This post is part of the series കണ്ണികള്‍
Other posts in this series:
നേരം സന്ധ്യയായി ഗിരിജയും കുട്ടികളും വൈദ്യശാലയില്‍ത്തന്നെ ഇരുന്നു. അതുകൊണ്ട് രായപ്പന് വൈദ്യശാല പൂട്ടാന്‍ കഴിഞ്ഞില്ല. ഓര്‍ക്കാപ്പുറത്തുണ്ടായ സംഭവങ്ങള്‍ സൃഷ്ടിച്ച ആത്മസംഘര്‍ഷത്തില്‍ രായപ്പന്റെ മനസ് ഉലഞ്ഞു. ആളുകളുടെ കൂക്കിവിളികള്‍ അപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നതു പോലെ. ഇനിയൊരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്ത വണ്ണം തന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റിരിക്കുന്നു. ഇനി എന്തു ചെയ്യണമെന്നു ഗിരിജയ്ക്കു ഒരു രൂപവും ഉണ്ടായിരുന്നില്ല. സംഭവിച്ച കാര്യങ്ങളില്‍ നിന്ന് എങ്ങനെ ഒരു മോചനം ഉണ്ടാകും? രായപ്പനെ സ്‌നേഹിച്ചിരുന്നു എന്നത് വാസ്തവമാണ്. തന്റെ മുറച്ചെറുക്കനായിരുന്നു. വിവാഹം നടക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. തന്റേതായ മാനസിക അടുപ്പം അല്ലാതെ ശാരീരികമായ അടുപ്പമുണ്ടായിട്ടില്ല. പക്ഷെ, തന്റെ ഭര്‍ത്താവെന്ന മനുഷ്യന്‍ ആളുകളുടെ മുന്നില്‍ വച്ച് എന്തെല്ലാമാണ് വിൡച്ചു കൂകിയത്? ഇനിയും ജീവിച്ചിരിക്കേണ്ടതുണ്ടോ? അഥവാ ജീവിച്ചിരുന്നാല്‍തന്നെ അതെന്തു ജീവിതമായിരിക്കും? ആളുകളുടെ മുഴുവന്‍ പരിഹാസത്തിനു പാത്രമായി.. ഒരു പിഴച്ചവളായുള്ള ജീവിതം. വയ്യ ഇനി സഹിക്കാന്‍ വയ്യ, ഈ ജീവിതം, അതില്‍ കുരുത്ത രണ്ടു കുരുന്നുകള്‍. .. എല്ലാം നാളെ നേരം വെളുക്കുമ്പോള്‍ പെരിയാറിന്റെ കൈവഴിയിലൂടെ ഒഴുകി നടക്കും. ജനങ്ങള്‍ പരിഹസിക്കുമായിരിക്കും. കുഞ്ഞുങ്ങളെ കുരുതി കൊടുത്തവള്‍ എന്നു ആക്ഷേപിക്കുമായിരിക്കും. പക്ഷെ, തന്റെ മുമ്പില്‍ ഈയൊരൊറ്റ പോംവഴിയേ തെളിയുന്നുള്ളൂ. ഒരു നിമിഷം ആലോചിക്കുവാന്‍ സമയം കിട്ടിയാല്‍ ആരായാലും ആത്മഹത്യയില്‍ നിന്നു പിന്തിരിയുമെന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍, ഇവിടെ ആലോചിക്കുന്തോറും ആത്മഹത്യ ചെയ്യാനാണ് ആത്മാവിന്റെ നിര്‍ദേശം.. കല്‍പന. അടുത്തുള്ള കടകളില്‍ പെട്രോമാക്‌സും ഹരിക്കയിന്‍ ലാമ്പും തെളിയാന്‍ തുടങ്ങി. അപ്പോഴാണ് രായപ്പന്റെ അമ്മ സൈരന്ധ്രിയും അയ്യപ്പന്‍കുട്ടിയും എത്തുന്നത്. അവരെ കണ്ടപാടെ ഗിരിജ എല്ലാ നിയന്ത്രണങ്ങളും വിട്ടു വാവിട്ടു കരഞ്ഞു. ഒരു കുഞ്ഞിനെപ്പോലെ .. പരിസര ബോധം മറന്ന്… സൈരന്ധ്രി അവളെ തിരിഞ്ഞു നോക്കിയില്ല. ഗൗരവത്തില്‍ അകത്തേയ്ക്കു കയറി ഒരു കുറ്റവാളിയെപ്പോലെ അമ്മയുടെമുന്നില്‍ നിന്ന് രായപ്പന്‍ വിളറിവെളുത്തു. അമ്മയുടെ മുഖത്ത് കത്തുന്ന അഗ്നിയുടെ ചൂടില്‍ താന്‍ വെന്തു വെണ്ണീറാകുമെന്നു രായപ്പന് തോന്നി. അവന്റെ കുനിഞ്ഞ ശിരസില്‍ നിന്നുള്ള കണ്ണുകളുടെ നോട്ടം സൈരന്ധ്രിയുടെ പാദങ്ങളെ നമസ്‌കരിച്ചു. ഒരക്ഷരം പോലും പറഞ്ഞില്ലെങ്കിലും രായപ്പന്റെ മനസ് ആയിരം വട്ടം ഉരുവിട്ടു ‘അമ്മേ മാപ്പ്’ ആജ്ഞാ സ്വരത്തില്‍ സൈരന്ധ്രി പറഞ്ഞു ‘രായപ്പാ കടയടയ്ക്ക്.. വാ. . വീട്ടിലേക്കു പോകാം..’ രായപ്പന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു’ അമ്മേ, ഗിരിജ’ ‘ അവളെയും വിളിക്കെടാ, നീ മൂലം ചീത്തപ്പേരു കേട്ട ഒരു പെണ്ണിനെ ഉപേക്ഷിക്കാന്‍ ഞാന്‍ പറയുമെന്നു കരുതിയോ’ ഗിരിജ സൈരന്ധ്രിയുടെ കാല്‍ക്കല്‍ വീണു പൊട്ടിക്കരഞ്ഞു. ‘ അമ്മായി, ഞങ്ങള്‍ തെറ്റുകാരല്ല, അതിയാന്റെ സംശയമാ എല്ലാത്തിനും കാരണം’ ‘ തെറ്റും ശരിയും വീട്ടില്‍ച്ചെന്നിട്ട്. വാ.. വീട്ടിലേക്കു പോകാം..’ വീടിന്റെ പടിക്കലെത്തിയപ്പോള്‍ സൈരന്ധ്രി പറഞ്ഞു ‘നിങ്ങള്‍ രണ്ടു പേരും ഇവിടെ നില്‍ക്ക്.. ഞാന്‍ ഇപ്പോ വാരാം. അയ്യപ്പന്‍ കുട്ടി, നീ അകത്തേയ്ക്കു വാ’ അമ്മ പുറത്തു നിറുത്തിയത് എന്തിനെന്ന് അവര്‍ക്കു മനസിലായില്ല. പേടിയും സംശയവും കൊണ്ടു വിഷമിച്ചു നില്‍ക്കുമ്പോള്‍ സൈരന്ധ്രിയും അയ്യപ്പന്‍ക്കുട്ടിയും കൂടി നിലവിളക്കും നിറപറയുമായി അവിടെയെത്തി. ‘ വലതു കാല്‍ വച്ചു അകത്തു കയറ്’ ഗിരിജയുടെ കാലില്‍ കിണ്ടിയില്‍ നിന്നു വെള്ളം ഒഴിച്ചു കൊടുത്തുകൊണ്ട് സൈരന്ധ്രി പറഞ്ഞു. രായപ്പന്‍ അച്ഛന്‍ കൊച്ചിറ്റാമന്‍ വൈദ്യരുടെ എണ്ണഛായ ചിത്രം മുറിക്കുള്ളില്‍ തൂക്കിയിരുന്നു. രായപ്പനും ഗിരിജയും അതിനു മുന്നില്‍ നിന്നു തൊഴുതു. സൈരന്ധ്രി ചിത്രത്തിനു മുന്നില്‍ നിന്നപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി. താലത്തില്‍ കരുതിവച്ചിരുന്ന തുളസിമാല എടുത്തു സൈരന്ധ്രി രായപ്പനും ഗിരിജയ്ക്കും കൊടുത്തു. രണ്ടു പേരും പരസ്പരം മാല ചാര്‍ത്തി. ‘ ഇനി ഏതവന്‍ വന്നാലും ഞാന്‍ നിന്നെ വിട്ടുകൊടുക്കില്ല. നീ എന്റെ മരുമോളാ.. അല്ലാ മോളു തന്നെ….’ ഒറ്റ നിമിഷം കൊണ്ട് ഗിരിജയുടെ ജീവിതത്തിന്റെ നാള്‍വഴിമാറി. ഭര്‍ത്താവിന്റെ മര്‍ദനവും ചീത്ത വാക്കുകളും കൊണ്ട്, പ്രക്ഷുബ്ധമായ കടല്‍പോലെ ഇളകി മറിഞ്ഞ മനസ് പെട്ടെന്നു ശാന്തമായി. കൂരിരുള്‍ മൂടിയിരുന്ന ജീവിതത്തില്‍ ഒരു പ്രകാശോത്സവം ഉദയം കൊണ്ടു. രായപ്പന്‍ പിന്നെ പെരുമ്പടന്നയിലെ കട തുറന്നില്ല. ഒരു ദിവസം സൈരന്ധ്രി അയ്യപ്പന്‍ കുട്ടിയെയും രണ്ടു ചുമട്ടുകാരെയും കൂട്ടി കടയില്‍ ചെന്നു സാധനങ്ങളെല്ലാം വഞ്ചിയില്‍ കയറ്റി ചെറായിക്കു കൊണ്ടു പോന്നു. രായപ്പന്റെയും ഗിരിജയുടെയും ഒന്നിച്ചുള്ള ജീവിതം സമൂഹത്തില്‍ രണ്ടഭിപ്രായങ്ങള്‍ ഉണ്ടാക്കി. ഒന്ന്- രായപ്പന്‍ ചെയ്തത് ശരിയാണ്. തന്നെ സ്‌നേഹിച്ച പെണ്ണിനെ വഴിയാധാരമാക്കാതെ അവള്‍ക്കൊരു ജീവിതം കൊടുത്തു. രണ്ട്- തെറ്റാണ്, പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ നിന്നിരുന്ന രായപ്പന്‍ മാന്യതയില്ലാത്ത പ്രവൃത്തിയാണ് ചെയ്തത്. ഇതു തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു ചീത്തപ്പേരുണ്ടാക്കി. ഒരു കുടുംബത്തെ തകര്‍ക്കുകയും ചെയ്തു. നാരായണനും ആ അഭിപ്രായക്കാരനായിരുന്നു. പ്രസ്ഥാനത്തിനകത്ത് ഭൂരിപക്ഷം പേര്‍ക്കും നാരായണന്‍ പറഞ്ഞതിനോടാണ് യോജിപ്പ്. അതോടെ രായപ്പന്‍ പ്രസ്ഥാനത്തില്‍ അനഭിമതനായി തീര്‍ന്നു. അയാള്‍ മെല്ലെ കുടുംബത്തിന്റെ നാലു ചുമരുകളിലേക്കു ഒതുങ്ങി. ഒരു ദിവസം വീടിന്റെ ഗേറ്റിനു മുന്നില്‍ ഒരു ബോര്‍ഡ് തൂങ്ങി- ആരോഗ്യദായിനി വൈദ്യശാല- ബോര്‍ഡിലുണ്ടായിരുന്ന പെരുമ്പടന്ന എന്ന സ്ഥലപ്പേര് കടലാസു വച്ചു മറച്ചിരുന്നു. ചെറായിയുടെ സാമൂഹിക ഘടനയില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. സമൂഹത്തില്‍ വെറുക്കപ്പെട്ടിരുന്നവര്‍ക്കു മാന്യതയും അംഗീകാരവും കിട്ടി. അവര്‍ പറയുന്നത് ശരിയാണെന്നും എല്ലാവരുടെയും നന്മയ്ക്കുവേണ്ടിയാണെന്നും എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നവര്‍ തിരിച്ചറിഞ്ഞു. കൊല്ലവര്‍ഷം 1092ല്‍ നടന്ന മിശ്രഭോജനം സമൂഹത്തില്‍ വമ്പിച്ച കോളിളക്കം ഉണ്ടാക്കിയെങ്കിലും നാരായണ ഗുരുവിന്റെ പിന്തുണയും പ്രോത്സാഹനവും സഹോദരന്‍ അയ്യപ്പന് വലിയ ആശ്വാസമായി. ‘ സഹോദര പ്രസ്ഥാന’ ത്തിന്റെ രൂപീകരണത്തിനും ഗുരുവിന്റെ പ്രേരണയുണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ മുഖപത്രമായി ‘ സഹോദരന്‍’ എന്ന പേരില്‍ തുടങ്ങിയ മാസികയിലൂടെ അയ്യപ്പന്റെ തൂലിക അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അരിഞ്ഞു തള്ളുന്ന പടവാളായി മാറി. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ജന്തുബലിയെയും പൂരപ്പാട്ടിനെയും സഹോദരന്‍ അയ്യപ്പന്‍ ശക്തമായി എതിര്‍തു. അയ്യപ്പന്റെ പ്രക്ഷോഭ ഫലമായി കൊച്ചി ഗവണ്‍മെന്റ് അത് നിരോധിച്ചു. ട്രേഡ് യൂണിയന്‍ രംഗത്തും അയ്യപ്പന്റെ പ്രവര്‍ത്തനം കടന്നു ചെന്നു. കാറല്‍മാക്‌സിനെ കുറിച്ചും ലെനിനെ കുറിച്ചും റഷ്യന്‍ വിപ്ലവത്തെ കുറിച്ചും അയ്യപ്പന്‍ തൊഴിലാളികള്‍ക്കു പരിചയപ്പെടുത്തി കൊടുത്തു. ഉത്തരവാദ ഭരണത്തിനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനും വേണ്ടി അയ്യപ്പന്‍ വാദിച്ചു. സര്‍ ഷണ്‍മുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് കൊച്ചി നിയമസഭയുടെ ഡെപ്യൂട്ടി പ്രസിഡന്റായും അയ്യപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു. റാവു ബഹാദൂര്‍ സ്ഥാനവും കൊച്ചി മഹാരാജാവില്‍ നിന്നു വീരശൃംഖലയും അയ്യപ്പനു ലഭിച്ചു. 1092 ഇടവം 23ന് സഭയുടെ യോഗസംഗതികൡ പ്രവേശിച്ചു കൂടെന്നു കരയോഗക്കാര്‍ക്ക് വിലക്കു നീട്ട് പുറപ്പെടുവിച്ച വി.വി. സഭ സഹോദരന്‍ അയ്യപ്പനെ ആദരപൂര്‍വം സ്വീകരിക്കാനൊരുങ്ങി. കൊല്ലവര്‍ഷം 1112-ല്‍ കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. ഈ തെരഞ്ഞെടുപ്പില്‍ സഹോദരന്‍ അയ്യപ്പന്‍ ഒരു സ്ഥാനാര്‍ഥിയായി. വൈപ്പിന്‍ കരയില്‍ ഞാറയ്ക്കല്‍, പള്ളിപ്പുറം എന്നീ നിയോജക മണ്ഡല ങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ പള്ളിപ്പുറത്താണ് അയ്യപ്പന്‍ മത്സരിച്ചത്. സഹോദരന്‍ അയ്യപ്പനെ കൂടാതെ കെ.കെ. രാമകൃഷ്ണന്‍ വക്കീല്‍, നമ്പാത്ത് ശിവരാമ മേനോന്‍, കണ്ണമ്പുഴ ജോസഫ് എന്നീ നാലു സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. അയ്യപ്പന്റെ ചിഹ്നം മഞ്ഞനിറവും രാമകൃഷ്ണന്‍ വക്കീലിന്റേത് ചുവപ്പു നിറവും നമ്പാത്ത് ശിവരാമ മേനോന്റേത് വയലറ്റും കണ്ണമ്പുഴയുടേത് പച്ച നിറവും ആിയരുന്നു. ഓരോരുത്തര്‍ക്ക് ഓരോ നിറം എന്നല്ലാതെ ബാലറ്റില്‍ ചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. മത്സരം ആവേശകരമായിരുന്നു. പ്രചാരണം ആകര്‍ഷമാക്കാന്‍ ഓരോ വിഭാഗവും കൊണ്ടു പിടിച്ചു ശ്രമിച്ചു. പാട്ടും നാടകവും കഥാപ്രസംഗവും എല്ലാം വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. ഐക്യമുന്നണിയുടെ പ്രചാരണ ഗാനം ഇങ്ങനെയായിരുന്നു.. ‘ഐക്യമുന്നണി .. ജനകീയ മുന്നണി… ഓ… ഓ…. ഓ…. വോട്ടു ചെയ്ക മുന്നണിക്കു നാം.. മുന്നണിക്കായ് നാം ഒരുങ്ങി നില്‍ക്കണം… പാവങ്ങളാകിയ നമ്മള്‍ പാഴിലാകാതെ ഒന്നായ് നിരന്നാല്‍ പാടെ തകര്‍ക്കാമിതെല്ലാം.. പരമാര്‍ത്ഥത്തില്‍ നമ്മള്‍ ജയിക്കും ഓ… ഓ… ഓ… വോട്ടു ചെയ്ക മുന്നണിക്കു നാം..’
ഐക്യമുന്നണി സ്ഥാനാര്‍ഥി കെ.കെ. രാമകൃഷ്ണന്‍ വക്കീല്‍ സര്‍വസമ്മതനായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഉദാര മനസ്‌കത നാട്ടില്‍ പ്രസിദ്ധമായിരുന്നു. കര്‍ണനെപ്പോലെ എന്തും ദാനം ചെയ്യുന്ന പ്രകൃതം. എന്നാല്‍ ഈ ഉദാര മനസ്‌കതയെ പലരും ചൂഷണം ചെയ്തിരുന്നു. ബോട്ടു ജെട്ടിയില്‍ രാമകൃഷ്ണന്‍ വക്കീല്‍ എത്തിയാല്‍ പലരും അദ്ദേഹത്തിന്റെ അടുത്തു കൂടും.. പോര്‍ട്ടര്‍ കുഞ്ഞാണ്ടിച്ചേട്ടന്‍ അതില്‍ ഒരാളായിരുന്നു. ഒരു ദിവസം രാമകൃഷ്ണന്‍ വക്കീല്‍ ബോട്ടു ജെട്ടിയില്‍ വന്നിറങ്ങിയപ്പോള്‍ കുഞ്ഞാണ്ടിച്ചേട്ടന്‍ ഒരു ചുമടേന്തി നില്‍ക്കുകയായിരുന്നു.. അത് യക്ഷിത്തറ ഭാഗത്ത് എത്തിച്ചു കൊടുത്താല്‍ എട്ടണ കിട്ടും. രാമകൃഷ്ണന്‍ വക്കീലിനെ കണ്ടതോടെ കുഞ്ഞാണ്ടിച്ചേട്ടന്‍ ചുമട് താഴെയിറക്കി. അത് മറ്റൊരൂ ചുമട്ടുകാരനെ ഏല്‍പ്പിച്ചു കൊടുത്തു. ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള രണ്ടു ചുമട്ടുകാരാണ് ബോട്ടുജെട്ടിയില്‍ ഉണ്ടായിരുന്നത്- കുഞ്ഞാണ്ടിയും വേലാണ്ടിയും. അവരെ കൂടാതെ മറ്റു ചിലരും ചുമടെടുക്കാന്‍ നില്‍പ്പുണ്ട്. അവര്‍ക്കു പോര്‍ട്ടര്‍ ലൈസന്‍സില്ല. അവര്‍ ചുമടെടുത്താല്‍ കിട്ടുന്നതിന്റെ ഒരു പങ്ക് കുഞ്ഞണ്ടിക്കും വേലാണ്ടിക്കും നല്‍കണം. കുഞ്ഞാണ്ടി തല ചൊറിഞ്ഞു രാമകൃഷ്ണന്‍ വക്കീലിന്റെ അടുത്തു നിന്നു. രാമകൃഷ്ണന്‍ വക്കീല്‍ പതിവു പോലെ ഒരു രൂപ നാണയം കുഞ്ഞാണ്ടിക്കു കൊടുത്തു. എന്നിട്ടും കുഞ്ഞാണ്ടി പുറകില്‍ നിന്നു മാറിയില്ല. ‘ എന്താ കുഞ്ഞാണ്ടീ..?’ ‘ഓണം അടുത്തു വരികയാണ് ഇടാന്‍ ഒരു കുപ്പായമില്ല’ ‘ ഊം .. എന്റെ കൂടെ വാ..’ കുഞ്ഞാണ്ടി രാമകൃഷ്ണന്‍ വക്കീലിന്റെ പുറകെ നടന്നു. ഗൗരീശ്വര ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്താണ് അദ്ദേഹത്തിന്റെ വീട്. തൈക്കാടം പള്ളി ഇടവഴിയിലെത്തിയപ്പോള്‍ രാമകൃഷ്ണന്‍ വ്ക്കീല്‍ തന്റെ ബാഗ് കൂഞ്ഞാണ്ടിയുടെ കൈയില്‍ കൊടുത്തു. എന്നിട്ടു ധരിച്ചിരുന്ന കുപ്പായം ഊരി കുഞ്ഞാണ്ടിക്കു നല്‍കി. ‘ നീ വെറുതേ വീടുവരെ നടന്നു കഷ്ടപ്പെടേണ്ട. ഇത് എടുത്തോളൂ..’ ഇത്തരം ധാരാളം കഥകള്‍ രാമകൃഷ്ണന്‍ വക്കീലിനെക്കുറിച്ചു പറയാനുണ്ട്. ഈ കഥകള്‍ രാമകൃഷ്ണന്‍ വക്കീലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പ്രയോജനപ്പെട്ടു. പ്രാചാരണം ചൂടു പിടിച്ചപ്പോള്‍ രാമകൃഷ്ണന്‍ വക്കീലിന് മുന്‍തൂക്കം കിട്ടി. പ്രാജാമണ്ഡലം സ്ഥാനാര്‍ഥിയായ സഹോദരന്‍ അയ്യപ്പനും വേണ്ടി പ്രസംഗിക്കാന്‍ ഇറങ്ങിയവരില്‍ പ്രമുഖനായിരുന്നു നാരായണന്‍. ജാതി വ്യവസ്ഥ മനുഷ്യരാശിയുടെ പുരോഗതിയെ എത്രത്തോളം തടസപ്പെടുത്തുന്നുണ്ടെന്നു നാരായണന്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചു. സഹോദരന്‍ ്അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്ന പന്തിഭോജനവും അതില്‍ പങ്കെടുത്തവര്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും വിവരിച്ചപ്പോള്‍ സഹോദരനോട് കടുത്ത അമര്‍ഷമുണ്ടായിരുന്നവര്‍ക്കു പോലും മനഃചാഞ്ചല്യം ഉണ്ടായി. പന്തിഭോജനത്തില്‍ പങ്കെടുത്ത മുനമ്പത്തുകാരന്‍ അയ്യരും മകന്‍ കണ്ണനും പ്രചാരണ വേദികളില്‍ സാന്നിധ്യം കൊണ്ട് ശ്രദ്ധേയരായി. കാക്കനാട് അച്യുതന്‍ കൊച്ചിറ്റി, പെരുമന മാമന്‍ മകന്‍ കോരു, പരയാറ്റുപടി ചീരുണ്ണി മകന്‍ അച്യുതന്‍, എ.സി. കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പന്തിഭോജനത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലും സഹോദരന്റെ സഹചാരികളായിരുന്നു. അവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിനു ചൂടു പിടിപ്പിച്ചു. ഐക്യ മുന്നണിയുടെ പ്രചാരണ ഗാനത്തിനു ബദലായി സഹോദരന്‍ അയ്യപ്പന്‍ ഒരു പാട്ടെഴുതി. ‘ നിങ്ങള്‍ തന്‍ വിശ്വങ്ങളില്‍ ജയിക്കും മതിയായ മംഗള മഹാശക്തി ഉറങ്ങിക്കിടക്കുന്നു ഉണര്‍ന്നു സജ്ജരായി മുന്നോട്ടു കുതിക്കുവിന്‍ തകര്‍ന്നു തരിപ്പണമാകട്ടേ തടസങ്ങള്‍’ ഈ ഗാനം തെരഞ്ഞെടുപ്പു വേദികളില്‍ ആവേശത്തിന്റെ കടലല സൃഷ്ടിച്ചു. ഓരോ ചുണ്ടുകളിലും പാട്ടിലെ വരികള്‍ തത്തിക്കളിച്ചു. ഒടുവില്‍ തെരഞ്ഞെടുപ്പു ദിവസം വന്നെത്തി. പോളിംഗ് ബൂ്ത്തില്‍ ഉദ്യോഗസ്ഥന്‍മാരുടെ മധ്യത്തിലായി ബാലറ്റു പെട്ടിവച്ചു. ബാലറ്റു പെട്ടികള്‍ നാലു നിറത്തിലായിരുന്നു. ബാലറ്റ് പേപ്പറില്‍ പെന്‍സില്‍ കൊണ്ടു രേഖപ്പെടുത്തി പെട്ടിയില്‍ നിക്ഷേപിക്കണം. കരമടയ്ക്കുന്നവര്‍ മാത്രമായിരുന്നു വോട്ടര്‍മാര്‍. തെരഞ്ഞെടുപ്പിനു വീറും വാശിയും ഉണ്ടായിരുന്നെങ്കിലും ഒരിടത്തും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല. ഫലപ്രഖ്യാപനം വന്നപ്പോള്‍ സഹോദരന്‍ അയ്യപ്പന്‍ തൊട്ടടുത്ത എതിര്‍ സ ്ഥാനാര്‍ഥി കെ.കെ. രാമകൃഷ്ണന്‍ വക്കീലിനേക്കാള്‍ 156 വോട്ടുകള്‍ അധികം നേടി വിജയിച്ചു. അയ്യപ്പന്റെ വിജയം സഹോദര പ്രസ്ഥാനത്തിന്റെ വിജയമായി എല്ലാവരും കണ്ടു. അവര്‍ അയ്യപ്പനെ ആവേശപൂര്‍വം എഴുന്നെള്ളിച്ചു കൊണ്ടുനടന്നു. മന്ത്രിസഭാ രൂപീകരണം നടന്നു. സഹോദരന്‍ അയ്യപ്പന്‍ പൊതുമരാമത്തു മന്ത്രിയായി. എറണാകുളം നഗരത്തിന്റെ വികസനം മുന്‍നിര്‍ത്തി 70 ഫീറ്റ് റോഡ് നിര്‍മിച്ചു. ആ റോഡിന്റെ വീതിയെകുറിച്ചു വിമര്‍ശനമുണ്ടായി. സഹോദരന്‍ പറഞ്ഞു: ‘ കൊച്ചു കൊച്ചി എന്നും കൊച്ചായിരിക്കില്ല. വിമര്‍ശിക്കുന്നവരോട് ഇപ്പോള്‍ പറഞ്ഞാല്‍ അതു മനസിലാകില്ല’ വൈപ്പിന്‍കരയെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ചുള്ള നിര്‍ദേശവും സഹോദരന്‍ മുന്നോട്ടുവച്ചു. ‘കടലില്‍ പാലം കെട്ടണോ..?’ എന്നു ചോദിച്ചു കൊണ്ട് പലരും അതിനെ എതിര്‍ത്തു- ആ എതിര്‍പ്പില്‍ വൈപ്പിന്‍ കരയുടെ സ്വപ്‌നം സഫലമാകാതെ നീണ്ടു പോയി.
Generated from archived content: kanni19.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍- അധ്യായം ഇരുപത്തിയൊന്ന്