This post is part of the series കണ്ണികള്‍
Other posts in this series:
നാണുക്കുട്ടന് രജിസ്റ്റാഫീസില്‍ ബഹളമുണ്ടാക്കി.
തന്റെ 40 സെന്റ് ഭൂമി മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്ത് രജിസ്റ്റാഫീസിലെ അധികാരികളെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.
അമ്മായിയമ്മയുടെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞ് നാട്ടില്‍ എത്തിയപ്പോള്‍ നാരായണനില്‍ നിന്നാണ് നാണുക്കുട്ടന്‍ തിരിമറിയെക്കുറിച്ച് അറിഞ്ഞത്.
നാണുക്കുട്ടന്റെ പരാതിയിന്മേല്‍ രജിസ്റ്റാഫീസുകാര്‍ക്ക് അനുഭാവമുണ്ടായിരുന്നു. പരാതി ഒന്നുകില്‍ പോലീസ് സ്റ്റേഷനിലോ അല്ലെങ്കില്‍ കോടതിയിലോ ആണ് ഇനി ഉന്നയിക്കേണ്ടതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. പക്ഷെ നാണുക്കുട്ടന് ദേഷ്യവും സങ്കടവും കൊണ്ട് അവര്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.
ആദ്യമൊക്കെ നല്ലവാക്കു പറഞ്ഞ് നാണുക്കുട്ടനെ മടക്കിവിടാന്‍ രജിസ്ത്രാര്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല.
‘’ നിങ്ങള്‍ കള്ളന്മാരാണ് കൈക്കൂലി വാങ്ങിച്ചാ എന്റെ ഭൂമി അവര്‍ക്ക് എഴുതിക്കൊടുത്തത്’‘
‘ കള്ളന്‍മാര്‍’ എന്നു വിളിച്ചതോടെ ഉദ്യോഗഥന്മാര്‍ ഒന്നടങ്കം നാണുക്കുട്ടന് എതിരായി.
രജിസ്ത്രാര്‍ ചോദിച്ചു.
‘’ നിങ്ങളുടെ ആധാരം എങ്ങിനെ അയാളുടെ കയ്യില്‍ വന്നു?’‘
‘’ അത് ഞാന്‍ കൊടുത്തതാണ്’‘
‘’ വെറുതെ ആരെങ്കിലും ആധാരം കൊടുക്കുമോ? എന്തേ ഇത് ചക്കയോ മാങ്ങയോ ആണൊ?’‘
‘’ ഞാനത് മോള്‍ക്ക് കൊടുത്തതാ ഇഷ്ടദാനമായിട്ട്’‘
‘’ അതിന്റെ രേഖയെവിടെ?’
‘’ഇങ്ങിനെയൊക്കെ വരുമെന്നു കരുതിയില്ല’‘
‘’ ഇവിടെ വന്ന് ഒപ്പിട്ടുതന്നത് നിങ്ങളുടെ ഭാര്യയാണോ മറ്റു വല്ലവരുമാണൊ എന്ന് ഞങ്ങളെങ്ങിനെ അറിയും?’‘ അതിനും നാണുക്കുട്ടന് മറുപടിയുണ്ടായില്ല.
പണ്ട് ഭൂമി വെറുതെ കൊടുത്തിട്ടും വാങ്ങാത്ത അവസ്ഥയുണ്ടായിരുന്നു. വര്‍ഷത്തില്‍ പന്ത്രണ്ടു രൂപ കരമടയ്ക്കണം. അത് അന്ന് വലിയൊരു സംഖ്യയായിരുന്നു. കൊച്ചിരാജാവിന്റെ പ്രതിനിധികള്‍ ഒരിക്കല്‍ കോവിലകത്തും കടവില്‍ എത്തുകയും നാഗേന്ദ്രപൈ എന്നു പേരുള്ള സമീപവാസിയെ വിളിച്ചു വരുത്തി ഭൂമി കൊടുക്കുകയും ചെയ്ത കഥ നാണുക്കുട്ടന്‍ കേട്ടിട്ടുണ്ട്.
വളരെ നിര്‍ബന്ധിച്ചപ്പോള്‍ ഒരേക്കര്‍ ഭൂമി എടുക്കാമെന്ന് നാഗേന്ദ്ര പൈ സമ്മതിച്ചു. പക്ഷെ രാജകല്‍പ്പന 25 ഏക്കര്‍ എടുക്കണമെന്നായിരുന്നു. രാജകിങ്കരന്‍മാര്‍ പൈയുടെ തലയില്‍ എണ്ണയൊഴിച്ച് വെയിലത്തു നിറുത്തി. നാഗേന്ദ്ര പൈ വഴങ്ങിയില്ല. അവസാനം കുനിച്ചു നിറുത്തി മുതുകില്‍ ഭാരമുള്ള ഒരു കല്ല് വച്ചുകൊടുത്തു. അതോടെ 25 ഏക്കര്‍ ഭൂമിയും എടുക്കാമെന്ന് നാഗേന്ദ്ര പൈ സമ്മതിച്ചു. അതാണെത്രെ ഇന്നത്തെ കൊട്ടിയ്ക്കല്‍ ശ്മശാനം.
പക്ഷെ ഇന്നത്തെ അവസ്ഥ അതല്ല. ഭൂമിയ്ക്ക് നല്ല വിലയുണ്ട് അദ്ധ്വാനത്താന്‍ നേടിയ പണം കൊണ്ടാണ് ഭൂമി വാങ്ങിയത്. അത് കവര്‍ന്നെടുക്കാന്‍ ആരെയുമനുവദിക്കില്ല.
നാണുക്കുട്ടന്റെ ദേഷ്യം ഭ്രാന്തമായിത്തീര്‍ന്നു. മേശപ്പുറത്തു കിടന്ന റൂള്‍ത്തടി തട്ടിയെടുത്ത് അയാള്‍ രജിസ്ത്രാറെ അടിച്ചു. രജിസ്ത്രാര്‍ ഒഴിഞ്ഞു മാറി. പക്ഷെ അടികൊണ്ട് മഷിക്കുപ്പി തകര്‍ന്നു മഷി മുഴുവന്‍ രജിസ്റ്ററിലായി. മേശപ്പുറത്തിരുന്ന ആധാരങ്ങളിലും മഷി വീണു. എല്ലാവരും കൂടി നാണുക്കുട്ടനെ പിടികൂടി. പലരും അയാളെ തല്ലി. പോലീസിലേക്ക് ആളു പോയി.
കാര്യങ്ങള്‍ കൈവിട്ടു പോകുന്നതായി നാണുക്കുട്ടനും ബോധ്യമായി. തന്റെ ജീവിതത്തില്‍ ഇന്നുവരെ ആരുമായും വഴക്കിടേണ്ടി വന്നിട്ടില്ല. ഇത്രയും കോപവും പകയും തന്റെ മനസില്‍ ഒളിഞ്ഞു കിടന്നതില്‍ അയാള്‍ക്ക് അത്ഭുതം തോന്നി.
ഇനി രക്ഷപ്പെടണം ഇല്ലെങ്കില്‍ കുടുങ്ങിയതു തന്നെ. അതിനുള്ള പഴുതിനു വേണ്ടി മനസ് ഉഴറി. അപ്പോഴാണ് നാണുക്കുട്ടന് മൂത്രശങ്ക വന്നത്. രജിസ്ത്രാഫീസിന്റെ പടിഞ്ഞാറു വശം ഒരു മൂത്രപ്പുര കെട്ടിയിട്ടുണ്ട്. രണ്ടു പേര്‍ ചേര്‍ന്ന് നാണുക്കുട്ടനെ അവിടെ കൊണ്ടു ചെന്നാക്കി. നാണുക്കുട്ടന്‍ മൂത്രപ്പുരയിലേക്ക് കയറിയപ്പോള്‍ അവര്‍ കാവല്‍ നിന്നു.
അല്‍പ്പം വൈകിയിട്ടും നാണുക്കുട്ടനെ കാണാതായപ്പോള്‍ അവര്‍ കരുതി മര്‍ദ്ദനം ശരിക്ക് ഏറ്റതുകൊണ്ട് മൂത്രം പോകാന്‍ ബുദ്ദിമുട്ടുണ്ടാകും. അല്‍പ്പനേരം കൂടി കാത്തുകൊണ്ട് അവര്‍ അകത്തുകയറി നോക്കി. പക്ഷെ നാണുക്കുട്ടനെ കാണാനില്ല!
ഭൂമി തുരന്നു പോയോ? അവര്‍ അത്ഭുതപ്പെട്ടു.
നാണുക്കുട്ടന്‍ നേരെ പോയത് വൈക്കത്തേക്കായിരുന്നു. കുട്ടിശ്ശങ്കരന്‍ തലയില്‍ കൈവച്ചാണ് എല്ലാം കേട്ടത്. കാര്യങ്ങള്‍ വളരെ കടുത്തുപോയെന്ന് കുട്ടിശ്ശങ്കരന്‍ പറഞ്ഞു . ഇനി ഇതില്‍ നിന്നും രക്ഷപെടണമെങ്കില്‍ ഉയര്‍ന്ന തലത്തില്‍ ഉള്ളവരെക്കൊണ്ട് ശുപാര്‍ശ ചെയ്യിക്കണം. നല്ല പണചിലവുള്ള കാര്യമാണ്. പക്ഷെ പണം മുടക്കിയാലും കാര്യം നടക്കാന്‍ പ്രയാസം. സംഭവം നടന്നത് കൊച്ചിരാജ്യത്താണ്. കുട്ടിശ്ശങ്കരന്റെ താമസസ്ഥലമായ വൈക്കം തിരുവിതാം കൂര്‍ രാജ്യത്തുമാണ്. തമ്മില്‍ എങ്ങിനെ ബന്ധപ്പെടും?
കുട്ടിശ്ശങ്കരന്‍ എക്സൈസ് കമ്മിഷണറെകണ്ട് കാര്യം ഉണര്‍ത്തിച്ചു. തന്റെ കീഴ് ജീവനക്കാരന്റെ ആവലാതിക്കു മുന്‍പില്‍ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. അല്‍പ്പം പണച്ചിലവ് വരുമെന്ന് അദ്ദേഹം മുന്നറിയിപ്പുകൊടുത്തു.
അടുത്ത ദിവസം അദ്ദേഹം കൊച്ചിയിലെ പോലീസ് കമ്മീഷണര്‍ക്ക് ഒരു ഗംഭീര പാര്‍ട്ടി കൊടുത്തു. പാര്‍ട്ടിക്കിടയില്‍ എക്സൈസ് കമ്മീഷണറും കുട്ടിശ്ശങ്കരനും കൂടി നടന്ന സംഭവങ്ങള്‍ പോലീസ് കമ്മീഷണറെ ധരിപ്പിച്ചു.
‘’ എടോ നാണുക്കുട്ടാ താനള് ഭയങ്കരനാണല്ലോ എന്താ ചെയ്തു വച്ചിരിക്കുന്നതെന്ന് അറിയാമോ? രജിസ്ത്രാഫീസിലെ ലെഡ്ജറില്‍ മഷി വീഴ്ത്തി, ആധാരങ്ങള്‍ക്ക് കേടു വരുത്തി, ഉദ്യോഗസ്ഥന്മാരെ മര്‍ദ്ദിച്ചു. എത്ര വലിയ കേസ്സാണ് ഇതെന്ന് അറിയാമോ?”
നാണുക്കുട്ടന്‍ ദയനീയ ഭാവത്തില്‍ താണുതൊഴുതുകൊണ്ടു പറഞ്ഞു.
‘’ പൊറുക്കണം’‘
‘’ പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ ആളുകളെ ഞാന്‍ പറഞ്ഞു നിറുത്താം. പക്ഷെ രജിസ്ത്രാഫീസ് വേറെ ഡിപ്പാര്‍ട്ടുമെന്റാ. അവര്‍ കടും പിടുത്തം നടത്തിയാ കൊഴയും’‘
അടുത്ത ദിവസം രജിസ്ത്രാറെ കണ്ട് സംസാരിക്കുന്നതിന് കൊച്ചി സ്റ്റേറ്റ് കമ്മീഷണര്‍ ഒരു സബ് ഇന്‍സ്പക്ടെറെ ചുമതലപ്പെടുത്തി.
‘ നാണുക്കുട്ടന്‍ ‘ എന്നു കേട്ടപ്പോള്‍ തന്നെ രജിസ്ത്രാറുടെ മുഖം ഇരുണ്ടു. പക്ഷെ പോലീസായതുകൊണ്ട് എല്ലാവരും ആത്മസംയമനം പാലിച്ചു.
ഇന്‍സ്പെക്ടര്‍ പറഞ്ഞു.
‘’ നടന്ന കാര്യത്തില്‍ നാണുക്കുട്ടന് വിഷമമുണ്ട്. അതിനയാള്‍ പ്രായ്ശ്ചിതവും ചെയ്യാന്‍ തയ്യാറാണ്. ‘’
‘’ പക്ഷെ അതെങ്ങിനെ സാര്‍? ഇവിടെ നടന്ന കാര്യങ്ങള്‍ വല്ലതും സാറിനറിയാമോ? മുട്ടന്‍ വടികൊണ്ടാ എന്റെ തലയ്ക്കടിച്ചത്. ഞാന്‍ ഒഴിഞ്ഞുമാറിയതുകൊണ്ട് രക്ഷപ്പെട്ടു. ആ ലഡ്ജറില്‍ മുഴുവന്‍ മഷി വീണു. രജിസ്റ്റര്‍ ചെയ്യാന്‍ വെച്ച ആധാരങ്ങളിലും മഷി വീണു’‘
‘’ നാശം വന്ന ആധാരത്തിനുള്ള മുദ്രപത്രം മുഴുവന്‍ നമുക്ക് വേറെ മേടിക്കാം’‘
‘’ അതൊന്നും ശരിയാകില്ല സാറെ. അയാള്‍ ഇവിടെ ചെയ്തു കൂട്ടിയ കാര്യങ്ങല്‍ അത്രയ്ക്കുണ്ടായിരുന്നു’‘
‘’ അയാളുടെ 40 സെന്റ് ഭൂമി തട്ടിയെടുത്തപ്പോഴാണ് ഇങ്ങിനെ പെരുമാറിയത് എന്നോര്‍ക്കണം‘’
‘’ പക്ഷെ ഞങ്ങളതില്‍ തെറ്റുകാരല്ല. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ’‘
‘’ ഇല്ല കോടതിയില്‍ പോകുന്നില്ല. അയാളുടെ പരാതി ഞങ്ങളുടെ കൈയിലുണ്ട്. അതനുസരിച്ച് എനിക്ക് രജിസ്ത്രാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്‍മാരെ കസ്റ്റഡിയില്‍ എടുക്കേണ്ടി വരും. രജിസ്റ്റാറും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് ഗൂഢാലോചന നടത്തി 40 സെന്റ് തട്ടിയെടുത്തെന്നാണ് പരാതി. ഭൂമി തട്ടിയെടുക്കാന്‍ കള്ള സാക്ഷികളെയും ഉണ്ടാക്കി. ഒന്നാം പ്രതി കണ്ണു. രണ്ടാം പ്രതി രജിസ്ത്രാര്‍. മൂന്നാം പ്രതി കുഞ്ഞുപെണ്ണിനു വേണ്ടി തംബ് ഇമ്പ്രഷന്‍ വച്ച സ്ത്രീ. പിന്നെ കള്ള സാക്ഷികള്‍ നാണുക്കുട്ടനെ മര്‍ദ്ദിച്ച ഉദ്യോഗസ്ഥന്‍. കണ്ടറിയാവുന്ന നാട്ടുകാര്‍…’‘
‘’ സാര്‍…’‘
ഞെട്ടലോടെ രജിസ്ത്രാര്‍ എഴുന്നേറ്റു.
‘’വേണ്ട സാറെ സാറു പറയുന്ന പോലെ ചെയ്യാം’‘
‘’ അങ്ങിനെ നേരെ വാ. പിന്നെ ഒരു കാര്യം കൂടി ആധാരം തിരിമറി ചെയ്ത കണ്ണുവിനെ വെറുതെ വിടരുത്’‘
‘’ ശരി’‘
വൈക്കത്തു നിന്ന് കുട്ടിശ്ശങ്കരനൊപ്പമാണ് നാണുക്കുട്ടന്‍ വന്നത്. ഇത്രയെല്ലാം നടന്നിട്ടും നാണുക്കുട്ടന്‍ സ്വതന്ത്രനായി നടക്കുന്നതില്‍ കണ്ണുവിന് അമര്‍ഷം തോന്നി. നാണുക്കുട്ടന്‍ നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് പോലീസിനെ അറിയിക്കാന്‍ അയാള്‍ തീരുമാനിച്ചു.
അപ്പോഴാണ് കുട്ടിശ്ശങ്കരന്‍ വന്നത്. ഒന്നും അറിയാത്ത ഭാവത്തിലാണ് കുട്ടിശ്ശങ്കരന്‍ നിന്നത് . കൊച്ചുപെണ്ണ് ഒരു ചെറുചായയും രണ്ട് പാളയ കോടന്‍ പഴവും കൊണ്ടുവന്നു കൊടുത്തു. കുട്ടിശ്ശങ്കരന്‍ ചായ മാത്രം കുടിച്ചു.
കണ്ണു ചോദിച്ചു.
‘’ അളിയന്‍ ഇവിടെ നടന്ന പുകില്‍ ഒന്നും അറിഞ്ഞില്ലേ?’‘
‘’ എന്തു പുകില്‍?’‘
‘’ അല്ല നാണുക്കുട്ടന്‍ എന്തു പണിയാ കാണിച്ചത്? രജിസ്ത്രാറെ ആപ്പീസിച്ചെന്ന് സാധങ്ങളൊക്കെ നശിപ്പിച്ചു. ആധാരത്തില്‍ മഷി കോരിയൊഴിച്ചു. രജിസ്ത്രാറെ തല്ലി. നാട്ടുകാരെ തല്ലി. ഹമ്മമ്മോ എന്തു കോലാഹലം ആയിരുന്നെന്നോ?’‘
‘’ ഇത്രയൊക്കെ ഉണ്ടാക്കിയിട്ട് അളിയനെന്തു ചെയ്തു?’‘
‘’ ഞാനെന്തു ചെയ്യാന്‍?’‘
‘’ അളിയന്‍ കുഞ്ഞുപെണ്ണിന്റെ വീട്ടില്‍ പോയി അന്വേഷിച്ചോ?’‘
‘’ ഇല്ല’‘
‘’ എന്താ അന്വേഷിക്കാഞ്ഞത്?’‘
‘’ കയ്യിലിരിപ്പുമോശമായതു കൊണ്ടു സംഭവിച്ച കാര്യത്തിന് ഞാനെന്തിനാ അന്വേഷിക്കുന്നേ?’‘
‘’ അതുകൊള്ളാം അപ്പോ നമ്മുടെ ഒരു ബന്ധുവിന് എന്തെങ്കിലും സംഭവിച്ചാല്‍ അളിയന്‍ തിരിഞ്ഞു നോക്കില്ലല്ലോ?’‘
‘’ ഇത് എത്ര മോശമായിരുന്നെന്നോ? അയ്യോ അതുപറയാന്‍ എനിക്കു നാണമാവുന്നു. ആ നാണുക്കുട്ടന് തലയ്ക്ക് പിരാന്താ’‘
ഇത്രയെല്ലാം ചെയ്തിട്ടും കണ്ണുവിന്റെ പറച്ചില്‍ കേട്ടപ്പോള്‍ കുട്ടിശ്ശങ്കരന് കോപം തോന്നി. രണ്ടു കൂട്ടരേയും സ്വരുമിപ്പിച്ചു കൊണ്ടു പോകണമെന്ന ഉദ്ദേശത്തോടെയാണ് ചെറായിയില്‍ വന്നത്. കുഞ്ഞുപെണ്ണിന്റെ അവസ്ഥ കണ്ടപ്പോള്‍ തകര്‍ന്നു പോയി. എത്ര വലിയ ദുരന്തത്തിലേക്കാണ് അവളും കുടുംബവും വീണുപോയത്. സ്വത്തും മാനവും ആരോഗ്യവും നശിച്ചു.
അതേ സ്ഥാനത്ത് ഇതിനു കാരണക്കാരായ കണ്ണുവിനും കൊച്ചുപെണ്ണിനും ഒരു കൂസലുമില്ല. കുഞ്ഞുപെണ്ണിന്റെയും കുടുംബത്തിന്റെയും പൂര്‍ണ്ണ തകര്‍ച്ചയാണ് അവര്‍ ആഗ്രഹിക്കുന്നത്. അവരോടു പറഞ്ഞിട്ടുകാര്യമില്ലെന്ന് കുട്ടിശ്ശങ്കരനു മനസിലായി. അയാള്‍ കുഞ്ഞുപെണ്ണിന്റെ വീട്ടിലേക്കു മടങ്ങി. അടുത്ത ദിവസം കണ്ണുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
കരഞ്ഞുകൊണ്ടാണ് കൊച്ചുപെണ്ണ് കുഞ്ഞുപെണ്ണിന്റെ വീട്ടില്‍ എത്തിയത്.
‘’ എന്താ ചേച്ചി? എന്തു പറ്റി?’‘
ഉള്ളില്‍ നീരസമുണ്ടായിരുന്നെങ്കിലും കരഞ്ഞുകൊണ്ട് വീട്ടില്‍ എത്തിയ ആളോട് ദുര്‍മ്മുഖം കാണിക്കാന്‍ കുഞ്ഞുപെണ്ണിന് കഴിഞ്ഞില്ല.
കൊച്ചുപെണ്ണ് സങ്കടപ്പെട്ട് അനിയത്തിയെ കെട്ടിപ്പിടിച്ചു.
‘’ കുഞ്ഞു …അതിയാനെ പോലീസു പിടിച്ചുകൊണ്ടു പോയെടീ…’‘
കൊച്ചുപെണ്ണിന്റെ കരച്ചിലിനു മുമ്പില്‍ കുഞ്ഞുപെണ്ണ്‍ സങ്കടത്തോടെ വാക്കുകളില്ലാതെ നിന്നു.
‘’ നീയൊന്നു കുട്ടിശ്ശങ്കരനെ വേഗം വിളിക്കടീ’‘
‘’ അയ്യോ ചേട്ടന്‍ പോയല്ലോ ചേച്ചീ’‘
‘’ദേ നീ കള്ളം പറയാതെ അവനിവിടുണ്ട് ഇന്നലെ വീട്ടില്‍ വന്നതല്ലേ?’ ‘ ‘’അയ്യോ ചേട്ടന്‍ വെളുപ്പിനുള്ള ബോട്ടിനു പോയി’‘
‘’ മോളേ നീ ചേച്ചിയെ വിഷമിപ്പിക്കാതെ അവനെ നോക്ക് കുഞ്ഞൂ’‘
‘’ ഞാന്‍ പറഞ്ഞത് സത്യമാ ചേച്ചി. ഇന്ന് നാട്ടീചെന്നിട്ട് എന്തോ അത്യാവശ്യ കാര്യമുണ്ടെന്ന് പറഞ്ഞു. അതിയാനാണേ സത്യം ഇവിടെയില്ല’‘
‘’ ദൈവമേ ! ഇനി ഞാനെന്തു ചെയ്യും?’‘
ഭ്രാന്തെടുത്തപോലെയാണ് കൊച്ചുപെണ്ണ് അവിടെ നിന്നും ഓടിയത്. കണ്ടവര്‍ എന്തുപറ്റിയെന്ന് അത്ഭുതപ്പെട്ടു. വൈകുന്നേരം വരെ ഓടി നടന്നിട്ടും പോലീസ് സ്റ്റേഷനില്‍ പോകാന്‍ പറ്റിയ ഒരാളെ കണ്ടുപിടിക്കാന്‍ കൊച്ചുപെണ്ണിനു കഴിഞ്ഞില്ല. പ്രതി ആയതിനാല്‍ ഇഞ്ചക്കാടനും മുങ്ങി.
അവസാനം പ്രകാശനെയും കൂട്ടിയാണ് കൊച്ചുപെണ്ണ്‍ സ്റ്റേഷനിലെത്തിയത്.
കൌപീനം മാത്രം ധരിച്ച് ലോക്കപ്പില്‍ കിടക്കുന്ന കണ്ണുവിനെ കണ്ട് അവള്‍ പൊട്ടിക്കരഞ്ഞു. കണ്ണുവും കരഞ്ഞു പോയി.
സ്റ്റേഷനില്‍ ആറു പോലീസുകാരാണുണ്ടായിരുന്നത് ആറു പേരും കണ്ണുവിനെ മര്‍ദ്ദിച്ചു. അയാളുടെ ദുഷ്ടതയും അഹങ്കാരവുമെല്ലാം ലോക്കപ്പ് മുറിയില്‍ കക്കി വയ്പ്പിച്ചു. ക്രൂരമായ ചോദ്യം ചെയ്യലില്‍ കണ്ണു നടന്ന സംഭവങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തി.
അയ്യപ്പന്‍ കുട്ടിയുടെയും കൗസല്യയുടേയും കല്യാണം നടന്നതും അവര്‍ക്കുള്ള വിവാഹസമ്മാനമായി 40 സെന്റ് ഭൂമിയുടെ ആധാരം അയ്യപ്പന്‍ കുട്ടിയുടെ കാരണവരായ തന്നെ ഏല്‍പ്പിച്ചതും പിന്നീട് അയ്യപ്പന്‍ കുട്ടിയോട് ശത്രുത തോന്നിയതും ജോത്സ്യനെക്കൊണ്ട് പ്രശ്നം നോക്കിയതും നാണുക്കുട്ടനോട് ആധാരം കിട്ടിയിട്ടില്ലെന്നു പറഞ്ഞതും തെങ്ങുകയറ്റത്തിനിടയില്‍ സംഘടനം നടന്നതും കുഞ്ഞുപെണ്ണ് എന്ന വ്യാജേന കറുമ്പിത്തള്ളയെ ക്കൊണ്ട് പെരുവിരല്‍ അടയാളം വയ്പ്പിച്ചതും എല്ലാം ഒന്നൊഴിയാതെ തുറന്നു പറഞ്ഞു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ കുട്ടിശ്ശങ്കരന്‍ വീണ്ടും ചെറായിയില്‍ വന്നു. അപ്പോഴും കണ്ണു സ്റ്റേഷനില്‍ തന്നെ ആയിരുന്നു.
കുട്ടിശ്ശങ്കരന്‍ കൊച്ചുപെണ്ണിനേയും കൂട്ടി സ്റ്റേഷനില്‍ എത്തി. ഇന്‍സ്പക്ടര്‍ കൊച്ചുപെണ്ണിനെ താക്കീതു ചെയ്തു.
അപ്പോഴേക്കും നാണുക്കുട്ടനും സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.
ഇന്‍സ്പെക്ടര്‍ നടത്തിയ മധ്യസ്ഥചര്‍ച്ചയില്‍ ഇങ്ങിനെ തീരുമാനമായി.
“ നാണുക്കുട്ടന്റെ 40 സെന്റ് ഭൂമി അയാള്‍ക്കു തന്നെ തിരിച്ചു കൊടുക്കണം. നാണുക്കുട്ടനുണ്ടായ മാനനഷ്ടത്തിന് നൂറ് ഉറുപ്പികയും ചികിത്സാ ചിലവിനായി 50 ഉറുപ്പികയും കൊടുക്കണം’‘
ഒരാഴ്ചയ്ക്കുള്ളില്‍ നാണുക്കുട്ടനുള്ള നഷ്ടപരിഹാരത്തുകയും ആധാരവും ഇഞ്ചക്കാടന്റെ കൈവശം കൊടുത്തയച്ചു. നഷ്ടപരിഹാരത്തുക നാണുക്കുട്ടന്‍ കൈപ്പറ്റിയില്ല.
എല്ലാ കാര്യങ്ങള്‍ക്കും ഒരു ശാന്തത കൈവന്നപോലെ തോന്നി. പക്ഷെ രണ്ടു കുടുംബങ്ങള്‍ക്കുമുണ്ടായ പണനഷ്ടവും മാനനഷ്ടവും ആരോഗ്യഹാനിയും കണക്കാക്കാന്‍ കഴിയാത്തത്ര വലുതായിരുന്നു. നഷ്ടത്തിന്റെ കണക്കെടുത്താല്‍ കൂടുതലും കണ്ണുവിന് തന്നെയായിരുന്നു.
Generated from archived content: kanni16.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ – അധ്യായം പതിനേഴ്