This post is part of the series കണ്ണികള്‍
Other posts in this series:
അധ്യയന വര്‍ഷം ആരംഭിച്ചത് പതിവുപോലെ കോരിച്ചൊരിയുന്ന മഴയത്താണ്. തലേദിവസം വരെ നല്ല തെളിച്ചമായിരുന്നു. കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും മഴയില്‍ കുളിച്ചാണ് സ്‌കൂളില്‍ എത്തിയത്. മിക്ക കുട്ടികള്‍ക്കും സ്‌കൂളില്‍ പോകാന്‍ മടിയും പേടിയുമായിരുന്നു. ചിലര്‍ കുട്ടികളെ തല്ലിയും പിടിച്ചുവലിച്ചുമാണ് സ്‌കൂളില്‍ എത്തിച്ചത്. പല കുട്ടികളുടെയും മനസില്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം ഒരു ഭീകരാനുഭവമായി ആഴത്തില്‍ പതിഞ്ഞു.
എന്നാല്‍ രാമകൃഷ്ണന് സ്‌കൂളില്‍ പോകാന്‍ നല്ല ഉത്സാഹമായിരുന്നു. അയ്യപ്പന്‍ കുട്ടി മകന് പുതിയ സ്ലേറ്റും വാഴക്കൂമ്പിന്റെ നിറമുള്ള ജുബ്ബയും നീലനിറത്തിലുള്ള വള്ളിക്കളസവും ഒരു ഓലക്കുടയും വാങ്ങിയിരുന്നു. അച്ഛന്റെ കൈ പിടിച്ച് മഴവെള്ളത്തില്‍ ചാടിക്കളിച്ചും കുട അന്തരീക്ഷത്തില്‍ വീശിയും അതിരറ്റ സന്തോഷത്തോടെയാണ് രാമകൃഷ്ണന്‍ സ്‌കൂളിലെത്തിയത്.
വിജ്ഞാനവര്‍ധിനി സഭ വക പ്രൈമറി സ്‌കൂളിലാണ് രാമകൃഷ്ണനെ പഠിപ്പിക്കാന്‍ ചേര്‍ത്തത്. വടക്കുവശം രാമവര്‍മ ഹൈസ്‌കൂളിന്റെ പ്രൈമറി സ്‌കൂള്‍ ഉണ്ടായിരുന്നെങ്കിലും അവിടെ ചേര്‍ത്തില്ല.
വിശാലമായ അമ്പലപ്പറമ്പിലെ സ്‌കൂളും പരിസരവും രാമകൃഷ്ണന് നന്നേ ഇഷ്ടപ്പെട്ടു. അഞ്ചാം ക്ലാസുവരെയാണ് വി.വി. സഭ സ്‌കൂളില്‍ പഠനസൗകര്യം ഉണ്ടായിരുന്നത്. ശേഖരന്‍ മാഷ്, ഇക്കണ്ണന്‍ മാഷ്, ജാനകി ടീച്ചര്‍, മാരാര്‍ സാറ്, കരുണാകരന്‍ സാറ് എന്നിവരായിരുന്നു അധ്യാപകര്‍. കരുണാകരന്‍ സാറായിരുന്നു ഹെഡ് മാസ്റ്റര്‍. രാമകൃഷ്ണന്റെ അമ്മ കൗസല്യ പഠിക്കുമ്പോഴും അദ്ദേഹം തന്നെയായിരുന്നു ഹെഡ് മാസ്റ്റര്‍.
രാമകൃഷ്ണനെ ക്ലാസിലാക്കിയ ശേഷം അയ്യപ്പന്‍ കുട്ടി സ്‌കൂള്‍ പരിസരത്തു തന്നെ ചുറ്റിപ്പറ്റി നിന്നു. മകന്‍ മുഴുവന്‍ സമയവും ക്ലാസിലിരിക്കുമോ? സഹപാഠികളുമായി വഴക്കുണ്ടാക്കുമോ? ക്ലാസ് ആരംഭിച്ചാല്‍ വല്ല പേടിയും തോന്നി പുറത്തേയ്ക്കിറങ്ങി ഓടുമോ? അടുത്തിരിക്കുന്ന കുട്ടി മകനെ ഉപദ്രവിക്കുമോ? ചിന്തകള്‍ കാടുകയറാന്‍ തുടങ്ങിയപ്പോള്‍ അയ്യപ്പന്‍ കുട്ടിക്കു ക്ഷമ നശിച്ചു. അയാള്‍ വേഗം ക്ലാസിലേക്കു നടന്നു. അകത്തോട്ട് കടക്കാന്‍ ശ്രമിച്ച അയ്യപ്പന്‍ കുട്ടിയെ നോക്കി ശേഖരന്‍ മാഷ് ചോദിച്ചു
‘എന്താ..?’
‘ എന്റെ മോന്‍..’
‘ അവനൊരു കുഴപ്പവുമില്ല. മിടുക്കനാണവന്‍. ദാ, കണ്ടില്ലേ.. അച്ചടക്കത്തോടെ ഇരിക്കുന്നത്’
അയ്യപ്പന്‍ കുട്ടിയുടെ മനസ് സന്തോഷം കൊണ്ടു നിറഞ്ഞു. തന്റെ മകന്‍ മിടുക്കനാണ്. അച്ചടക്കമുള്ളവനാണ് എന്ന് അധ്യാപകന്‍ തന്നെ പ്രഖ്യാപിച്ചിരിക്കുന്നു!
അയ്യപ്പന്‍കുട്ടി ക്ഷേത്ര ഭണ്ഡാരത്തില്‍ മൂന്നു കാശു നേര്‍ച്ചയിട്ടു.
‘സ്വാമി എന്റെ മോന് നല്ലതു വരുത്തണേ.. അവനെ നന്നായി പഠിക്കണേ…’
തന്റെ പ്രാര്‍ഥന ദൈവം ചെവിക്കൊണ്ടതായി അയ്യപ്പന്‍കുട്ടിക്കു തോന്നി.
അന്ന് ഉച്ചവരെയായിരുന്നു ക്ലാസ്. ബെല്ലടിച്ചപ്പോള്‍ രാമകൃഷ്ണന്‍ തന്റെ കുട എടുക്കാന്‍ ചെന്നു. അതവിടെ കണ്ടില്ല. കുടയുടെ സ്ഥാനത്ത് കുറച്ചു കണ്ടിച്ചേമ്പിന്റെ ഇലയാണ് കിടന്നിരുന്നത്.. രാമകൃഷ്ണനു സങ്കടം വന്നു. നേരിയ കരച്ചിലോടെ രാമകൃഷ്ണന്‍ പരിസരം മുഴുവന്‍ നോക്കി. ക്ലാസിന്റെ ഒരു മൂലയിലായി കാലൊടിഞ്ഞ ഒരു കുട കണ്ടെത്തി. അത് തന്റെ കുടയാണെന്നു രാമകൃഷ്ണന്‍ മനസിലാക്കി.
രാമകൃഷ്ണന്‍ നിലവിളിച്ചുകൊണ്ട് വരുന്നതു കണ്ടപ്പോള്‍ അയ്യപ്പന്‍ കുട്ടിയുടെ ഉള്ളു പിടഞ്ഞു. ആരെങ്കിലും മോനെ ഉപദ്രവിച്ചിരിക്കുമോ..?
‘എന്താ, എന്തുപറ്റി..?
‘എന്റെ കൊട… എന്റെ കൊട..’
അയ്യപ്പന്‍കുട്ടിക്കും ദേഷ്യം വന്നു..
‘ഏതു ദുഷ്ടനാ എന്റെ മോന്റെ കൊട നശിപ്പിച്ചത്..?’
‘ആവോ… എനിക്കറിയില്ല..’
‘ഇങ്ങനെയാണോ കുട്ടികളെ പഠിപ്പിക്കുന്നേ… ഇവരുടെ കൂടെ പഠിച്ചാല്‍ എന്റെ മോനും ചീത്തയാകും’
അയ്യപ്പന്‍ കുട്ടി മകനെയും കൂട്ടി ശേഖരന്‍ മാഷുടെ അടുത്തു ചെന്നു. എല്ലാം കേട്ട ശേഷം ശേഖരന്‍ മാഷ് പറഞ്ഞു-
‘ കുട്ടികളല്ലേ, ഈ ക്ലാസിലെ കുട്ടികളെല്ലാം ഇന്നത്തെ മഴയത്ത് ചേമ്പില ചൂടിയാ വന്നത് കൂട്ടത്തില്‍ ഒരാള്‍ മാത്രം ഓലക്കുട ചൂടി വന്നപ്പോള്‍ അവനോട് അസൂയ തോന്നിക്കാണും. സ്വന്തം മക്കളെപ്പോലെ കരുതി അയ്യപ്പന്‍കുട്ടി ക്ഷമിക്ക്’
അയ്യപ്പന്‍ കുട്ടിക്ക് ശേഖരന്‍ മാഷുടെ മറുപടി തൃപ്തികരം ആയില്ല. എങ്കിലും ഒരു അധ്യാപകനോട് മറുത്ത് പറയുന്നത് ശരിയല്ലെന്നു കരുതി വീട്ടിലേക്കു പോന്നു.
നാളെ മുതല്‍ ആ സ്‌കൂളില്‍ തന്റെ മകനെ പഠിക്കാന്‍ അയക്കില്ല. അവന്‍ മറ്റുള്ളവരെപ്പോലെയല്ല. മിടുക്കനാകും, കീര്‍ത്തിമാനാകും.. ജ്യോതിഷത്തില്‍ അറിവുള്ളവര്‍ ഗണിച്ചു പറഞ്ഞിട്ടുള്ളതാണ്. ഈ സ്‌കൂളില്‍ തുടര്‍ന്നാല്‍ അവന്റെ സ്വഭാവത്തിനു മാറ്റം വരാം.
പക്ഷെ മറ്റൊരു കാര്യം. ആ ക്ലാസില്‍ തന്റെ മകനല്ലേ മുന്നില്‍ നില്‍ക്കുന്നത്. എല്ലാവരും ചേമ്പില ചൂടി വന്നപ്പോള്‍ തന്റെ മകന്‍ മാത്രം ഓലക്കുട ചൂടി. പല കുട്ടികള്‍ക്കും കുപ്പായമുണ്ടായിരുന്നില്ല. പുസ്തകമുണ്ടായിരുന്നില്ല. തന്റെ മകന്‍ എല്ലാവരേക്കാളും മുമ്പന്‍. ആര്‍ക്കും അസൂയ തോന്നും വിധം കേമന്‍. ഗൂഢമായ ഒരു മന്ദസ്മിതം അയ്യപ്പന്‍ കുട്ടിയുടെ ചുണ്ടില്‍ വിരിഞ്ഞു. ക്രമേണ അതൊരു പൊട്ടിച്ചിരിയായി മാറി.
‘അല്ലേ, നിങ്ങള്‍ക്കിതെന്തുപറ്റി?’
‘എടീ .. നമ്മുടെ മോന്‍.. അവന്‍ മിടുക്കനാടീ..’
‘എന്നാരു പറഞ്ഞു..’
‘ ശേഖരന്‍ മാഷ്..’
‘ഉവ്വോ..?’
‘അതേടീ, അവന്‍ നല്ല അച്ചടക്കമുള്ളവനാണെന്നു അങ്ങേരു പറഞ്ഞു’
കൗസല്യ മകനെക്കുറിച്ച് ഒരു സ്വപ്‌നലോകത്തില്‍ ചെന്നുപെട്ടു.
‘അവനെ നമുക്കു പഠിപ്പിച്ചു വല്യേ ആളാക്കണം’
‘വല്യേ ആളെന്നു പറഞ്ഞാല്‍’
‘ ഒരു വല്യേ ഡോക്കിട്ടറ്… അല്ലെങ്കില്‍ ഒരു എഞ്ചിന്‍ സാറ്.. വേണ്ട…, മാഷു മതി’
മനനെകുറിച്ചു പറയുന്നതു മുഴുവന്‍ കൗസല്യ സന്തോഷത്തോടെ കേട്ടു. എങ്കിലും ആ സന്തോഷത്തിന് അവളൊരു അതിരിട്ടു.
‘ദേ, വേണ്ട മലര്‍പ്പൊടിക്കാരന്റെ മനോവിചാരം പോലയാകും. അവന്‍ ഒന്നില് പഠിക്കാന്‍ ചേര്‍ന്നിട്ടേയുള്ളൂ’
‘അതിന് ഞാന്‍ സുബ്രഹ്മണ്യസ്വാമിയോട് പ്രാര്‍ഥിച്ചു. നമ്മുടെ മോനെ വല്യേ ആളാക്കണമെന്ന്’
‘എന്നിട്ട് സോമി കേട്ടോ..’
‘പിന്നെ കേള്‍ക്കാതിരിക്കുമോ..? നട അടച്ചിരുന്നെങ്കിലും എന്നെ നോക്കി ചിരിച്ചു’
കൗസല്യയും ചിരിച്ചുപോയി. അയ്യപ്പന്‍ കുട്ടി പറഞ്ഞു-
‘എടീ ഓലക്കുടയുള്ള ഒരാളേ ഇന്നു മോന്റെ ക്ലാസില്‍ ഉണ്ടായിരുന്നുള്ളൂ.. നമ്മുടെ മോന്‍ മാത്രം..’
‘അതാ സാവിത്രിയുടെ മിടുക്കാ.. മോനു വേണ്ട കുപ്പായം തയ്പ്പിച്ചതും പുസ്തകം മേടിച്ചതും ഒക്കെ അവളുടെ കാശുകൊണ്ടാ.. ഇവിടെ ഒരാളുള്ളതിന് മോന്റെ പടിത്തത്തില്‍ വല്ല ശ്രദ്ധയും ഒണ്ടോ.?’
അയ്യപ്പന്‍ കുട്ടിയുടെ അതുവരെയും ഉണ്ടായിരുന്ന സന്തോഷത്തിന്റെ പ്രവാഹം പെട്ടെന്നു നിലച്ചു. കുറ്റബോധം കൊണ്ട് മുഖം താഴ്ന്നു.
രാവിലെ ഉമിക്കരിയിട്ടു അയ്യപ്പന്‍ കുട്ടി പല്ലു തേച്ചു വായ കുലുക്കിയുഴിഞ്ഞു നില്‍ക്കുമ്പോള്‍ ഇളയ മകള്‍ പ്രസന്ന അടുത്തു വന്നു. അവള്‍ അയാളുടെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി. എന്നിട്ടു സന്തോഷത്തോടെ ഉറക്കെ പറഞ്ഞു-
‘ ദേ.. അച്ഛന്റെ മൊഗം കണ്ടോ..’
എല്ലാവരും അയ്യപ്പന്‍ കുട്ടിയുടെ മുമ്പിലെത്തി.
‘ദെന്താ.. നിങ്ങളുടെ മുഖത്തൊരു ചോരപ്രസാദം..?’
അയ്യപ്പന്‍ കുട്ടി കണ്ണാടിയില്‍ നോക്കി. ശരിയാണ്.. ചുണ്ട് ശരിക്കും ചുവന്നുകിടക്കുന്നു. ചുവപ്പ് മൂക്കുവരെ പടര്‍ന്നിട്ടുണ്ട്.
‘നിങ്ങള്‍ക്കു വല്ല വേദനയും തോന്നുന്നുണ്ടോ..’- കൗസല്യ ചോദിച്ചു.
‘ഇല്ല..’
കാര്യം എന്തെന്നറിയാതെ അയ്യപ്പന്‍ കുട്ടി പരിഭ്രമിച്ചു.
കൗസല്യ പറഞ്ഞു- ‘ചെലപ്പോ ദൈവത്തിന്റെ അനുഗ്രഹമായിരിക്കും’
അയ്യപ്പന്‍കുട്ടിയും സംശയിച്ചു. ആയിരിക്കുമോ..?. ചുവപ്പ് പടര്‍ന്നഭാഗത്ത് വേദനയില്ല. വെറും ചുവപ്പുമാത്രം. അതിനൊരു ഭംഗിയുണ്ട്. കൗസല്യ പറഞ്ഞതുപോലെ അത് ദൈവത്തിന്റെ അനുഗ്രഹം ആയിരിക്കുമോ..?
അയ്യപ്പന്‍കുട്ടി എല്ലാ ദിവസവും കണ്ണാടിയെടുത്ത് മുഖത്തെ ചുവപ്പു നിറം പരിശോധിക്കും. ആദ്യം കണ്ടതിനേക്കാള്‍ അല്‍പംകൂടി നിറം വച്ചിട്ടുണ്ട്. ദൈവാനുഗ്രഹമാണെങ്കില്‍ പൊള്ളില്ല. അതൊന്നു പരിശോധിക്കാം. അയ്യപ്പന്‍ കുട്ടി തീപ്പെട്ടി കൊള്ളി കത്തിച്ചു. അതിന്റെ ജ്വാല കെട്ട ശേഷം മുഖത്തു കുത്തി.. ഇല്ല … പൊള്ളുന്നില്ല.. ദൈവം തന്നെ അനുഗ്രഹിച്ചിരിക്കുന്നു. താന്‍ ദൈവത്തിന്റെ പ്രിയപ്പെട്ടവനായി തീര്‍ന്നിരിക്കുന്നു..
അയ്യപ്പന്‍ കുട്ടിക്ക് എന്തെന്നില്ലാത്ത സന്തോഷവും അല്‍പം അഹങ്കാരവും തോന്നി.
പുറത്തിറങ്ങിയപ്പോള്‍ പലരും അയ്യപ്പന്‍കുട്ടിയോട് ചോദിച്ചു- ‘ എന്താ, അയ്യപ്പന്‍കുട്ടി.. മുഖത്ത്’
അയ്യപ്പന്‍കുട്ടി ഒരു വിജയിയുടെ ഭാവത്തില്‍ പുഞ്ചിരിച്ചുകൊണ്ടു ഒന്നും മിണ്ടാതെ നടന്നു.
വീട്ടില്‍ കൗസല്യ മക്കളോട് പറഞ്ഞു-‘ നമ്മുടെ അച്ഛനെ ദൈവം അനുഗ്രഹിച്ചിരിക്കുന്നു. മുഖത്ത് സൂര്യന്‍ താമസമാക്കിയിട്ടുണ്ട്’
‘അപ്പോ, അമ്മേ.. സൂര്യന്‍ മോളീ തന്നെയുണ്ടല്ലോ..’
‘അതങ്ങനെയാ… സൂര്യന്‍ മോളില്‍ നിന്നാലും താഴെക്കു വരും അപ്പോ മോളില് അതിന്റെ പ്രഭ മാത്രമേ ഉണ്ടാകൂ…ദൈവത്തിന് ഇഷ്ടപ്പെട്ടവരെ മാത്രമേ അനുഗ്രഹിക്കാറുള്ളൂ’
‘അപ്പോ അമ്മേ.. നമ്മളെയെന്താ അനുഗ്രഹിക്കാത്തത്..’- ജലജാമണിയാണ് ചോദിച്ചത്.
‘നമ്മള്‍ പാപം ചെയ്തവരാ..’
‘ഏയ്.. ഞാന്‍ പാപം ചെയ്തിട്ടില്ല’- ജലജാമണി തറപ്പിച്ചു പറഞ്ഞു.
‘ഞാനും പാപം ചെയ്തിട്ടില്ല’
‘ഞാനും..’
‘ഞാനും’- മൂന്നു മക്കളും ഏറ്റു പറഞ്ഞു.
‘ഈ ജന്മത്തിലല്ലെങ്കില്‍ മുന്‍ ജന്മത്തില്‍ പാപം ചെയ്തിട്ടുണ്ടാകും’
‘അപ്പോ അച്ഛനോ..’
‘അച്ഛന്‍ മുന്‍ ജന്മത്തിലും പാപം ചെയ്തിട്ടുണ്ടാവില്ല’
അങ്ങനെ അയ്യപ്പന്‍ കുട്ടി സ്വന്തം കുടുംബത്തില്‍ ദിവ്യപുരുഷനായി മാറി..
ചെറായി പുഴയില്‍ പാലം പണിയാന്‍ തീരുമാനമായി. ജെട്ടിയുടെ വടക്കു ഭാഗത്തായാണ് പാലം വരുന്നത്. പുഴയ്ക്കു കിഴക്കുവശം വിശാലമായ പാടമാണ്. പാടത്തിലൂടെ ആദ്യം റോഡുണ്ടാക്കും. അതിനു പുഴയില്‍ നിന്നു മണ്ണുമാന്തിക്കപ്പല്‍ വന്ന് മണ്ണടിച്ചു കയറ്റും. പാലത്തിന്റെ അപ്രോച്ച് റോഡ് തുടങ്ങുന്ന വശത്തെ രണ്ടുമൂന്നു വീടുകള്‍ ഒഴിപ്പിച്ചു. വീടുകള്‍ പൊളിച്ചു മാറ്റി. അവിടെ ഷെഡ് പണിതു. ഷെഡില്‍ കമ്പിയും സിമന്റും സ്‌റ്റോക്ക് ചെയ്തു.
ഒരു ദിവസം തെക്കുനിന്ന് മണ്ണുമാന്തി കപ്പല്‍ വന്നു. കപ്പല്‍ കിഴക്കു വശത്ത് കല്ലുചിറയില്‍ അടുത്തു. മണ്ണടി തുടങ്ങുന്ന ദിവസം വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നു. വണ്ണത്തിലൂള്ള പൈപ്പിലൂടെ ചെളി കലര്‍ന്ന മണ്ണ് ശബ്ദത്തോടെ മണ്ണുമാന്തി കപ്പല്‍ പുറത്തേയ്ക്കു തുപ്പി. മണ്ണും ചെളിയും വെള്ളവും കൂടാതെ ഇത്തിളും ചില്ലറ നാണയത്തുട്ടുകളും വെളിയില്‍ വന്നു. ഒരു ദിവസം ഒരു ഓട്ടുവിളക്കു കിട്ടി.
മണ്ണടിക്കുമ്പോള്‍ പുഴയില്‍ നിന്നു നിധി കിട്ടുന്നുണ്ടെന്ന വാര്‍ത്ത പരന്നു. മണ്ണടിക്കുന്നതു കാണാന്‍ ധാരാളം ആളുകള്‍ ദിവസേന അവിടെ എത്തിച്ചേരും. കണ്ണുവിന്റെ കച്ചവടത്തിന് വലിയ കുതിച്ചുകയറ്റമുണ്ടായി. എന്നാല്‍, എന്തുകൊണ്ടോ അയ്യപ്പന്‍ കുട്ടിയുടെ കടയില്‍ ആളു കയറാതായി.
അയ്യപ്പന്‍ കുട്ടിയുടെ കാലിന്റെ ഉള്ളനടിയില്‍ ഒരു വ്രണം ഉണ്ടായി. വീട്ടിലൂണ്ടായ കുഴമ്പിട്ടുവെങ്കിലും അത് നാള്‍ക്കു നാള്‍ വലുതായി വന്നു.
‘നിങ്ങളിത് ഇങ്ങനെ കൊണ്ടു നടക്കാനാണോ ഭാവം’- കൗസല്യ ചോദിച്ചു.
‘പിന്നെ ഞാനെന്തു വേണം’
‘ആ വൈദ്യരെ പോയി കാണ്’
‘ആരെ.. ആ രായപ്പന്‍ വൈദ്യരെയോ..’
‘ഊം..’
‘വേണ്ട.. ഇതു തന്നത്താന്‍ മാറും..’
‘അങ്ങനെ നോക്കിയിരുന്നോ… മൂന്നു പെണ്‍മക്കളാ വളര്‍ന്നു വരുന്നത്’
ആ വാക്കുകള്‍ അയ്യപ്പന്‍ കുട്ടിയുടെ ഉള്ളില്‍ കൊണ്ടു. തന്റെ മക്കള്‍ കെട്ടിക്കാറായിരിക്കുന്നു. ഇതുവരെ അക്കാര്യത്തെക്കുറിച്ച് ചിന്തയേ ഉണ്ടായിരുന്നില്ല. അവരെ കെട്ടിക്കേണ്ടെന്ന് വിചാരിച്ചിട്ടില്ല. പക്ഷെ അവരെ കെട്ടിക്കേണ്ടി വരുമെന്നു ചിന്തിച്ചിട്ടില്ല… തനിക്ക് ദൈവാനുഗ്രഹം ഉണ്ട്. എല്ലാത്തിനും ദൈവം ഒരു വഴി കാണിച്ചു തരും..
ആരാണ് തന്റെ മക്കളെ കെട്ടാന്‍ വരിക. തന്റെ യൗവനകാലത്ത് തനിക്കു കെട്ടാന്‍ കൗസല്യയുണ്ടായിരുന്നു. ഇന്നു സാവിത്രിയെ കെട്ടാന്‍ ആരാ വരുന്നത്. ജലജാമണിക്കും പ്രസന്നയ്ക്കും ഏതു ചെറുക്കന്മാരാണുണ്ടാകുക?
‘എടീ കൗസൂ.. ആരാടീ നമ്മുടെ സാവിത്രിയെ കെട്ടുക..?’
‘എനിക്കറിയാമോ..’
‘നിന്റെ മനസില് ആരെങ്കിലുമുണ്ടോ..?’
‘ഇല്ല..’
‘ഇല്ലേ.. സത്യം പറ..’
‘ഇല്ലെന്നേ… നിങ്ങളുടെ മനസില് ആരെങ്കിലുമുണ്ടോ..?’
‘ഇല്ല.. എന്നാലും ആരായിരിക്കുമത്?’
‘നിങ്ങള്‍ക്കെന്താ നൊസ്സായിപ്പോയോ.. വേഗം പോയി ആ വൈദ്യരെ കാണ്.. ‘
‘കാണാം.. നീയാ കൊഴമ്പെടുത്തേ’
കൗസല്യ കുഴമ്പെടുത്തു കൊടുത്തു. അപ്പോഴാണ് രാമകൃഷ്ണന്‍ അച്ഛന്റെ അടുത്ത വന്നത്
‘മോനീ കൊഴമ്പൊന്നു പുരട്ടിയേ..’
അയ്യപ്പന്‍കുട്ടി മകനെ അരികിലേക്കു വിളിച്ചു. രാമകൃഷ്ണന്‍ കുഴമ്പ് ഒരു പാത്രത്തിലേക്കു പകര്‍ന്ന് കൈ മുക്കി വ്രണത്തില്‍ പുരട്ടി. ആഴം വച്ച വ്രണത്തിന് ഉള്ളിലേക്ക് കൈവിരല്‍ കടത്തി കുഴമ്പ് തേച്ചു പിടിപ്പിച്ചു.
‘അയ്യപ്പന്‍കുട്ടി, ഇത് എന്നെക്കൊണ്ടു പറ്റില്ല. ഏതെങ്കിലും സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കാണിക്കണം’- രായപ്പന്‍ വൈദ്യര്‍ തീര്‍ത്തു പറഞ്ഞു.
‘എന്നു വച്ചാ..’
‘എറണാകുളത്ത് ഗവര്‍മേണ്ട് ആശുപത്രീ പോണം. അവിടെ ത്വക്ക് രോഗങ്ങള്‍ നോക്കുന്ന ഡോക്ടറെ കാണിക്കണം’
‘അപ്പോ വൈദ്യര്‍ക്കു പറ്റില്ലേ..’
‘എനിക്കു അത്രയ്ക്കു പഠിപ്പു പോരാ… അയ്യപ്പന്‍കുട്ടീ..’
‘നിങ്ങള്‍ക്കൊള്ള പഠിപ്പുവച്ചു എന്നെ ചികിത്സിച്ചാല്‍ മതി. എനിക്കതാ തൃപ്തി..’
‘അയ്യപ്പന്‍കുട്ടീ.., ഞാന്‍ പറയുന്നത് കേള്‍ക്ക്.. നീ എന്തായാലും ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിനെ കാണണം..’
‘നോക്കട്ടേ..വൈദ്യര് ഇപ്പോ മരുന്നു താ..’
രായപ്പന്‍ വൈദ്യര്‍ തത്കാലത്തേയ്ക്കു മുറിവിനിടാന്‍ ഒരു പൊടി കൊടുത്തു. തൃപ്തിയോടെയല്ല അയ്യപ്പന്‍കുട്ടി വീട്ടിലേക്കു മടങ്ങിയത്. ഒരു കാരണം പറഞ്ഞ് രായപ്പന്‍ തന്നെ കൈയൊഴി്ഞ്ഞിരിക്കുന്നു. കല്യാണം കഴിഞ്ഞതോടെ തന്റെ ചങ്ങാതിക്ക് സ്വഭാവത്തിലും മാറ്റം വന്നിരിക്കുന്നു. എന്തായിരിക്കും ഇതിനു കാരണം. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നും രായപ്പനെ സ്‌നേഹിച്ചിട്ടേയുള്ളൂ.. എന്നിട്ടിപ്പോള്‍..
‘എന്താ വൈദ്യര് പറഞ്ഞത്..?’- കൗസല്യ ചോദിച്ചു.
‘ഒന്നും പറഞ്ഞില്ല’
ഭര്‍ത്താവിന്റെ മറുപടിയില്‍ എന്തോ പന്തികേട് ഉണ്ടെന്നു കൗസല്യ കണ്ടെത്തി.
അയ്യപ്പന്‍കുട്ടിയുടെ പാദത്തിനടിയിലെ വ്രണം കൂടുതല്‍ വട്ടംവച്ചു. വിരലുകള്‍ക്ക് പഴുപ്പ് ബാധിച്ചുയ
രാവിലെ ഉറക്കമെണീറ്റ അയ്യപ്പന്‍കുട്ടി കണ്ടത് പായില്‍ അറ്റുകിടക്കുന്ന ഒരു വിരലാണ്.
‘അയ്യോ.. കൗസൂ.. ഓടി വാടീ..’
കൗസല്യയും മക്കളും ഓടിയെത്തി
‘എന്താ, എന്തു പറ്റി..?’
‘ദാ.. ഇതു കണ്ടോ… എന്റെ വിരല്..’
അടര്‍ന്നു വീണ വിരലെടുത്ത് അയ്യപ്പന്‍ കുട്ടി ഭാര്യയെയും മക്കളെയും കാണിച്ചു. എന്നിട്ടു വിങ്ങിക്കരഞ്ഞു. ആ കരച്ചിലില്‍ കുടംബത്തിലെ എല്ലാവരും പങ്കാളികളായി.
Generated from archived content: kanni20.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍- അധ്യായം പത്തൊമ്പത്
Click this button or press Ctrl+G to toggle between Malayalam and English