കണ്ണികള്‍ – അദ്ധ്യായം പതിമൂന്ന്

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

അമ്മാവന്റെയും അമ്മായിയുടേയും പ്രവര്‍ത്തനങ്ങളില്‍ ശക്തമായ വിയോജിപ്പുണ്ടായിരുന്നിട്ടും ചേട്ടന്‍ അവരെ അച്ഛനും അമ്മയുമായി മനസില്‍ കണ്ടിരുന്നെവെന്നത് അയ്യപ്പന്‍കുട്ടിക്ക് പുതിയ അറിവായിരുന്നു. ചേട്ടനേക്കാള്‍ അമ്മാവനേയും അമ്മായിയേയും സ്നേഹിച്ചിരുന്നത് അയ്യപ്പന്‍കുട്ടി ആയിരുന്നു. എന്നാല്‍ അകല്‍ച്ച തോന്നിയപ്പോള്‍ അത് കൂടുതലായി ബാധിച്ചത് അയ്യപ്പന്കുട്ടിയെ ആയിരുന്നു.

ചേച്ചിക്കും ചേട്ടനുമുണ്ടായ മാറ്റങ്ങള്‍ കുഞ്ഞുപെണ്ണും നാണുക്കുട്ടനും അറിഞ്ഞിരുന്നില്ല. അവരുടെ ഹൃദയത്തില്‍ ചേച്ചിയോടും ചേട്ടനോടും അപ്പോഴും നിറഞ്ഞു കവിയുന്ന സ്നേഹമായിരുന്നു.

പ്രകാശന്റെ കയ്യില്‍ ഒരു മോതിരം കിടന്നിരുന്നു. വിവാഹത്തിന് ഒരു ബന്ധു സമ്മാനിച്ചതായിരുന്നു. കൈ തേച്ചു കഴുകുമ്പോള്‍ പ്രകാശന്‍ അത് ഒരു ഇലയില്‍ വച്ചു. കൈ കഴുകിക്കഴിഞ്ഞു നോക്കുമ്പോള്‍‍ മോതിരം കാണാനില്ല.

അതിലേ കടന്നു പോയ പ്രതാപനോടു പ്രകാശന്‍ ചോദിച്ചു.

‘’ എടാ ഞാന്‍ ഇവിടെ വെച്ചിരുന്ന മോതിരം നീ കണ്ടോ?’‘

‘’ മോതിരമോ ? ഏയ് ഞാന്‍ കണ്ടില്ല’‘

അവന്റെ ഭാവം കണ്ടപ്പോള്‍ അവന്‍ എടുത്തിട്ടുണ്ടാവില്ലെന്നു പ്രകാശനും തോന്നി.

അമ്മ ഈ വിവരം അറിഞ്ഞു. അച്ഛന്‍ അറിഞ്ഞു. വീട്ടിലുള്ള മറ്റെല്ലാവരും അറിഞ്ഞു.

‘’ ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ ഉടനെ തിരിച്ചേല്‍പ്പിക്കണം. ഇല്ലെങ്കില്‍ അനന്തരഫലം ഭയാനകമായിരിക്കും’‘

കണ്ണു ഉത്തരവിട്ടു.

പക്ഷെ, ആരും മോതിരം തിരിച്ചേല്‍പ്പിച്ചില്ല.

അങ്ങിനെ വിട്ടാല്‍ പറ്റില്ലെന്ന് കണ്ണു തീരുമാനിച്ചു. ചുരുങ്ങിയത് കാല്‍ പവനെങ്കിലും കാണും. അത് കളഞ്ഞു പോയതല്ല. ആരെങ്കിലും കട്ടെടുത്തതായിരിക്കും.

അരിയിടിക്കാന്‍ വരുന്ന ഭാര്‍ഗവിച്ചേച്ചി പറഞ്ഞു.

‘’ കളഞ്ഞു പോയത് കണ്ടെത്താന്‍ മഷി നോട്ടമാ‍ണു നല്ലത്’‘

എല്ലാവര്‍ക്കും അതു സ്വീകാര്യമായി തോന്നി.

മഷിനോട്ടത്തില്‍ വിദഗ്ദന്‍ കുഞ്ഞന്‍ വേലനാണ്. രാത്രിയാണ് മഷി നോട്ടം.

കുഞ്ഞന്‍ വേലന്‍ മഷിക്കൂട്ടു തയ്യാറാക്കി. അതൊരു ഓട്ടു കിണ്ണത്തിന്റെ പുറകില്‍ തേച്ചു. മുമ്പില്‍ ഒരു നിലവിളക്കു കത്തിച്ചു വച്ചു. ഏഴു വയസുള്ള ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആണ് മഷിക്കിണ്ണത്തില്‍ നോക്കുന്നത്.

ആദ്യം അയല്പക്കത്തെ രവീന്ദ്രന്‍ എന്ന പയ്യനാണ് ഇരുന്നത് അവന്‍ മഷിയിലേക്ക് സൂക്ഷിച്ചു നോക്കി. കുഞ്ഞന്‍ വേലന്‍ എന്തെല്ലാമോ മന്ത്രം ചൊല്ലി അതിനുശേഷം പയ്യനോടു ചോദിച്ചു.

‘’ നീ എന്താണ് മഷിയില്‍ കാണുന്നത്?’‘

‘’ വിളക്ക് കാണുന്നു’‘

‘’ വിളക്കില്‍ എത്ര തിരിയുണ്ട്?’‘

‘’ രണ്ട്’‘

‘’ ആ തിരി ഒന്നാകാന്‍ പ്രാര്‍ത്ഥിക്ക് ‘’

പയ്യന്‍ പ്രാര്‍ത്ഥിച്ചു.

‘’ ഇനി നോക്ക് എന്നിട്ട് എന്തു കാണുന്നു എന്നു പറയ്’‘

‘’ ഇപ്പോഴും ഞാന്‍ തിരിയാണു കാണുന്നത്’‘

‘’ സൂക്ഷിച്ചു നോക്ക് ആരെയെങ്കിലും കാണുന്നുണ്ടോ?’‘

‘’ ഉണ്ട് , എന്നെ കാണുന്നുണ്ട്’‘

കുഞ്ഞന്‍ വേലന്‍ പയ്യനോടുള്ള ചോദ്യം നിര്‍ത്തി. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു.

‘’ ഈ പയ്യന്‍ പറ്റില്ല. കളങ്കമില്ലാത്ത കുട്ടിയാവണം’‘

ഭാര്‍ഗവി പറഞ്ഞു.

‘’ എന്റെ മോളെ നോക്കാം’‘

‘’ വരട്ടെ’‘

ഭാര്‍ഗവിയുടെ മകള്‍ മഷിക്കരികിലിരുന്നു. അത്ഭുതം! ആ‍ കുട്ടി എഴുതി വായിച്ചതു പോലെ പറഞ്ഞു.

‘’ പ്രകാശന്‍ ചേട്ടന്‍ കൈകഴുകുന്നു. അതിലേ തെക്കേക്കരയില്‍ നിന്ന് കൗസല്യയുടെ ഇളയ സഹോദരി കല്യാണി വരുന്നു. കല്യാണി മോതിരം കുനിഞ്ഞെടുക്കുന്നു. എന്നിട്ട് ഒന്നുമറിയാത്ത പോലെ മടിയില്‍ തിരുകി വച്ച് തിരിച്ച് തെക്കോട്ടു തന്നെ പോകുന്നു…’‘

കേള്‍വിക്കാരായി നിന്നവര്‍ ഒന്നടങ്കം അന്തം വിട്ടു. എന്നാലും കല്യാണി ഇത്തരക്കാരിയാണോ?

‘’ പഠിച്ച കളളിയാ അവള്. ആ പതിഞ്ഞ നടത്തം കാണുമ്പ അറിയാം’‘

കൊച്ചുപെണ്ണാണത് പറഞ്ഞത്.

കല്യാണി മോതിരമിട്ടാണോ നടക്കുന്നത് എന്നറിയാന്‍ കൊച്ചുപെണ്ണ് ഇഞ്ചക്കാടനെ ചുമതലപ്പെടുത്തി. ഇഞ്ചക്കാടന്‍ കുഞ്ഞുപെണ്ണിന്റെ വീട്ടില്‍ ചെന്നു.

‘’ കുറച്ചു കൂവളത്തില വേണം കൊച്ചുപെണ്ണു ചേടത്തി. ശിവന്റെ അമ്പലത്തില്‍ ഒരു വഴിപാടുണ്ട്’‘

കുഞ്ഞുപെണ്ണ് മകളെ വിളിച്ചു.

‘’ കല്യാണി…’‘

കല്യാണി വന്നു.

‘’ നീ കുമാരന്‍ ചേട്ടന് കുറച്ച് കൂവളത്തിലെ പറിച്ചു കൊടുക്ക്’‘

‘’ ശരി’‘

കല്യാണി കൂവളത്തില പറിച്ചു കൊണ്ടിരിക്കുമ്പോള്‍ അവളുടെ കയ്യില്‍ മോതിരം കിടക്കുന്നത് ഇഞ്ചക്കാടന്‍ ശ്രദ്ധിച്ചു. അത് അങ്ങിനെ തന്നെ കൊച്ചുപെണ്ണിനെ അറിയിക്കുകയും ചെയ്തു.

കൊച്ചുപെണ്ണിന് എല്ലാവരേയും സംശയമാണ്. ഇതു കൂടിയായപ്പോള്‍‍ സംശയം ഇരട്ടിച്ചു.

കണ്ണുവിന് കച്ചവടം വളരെ കുറഞ്ഞു. ഇടത്തും വലത്തും ഉള്ള കച്ചവടങ്ങള്‍ തന്നെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. ഇടതുവശത്ത് സ്വന്തം മരുമകന്‍. വലതുവശത്ത് അനിയത്തിയും കുടുംബവും. അവര്‍ക്ക് രണ്ടു കൂട്ടര്‍ക്കും നല്ല കച്ചവടവുമുണ്ട്. ഈ വിഷമം കണ്ണുവിന്റെ മനസിനെ വിഷലിപ്തമാക്കി.

ഇതൊന്നുമറിയാതെയാണ് ഒരു ദിവസം കല്യാണി വല്യമ്മയുടെ വീട്ടിലെത്തിയത്. ചിരിച്ച ഒരു മുഖം കാണിക്കാന്‍ കൊച്ചുപെണ്ണിനു കഴിഞ്ഞില്ല.

‘’ നീയെന്താടീ വന്നത്?’‘

‘’ എന്താ വല്യമ്മേ അങ്ങിനെ ചോദിച്ചത്?’‘

‘’ ഇനിയും വല്ലതും കക്കാനാണോ?’‘

‘’ കക്കാനോ? വല്യമ്മ എന്താ ഇങ്ങനെ പറേണത്?’‘

‘’ നിറുത്തടീ നിന്റെ അഭിനയം എന്റെ മോതിരം ഇങ്ങു താടീ’‘

കൊച്ചുപെണ്ണ് കല്യാണിയെ ബലമായി പിടിച്ചു. കല്യാണിയും വിട്ടില്ല. പക്ഷെ കൊച്ചുപെണ്ണിന്റെ മെയ്ക്കരുത്തിനു മുമ്പില്‍ കല്യാണിയുടെ ഇളം ശരീരത്തിന് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. കൊച്ചുപെണ്ണ് കല്യാണിയുടെ കയ്യില്‍ നിന്ന് മോതിരം ഊരിയെടുത്തേ അടങ്ങിയൊള്ളു.

കല്യാണി വീടുവരെ കരഞ്ഞു.

നടന്ന സംഭവമറിഞ്ഞപ്പോള്‍ കുഞ്ഞുപെണ്ണ് ഞെട്ടിപ്പോയി. പക്ഷെ ആ ഞെട്ടലും വേദനയും കല്യാണിയെ അറിയിച്ചില്ല. . ‘’ എടീ അത് വല്യമ്മയുടെ ഒരു താമാശയല്ലേ? നിനക്ക് ഞാനൊരു പച്ചക്കല്ലിന്റെ മോതിരം പണിയുമെന്ന് പറഞ്ഞിരുന്നു. ഞാനതു ചെയ്യാതിരുന്നതുകൊണ്ടാ വല്യമ്മ ആ മോതിരം ഊരിയെടുത്തത്. നാളത്തന്നെ പച്ചക്കല്ലിന്റെ മോതിരം പണിയിപ്പിക്കാം’‘

കുഞ്ഞുപെണ്ണിന്റെ വാക്കുകള്‍ കല്യാണിയെ ശരിക്കും തണുപ്പിച്ചു. വല്യമ്മ കാണിച്ച തമാശ തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതില്‍ അവള്‍ നാണിച്ചു.

എങ്കിലും കുഞ്ഞുപെണ്ണിന്റെ മനസ്സില്‍ ചേച്ചിയുടെ പ്രവൃത്തി ഇടിത്തീപോലെ നീറിപ്പടര്‍ന്നു. എന്തിനാണ് ചേച്ചി ഇങ്ങിനെയെല്ലാം ചെയ്തത്. കല്യാണിയുടെ കൊച്ചുമനസ് എന്തുമാത്രം വേദനിച്ചിരിക്കും. മോതിരം പോകുന്നെങ്കില്‍ പോകട്ടെ. പക്ഷെ അവളെ കള്ളിയാക്കി ചിത്രീകരിക്കേണ്ടിയിരുന്നോ?

രായപ്പന്‍ പെരുമ്പടന്നയില്‍ ഒരു വൈദ്യശാല തുടങ്ങി ‘’ ആരോഗ്യദായിനി വൈദ്യശാല ‘’ പെട്ടന്നുള്ള തീരുമാനമായിരുന്നു. വര്‍ഷങ്ങളായി അലസമായ ജീവിതം നയിച്ചിരുന്ന രായപ്പന് ഇങ്ങനെയൊരു ബുദ്ധി തോന്നിയതില്‍ അമ്മയാണ് ഏറ്റവുമധികം സന്തോഷിച്ചത് മറ്റു സുഹൃത്തുക്കള്‍‍ക്കും സന്തോഷമായിരുന്നു. പക്ഷെ അയ്യപ്പന്‍കുട്ടിക്കത് പിടിച്ചില്ല.

‘’ വൈദ്യരേ ഈ പണി വേണ്ടാട്ടോ ഒരു കുടുമ്മം കലക്കരുത് ‘’

ഒന്നും അറിയാത്തപ്പോലെ രായപ്പന്‍ ചോദിച്ചു.

‘’ എന്താണ് അയ്യപ്പന്കുട്ടി?’‘

‘’ അല്ല ഇപ്പ ഈ വൈദ്യശാല തൊറക്കണ്ട ബല്ല കാര്യോമുണ്ടോ?’‘

‘’ അതിനെന്താ തകരാറ്?’‘

‘’ തകരാറൊന്നുമില്ല പക്ഷെ പെരുമ്പടന്നേല്‍ വേണ്ടായിരുന്നു’‘

‘’ വൈദ്യശാലക്ക് പറ്റിയ ഇടം ഇവിടെയാ വേറെ വൈദ്യശാല ഇവിടെയില്ല ‘’

‘’ ഞാന്‍ പറഞ്ഞില്ല എന്നു വേണ്ട പക്ഷെ ഇതത്ര നല്ലതല്ല’‘

അയ്യപ്പന്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ രായപ്പന്റെ മനസ്സില്‍ ഒട്ടും ഏശിയില്ല. അയാളുടെ ഹൃദയത്തില്‍ പ്രേമത്തിന്റെ ലഹരി പതഞ്ഞുയരുകയായിരുന്നു.

വൈദ്യശാല തുടങ്ങിയ അന്നു തന്നെ ഗിരിജ തന്റെ ഇളയകുട്ടിക്ക് ചികിത്സ തേടിയെത്തി. വയറിളക്കം.

രോഗിയെ പരിശോധിക്കാന്‍ രായപ്പന്‍ പരിശോധനാമുറിയിലേക്കു കയറി. കുഞ്ഞിനെ പരിശോധിച്ച ശേഷം കുട്ടിയോട് പുറത്തിരിക്കാന്‍ പറഞ്ഞു.

മുറിയില്‍ രായപ്പനും ഗിരിജയും മാത്രം. രണ്ടുപേരുടേയും കണ്ണുകള്‍ തമ്മില്‍ കൂട്ടി മുട്ടി. ഇരുവരുടേയും ഹൃദയത്തില്‍ വര്‍ഷങ്ങളായി തടഞ്ഞു വച്ചിരുന്ന പ്രേമവാഹിനി പുറത്തേക്കു ചാടി. ഗാഢമായ ആശ്ലേഷത്തിനു ശേഷം അവര്‍ അകന്നു.

വിവാഹത്തിനു ശേഷമുള്ള ഗിരിജയുടെ വിശേഷങ്ങള്‍ രായപ്പന്‍ ചോദിച്ചറിഞ്ഞു.

പുരാതനവും പ്രൗഢവുമായ ഒരു തറവാടായിരുന്നു ‘’ ശ്രീമംഗലം’‘. അവിടത്തെ ഇളയമകനായിരുന്നു അനന്തന്‍. വിവാഹം കഴിക്കുമ്പോള്‍ ‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടായിരുന്നു. പക്ഷെ അവരുടെ ദാമ്പത്യജീവിതം ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല. രായപ്പനുമായി ഗിരിജക്ക് വിവാഹത്തിനു മുമ്പ് ഉണ്ടായിരുന്ന സ്നേഹബന്ധം ക്ഷമിക്കാന്‍ അനന്തന്‍ തയ്യാറായിരുന്നില്ല. രണ്ടു പെണ്മക്കള്‍‍ അവര്‍ക്കു ജനിച്ചെങ്കിലും അവരുടെ പിതൃത്വം പോലും അനന്തന് സംശയമായിരുന്നു. വിവാഹത്തിനു ശേഷം മദ്യത്തിലേക്കും പണം വെച്ചുള്ള ചീട്ടുകളിയിലേക്കും അയാള്‍ തിരിഞ്ഞു. ഇപ്പോള്‍‍ ഭക്ഷണത്തിനു വരെ ബുദ്ധിമുട്ടാണ്.

രായപ്പന്റെ മനസില്‍ എവിടെയെല്ലാമോ തെറ്റു പറ്റിയെന്ന തോന്നല്‍. ഗിരിജയുടെ ദാമ്പത്യ ജീവിതത്തിന്റെ തകര്‍ച്ചക്ക് തനിക്കാണ് മുഖ്യപങ്കെന്ന് അയാള്‍ സ്വയം കരുതി. എല്ലാ തെറ്റും തിരുത്തണം. എല്ലാറ്റിനും പരിഹാരം കാണണം.

രായപ്പന്റെയും ഗിരിജയുടേയും സമാഗമം പതിവായി. ഒരു അസുഖവുമില്ലെങ്കില്‍ പോലും ഗിരിജ ഏതെങ്കിലും ഒരു കുഞ്ഞിനെയുമെടുത്ത് വൈദ്യശാലയില്‍ പോകും. വൈദ്യശാല നടത്തിപ്പ് ഗിരിജക്കു വേണ്ടി മാത്രമായി .

വൈദ്യശാലയില്‍ പുറമെ നിന്നുള്ളവര്‍ ചെല്ലുന്നത് കുറവായിരുന്നു. പലര്‍ക്കും രായപ്പന്‍ ഗിരിജ ബന്ധം മനസിലായിത്തുടങ്ങി. ഒരു ദിവസം ആരോ ബോര്‍ഡിലെ ‘’ ആരോഗ്യദായിനി’‘ എന്ന ഭാഗം വെട്ടിക്കളഞ്ഞ് ‘’ പ്രേമദായിനി’‘ എന്ന് എഴുതി വച്ചു.

ഈ സംഭവത്തെ തുടര്‍ന്ന് ഗിരിജ കുറച്ചു ദിവസത്തേക്ക് പുറത്തേക്കിറങ്ങിയില്ല.

അനന്തനും ചിലതെല്ലാം മനസിലാക്കി. പക്ഷെ അയാളുടെ പ്രതികരണശേഷി മദ്യം കെടുത്തിക്കളഞ്ഞിരുന്നു.

ഒരു ദിവസം അനന്തന്‍ ഗിരിജയോടു പത്തുരൂപ ചോദിച്ചു മദ്യം വാങ്ങാനാണ് പക്ഷെ വീട്ടില്‍ വെറുതെയിരിക്കുന്ന പെണ്ണ് എവിടെനിന്ന് പണം എടുത്തുകൊടുക്കും?

‘’ കാശില്ലെങ്കില്‍ നീ നിന്റെ മറ്റവനോടു മേടിക്ക്. ചെല്ലടി വേഗം’‘

‘’ ഹോ ഈ മനുഷ്യന് നാണമില്ലേ ഇങ്ങിനെയൊക്കെ പറയാന്‍’‘

‘’ ഇല്ലെടി എന്റെ മാനോം പണോം എല്ലാം പോയി നീ കാരണം നീ കാരണം’‘

‘’ ഞാനെന്താ ചെയ്തത്?’‘

‘’ ദേ എന്നെക്കൊണ്ടൊന്നും പറയിക്കരുത്. ഞാനന്താ പൊട്ടനാണെന്നാണോ നിന്റെ വിചാരം? നീ എല്ലാം തകര്‍ത്തില്ലേ? എന്റെ ജീവിതം എന്റെ സ്വപ്നങ്ങള്‍ എല്ലാം എല്ലാം”

ഗിരിജ പൊട്ടിക്കരഞ്ഞു. ദേഷ്യത്തിന്റെ കെട്ടുപൊട്ടി അനന്തന്‍ ഗിരിജയെ അടിച്ചു. പിന്നെ ചവുട്ടി ഗിരിജ താഴേക്ക് വീണു. കുട്ടികള്‍ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അനന്തന്‍ കുറച്ചു തെറിയും ശാപവാക്കുകളും ഉരുവിട്ടുകൊണ്ട് പുറത്തേക്കു പോയി.

എവിടെ നിന്നെങ്കിലും കാശുവാങ്ങി മദ്യപിക്കണം. കോപത്തിന്റെ അഗ്നിജ്വാലകള്‍ മദ്യത്തിന്റെ ജലാംശം കൊണ്ടേ കെട്ടടങ്ങു.

വഴിയില്‍ കണ്ട പലരോടും അനന്തന്‍ കാശു ചോദിച്ചു. പക്ഷെ ആരും കൊടുത്തില്ല.

അനന്തന്‍ നേരെ വൈദ്യശാലയിലേക്കു കയറിച്ചെന്നു.

രായപ്പന്‍ ഞെട്ടി. അഹിതമായ എന്തെങ്കിലും സംഭവിക്കുമെന്ന് അയാള്‍ ഭയപ്പെട്ടു. അടുത്ത കടകളില്‍ നിന്ന് രണ്ടു മൂന്നു പേര്‍ വൈദ്യശാലക്കു മുന്നില്‍ നിന്നു എത്തി നോക്കി.

‘’ വൈദ്യരേ , ഒരു പത്തുരൂപ എടുക്ക്’‘

രായപ്പന്‍ വേഗം പത്തുരൂപയെടുത്ത് അനന്തനു കൊടുത്തു.

‘’ ഇത് എന്തിന്റെ കാശാണെന്ന് വൈദ്യര്‍ക്ക് അറിയാമായിരിക്കും’‘

രായപ്പന്‍ ഒന്നും മിണ്ടിയില്ല. എങ്ങിനെയും ആ ശല്യം ഒഴിഞ്ഞു കിട്ടിയാല്‍ മാനം രക്ഷപ്പെടും.

‘’ഞാന്‍ പറയണോ?’‘

അനന്തന്‍ ചുറ്റും നോക്കി. എന്നിട്ട് പുറത്തേക്കു നീങ്ങി.

‘’ ഇല്ല ഞാന്‍ പറേണില്ല . പക്ഷെ എല്ലാം എനിക്കറിയാം ഞാന്‍ പൊട്ടനല്ല’‘

രായപ്പന്‍ സ്തംഭിച്ചിരുന്നു പോയി.

അനന്തന്‍ ആടിയാടി ഷാപ്പിലേക്കു കയറുന്നത് രായപ്പന്‍ നോക്കിയിരുന്നു.

അയ്യപ്പന്‍കുട്ടിക്കും കൗസല്യക്കും വീടു വച്ചു താമസിക്കാന്‍ നാണുക്കുട്ടന്‍ 40 സെന്റ് സ്ഥല‍ത്തിന്റെ ആധാരം കണ്ണുവിനെ ഏല്‍പ്പിച്ചത് അയ്യപ്പന്‍കുട്ടി പട്ടരശ്ശന്‍ മുതലാളിയുടെ കുടികിടപ്പുകാരനായതുകൊണ്ട് ഇനി അതിന്റെ ആവശ്യമില്ല. മാത്രവുമല്ല കല്യാണിക്ക് ചില ആലോചനകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ആ സ്ഥലത്തില്‍ നിന്ന് പകുതിയെടുത്ത് കല്യാണിക്കു കൊടുക്കണം.

നാണുക്കുട്ടനും കുഞ്ഞുപെണ്ണും ആലോചിച്ച് തീരുമാനിച്ചു.

അടുത്ത ദിവസം ആധാരം വാങ്ങാന്‍ നാണുക്കുട്ടന്‍ കണ്ണുവിന്റെ വീട്ടിലെത്തി.

പഴയപോലെ ചേട്ടനും ചേടത്തിക്കും സ്നേഹത്തിന്റെ മുഖമില്ലെന്ന് നാണുക്കുട്ടന്‍ മനസിലാക്കി.

പതിവിന്‍ പടി മൂടു ചീഞ്ഞ രണ്ടു പാളയന്‍ കോടന്‍ പഴവും ചെറു ചായയും കൊച്ചുപെണ്ണ് നാണുക്കുട്ടനു കഴിക്കാന്‍ കൊടുത്തു. നാണുക്കുട്ടന്‍ പഴത്തിന്റെ ചീഞ്ഞഭാഗം ഒടിച്ചു കളഞ്ഞ് കഴിക്കുന്നതിനിടയില്‍ പറഞ്ഞു.

‘’ കല്യാണിക്ക് ചില ആലോചനകള്‍ വന്നു തുടങ്ങുന്നുണ്ട്. അയ്യമ്പിള്ളീലെ സ്ഥലത്തീന്ന് പകുതി അവള്‍ക്ക് കൊടുക്കണമെന്നാ വിചാരിക്കുന്നത്.’‘

‘’പെണ്‍കുട്ടികളുടെ കല്യാണം വേഗം നടത്തുന്നതാ നല്ലത്. എന്തിനാ നിറുത്തിക്കൊണ്ടിരിക്കുന്നെ? താഴേക്കും ആളുണ്ടല്ലോ കെട്ടാനും കെട്ടിച്ചു വിടാനും’ ‘ ‘’ ശരിയാ ഒത്തുവരുന്നത് എടുക്കണം എന്നു കരുതുന്നു’‘

കണ്ണുവിന്റെ വാക്കുകളില്‍ നല്ല ഉപദേശങ്ങളുടെ സുഗന്ധം പുരട്ടാന്‍ ശ്രമം നടന്നു. എങ്കിലും ആധാരത്തിന്റെ കാര്യമേ മിണ്ടിയില്ല.

അവസാനം നാണുക്കുട്ടന്‍ ചോദിച്ചു.

‘’ എന്നാ ഞാ‍ന്‍ തന്ന ആധാരം ഇങ്ങു തന്നേക്ക്. ഉടനെ എന്തെങ്കിലും ചെയ്യണമല്ലോ’‘

‘’ആധാരം ആര്‍ക്കാ കൊടുത്തത്?’‘

‘’ ഞാന്‍ ഇന്നാളു വന്നപ്പ കൊണ്ടുവന്നു തന്നില്ലെ?’‘

‘’ നാണുകൊണ്ടുവന്നത് ആധാരമായിരുന്നോ? ഞാനത് തുറന്നു നോക്കീല്ല. അങ്ങിനെ തന്നെ പത്തായത്തിലു വച്ചു പൂട്ടി’‘

നാണുക്കുട്ടന് ആശ്വാസമായി. ചേട്ടന്‍ ശ്രദ്ധിക്കാതിരുന്നതു കൊണ്ടാണ് ഇങ്ങിനെ പറഞ്ഞത്.

‘’ എന്നാ ഞാന്‍ എടുത്തുകൊണ്ടു വരാം’‘

കണ്ണു പത്തായത്തിലേക്കു കയറി. എന്നിട്ട് ഒരു പൊതിയുമായി ഇറങ്ങി വന്നു.

‘’ ഇന്നാ നാണു കൊണ്ടുവന്ന ആധാരം’‘

നാണുക്കുട്ടന്‍ പൊതി തുറന്നു നോക്കി. അയാള്‍ ഞെട്ടിപ്പോയി അതൊരു ഉണങ്ങിയ പീച്ചിങ്ങയായിരുന്നു.

‘’ ഇതല്ല ചേട്ടാ ഞാന്‍ കൊണ്ടുവന്നത് ആധാരമാ’‘

‘’ നിനക്കെന്താ പ്രാന്തായിപ്പോയോ നാണു. ആധാരമെങ്ങിനെ ഉണക്കപ്പീച്ചിങ്ങയാവുന്നെ?’‘

‘’ ഇതു നല്ല കൂത്ത്. നാണുക്കുട്ടാ നിനക്കെന്താ പറ്റീത്?’‘

കൊച്ചുപെണ്ണും പരിഹാസത്തോടെ ചിരിച്ചു.

നാണുക്കുട്ടന്റെ മുമ്പില്‍ ആകാശവും ഭൂമിയും വട്ടം ചുറ്റുന്നതു പോലെ തോന്നി.

‘’ എന്റെ അമ്മേ…’‘

നാണുക്കുട്ടന്‍ തലയില്‍ കൈവച്ചു താഴെ ഇരുന്നു പോയി.

Generated from archived content: kanni13.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here