This post is part of the series കണ്ണികള്‍
Other posts in this series:
‘’ കച്ചവടം തുടങ്ങുന്നതിന് അശ്വതി, രോഹിണീ, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ഉത്രം, അത്തം, ചോതി, കേട്ട , ഉത്രാടം, തിരുവോണം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളും പ്രതിപദവും അഷ്ടമിയും ഒഴിച്ചുള്ള തിഥികളും തിങ്കള്‍, ബുധന്‍, വ്യാഴം ഈ ആഴ്ചകളും അഷ്ടമശുദ്ധിയുള്ള ഇടവം, മിഥുനം, ചിങ്ങം, തുലാം, വൃശ്ചികം, മീനം ഈ രാശികളും നല്ലതാണ്. ‘’
ഒരു പ്രമാണം ചൊല്ലുന്നതുപോ.ലെ ഉരുവിട്ടുകൊണ്ട് കണിയാന്‍ ഒരു കുറിമാനം കൊടുത്തു.
നാരായണന്‍ കടലാസ് തുറന്നു നോക്കി അതില്‍ ‘’ ചൊവ്വാഴച ദിവസം രാവിലെ 8.30നും 8.45 നും മധ്യേ കച്ചവടം തുടങ്ങാന്‍ നല്ല ദിവസം ‘’ എന്ന് എഴുതിയിരുന്നു.
ഈ ദിവസം കുറിക്കാനാണോ ഇത്രയധികം തിഥികളും നക്ഷത്രങ്ങളും പറഞ്ഞു കൂട്ടിയത്. നാരായണന്‍ മനസിലോര്‍ത്തുകൊണ്ട് ഒരു ഒറ്റരൂപാ നാണയം ദക്ഷിണ കൊടുത്തു.
കടയിലേക്കു വേണ്ടുന്ന സാധങ്ങളുടെ ലിസ്റ്റ് നാരായണന്‍ തയ്യാറാക്കി. ചായക്ക് വെള്ളം തിളപ്പിക്കാന്‍ വലിയ ചെമ്പുകലം, ചെമ്പുകലത്തിന്റെ മൂടി, പഞ്ചസാര ഭരണി, ചായപ്പൊടിപ്പാട്ട, കാപ്പിപ്പൊടിപ്പാട്ട, ചീനച്ചട്ടി, ദോശക്കല്ല്, പുട്ടുകുറ്റി, അപ്പച്ചട്ടി, പപ്പടപ്പാട്ട, മുറം, കവിടിപ്പിഞ്ഞാണം, ഗ്ലാസ്സ്, ചൂല്‍, കൈകഴുകാനുള്ള വെള്ളം വയ്ക്കാന്‍ കലം, മണ്‍കുടം …ഇവ വാങ്ങിയപ്പോള്‍ത്തന്നെ നാരായണന് നല്ല പണം ചെലവായി. പിന്നെയും പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ടായിരുന്നു. രണ്ടു ബഞ്ചും രണ്ടു ഡസ്ക്കും വേണം. ചായ കൂട്ടാനുള്ള പൊക്കമുള്ള മേശ വേണം ചില്ലിട്ട അലമാര വേണം അരി, പഞ്ചസാര, ചായപ്പൊടി, കടല, പരിപ്പ് തുടങ്ങിയ സാധങ്ങള്‍ കടമായി നല്‍കാമെന്ന് വസ്തേരിപ്പാലത്തിനു വടക്കു വശം പുതുതായി പലചരക്കുകട ആരംഭിച്ച തോമസു മാപ്പിള സമ്മതിച്ചു.
കച്ചവടം ആരംഭിക്കുന്നതിനു മുമ്പ് രണ്ടു മൂന്നു നാരങ്ങാപ്പെട്ടി വാങ്ങി നാരായണന്‍ ഒരു അലമാര തല്ലിക്കൂട്ടി. അലമാരക്ക് ചില്ല് ഇല്ലായിരുന്നു. മറ്റെല്ലാ കാര്യങ്ങളും നാരായണന്‍ ഒരു വിധം ഭംഗിയായി ഒരുക്കൂട്ടി.
ചായക്കടക്ക് ഒരു നല്ല പേരു വേണം..,, പല പേരുകളും നിര്‍ദ്ദേശിക്കപ്പെട്ടു ഈശ്വരവിലാസം ഷണ്മുഖോദയം സമുദായ സ്നേഹി, സഹോദര വിലാസം അങ്ങിനെ പോയി പേരുകള്‍. അവസാനം ‘’ സഹോദരവിലാസം ടീഷോപ്പ്, ചക്കരക്കടവ്, പ്രൊപ്രൈ. അയ്യപ്പന്‍കുട്ടി ‘’ എന്ന് ബോര്‍ഡ് എഴുതി മുന്‍പില്‍ തൂക്കി.
ചായക്കടയുടെ ഉത്ഘാടനത്തിന് കണ്ണു, കൊച്ചുപെണ്ണ്, നാണുക്കുട്ടന്‍ , കുഞ്ഞുപെണ്ണ്, അയ്യപ്പന്‍കുട്ടി ,കൗസല്യ, രായപ്പന്‍ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു.
പറവൂര്‍ക്ക് പോകാനുള്ളവര്‍ക്കും പറവൂരില്‍ നിന്നു ചെറായിക്കു വരുന്നവര്‍ക്കും ഈ കടത്തു കടവിനെ ആശ്രയിക്കാതെ വയ്യ. അതുകൊണ്ടുതന്നെ ചായക്കട നന്നായി വരുമെന്നു എല്ലാവരും അഭിപ്രായപ്പെട്ടു.
കുഞ്ഞുപെണ്ണിനും കൊച്ചുപെണ്ണിനും ഒരു ഇരുട്ടടി കൊണ്ടതുപോലെയായി. ചായക്കട തുടങ്ങാനുള്ള തീരുമാനം രൂപം കൊണ്ടത് കുഞ്ഞുപെണ്ണിനും നാണുക്കുട്ടനും ആദ്യമേ അറിഞ്ഞു. നാണുക്കുട്ടന്റെ ആഗ്രഹം അയ്യപ്പന്‍ കുട്ടിയെ തങ്ങളുടെ കട ഏല്‍പ്പിച്ചു കൊടുക്കണം എന്നായിരുന്നു. ആണ്‍മക്കളാരും കട നടത്തിക്കൊണ്ടു പോകില്ല. അയ്യപ്പന്‍കുട്ടിയായിരുന്നെങ്കില്‍ ആത്മാര്‍ത്ഥമായി കട നോക്കും. കയ്യിട്ടു വാരില്ല. തന്റെ ആഗ്രഹം ഇനി ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് നാണുക്കുട്ടന്‍ തിരിച്ചറിഞ്ഞു. കൂടാതെ ചെറായിയിലെ ഏറ്റവും വലിയ സ്ഥാപനത്തില്‍ നിന്ന് ചരക്കു വാങ്ങാതെ പുത്തന്‍ കച്ചവടക്കാരനായ തോമസുമാപ്പിളയില്‍ നിന്നും ചരക്ക് കടം കൊണ്ടതും തന്നെ ആക്ഷേപിക്കുന്നതിനു തുല്യമായി നാണുക്കുട്ടന്‍ കണക്കു കൂട്ടി.
കൊച്ചുപെണ്ണിന്റെയും കണ്ണുവിന്റെയും മനസ്സ് കാലുഷ്യം കൊണ്ട് നിറഞ്ഞു. തന്റെ ചായക്കടക്ക് അപ്പുറത്തായി പുതിയൊരു ചായക്കട വരുന്നത് കച്ചവടത്തിനെ ദോഷമായി ബാധിക്കുമെന്ന് അവര്‍ ഭയപ്പെട്ടു. നാരായണന്‍ ഇത് മന:പൂര്‍വ്വം അയ്യപ്പന്‍കുട്ടിയെക്കൊണ്ട് ചെയ്യിക്കുന്നതാണ് കണ്ണു വിലയിരുത്തി.
ഉത്ഘാടന ദിവസം ഉണ്ടാക്കിയ പലഹാരങ്ങളെല്ലാം ഉച്ചയോടെ വിറ്റു തീര്‍ന്നു. പരീക്ഷണാര്‍ത്ഥം ഒരു കുല പാളയന്‍ കോടന്‍ പഴമാണ് വില്‍ക്കാന്‍ വച്ചിരുന്നത് അതും വേഗം തീര്‍ന്നു പോയി.
കൗസല്യയും സാവിത്രിയും ചേര്‍ന്ന് അല്‍പ്പം എണ്ണപ്പലഹാരങ്ങള്‍ കൂടിയുണ്ടാക്കി കടയടക്കുമ്പോള്‍ അത് രണ്ട് ഉണ്ടം പൊരി മാത്രം അവശേഷിച്ചു. അത് വീട്ടില്‍ കൊണ്ടു വന്ന് നാല് മക്കള്‍ക്കുമായി പങ്കിട്ടു നല്‍കി.
കച്ചവടം ഓരോ ദിവസം ചെല്ലുന്തോറും അഭിവൃദ്ധി പ്രാപിച്ചു വന്നു. അയ്യപ്പന്‍കുട്ടിയുടെ ചായയും പലഹാരങ്ങളും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ചക്കരക്കടവ് വടക്കുഭാഗത്തുള്ള ഭൂരിഭാഗവും അയ്യപ്പന്‍കുട്ടിയുടെ കടയിലെ സ്ഥിരക്കാരായി. കൂടാതെ ബോട്ടുജെട്ടിയില്‍ വരുന്നവര്‍ ബോട്ടിന് താമസമുണ്ടെന്നു കണ്ടാല്‍ അല്‍പ്പം നടന്ന് അയ്യപ്പന്‍കുട്ടിയുടെ കടയില്‍ പോയി ചായ കുടിക്കും.
രണ്ടു തരം ചായയാണ് കൊടുക്കുന്നത്. ഗ്ലാസിന്റെ മുക്കാല്‍ ഭാഗം ചായ ( ചെറു ചായ)ഒരണ. ഗ്ലാസ് നിറച്ചുള്ള ചായ ( വലിയ ചായ) ഒന്നരയണ.
ജീവിതത്തില്‍ തിരിച്ചടികള്‍ കൂടുതലായപ്പോള്‍ കണ്ണുവിനും കൊച്ചുപെണ്ണിനും സംയമനം നഷ്ടമായി. നാരായണനോടും അയ്യപ്പന്‍കുട്ടിയോടും അവരുടെ വൈരാഗ്യം വളര്‍ന്നു.
ഉത്ഘാടന ദിവസമല്ലാതെ നാരായണന്‍ കടയില്‍ ചെന്നിട്ടില്ല. എങ്കിലും ഓരോ ദിവസത്തെയും കാര്യങ്ങള്‍ നാരായണന്‍ കൃത്യമായി അറിഞ്ഞുകൊണ്ടിരുന്നു. തന്റെ അനിയനും കുടുംബത്തിനും ജീവിതത്തില്‍ ഒരു സുരക്ഷിതത്വം കൈവരുന്നു എന്ന തിരിച്ചറിവ് നാരായണനെ ഏറെ സന്തോഷിപ്പിച്ചു.
ചേട്ടനാണ് പണം മുടക്കിയതെങ്കിലും കടയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് കൗസല്യ മനസിലാക്കി. ചേട്ടന്റെ മനസ്സിന്റെ വലുപ്പത്തിന്റെ മുമ്പില്‍ കൗസല്യ തലകുനിച്ചു.
ഒരു ദിവസം ഉച്ചക്ക് കഞ്ഞി കുടിക്കാന്‍ ഇഞ്ചക്കാടന്‍ കുമാരനെ കണ്ടപ്പോള്‍ കൊച്ചുപെണ്ണ് ക്ഷണിച്ചു. കൊച്ചുപെണ്ണിന്റെ ആ പ്രകടനം കണ്ടപ്പോള്‍ എന്തോ വിഷയമുണ്ടെന്ന് ഇഞ്ചക്കാടന്‍ ഊഹിച്ചു.
കൊച്ചുപെണ്ണ് സ്നേഹത്തോടെ ചെറുപയറും പപ്പടവും കഞ്ഞിയും വിളമ്പി. സംശയത്തോടെ കഞ്ഞി കുടിക്കാനിരുന്നപ്പോള്‍ കാരണം കണ്ടു പിടിക്കാന്‍ ശ്രമിച്ചു. പിന്നെ അയാള്‍ സ്വയം സമാധാനിച്ചു. എന്തായായും തനിക്കെന്താ ഒന്നിനും വകയില്ലാത്ത തനിക്കെന്തു വരാനാ?
കൊച്ചുപെണ്ണ് ഒരു പലകയിട്ട് ഇഞ്ചക്കാടന്റെ മുമ്പില്‍ ഇരുന്നു.
‘’ എടാ കുമാരാ കൊറെ നാളായി ഈ വീടിനൊരു ശാപം കിട്ടിയപോലെ. എന്തിനും ഏതിനും ദുരിതം തന്നെ. എന്താരാ കാരണം”
കയ്യിലിരിപ്പിന്റെയാ ….. കൊറച്ചു വല്ലതുമാണോ പാപം. ചെയ്യുന്നത്? അതിന് അനുഭവിക്കേണ്ടി വരും മനസില്‍ അങ്ങിനെ തോന്നിയതെങ്കിലും ഇഞ്ചക്കാടന്‍ ഭവ്യമായി മറ്റൊന്നാണ് പറഞ്ഞത്.
‘’ അത് എനിക്കും തോന്നിയിട്ടുണ്ട്. എല്ലാറ്റിനും ദോഷ പരിഹാരം ചെയ്യണം. ആരെങ്കിലും ഈ വീട്ടീന്ന് ശബരിമലയില്‍ പോകണം. അയ്യപ്പസ്വാമി ശനിദേവനാ തൃപ്രയാറപ്പന് ഒരുവഴിപാടു നടത്തണം. പിന്നെ നല്ലൊരു ജോത്സ്യനെക്കണ്ട് പ്രശ്നം വയ്പ്പിക്കണം’‘
‘’ ആരാ നല്ല ജോത്സ്യര്‍?’‘
‘’ കോതപ്പറമ്പില്‍ നല്ലൊരു ജോത്സ്യരുണ്ട്. കേട്ടിട്ടുണ്ടാകും ജ്യോതിഷരത്നം പുഷോത്തമന്‍ നായര്‍. നമ്മുടെ ജാതിക്കാരുടെ വീടുകളില്‍ പോവില്ല. വേണമെങ്കില്‍ അവിടെ ചെല്ലണം ‘’
കൊച്ചുപെണ്ണിന് നല്ലൊരു കാര്യമായി തോന്നി. കോതപ്പറമ്പിലേക്കും തൃപ്രയാറിലേക്കും ഇഞ്ചക്കാടനെത്തന്നെ അയക്കാം. തൃപ്രയാറില്‍ നിന്നും മടങ്ങുന്ന വഴി കോതപ്പറമ്പിലെത്തി ജോത്സ്യരെക്കണ്ട് ജോത്സ്യം നോക്കാനുള്ള തീയതി നിശ്ചയിക്കാം. അപ്പോള്‍ യാത്രക്കാശ് ലാഭം. രണ്ടു പ്രാവശ്യം പോവണ്ടല്ലോ.
ഇഞ്ചക്കാടന്‍ കാശും വാങ്ങിപ്പോയി.
കോതപ്പറമ്പില്‍ ആദ്യം ചെന്നു ജോത്സ്യനെ കണ്ട് തീയതി ഉറപ്പിച്ചു. ജോത്സ്യര്‍ കണ്ണുവിന്റെ വീട്ടുകാര്യങ്ങളെല്ലാം സവിസ്തരം ചോദിച്ചറിഞ്ഞു.
ഇഞ്ചക്കാടാന്‍ പോകാനിറങ്ങി.
‘’ ഇനിയെങ്ങോട്ടാ?’‘
പുരുഷോത്തമന്‍ ചോദിച്ചു.
‘’തൃപ്രയാറുവരെ പോകണം.. ഒരു വഴിപാടുണ്ടേ പത്ത് ഉറുപ്പിക തന്നു വിട്ടിട്ടുണ്ട് ദോഷപരിഹാരം ഉണ്ടാകണം’‘
‘’ കുമാരന് ദൈവവിശ്വാസം ഉണ്ടോ?
‘’ ഉണ്ട്’ ‘ ‘’അസാരം പാണ്ഡിത്യവുമുണ്ട്. കാവ്യങ്ങളൊക്കെ അറിയാമെന്നു കേട്ടിട്ടുണ്ട്’‘
‘’അല്‍പ്പ സ്വല്‍പ്പം’‘
ഇഞ്ചക്കാടന്‍ വിനയം ഭാവിച്ചു.
‘’ ദൈവം സര്‍വവ്യാപിയാ തൂണിലും തുരുമ്പിലുമുണ്ട്. ഏക ദൈവത്തെ മനുഷ്യന്‍ പല രൂപത്തിലും ഭാവത്തിലുമാ കാണുന്നത്. ശ്രീരാമന്‍ തന്നെയാണ് ശ്രീകൃഷ്ണനും കുമാരന് അത് അറിയില്ലേ?”
‘’ അറിയാം’‘
‘’ ഞങ്ങള്‍ക്കൊരു കുടുംബക്ഷേത്രമുണ്ട് അതാ ദാ കാണുന്നത്. കൃഷ്ണനാ പ്രതിഷ്ഠ. കുമാരന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ച് വഴിപാട് ഇട്ടോളു. ഇവിടെയാകുമ്പോള്‍ അധികം ആളുകളുടെ ആവലാതി കേള്‍ക്കേണ്ടി വരില്ല. അപ്പ കാര്യം നടക്കാന്‍ എളുപ്പമാ’‘
ഇഞ്ചക്കാടനും കാര്യം കൊള്ളാമെന്നു തോന്നി. ഒരണ എടുത്ത് ഭക്തിപൂര്‍വം ധ്യാനിച്ച് ഭണ്ഡാരത്തില്‍ നിക്ഷേപിച്ചു. എന്നിട്ട് മനസില്‍ പ്രാര്‍ത്ഥിച്ചു !
‘’ ഭഗവാനെ എന്റെ കഷ്ടപ്പാടുകള്‍ ഭഗവാന് അറിയാമല്ലോ. കൊച്ചുപെണ്ണു ചേടത്തി തന്നയച്ചതില്‍ നിന്ന് ഒമ്പത് രൂപ പതിനഞ്ചണ ഞാനെടുക്കുന്നു. അമ്മക്ക് എന്തിനാ കാശ്? ഒന്നു ക്ഷമിക്കണം അല്ലെങ്കില്‍ തന്നെ ഇത് ഇവിടുത്തേക്കുള്ളതല്ലല്ലോ തൃപ്രയാറപ്പന്റേതല്ലേ?’‘
ജോത്സ്യര്‍ക്ക് വലിയ സന്തോഷമായി. പത്തുരൂപയും വഴിപാടായി കിട്ടിയെന്നാണ് അദ്ദേഹം കരുതിയത്. മറ്റുള്ളവര്‍ എത്താത്തതുകൊണ്ട് ക്ഷേത്രത്തിലെ നിത്യദാന ചെലവുകള്‍ കഷ്ടിച്ചാണ് നടന്നിരുന്നത്.
ഇഞ്ചക്കാടന്‍ കോതപ്പറമ്പില്‍ നിന്ന് കൊടുങ്ങല്ലൂര്‍ക്ക് തിരിച്ചു. തെക്കെ നടയിലെ ഒരു ഹോട്ടലില്‍ കയറി ഊണു കഴിച്ചു. അതിനുശേഷം ആല്‍ത്തറ പരിസരത്ത് ഉച്ചയുറങ്ങി. അതിനു ശേഷം രാത്രിയാണ് ചെറായിയില്‍ തിരിച്ചെത്തിയത്.
ജോത്സ്യം നോക്കാന്‍ നിശ്ചയിച്ച തീയതിക്ക് കണ്ണുവും കുമാരനും കോതപ്പറമ്പിലേക്കു പോയി.
ജോത്സ്യന്റെ വീടും പരിസരവുമൊക്കെ കണ്ടപ്പോള്‍ തന്നെ കണ്ണുവിന് പൂര്‍ണ്ണ തൃപ്തിയായി. കവടിപ്പലക മുമ്പില്‍ വച്ച് കാവിയുടുത്ത് ധ്യാനിച്ച് അംശിച്ച് നിരത്തിക്കൊണ്ട് ജോത്സ്യന്‍ പറഞ്ഞു.
”കുടുംബം ആകെ അലങ്കോലമായ മട്ടാണല്ലോ കാണുന്നത്. ഒരു കാര്യവും വിജയത്തിലെത്തുന്നില്ല. വീട്ടില്‍ ദുര്‍മ്മരണം വരെ നടന്നിട്ടുണ്ട്. മകന് ഭാര്യാ വിയോഗവും മാനഹാനിയും ഉണ്ടായതായി കാണുന്നു. ഇപ്പോള്‍ കംസയോഗവും ഉണ്ടായിരിക്കുന്നു’‘
‘’ എന്താ കംസ യോഗം?’‘
ഇഞ്ചക്കാടന്‍ ചോദിച്ചു.
‘’ സ്വന്തം അമ്മാവനായിട്ടു പോലും കംസനെ കൃഷ്ണന്‍ വധിച്ചതു കേട്ടിട്ടില്ലെ അതു തന്നെ കംസയോഗം സൂക്ഷിക്കണം. ഇല്ലെങ്കില്‍ ആകെ നശിക്കും. ഭാര്യാസഹോദരിസ്ഥാനത്തു നിന്നു അപകടം കാണുന്നു. അവര്‍ക്ക് വച്ചു സേവയുണ്ട്. ചാത്തനും ചാമുണ്ടിയും അവരുടെ വിളിപ്പുറത്താണ്. സൂക്ഷിക്കണം. അവരുടെ ശ്രീ കെടുത്തിക്കളയണം. എങ്കിലേ നിങ്ങള്‍ക്ക് രക്ഷയുണ്ടാകൂ…’‘
ജോത്സ്യാലയത്തില്‍ നിന്നും മടങ്ങുമ്പോള്‍ കണ്ണുവിന്റെ കാതുകളില്‍ ജോത്സ്യവചനം മുഴങ്ങിക്കൊണ്ടിരുന്നു.
‘’ കംസയോഗം ഉണ്ടാകും കംസയോഗം …കംസയോഗം…’‘
ഇതെന്തു ജോത്സ്യരാ ഇഞ്ചക്കാടന്‍ ഉള്ളിലോര്‍ത്തു. ഇങ്ങിനെയാണോ ജോത്സ്യം പറയുന്നത്. ദിവസം നോക്കാന്‍ ചെന്നപ്പോള്‍ തന്നോടു ചോദിച്ചു മനസിലാക്കിയ കാര്യങ്ങള്‍ അപ്പാടെ പറഞ്ഞതല്ലാതെ കാര്യകാരണസഹിതം ഒന്നും പറഞ്ഞില്ല. പക്ഷെ താന്‍ കൊണ്ടു ചെന്നു ബന്ധപ്പെടുത്തിയ ആളെ കുറ്റം പറഞ്ഞാല്‍ അത് തനിക്കു തന്നെ വിനയാകുമെന്നോര്‍ത്ത് ഇഞ്ചക്കാടന്‍ മൗനം പൂണ്ടു.
വീട്ടിലെത്തിയപാടെ കൊച്ചുപെണ്ണും കണ്ണുവും തമ്മില്‍ എന്തെല്ലാമോ പിറുപിറുത്തു.
പിറ്റെ ദിവസം വെളുപ്പിന് കട തുറക്കാനെത്തിയ അയ്യപ്പന്‍കുട്ടിയെ എതിരേറ്റത് ദുര്‍ഗ്ഗന്ധമായിരുന്നു. ഹരീക്കലിന്‍ ലാമ്പിന്റെ തിരി ഒന്നു കൂടി പൊക്കി വച്ചുകൊണ്ട് അയ്യന്‍കുട്ടി സൂക്ഷിച്ചു നോക്കി. കടയുടെ ചവിട്ടു പടിയില്‍ തന്നെ ആരോ മലവിസര്‍ജനം ചെയ്തിരിക്കുന്നു.
‘’ ഹോ എന്തൊരു കഷ്ടം!’‘
അയ്യപ്പന്‍കുട്ടി സങ്കടപ്പെട്ടു പറഞ്ഞു പോയി.
സാവിത്രി കയ്യിലുണ്ടായിരുന്ന ഉരുളക്കിഴങ്ങിന്റെയും കടലയുടേയും കറിപ്പാത്രങ്ങള്‍ താഴ വച്ച് ഒരു വാഴയിലയില്‍ മലം കോരിയെടുക്കാന്‍ കുനിഞ്ഞു.
‘’ വേണ്ട മോളെ ഞാന്‍ കോരാം കെട്ടിക്കാറായ നീ അന്യന്റെ തീട്ടം കോരണ്ട’‘
അയ്യപ്പന്‍കുട്ടി പൊട്ടിയ ഒരു ഓടിന്റെ കഷ്ണങ്ങളെടുത്ത് മലം കോരി പുഴയില്‍ കളഞ്ഞു. എന്നിട്ട് പുഴയില്‍ നിന്ന് വെള്ളം കോരി തറമുഴുവന്‍ കഴുകി. അതിനു മീതെ കുറച്ചു മണ്ണെണ്ണയും ഒഴിച്ചു.
അപ്പോഴേക്കും ആദ്യത്തെ കടത്തു പൊയി. എന്നിട്ടും അയ്യപ്പന്‍കുട്ടിക്ക് കടയില്‍ കച്ചവടം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
നടന്ന സംഭവം അയ്യപ്പന്‍ കുട്ടി ആരോടും പറഞ്ഞില്ല. അത് തന്റെ കച്ചവടത്തിനെ ബാധിക്കുമെന്ന് അയാള്‍ക്കു തോന്നി.
എങ്കിലും ഇഞ്ചക്കാടന്‍ കുമാരന്‍ സംഭവം അറിഞ്ഞു. വടക്കേക്കടവിലെ കല്ലന്‍ പരമേശ്വരന്റെ മകന്‍ അച്യുതന്‍ അതിന്റെ കൂലി വാങ്ങാന്‍ കൊച്ചുപെണ്ണിന്റെ അടുത്തെത്തി. അവര്‍ പഴക്കുലയില്‍ തിരഞ്ഞ് ചീയാന്‍ തുടങ്ങിയ അഞ്ചാറു പാളയന്‍ കോടന്‍ പഴങ്ങള്‍ ഉരിഞ്ഞു കൊടുത്തു. അതു തിന്നു അവന്‍ പിന്നെയും നിന്നു.
‘’ എന്താ നീ പോണില്ലേ?’‘
കൊച്ചുപെണ്ണ് ചോദിച്ചു.
‘’ എനിക്കു കാശു താ’‘
‘’ എന്തിന്റെ കാശ് ‘’
‘’തൂറീതിന്റെ കാശ്’‘
ആ വാക്കു കേട്ടപ്പോഴാണ് മുറ്റത്ത് തേങ്ങ പെറുക്കിക്കൂട്ടിക്കൊണ്ടിരുന്ന ഇഞ്ചക്കാടന്‍ ശ്രദ്ധിച്ചത്.
‘’ നീ തൂറിതിന് ഞാനെന്തിനാ കാശു തരണത്?’‘
‘’ ദേ പറ്റിക്കാന്‍ നോക്കരുത്. നിങ്ങളു പറഞ്ഞിട്ടല്ലേ ഞാന്‍ അയ്യപ്പന്‍കുട്ടി ചേട്ടന്റെ കടയുടെ മുമ്പില്‍ തൂറീത്’‘
ഇനി അവനോടു തര്‍ക്കിക്കുന്നതു പന്തിയല്ലെന്നു കൊച്ചുപെണ്ണിനു മനസിലായി. അവര്‍ വേഗം ഒരണയെടുത്ത് അവന്റെ കയ്യില്‍ വച്ചു കൊടുത്തു.
‘’ ഒരണ എനിക്കു വേണ്ട എനിക്ക് ഒരു രൂപാ തരണം’‘
‘’ ഒരു രൂപയോ ഞാന്‍ നിനക്ക് മണ്ണാങ്കട്ട തരാം’‘
‘’ ഇല്ലെങ്കില്‍ വേണ്ട ഞാനിത് എല്ലാവരോടും പറയും’‘
ഗത്യന്തരമില്ലാതെ കൊച്ചുപെണ്ണ് ഒരു രൂപ അച്യുതനു കൊടുത്തു.
വിവരമറിഞ്ഞപ്പോള്‍ കണ്ണു പറഞ്ഞു.
‘’ ഒരു രൂപ പോയത് സാരമാക്കേണ്ട. ഉമ്മറപ്പടിയില്‍ തൂറിവച്ചാ കച്ചവടത്തിന്റെ ഐശ്വര്യം പോകും. ജോത്സ്യര്‍ പറഞ്ഞിട്ടുണ്ട് നമുക്ക് ജയം കിട്ടണമെങ്കില്‍ അവരുടെ ഐശ്വര്യം പോണംന്ന്’‘
പിന്നീടുള്ള ദിവസങ്ങളില്‍ മറ്റു തരത്തിലുള്ള ശല്യങ്ങളാണ് അയ്യപ്പന്‍കുട്ടിയുടെ കടയിലുണ്ടായത്. എല്ലാ ദിവസവും ഗ്ലാസ്സ് കവടിപ്പിഞ്ഞാണം എന്നിവയ്ക്ക് കുറവു വരും. ഒരു ദിവസം കടയുടെ ബോര്‍ഡ് അഴിച്ച് തോട്ടില്‍ കളഞ്ഞിരിക്കുന്നു.
ശല്യം സഹിക്കാതായപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് അയ്യപ്പന്‍ കുട്ടിക്കു തോന്നി. അക്കാര്യം നാരായണനെ ധരിപ്പിച്ചു.
‘’ ഞാന്‍ ഇതെല്ലാം നേരത്തെ അറിഞ്ഞു. എന്നോട് ഇഞ്ചക്കാടന്‍ ചേട്ടന്‍ പറഞ്ഞു. പക്ഷെ നമ്മളൊന്നും ചെയ്യണ്ട. ചെയ്യിക്കുന്നവര്‍ക്ക് അത് എന്നെങ്കിലും നിറുത്തേണ്ടതായി വരും‘’
‘’അപ്പോ ഇതാരാണു ചെയ്തതെന്നു ചേട്ടനു അറിയാമോ?’‘
‘’ അറിയാം നമ്മുടെ അമ്മാവനാ ഇതു ചെയ്യിക്കുന്നത്’‘
‘’ ങേ? പക്ഷെ എന്തിന്?’‘
‘’ ഒരു ജോത്സ്യന്റെ വാക്കു കേട്ടാണെത്രെ’‘
‘’ ഞാന്‍ പോയി അമ്മാവനോടു ഇപ്പോത്തന്നെ ചോദിക്കും’‘
‘’ വേണ്ടാ അമ്മാവനും അമ്മായിയും നമ്മുടെ അച്ഛനും അമ്മയും പോലെയാണ് അവരു തെറ്റു ചെയ്താല്‍ നമ്മളവരെ ചോദ്യം ചെയ്യുന്നതു ശരിയല്ല. എല്ലാം എന്നെങ്കിലും ഒരു കാലത്ത് ശരിയാകും’‘
Generated from archived content: kanni12.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ – അദ്ധ്യായം പതിമൂന്ന്