This post is part of the series കണ്ണികള്‍
Other posts in this series:
കുഞ്ഞുപെണ്ണിന് അമ്മയെ കാണണമെന്ന് ആഗ്രഹം.
രാത്രിയില്‍ അവള്‍ അമ്മയെ സ്വപ്നം കണ്ടു. അമ്മയുടെ മുമ്പില്‍ തന്റെ സങ്കടങ്ങളെല്ലാം അഴിച്ചു വച്ചു . ചേച്ചിയില്‍ നിന്നും ചേട്ടനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങള്‍ കേട്ടപ്പോള്‍ അമ്മ ഞെട്ടി. അവളെ ഒരു കുഞ്ഞിനേപ്പോലെ ആശ്ലേഷിച്ചുകൊണ്ട് നെറുകയില്‍ ഉമ്മ വച്ചു. അവള്‍ക്കപ്പോള്‍ അമ്മിഞ്ഞപ്രായത്തില്‍ അമ്മ എടുത്തു നടന്നാപ്പോഴുള്ള സുരക്ഷിതത്വ ബോധവും സമാധാനവും തോന്നി. പെട്ടന്ന് അമ്മ ഇരുളിലേക്ക് മറഞ്ഞു. അവള്‍ ‘’ അമ്മേ’‘ എന്ന് നിലവിളിച്ചുകൊണ്ട് എണീറ്റു.
നാണുക്കുട്ടന്‍ വിളക്കു കത്തിച്ചു കൊണ്ട് ചോദിച്ചു.
‘’ എന്തു പറ്റീ കുഞ്ഞൂ?’‘
‘’ അമ്മ… അമ്മയെ ഞാന്‍ സ്വപ്നം കണ്ടു. എനിക്ക് അമ്മയുടെ അടുത്തു പോണം’‘
‘’ പോകാം നമുക്ക് നാളെ കഴിഞ്ഞ് പോകാം’‘
‘’ വേണ്ട നാളത്തന്നെ പോകണം’‘
‘’ വൈക്കം വരെ പോകണ്ടെ? ആദ്യ ബോട്ടിന് പോയാലേ അവിടെ ഇരുട്ടുന്നതിനു മുമ്പ് എത്തു. ഉടുക്കാനുള്ള തുണി വേലത്തി അലക്കിക്കൊണ്ടു വന്നോ?’‘
‘’ എല്ലാം ഉണ്ട് നാളെ ആദ്യ ബോട്ടിന് പോകാം’‘
പിന്നെ കുഞ്ഞുപെണ്ണ് ഉറങ്ങിയില്ല. നാണുക്കുട്ടനും ഉറക്കം കിട്ടിയില്ല.
വെളുപ്പിന് അഞ്ചരമണിക്കാണ് ബോട്ട്. അതിനു മുമ്പേ യാത്രക്കു തയ്യാറായിക്കഴിഞ്ഞു.
ആദ്യം തന്നെ കല്യാണിയെ വിളിച്ചുണര്‍ത്തി.
വൈക്കത്തു പോകുന്ന കാര്യം പറഞ്ഞപ്പോള്‍ കല്യാണി അത്ഭുതപ്പെട്ടു. തലേ ദിവസം വരെ ഇങ്ങിനെയൊരു യാത്രയെക്കുറിച്ച് പറഞ്ഞില്ല. എന്താണ് ഇത്ര പെട്ടന്ന് പോകാന്‍ കാര്യം? കച്ചവടം ആരു നോക്കും?
നാണുക്കുട്ടന്‍ ആണ്മക്കളില്‍ മൂത്തവരായ മാധവനേയും സുപ്രനേയും വിളിച്ചുണര്‍ത്തിയിട്ടു കാര്യം പറഞ്ഞു.
‘’ ഞങ്ങള്‍ വൈക്കം വരെ പോവുകയാ. നിങ്ങള്‍ കട നോക്കിക്കൊള്ളണം. ഞങ്ങളില്ലാത്ത തക്കം നോക്കി പലരും കടത്തിനു വരും, കൊടുക്കരുത്. പിന്നെ കൊച്ചീന്നു വള്ളം വരുമ്പം സായിപ്പിന്റെ വള്ളത്തീന്ന് ശര്‍ക്കര വാങ്ങിക്കണം. പറയുന്ന കാശിന്റെ പകുതിയേ കൊടുക്കാവൂ. കണക്ക് ഞാന്‍ വന്നിട്ട് പറയാമെന്നു പറയണം. ഉണക്കമുളകും കപ്പലണ്ടിപ്പിണ്ണാക്കും ഉണക്കമുളകും ഉണ്ടെങ്കില്‍ വാങ്ങി വച്ചോ. അതിന് കാശു ചോദിച്ചാല്‍ ഇരുപതേ കൊടുക്കാവൂ’‘
മാധവനും സുപ്രനും എല്ലാം തലകുലുക്കി സമ്മതിച്ചു. അവര്‍ക്ക് ഏറ്റവും സന്തോഷമായി. ഇനി അച്ഛനും അമ്മയും വരുന്നതുവരെ തങ്ങളുടെ ഭരണമായിരിക്കും.
ബോട്ട് മട്ടാഞ്ചേരിയിലെത്തിയപ്പോള്‍ നാണുക്കട്ടനും കുഞ്ഞുപെണ്ണും അവിടെയിറങ്ങി. എറണാകുളത്തു നിന്ന് ആലപ്പുഴക്കുള്ള ബോട്ട് മട്ടാഞ്ചേരിയില്‍ അടുക്കും. ആ ബോട്ടില്‍ വേണം വൈക്കത്തേക്കു പോകാന്‍.
വേമ്പനാട്ടു കായലിന്റെ വിശാലതയില്‍ കൂടി ബോട്ട് നീങ്ങി. വൈക്കം ജെട്ടിയില്‍ എത്തിയപ്പോള്‍ വൈകുന്നേരമായി.
വൈക്കത്തപ്പന്റെ ക്ഷേത്രത്തില്‍ നിന്ന് അല്‍പ്പം തെക്കുകിഴക്കു മാറിയാണ് കുട്ടിശങ്കരന്‍ സാറിന്റെ വീട്. പടിയ്ക്കലെത്തിയപ്പോള്‍ വീടിനു മുമ്പില്‍ ധാരാളം ആളുകള്‍.
വീടിന്റെ വരാന്തയില്‍ ശങ്കരന്‍ കുട്ടിസാറ് ഉലാത്തിക്കൊണ്ടിരിക്കുന്നു. എന്തോ പ്രശ്നമുണ്ടെന്ന് കുഞ്ഞുപെണ്ണിനു തോന്നി.
ആരും ഒന്നും മിണ്ടിയില്ല.
കുഞ്ഞുപെണ്ണ് അകത്തേക്കു കയറി അവിടെ ചിത്രപ്പണി ചെയ്ത കട്ടിലില്‍ അമ്മ ഇട്ടൂണ്ണുലി കിടക്കുന്നു. അടുത്തിരുന്ന് നാത്തൂന്‍ വിലാസിനി തുണിക്കഷണം വെള്ളത്തില്‍ മുക്കി ചുണ്ട് നനച്ചുകൊണ്ടിരിക്കുന്നു. കുഞ്ഞുപെണ്ണ് കട്ടിലില്‍ ഇരുന്നു.
‘’ അമ്മേ …അമ്മേ.. ‘’ എന്നു വിളിച്ചു.
ഇട്ടുണ്ണൂലി കണ്ണു തുറന്നു. ഓലപ്പഴുതിലൂടെ കടന്നു വരുന്ന സൂര്യപ്രകാശം പോലെ അമ്മയുടെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു.
‘’ അമ്മയ്ക്കു മനസിലായോ?’‘
മനസിലായി എന്നര്‍ത്ഥത്തില്‍ അമ്മ തലയാട്ടി.
കുഞ്ഞുപെണ്ണ് തുണി നനച്ച് അമ്മയുടെ ചുണ്ടില്‍ തേച്ചു. അമ്മയുടെ തല സാവധാനം ഒരു വശത്തേക്ക് ചരിഞ്ഞു കണ്ണുകള്‍ അടഞ്ഞു.
‘’ അമ്മേ…’‘
കുഞ്ഞുപെണ്ണ് ആര്‍ത്തു നിലവിളിച്ചു.
പുറത്തു നിന്നിരുന്ന പുരുഷന്മാര്‍ അകത്തേക്കു വന്നു.
നിലത്തു പായ വിരിച്ച് ഇട്ടുണ്ണൂലിയെ തല തെക്കോട്ടാക്കി ഇറക്കിക്കിടത്തി നിലവിളക്കില്‍ തിരി കൊളുത്തി തലയ്ക്കല്‍ വച്ചു. ചന്ദനത്തിരി ചുറ്റും മണം പരത്തി. പുറത്ത് പന്തലിട്ടു. തെങ്ങില്‍ നിന്ന് കുരുത്തോലയിട്ട് പന്തലില്‍ തൂക്കി. മരണ അറിയിപ്പുമായി ആളുകള്‍ പല ഭാഗത്തേക്കും നീങ്ങി.
മരിച്ചറിയിച്ചു ചെന്നപ്പോള്‍ കൊച്ചുപെണ്ണു ചോദിച്ചു.
‘’ വേറെ എവിടെയെങ്കിലും അറിയിക്കാന്‍ പറഞ്ഞിട്ടുണ്ടോ?’‘
‘’ അത് ഇവിടുന്ന് അറിയിച്ചോളാന്‍ പറഞ്ഞു’‘
കൊച്ചുപെണ്ണ് മരണവിവരം ആരേയും അറിയിച്ചില്ല. അടുത്ത ബോട്ടിനു തന്നെ അവര്‍ വൈക്കത്തേക്കു തിരിച്ചു.
അമ്മയുടെ മരണമറിഞ്ഞിട്ടും ചെല്ലാതിരുന്നാല്‍ കുട്ടിശ്ശങ്കരന് കുഞ്ഞുപെണ്ണിനോടും കുടുംബത്തോടും കോപം തോന്നുമെന്ന് കൊച്ചുപെണ്ണ് കണക്കു കൂട്ടി. അതോടെ കുട്ടിശ്ശങ്കരന് തങ്ങളോട് പ്രത്യേക മമതയും തോന്നും.
മരണവീട്ടില്‍ ചെന്നു കയറിയപ്പോള്‍ കൊച്ചുപെണ്ണും കണ്ണുവും അത്ഭുതപ്പെട്ടുപോയി. അവീറ്റെ നാണുക്കുട്ടനും കുഞ്ഞുപെണ്ണും നില്‍ക്കുന്നു മരണവീട്ടില്‍ കരയാന്‍ വേണ്ടി കരുതി വച്ചിരുന്ന കൊച്ചുപെണ്ണിന്റെ കണ്ണീരു മുഴുവന്‍ വറ്റിപ്പോയി പകരം മനസ്സില്‍ വൈരാഗ്യത്തിന്റെ വിഷജ്വാല പടരുകയായിരുന്നു.
ശവദാഹം കഴിഞ്ഞയുടന്‍ കൊച്ചുപെണ്ണും കണ്ണുവും വീട്ടിലേക്കു പോകാന്‍ തയ്യാറായി.
‘’ പിന്നെ പോയാല്‍ പോരെ? ആവശ്യങ്ങളൊക്കെ കഴിഞ്ഞിട്ട്?’‘
കുട്ടിശ്ശങ്കരന്‍ കൊച്ചുപെണ്ണിനോടു ചോദിച്ചു.
‘’ ഞങ്ങളെന്തിനാ നില്‍ക്കുന്നെ? അതിനു പറ്റിയ ആളുകള്‍ വന്നിട്ടുണ്ടല്ലോ”
ചേച്ചി പറഞ്ഞത് കുട്ടിശ്ശങ്കരന് മനസിലായില്ല.
‘’ എന്താ അങ്ങിനെ പറഞ്ഞത്? ‘’
‘’ എടാ നിനക്ക് രണ്ടു പെങ്ങമ്മാരും ഒരു പോലെ ആണെന്നാണ് ഞാന്‍ കരുതിയിട്ടുള്ളത്. ഇളേ പെങ്ങളോടാണ് നിനക്കു കാര്യമെന്ന് ഇവിടെ വന്നപ്പഴാ അറിഞ്ഞത്’‘
‘’ ചേച്ചി എന്തൊക്കെയാ പറയുന്നത്?”
‘’ അമ്മയ്ക്കു സൂക്കേടു കൂടുതലായപ്പ എന്നെ അറിയിക്കാന്‍ നിനക്കു തോന്നിയില്ലല്ലോ ഞാനും ആ വയറ്റില്‍ പിറന്നതു തന്നെയാ’‘
‘’അതിന് ഞാനാരേയും അറിയിച്ചില്ലല്ലോ’‘
‘’ പിന്നെ അവളെങ്ങിനെ കൃത്യസമയത്തു വന്നു വല്ല വെളിപാടും ഉണ്ടായോ?’‘
‘’ അതെനിക്കറിയില്ല’‘
‘’ എന്നോടു വേണ്ട മോനെ ഒന്നുമില്ലേങ്കിലും നിന്റെ മൂത്തതാ ഞാന്‍’‘
ദേഷ്യം പിടിച്ച് കൊച്ചുപെണ്ണ് മുറ്റത്തേക്ക് ചാടിയിറങ്ങി. എന്നിട്ട് ഇടഞ്ഞ ആനയെപ്പോലെ വട്ടം തിരിഞ്ഞ് നടന്നു. കണ്ണുവിന് ഭാര്യക്കൊപ്പമെത്താന്‍ ഓടേണ്ടതായി വന്നു.
കുഞ്ഞുപെണ്ണും നാണുക്കുട്ടനും കുറച്ചു ദിവസങ്ങള്‍ അവിടെ കഴിച്ചു കൂട്ടി.
കുഞ്ഞുപെണ്ണും കുട്ടിശ്ശങ്കരന്റെ ഭാര്യ വിലാസിനിയും തമ്മില്‍ നല്ല സ്നേഹബന്ധമായിരുന്നു. വിലാസിനി കുഞ്ഞുപെണ്ണിന് ധരിക്കാന്‍ ഒരു റൗക്ക കൊടുത്തു. കുഞ്ഞുപെണ്ണിന് മേല്‍ വസ്ത്രം ധരിക്കുന്നത് ഇഷ്ടമായിരുന്നില്ല. ചീത്ത സ്ത്രീകളാണ് റൗക്ക ധരിക്കുന്നതെന്നായിരുന്നു കുഞ്ഞുപെണ്ണിന്റെ വിശ്വാസം. നാത്തൂന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം വന്നപ്പോള്‍ കുഞ്ഞുപെണ്ണ് റൗക്കയിട്ടു. നല്ല തടിച്ച ശരീരമുള്ള വിലാസിനിയുടെ റൗക്ക കുഞ്ഞുപെണ്ണിന് ഒട്ടും യോജിച്ചില്ല. രണ്ട് തുണിസഞ്ചിയെടുത്ത് നടുക്ക് കൂട്ടിത്തയ്ച്ചപോലെ അത് കിടന്നു. ഏതായാലും കുഞ്ഞുപെണ്ണ് നാട്ടിലേക്കു തിരിച്ചപ്പോള്‍ റൗക്കയിട്ടിരുന്നു. നാരായണന്റെ കല്യാണാലോചനയുമായി ഇഞ്ചക്കാടന്‍ ചാത്തന്റെ വീട്ടിലെത്തി. എന്തുപറയണമെന്നറിയാതെ വീട്ടുകാര്‍ കുഴങ്ങി. സാധാരണനിലയില്‍ ആട്ടിപുറത്താക്കേണ്ടതാണ്. പക്ഷെ നാട്ടില്‍ ബഹുമാനിക്കുന്ന തങ്ങള്‍ക്കിടഷ്ടപ്പെട്ട വ്യക്തിയാണ് നാരായണന്‍. അതുകൊണ്ടു മാത്രം ‘ പിന്നെ അറിയിക്കാം’ എന്നു പറഞ്ഞു വിട്ടു.
ആലോചനയുമയി നീങ്ങിയതോടെ നാരായണന് അതൊരു ഗൗരവമുള്ള വിഷയമായി. ഇനി വൈകിക്കൂടാ തനിക്കും ഒരു കുടുംബജീവിതം വേണം.
ഒരാഴ്ച കഴിഞ്ഞിട്ടും മറുപടിയില്ല. നാരായണന്‍ പ്രശ്നം തന്റെ സഹപ്രവര്‍ത്തകരെ അറിയിച്ചു. പുലയ സമുദായത്തില്‍ പുരോഗമനവാദികളും സമുദായ പരിഷ്ക്കര്‍ത്താക്കളുമായ ഒരു സംഘം ചെറുപ്പക്കാരുണ്ടായിരുന്നു. നാരായണന്റെ സഹപ്രവര്‍ത്തകര്‍ അവരുമായി കൂടിക്കാഴ്ച നടത്തി. നാരായണനോട് അവര്‍ക്കെല്ലാം നല്ല മതിപ്പ് ഉണ്ടായിരുന്നു. പുലയരെ അകാരണമായി മര്‍ദ്ദിക്കുന്നത് ചോദ്യം ചെയ്തത് നാരായണന്‍ ആയിരുന്നു. ആ സമ്പ്രദായം നിറുത്തലാക്കാന്‍ നാരായണനാണ് സഹായിച്ചത്. നാരായണന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്നുവരെ ജാതിഭേദം ഉണ്ടായിരുന്നില്ല. ആ നിലക്ക് നാരായണന്റെ സദുദ്ദേശത്തോടു കൂടിയുള്ള ഉദ്യമത്തന് സര്‍വ്വ പിന്തുണയും കൊടുക്കണം.
രണ്ടു സമുദായങ്ങളുടേയും സംയുക്താഭിമുഖ്യത്തില്‍ നാരായണന്റെയും മാളുവിന്റേയും കല്യാണം ആഘോഷമായി നടത്താന്‍ തീരുമാനമായി.
കല്യാണത്തിനു ക്ഷണിക്കേണ്ടവരുടെ ഒരു നീണ്ട നിര ഇരു സമുദായക്കാരും തയ്യാറാക്കി. രണ്ടു കൂട്ടരും കൂടി ലിസ്റ്റ് പരിശോധിച്ചു. മാല എടുത്തുകൊടുക്കാന്‍ പുലയ സമുദായത്തിലെ ഏറ്റവും പ്രായം ചെന്ന കണ്ടാളി. പൂച്ചെണ്ടു കൊടുക്കുന്നത് ചാത്തന്റെ മകന്‍ ശങ്കരന്റെ മകള്‍ ശോഭ. വധൂവരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാന്‍ ഇരു സമുദായങ്ങളിലേയും പ്രമുഖ വ്യക്തികള്‍.
നാരായണന്‍ കടയില്‍ ചെന്ന് അയ്യപ്പന്‍കുട്ടിയെ കണ്ടു മാളുവുമായി വിവാഹം നടത്താന്‍ പോകുന്ന കാര്യം അറിയിച്ചു.
”കല്യാണത്തിന് കൗസല്യയേയും മക്കളേയും കൊണ്ടു വരണം’‘
അയ്യപ്പന്‍കുട്ടി മറുപടി പറഞ്ഞില്ല. കൗസല്യയോടു ചോദിക്കാതെ അയാള്‍ക്ക് ഒന്നും പറയാന്‍ കഴിയുമായിരുന്നില്ല.
നാരായണന്‍ കൗസല്യയേയും മക്കളേയും വീട്ടില്‍ ചെന്നു കണ്ടു. അവരെ കല്യാണത്തിനു ക്ഷണിച്ചു. അവരും കല്യാണത്തിനു ചെല്ലുമെന്നു പറഞ്ഞില്ല.
ദിവസങ്ങള്‍ അടുക്കുന്തോറും നാട്ടില്‍ പല കിംവദന്തികളും പരന്നു. കല്യാണ ദിവസം വെടിവെയ്പ്പ് ഉണ്ടാകുമെത്രെ. അതിനുവേണ്ടി ബോംബേന്ന് വെടിക്കാരെ കൊണ്ടുവന്നിട്ടുണ്ടേത്രെ.
പിന്നെ കേട്ടത് നാരായണന്‍ സ്ഥലം വിട്ടുപോയെന്നാണ്. ആലുവായില്‍ നിന്ന് തീവണ്ടിയില്‍ കയറി സ്ഥലം വിട്ടത് കണ്ടവര്‍ പോലുമുണ്ടായി. ഇനി കല്യാണം നടക്കില്ലെന്ന് ശക്തിയായ പ്രചാരണം നടന്നു. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ട് കല്യാണപ്പന്തല്‍ ഉയര്‍ന്നു. ഉദ്ദേശം നൂറു പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം അതിനുണ്ടായിരുന്നു.
കല്യാണസ്ഥത്തേക്കുള്ള വഴികളില്‍ പലയിടത്തും കല്യാണത്തിനു പോകുന്നവരെ തടയാന്‍ തെമ്മാടികള്‍ വടിയുമായി നിലയുറപ്പിച്ചിരുന്നു.
മുഹൂര്‍ത്തം അടുത്തിട്ടും ചെറുക്കനെ കാണാതായപ്പോള്‍ കല്യാണക്കാര്‍ അമ്പരന്നു. എതിപ്പുള്ളവര്‍ പരിഹസിച്ചു ചിരിച്ചു.
മുഹൂര്‍ത്തത്തിലേക്കു കടന്നിട്ടും നാരായണനെ കണ്ടില്ല. അതോടെ മണവാട്ടി ചമഞ്ഞു നിന്ന് മാളുവിന് കരച്ചില്‍ വന്നു. കണ്ണെഴുത്തും മുഖത്തു തേച്ച മഞ്ഞള്‍ക്കൂട്ടും കലങ്ങി താഴേക്ക് ഒലിച്ചു.
അപ്പോഴേക്കും നാരായണനും മൂന്നുനാലു കൂട്ടുകാരും പന്തലിലെത്തി. വരുന്ന വഴിക്ക് അവരെ ചില ചട്ടമ്പികള്‍ തടഞ്ഞു. ഒന്നും രണ്ടും പറഞ്ഞ് കയ്യേറ്റത്തില്‍ കലാശിച്ചു. ചട്ടമ്പികളേപ്പോലെ തന്നെ നാരായണന്റെ സഹപ്രവര്‍ത്തകര്‍ക്കും മുന്‍ കരുതല്‍ ഉണ്ടായിരുന്നു. ചെറുപ്പക്കാരുടെ അടി കൊണ്ട് ചട്ടമ്പികള്‍ ഓടി.
മാളുവിന്റെ സഹോദരപുത്രി പൂച്ചെണ്ടു നല്‍കി നാരായണനെ വേദിയിലേക്കു ക്ഷണിച്ചു. പൂമാല എടുത്തുകൊടുക്കേണ്ട കണ്ടാളി സ്ഥലം വിട്ടിരുന്നു. ആ കര്‍മ്മം നിര്‍വ്വഹിച്ചത് മാളുവിന്റെ അച്ഛന്‍ ചാത്തനായിരുന്നു. ആശംസകളര്‍പ്പിക്കാന്‍ രണ്ടു മൂന്നു പേരേ ഉണ്ടായിരുന്നുള്ളു. മുഹൂര്‍ത്തസമയത്തും വരനെ കാണാതെ വന്നപ്പോള്‍ എന്തോ കുഴപ്പം നടന്നിട്ടുണ്ടെന്ന് കരുതി പലരും സ്ഥലം വിട്ടിരുന്നു. സദ്യക്കും അമ്പതോളം പേരേ ഉണ്ടായുള്ളു!
ആവേശം കാണിച്ച് ആദ്യമുണ്ടായിരുന്നവര്‍ പ്രതികൂല സാഹചര്യം വന്നപ്പോള്‍ പെട്ടന്നു മാറിക്കളഞ്ഞു., മാളുവിനും നാരായണനും പന്തലില്‍ പ്രത്യേകം ഇരിപ്പിടം ഒരുക്കിയിരുന്നു.
ആരു വന്നില്ലെങ്കിലും അയ്യപ്പന്‍കുട്ടി കല്യാണത്തിനു വരുമെന്ന് നാരായണന്‍ ഉറച്ചു വിശ്വസിച്ചിരുന്നു. ഇന്ന് ഈ ലോകത്തില്‍ നാരായണന് ആകെയുള്ള ബന്ധു അയ്യപ്പന്‍കുട്ടിയാണല്ലോ!
കല്യണപ്പന്തലില്‍ ഇരുന്ന് നാരായണന്‍ പ്രതീക്ഷയോടെ അയ്യപ്പന്‍കുട്ടിയെ തെരഞ്ഞു. പക്ഷെ എങ്ങും കണ്ടില്ല.
Generated from archived content: kanni15.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ – അധ്യായം പതിനാറ്