This post is part of the series കണ്ണികള്‍
Other posts in this series:
ഭര്‍ത്തൃവീട്ടില്‍ സുഭദ്രയുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരുന്നു. പുറമെ കേട്ടിരുന്ന തറവാട്ടു മഹിമയോ പ്രൌഡിയോ അവള്‍ക്ക് അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാരണവരായ ചിരുകണ്ടന്റെ ധൂര്‍ത്തും വിഷലമ്പടത്തവും കൊണ്ട് ധനശേഷി നഷ്ടപ്പെട്ട് നിത്യവൃത്തിക്കു പോലും കഷ്ടപ്പെടുന്ന ദൈന്യ ചിത്രമാണ് അവള്‍ക്കവിടെ ദര്‍ശിക്കാന്‍ കഴിഞ്ഞത്.
കോന്നന്‍ കുട്ടിയുടെ അച്ഛന്‍ ചിരുകണ്ടന്‍ ഒരു നാട്ടുപ്രമാണിയായിരുന്നു. കൈക്കരുത്തും പണക്കരുത്തും കൊണ്ട് അയാള് നാട് അടക്കി വാണു. രണ്ട് ഭാര്യമാരുണ്ട് സരസമ്മയും മഹേശ്വരിയും. രണ്ടിലുമായി പന്ത്രണ്ട് മക്കളും എല്ലാറ്റിനും കൂടി. പിന്നെ വിവിധ സ്ഥലങ്ങളിലായി മൂന്നു ചെറുമിക്കിടാങ്ങളും എല്ലാറ്റിലും കൂടി ഇരുപത്തഞ്ചു മക്കള്‍. കൊയ്തുകേറുന്ന നെല്ലും പറമ്പിലെ നാളികേരവുമെല്ലാം പങ്കിട്ടു പോകും. ഇപ്പോഴത്തെ അവസ്ഥ നിത്യവൃത്തിക്ക് ബുദ്ധിമുട്ടുള്ള തരത്തിലാണ്.
സരസമ്മയും അവരിലുള്ള മക്കളും അടിമകളേപ്പോളെയാണ് കഴിഞ്ഞു വന്നിരുന്നത്. അതില്‍ മൂത്തവനായിരുന്നു കോന്നന്‍ കുട്ടി. പണിയെടുത്തു കിട്ടുന്ന പണം മുഴുവന്‍ അണ പൈ കണക്കു തീര്‍ത്ത് അച്ഛനെ ഏല്‍പ്പിക്കണം . ഒരു ചെറു ചായയ്ക്കുള്ള പണം പോലും കോന്നന്‍ കുട്ടി എടുക്കാറില്ല. ബസ്സില്‍ മുടങ്ങാതെ ജോലിക്കു കയറും. അതില്‍ നിന്ന് ചായയും ചാരായവും വരെ കിട്ടുന്നതുകൊണ്ട് ശമ്പളമായി കിട്ടുന്ന പണം വീട്ടിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു.
മഹേശ്വരിയ്ക്കാണ് കുടുംബഭരണം. അവര്‍ക്കു മാത്രമേ വീടിന്റെ പൂമുഖത്തു ചെല്ലാന്‍ അധികാരമുള്ളു. മറ്റെല്ലാവരും വീടിന്റെ പുറകുവശത്തോ അടുക്കളയിലോ കഴിഞ്ഞു കൊള്ളണം. കാരണവരായ ചിരുകണ്ടനോട് ആരും എതിര്‍ത്തുപറയരുത്. അദ്ദേഹം പറഞ്ഞാല്‍ മറ്റെല്ലാവരും അനുസരിച്ചുകൊള്ളണം. ചിരുകണ്ടന് പാരമ്പര്യമായി കിട്ടിയ ഒരു ഓട്ടുകമ്പനി ഉണ്ടായിരുന്നു. അവിടെ ഉണ്ടാക്കിയിരുന്ന “ ലോട്ടസ്’ എന്നു പേരുള്ള മേച്ചിലോടുകള്‍ക്ക് നല്ല വിപണി കിട്ടിയിരുന്നു. ഇരുപത്തിയഞ്ചു ജോലിക്കാരുണ്ടായിരുന്നു രാമനാണ് മാനേജര്‍.
ചെറുപ്പത്തിലേ തമിഴ്നാട്ടില്‍ നിന്നെത്തിയ ഒരു അനാഥനായിരുന്നു രാമന്‍. ആദ്യം ചിരുകണ്ടന്റെ കൂടെ ചില്ല റ പണികള്‍ക്കായി നിന്നു. ചിരുകണ്ടന്റെ ഏതുകാര്യങ്ങള്‍ക്കും രാമന്‍ നിഴലുപോലെ ഒപ്പം നിന്നു. പാടത്തും ഓട്ടു കമ്പനിയിലും തെങ്ങുകയറ്റസ്ഥലത്തും രാമന്‍ ഒപ്പം പോകും. എന്തിന് രഹസ്യ ഭാര്യമാരുടെ അടുത്തു പോകുമ്പോഴും രാമനെ ഒഴിച്ചു നിര്‍ത്തിയില്ല. ചിരുകണ്ടന്‍ അകത്തു കയറുമ്പോള്‍ യജമാന സ്നേഹമുള്ള ഒരു നായയേപ്പോലെ രാമന്‍ പുറത്ത് കാവല്‍ നില്‍ക്കും.
രാമന്‍ വളര്‍ന്നു വലുതായപ്പോള്‍ ചിരുകണ്ടന്‍ ഓട്ടു കമ്പനിക്കു സമീപം ഒരു ചെറിയ വീടു വച്ചു കൊടുത്തു. പിന്നെ നല്ല വെളുത്തു സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കല്യാണവും കഴിച്ചുകൊടുത്തു.
രാമന്റെയും മാധവിയുടേയും ആദ്യരാത്രിയായിരുന്നു . അവര്‍ സ്നേഹത്തിന്റെ ശില്‍പ്പ ഗോപുരങ്ങള്‍ പടുത്തുയര്‍ത്തുമ്പോഴാണ് പുറത്തു നിന്ന് ഒരു വിളി.
‘’ രാമാ…’‘
തട്ടിക കൊണ്ടു നിര്‍മ്മിച്ച വാതില്‍ തുറന്ന് രാമന്‍ പുറത്തു വന്നു നോല്‍ക്കിയപ്പോള്‍ ചിരുകണ്ടന്‍ നില്‍ക്കുന്നു !
‘’ എന്താ മുതലാളി… വാ കയറിയിരിക്ക്’‘
രാമന്‍ മുതലാളിയെ അകത്തേയ്ക്കു വിളിച്ചു ഒരു സ്റ്റൂള്‍ ഇരിക്കാനിട്ടു കൊടുത്തു. നിലത്തു വിരിച്ചിരുന്ന പായില്‍ നിന്നും മാധവി വേഗം എഴുന്നേറ്റു. അവളുടെ യവ്വനത്തിന്റെ സൗന്ദര്യ കുംഭങ്ങള്‍ വിജൃംഭിച്ചു നിന്നിരുന്നു . ഒരു നിമിഷം ചിരുകണ്ടന്റെ കണ്ണുകളില്‍ അവ ഉടക്കി. അവളുടെ പിന്‍ഭാഗത്തെ ഘനഗോളങ്ങളുടെ ചലനവും അയാളെ മത്തു പിടിപ്പിച്ചു.
‘’ ഞാന്‍ ഇതു തരാന്‍ വേണ്ടിയാ ഇങ്ങോട്ടു കയറിയത്.’‘
മുണ്ടിന്റെ മടിക്കുത്തില്‍ നിന്ന് ചിരുകണ്ടന്‍ ഒരു സ്വര്‍ണ്ണമാല എടുത്ത് മാധവിയുടെ നേര്‍ക്കു നീട്ടി. മാധവി ‘ എന്തു വേണം?’ എന്ന അര്‍ത്ഥത്തില്‍ രാമനെ നോക്കി . അയാള്‍ സമ്മതഭാവത്തില്‍ തലയാട്ടി. ഇല്ലെങ്കിലും അവളതു വാങ്ങുമായിരുന്നു. സ്വര്‍ണ്ണം കണ്ടാല്‍ അലിയാത്ത പെണ്മനസ്സുണ്ടോ? മാല വാങ്ങി അവള്‍ മാറത്തു വച്ച് ഭംഗി നോക്കി.
‘’ വാ ഞാനത് ഇട്ടു തരാം’‘
‘’ വേണ്ട ഞാനിട്ടോളാം’‘
അവള്‍ മന്ദസ്മിതത്തോടെ നിരസിച്ചു. അപ്പോള്‍ രാമന്‍ പറഞ്ഞു.
‘’ മുതലാളി ഇട്ടു തരും’‘
മാധവി എതിര്‍പ്പൊന്നും പറഞ്ഞില്ല. ഭര്‍ത്താവിന് എതിര്‍പ്പില്ലെങ്കില്‍ പിന്നെ തനിക്കെന്ത് എതിര്‍പ്പ്?
ചിരുകണ്ടന്‍ മാല അവളുടെ കഴുത്തിലിട്ടു. പിന്നെ മാറില്‍ തൂങ്ങി കിടന്നിരുന്ന മാലയുടെ അറ്റം കയ്യിലെടുത്ത് അല്‍പ്പ നേരം ഭംഗി നോക്കി . അപ്പോഴെല്ലാം അയാളുടെ കൈ മാധവിയുടെ മാറിലെ നിംന്നോന്നതങ്ങളില്‍ തന്നെ ഇരുന്നിരുന്നു.
മാധവിക്ക് എതിര്‍പ്പില്ലെന്നു കണ്ടപ്പോള്‍ ചിരുകണ്ടന് പ്രോത്സാഹനമായി.
അയാള്‍ രാമനെ നോക്കി ചോദിച്ചു.
‘’ രാമാ ഇവിടെ കുടിക്കാന്‍ വെള്ളമിരുപ്പുണ്ടോ?’‘
‘ വെള്ളം’ എന്നാല്‍ കല്ലുകുപ്പിയില്‍ നിറച്ച സോഡയാണ് മുതലാളി ചോദിക്കുന്നത്. എവിടെ ചെന്നാലും മുതലാളിയ്ക്ക് കാപ്പിയോ ചായയോ വേണ്ട. എത്ര തണുപ്പായാലും മഴയായാലും വെയിലായാലും സോഡ മതി.
മുതലാളി സോഡ ചോദിച്ചാല്‍ കൊടുക്കാതിരിക്കുന്നത് എങ്ങിനെ? വിവാഹദിനത്തിന് മുതലാളി സമ്മാനവുമായി വന്നതാണ്. തന്റെ ഇന്നത്തെ ഉയര്‍ച്ചയ്ക്കു മുഴുവന്‍ കാരണക്കാരന്‍ മുതലാളിയാണ്. കേവലം ഒരു പശുവിന്റേയോ പട്ടിയുടേയോ പോലുള്ളതാണ് തന്റെ ജന്മം. എന്നിട്ടും മുതലാളി തന്നെ സ്നേഹപൂര്‍വ്വം പരിഗണിക്കുന്നു. തനിക്കു സ്വന്തമായി വീടു വച്ചു തന്നു. സുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിച്ചു തന്നു.
എവിടെ നിന്നായാലും താന്‍ സോഡ കൊണ്ടു വരും. വര്‍ക്കി മാപ്പിളയെ വിളിച്ചുണര്‍ത്താം ഇല്ലെങ്കില്‍ കൊച്ചാപ്പിയുണ്ട്.
‘’ മുതലാളി സോഡ ഞാനിപ്പ കൊണ്ടു വരാം ഇവിടെ മേടിച്ചു വയ്ക്കാന്‍ മറന്നു പോയി’‘
ധൃതി പിടിച്ച് രാമന്‍ വെളിയിലേക്കിറങ്ങിയപ്പോള്‍ മാധവി പറഞ്ഞു.
‘’ ഒരു ചൂട്ടു കത്തിച്ചു പോ…’‘
രാമന്‍ അതു കേട്ടില്ല. ഓടിയതു പോലെയായിരുന്നു അയാളുടെ പോക്ക്. അല്‍പ്പം നടന്നതേയുള്ളു പാടമായി പാടത്ത് വരമ്പിന് വീതി നന്നേ കുറവായിരുന്നു.
‘ പടേ’ എന്ന ശബ്ദത്തോടെ രാമന്‍ ചെളിയിലേക്കു വീണു. എണീക്കാനുള്ള ഓരോ ശ്രമത്തിലും അയാള്‍ കൂടുല്‍ കുടുതല്‍ ചെളിയിലകപ്പെട്ടു . പിന്നെ ചെളിപ്പുറത്ത് അല്‍പ്പനേരം കിടന്നു അതിനു ശേഷം ഒരു ആഞ്ഞുപിടുത്തം നടത്തി ചെളിയില്‍ നിന്നും കയറി.
രാത്രി ഈ വേഷത്തില്‍ കച്ചവടക്കാരന്‍ വര്‍ക്കി മാപ്പിളയെ എങ്ങിനെ വിളിച്ചുണര്‍ത്തും? വീട്ടില്‍ ചെന്ന് മേലു കഴുകി മറ്റൊരു മുണ്ടുടുത്തു പോകാം. അയാള്‍ വീട്ടിലേക്കു തിരിഞ്ഞു നടന്നു.
വീട്ടില്‍ വിളക്ക് കെടുത്തിയിരിക്കുന്നു. മുതലാളി പോയിട്ടുണ്ടാകുമോ?
രാമന്‍ പതുക്കെ വിളിച്ചു.
‘’ മാധവീ…മാധവീ…’‘
മാധവി മിണ്ടിയില്ല. രാമന്‍ വീണ്ടും വിളിച്ചു.
‘’ നീ ഒറക്കമായോ മാധവീ?’‘
മുതലാളിയാണ് വിളീ കേട്ടത്.
‘’ സോഡ കിട്ടിയോ രാമാ?’‘
‘’ ദാ ഇപ്പ കൊണ്ടു വരാം’‘
പിന്നെ രാമന്‍ ഒരു ഓട്ടമായിരുന്നു. ആ ഓട്ടത്തില്‍ രാമന്‍ പലയിടത്തും വീണു. പാടത്തിന്‍ കരയിലെ മാവിന്‍ ചോട്ടിലെ കൊടിച്ചിപ്പട്ടികള്‍ കുരച്ചുകൊണ്ട് അയാളെ ഓടിച്ചിട്ടു.
ഓടിയോടി തളര്‍ന്നാണ് അയാള്‍ വര്‍ക്കിമാപ്പിളയുടെ വീട്ടു മുറ്റത്ത് എത്തിയത്. പരിക്ഷീണിതനായി അയാള്‍ വിളിച്ചു.
‘’ വര്‍ക്കി മാപ്പിളേ , വര്‍ക്കി മാപ്പിളേ….’‘
പട്ടികളുടെ കുരയ്ക്ക് രാമന്റെ വിളിയേക്കാള്‍ ശബ്ദമുണ്ടായിരുന്നു. അതുകൊണ്ട് വര്‍ക്കി മാപ്പിള രാമന്റെ വിളീ കേട്ടില്ല.
കുറച്ചു നേരം അങ്ങിനെ നിന്നശേഷം രാമന്‍ വര്‍ക്കിമാപ്പിളയുടെ വീടിന്റെ കതകില്‍ ആഞ്ഞൊരു ചവിട്ടു കൊടുത്തു. അപ്പോള്‍ വര്‍ക്കി മാപ്പിള ഞെട്ടി എണീറ്റു.
‘’ ആരെടാ അത് ?’‘
കയ്യിലൊരു ഉലക്കയുമായി വര്‍ക്കി മാപ്പിളയും വെട്ടു കത്തിയുമയി അയാളുടെ പെമ്പിളയും രാമന്റെ മുമ്പിലെത്തി. ചെളിയില്‍ കുളിച്ചു നില്‍ക്കുന്ന രാമനെ കണ്ട് ‘’ അയ്യോ ആന മറുത’‘ എന്നു നിലവിളിച്ചുകൊണ്ട് പെമ്പിള ബോധം കെട്ടു വീണു . വര്‍ക്കി മാപ്പിള വലിയൊരു നിലവിളിയോടെ അകത്തേക്ക് ഓടിക്കയറി വാതിലടച്ചു.
രാമന്‍ പിന്നെ പോയത് കൊച്ചാപ്പിയുടെ വീട്ടിലേക്ക് ആയിരുന്നു. ഒന്നു രണ്ടു നാഴിക ദൂരമുണ്ടായിരുന്നു. അവിടെ ചെന്ന് രാമന്‍ വിളിച്ചു ചോദിച്ചു.
‘’ കൊച്ചാപ്പിച്ചേട്ടനുണ്ടോ?‘’
അകത്തു നിന്ന് കൊച്ചാപ്പിയുടെ അന്വേഷണം.
‘’ ആരാ?’‘
‘’ഞാനാ’‘
‘’ ഞാനെന്നു പറഞ്ഞാലാരാ? കൊച്ചി രാജാവോ?’‘
‘’ അല്ല കൊച്ചാപ്പി ചേട്ടാ ഞാനാ രാമന്‍. ചിരുകണ്ടന്‍ മുതലാളീടെ…’‘
‘’ ഓ , എന്താ കാര്യം?’‘
‘’ ഒരു സോഡ വേണമായിരുന്നു’‘
‘’ ഈ മഴയത്ത് ആര്‍ക്കാടാ സോഡാ?’‘
‘’ മൊതലാളിക്കാ’‘
‘’ ഓ മൊതലാളിക്കാണോ? എന്നാ നീ നാളെ വാ’‘
‘’ അയ്യോ കൊച്ചാപ്പിച്ചേട്ട അങ്ങിനെ പറയല്ലേ അത്യാവശ്യമാ…’‘
‘’ അതിന് രാമാ ഇവിടെ സോഡ ഇരിപ്പില്ലല്ലോ’‘
‘’ കടേന്ന് എടുത്തു തന്നാ മതി’‘
‘’ മഴക്കാലമായതുകൊണ്ട് സോഡയ്ക്കു ചിലവില്ല ഞാന്‍ കടേല്‍ എടുത്തു വച്ചിട്ടില്ല ‘’
രാമന്‍ നിരാശനായി വീട്ടിലേക്കു മടങ്ങി.
അവന്‍ സങ്കടം കൊണ്ടു വിങ്ങിപ്പൊട്ടി. അവന്റെയുള്ളിലെ ദു:ഖം പോലെ കാലവര്‍ഷം ചൊരിഞ്ഞു മഴയത്തു തന്നെ അവന്‍ മുന്നോട്ടു നടന്നു. നടപ്പിനിടയില്‍ അവന്‍ പിറു പിറുത്തുകൊണ്ടിരുന്നു ‘’ സോഡ..’‘ വീട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ കോഴി കൂകി.
വീടിന്റെ തട്ടിക കെട്ടി വയ്ച്ചിട്ടില്ല. രാമന്‍ തട്ടിക മാറ്റി അകത്തേക്കു കയറി.
മുതലാളി പൊയ്ക്കഴിഞ്ഞിരിക്കുന്നു.
മാധവി നല്ല ഉറക്കത്തിലാണ്. അവളുടെ റൌക്ക ഊരി വച്ചിരിക്കുന്നു. സ്ഥാനം മാറിക്കിടന്ന തുണിക്കിടയില്‍ അവളുടെ തുട സ്വര്‍ണ്ണം പോലെ തിളങ്ങുന്നുണ്ടായിരുന്നു.
രാമന്‍ നിര്‍ന്നിമേഷനായി അവളെത്തന്നെ നോക്കിയിരുന്നു. അയാള്‍ക്കവളെ സ്പര്‍ശിക്കാന്‍ പേടി തോന്നി. ഈ വിലപിടിച്ച സ്വത്തിന്റെ അവകാശി താന്‍ തന്നെയോ ? അതോ വേറെ വല്ലവരുമാണോ ? തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച മുതലാണോ ഇത്?
മാധവി ഒന്നു തിരിഞ്ഞു കിടന്നു. പിന്നെ മെല്ലെ കണ്ണു തുറന്നു രാമനെ കണ്ട് അവള്‍ ഞെട്ടി ‘’ നിങ്ങളെപ്പ വന്നു?’‘
‘’ കൊറെ നേരമായി’‘
‘’ എന്നിട്ട് വിളിക്കാത്തതെന്തേ?’‘
അതിനയാള്‍ മറുപടി പറഞ്ഞില്ല. പകരം മറു ചോദ്യമെറിഞ്ഞു.
‘’ മൊതലാളി എവിടെ?’‘
‘’ ആവോ എനിക്കറിയില്ല’‘
രാമന്‍ പുറത്തിറങ്ങി നോക്കി. മുതലാളി അവിടെയെങ്ങാന്‍ നില്‍പ്പുണ്ടോ? ഉണ്ടേങ്കില്‍ ‘’ സോഡ കിട്ടിയില്ല’‘ എന്നു ക്ഷമാപണത്തോടെ പറയണം.
പക്ഷെ ചിരുകണ്ടന്‍ അപ്പോഴേക്കു പോയിരുന്നു.
അടുത്ത ദിവസവും ചിരുകണ്ടന്‍ രാമനെ തേടി വന്നു. ഇപ്രാവശ്യം മാധവിക്ക് ഒരു നല്ല കസവുമുണ്ടാണ് കൊടുത്തത്.
‘’ രാമാ…വെള്ളം…’‘ എന്നു പറഞ്ഞപ്പോള്‍ രാമന്‍ സോഡ വാങ്ങാന്‍ പോയി.
ചിരുകണ്ടന്‍ അവളുടെ വസ്ത്രം അഴിച്ചെടുത്ത് കസവു മുണ്ട് ഉടുപ്പിച്ചു. അതിനു ശേഷം അതും അഴിച്ചു മാറ്റി രണ്ടു പേരും കസവു മുണ്ട് കൊണ്ട് മൂടിപ്പുതച്ചു കിടന്നു.
രാമന്‍ താമസിച്ചിരുന്ന വീടും പുരയിടവും ചിരുകണ്ടന്‍ അവര്‍ക്ക് എഴുതിക്കൊടുത്തു. പിന്നെ വടക്കു മുറിയിലെ കണ്ടം മാധവിയുടെ പേര്‍ക്കായി. ഒടുവില്‍ ‘ ലോട്ടസ്’ ഓട്ടു കമ്പനിയും മാധവി നേടിയെടുത്തു. എല്ലാം തുലച്ചപ്പോഴും അതിനെ ചോദ്യം ചെയ്യാന്‍ ആ വീട്ടില്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. നിസ്സഹായത തളര്‍ത്തിക്കളഞ്ഞ മനസ്സുമായി ആ വീട്ടിലെ ഓരോരോ മുറികളിലായി അവര്‍ സ്വയം തടവുകാരായി കഴിഞ്ഞു.
ഉച്ചയ്ക്കു ശേഷം രായപ്പന്റെ വൈദ്യശാലയില്‍ ആരും ഉണ്ടാകാറില്ല. വൈകീട്ട് 4 മണിയായിരിക്കും രോഗികള്‍ എത്തുക. ഉച്ചസമയം നോക്കിയാണ് ഗിരിജ വൈദ്യശാലയില്‍ എത്തിയത്.
ഇപ്രാവശ്യം ഗിരിജ മക്കളെ കൊണ്ടു വന്നിരുന്നില്ല. വൈദ്യശാലയുടെ മുന്‍വശം അല്‍പ്പം തുറന്നിരുന്നുവെങ്കിലും അകത്ത് ആളനക്കം ഉണ്ടായില്ല.
ഗിരിജ പതുക്കെ വാതിലില്‍ മുട്ടി ചോദിച്ചു.
‘’ വൈദ്യരില്ലേ?’‘
അകത്തെ മുറിയുടെ കര്‍ട്ടന്‍ നീക്കി രായപ്പന്‍ നോക്കി.
‘’ ഗിരിജയോ അകത്തു വരു’‘
ഗിരിജ അകത്തേക്കു കയറി. ആ മുറി ഉച്ച നേരങ്ങളില്‍ രായപ്പന്‍ ഉറങ്ങാനുള്ളതാണ്.
‘’ എന്താ ഈ നേരത്ത്?’‘
‘’ എനിക്കു മതിയായി … ജീവിതം മതിയായി എന്തെല്ലാമാണു പറയുന്നതെന്നോ? നാണം കെട്ട മനുഷ്യന്‍. രണ്ടു മക്കളായി എന്നിട്ടും സംശയമാണ്. ഞാനിവിടെ വരുന്നത് അയ്യാള്‍ക്ക് പിടിക്കുന്നില്ല. ആളുകളുടെ മുമ്പില്‍ വച്ചു വേശ്യയെന്നാണ് അയാളെന്നെ വിളിക്കുന്നത്”
ഗിരിജ പൊട്ടിക്കരഞ്ഞു പോയി.
‘’ ഛെ കരയല്ലേ…’‘
രായപ്പന്‍ എണീറ്റു ചെന്ന് അവളുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു.
ഒരു കൊടുങ്കാറ്റിന്റെ വേഗതയില്‍ , ശക്തിയില്‍ ഗിരിജ പെട്ടന്നു തിരിഞ്ഞ് രായപ്പനെ കെട്ടിപ്പിടിച്ചു. പുറത്ത് ആരെല്ലാമോ ഉച്ചത്തില്‍ സംസാരിക്കുന്നു. രായപ്പന്‍ ഇറങ്ങി നോക്കി.
അവിടെ കുറച്ചു പേര്‍ കൂടി നിന്നിരുന്നു അവരുടെ മധ്യത്തിലായി ഗിരിജയുടെ ഭര്‍ത്താവ് രണ്ടു മക്കളേയും പിടിച്ചു നില്‍ക്കുന്നു.
അയാള്‍ ചോദിച്ചു.
‘’ എടോ വൈദ്യരേ താനിവിടെ എന്റെ ഭാര്യയുമായിട്ടു എന്തെടുക്കുകയാ?
‘’ കുഞ്ഞനന്താ’‘
രായപ്പന്‍ ദേഷ്യത്തില്‍ വിളിച്ചു.
‘’ ഇതൊരു വൈദ്യശാലയാ മര്യാദയ്ക്കു സംസാരിക്കണം. ഇവിടെ പല രോഗികളും വരും. അവരെ പരിശോധിക്കേണ്ട തായി വരും അതിനു വേണ്ടിയാ പരിശോധാ മുറിയില്‍ കയറ്റുന്നത് അതിനു തോന്ന്യവാസം പറയരുത്. ‘’
‘’ ഫൂ…എടോ താനിത് കൊറെ നാളായി നടത്തുന്നത് എനിക്കറിയാം. ഞാന്‍ കല്യാണം കഴിക്കുന്നതിനു മുമ്പ് ഇവള്‍ തന്റെ വെപ്പാട്ടി ആയിരുന്നില്ലേ ഈ കുഞ്ഞുങ്ങളുടെ മൊഖത്തേക്കു നോക്ക് ഒരെണ്ണത്തിനെങ്കിലും എന്റെ ഛായയുണ്ടോ? രണ്ടും തന്റെ മക്കളല്ലേടോ?’‘
കൂടി നിന്നിരുന്ന ജനങ്ങളൊക്കെകൂടി കൂവി വിളിച്ചു. അപ്പോള്‍ ഗിരിജ മുറിക്കകത്തു നിന്ന് ഇറങ്ങി വന്നു.
‘’ എടോ മനുഷ്യ … തനിക്കു നാണമുണോ? എന്തൊക്കെയാ വിളിച്ചു പറയണത്?’‘
‘’ എടീ…എടീ.. നീ പോടി .. നിന്റെ മൊഖം എനിക്കു കാണണ്ട. നീ പെഴച്ചവളാ. പൊയ്ക്കോ ഇവന്റെ കൂടെ’‘
അപ്പോഴും ജനങ്ങള്‍ കൂവി.
കുഞ്ഞനന്തന്‍ രണ്ടു മക്കളെയും ഗിരിജയുടെ മുമ്പിലേക്ക് തള്ളിയിട്ടു എന്നിട്ടു പറഞ്ഞു.
‘’ ദേ നിന്റെ മക്കള് നിന്റെം അവന്റെ മക്കള്‍ എനിക്കൊരു ബന്തോമില്ല . എല്ലാ ആളുകളേയും സാക്ഷി നിറുത്തി ഞാന്‍ പറയുകയാ ഞാന്‍ ഇവളുമായുള്ള എല്ലാ ബന്തവും അവസാനിപ്പിച്ചു. ഞാന്‍ പോകേണ്… ഞാന്‍ പോകേണ് , നാട്ടുകാരെ… ഞാന്‍ പോകേണ്….’‘
ജനത്തിന്റെ കൂവി വിളിയുടെ ഇടയില്‍ കൂടി അയാള്‍ നടന്നു നീങ്ങി.
ഗിരിജ കരഞ്ഞ് കരഞ്ഞ് കുഞ്ഞുങ്ങളെ മാറോടക്കിപ്പിടിച്ച് വൈദ്യശാലയ്ക്കു മുമ്പിലിരുന്നു. അല്‍പ്പനേരം കൂടി ചുറ്റിപ്പറ്റി നിന്ന ശേഷം ജനം പല വഴിയ്ക്കു പിരിഞ്ഞു പോയി.
Generated from archived content: kanni18.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ (ഭാഗം രണ്ട്)- അധ്യായം ഇരുപത്