This post is part of the series കണ്ണികള്‍
Other posts in this series:
പ്രകാശന് കൊടുങ്ങല്ലൂരിനടുത്തുള്ള പുല്ലൂറ്റ് നിന്ന് ഒരു കല്യാണാലോചന വന്നു. കോന്നന്‍ കുട്ടിയുമായുള്ള സുഭദ്രയുടെ കല്യാണം നടത്തിക്കൊടുത്ത ബ്രോക്കര്‍ നീലാണ്ടന്‍ തന്നെയായിരുന്നു ഈ ആലോചനയും കൊണ്ടുവന്നത്.
നീലാണ്ടന്‍ പറഞ്ഞു: ‘എനിക്കിതൊരു വാശിയാ, കോന്നന്‍കുട്ടീം അവന്റെ അച്ഛനും ഇങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു. എനിക്കു മാത്രമല്ല, പുറമെയുള്ളവര്‍ക്കും അറിയില്ല. എത്രയോ പഴയ തറവാട്ടുകാരായിരുന്നു. പേരും പെരുമയുമുള്ളവര്‍. മഹാരാജാവിന്റെ കൈയില്‍ നിന്നു പട്ടും വളയും കിട്ടിയവര്‍. കാര്യം കഴിഞ്ഞപ്പോഴല്ലേ അബദ്ധം പിടികിട്ടിയത്. ഇത് അങ്ങനത്തേതല്ല. നിങ്ങള് കൊടുത്ത അതേ സ്ത്രീധനം തന്നെ നിങ്ങള്‍ക്കു മേടിച്ചു തരും’
‘നേരാണോ നീലാണ്ടാ നീയീ പറയുന്നത്?’
‘ പിന്നെ നേരല്ലാതെ? പത്തു പവനും രണ്ടായിരം രൂപയുമല്ലേ നിങ്ങള് കൊടുത്തത്? അതിന് രണ്ടായിരത്തിയൊന്നു രൂപയും പത്തുപവനും ഞാന്‍ മേടിച്ചു തരും. എന്താ, പോരേ?’
‘ഇതു വല്ലതും നടക്കുന്ന കാര്യമാണോ?’- കണ്ണു സംശയത്തോടെ ചോദിച്ചു.
‘ നടക്കും. ഞാന്‍ നടത്തിത്തരും’
‘എടാ നീലാണ്ടാ…. നീ ഞങ്ങളെ പറ്റിച്ചാല്‍ നിന്റെ കിറുമാണി ഞാന്‍ അരിഞ്ഞെടുക്കും’ – കൊച്ചുപെണ്ണിന്റെ ഭീഷണി ശരിക്കും ഫലിച്ചു. നീലാണ്ടന്‍ വിരണ്ടു പോയി.
‘എടാ, പ്രകാശന്‍ ഒന്നു കെട്ടിയതാ.. അങ്ങനെയുള്ളയാള്‍ക്ക് ഇത്രേം ശ്രീധനം ആരു തരും?’- കണ്ണു സംശയം പ്രകടിപ്പിച്ചു.
‘അക്കാര്യം ഞാന്‍ പറയാന്‍ വിട്ടു പോയി.. പെണ്ണും ഒന്നു കെട്ടിയതാ..’
‘ പ്ഫാ! ചൂലേ… ഇത് നീ ആദ്യ പറയേണ്ടേ..?’ -കണ്ണു ദേഷ്യം കൊണ്ട് വിറച്ചു.
‘ അല്ല ചേട്ടാ.. ഞാന്‍ പറയാന്‍ വിട്ടുപോയന്നെതു ശരിതന്നെ… പക്ഷെ, രണ്ടായിരം രൂപയും പത്തു പവനും..’
‘വേറെ എന്തൊക്കെയാണ്? കേള്‍ക്കട്ടേ.. നീ പറ..’- കൊച്ചു പെണ്ണ് പ്രോത്സാഹിപ്പിച്ചു.
‘അല്ല, നിങ്ങള്‍ക്കു പറ്റിയില്ലെങ്കില്‍ ഞാന്‍ വേറെ നോക്കാം. ഇപ്പ നമ്മുടെ ചുറ്റുവട്ടത്തുള്ളവര്‍ക്ക് കിട്ടിയതും കൊടുത്തതുമായ സ്ത്രീധനം നോക്ക്. കുത്തിയ പറമ്പിലെ ശാരദാമ്മ കൊടുത്ത സ്ത്രീധനം അരപ്പവനും നൂറ്റൊന്നു രൂപയും. നിങ്ങടെ തെക്കേലെ മല്ലികയ്ക്കു കൊടുത്ത സ്ത്രീധനം രണ്ടു പവന്‍. രൂപ കൊടുത്തില്ല. കെട്ടിയതാരാ.. പോസ്‌റ്റോഫീസിലെ എടുത്തു കൊടുക്കുന്നയാള്..’
‘എടാ.. അതുപോലെയാണോ ഞങ്ങള്..?’- കൊച്ചുപെണ്ണ് തെല്ല് അഹങ്കാരത്തോടെ ചോദിച്ചു.
‘ നിങ്ങടെ മോനെന്താ പണി സര്‍ക്കാരുദ്യോഗമുണ്ടോ? എന്തെങ്കിലും കൈത്തൊഴില്‍ വശമുണ്ടോ? പുറത്തുള്ളവര് പറയുന്നതു പോലെ വെട്ടു വഴി തെങ്ങുകയറ്റിച്ചു നടക്കല്‍ അല്ലേ..?’
കൊച്ചുപെണ്ണിന്റെ നാവ് ശരിക്കും താന്നു. അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം കണ്ണു പറഞ്ഞു.
‘ശരി, നീ ആലോചന കൊണ്ടുവാ… ഇവിടെ കാശിന് ഇത്തിരി അത്യാവശ്യമായിട്ടു നില്‍ക്കുന്നതു കൊണ്ടാ..’
‘ കെട്ടിയിട്ട് പെണ്ണ് എത്രനാള്‍ ചെക്കന്റെ വീട്ടില് പാര്‍ത്തു?’
‘അതു ഞാനെങ്ങനെയാ ചോദിക്കുന്നേ? പെണ്ണിനെ കെട്ടിച്ചയച്ചാല്‍ ചെറുക്കന്റെ വീട്ടില്‍ പാര്‍ത്തിരിക്കും. അത് ഒരു ദിവസമായാലും ഒരു കൊല്ലമായാലും ഒരേ കണക്ക് തന്നെയാ..’
‘ഇനി നീ പെണ്ണിന് വയറ്റിലുണ്ടെന്നു പറയുമോ?’- കൊച്ചുപെണ്ണ് എടുത്തു ചോദിച്ചു.
‘അതെനിക്കു പറയാന്‍ പറ്റില്ല… ഒരാണിന്റെ കൂടെ പാര്‍ത്ത പെണ്ണിന് ഗര്‍ഭമുണ്ടാകുന്നത് സാധാരണയാ.. നിങ്ങള്‍ക്കു പറ്റിയില്ലെങ്കില്‍ വേണ്ടെന്നു വയ്ക്കാം… പോരെ?’
കണ്ണുവും കൊച്ചുപെണ്ണും മുഖത്തോടു മുഖം നോക്കി..
‘നീലാണ്ടാ… എതായാലും വേണ്ടെന്നു വയ്ക്കുന്നില്ല. പണം കിറുത്തിയമായിട്ടു കിട്ടണം. ഇവിടെ ഇത്തിരി അത്യാവശ്യത്തിലു നില്‍കുകയാ..’
കൊച്ചുനീലാണ്ടന്‍ പോയ ശേഷം പ്രതാപന്‍ കൊച്ചുപെണ്ണിനോട് ചോദിച്ചു..
‘ആര്‍ക്കാ കല്യാണം?’
‘ പ്രകാശന് ഒരു ആലോചന വന്നതാ..’
‘അയാള് മുമ്പ് കല്യാണം കഴിച്ചതല്ലേ..?’
‘ആ പെണ്ണ് താനെ ഒഴിഞ്ഞു പോയില്ലേ’
‘ ഒരു ദിവസം പോലും കൂടെ പൊറുപ്പിക്കാന്‍ പറ്റാത്ത ആള്‍ക്കാണോ വീണ്ടും കല്യാണം?’
‘ പ്രതാപാ…’
‘ഞാന്‍ ഇപ്പഴേ പറഞ്ഞേക്കാം. ഇനി എന്റെ കല്യാണം കഴിഞ്ഞിട്ടു മതി വേറെ ആര്‍ക്കും..’- പ്രതാപന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആശങ്കയായി. പറയുന്നത് പ്രതാപനാണ്. അവനെ സമാധാനിപ്പിച്ചില്ലെങ്കില്‍ പ്രശ്‌നമാകും.
നീലാണ്ടന് ആള് പോയി.
പ്രതാപന്‍ എതിര്‍ത്തെന്നു പറഞ്ഞപ്പോള്‍ത്തന്നെ നീലാണ്ടന് പേടിയായി. പ്രതാപന്റെ സ്വഭാവം നീലാണ്ടന് ശരിക്കും അറിയാം.
‘അയ്യോ കണ്ണുച്ചേട്ടാ… അതു നടക്കില്ല. ഞാനാ വിവരം അവിടെവന്ന് പറയാനിരിക്കുകയായിരുന്നു..’
‘എന്താ നടക്കാത്തത്.. പ്രകാശനു പകരം പ്രതാപന് ആലോചിക്കണം…’
‘അല്ല.. ചേട്ടാ ഞാന്‍ ഇന്നലെയാ ഒരു വിവരം അറിഞ്ഞത്.. അക്കാര്യം അവിടെവന്നു പറയാനിരിക്കുകയായിരുന്നു’
‘എന്തു വിവരം’
‘അതെന്തുമാകട്ടേ… നമുക്കീ കല്യാണം വേണ്ട… പ്രതാപനും പ്രകാശനും വേറെ ആലോചിക്കാം…’
‘നീ കാര്യമെന്താണെന്നു തെളിച്ചു പറ..’
‘അതേയ്.. പെണ്ണിനെ മുന്‍പ് കെട്ടിച്ചുവിട്ടെന്നു പറഞ്ഞത് തെറ്റാ… ഇന്നലെയാ ഞാനാ വിവരം അറിഞ്ഞത്… പെണ്ണിനു വയറ്റിലുണ്ട്.. വയറ്റിലാക്കിയവന്‍ ഒളിച്ചു പോയി.. വലിയ തറവാട്ടുകാരാ.. അവര്‍ക്ക് മാനം രക്ഷിക്കണം.. അതുകൊണ്ടാ ഇങ്ങനെയൊരാലോചന നടത്തിയത്’
കണ്ണു ഒന്നും മിണ്ടിയില്ല. വീടിനുള്ളിലിരുന്നു കൊച്ചുപെണ്ണ് ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. അവര്‍ പുറത്തേയ്ക്കു വന്നപ്പോഴെയ്ക്കും നീലാണ്ടന്‍ നടന്നു കഴിഞ്ഞിരുന്നു.
‘അവനെ ഒന്നു വിളിച്ചേ..’- കൊച്ചുപെണ്ണ് കണ്ണുവിനോട് പറഞ്ഞു.
നീലാണ്ടന്‍ തിരിച്ചുവന്നു.
‘എടാ തിരുമാലീ, നിന്നെ ഞങ്ങള് എന്താ ചെയ്യേണ്ടത്? ഇങ്ങനെയൊരു ആലോചനയുമായി വരാന്‍ നിനക്കെങ്ങനെ ധൈര്യം വന്നു?’
‘അയ്യോ.. ചേടത്തീ… ക്ഷമിക്കണം.. ഞാനിത് അറിഞ്ഞുകൊണ്ട് ചെയ്തതല്ല’
‘ഒരു ദല്ലാളാകുമ്പോ ഇതൊക്കെ അറിയേണ്ടേ..? കല്യാണം കഴിഞ്ഞിരുന്നെങ്കീ എന്താകുമായിരുന്നു?’
‘ചേടത്തീ.. ഞാന്‍ കാലുപിടിക്കാം.. ഞാനിപ്പോ തന്നെ അവിടെപ്പോയി ഒഴിവു പറഞ്ഞേക്കാം..’
‘നീ പോകാന്‍ വരട്ടെ, എവിടത്തെ പെണ്‍കുട്ടി ആണെന്നാ പറഞ്ഞേ. ?’
‘ പുല്ലൂറ്റ്… മംഗലപ്പിള്ളീന്ന് പറയും.. വലിയ വീട്ടുകാരാ..’
‘പെണ്ണിന്റെ അമ്മയാരാ.?’
‘പ്രഭാവതി. എന്നാ പേര്’
‘എന്തു വതിയെങ്കിലുമാകട്ടേ. ഒരു പെങ്കൊച്ചുണ്ടായാല്‍ നോക്കി വളര്‍ത്താന്‍ പഠിക്കണം. ഇല്ലെങ്കീ ഇങ്ങനെയിരിക്കും. കുടുമ്മത്തിന്റെ മാനക്കേട് തേച്ചാലും മാച്ചാലും പോകില്ല..’
നീലാണ്ടന് എങ്ങനെയെങ്കിലും അവിടെ നിന്നു രക്ഷപ്പെട്ടാല്‍ മതിയെന്നായി. പ്രതാപന്‍ ഇക്കാര്യം അറിഞ്ഞാല്‍ തന്റെ കഥ കഴിഞ്ഞതു തന്നെ. ഇത്ര ചട്ടമ്പിത്തരമുള്ള ചെറുപ്പക്കാരന്‍ പരിസരത്തെങ്ങുമില്ല. കടയില്‍ നിന്നെടുക്കുന്നതും തെങ്ങുകേറിയെടുക്കുന്നതുമായ പണം കൊണ്ട് വിശിഷ്ടഭോജ്യങ്ങള്‍ കഴിച്ചു ചീര്‍ത്തിരിക്കുകയാണ്. മറ്റുള്ളവരെക്കുറിച്ച് ഒരു ചിന്തയുമില്ല. എങ്ങനെയും തന്റെ കാര്യം നടക്കണം. അതില്‍ സ്വന്തബന്ധങ്ങള്‍ നോക്കാറില്ല.
‘മംഗലപ്പിള്ളിക്കാരുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി എങ്ങനെയാ..?’- കണ്ണു ചോദിച്ചു
‘ഇപ്പോഴും മോശമില്ല…. നല്ല സ്ഥിതി തന്നെയാ..’
‘നാണംകെട്ടും പണം നേടിയാല്‍ നാണക്കേടാപ്പണം തീര്‍ത്തുകൊള്ളും എന്നാ പ്രമാണം’
കൊച്ചുപെണ്ണ് പറഞ്ഞുവരുന്നത് നീലാണ്ടന് മനസിലായില്ലെങ്കിലും കണ്ണുവിന് പിടികിട്ടി. അയാള്‍ ഗൂഢമായൊന്നു മന്ദഹസിച്ചു.
കൊച്ചു പെണ്ണ് പറഞ്ഞു- ‘നീലാണ്ടാ… നമുക്ക് മംഗലപ്പിള്ളീലെ പെണ്ണിന്റെ മാനം കാക്കണം.. പക്ഷെ അതിന്റെ ഗൊണം ഞങ്ങള്‍ക്കു കിട്ടണം’
‘എന്നു വച്ചാ..’
‘അതായത് പെണ്ണിനെ പ്രകാശന്‍ കെട്ടും.. പക്ഷെ രണ്ടായിരം രൂപയെന്നത് മൂവായിരം ആക്കണം’
നീലാണ്ടന്‍ ഉള്ളാലെ സന്തോഷിച്ചെങ്കിലും പുറമെ കാട്ടിയില്ല…
‘ അത് ഞാനിപ്പ എങ്ങിനെയാ പറയണത്? അവരോട് ചോദിക്കട്ടെ…’
‘ചോദിച്ചിട്ടു പറഞ്ഞാല്‍ മതി. കൂടുതല് ചോദിച്ചില്ലല്ലോ.. ഇത് ഞങ്ങള്‍ക്കു വേണ്ടിയല്ല.. അവളുടെ മോളും ഭര്‍ത്താവും തന്നെ എടുത്തോട്ടെ.. അയ്യമ്പിള്ളിയിലെ ഞങ്ങളുടെ പറമ്പിനടുത്ത് കൊറച്ചു സ്ഥലം കൊടുക്കാനുണ്ട്.. വേറെ ആരെങ്കിലും വന്നു എടുത്താ പിന്നെ വലിയ അസൗകര്യമാകും’
ഞാന്‍ അവരോട് പറഞ്ഞു നോക്കാം എന്ന് നീലാണ്ടാന്‍ പറഞ്ഞെങ്കിലും അതു ഞാനേറ്റു എന്ന നിശ്ചയത്തോടെയാണ് അയാള്‍ പടിയിറങ്ങിയത്.
പ്രകാശന്റെ കല്യാണം ഉറപ്പിച്ചു..
പണമുണ്ടെങ്കിലും ശാന്തശീലരും സംസ്‌കൃതചിത്തരുമായിരുന്നു മംഗലപ്പിള്ളിക്കാര്‍. നാല് ആങ്ങളമാര്‍ക്കു കൂടി ഒരു പെങ്ങളായിരുന്നു കമലാവതി. കൗമാര്യ ചാപല്യത്തില്‍പ്പെട്ടാണ് അവള്‍ ഗര്‍ഭിണിയായത്. ഉത്തരവാദിയായ ആള്‍ക്കുതന്നെ കല്യാണം കഴിച്ചു കൊടുക്കാന്‍ വീട്ടുകാര്‍ ഒരുക്കമായിരുന്നു. പക്ഷെ, മംഗലപ്പിള്ളിക്കാരുടെ പറമ്പിലെ തെങ്ങുകയറാന്‍ എത്തിയിരുന്ന സുകുമാരന്‍ എന്ന യുവാവിന് കമലാവതിയുടെ കുടുംബക്കാരുടെ മുന്നില്‍ ചെന്നു പെണ്ണു ചോദിക്കാന്‍ പേടിയായിരുന്നു. കമലാവതി ഗര്‍ഭിണി ആണെന്ന് അറിഞ്ഞതോടെ അയാള്‍ ഒളിച്ചോടി..
‘ചെറായിക്കാര്‍ പണത്തിന് ആര്‍ത്തിയുള്ളവരാണല്ലേ..?’- കല്യാണം കഴിക്കുന്നതിനുള്ള ആവശ്യങ്ങള്‍ കേട്ടപ്പോള്‍ കമലാവതിയുടെ അച്ഛന്‍ ചോദിച്ചു.
‘അവര്‍ക്കു സ്ഥലം മേടിക്കാനാണ് കാശു ചോദിക്കുന്നത്. അത് കമലാവതിയുടെയും പ്രകാശന്റെയും പേരിലാണ് മേടിക്കുക’- നീലാണ്ടന്‍ വിശദീകരിച്ചു.
‘ആയിക്കോട്ടേ.. എന്താണെങ്കിലും സമ്മതിക്കുന്നു. നാട്ടില്‍ കെട്ടിച്ചുകൊടുത്താല്‍ നാണക്കേടാ… കുടുംബത്തിന് പേരുദോഷം വരുത്തിവച്ചയവള്‍ ഈ നാട്ടീന്നു തന്നെ പൊയ്‌ക്കോട്ടെ’
ഇതിനിടയില്‍ പ്രതാപന്റെ കല്യാണക്കാര്യവും ഉറച്ചു. പള്ളുരുത്തിയിലെ ഒരു പുത്തന്‍ പണക്കാരാണ് പെണ്‍വീട്ടുകാര്‍. പ്രകാശന്റെ പെണ്‍വീട്ടുകാരോളം പ്രതാപികളെല്ലെങ്കിലും ഇവരും മോശക്കാരല്ല.
കാര്യങ്ങളുടെ നീക്കം വളരെ വേഗത്തിലായിരുന്നു. പ്രകാശന്റെയും പ്രതാപന്റെയും വിവാഹം ഒരേ തീയതിയിലാണ് നടത്താന്‍ നിശ്ചയിച്ചത്.
പ്രകാശന്‍ വിവാഹ ദിവസത്തോടടുക്കുന്തോറും മൗനിയായി മാറി. എന്നാല്‍, പ്രതാപന്റെ സ്വഭാവത്തില്‍ വലിയ മാറ്റം അനുഭവപ്പെട്ടു. അവന്റെ ബഹളവും കോപവും ചട്ടമ്പിത്തരവുമെല്ലാം പെട്ടെന്ന് അവസാനിച്ചു. പഴയ പ്രതാപനാണോ ഇതെന്നു പലരും സംശയിച്ചു.
കല്യാണത്തിന് ഒരാഴ്ച മുന്‍പാണ് പള്ളുരുത്തിയില്‍ നിന്ന് ഒരു കത്തുവരുന്നത്. കത്ത് കണ്ണുവിനുള്ളതായിരുന്നു. കത്തുവായിക്കാനുള്ള അറിവും പഠിപ്പും കണ്ണുവിനും കൊച്ചുപെണ്ണിനുമുണ്ടായിരുന്നില്ല. വീട്ടിലുള്ളവരുടെ കാര്യവും തഥൈവ. അവസാനം കത്തുകൊണ്ടുവന്ന പോസ്റ്റ്മാന്‍ തന്നെ വായിച്ചു..
‘ശ്രീമാന്‍ കണ്ണു അവര്‍കള്‍ പേരില്‍ കൊച്ചി- കണയന്നൂര്‍ താലൂക്ക് പള്ളുരുത്തി ദേശത്ത് വീതത്തില്‍ പരമു മകന്‍ പരമേശ്വരന്‍ എഴുതുന്നത് എന്തെന്നാല്‍..’
പോസ്റ്റുമാന്‍ വായിക്കുന്നതിനിടെ കണ്ണുവിനെ മുഖമുയര്‍ത്തി നോക്കി. നല്ല വര്‍ത്തമാനം അറിയിക്കാനുള്ള കത്ത് ആണെന്നു കരുതി കണ്ണു ആകാംഷയോടെ നോക്കിയിരിക്കുകയാണ്.
പോസ്റ്റുമാന്‍ വായന തുടര്‍ന്നു..
‘ എന്തെന്നാല്‍.. എന്റെ മകള്‍ പത്മകുമാരിയും താങ്ങളുടെ മകന്‍ പ്രതാപനും തമ്മിലുള്ള വിവാഹം സമുദായാചാരപ്രകാരം നടത്താന്‍ നിശ്ചയിച്ചിരുന്നുവല്ലോ…’
പോസ്റ്റുമാന്‍ പിന്നെയും വായന നിര്‍ത്തി കണ്ണുവിനെ നോക്കി. അയാള്‍ക്ക് കണ്ണുവില്‍ ഒരു യാതൊരു ഭാവവ്യത്യാസവും ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അടുത്ത വരികളിലേക്കു കടന്നു…
‘എന്നാല്‍ എന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താങ്കളുടെ കുടുംബവുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് അറിയിക്കുന്നതോടൊപ്പം കല്യാണത്തില്‍ നിന്നു ഞങ്ങള്‍ ഒഴിയുകയാണെന്നും അറിയിക്കുന്നു. കൂടാതെ പെണ്‍ നിശ്ചയത്തിന്റെ അന്ന് കരക്കാരുടെ സാന്നിധ്യത്തില്‍ സ്ത്രീധനമായി താങ്കള്‍ കൈപ്പറ്റിയ അയ്യായിരം രൂപ മടക്കിത്തരണമെന്നു ആവശ്യപ്പെടുന്നു.
എന്ന്,
പെണ്‍കുട്ടിയുടെ പിതാവ്
പരമേശ്വരന്‍(ഒപ്പ്)’
കണ്ണു ക്ഷോഭം കൊണ്ട് ചാടിയെണീറ്റു
‘എന്തു തെമ്മാടിത്തരമാണ് ഈ പറേണത്? എവിടെയെങ്കിലും കേട്ടുകേള്‍വിയുള്ള കാര്യമാണോ ഇത്.. മര്യാദ വേണ്ടേ.. മര്യാദ..?’
ക്ഷോഭം മൂത്ത് കണ്ണു പോസ്റ്റുമാന്റെ കുപ്പായത്തില്‍ കയറിപ്പിടിച്ചു. എന്താണ് പറയേണ്ടതെന്നും പ്രവര്‍ത്തിക്കേണ്ടതെന്നും അയാള്‍ക്കു നിശ്ചയമില്ലാതായി.
പോസ്റ്റുമാന്‍ പറഞ്ഞു: ‘ നിങ്ങളെന്നോട് ദേഷ്യപ്പെട്ടിട്ടോ അക്രമം കാണിച്ചിട്ടോ കാര്യമില്ല. കത്ത് കൊണ്ടുത്തരേണ്ടത് എന്റെ ജോലിയാണ്’
അയാള്‍ പോകാന്‍ എഴുന്നേറ്റു. ഈ സമയത്താണ് പ്രതാപന്‍ വരുന്നത്. വിവരം അറിഞ്ഞതോടെ പ്രതാപന്‍ ഒരു മൃഗത്തെപ്പോലെ അലറി. കണ്ണില്‍ക്കണ്ട സാധാനങ്ങളെല്ലാം തല്ലിയുടച്ചു. പോസ്റ്റുമാന്റെ കത്തുകളെല്ലൊ പുഴയില്‍ ഒഴുകി. നാട്ടുകാരെല്ലാം ചേര്‍ന്നു പോസ്റ്റുമാനെ വഞ്ചിയില്‍ കയറ്റി രക്ഷപെടുത്തി.
പോസ്റ്റുമാന്‍ സര്‍ക്കാരിന്റെ ആളാണ്. അയാളെ ഉപദ്രവിച്ചതിന് പൊലീസ് നടപടിയുണ്ടാകും. ഉടനെ സ്ഥലം വിടുന്നതാണ് ബുദ്ധി. പലരും ഉപദേശിച്ചപ്പോള്‍ അതില്‍ കാര്യമുണ്ടെന്നു പ്രതാപനു ബോധ്യപ്പെട്ടു. ജെട്ടി സൂപ്രണ്ട് പ്രതാപനെ എവിടെയോ ഒളിപ്പിച്ചു.
പ്രകാശനും കമലാവതിയും തമ്മിലുള്ള വിവാഹം നടന്നു. വിവാഹ ശേഷം മൂന്നു ദിവസം പ്രകാശന്‍ വധൂഗൃഹത്തില്‍ കഴിഞ്ഞു. ഈ മൂന്നു ദിവസവും ആ വീട്ടിലെ ആരും പ്രകാശനോട് സംസാരിച്ചില്ല. വേലയ്ക്കു നിന്നിരുന്ന സുഭാഷിണിയാണ് പ്രകാശന് ഭക്ഷണം കൊടുത്തതും പായ വിരിച്ചുകൊടുത്തതും. രാത്രിയില്‍ കമലാവതി എവിടെയാണ് കിടക്കുന്നതെന്നു പോലും പ്രകാശന്‍ അറിഞ്ഞില്ല.
വിളക്കണച്ചു കഴിഞ്ഞാല്‍ വീടിനു പടിഞ്ഞാറു വശമുള്ള ചെമ്മീന്‍കെട്ടിലെ റാന്തല്‍ വിളക്കിന്റെ പ്രകാശവും നോക്കിക്കിടക്കും. ചെമ്മീന്‍കെട്ടില്‍ നിന്നു ചീറിയടിക്കുന്ന തണുത്ത കാറ്റില്‍ ശരീരം കോച്ചിവിറയ്ക്കും. പുതക്കാന്‍ ഒരു കീറപ്പുതപ്പുപോലും കിട്ടിയില്ല. ഇതിനു വേണ്ടും എന്തു തെറ്റാണ് താന്‍ ചെയ്തതെന്നു പ്രകാശന് മനസിലായില്ല. പക്ഷെ, പ്രകാശന്‍ എല്ലാം സഹിച്ചു. സഹനത്തിന്റെ കാര്യത്തില്‍ പ്രകാശന്‍ എത്രയോ ഔന്നത്യത്തിലാണ്.
വീട്ടിലേക്കു യാത്ര പുറപ്പെടുന്നതിന് മുന്‍പ് കമലാവതി അമ്മയുടെ കാല്‍ തൊട്ടു വന്ദിച്ചു. അമ്മ മകളെ കെട്ടിപ്പിടിച്ചു കരഞ്ഞു. അച്ഛനോ സഹോദരന്മാരോ അടുത്തുപോലും ചെന്നില്ല.
പുല്ലൂറ്റ് നിന്ന് കോട്ടപ്പുറം ജെട്ടിവരെ ചെറിയ വഞ്ചിയിലാണ് വധൂവരന്മാര്‍ യാത്രചെയ്തത്. കോട്ടപ്പുറത്തുനിന്നു കമാല്‍ ബോട്ടില്‍ ചെറായിക്കു പോന്നു.
പോസ്റ്റുമാനെ കൈയേറ്റം ചെയ്തതില്‍ പൊലീസ് കേസുണ്ടാകുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ പോസ്റ്റ്മാന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കിയില്ല. നഷ്ടപ്പെട്ടു കത്തുകളും ഉരുപ്പിടികളും മേല്‍വിലാസക്കാര്‍ക്കു നഷ്ടപ്പെട്ടതുതന്നെ. പത്തു ദിവസത്തെ ഒളിവു ജീവിതത്തിനു ശേഷം പ്രതാപന്‍ തിരിച്ചുവന്നു. അന്നു തന്നെയാണ് പ്രകാശനും കമലാവതിയും വീട്ടിലേക്കു വന്നതും.
പ്രതാപന്‍ പൊതുവെ ശാന്തനായാണ് കാണപ്പെട്ടത്. വധൂവരന്മാര്‍ വീട്ടിലെത്തിയപ്പോള്‍ പ്രതാപന്‍ പുറത്തിറങ്ങിവന്ന് അവരെ കാണുകയും ചെയ്തു. എന്നാലും കൊച്ചുപെണ്ണിന്റെയുള്ളില്‍ സംശയമുണ്ടായിരുന്നു. പ്രതാപന്‍ ഏതുനിമിഷവും പൊട്ടിത്തെറിക്കുന്ന ഒരു അഗ്നിപര്‍വതമാണ്. പുറമെ കാണുന്ന ഈ ശാന്തത വിശ്വസിച്ചുകൂടാ.
പിറ്റെദിവസത്തെ കച്ചവടത്തിനുള്ള സാമഗ്രികള്‍ ഒരുക്കിവച്ചശേഷം എല്ലാവരും കിടക്കാനൊരുങ്ങി.
പ്രകാശനും കമലാവതിക്കും പഴയ കൊളുത്തില്ലാത്ത മുറി തന്നെ. പക്ഷെ, ഒരു വ്യത്യാസം- ഇപ്രാവശ്യം കൊളുത്തുവച്ചിട്ടുണ്ട്.
മുറിയിലെ റാന്തല്‍വിളക്കിന്റെ തിരിതാഴ്ത്തി വച്ചിരുന്നു. അതിനുമുമ്പില്‍ നിര്‍വികാരതയോടെ ഒരു ശിലാപ്രതിമ പോലെ കമലാവതി ഇരുന്നു. പഴയ അനുഭവങ്ങള്‍ പ്രകാശന്റെ സ്മരണയിലേക്കു ഇരച്ചു കയറി. ഗിരിജയ്ക്കു നേരിട്ട ദുരനുഭവങ്ങള്‍ പ്രകാശന്റെ മനസില്‍ കുറ്റബോധം വിതച്ചു.
പ്രകാശന്‍ പതുക്കെ കമലാവതിയുടെ അരികിലേക്കു നീങ്ങിയിരുന്നു. അവളുടെ നെറുകയില്‍ ഉമ്മവച്ചു. പക്ഷെ, ഒരു നിര്‍ജീവ ശരീരത്തില്‍ സ്പര്‍ശിച്ച അുഭവമാണ് പ്രകാശനുണ്ടായത്.
വാതിലില്‍ ആരോ മുട്ടുന്നു..
കമലാവതിക്കി യാതൊരു ഭാവവ്യത്യാസവുമില്ല.
പ്രകാശന്‍ എഴുന്നേറ്റ് വാതില്‍ തുറന്നു
പ്രതാപന്‍!
മിന്നല്‍ വേഗത്തില്‍ പ്രതാപന്‍ പ്രകാശന്റെ മുഖത്തൊരടി കൊടുത്തു. ഓര്‍ക്കാപ്പുറത്തുണ്ടായ അടിയില്‍ പ്രകാശന്‍ മുന്നോട്ടു വീഴാന്‍ ആഞ്ഞു. ആ സമയം പ്രകാശന്റെ നടുവിന് ചവിട്ടുകിട്ടി.
‘എന്താ, എന്താ കാര്യം?’
പ്രകാശന്‍ കിടന്നുകൊണ്ട് ചോദിച്ചു.
മറുപടിയെന്നവണ്ണം പ്രകാശന്റെ നെഞ്ചിന്‍കൂട്ടില്‍ രണ്ടു ചവിട്ടുകൂടി പ്രതാപന്‍ വച്ചുകൊടുത്തു.
പ്രകാശന്‍ അനങ്ങുന്നില്ലെന്നു കണ്ടപ്പോള്‍ പ്രതാപന്‍ മുറിക്കകത്ത് കയറി കൊളുത്തിട്ടു.
മങ്ങിക്കത്തുന്ന റാന്തല്‍ വിളക്കിന്റെ പ്രകാശത്തില്‍ ദുര്‍ബലമായ തീനാളം പോലെ കമലാവതി ഇരിക്കുന്നു. നിര്‍വികാരയായി.. ഒരു ജീവച്ഛവം പോലെ…
Generated from archived content: kanni23.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍- അധ്യായം ഇരുപത്തിനാല്
Click this button or press Ctrl+G to toggle between Malayalam and English