കണ്ണികള്‍ – അധ്യായം രണ്ട്

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

രായപ്പന്‍ കുഞ്ഞു കിടക്കുന്ന മുറിയിലേക്കു കയറി. ഒരു പഴയ തുണിയില്‍ കുഞ്ഞ് ചലനമറ്റു കിടന്നിരുന്നു ശരീരം ശരിക്കും കരുവാളിച്ചിട്ടുണ്ട്.

രായപ്പനെ കണ്ടപ്പോള്‍ കൗസല്യ നീങ്ങിക്കിടന്നു. അവള്‍ക്ക് എഴുന്നേല്‍ക്കുവാനുള്ള ശക്തിയുണ്ടായിരുന്നില്ല. കരഞ്ഞു കരഞ്ഞ് അവളുടെ കണ്ണുകള്‍ കലങ്ങിയിരുന്നു.

രായപ്പന്‍ കുഞ്ഞിന്റെ ശരീരത്തില്‍ പുതച്ചിരുന്ന പഴയതുണി എടുത്തു മാറ്റി . നാഡി പിടിച്ചു നോക്കി രായപ്പ‍നൊരു സംശയം – വളരെ നേര്‍ത്ത് നാഡി മിടിക്കുന്നില്ലേ? കുഞ്ഞിന്റെ മര്‍മ്മ സ്ഥാനങ്ങളില്‍ നാഡി പരിശോധിച്ചു . ഇല്ല , കുഞ്ഞ് മരിച്ചിട്ടില്ല . ജീവന്റെ നേര്‍ത്തതുടിപ്പ് ഇനിയുമുണ്ട്.

‘’ തേനിരിപ്പുണ്ടോ?’‘

ആ കുടിലില്‍ തേന്‍ എവിടെ ഉണ്ടാകാനാണ് ? ചുറ്റുമുള്ള കുടിലുകളും തഥൈവ.

‘’ എന്നാല്‍ കുറച്ച് മൊലപ്പാല്‍ എടുക്ക്’‘

എല്ലാവര്‍ക്കും പെട്ടന്ന് എന്തോ പ്രതീക്ഷ കൈവന്ന പോലെ കൗസല്യയും അയ്യപ്പന്‍കുട്ടിയും മക്കളായ സാവിത്രിയും പ്രസന്നയും ജലജാ മണിയും കരച്ചില്‍ നിര്‍ത്തി.

കൗസല്യ ഒരു ചെറിയ പിഞ്ഞാണത്തിലേക്ക് തന്റെ മുലയില്‍ നിന്ന് പാല്‍ പിഴിഞ്ഞു കൊടുത്തു. രായപ്പന്‍ അമ്മ ഏല്‍പ്പിച്ചിരുന്ന ഗുളിക പാലില്‍ ചാലിച്ച് കുഞ്ഞിന്റെ ചുണ്ടില്‍ തേച്ചു . കൊണ്ടു വന്നിരുന്ന പൊടി പൊക്കിള്‍ കൊടിയില്‍ വിതറി.

കുഞ്ഞ് ചുണ്ടനക്കിയോ എന്ന് സംശയം. രായപ്പന്‍ കുഞ്ഞിനരികില്‍ തന്നെയിരുന്നു. അതിന്റെ ചുണ്ടില്‍ പാലില്‍ മുക്കിയ തുണികൊണ്ട് നനച്ചു കൊടുത്തുകൊണ്ടിരുന്നു.

ഉച്ചയായപ്പോഴേക്കും കുഞ്ഞിനു നേരിയ ചലനം കണ്ടു. രായപ്പന്‍ ചെറുതായൊന്നു നിശ്വസിച്ചു. മൂന്നു ദിവസം കൊണ്ട് കുഞ്ഞിന്റെ രോഗം ഭേദമായി.

ക്ഷീണം മാറാന്‍പിന്നെയും സമയമെടുത്തു.

അയ്യപ്പന്‍ കുട്ടിയുടേയും കൗസല്യയുടേയും മനസ്സ് രായപ്പനോടുള്ള കടപ്പാടുകൊണ്ടു നിറഞ്ഞു. രായപ്പന്‍ അവരുടെ മനസില്‍ ഒരു ദൈവപുത്രനായി വളര്‍ന്നു.

കൗസല്യയുടെ പ്രസവം കഴിഞ്ഞ് 12 -ആം ദിവസമാണ് അവളുടെ അമ്മ കുഞ്ഞുപെണ്ണ് ഇളയമകള്‍ കല്യാണിയേയും കൂട്ടി കാണാനെത്തിയത്. ആറ് പ്രസവിച്ചിട്ടുള്ള അവര്‍ക്ക് മകള്‍ നാലാ‍മത്തത് പ്രസവിച്ചതും കുഞ്ഞിന് ദീനം വന്നതും ഒരു വിശേഷമേയല്ല.

പുഴയുടെ തീരത്തുള്ള അവരുടെ കച്ചവടസ്ഥാപനത്തിനു മുമ്പില്‍ എപ്പോഴും പത്തുപന്ത്രണ്ട് കെട്ടുവള്ളങ്ങള്‍ കിടപ്പുണ്ടാകും. കുഞ്ഞുപെണ്ണിനും ഭര്‍ത്താവ് നാണുകുട്ടനും ഈ കച്ചവടത്തിരക്കിനിടയില്‍ നിന്ന് എങ്ങും പോകാന്‍ കഴിയാറില്ല. തടിമാടന്മാരായ നാല് ആണ്മക്കള്‍ ഉണ്ടെങ്കിലും അവര്‍ ചായകുടിക്കാനല്ലാതെ കടയില്‍ കയറില്ല. കുഞ്ഞുപെണ്ണിന്റേയും നാണുക്കുട്ടന്റെയും പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്നു കച്ചവടം. പലചരക്ക് , ചായക്കട, തുണിക്കട എന്നീ മൂന്നു കാര്യങ്ങളിലാണ് പ്രധാന കച്ചവടം . കൂടാതെ കെട്ടു വള്ളങ്ങളിലെ പലചരക്കു സാധങ്ങള്‍ കട്ടു വില്‍ക്കുന്നത് വാങ്ങുകയും ചെയ്തിരുന്നു.

പറഞ്ഞുവച്ചതുപോലെയാണ് അയ്യപ്പന്‍കുട്ടിയുടെ രക്ഷകര്‍ത്താവായ കണ്ണുവിന്റെ ഭാര്യ കൊച്ചുപെണ്ണും മകള്‍ സുഭദ്രയും കൂടി അവിടെ എത്തിയത്. കുഞ്ഞുപെണ്ണിന്റെ ചേച്ചിയാണ് കൊച്ചുപെണ്ണ്. കൊച്ചുപെണ്ണിന്റെ ഭര്‍ത്താവ് കണ്ണു അയ്യപ്പന്‍കുട്ടിയുടെ അമ്മാവനാണ്. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് അമ്മാവനായ കണ്ണുവിന്റെ സംരക്ഷണയിലാണ് അയ്യപ്പന്‍കുട്ടി കഴിഞ്ഞുവന്നത്. അമ്മാവനും അമ്മായിയും അയ്യപ്പന്‍ കുട്ടിക്ക് ജീവനാണ്. ഇടത്തരം സാമ്പത്തിക സ്ഥിതിയുള്ള അമ്മാവന്റെ വീട്ടില്‍ ഒരു വേലക്കാരനേപ്പോലെയായിരുന്നു അയ്യപ്പന്‍ കുട്ടി. വിദ്യാഭ്യാസം കിട്ടിയിട്ടില്ല. ചായക്കടയിലെ പണിയല്ലാതെ മറ്റൊന്നും വശവുമില്ല.

അയ്യപ്പന്‍കുട്ടിയുടെ അച്ഛന്‍ സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലെ അംഗമായിരുന്നു. ജ്യേഷ്ഠന്‍ നാരായണനും അയ്യപ്പന്‍ കുട്ടിയും മാത്രമേ സന്തതികളായി ഉണ്ടായിരുന്നുള്ളു. അച്ഛന്‍ മരിച്ചപ്പോള്‍ അമ്മ മക്കളേയും കൂട്ടി ആങ്ങള കണ്ണുവിന്റെ വീട്ടിലേക്കു പോന്നു. കൂടെ അച്ഛന്റെ കുടുംബസ്വത്തും.

സത്രം പോലെയുള്ള ഒരു വീടാണ് കണ്ണുവിന്റേത്. വീട് നിറയെ അളുകളാണ്. മുന്‍ വശത്തെ മുറിയില്‍ കണ്ണുവുന്റെ ഇളയമകന്‍ പ്രതാപനാണ്. ആ മുറിയില്‍ മറ്റാര്‍ക്കും പ്രവേശനമില്ല. ഇത് മിക്കവാറും അടച്ചിട്ടിരിക്കും. മുന്‍ വശത്ത് ഒരു ചെറിയ മണി കെട്ടിത്തൂക്കിയിട്ടുണ്ട്. പ്രതാപനെ കാണണം എന്നുള്ളവര്‍ മണി അടിക്കണം. അപ്പോള്‍ പ്രതാപന്‍ ജനാലയുടെ ഒരു പാളി തുറന്നു നോക്കും. അവിടെ നിന്ന് വിവരം തിരക്കും.

മത്തായി സ്രാങ്ക്. വറുതുട്ടി മാഷ് , അബ്ദുള്ളക്കുട്ടി, ജെട്ടി സൂപ്രണ്ട് എന്നിവരില്‍ ആരെങ്കിലുമാണെങ്കില്‍ വാതില്‍ തുറന്നകത്തു കേറ്റും. ഇഞ്ച്ചക്കാടന്‍ കുമാരനെ വിട്ട് അവര്‍ക്കു വേണ്ടി തൊട്ടടുത്തുള്ള കള്ളുഷാപ്പില്‍ നിന്ന് കള്ളും ഇറച്ചിക്കറിയും ഞണ്ടുകറിയും വാങ്ങും. ഇവര്‍ വന്നാല്‍ ഒരു വലിയ കലം നിറച്ച് ചോറു കൊടുക്കേണ്ടത് കൊച്ചുപെണ്ണിന്റെ ഉത്തരവാദിത്വമാണ്. ഇല്ലെങ്കില്‍ പ്രതാപന്‍ ബഹളം വയ്ക്കും. പ്രതാപന്റെ ബഹളം ഭയങ്കരമാണ്. അതുകൊണ്ട് ആരും എതിര്‍ക്കില്ല.

കണ്ണുവിന്റെ മൂത്തമകന്‍ പ്രകാശനും മറ്റ് അഞ്ചുമക്കളും രണ്ടു മുറികളിലായി കഴിയുന്നു. വേറൊരു മുറിയിലാണ് അയ്യപ്പന്‍കുട്ടിയും അമ്മ കാര്‍ത്തുവും ജ്യേഷ്ഠന്‍ നാരായണനും താമസിച്ചിരുന്നത്. നെല്ലറയോടു ചേര്‍ന്നുള്ള ഉരല്‍പ്പുരയിലാണ് കണ്ണുവും കൊച്ചുപെണ്ണും കിടക്കുന്നത്. നേരം വെളുക്കുമ്പോള്‍ പലപ്പോഴും കണ്ണുവിന്റേയും കൊച്ചുപെണ്ണിന്റേയും ശരീരത്തില്‍ അരിപ്പൊടി പുരണ്ടിരിക്കും. എങ്കിലും അവര്‍ക്കാര്‍ക്കും അതില്‍ പരാതിയില്ല.

കൊച്ചുപെണ്ണും കുഞ്ഞുപെണ്ണും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കൗസല്യ കുഞ്ഞിനെ അമ്മയുടെ മടിയില്‍ വച്ചുകൊടുത്തു.

‘’ എന്താടാ വാവേ ’‘ എന്ന് ഒരു നിമിഷം കൊഞ്ചിച്ചുകൊണ്ട് കുഞ്ഞുപെണ്ണ് , കൊച്ചുപെണ്ണിന്റെ മടിയിലേക്കു കൈമാറി. അവര്‍ക്കും കുഞ്ഞിനോട് വേണ്ട വിധം സ്നേഹം പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല.

കുഞ്ഞ് ‘’ ള്ളേ….ള്ളേ..’‘ എന്നു കരഞ്ഞുകൊണ്ട് അമ്മൂമ്മയുടെ മടിയില്‍ മൂത്രമൊഴിച്ചു.

‘’ എടീ കൗസല്യേയ്… കൊച്ചുമുള്ളിട്യേയ്…’‘

മുള്ളിയാലെന്താ, പേരക്കുട്ടിയല്ലേ? ആ തുണികൊണ്ട് തുടച്ചാല്‍ പോരെ? കൗസല്യ മനസില്‍ പറഞ്ഞു.

ഉച്ചക്ക് കൊച്ചുപെണ്ണിനും കുഞ്ഞുപെണ്ണിനും സുഭദ്രക്കും കല്യാണിക്കും ഊണൊരുക്കി. സാവിത്രിയുടെ മിടുക്കാണത് . വീട്ടില്‍ ഒന്നും ഇരുപ്പുണ്ടായിരുന്നില്ല. അയപക്കത്തെ വീട്ടില്‍ നിന്ന് ഇരുന്നാഴി അരി വായ്പ്പ വാങ്ങി . മുറ്റത്തു നിന്ന ചെമ്മീപ്പുളിമരത്തില്‍ നിന്നും പുളിപറിച്ച് ചമ്മന്തിയുണ്ടാക്കി . മോരു വില്‍പ്പനക്കാരനില്‍ നിന്നും അര നാഴി മോരു വാങ്ങി കറിയുണ്ടാക്കി. അനുജത്തിമാരായ ജലജാമണിയേയും പ്രസന്നയേയും കൂടെ കൂട്ടി പെട്ടന്ന് എല്ലാം ഒരുക്കാന്‍ സാവിത്രിക്ക് നല്ല മിടുക്കാണ്. കൗസല്യ ഒന്നും അറിയണ്ട.

വീട്ടിലെ ദാരിദ്ര്യം പണക്കാരായ അമ്മൂമ്മമാരും ചിറ്റമ്മമാരും അറിയാതിരിക്കാന്‍ സാവിത്രി പ്രത്യേകം ശ്രദ്ധിച്ചു.

ഊണു കഴിഞ്ഞപ്പോള്‍ അമ്മൂമ്മമ്മാര്‍ക്കു കിടക്കാന്‍ സാവിത്രി തച്ചുപായ ഇട്ടുകൊടുത്തു. മൂത്ത അമ്മൂമ്മക്ക് വീശാന്‍ രാമച്ച വിശറിയും ഇളയ അമ്മൂമ്മക്ക് പനയോലവിശറിയും കൊടുത്തു.

ആരുടേയും സഹയമില്ലാതെ തന്നെ കാര്യങ്ങള്‍ ഭംഗിയായി നടക്കുന്നതില്‍ കുഞ്ഞുപെണ്ണ് ഉള്ളാലെ സന്തോഷിച്ചു. അവര്‍ സാവിത്രിയെ അരികില്‍ വിളിച്ചിരുത്തി. അവളുടെ ചുരുണ്ട മുടിയില്‍ തലോടിക്കൊണ്ട് കുഞ്ഞുപെണ്ണ് പറഞ്ഞു.

‘’ നല്ല മുട്യാ നിന്റേത് എന്തിട്ടാ കുളിക്കണെ?’‘

‘’ താളിയാണമ്മൂമ്മേ’‘

‘’ താളി നല്ലതാ എന്ത് എണ്ണ പെരട്ടും?’‘

‘’ വല്ലപ്പളും വെളിച്ചണ്ണ തേക്കും’‘

‘’ നീലിഭൃഗാദി എണ്ണതേക്കണം തലമുടി ചട കെട്ടാതിരിക്കാന്‍ നല്ലതാ…’‘

‘’ ഊം..’‘

ആഴ്ചയിലൊരിക്കലാണ് എണ്ണയിട്ടുള്ള കുളി. ദിവസവും തേച്ചുകുളിക്കാന്‍ എവിടെ വരുമാനം?

‘’ മോള്‍ക്ക് അമ്മൂമ്മ ഇനി വരുമ്പം നീലിഭൃഗാദിയെണ്ണ കൊണ്ടുവരാം’‘

സാവിത്രി ഉള്ളാലെ ചിരിച്ചു. തെക്ക് മൂന്നാലു വീടുകള്‍ക്കപ്പുറത്താണ് കുഞ്ഞുപെണ്ണ് അമ്മൂമ്മയുടെ വീട് . വസ്തേരി തോടിന്റെ അല്‍പ്പം വടക്കുമാറി കൊച്ചുപെണ്ണ് അമ്മൂമ്മയും താമസിക്കുന്നു. രണ്ട് അമ്മൂമ്മമാര്‍ക്കും എപ്പോഴും നിസ്സംഗതയാണ്. വേണമെങ്കില്‍ പലതും ചെയ്യാനുള്ള സാമ്പത്തിക കഴിവ് രണ്ടുപേര്‍ക്കുമുണ്ട്. പക്ഷെ രണ്ടു പേരും ഒന്നും ചെയ്യാറില്ല. മക്കളോടോ ഭര്‍ത്താക്കന്‍മാരോടോ ഒന്നും പറയില്ല. രണ്ട് അമ്മൂമ്മമാര്‍ക്കും ഭര്‍ത്താക്കന്‍മാരോടുള്ള ആദരവും അനുസരണയും അസാധാരണം തന്നെയാണ്. ഇരുവരും ഭര്‍ത്താക്കന്മാരോട് എതിര്‍പ്പിന്റെ കറുത്തമുഖം കാണിക്കുകയോ വാക്കുകൊണ്ടുള്ള ഒരു പ്രതിഷേധമോ ഇതുവരെ നടത്തിക്കണ്ടിട്ടില്ല.

നീളം വച്ച നിഴലുകള്‍ കിഴക്കോട്ടു ചായാന്‍ തുടങ്ങിയപ്പോള്‍ അമ്മൂമ്മമാര്‍ വീട്ടിലേക്കു മടങ്ങാന്‍ തയ്യാറായി. കൊച്ചുപെണ്ണ് ചോദിച്ചു.

‘’ കൊച്ചിന്റെ ഇരുപത്തെട്ട് എങ്ങനെ?’‘

‘’ഒന്നും തീരുമാനിച്ചിട്ടില്ല’‘

‘’ ഇരുപത്തെട്ടു കെട്ടു നടത്തണം. നാലാളെ അറിയിക്കണം‘’

‘’കൊച്ചിനെന്താ പേരിടുന്നത്?’‘

കുഞ്ഞു പെണ്ണാണത് ചോദിച്ചത്.

‘’ തീരുമാനിച്ചിട്ടില്ല’‘

‘’ തീരുമാനിച്ചിട്ടില്ല … തീരുമാനിച്ചിട്ടില്ല… ഇനി എപ്പഴാ തീരുമാനിക്കണത്?’‘

കൗസല്യ വെറുതെ തലതാഴ്ത്തി നിന്നു.

ആണ്‍കുട്ടി ജനിച്ചതില്‍ അയ്യപ്പന്‍കുട്ടിക്ക് അതിയാത സന്തോഷമുണ്ട്. പക്ഷെ ആ സന്തോഷം ഭാര്യയുടെ മുമ്പില്‍ വാക്കുകളായി അവതരിപ്പിക്കാന്‍ അയ്യപ്പന്‍കുട്ടിക്ക് കഴിഞ്ഞിട്ടില്ല. ആകെ ചെയ്തത് കൊച്ചിനെ കിടത്തി കുളിപ്പിക്കാന്‍ നല്ലൊരു കമുകിന്‍ പാള കൊണ്ടുവന്നതാണ് . നാട്ടില്‍ പണക്കാര്‍ മക്കളെ കുളിപ്പിക്കുന്നത് നല്ല വാസനയുള്ള സോപ്പിട്ടാണെന്നു കേട്ടിട്ടുണ്ട് . അങ്ങിനെയൊരണ്ണം വങ്ങിച്ചു കൊണ്ടുവരണമെന്ന് കൗസല്യ അയ്യപ്പന്‍കുട്ടിയോടു പറഞ്ഞു . കുഞ്ഞിനെ കുളിപ്പിച്ചു തോര്‍ത്താന്‍ ഒരു തോര്‍ത്തുമുണ്ടും വേണമെന്നു പറഞ്ഞു. പക്ഷെ അയ്യപ്പന്‍കുട്ടിയൊന്നും മിണ്ടിയില്ല. പണക്കാരെപ്പോലെ ജീവിക്കാനുള്ള ഭാ‍ര്യയുടെ ആഗ്രഹത്തിനു മുന്നില്‍ അയാള്‍ വിമുഖനായി.

‘’ നീ വല്ല പേരും കണ്ടു വച്ചിട്ടുണ്ടോടീ കുഞ്ഞുപെണ്ണേ?’‘

‘’ ഇല്ല ചേച്ചി തീരുമാനിച്ചാ മതി’‘

‘’ പണ്ടായിരുന്നെങ്കില്‍ പേരിടാന്‍ തമ്പ്രാക്കളോടു ചോദിക്കണം. അവര്‍ വല്ല ചാത്താന്നോ കറുമ്പനെന്നോ ഒക്കെ പറയും. നമ്മളത് ഇട്ടൊളണം. ഇപ്പം അതു വേണ്ടല്ലോ നല്ല പരിഷ്ക്കാരോള്ള പേര് നമുക്ക് തന്നെ ഇടാം’‘

‘’ ചേച്ചി പറഞ്ഞാ മതി’‘

‘’ രാമകൃഷ്ണന്‍, എന്താ നല്ല പേരല്ലേ?’‘

‘’ മതി , രാമനും കൃഷ്ണനും ചേര്‍ന്ന പേര്’‘

‘’എന്നാ അങ്ങിനെ തന്നെ മതി.’‘

ചേച്ചി എന്തു പറഞ്ഞാലും അനിയത്തിക്ക് പരാതിയില്ല. കുഞ്ഞുപെണ്ണ് അംഗീകരിച്ചതോടെ കൗസല്യക്കും മക്കള്‍ക്കും ഇനി മറിച്ചൊരഭിപ്രായമില്ല. അയ്യപ്പന്‍കുട്ടി ഇതേവരെ പേരിനെക്കുറിച്ചോ മറ്റു കാര്യങ്ങളെക്കുറിച്ചോ വീട്ടില്‍ സംസാരിച്ചിട്ടുമില്ല.

‘’ നിന്റെ വേതുകുളിയൊക്കെ എങ്ങിനെ?’‘

ഇതിനിടയില്‍ കുഞ്ഞുപെണ്ണ് തിരക്കി.

എന്തു വേതുകുളി ? പ്രസവിച്ച പെണ്ണുങ്ങള്‍ക്കുള്ള ചികിത്സയെക്കുറിച്ചോ പ്രസവരക്ഷയെക്കുറിച്ചോ ഒന്നും അയ്യപ്പന്‍കുട്ടിക്ക് അറിയില്ല. ഭര്‍ത്താവിന് ഭാര്യയുടെ കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകുന്നത് ഭാര്യയുടെ ഭാഗ്യമാണ്. അത്തരം ഭാഗ്യം അമ്മക്കുണ്ട്. അമ്മയുടെ ഓരോ പ്രാവശ്യത്തെ പ്രസവത്തിനും ഒരു ആടിനെ വെട്ടി അജമാംസ രസായനം ഉണ്ടക്കിക്കൊടുക്കും. ആ സന്ദര്‍ഭത്തില്‍ വീട്ടില്‍ എന്തു തിരക്കായിരിക്കും. മഞ്ഞുമ്മലില്‍ നിന്ന് വരുന്ന വൈദ്യരാണ് മരുന്നുണ്ടാക്കാന്‍ നേതൃത്വം കൊടുക്കുന്നത്.

‘’ എല്ലാം വേണ്ടതു പോലെ നടക്കുന്നുണ്ടമ്മേ’‘

മകള്‍ പറയുന്നതു കേട്ട് അമ്മ സന്തോഷിച്ചു.

അവര്‍ ചുറ്റും നോക്കി വീട് ഒരു കുടിലാണെങ്കിലും അതിനു ചുറ്റും പല നടീല്‍ വസ്തുക്കളുണ്ട് അരിഷ്ടിച്ചിട്ടാണെങ്കിലും കഴിഞ്ഞു പോകാന്‍ സാധിക്കും.

കൊച്ചുപെണ്ണും ചുറ്റും നോക്കി ഒരറ്റത്ത് നല്ല ചുവന്ന ചീര തഴച്ചു വളര്‍ന്നു നില്‍ക്കുന്നു നിറയെ വഴുതന പന്തലുകെട്ടി നിറുത്തിയിരിക്കുന്നു. അതിലും ധാരാളം കായ്കള്‍. കപ്പങ്ങച്ചെടിയില്‍ സമൃദ്ധമായി കപ്പങ്ങ. അഞ്ചോ ആറോ ചേനച്ചെടികള്‍.

ചീരയുടെ അടുത്തുചെന്ന് കൊച്ചുപെണ്ണ് ചോദിച്ചു.

‘’ എന്താ , ഇതൊന്നും നീ നുള്ളി കറിവയ്ക്കാറില്ലേ?’‘

‘’ഉവ്വ് അമ്മുമ്മ കുറച്ചു കൊണ്ടുപൊയ്ക്കോ’‘

സാവിത്രി ഞൊടിയിടയില്‍ കുറച്ചു ചീര പറിച്ചു. എന്നിട്ട് രണ്ടു കെട്ടുകളായി രണ്ട് അമ്മൂമ്മമാര്‍ക്കും വച്ചു കൊടുത്തു. കൂടെ ഈരണ്ടു കപ്പങ്ങയും.

വീട്ടില്‍ നിന്നു പോരുമ്പോള്‍ പെറ്റുകിടകുന്ന പെണ്ണിനു കൊടുക്കാന്‍ അഞ്ചുരൂ‍പ കൊച്ചുപെണ്ണ് കരുതിവച്ചിട്ടുണ്ടായിരുന്നു. കാര്യങ്ങളെല്ലാം കണ്ടപ്പോള്‍ എന്തെങ്കിലും പഞ്ഞം ആ വീട്ടില്‍ ഉള്ളതായി കൊച്ചുപെണ്ണിനു തോന്നിയില്ല. പെട്ടന്നൊരു ചിന്ത അവരുടെ മനസില്‍ കൊള്ളീയാന്‍ മിന്നി. ഇങ്ങിനെ മുട്ടുകൂടാതെ കഴിയാന്‍ അയ്യപ്പന്‍കുട്ടിക്ക് എവിടന്നു പണം? തങ്ങളുടെ ആശ്രിതനായി നിന്നു കൊണ്ട് വല്ലതും കടത്തിക്കൊണ്ടു പോന്നിട്ടുണ്ടാകുമോ?

അവര്‍ കൗസല്യക്കു കൊടുക്കാന്‍ വച്ചിരുന്ന അഞ്ചു രൂ‍പ ഒന്നു കൂടി താഴ്ത്തി വച്ചു.

കുഞ്ഞുപെണ്ണ് ഒരു പത്തു രൂപാ നോട്ട് സാവിത്രിക്കു കൊടുത്തു. പക്ഷെ അവളതു വാങ്ങിയില്ല. കാര്യങ്ങള്‍ നോക്കി നടത്തുന്ന ആ ചെറുബാല്യക്കാരിയാണല്ലോ എന്നതുകൊണ്ടാണ് രൂപ അവള്‍ക്കു കോടുത്തത്.

സാവിത്രി വാങ്ങാതിരുന്നതുകൊണ്ട് കുഞ്ഞുപെണ്ണ് നിര്‍ബന്ധപൂര്‍വ്വം രൂപ കൗസല്യയെ ഏല്‍പ്പിച്ചു. സാവിത്രി പണം മേടിക്കില്ലെന്നു കൊച്ചുപെണ്ണിനു മനസിലായി. അവര്‍ മുറ്റത്തേക്കിറങ്ങിക്കൊണ്ട് അഞ്ചുരൂ‍പ എടുത്ത് സാവിത്രിക്കു നീട്ടി. പ്രതീക്ഷിച്ചതില്‍ നിന്ന് ഭിന്നമായി അവള്‍ ആ പണം വാങ്ങി. കൊച്ചുപെണ്ണ് ഇളിഭ്യയായിപ്പോയി.

കൊച്ചുപെണ്ണൂം കുഞ്ഞുപെണ്ണും മക്കളേയും കൂട്ടി അവരവരുടെ വീട്ടിലേക്കു നടന്നു.

വസ്തേരിത്തോടിന്റെ കടവിലെത്തിയപ്പോള്‍ അക്കരെ നിന്നും ഇഞ്ചക്കാടന്‍ കുമാരന്‍ വഞ്ചിയുമായി വന്നു. വഞ്ചി നീങ്ങിയപ്പോള്‍ കൊച്ചുപെണ്ണ് ചോദിച്ചു.

‘’ എടാ , രണ്ടു കപ്പങ്ങക്കും ഈ ചീരക്കും കുടി എന്തു വില കൊടുക്കണം?’‘

‘’ എന്താ കുഞ്ഞമ്മേ ആരെങ്കിലും പറ്റിച്ചോ?’‘

‘’ അതുകൊണ്ടല്ലാ നീ വില പറയ്’‘

‘’ ഒരു നാലണ കൊടുക്കേണ്ടതായി വരും’‘

‘’ ഹും അവളുടെ ഒരു ചീര’‘

കൊച്ചുപെണ്ണ് ചീരയും കപ്പങ്ങയും തോട്ടിലേക്ക് വലിച്ചൊരേറു കൊടുത്തു.

അതുകണ്ട് ഇഞ്ചക്കാടന്‍ ഞെട്ടി.

‘’ അയ്യോ , കളയല്ലേ .,..ഞാനെടുത്തോളാം’‘

അയാള്‍ തോട്ടിലേക്കു ചാടി.

തോട്ടില്‍ ശക്തിയായ ഒഴുക്കുണ്ടായിരുന്നു. ചീരയും കപ്പങ്ങയും കയ്യില്‍ കിട്ടുന്നതിനനുസരിച്ച് അയാള്‍ തോട്ടില്‍ നിന്നും സംഭരിച്ച് കരയിലേക്കു വലിച്ചെറിഞ്ഞു.

ഇതിനോടകം തുഴയാനാളില്ലാതെ വഞ്ചി പുഴയിലേക്കു നിങ്ങി.

എറണാകുളത്തു നിന്ന് കോട്ടപ്പുറത്തേക്കു പോകുന്ന ‘’ജലഗോപാല്‍’‘ ബോട്ട് തൊട്ട് മുമ്പില്‍. ഇപ്പോള്‍ വഞ്ചി ബോട്ടില്‍ ഇടിക്കും. ഇഞ്ചക്കാടന്‍ അപ്പോഴും ചീരയും കപ്പങ്ങയും പെറുക്കിക്കൊണ്ടിരിക്കുകയാണ്. ബോട്ടിലെ സ്രാങ്ക് തുടര്‍ച്ചയായി ഹോണ്‍ മുഴക്കി. പക്ഷെ, വഞ്ചി ബോട്ടിനു നേര്‍ക്കു തന്നെ കുതിക്കുകയാണ്. മരണം മുന്നില്‍ക്കണ്ട പോലെ കൊച്ചുപെണ്ണും സുഭദ്രയും വാവിട്ടു നിലവിളിച്ചു!

‘’ രക്ഷിക്കണേ…….!

Generated from archived content: kanni2.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here