This post is part of the series കണ്ണികള്‍
Other posts in this series:
‘അയ്യപ്പന്‍കുട്ടീ… ഞാന്‍ തൊട്ടാല്‍ ‘ ഉണ്ടെന്നും’ തൊട്ടില്ലെങ്കില്‍ ‘ഇല്ല’ എന്നും പറയണം’- ഡോക്റ്റര്‍ നിര്‍ദേശിച്ചു.
‘ഇപ്പോള്‍ തൊടുന്നുണ്ടോ’
‘ ഇല്ല’
‘ഇപ്പോഴോ’
‘ഇല്ല’
‘ മതി’
പല പ്രാവിശ്യവും തൊട്ടിട്ടും അയ്യപ്പന്‍കുട്ടിക്ക് അത് മനസിലാകുന്നില്ല എന്ന് ഡോക്റ്റര്‍ക്ക് ബോധ്യമായി. അദ്ദേഹം അയ്യപ്പന്‍ കുട്ടിയെ പുറത്തേയ്ക്കു വിട്ടുകൊണ്ട് നാരായണനെ അകത്തേക്കു വിളിച്ചു.
‘മിസ്റ്റര്‍ നാരായണന്‍, താങ്കളുടെ അനിയന് ലെപ്രസിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. വിരലുകള്‍ താനെ മുറിഞ്ഞുപോയിരിക്കുന്നു. സ്പര്‍ശന ശേഷിയുമില്ല’
നാരായണന്റെ തൊണ്ടയിലെ ഉമിനീര് വറ്റിപ്പോയി. ഒന്നും പറയാനാകാതെ അയാള്‍ സ്തംഭിച്ചു നിന്നു.
‘ഞാന്‍ ഒരു ലെറ്റര്‍ തരാം നിങ്ങള്‍ അനിയനെ എത്രയും വേഗം കൊരട്ടി ലെപ്രസി ഹോസ്പിറ്റലില്‍ എത്തിക്കണം’
‘ശരി’
വീട്ടിലേക്കുള്ള മടക്കയാത്രയില്‍ അയ്യപ്പന്‍കുട്ടിയോട് എന്തുപറയണമെന്നറിയാതെ നാരായണന്‍ കുഴങ്ങി.
‘ ഡോക്റ്റര്‍ എന്തു പറഞ്ഞു?’
ഒരുനിമിഷത്തെ മൗനത്തിനു ശേഷം നാരായണന്‍ അനിയന്റെ ചോദ്യത്തിന് ഉത്തരം തപ്പിപ്പിടിച്ചു.
‘ആ ഡോക്റ്റര്‍ക്ക് കാര്യമായൊന്നും അറിയില്ല. സീനിയര്‍ ഡോക്റ്റര്‍ ലീവിലാണ്’
‘ അതെനിക്കും തോന്നി, ശരീരത്തില്‍ തൊടാതെ തൊട്ടോ തൊട്ടോ എന്നു ചോദിക്കുന്നത് എന്തു പരിശോധനയാ? നമുക്ക് വേറെ ആരെയെങ്കിലും കാണാം’
‘ അതുതന്നെയാ നല്ലത്’
കൊരട്ടി ആശുപത്രിയില്‍ പോകുന്നകാര്യം എങ്ങനെ അവതരിപ്പിക്കും എന്നു വിഷമിച്ചിരിക്കുമ്പോഴാണ് അതിനുള്ള വഴി അയാള്‍ക്കു തുറന്നു കിട്ടുന്നത്.
‘ഒരു കാര്യം ചെയ്താലോ. എന്റെ പരിചയത്തിലുള്ള ഒരു ഡോക്റ്റര്‍ കൊരട്ടിയിലുണ്ട്. നമുക്ക് അവിടെ പോകാം’
‘പോകാം..’
അങ്ങനെ ബുദ്ധിമുട്ടു കൂടാതെ അയ്യപ്പന്‍ കുട്ടിയുടെ സമ്മതം നേടിയെടുക്കാന്‍ നാരായണനു കഴിഞ്ഞു.
നാരായണന്‍ അടുത്ത ദിവസം തന്നെ കൊരട്ടി ആശുപത്രിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ചിറങ്ങരയില്‍ നിന്നു ഒരു മൈല്‍ കിഴക്കു മാറിയാണ് ആശുപത്രി ‘കൊരട്ടി കുഷ്ഠരോഗാശുപത്രി’ എന്ന ബോര്‍ഡു കണ്ടപ്പോള്‍ അയ്യപ്പന്‍ കുട്ടി സംശയിച്ചു നിന്നു.
‘ഇവിടെയാണോ’
‘ഞാന്‍ പറഞ്ഞ ഡോക്റ്ററിന് ഇവിടെയാണു ജോലി.. നല്ല ഡോക്റ്ററാ…’
‘ശരി’
ഡോക്റ്റര്‍ നാരായണനെ ഒരു പരിചയവും കാണിക്കാതിരുന്നത് അയ്യപ്പന്‍ കുട്ടി പ്രത്യേകം ശ്രദ്ധിച്ചു. നാരായണന്‍ ഡോക്റ്റര്‍ക്കു കത്തു കൊടുത്തു.
‘ഇതു എറണാകുളത്തു നിന്നു തന്നതാണ്’
ഡോക്റ്റര്‍ കത്തു വായിച്ചു. എന്നിട്ട് അയ്യപ്പന്‍കുട്ടിയെ വിശദമായി പരിശോധിച്ചു.
‘ വിരല്‍ മുറിഞ്ഞു പോയിട്ടും ചികിത്സ ചെയ്തില്ലേ?’
‘ഉവ്വ് … അടുത്തുള്ള വൈദ്യരെ കണ്ടു’- നാരായണനാണു പറഞ്ഞത്.
‘കുഷ്ഠരോഗം രണ്ടു തരമുണ്ട് എല്‍ എന്നും എന്‍ എന്നും. ഇത് എല്‍ വിഭാഗത്തില്‍പ്പെട്ട രോഗമാണ്. കുറച്ചു ബുദ്ധിമുട്ടുള്ള തരമാണ്. തുടര്‍ച്ചയായ ചികിത്സ കൊണ്ട് നമുക്ക് ഭേദമാക്കിയെടുക്കാം.. ഇവിടെ അഡ്മിറ്റ് ചെയ്യാം..’
‘ശരി’
നാരായണന്‍ സമ്മതിച്ചു.
‘അയ്യോ എന്റെ ദൈവമേ എന്നു പറഞ്ഞ് അയ്യപ്പന്‍ കുട്ടി താഴെയ്ക്കു വീഴാന്‍ തുടങ്ങി. നാരായണന്‍ അനിയനെ താങ്ങിയെടുത്ത് ബെഞ്ചില്‍ കിടത്തി. അയ്യപ്പന്‍ കുട്ടിയുടെ ബോധം മറഞ്ഞു. അബോധാവസ്ഥയില്‍ അയാള്‍ പലതും പിറുപിറുത്തു കൊണ്ടിരുന്നു. കൗസൂ… രാമകൃഷ്ണാ… സാവിത്രീ.. എന്നൊക്കെ ഇടയ്ക്കു വിളിക്കും.. അയ്യോ പോയി… എല്ലാം പോയി.. എന്നും ഇടയ്ക്കു പുലമ്പുകയും ചെയ്തു.
അയ്യപ്പന്‍ കുട്ടിയെ ആശുപത്രി ജീവനക്കാര്‍ കാഷ്വാലിറ്റിലിയിലേക്കു മാറ്റി. കുത്തിവച്ചു. മുഖത്ത് വെള്ളം തളിച്ചു. ബോധം തെളിഞ്ഞപ്പോള്‍ അയ്യപ്പന്‍ കുട്ടി വീണ്ടും കരഞ്ഞു. അനിയന്റെ വാവിട്ടുള്ള കരച്ചില്‍ കണ്ടപ്പോള്‍ നാരായണന്റെ മനസും തേങ്ങി.
അയ്യപ്പന്‍ കുട്ടി സ്വയം ചോദിച്ചു- എത്ര വലിയ ക്രൂരതയാണ് ദൈവം തന്നോട് കാണിച്ചത്? ഇത്രയും പീഡനമേല്‍ക്കാന്‍ താനെന്തു പാപം ചെയ്തു? പാവം കൗസു .. അവള്‍ ഇനിയെങ്ങനെ ജീവിക്കും? എങ്ങനെ മക്കളെ പോറ്റും? ആരുണ്ട് അവര്‍ക്കൊരു സഹായം?
ആശുപത്രിയില്‍ പുതിയൊരു അന്തേവാസി കൂടി വന്നതറിഞ്ഞ്. പഴമക്കാര്‍ അയ്യപ്പന്‍ കുട്ടിയെ കാണാനെത്തി. ചിലരുടെ മുഖം മുരടിച്ചു പോയിരിക്കുന്നു. മൂക്ക് വിടര്‍ന്ന് വിരൂപമായിരിക്കുന്നു. കൈകളിലെയും കാലുകളിലെയും വിരലുകള്‍ അറ്റുപോയിരിക്കുന്നു. തൊലി എണ്ണയിട്ട ചിതമ്പല്‍ പോലെ വികൃതഭാവം കൈക്കൊണ്ടിരിക്കുന്നു. താനും ഇവരെപ്പോലെ ആകില്ലേ..?
‘അയ്യോ ചേട്ടാ എനിക്കു സഹിക്കുന്നില്ല. എന്നെ എന്തിനിവിടെ കൊണ്ടുവന്നു? ഞാന്‍ വല്ല കായലിലോ കടലിലോ ചാടിച്ചാകും. എനിക്കിങ്ങനെ ജീവിക്കേണ്ട…’
വാക്കുകളില്ലാതെ മരവിച്ചു നിന്ന നാരായണനെ മാറ്റിക്കൊണ്ട് ഒരു അന്തേവാസി അയ്യപ്പന്‍ കുട്ടിയുടെ അരികിലേക്കു ചെന്നു.
‘നോക്കൂ അനിയാ, ഈ രോഗം വരുന്ന ആദ്യത്തെ ആളൊന്നുമല്ല ഇയാള്‍. ഈ ആശുപത്രിയില്‍ തന്നെ ആയിരത്തി ഇരുന്നൂറ് പേരുണ്ട്. എല്ലാവരുമായി പരിചയപ്പെട്ടു കഴിയുമ്പോള്‍ താനെ ഇണങ്ങിക്കൊള്ളും’
ഇരുപതു വയസു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍ മുന്നോട്ടു വന്നു പറഞ്ഞു
‘ ഇപ്പ നിങ്ങളോട് സംസാരിച്ച ആളെ അറിയുമോ..? കോഴിക്കോട്ടെ വലിയ സ്വര്‍ണക്കടക്കാരനാ.. പേര് അപ്പു. ഞങ്ങളെല്ലാം അപ്പുവേട്ടന്‍ എന്നു വിളിക്കും. ഇരുപതു കൊല്ലമായി ഇവിടെയാണ്. ഇടയ്ക്ക് മക്കള്‍ വന്നു നോക്കും. ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ടവര്‍ ഇവിടെയുണ്ട്. പക്ഷെ, ഇതൊരു പ്രത്യേക ലോകമാണെന്നു മാത്രം. എല്ലാവരും ഏറ്റവും സ്‌നേഹത്തോടെ ഇവിടെ കഴിയുന്നു. പരസ്പരം സ്‌നേഹിച്ച് ദുഃഖങ്ങള്‍ പങ്കിട്ട് സ്വരുമയോടെ കഴിയുന്നു. സത്യം പറഞ്ഞാല്‍ പുറം ലോകത്തേക്കാള്‍ സുന്ദരമാണ് ഇവിടം’
എല്ലാവരുടെയും സാന്ത്വന വാക്കുകള്‍ കേട്ടപ്പോള്‍ അയ്യപ്പന്‍ കുട്ടിയുടെ മനസിലൊരു ശാന്തത കൈവന്നു. അയ്യപ്പന്‍ കുട്ടിയെ വാര്‍ഡിലേക്കു കൊണ്ടു പോകാന്‍ അറ്റന്‍ഡര്‍മാര്‍ വന്നു. അയ്യപ്പന്‍ കുട്ടിയോടൊപ്പം നാരായണനും ചെന്നു. ഏക്കറു കണക്കിന് പരന്നു കിടക്കുന്ന പ്രദേശം. മെയിന്‍ ഗേറ്റിനു സമീപമുള്ള കെട്ടിടത്തില്‍ ഡോക്റ്ററും ആശുപത്രി ജീവനക്കാരും ഓഫിസും പ്രവര്‍ത്തിക്കുന്നു. അവിടെ നിന്ന് അല്‍പം നടന്നാല്‍ ബ്ലോക്കുകളായി.
ഒരു ബ്ലോക്കില്‍ പത്തുപന്ത്രണ്ട് അന്തേവാസികളുണ്ട്. സ്ത്രീകള്‍ക്കു പ്രത്യേകം ബ്ലോക്കുകളാണ്. നല്ല രീതിയില്‍ നടത്തുന്ന കാന്റീനുണ്ട്. കാന്റീനിന്റെ പ്രവര്‍ത്തനം രോഗികള്‍ ചേര്‍ന്നു രൂപീകരിച്ച സഹകരണസംഘത്തിന്റെ മേല്‍നോട്ടത്തിലാണ്. അവിടെ ജോലി ചെയ്യുന്നവരെല്ലാം രോഗികള്‍ തന്നെ.
ഓരോ ബ്ലോക്കിന്റെ ചുറ്റു വട്ടത്തും പച്ചക്കറി കൃഷിയുണ്ട്. അവിടെ വിളയുന്ന പച്ചക്കറികള്‍ ആവശ്യം കഴിഞ്ഞുള്ളവ പുറംമാര്‍ക്കറ്റില്‍ വില്‍ക്കും. സ്ത്രീകളുടെ ബ്ലോക്കില്‍ ചിലര്‍ കോഴികളെയും ആടുകളെയും വളര്‍ത്തുന്നു. പലരും പണിയെടുത്ത് കാശുണ്ടാക്കി വീട്ടലേക്ക് അയയ്ക്കാറുണ്ട് എന്നു കേട്ടപ്പോള്‍ അയ്യപ്പന്‍ കുട്ടിക്ക് അത്ഭുതമായി. ക്രമേണ അയ്യപ്പന്‍ കുട്ടിക്കു ധൈര്യം കൈവന്നു.
റിക്രിയേഷന്‍ ക്ലബില്‍ ചെന്നപ്പോള്‍ അയ്യപ്പന്‍ കുട്ടിക്കു മാത്രമല്ല നാരായണനും ഏറെ കൗതുകം തോന്നി. അവിടെ ഒരു നാടകത്തിന്റെ റിഹേഴ്‌സല്‍ നടക്കുകയാണ്. പാട്ടുപാടിയാണ് അഭിനയം. കാമുകീ കാമുകന്‍മാരുടെ വേഷമിടുന്നത് അന്തേവാസികളായ ഭാര്യയും ഭര്‍ത്താവുമാണ്. നാടകം എഴുതിയത് ചെങ്ങാരപ്പിള്ളി വേണുക്കുട്ടന്‍ നായരാണ്. ആനുകാലികങ്ങളില്‍ എഴുതാറുള്ള അദ്ദേഹവും അവിടത്തെ അന്തേവാസിയാണ്.
നാരായണനും അയ്യപ്പന്‍കുട്ടിയും അല്‍പനേരം നാടകം കണ്ടിരുന്നു. സ്വരശുദ്ധിയും താളബോധവുമുള്ള പാട്ടുകേട്ടപ്പോള്‍ നാരായണന്‍ കരുതി- ഇവര്‍ പുറം ലോകത്തായിരുന്നെങ്കില്‍ എവിടം വരെ എത്തുമായിരുന്നു.
അന്തേവാസികളായ മേരിയും വിശ്വംഭരിയും ഒരു വരിക്കച്ചക്കയുമായി അവിടെയെത്തി. അവരുടെ ബ്ലോക്കില്‍ ഉണ്ടായതാണ്. നാടകക്കാരും മേരിയും വിശ്വംഭരിയും ചേര്‍ന്നു ചക്ക മുറിച്ച് ഒരു പാത്രത്തില്‍ ചുള വേര്‍പ്പെടുത്തിയിട്ടു. അത് സ്‌നേഹപൂര്‍വം വച്ചു നീട്ടിയപ്പോള്‍ നാരായണന് തിരസ്‌കരിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അയ്യപ്പന്‍കുട്ടി എടുക്കാതെ അറച്ചു നിന്നു. അപ്പോള്‍ എല്ലാവരും ചിരിച്ചു…
അതുവഴി വന്ന അപ്പുവേട്ടന്‍ പറഞ്ഞു:’ തിന്നോളൂ അനിയാ. ഇനി നമ്മളൊക്കെ ഒരുമിച്ചു ജീവിക്കേണ്ടതല്ലേ, ഇവിടെ എല്ലാവരും സമന്മാരാണ്’
അയ്യപ്പന്‍കുട്ടി ഒരു ചുള എടുത്തുകൊണ്ടു പറഞ്ഞു.
‘ഞാന്‍ ചക്ക തിന്നാറില്ല.. വയറിന് പിടിക്കില്ല’
‘ എങ്കില്‍ തിന്നേണ്ട..’
അതുകേട്ടതോടെ അയ്യപ്പന്‍ കുട്ടി ചുള പാത്രത്തിലേക്കിട്ടു.
വൈകുന്നേരം അറ്റന്‍ഡര്‍ വന്നു പറഞ്ഞു
‘സന്ദര്‍ശന സമയം കഴിഞ്ഞു ഇനി പുറത്തുപോണം’
ഇതിനോടകം അയ്യപ്പന്‍കുട്ടിക്ക് ധൈര്യം കൈവന്നിരുന്നു. ഇനി എന്തും നേരിടാം. ഇവിടെ കാന്റീനിലോ മറ്റോ പണിയെടുത്ത് വീട്ടില്‍ കാശെത്തിക്കാം. സര്‍ക്കാരു വക ചെലവും നടക്കും.
അയ്യപ്പന്‍ കുട്ടിക്ക് അമ്പതു ഉറുപ്പിക കൊടുത്തുകൊണ്ട് നാരായണന്‍ പറഞ്ഞു.
‘നീ ഒന്നു കൊണ്ടും പേടിക്കേണ്ട. ഇതെല്ലാം ദൈവഹിതമാണ്. എല്ലാവരോടും നല്ല രീയില്‍ പെരുമാറണം’
കരച്ചില്‍ ഉള്ളില്‍ പൊട്ടിയെങ്കിലും അയ്യപ്പന്‍ കുട്ടിക്ക് അതടക്കാന്‍ കഴിഞ്ഞില്ല. കണ്ണില്‍ കണ്ണില്‍ നോക്കാതെ നാരായണന്‍ നടന്നു.
അയ്യപ്പന്‍ കുട്ടിയുടെയും നാരായണന്റെയും വരവ് കാത്ത് കൗസല്യയും മക്കളും വഴിയിലേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു. അയ്യപ്പന്‍കുട്ടിയില്ലാതെ നാരായണന്‍ മാത്രം വരുന്നത്കണ്ടുപ്പോള്‍ കൗസല്യയുടെ മനസില്‍ ഭയാശങ്കകള്‍ തലപൊക്കി
‘എവിടെ അയ്യപ്പന്‍ കുട്ടിച്ചേട്ടന്‍?’
‘പേടിക്കാനൊന്നുമില്ല. ഡോക്റ്ററെ കണ്ടു. ചികിത്സയും നിശ്ചയിച്ചു. എന്റെ കൂടെ പോരുമായിരുന്നു. അവിടെ ആശുപത്രി കാന്റീനില്‍ നില്‍ക്കാമോയെന്ന് ഡോക്റ്റര്‍ ചോദിച്ചു. എങ്ങനെയാ ഇല്ലെന്നു പറയുന്നത്?. ചെന്നപ്പോ തന്നെ ഡോക്റ്ററ് എന്താ ജോലിയെന്നു ചോദിച്ചപ്പോ സത്യം പറഞ്ഞതാണ് അബദ്ധമായത്. പിന്നെ തരക്കേടില്ലാത്ത ശമ്പളോം കിട്ടും..’
കൗസല്യക്ക് അത് ആശ്വാസമായി. ചികിത്സയും നടക്കും ശമ്പളവും കിട്ടും. ഇവിടെ കച്ചവടം ഏതാണ്ട് പൂട്ടിയ നിലയിലാണ്. എന്താണ് ആളുകള്‍ക്ക് തങ്ങളുടെ കടയോട് ഇത്ര വെറുപ്പുവന്നതെന്നു കൗസല്യക്കു മനസിലായില്ല. അയ്യപ്പന്‍ കുട്ടി ഓരോ ദിവസവും വളരെ കഷ്ടപ്പെട്ടാണ് കടയില്‍ പോയിരുന്നത്. അതും വ്രണത്തിന്റെ വേദന സഹിച്ച് .. തൊങ്കിത്തൊങ്കി…
അപ്പുവേട്ടനാണ് ആശുപത്രിയില്‍ അയ്യപ്പന്‍ കുട്ടിക്ക് തുണയായത്. സ്‌നേഹമസൃണമായ അദ്ദേഹത്തിന്റെ പെരുമാറ്റം മനസില്‍ ആളിക്കത്തുന്ന ഏത് അഗ്നിയെയും ശമിപ്പിക്കാന്‍ പോന്നതായിരുന്നു. അപ്പുവേട്ടന്‍ അയ്യപ്പന്‍കുട്ടിയോട് എല്ലാ വിശേഷങ്ങളും ചോദിച്ചറിഞ്ഞു. ഒപ്പം തന്റെ കുടുംബ കഥയും പറഞ്ഞു. ഇരുപതാമത്തെ വയസില്‍ സിങ്കപ്പൂര് പോയതും. ഒരു സായ്പ്പിന്റെ പരിചാരകനായി നിന്നതും സായ്പ്പ് മരിച്ചപ്പോള്‍ മദാമ മകനെപ്പോലെ സംരക്ഷിച്ചതും വിസ്തരിച്ചു പറഞ്ഞു. ജീവിതത്തിലെ താഴ്ചയുയര്‍ച്ചകളുടെ കഥ വിവരിക്കുമ്പോള്‍ അനുഭവ ജ്ഞാനിയായ അപ്പുവേട്ടന് ഒരു തത്വചിന്തകന്റെ ഭാരം കൈവരും. മദാമ്മ മരിച്ചപ്പോള്‍ എന്തു ചെയ്യണമെന്ന ചോദ്യത്തിനു മുന്നില്‍ അപ്പുവേട്ടന്‍ പകച്ചു നിന്നു
തിരിച്ചു നാട്ടിലേക്കു പോരാന്‍ ഒരുങ്ങി. അതിനുള്ള നടപടികള്‍ തുടങ്ങുമ്പോഴാണ് മദാമ്മയുടെ വക്കീല്‍ വരുന്നത്. മദാമ്മ എഴുതിവച്ചിരുന്ന വില്‍പ്പത്രം വായിച്ചു. അതില്‍ മാദാമ്മയുടെ ബംഗ്ലാവ് കുഷ്ഠരോഗികള്‍ക്കുള്ള പുനരധിവാസത്തിന് ഉപയോഗിക്കാനും ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള പണത്തില്‍ നിന്നു പകുതി അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും പകുതി തനിക്കും തരാന്‍ നിര്‍ദേശിച്ചിരിക്കുന്നു
ആ പണം കൊണ്ടാണ് ഞാന്‍ നാട്ടില്‍ വന്ന് സ്വര്‍ണക്കട തുടങ്ങിയത്’ അപ്പൂസ് ഗോള്‍ഡ് പാലസ്’
‘അതുവരെ എവിടെയാണെന്ന് അന്വേഷിക്കാതിരുന്ന ബന്ധുക്കള്‍ അടുത്തുകൂടി. ഇങ്ങോട്ടു പോരും വരെ അവരുടെ കണ്‍കണ്ട ദൈവമായിരുന്നു ഞാന്‍. പക്ഷെ ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളില്ല. ചതിയന്മാരും സ്വാര്‍ഥന്മാരുമാണ്. എന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ. എല്ലാവരും അടുത്തുകൂടുന്നത് എന്തിനാണെന്ന് എനിക്കറിയാം… എന്റെ സ്വത്തിന്, പക്ഷെ, ഒരെണ്ണത്തിനും ഞാന്‍ കൊടുക്കില്ല. എന്റെ കാലശേഷം കുഷ്ഠരോഗികളുടെ ക്ഷേമത്തിനു വേണ്ടി കൊടുക്കും. അല്ലെങ്കില്‍ തന്നെ സ്വത്തൊന്നും എന്റേതല്ലല്ലോ ഇഷ്ടം പോലെ ചെയ്യാന്‍..’
അപ്പുവേട്ടന്‍ ശൂന്യതയിലേക്കു നോക്കി. എന്തോ മനസില്‍ കുറിച്ചിട്ടെന്ന പോലെ തോന്നി.
‘ഒരു മഹാരോഗം വരുമ്പോഴെ മനുഷ്യന്‍ മനുഷ്യനാകൂ… അപ്പോള്‍ അവന്റെ വഴികളെല്ലാം കൊട്ടിയടയ്ക്കപ്പെടും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആവേശത്തിന് അവസാനമാകും. ഇനി ഒന്നും ചെയ്യാനില്ലെന്നു ബോധ്യപ്പെടും. ഒരര്‍ഥത്തില്‍ മാറാ രോഗമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. മാറാരോഗികള്‍ തമ്മിലുള്ള ബന്ധത്തിന് ഊഷ്മളതയേറും. ചതിയുണ്ടാവില്ല’
ഇരുവരും അല്‍പനേരം മൗനം പൂണ്ടിരുന്നു. അപ്പോള്‍ അയ്യപ്പന്‍ കുട്ടിയുടെ ഉള്ളിലുണ്ടായിരുന്ന ജിജ്ഞാസ ചോദ്യരൂപത്തില്‍ പുറത്തുചാടി..
‘എന്തുകൊണ്ടാ സായിപ്പും മാദാമ്മേം അവരുടെ സ്വത്തുക്കള്‍ കുഷ്ഠരോഗികള്‍ക്കു കൊടുത്തത്?’
‘ അതോ? എടോ അനിയാ… അവരും കുഷ്ഠരോഗകള്‍ ആയിരുന്നു. സായിപ്പില്‍ നിന്നു മാദാമ്മയ്ക്കു കിട്ടി. കുറെക്കൊല്ലത്തെ സഹവാസത്തോടെ രണ്ടു പേരില്‍ നിന്ന് എനിക്കും കിട്ടി.. ‘
അപ്പുവേട്ടന്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
Generated from archived content: kanni21.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ – അധ്യായം ഇരുപത്തിരണ്ട്