കണ്ണികള്‍ – അധ്യായം പതിനേഴ്

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

നാ‍രായണനും മാളുവുമായുള്ള മിശ്രവിവാഹം കൊച്ചിയിലും തിരുവതാംകൂറിലും വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. മിശ്രവിവാഹത്തിന് അനുകൂലാഭിപ്രായമുള്ള ചെറുപ്പക്കാര്‍ കുറവായിരുന്നു. അവരില്‍ത്തന്നെ പലരും പല കാരണങ്ങള്‍കൊണ്ടും മിശ്രവിവാഹം ചെയ്യാന്‍ വിമുഖത കാണിച്ചു. അങ്ങിനെ വന്നപ്പോള്‍ മിശ്രവിവാഹത്തിന് എതിരായ ഒരു മനോഭാവം നാട്ടില്‍ പ്രബലമായി. നാരായണേട്ടനോട് അനുഭാവമുണ്ടായിരുന്ന പലരും അയാളെ കണ്ടാല്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങി.

നാരായണന്‍ അധികം പുറത്തേക്കിറങ്ങി നടക്കേണ്ടെന്ന് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു. ആ ഉപദേശം മാനിച്ചുകൊണ്ട് നാരായണന്‍ മാളുവിന്റെ വീട്ടു പരിസരത്തു തന്നെ കഴിച്ചു കൂട്ടി.

സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളായ ചെറുപ്പക്കാരുടെ വശത്ത് അല്‍പ്പം തളര്‍ച്ച വന്നപ്പോള്‍ മറുവശം കൂടുതല്‍ ശക്തമായി. അവര്‍ പുരോഗമനാശയക്കാരായ ചെറുപ്പക്കാരെ തെരഞ്ഞു പിടിച്ച് മര്‍ദ്ദിക്കാനും ഭീക്ഷണിപ്പെടുത്താനും തുടങ്ങി.

ശല്യം ഏറി വന്നപ്പോള്‍‍ ഇതിനെക്കുറിച്ച് ആലോചിക്കാന്‍ മാളുവിന്റെ വീട്ടില്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തു. തന്റേടമുള്ള നേതാക്കള്‍ പിന്‍ വലിഞ്ഞതാണ് കുഴപ്പങ്ങള്‍ക്ക് വഴിവച്ചതെന്ന് യോഗം വിലയിരുത്തി. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം നാരായണന്‍ ക്ഷേത്ര പരിസരത്തുകൂടി നടന്നു.

അവിടവിടെയായി ആളുകള്‍ നാരായണനെ നോക്കി നിന്നു. അവര്‍ അന്യോന്യം എന്തല്ലാമോ അടക്കം പറഞ്ഞു.

അപ്പോള്‍ ക്ഷേത്രത്തിന്റെ നടയിറങ്ങി വരുന്ന അയ്യപ്പന്‍കുട്ടിയേയും മക്കളെയും നാരായണന്‍ കണ്ടു. നാരായണന്റെ മനസ്സ് സഹോദരസ്നേഹം കൊണ്ടു നിറഞ്ഞു. നാരായണന്‍ ചിരിച്ചു കൊണ്ട് അയ്യപ്പന്‍ കുട്ടിയുടെ നേരെ നടന്നു.

പെട്ടന്നാണ് ചട്ടമ്പികളായ രണ്ടു പേര്‍ നാരായണനു നേരെ ചാടി വീണത്. ഓര്‍ക്കാപ്പുറത്തുള്ള ചവിട്ടേറ്റ് നാരായണന്‍ താഴേക്കു വീണു. രണ്ടു പേരും താഴെ വീണു കിടന്ന നാരായണനെ ചവുട്ടി. ആ പരിസരത്തുണ്ടായിരുന്ന മറ്റു ചിലരും കൂടി എത്തി നാരായണനെ മര്‍ദ്ദിക്കാന്‍ തുടങ്ങി.

സാവിത്രി കരഞ്ഞു കൊണ്ടു വിളിച്ചു.

‘’ വല്യച്ഛാ…’‘

കൗസല്യ അവളുടെ വായ പൊത്തിപ്പിടിച്ചു. അയ്യപ്പന്‍ കുട്ടിയുടെ കൈക്കു ബലമായി പിടിച്ചു കൊണ്ട് അവള്‍ പറഞ്ഞു.

‘’ ഇങ്ങോട്ട് നടക്ക് ‘’

അയ്യപ്പന്‍ കുട്ടി അനുസരണയോടെ കൗസല്യയുടെ പുറകെ പോയി. പോകുമ്പോള്‍ അയാള്‍ തിരിഞ്ഞു നോക്കി അപ്പോഴും ആളുകള്‍ സംഘം ചേര്‍ന്ന് നാരായണനെ മര്‍ദ്ദിക്കുകയായിരുന്നു.

തന്റെ കൂടെ അനുസരണയോടെ നടക്കുന്ന അയ്യപ്പന്‍കുട്ടിയെ കുറിച്ച് കൗസല്യയ്ക്ക് പുച്ഛം തോന്നി. ഇത് എന്തൊരു മനുഷ്യന്‍. ഇത്രയെല്ലാം ഉപകാരം ചെയ്ത കൂടപ്പിറപ്പിനെ മറ്റുള്ളവര്‍ തല്ലുന്നതു കണ്ടിട്ടും കണ്ണില്‍ ചോരയില്ലാതെ ഭാര്യയുടെ വാലില്‍ തൂങ്ങി പോന്നതു കണ്ടില്ലെ. ഇയാള്‍ക്ക് എന്ത് ആത്മാര്‍ത്ഥതയാണുള്ളത്?

താന്‍ ചെയ്തത് ഒരു ഭാര്യയുടെ കടമയാണ്. താന്‍ പിടിച്ചു വലിയ്ക്കുമ്പോള്‍ കൂടെ പോരുന്നതിനു പകരം ‘’ നീ വിട് എന്റെ ചേട്ടനെയാ ആളുകള്‍ തല്ലുന്നത് ‘’ എന്നു പറഞ്ഞു കൈവിടുവിച്ച് ഓടിച്ചെന്ന് ചേട്ടനെ തല്ലുന്നവരെ എതിര്‍ത്തിരുന്നെങ്കില്‍ രണ്ടു തല്ലു കിട്ടിയാലും അതായിരിക്കും തനിക്ക് അയ്യപ്പന്‍ കുട്ടിയോട് കൂടുതല്‍ മതിപ്പുണ്ടാക്കുക.

അല്‍പ്പം കഴിഞ്ഞപ്പോള്‍‍ വാടയ്ക്കകത്തു നിന്നും കരുത്തലയില്‍ നിന്നും ചില ചെറുപ്പക്കാര്‍ ഗൗരീശ്വരക്ഷേത്ര പരിസരത്തെത്തി. അവര്‍ നാരായണനെ മര്‍ദ്ദിച്ചുകൊണ്ടിരുന്ന ചട്ടമ്പികളെ നേരിട്ടു. തിരിച്ചടി ശക്തമായപ്പോള്‍‍ ചട്ടമ്പികള്‍ ഓടി.

ചെറുപ്പക്കാര്‍ മര്‍ദ്ദകരെ പരസ്യമായി വെല്ലുവിളിച്ചു. തങ്ങളില്‍ ആരെ തൊട്ടാലും തിരിച്ചടിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു.

നാരായണനെ വൈദ്യരെ കാണിക്കാനും മെച്ചപ്പെട്ട ചികിത്സ ചെയ്യിക്കാനും ചെറുപ്പക്കാന്‍ മുന്‍ കയ്യെടുത്തു. അവര്‍ മലബാറില്‍ നിന്ന് കളരിയഭ്യാസിയും മര്‍മ്മചികിത്സകനുമായ ഒരു ഗുരുക്കളെ വരുത്തി പിഴിച്ചിലും കിഴിയും തിരുമ്മലുമൊക്കെയായി 41 ദിവസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍‍ നാരായണന് നന്നായി തടി വച്ചു. നഷ്ടപ്പെട്ട ആരോഗ്യം വീണ്ടു കിട്ടി.

ഇതിനിടയില്‍ ചെറുപ്പക്കാര്‍ക്ക് കളരി മുറകള്‍ പഠിക്കണമെന്ന് മോഹമുദിച്ചു. ഗുരുക്കള്‍ക്ക് ദക്ഷിണ നല്‍കി കളരിയഭ്യാസവും തുടങ്ങി. ഇത്രയൊക്കെയായപ്പോള്‍‍ സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളായ ചെറുപ്പക്കാരോട് അകന്നു നിന്നിരുന്ന ചെറുപ്പക്കാര്‍ അടുത്തു കൂടുകയും കളരി പഠിക്കാനും മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും തുടങ്ങി.

കണ്ണുവിന്റെ മകള്‍ സുഭദ്രയ്ക്ക് ഒരു കല്യാണാലോചന വന്നു. ആലുവായിലെ പ്രസിദ്ധമായ ഒരു തറവാട്ടിലെ അംഗമായ കോന്നന്‍ കുട്ടിയാണ് ചെറുക്കന്‍. പറവൂര്‍ കുര്യാപ്പിള്ളി റൂട്ടിലോടുന്ന ‘ കൃഷ്ണ ‘ ബസ്സിലെ ഡ്രൈവറാണ്.

‘’ എന്റെ കണ്ണുച്ചേട്ടാ നിങ്ങടെ മോള്‍ക്ക് ഇനി ഇതിലും നല്ല ഒരു ബന്ധം വരാനില്ല. ചെറുക്കന്‍ ആരാണെന്നാ വെചാരം? നല്ല ഒന്നാന്തരം ഡൈവറാ. കാലത്തേ പറവൂരു സ്റ്റാന്‍ഡി ചെന്നാ കാണാം ബസ്സ് കറക്കിയോടിക്കുന്ന ആ പണി ഒന്നു കാണേണ്ടതു തന്ന്യാ. പത്തമ്പതു പേരു കയറിയ ബസ്സ് പാലത്തിന്റെ മോളീക്കൂടിയൊക്കെ ഓടിച്ചുകൊണ്ടു പോകണമെങ്കില്‍ എത്ര ദൈര്യം വേണം?’‘

ബ്രോക്കര്‍ വിശദീകരിച്ചതു കേട്ടപ്പോള്‍‍ കണ്ണുവിന്റെ മനസ്സ് ഇളകി.

‘’ ആദ്യം എനിക്ക് ചെറുക്കനെയൊന്നു കാണണം’‘

‘’ അതുമതി. നമുക്ക് ചെറുക്കനെ കണ്ടിട്ട് ആലോചന തുടങ്ങ്യാല്‍ മതി ‘’

കണ്ണു ഇഞ്ചക്കാടനേയും കൂട്ടിയാണ് ബ്രോക്കര്‍ക്കൊപ്പം ചെറുക്കനെ കാണാന്‍ പോയത്. ഇത്തരം‍ യാത്രകളില്‍ ഇഞ്ചക്കാടനായിരിക്കും കണ്ണുവിന്റെ കൂട്ടുകാരന്‍. കൂടെ നടക്കുന്ന ഒരു ആശ്രിതന്‍‍ എന്നു പറയുന്നതാവും ശരി. ആദ്യമായി തീവണ്ടി വന്നപ്പോള്‍‍ ഷൊര്‍ണ്ണൂരില്‍ പോയി തീവണ്ടി കാണാനും ഇഞ്ചക്കാടനായിരുന്നു കൂട്ട് . വളരെ സാഹസപ്പെട്ടുള്ള യാത്രയായിരുന്നു. നടന്നും ബസ്സിലും വഞ്ചിയിലും കാളവണ്ടിയിലും ഒക്കെയായിരുന്നു യാത്ര. ആദ്യമായി തീവണ്ടി കണ്ടപ്പോഴുള്ള അത്ഭുതം ഇപ്പോഴും നിലനില്‍ക്കുന്നു.

പറവൂര്‍ മുനിസിപ്പാലിറ്റിയുടെ അതിര്‍ത്തില്‍ എത്തിയപ്പോള്‍‍ ആദ്യം കണ്ട കാഴ്ച കണ്ണുവിന് അറപ്പും വെറുപ്പും ഉളവാക്കി. ഒരു തോട്ടി മലപ്പാട്ടയുടെ മൂടി തുറന്ന് ബക്കറ്റിലുള്ള മലം പകര്‍ന്ന് ഒഴിക്കുന്നു. മലത്തിന്റെ ദുര്‍ഗന്ധം ചുറ്റും പരന്നപ്പോള്‍‍ കണ്ണു മൂക്കു പൊത്തി.

‘’ നീയൊരു കാര്യം ചെയ്യ് ഒരു റിക്ഷ വിളിക്ക് ഇല്ലെങ്കില്‍ ബസ്റ്റാന്‍ഡു വരെ ഈ തീട്ടപ്പാട്ട കാണേണ്ടി വരും ‘’

‘’ശരിയാ നേരം വെളുത്തു വരുന്നതല്ലേയുള്ളു ഈ സമയത്താ തോട്ടികള്‍ വീടുകളില്‍ നിന്ന് തീട്ടം മാറ്റുന്നത്’‘

ഇഞ്ചക്കാടന്‍ ഒരു റിക്ഷാവണ്ടി വിളിച്ചു.

കണ്ണു റിക്ഷയില്‍ കയറി വിസ്തരിച്ചിരുന്നു. ഇഞ്ചക്കാടനും റിക്ഷയില്‍ കയറാന്‍ പോയപ്പോള്‍‍ കണ്ണു പറഞ്ഞു.

‘’ നീയെന്തിനാ ഈ കുന്തത്തില്‍ കയറണെ ? നടക്കാന്‍ നിന്റെ കാലിനു കുഴപ്പമൊന്നുമില്ലല്ലോ’‘

‘’എന്നാലും…’‘

‘’ ഒരു എന്നാലും ഇല്ല. നീ വഴിയില്‍ മൂന്നാക്കാരന്‍ നില്‍ക്കുന്നുണ്ടോ എന്നു നോക്ക്’‘

അല്‍പ്പം ചെന്നപ്പോള്‍ ചായക്കടയുടെ മുമ്പില്‍ നില്‍ക്കുന്ന ബ്രോക്കറെ കണ്ടു. ബ്രോക്കറും അവര്‍ക്കൊപ്പം നടന്നു.

ബ്രോക്കര്‍ പറഞ്ഞു.

‘’ നമ്മുടെ നാട്ടില്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരുണ്ട്, ഡോക്കിട്ടര്‍മാരുണ്ട്, വക്കീലന്മാരുണ്ട്, പള്ളിക്കൂടം വാധ്യാരന്മാരുണ്ട് പക്ഷെ ഒരു ഡൈവറെ കാണാന്‍ പ്രയാസമാ. എന്താ കാര്യം ഡൈവര്‍ക്ക് നല്ല ദൈര്യം വേണം’‘

‘’ അതു ശരിയാ ‘’

ഇഞ്ചക്കാടന്‍ ഏറ്റു പറഞ്ഞു.

‘’ ഈ ഡൈവര്‍ക്ക് എന്തു ശമ്പളം കിട്ടും ?’‘

കണ്ണു ചോദിച്ചു.

‘’ ഒരു കുട്ടിച്ചാക്ക് നിറച്ച്”

‘’ കുട്ടിച്ചാക്കു നിറച്ചോ?’‘

‘’ അതെ ബസ്സില്‍ നാണയമായിട്ടാണല്ലോ കാശു കിട്ടുന്നത്. ബസ്സ് മുതലാളി ചാക്കിലാ ഓരോ ദിവസത്തേം വരുമാനം ഇട്ടു വയ്ക്കുന്നത്. മാസാവസാനം ഓരോ ദിവസത്തേം വരുമാനം ഇട്ടു വയ്ക്കുന്നത് മാസാവസാനം വരുമ്പ അതീന്ന് ഒരു ചാക്കെടുത്ത് കോന്നന്‍ കുട്ടിക്കു കൊടുക്കും’‘

അതു കേട്ടപ്പോള്‍ ഇനി ചെറുക്കനെ കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നു കണ്ണൂവിനു തോന്നി. പക്ഷെ ഇഞ്ചക്കാടന്‍ ഒരു ചിരി ചിരിച്ചു. ബ്രോക്കര്‍ ഇഞ്ചക്കാടനെ ‘’ ചതിക്കല്ലെ…’‘ എന്ന ഭാവത്തില്‍ നോക്കി എന്നിട്ട് കണ്ണുറുക്കി കാണിച്ചു.

ബസ്റ്റാന്‍ഡില്‍ നല്ല തിരക്കുണ്ടായിരുന്നു. കുര്യാപ്പിള്ളിയ്ക്കു പുറപ്പെടാനുള്ള ‘ കൃഷ്ണ’ ബസ് തയാറായി കിടപ്പുണ്ട് അകലെ മാറിനിന്നു കോന്നന്‍ കുട്ടിയെ ബ്രോക്കര്‍ കാണിച്ചു കൊടുത്തു.

ഒരു കള്ളിമുണ്ടും കാക്കി ഷര്‍ട്ടും അതിനു മുകളില്‍ കോണോടു കോണ്‍ മടക്കി കഴുത്തില്‍ കെട്ടിയ ചുവന്ന തോര്‍ത്ത് ചെറുക്കനെ കണ്ടപ്പോള്‍ കണ്ണുവിന്റെ മനസ്സ് ‘’ അയ്യേ.,..’‘ എന്നു പറഞ്ഞു പോയി. കണ്ണു ഓരോ കാര്യങ്ങളും വിശദമായി പരിശോധിച്ചു. എല്ലിച്ച ശരീരം. ആനക്കറുപ്പു നിറം. കണ്ണെഴുതിയിട്ടുണ്ട്. തേളിന്റെ ആകൃതിയിലുള്ള മേല്‍ മീശ ആകപ്പാടെ ഒരു കോമാളി വേഷം.

‘’ നമുക്കു പോകാം’‘

കണ്ണു പറഞ്ഞു.

‘’ വരട്ടെ ചെറുക്കന്‍ വണ്ടി ഓടിക്കുന്നതു കൂടി കണ്ടിട്ടു പോകാം’‘

‘’ എന്തിനാ കാണുന്നേ? കണ്ടതു മതി ‘’

‘’ എന്റെ കണ്ണുച്ചേട്ടാ ഈ നീലാണ്ടന്‍ ഒരു കാര്യം കൊണ്ടുവന്നാ അതില്‍ ഗുണമുള്ള എന്തെങ്കിലും കാണും. ഒരു ചാക്കാ ശമ്പളം .. അതോര്‍മ്മ വേണം’‘

കാലുകളില്‍ ചാക്കിന്റെ ചരടുകള്‍ ബന്ധനമുണ്ടാക്കിയ പോലെ കണ്ണു നിന്നു . തിരക്കുള്ള ബസ്റ്റാന്റില്‍ കോന്നന്‍ കുട്ടിയെ മാത്രം‍ കണ്ണു കണ്ടു കൊണ്ടിരുന്നു.

ബസ്സിനു പോകാന്‍ സമയമായി.

ബസ്സിലെ ജീവനക്കാര്‍ ബസ്സിനകത്തു നിന്ന് ഒരു ഇരുമ്പുകോല്‍ എടുത്തുകൊണ്ടു വന്നു. അതിന്റെ ഒരു വശം താഴേക്ക് മടക്കി മുന്‍പോട്ട് തള്ളിനിന്നിരുന്നു. ബസ്സിന്റെ മുന്‍ വശത്തേക്ക് തള്ളി നിന്നിരുന്ന ഭാഗത്തെ ഒരു ദ്വാരത്തില്‍ ഇരുമ്പു കോല്‍ കയറ്റി ജീവനക്കാര്‍ വട്ടം കറക്കി. അല്‍പ്പനേരത്തെ ശ്രമത്തിനു ശേഷം ‘’ ടര്ര്ര്…’‘ എന്ന ശബ്ദമുണ്ടാക്കിക്കൊണ്ട് ബസ്സ് സ്റ്റാര്‍ട്ടായി. പിന്നെ നിന്നു.

കോന്നന്‍ കുട്ടി ഒരു സര്‍ക്കസ്കാരന്റെ അഭ്യാസപാടവത്തോടെ വണ്ടിയിലേക്ക് ചാടിക്കയറി. ചക്രത്തിനരികിലുള്ള സീറ്റില്‍ ഇരുന്നു. എന്നിട്ട് താഴെനിന്ന് ഒരു കുപ്പിയെടുത്ത് വെള്ളം കുടിച്ചു. ആ സമയം അടുത്തു നിന്നിരുന്ന സ്ത്രീ യാത്രക്കാര്‍ മൂക്കു പൊത്തി.

കണ്ണു ചോദിച്ചു.

‘’ ചെറുക്കന്‍ ചാരായം കുടിക്കുമോ?’‘

‘’ ഏയ് .. എന്താ അങ്ങിനെ ചോദിച്ചത്?’‘

‘’ ങും……’‘ കണ്ണു ഒന്ന് ഇരുത്തി മൂളി.

വണ്ടി സ്റ്റാര്‍ട്ടാകാതെ വന്നപ്പോള്‍‍ ബസ് ജീവനക്കാരും യാത്രക്കാരും ഒക്കെക്കൂടി കുറച്ചു ദൂരം തള്ളി. അതോടെ വണ്ടി സ്റ്റാര്‍ട്ടായി.

ധാരാളം സ്ഥലമുണ്ടായിട്ടും കോന്നന്‍ കുട്ടി വണ്ടിയെടുത്തത് വെള്ളം കെട്ടി നില്‍ക്കുന്നതില്‍ കൂടിയായിരുന്നു. യാത്രകാരുടെ ദേഹത്ത് വെള്ളം തെറിച്ചു വീണു. കണ്ണുവിന്റെ വസ്ത്രത്തിലും ചെളിവെള്ളമായി .പക്ഷെ ആരും എതിര്‍ത്തില്ല. ആരും വണ്ടിക്കാരെ വെറുപ്പിക്കാറില്ലത്രെ!

ചെറുക്കനെ കണ്ടിട്ടുള്ള വിശേഷമറിയാന്‍ കൊച്ചുപെണ്ണിന് തിടുക്കമായി.

കണ്ണു ഒട്ടും തൃപ്തിയില്ലാത്ത മട്ടിലാണ് കാര്യങ്ങള്‍ പറഞ്ഞത്. പക്ഷെ ഒരു കുട്ടിച്ചാക്ക് ശമ്പളം എന്നു കേട്ടപ്പോള്‍‍ കൊച്ചുപെണ്ണിന്റെ മനസ്സതിലുടക്കി.

അങ്ങിനെ സുഭദ്രയുടെ കല്യാണം നടന്നു. കണ്ണുവിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്ന വിധത്തിലുള്ളതായിരുന്നു കല്യാണം. പത്തുപവന്റെ സ്വര്‍ണ്ണവും രണ്ടായിരം രൂപയും സ്ത്രീധനമായി കൊടുക്കേണ്ടി വന്നത് കഴിവിന്റെ പരിധിക്കുമപ്പുറമായിരുന്നു.

നണുക്കുട്ടന്റെ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ കണ്ണുവിന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും നഷ്ടമായിരുന്നു .വിവിധ തലങ്ങളില്‍ കൈക്കൂലി കൊടുക്കേണ്ടതായി വന്നു. ചികിത്സയ്ക്ക് നല്ലൊരു തുക ചിലവായി. പിന്നെ ധാരാളം അനാമത്തു ചെലവുകളും ഉണ്ടായി.

കച്ചവടം ദിവസം ചെല്ലുന്തോറും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ഈ നിലപോയാല് ‍ജീവിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടതായി വരും.

വിവാഹ ജീവിതത്തെക്കുറിച്ച് സുഭദ്രയ്ക്ക് വലിയ സങ്കല്‍പ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്ങിനെയും സ്വന്തം വീട്ടിലെ തടവറയില്‍ നിന്നും രക്ഷപ്പെടണമെന്നേ ഉണ്ടായിരുന്നുള്ളു. ഒരു പെണ്ണിനെ സംബന്ധിച്ചിടത്തോളം തന്റെ ഭര്‍ത്താവിന് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങളൊന്നും സുഭദ്രയ്ക്കുണ്ടായിരുന്നില്ല. ഒരു പെണ്ണിനും ഇഷ്ടപ്പെടാന്‍ കഴിയാത്ത ഒരു വാനര രൂപമായിരുന്നു കോന്നന്‍ കുട്ടിയുടേത്. എന്നിട്ടും സുഭദ്ര ക്ഷമിച്ചു.

കല്യാണദിവസം വൈകീട്ട് വീട്ടിലേക്ക് തിരിക്കുന്നതിനു മുമ്പ് രണ്ടു പേര്‍ വന്ന് വാക്കുതര്‍ക്കം ഉണ്ടാക്കിയത് സുഭദ്ര കേട്ടു. അവര്‍ക്ക് കൊടുക്കാനുള്ള പണം ഉടന്‍ കിട്ടണമത്രെ. പക്ഷെ സുഭദ്ര അതത്ര കാര്യഗൗരവമുള്ളതായി കണ്ടില്ല. ഇത്രയും പേരുകേട്ട ഒരു തറവാട്ടില്‍ ആളുകള്‍ പണം ചോദിച്ചു വരുന്നത് സ്വാഭാവികമായേ സുഭദ്ര കണ്ടതൊള്ളു.

എന്നാല്‍ വിരുന്നു കഴിഞ്ഞ് വീണ്ടും ഭര്‍ത്തൃ ഗൃഹത്തില്‍ എത്തിയപ്പോഴാണ് താന്‍ എത്ര വലിയ ഗര്‍ത്തത്തിലാണ് വീണു പോയതെന്ന് സുഭദ്ര മനസിലാക്കുന്നത്.

വീട്ടില്‍ കയറി ഏതാനും നാഴിക കഴിഞ്ഞപ്പോള്‍‍ അമ്മായിയച്ഛന്റെ ഗര്‍ജ്ജനം പോലുള്ള ഒച്ച കേട്ടു.

‘’ കോന്നന്‍ കുട്ടീ …ഇവിടെ വാ…..’‘

പേടിച്ചു വിറച്ച് ഒരു സ്കൂള്‍ കുട്ടിയേപ്പോലെ കോന്നന്‍ കുട്ടി അച്ഛന്റെയടുത്തേക്കു ചെല്ലുന്നത് സുഭദ്ര കണ്ടു.

‘’ എടാ നീ ഇവിടെയില്ലാത്തപ്പോ അശോകപുരത്തു നിന്നു ഹൈദ്രോസുകുട്ടി വന്നിരുന്നു. ഇനിയും അയാള്‍ക്ക് നില്‍ക്കാന്‍ വയ്യാത്രെ”.

കോന്നന്‍ കുട്ടി ഒരക്ഷരം മിണ്ടിയില്ല.

‘’ എന്താ നീ കേള്‍ക്കുന്നില്ലേ?”

‘’ ഉവ്വ്’‘

‘’ എന്നിട്ട് നീ മറുപടി പറഞ്ഞില്ല”

‘’ എന്തു പറയാന്‍?’‘

‘’ പറയാതെ പറ്റുമോ?’‘

‘’ അച്ഛന്‍ പറഞ്ഞോളൂ അതു പോലെ ചെയ്യാം’‘

‘ നമ്മുടെ കുടുംബത്തിനുണ്ടായ കടമാ വീട്ടാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.’‘

‘’ ങും…’‘

‘’ നിന്റെ ഭാര്യേടെ ആഭരണങ്ങള്‍ എത്ര കാണും?’‘

‘’ പത്തെന്നാ കേട്ടത്’‘

‘’ പകുതി പോലും ആവില്ല എങ്കിലും ഉള്ളത് എടുക്ക് ‘’

കോന്നന്‍ കുട്ടി അനുസരണയോടെ മുറിയിലേക്കു നടന്നു.

സുഭദ്ര എല്ലാം കേട്ടു നില്‍ക്കുകയായിരുന്നു. കോന്നന്‍ കുട്ടി അകത്തേക്കു ചെല്ലുമ്പോള്‍‍ അവള്‍ ആഭരണങ്ങള്‍ ഓരോന്നായി ഊരുകയായിരുന്നു.

താലിമാല ഊരാന്‍ തുടങ്ങിയപ്പോള്‍‍ കോന്നന്‍ കുട്ടി പറഞ്ഞു.

‘’ അത് ഊരണ്ട , മുക്കിന്റെയാ…’‘

സുഭദ്ര ഞെട്ടി. ഒരു താലിമാല പോലും സ്വന്തമായി വാങ്ങാന്‍ കഴിയാത്തയാളോ തന്റെ ഭര്‍ത്താവ്!

Generated from archived content: kanni17.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here