഗൗരവത്തോടെ അവളുടെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍്ത്തന്നെ പ്രകാശന്റെ ആദ്യഭാര്യയില്‍ നിന്നുള്ള അനുഭവം ഓര്‍മ വന്നു.
നടന്ന സംഭവം വീട്ടിലുള്ള എല്ലാവരും അറിഞ്ഞു. അതോടെ പ്രതാപന് കൂടുതല്‍ ധൈര്യമായി. എല്ലാവരുടെയും അംഗീകാരം കിട്ടിയതുപോലെ അയാള്‍ കണക്കാക്കി.
രാത്രിയായപ്പോള്‍ ഇനി അബദ്ധം പറ്റരുതെന്നു കരുതി പ്രകാശന്‍ മുറിയില്‍ കയറി. അതിനു മുന്‍പേ പ്രതാപന്‍ അവിടെ സ്ഥാനം പിടിച്ചിരുന്നു. പ്രകാശന്‍ ഒന്നും മിണ്ടിയില്ല. അയാള്‍ അതുമിതും ചെയ്തുകൊണ്ട് മുറിയില്‍ തന്നെയിരുന്നു.
അല്‍പം കഴിഞ്ഞപ്പോള്‍ പ്രതാപന്റെ മട്ടുമാറി.
‘ഇനി ഇയാളൊന്നു പുറത്തുപോ.. ബാക്കിയുള്ളവര്‍ക്കു കിടന്നുറങ്ങണം..’
പുറമേ ആരും കേള്‍ക്കാതിരിക്കാന്‍ പ്രകാശന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.. ‘ മോനേ, നീ നിന്റെ മുറിയിലേക്കു പോ..’
‘ഞാന്‍ എവിടെപോകണമെന്നു തീരുമാനിക്കുന്നത് ഞാനാ… ആരും എ്‌ന്നോട് കല്‍പ്പിക്കാന്‍ വരേണ്ട. ഇയാള് വേഗം മുറിയില്‍ നിന്നിറങ്ങ്.’
‘എടാ .. പതുക്കെ പറ വല്ലവരും കേള്‍ക്കും’
കാലുപിടിക്കുന്നതു പോലെയാണ് പ്രകാശന്‍ അതു പറഞ്ഞത്. പക്ഷെ, പ്രതാപന് ക്ഷമയുണ്ടായില്ല. അയാള്‍ പ്രകാശനെ പിടിച്ചു പുറത്തേയ്ക്കു തള്ളി വാതിലടച്ചു. ്അപ്പോള്‍ത്തന്നെ വാതില്‍ തുറന്ന് പായും തലയിണയും പുറത്തേയ്ക്കിട്ട് വീണ്ടും വാതിലടച്ചു.
പ്രകാശന്‍ കരഞ്ഞില്ല. എ്ന്തു ചെയ്യണമെന്നറിയാതെ അല്‍പനേരം അവിടെത്തന്നെ നിന്ന ശേഷം പായും തലയിണയും എടുത്ത് ബോട്ടു ജെട്ടിയിലെ സിമന്റു ബെഞ്ചിലേക്കു നടന്നു.
അതോടെ കമലാവതിയില്‍ പ്രതാപന്‍ ആധിപത്യം സ്ഥാപിച്ചു. കമലാവതിയെ സംബന്ധിച്ചിടത്തോളം ഇന്ന ആള്‍ ആകണമെന്നു നിര്‍ബന്ധമില്ലായിരുന്നു. ജീവിതത്തില്‍ മുന്‍പ് നേരിട്ട ദുരനുഭവങ്ങള്‍ അവളുടെ ബുദ്ധിയെയും വിവേചനശക്തിയെയും നശിപ്പിച്ചു കളഞ്ഞിരുന്നു. വേണമെങ്കില്‍ ഒരു പാവയെന്നു പറയാം.
അന്യന്റെ ഗര്‍ഭവും പേറിയാണ് മരുമകള്‍ വീട്ടിലേക്കു വന്നിരിക്കുന്നത്. ആ കുഞ്ഞ് ഇവിടെ പെറ്റുവീഴരുതെന്ന നിര്‍ബന്ധം കൊച്ചുപെണ്ണിനുണ്ടായിരുന്നു. പകല്‍ മുഴുവന്‍ അവളെക്കൊണ്ട് അരിയാട്ടിക്കും. കല്ലുരലില്‍ ഉലക്കക്കൊണ്ട് കുത്തുന്നത് കമലാവതി മുമ്പ് ശീലിച്ചിരുന്നില്ല. വീട്ടില്‍ ഒരു പണിയും ചെയ്തിരുന്നില്ല. അരിയിടിച്ചാല്‍ ഗര്‍ഭം അലസിപ്പോകുമെന്നു കൊച്ചുപെണ്ണ് പ്രതീക്ഷിച്ചു. പക്ഷെ, വേണ്ടെന്നു വയ്ക്കുമ്പോഴും അത് കൂടുതല്‍ പ്രതിഷ്ഠിക്കപ്പെടുകയാണുണ്ടായത്.
കടയിലെ തിരക്കിനിടയില്‍ പ്രകാശന്‍ ഇടയ്ക്കു വീട്ടിലേക്കു ചെന്നു. വാസ്തവത്തില്‍ കൊച്ചുപെണ്ണ് മനഃപൂര്‍വം പ്രകാശന് ഒരവസരം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു.
മുറിയിലേക്കു കയറിയപ്പോള്‍ കുളികഴിഞ്ഞു വസ്ത്രം മാറുന്ന കമലാവതിയെയാണ് കണ്ടത്. പ്രകാശന്റെ മനസിളകി. അയാള്‍ ആവേശത്തോടെ അവളെ ആലിംഗനം ചെയ്യാന്‍ ഒരുങ്ങി. പക്ഷെ അവള്‍ വഴങ്ങിയില്ല.
‘ശ്.. ശ് മാറ്. മറ്റേ ചേട്ടന്‍ പെണങ്ങും..’
‘ഏതു മറ്റേ ചെട്ടന്‍? ഞാനാ നിന്നെ കല്യാണം കഴിച്ചത്’
‘അതൊന്നും എനിക്കറിയില്ല.. നിങ്ങളെ കൊണ്ട് തൊടീക്കരുതെന്നാ മറ്റേ ചേട്ടന്‍ പറഞ്ഞിരിക്കുന്നേ’
ഈ സമയത്താണ് കൊച്ചുപെണ്ണ് അങ്ങോട്ടു ചെന്നത്.
‘എന്താ ഇവിടെ.. എന്താ.. എന്താ..?’
പ്രകാശന്‍ ഒന്നും പറയാതെ പോകാനൊരുങ്ങി.
‘നില്ല് പ്രകാശാ..’
കൊച്ചുപെണ്ണ് പ്രകാശനെ തടഞ്ഞു.
‘ ഇത് നിന്റെ പെണ്ണാ.. നിനക്ക് ചുണയില്ലാത്തതു കൊണ്ടാ അനിയന്‍ കൈവശമാക്കിയത്..’
കമലാവതിയെ രൂക്ഷമായി നോക്കിയ ശേഷം കൊച്ചുപെണ്ണ് ശക്തമായി താക്കീത് നല്‍കി..
‘ നിന്റെ മറ്റേത്തരമൊന്നും ഇവിടെ എടുക്കരുത്.. അതൊക്കെ പുല്ലൂറ്റ് മതി..’
വൈകീട്ട് പുറത്തുനിന്നു പ്രതാപന്‍ വന്നപ്പോള്‍ കമലാവതി നടന്ന സംഭവങ്ങള്‍ എല്ലാം പറഞ്ഞു. പതിവിനു വിപരീതമായി പ്രതാപന്‍ ശാന്തത കാട്ടി. അതിനൊരു കാരണമുണ്ടായിരുന്നു. ഇഞ്ചക്കാടന്റെ മകള്‍ ലീലയെ കണ്ടപ്പോള്‍ അവളെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നൊരു മോഹം തോന്നി. ആ വീട്ടില്‍ അടുത്തുകൂടണമെങ്കില്‍ ഇഞ്ചക്കാടനെ പണം കൊടുത്തു പ്രലോഭിപ്പിക്കണം. അതിനുള്ള പണം എല്ലാ ദിവസവും ഉണ്ടാക്കാന്‍ പ്രയാസം. പ്രകാശന്‍ എല്ലാ ദിവസവും കടയില്‍ പോകും അതുകൊണ്ട് അയാള്‍ക്കു പണത്തിനു ബുദ്ധിമുട്ടില്ല.
പ്രതാപന്‍ കലാവതിയെ ഉപദേശിച്ചു.
‘നിനക്ക് അയാളോടാണ് ഇഷ്ടമെങ്കില്‍ നിന്റെ ഇഷ്ടം പോലെ ചെയ്യ്. പിന്നെ ഒരു കാര്യം ഞാന്‍ പറഞ്ഞില്ലെന്നു വേണ്ട. അയാള്‍ക്കു പറങ്കിപ്പുണ്ണുണ്ട്. നിനക്കും പിടിക്കും.. അതുകൊണ്ടു സൂക്ഷിച്ചോണം’
‘അയ്യോ…’ കമലാവതി ശരിക്കും ഞെട്ടി.
‘അയാള് നിന്നെ കല്യാണം കഴിച്ചതുകൊണ്ട് വേണമെങ്കി തൊട്ടോട്ടെ. അതിനയാളോട് കാശു മേടിക്കണം’
‘എന്താ ഈ പറയുന്നത്..?’
‘എടീ, കെട്ടിയവനോട് ചെലവിന് മേടിക്കുന്നതില്‍ എന്താ തെറ്റ്? ആ കാശുകൊണ്ട് നമുക്ക് ഭംഗിയായി കഴിയാം..’
‘അയ്യോ ഞാനില്ല..’
‘നീ ഞാന്‍ പറയുന്നതു പോലെ കേള്‍ക്ക്. അയാളുടെ കൊതി അനുസരിച്ച് ഓരോ ഭാഗത്തു തൊടീക്കാം.. ഓരോ തൊടലിനും കാശ്… പ്രധാന സ്ഥലങ്ങളില്‍ തൊടുന്നതിന് കൂടുതല്‍ കാശ്..’
‘അയ്യേ…’
കമലാവതി ശരിക്കും നാണിച്ചു പോയി. ഭാര്യയുടെ ശരീരത്തില്‍ തൊടുന്നതിന് ഭര്‍ത്താവില്‍ നിന്നു കാശു വാങ്ങുകയ ഇത് എവിടെയെങ്കിലും പറഞ്ഞു കേട്ടിട്ടുള്ള കാര്യമാണോ..?
അടുത്ത ദിവസം പ്രതാപന്‍ സ്ഥലത്തില്ലാത്ത സമയംനോക്കി കൊച്ചുപെണ്ണ് പ്രകാശനെ വീട്ടിലേക്കു വിട്ടു.
പ്രകാശനെ കണ്ടപ്പോള്‍ കമലാവതി ചിരിച്ചു. പ്രകാശന് അത് പ്രചോദനമായി. അയാള്‍ ആവേശത്തോടെ അവളെ ആലിംഗനം ചെയ്തു. അപ്പോള്‍ കമലാവതി ചോദിച്ചു..
‘എനിക്ക് രണ്ടു രൂപ തര്വോ.. ?’
‘തരാം..’
‘എന്നാല്‍ താ..’
പ്രകാശന്‍ രണ്ടു രൂപ കൊടുത്തു ഭാര്യയെ ഗാഢമായി ആശ്ലേഷിച്ചു. പല ദിവസങ്ങളിലൂടെ പ്രകാശന് മനസിലായി ഭാര്യയുടെ ഓരോ ഭാഗത്തും സ്പര്‍ശിക്കുന്നതിനും ഓരോ സംഖ്യ നിരക്കിട്ടിരിക്കുകയാണെന്ന്.
ചെറായി പാലത്തിനു വേണ്ടിയുള്ള പണി പുരോഗമിച്ചു കൊണ്ടിരുന്നു. കരിങ്കല്ല് വള്ളത്തിനു കൊണ്ടുവന്ന് കരക്കിറക്കി. നൂറുകണക്കിന് വള്ളം കരിങ്കല്ലാണ് ഇറക്കിയത്. അത് തല്ലിയുടച്ച് മെറ്റലാക്കാന്‍ ഉദയംപേരൂരില്‍ നിന്നു കരിങ്കല്‍ തൊഴിലാളികളെത്തി. ഒരു ഓലക്കീറിന്റെ തണല്‍പറ്റി അവര്‍ കരിങ്കല്ലുടച്ച് മെറ്റലുണ്ടാക്കി. മെറ്റല്‍ കൂമ്പാരമായി കൂട്ടിയിട്ടു.
കോന്നന്‍കുട്ടി പാലം പണി കാണാനെന്ന ഭാവത്തില്‍ ചെറായിയില്‍ വന്നു. തന്റെ ഭാര്യയെ ഒരു നോക്കു കാണണമൈന്നു അയാള്‍ക്കു മോഹമുണ്ടായിരുന്നു. കടവാരത്തെ തെങ്ങിന്റെ കടയ്ക്കല്‍ ചാരി അയാള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്നു. ഇതിനിടയ്ക്കു ഒന്നു രണ്ടു പ്രാവിശ്യം സുഭദ്രയെ കണ്ടു. അവള്‍ തന്റെ ഭാഗത്തേയ്ക്കു നോക്കുമെന്നയാള്‍ പ്രതീക്ഷിച്ചു. നെഞ്ചിടിപ്പോടെ, ആ നോട്ടം സംഭവിക്കുന്ന നിമിഷത്തിനു വേണ്ടി അയാള്‍ കാത്തു. പക്ഷെ, അതുണ്ടായില്ല.
പിറ്റേ ദിവസവും കോന്നന്‍കുട്ടി പാലം പണി സ്ഥലത്തു വന്നു. തലേ ദിവസത്തേടതു പോലെ അതേ തെങ്ങിന്‍ ചുവട്ടില്‍ തന്നെ നില്‍പുറപ്പിച്ചു. ഇടയ്ക്കു കിടന്നും നിന്നും അയാള്‍ ്‌സമയം പോക്കി. തന്റെ ഭാര്യയെ ഒന്നു കാണാന്‍ .. എന്തെങ്കിലും രണ്ടു വാക്കു മിണ്ടാന്‍ അയാള്‍ കൊതിച്ചു.
മൂന്നാം പക്കം സുഭദ്ര കോന്നന്‍കുട്ടിയെ കണ്ടു. സംശയം തോന്നി സൂക്ഷിച്ചുനോക്കിയപ്പോള്‍ കോന്നന്‍കുട്ടി പുഞ്ചിരിച്ചു. സുഭദ്ര ഓടി പുരയ്ക്കകത്തേയ്ക്കു കയറി. പിന്നെ വാതിലിന്റെ പാളികള്‍ അല്‍പം തുറന്ന് കോന്നന്‍കുട്ടി പോയോ എന്നു നോക്കി.
കോന്നന്‍കുട്ടി തുടര്‍ന്നുള്ള ദിവസങ്ങളിലും പണിസ്ഥലത്ത് ഹാജരായി. ഒരാള്‍ തുടര്‍ച്ചയായി പണി സ്ഥലത്ത് വന്നു നില്‍ക്കുന്നത് പണിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു.
‘എന്താ ഇവിടെ എല്ലാദിവസവും കാണുന്നുണ്ടല്ലോ’- മെറ്റല്‍പ്പണിക്കാരനായ ഗോപാലനാണ് ചോദിച്ചത്.
‘വെറുതെ, പണി കാണാന്‍ വന്നതാ..’
‘പണിക്കാണെങ്കില്‍ മേസ്തരിയെ കണ്ടാല്‍ മതി.. ദാ.. ആ നില്‍ക്കണ തലേക്കെട്ടുകാരനാ മേസ്ത്രി.’
കോന്നന്‍കുട്ടിയുടെ മനസില്‍ ഒരാശയം ഉദിച്ചു. എന്തു കൊണ്ട് ഇവിടെ പണിക്കു നിന്നുകൂടാ? അപ്പോള്‍ എല്ലാ ദിവസവും സുഭദ്രയെ കാണാന്‍ കഴിയുമല്ലോ…
പിറ്റേദിവസം മുതല്‍ കോന്നന്‍കുട്ടിയും പാലത്തിന്റെ പണിക്കു കൂടി. കരിങ്കല്ല് ചുമന്ന് ഓരോ പണിക്കാരുടെയും അടുത്തെത്തിക്കുന്നതായിരുന്നു കോന്നന്‍കുട്ടിയുടെ പണി. മുന്‍പരിചയം ഇല്ലാതിരുന്നതു കൊണ്ട് അയാള്‍ക്കു വലിയ ബുദ്ധിമുട്ടു തോന്നി. അയാളുടെ വിരലുകളും കൈപ്പത്തിയുടെ പുറംഭാഗവും കരിങ്കല്ലുരഞ്ഞ് നീറ്റലെടുത്തു. പക്ഷെ കോന്നന്‍കുട്ടി പിന്‍മാറിയില്ല.
രാവിലെ പതിനൊന്നു മണിക്ക് എല്ലാ പണിക്കാരും കണ്ണുവിന്റെ കടയില്‍ ചായകുടിക്കാന്‍ ചെല്ലും. എല്ലാവര്‍ക്കും അവിടെ പറ്റുപടിയാണ്. കോന്നന്‍കുട്ടിയും അവരുടെ കൂടെയാണ് ചായകുടിക്കാന്‍ പോകുന്നത്. കണ്ണുവും കൊച്ചുപെണ്ണും പ്രകാശനുമൊക്കെ അയാളെ കണ്ടെങ്കിലും ഒന്നും ചോദിച്ചില്ല. പക്ഷെ, മാറിനിന്ന് കൊച്ചുപെണ്ണ് കോന്നന്‍കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
എല്ലാവരും പറ്റുപുസ്തകത്തില്‍ കണക്കെഴുതിയപ്പോള്‍ കോന്നന്‍കുട്ടി മണിപേഴ്‌സ് തുറന്ന് പത്തുരൂപയുടെ നോട്ട് മേശപ്പുറത്ത് വച്ചു. കണ്ണു മേശവലിപ്പു തുറന്ന് പരതിനോക്കി. ബാക്കി കൊടുക്കാനുള്ള ചില്ലറ തികഞ്ഞില്ല.
‘ ചില്ലറയില്ല..പിന്നെ തന്നാല്‍ മതി’- കണ്ണു നോട്ട് മടക്കി കൊടുത്തു.
‘സാരമില്ല.. ഇവിടെ കിടന്നോട്ടെ .. ഞാന്‍ പറ്റിത്തീര്‍ത്തോളാം..’
കണ്ണുവിന്റെ മുഖത്ത് ചെറിയൊരു ചിരി പ്രകാശിച്ചു…
Generated from archived content: kanni24.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍- അധ്യായം ഇരുപത്തിയഞ്ച്
Click this button or press Ctrl+G to toggle between Malayalam and English