കണ്ണികള്‍ – അധ്യായം പതിനൊന്ന്

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

ഈട്ടുമ്മച്ചാലിനു പുറകിലായി ഒരു വലിയ മടല്‍ക്കുഴിയുണ്ട്. അയ്യപ്പന്‍കുട്ടി ആ മടല്‍ക്കുഴിയില്‍ മുങ്ങി മടലെടുത്ത് വഞ്ചിയിലിടുമ്പോഴാണ് നാരായണന്‍ ആ വഴി വരുന്നത്. അയാള്‍ അല്‍പ്പനേരം മാറിനിന്ന് അയ്യപ്പന്‍കുട്ടിയുടെ പ്രവൃത്തി വീക്ഷിച്ചു.

മടല്‍ക്കുഴിയിലെ കറുപ്പും നീലയും കലര്‍ന്ന വെള്ളത്തില്‍ മനുഷ്യമലവും ധാരാളമുണ്ട്. മടല്‍ മൂടിയിരിക്കുന്ന ചളിയില്‍ ഞാഞ്ഞൂലുകള്‍ നുളച്ചുകൊണ്ടിരിക്കുന്നു. ഈട്ടുമ്മച്ചാലിനു വടക്കുവശത്താണ് തീട്ടക്കടവ്. പരിസരത്തെ പുരുഷന്മാര്‍ വെളുപ്പിനു മുതല്‍ ഈ വിജനമായ കടവോരത്തു വന്നാണ് വെളിക്കിരിക്കുന്നത്. പത്തുപന്ത്രണ്ടു പേര്‍ ഒരേ സമയം കടവില്‍ നിരന്നിരിക്കും. ആ സമയം ലൈന്‍ബോട്ടുകള്‍ കടന്നു പോകും. അപ്പോള്‍ ചിലര്‍ എഴുന്നേല്‍ക്കും. മറ്റു ചിലര്‍ ഒരു ഭാവഭേദവും കൂടാതെ കൃത്യം പൂര്‍ത്തിയാക്കും. ഈ മലം കൂടുതലായും ഒഴുകിയെത്തുന്നത് മടല്‍ക്കുഴിയിലേക്കാണെന്ന് നാരായണന്‍ കണ്ടു.

അനിയന്റെ കഷ്ടപ്പാടുകള്‍ നാരായണന്റെ ഉള്ളു പൊള്ളിച്ചു. എന്തുവേണമെന്നും എങ്ങിനെ ജീവിക്കണമെന്നും അയ്യപ്പന്‍കുട്ടിക്ക് അറിഞ്ഞു കൂടാ. നല്ല രീതിയില്‍ ജീവിക്കുന്നതിന് നല്ല ഭാവന വേണമെന്ന രായപ്പന്റെ വാക്കുകള്‍ നാരായണന്‍ ഓര്‍ത്തു.

അച്ഛന്‍ മരിച്ചതിനു ശേഷം അമ്മയുമൊത്ത് വെള്ളം തോരാത്ത തങ്ങള്‍ അമ്മാവനോടൊപ്പം ചെറായിക്കു പോന്നതാണ് എല്ലാ ദുരിതങ്ങള്‍ക്കും കാരണം. കണ്ണു അമ്മാവന് സ്വത്തു വേണം എന്നല്ലാതെ തങ്ങളുടെ ഭാവി എങ്ങിനെ വേണമെന്ന് ചിന്തയില്ലായിരുന്നു. അമ്മാവന്റെയും കുഞ്ഞുപെണ്ണിന്റെയും മക്കള്‍ക്കു സംഭവിച്ചതും അതു തന്നെ.

അയ്യപ്പന്‍കുട്ടിയുടെ കുടുംബജീവിതം ഇപ്പോള്‍ ദാരിദ്ര്യം നിറഞ്ഞതാണ് . കല്യാണം കഴിഞ്ഞാല്‍‍ അയ്യപ്പന്‍ കുട്ടിയെ കടയില്‍ നിറുത്താമെന്ന കുഞ്ഞുപെണ്ണിന്റെയും നാണുക്കുട്ടന്റെയും കണക്കു കൂട്ടലുകള്‍ തെറ്റിപ്പോയി. അയ്യപ്പന്‍കുട്ടി മറ്റൊരു വീട്ടിലേക്കു മാറിത്താമസിച്ചത് അവര്‍ക്ക് ഇഷ്ടമായില്ല. എങ്കിലും അത് പുറമെ ഭാവിച്ചില്ല. കണ്ണുവിന്റെ കടയില്‍ കുറച്ചു നാള്‍ നിന്നു. അതിനിടയിലാണ് മടലെടുക്കാനുള്ള ആശയം ആരോ അയ്യപ്പന്‍കുട്ടിയുടെ മനസില്‍ വിതച്ചത്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള അനിയന്റെ ശ്രമം കൊള്ളാം. പക്ഷെ, അത് ശരിയായ ഫലം നല്‍കുന്നതല്ല എന്ന് നാരായണന്‍ വിലയിരുത്തി.

‘’ അയ്യപ്പാ…’‘ എന്നു വിളിച്ചപ്പോള്‍ മാത്രമാണ് അയ്യപ്പന്‍കുട്ടി നാരായണനെ കണ്ടത്. അയാള്‍ വേഗം മടല്‍ക്കുഴിയിലെ വെള്ളത്തില്‍ കൈകാലുകളിലെ ചെളി കഴുകിക്കളഞ്ഞ് കരയിലേക്കു കയറി.

അയ്യപ്പന്‍കുട്ടി അടുത്തുവന്നപ്പോള്‍ തന്നെ മടല്‍ക്കുഴിയിലെ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടു.

നാരായണന്‍ അനിയനെ ആകെയൊന്നു നോക്കി. നേരത്തെ നല്ല നിറമുണ്ടായിരുന്ന അയ്യപ്പന്‍കുട്ടിയുടെ ശരീരം അവിടവിടെ കരുവാളിച്ചിരിക്കുന്നു. തലമുടി പശ പിടിച്ച് ജട കെട്ടിയിരിക്കുന്നു. കണ്‍തടങ്ങളിലും കരുവാളിപ്പുണ്ട്.

തന്നെ ഈ നിലയില്‍ കണ്ടത് ചേട്ടന് ഇഷ്ടപ്പെട്ടില്ലെന്ന് അയ്യപ്പന്‍കുട്ടിക്ക് മനസിലായി.

അയ്യപ്പന്‍കുട്ടി പറഞ്ഞു.

‘’ കാട്ടിപ്പറമ്പിലെ നാരായണന്‍ചേട്ടന് അത്യാവശ്യമായി കുറച്ചു മടലുവേണം. സ്ഥിരമായി മടലെടുക്കുന്ന കുഞ്ഞപ്പന് സുഖമില്ല . മടലില്ലെങ്കില്‍ കുറെ പേരുടെ ജോലി മുടങ്ങും അതാ ഞാന്‍…’‘

‘’ ശരി ശരി വൈകീട്ട് നിന്നെയൊന്നു കാണണം. നിനക്ക് അസൗകര്യം വല്ലതുമുണ്ടോ?’‘

‘’ ഇല്ല കാണാം’‘

നാരായണന്‍ നടന്നു . ചേട്ടന്റെ നെഞ്ചു വിരിച്ചുള്ള ആ നടത്തം അയ്യപ്പന്‍കുട്ടി നോക്കി നിന്നു. അപ്പോള്‍ തന്നെ അയാളുടെ മനസില്‍ ആകാംഷ തെളിഞ്ഞു. എന്തിനായിരിക്കും ചേട്ടന്‍ കാണണമെന്നു പറഞ്ഞത്?

പല തരത്തിലും അയ്യപ്പന്‍കുട്ടി ചിന്തിച്ചു നോക്കി. പക്ഷെ ഉത്തരം കണ്ടെത്താനായില്ല. പെട്ടെന്നാണ് അയ്യപ്പന്‍ കുട്ടിയുടെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നിയത്. തന്നോടും തന്റെ കുടുംബത്തോടും വീട്ടില്‍ നിന്ന് ഒഴിയണമെന്ന് പറയാനായിരിക്കുമോ?

അയ്യപ്പന്‍കുട്ടി നടുങ്ങിപ്പോയി.

നാരായണനാണ് പട്ടരശ്ശനെ കണ്ട് വീടു വയ്ക്കാന്‍ സ്ഥലം ചോദിച്ചു വാങ്ങിയത്. അവിടെ വീടുണ്ടാക്കിയതും ചേട്ടന്‍ തന്നെ. എന്നിട്ട് ഇപ്പോഴും ചേട്ടന് താമസിക്കാന്‍ ഇടമില്ല. മഞ്ഞിലും മഴയിലും ജെട്ടിയിലെ സിമെന്റ് ബഞ്ചില്‍ത്തന്നെ താമസം. വീട്ടില്‍ കിടക്കേണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ചേട്ടന്റെ കൂടെ താമസിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമേയുള്ളു. ഒരു പക്ഷെ അമ്മയുണ്ടായിരുന്നെങ്കില്‍ ചേട്ടന്‍ താമസിക്കുമായിരുന്നു.

തന്നോട് മാറണമെന്ന് ചേട്ടന്‍ പറഞ്ഞാല്‍ എന്താവും തങ്ങളുടെ സ്ഥിതി? എവിടെ പോവും? പുതുതായി ഒരു താമസ സൗകര്യം ഒരുക്കാന്‍ തന്നേക്കൊണ്ടാകുമോ? കൗസല്യയുടെ വീട്ടുകാരോ അമ്മാവനോ തന്നെ സഹായിക്കുമോ?

അയ്യപ്പന്‍കുട്ടി വളരെ പ്രയാസപ്പെട്ടാണ് വീട്ടില്‍ ചെന്ന് കയറിയത് ചെന്നപാടെ അയാള്‍ കൗസല്യയെ വിളിച്ചു.

‘’ എടിയേ…എടീ…’‘

എന്തോ ഗൗരവമുള്ള സംഗതിയുണ്ട് എന്നു കരുതി കൗസല്യ ഓടിയെത്തി.

‘’ എന്താ, എന്തു പറ്റി?’‘

‘’ നമ്മളിവിടെ നിന്നും ഇറങ്ങേണ്ടി വരും ‘’

‘’ അയ്യോ!’‘

കൗസല്യ ശരിക്കും ഞെട്ടിപ്പോയി.

കുടികിടപ്പുകാരുടെ പലരുടെയും അനുഭവങ്ങള്‍ കൗസല്യയുടെ മനസില്‍ മിന്നി മറിഞ്ഞു.

മുതലാളിമാര്‍ തങ്ങളുടെ പറമ്പില്‍ വീടുണ്ടാക്കാന്‍ അനുവാദം കൊടുക്കും. വീട് കല്ലിട്ടു കെട്ടരുത്. മേല്‍ക്കൂര ഓട് ഇടരുത് തുടങ്ങിയ നിബന്ധനകള്‍ ഉണ്ടാകും. ആ നിബന്ധന ഒന്നും പട്ടരശ്ശന്‍ മുതലാളി നാരായണേട്ടനോട് പറഞ്ഞിട്ടില്ല.

കല്ലിട്ടു പണിയാതെ , മേല്‍ക്കൂര ഓടിടാതെ തന്നെയാണ് തങ്ങള്‍ വീടു പണിതിരിക്കുന്നത്. പല സ്ഥലങ്ങളിലും കുടികിടപ്പുകാര്‍ നട്ടു വളര്‍ത്തി കായ്ഫലമുണ്ടായാല്‍ അത് മുതലാളിമാര്‍ കൊണ്ടു പോകുന്ന പതിവുണ്ട്. ഇവിടെ ഇതുവരെ അങ്ങിനെയൊന്നുമുണ്ടായിട്ടില്ല. നാട്ടു നടപ്പനുസരിച്ചുള്ള പുരത്തേങ്ങയും പുരകെട്ടി മേയാനുള്ള ഓലയും നല്‍കുന്നുണ്ട്. ഓലക്ക് പണം കൊടുക്കണം എന്നു മാത്രം.

‘’ നിങ്ങളോട് ഇതാരാ പറഞ്ഞെ?’‘

‘’ നാരായണേട്ടന്‍’‘

‘’ നാരായണേട്ടന്‍ എന്താ പറഞ്ഞത്? ‘’

‘’ ഇന്നു വൈകുന്നേരം ഒന്നു കാണണമെന്ന്’‘

‘’ വേറെ വല്ലതും പറഞ്ഞോ?’‘

‘’ നിനക്ക് അസൗകര്യം വല്ലതുമുണ്ടോ എന്നും ചോദിച്ചു’ ‘ ‘’ അല്ലാതെ ഒന്നും പറഞ്ഞില്ലേ?’‘

‘’ ഇല്ല’‘

‘’പിന്നെ താമസം ഒഴിയണമെന്ന് ആരാ പറഞ്ഞേ?’‘

‘’ ആരും പറഞ്ഞില്ല’‘

‘’ പിന്നെ?’‘

‘’ പിന്നെ… എനിക്കങ്ങനെ തോന്നി’‘

‘’ നൊസ്സാ, നിങ്ങള്‍ക്ക് …നൊസ്സ്. വെറുതെ മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു’‘

‘’ അപ്പോ , ചേട്ടനെന്താ കാണണമെന്ന് പറഞ്ഞെ?’‘

‘’ അതൊരു പക്ഷെ എന്തെങ്കിലും തരാനായിരിക്കും’‘

കൗസല്യ പറഞ്ഞു തീര്‍ന്നതും പുറത്തുനിന്ന് സാവിത്രി വിളിച്ചു പറഞ്ഞു.

‘’ ദേ, വല്യച്ഛന്‍ വരണ്…’‘

ഉത്കണ്ഠകൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായാണ് അയ്യപ്പന്‍കുട്ടി ചേട്ടന്റെ നേരെ വന്നത്. സ്നേഹത്തിന്റെയും ആത്മാര്‍ത്ഥതയുടേയും തെളിച്ചമല്ലാതെ മറ്റൊന്നും നാരായണന്റെ മുഖത്തു കണ്ടില്ല.

അയ്യപ്പന്‍കുട്ടിക്ക് തെല്ലൊരാശ്വാസം തോന്നി.

നാരായണന്‍ പറഞ്ഞു.

‘’ ചക്കരക്കടവ് കടത്തു കടവില് ഒരു കട ഒഴിവു വന്നിട്ടുണ്ട്. നമുക്കവിടെ ഒരു ചായക്കട തൊടങ്ങണം. കട ഞാന്‍ വാടക ഒറപ്പിച്ച് എടുത്തിട്ടുണ്ട് നീ എന്തു പറയുന്നു?’‘

അയ്യപ്പന്‍കുട്ടിക്ക് അതിയായ സന്തോഷം തോന്നി. ചേട്ടന്റെ കട അപ്പോള്‍ അത് തന്റെയും കടയാണ്.

സാവിത്രിയാണ് ആദ്യം മറുപടി പറഞ്ഞത്.

‘’ നല്ലതാ വല്യച്ഛാ എത്ര നാളാ അച്ഛനിങ്ങനെ പണിയില്ലാതെ നില്‍ക്കുക?’‘

‘’ നീ എന്താ മറുപടി പറയാത്തത്?’‘

അയ്യപ്പന്‍കുട്ടിക്ക് വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

‘’ നമുക്ക് നോക്കാം’‘

‘’ നോക്കാമെന്നു പറഞ്ഞാ പോരാ നീ വേണം കടയുടെ മുഴുവന്‍ ഉത്തരവാദിത്വവും നോക്കാന്‍. ഞാന്‍ വരാം പക്ഷെ എനിക്ക് വല്ലപ്പോഴുമേ വരാന്‍ പറ്റു’‘

കൗസല്യ ഇടപെട്ടു പറഞ്ഞു.

‘’ എന്നാലും ചേട്ടന്റെ നോട്ടം വേണം ഇവിടെത്തെയാള്‍ക്ക് സൊന്തമായി ഒരു കാര്യവും ചെയ്തു ശീലമില്ല’‘

‘’ പിന്നെ ഞാന്‍ നോക്കാതിരിക്കുമോ?’‘

‘’എന്തായാലും കട തൊടങ്ങാനുള്ള സമയം നോക്കണം ‘’

മുമ്പൊരിക്കല്‍ സമയം നോക്കാന്‍ പോയതിന്റെ ജാള്യം നാരായണന്റെ മനസില്‍ തികട്ടി വന്നു. എങ്കിലും അയാള്‍ സമ്മതിച്ചു.

നാരായണന്‍ അന്ന് അത്താഴം അവിടെ നിന്നാണ് കഴിച്ചത്.

പോകാന്‍ നേരം കൗസല്യ പറഞ്ഞു.

‘’ ചേട്ടന്‍ ഇവിടെ കിടക്ക്”

സാവിത്രി ഒന്നു കൂടി ഭംഗിയായി പറഞ്ഞു.

‘’ വലിയച്ഛന്‍ എന്നും ഇവിടെ കിടന്നാ മതി’‘

‘’ ശരിയാ ചേട്ടനെന്തിനാ ജെട്ടിയില്‍ പോയി കിടക്കുന്നത്?’‘

‘’ കിടപ്പ് പിന്നീടൊരിക്കലാവാം ഇപ്പോള്‍ പോട്ടെ ‘’

കൗസല്യ കത്തിച്ചു കൊടുത്ത ചൂട്ടുമായി നാരായണന്‍ നടന്നു. വീശുമ്പോള്‍ തെളിഞ്ഞു കത്തുന്ന ചൂട്ടു പോലെ അയാളുടെ മനസില്‍ പഴയ ഓര്‍മ്മകള്‍ തെളിഞ്ഞു.

അമ്മയും സഹോദരന്റെ കുടുംബവുമൊത്തുള്ള ജീവിതം നാരായണന്റെ വലിയ സ്വപ്നമായിരുന്നു. പക്ഷെ അമ്മയുടെ മരണം എല്ലാം തകര്‍ത്തു കളഞ്ഞു.

മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷം നാരായണന്‍ പുതിയ വീട്ടില്‍ കിടക്കാനെത്തി. ഒരു മുറിയില്‍ അയ്യപ്പന്‍കുട്ടിയും കൗസല്യയും. അടുത്ത മുറിയില്‍ നാരായണന്‍. മധുവിധുവിന്റെ ലഹരി വിടാത്ത നവദമ്പതികളുടെ പ്രണയ സല്ലാപങ്ങള്‍…

നാരായണന് ആകെ വീര്‍പ്പുമുട്ടി. ഇനിയും അവിടെ നില്‍ക്കാന്‍ വയ്യ. നില്‍ക്കുന്നത് അയ്യപ്പന്‍കുട്ടിയുടെ സ്വകാര്യ ജീവിതം കടിഞ്ഞാണിടാന്‍ ഇടവരുത്തും അതു വേണ്ട.

നാരായണന്‍ ശബ്ദമുണ്ടാക്കാതെ പനമ്പുതട്ടികൊണ്ട് ഉണ്ടാക്കിയ വാതിലിന്റെ കെട്ടഴിച്ച് പുറത്തിറങ്ങി. അതിനു ശേഷം ഇന്നുവരെ ബോട്ടു ജെട്ടിയിലെ സിമന്റ് ബഞ്ചിലേ കിടന്നിട്ടുള്ളു.

രായപ്പനുമായി കുറച്ചു നാളുകളായി അയ്യപ്പന്‍കുട്ടിക്ക് ബന്ധമുണ്ടായിരുന്നില്ല. ജീവിതത്തിലെ അലസമായ ആദ്യ നാളുകളില്‍ അവരുടെ ബന്ധം സുദൃഢമായിരുന്നു. പിന്നെ അപ്രതീക്ഷിതമായ സംഭവങ്ങളില്‍ അവരുടെ ബന്ധത്തിന്റെ മുറുക്കം കുറഞ്ഞു . എങ്കിലും അയ്യപ്പന്‍കുട്ടിയുടെ ഏറ്റവും നല്ല സുഹൃത്ത് രായപ്പനും രായപ്പന്റെ ഏറ്റവും നല്ല സുഹൃത്ത് അയ്യപ്പന്‍കുട്ടിയുമായിരുന്നു.

രായപ്പന്‍ അയ്യപ്പന്‍കുട്ടിയോടു ചോദിച്ചു.

‘’ അയ്യപ്പന്‍കുട്ടി ഇന്ന് അണ്ടിശ്ശെരീ പോരുന്നുണോ?’‘

‘’ എന്താ അണ്ടിശ്ശേരീല് ?’‘

‘’ അവിടെ അമ്പലത്തില് രാത്രി കളം തുള്ളലുണ്ട്.’‘

‘’ എന്നാ പോകാം’‘

ചെറായി കൊച്ചിയിലും പറവൂര്‍ തിരുവതാംകൂര്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാ‍യിരുന്നു. പറവൂരില്‍ പെരുമ്പടന്ന എന്ന സ്ഥലത്താണ് അണ്ടിശ്ശേരി അമ്പലം. അവിടത്തെ കളം വളരെ പ്രശസ്തമാണ്. അതുകാണാന്‍ ദൂര സ്ഥലങ്ങളില്‍ നിന്നു പോലും ആളുകളെത്തും.

കാളിയുടെയും നാഗങ്ങളുടേയും കളങ്ങളാണ് മുഖ്യമായും എഴുതുന്നത്. കുലവൃത്തിയായി സ്വീകരിച്ച പുള്ളുവന്‍മാരാണ് കാലങ്ങളായി കളമെഴുതി വന്നിരുന്നത്.

നാടാന്‍ സാമഗ്രഹികള്‍ കൊണ്ടു തയ്യാറാക്കിയ അഞ്ചുതരം പൊടികളാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കറുപ്പിനു വേണ്ടി ഉമിക്കരി, വെള്ളനിറത്തിനു വേണ്ടി അരിപ്പൊടി, മഞ്ഞനിറം കിട്ടാന്‍ മഞ്ഞള്‍പ്പൊടി, പച്ചനിറത്തിനു വാകയുടെ പൊടി, ചുവപ്പിനു വേണ്ടി മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേര്‍ത്ത മിശ്രിതം. ഇവ കൊണ്ടു നിലത്ത് ചിത്രമെഴുതുന്നു. ഒരുചുവര്‍ ചിത്രത്തിന്റെ ഭംഗിയും വര്‍ണ്ണപ്പൊരുത്തവും ഈ കളങ്ങളില്‍ ദര്‍ശിക്കാം. സ്ത്രീകളാണ് കളം കാണാന്‍ കൂടുതലുള്ളത്. അയ്യപ്പന്‍ കുട്ടിയും രായപ്പനും എത്തുമ്പോള്‍ കളം വര തുടങ്ങുന്നതേയുള്ളു. ആശാനായിട്ടുള്ള പുള്ളുവന്‍ ഇഷ്ടദേവതയെ മനസ്സില്‍ ധ്യാനിച്ച് ആദ്യം ഒരു വര വരച്ചു. പിന്നെ ശരീരാവയവങ്ങള്‍ വരക്കാന്‍ തുടങ്ങി. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ആശാനും ഉദരം, കൈകാലുകള്‍ എന്നിവ ശിഷ്യനും വരച്ചു. കുചം, കണ്ണുകള്‍, നാസിക എന്നിവ നിലത്തു നിന്നും പൊങ്ങി നിന്നു.

കളം വര പൂര്‍ത്തിയായപ്പോള്‍ യൗവനയുക്തയായ ഒരു പെണ്‍കുട്ടി തുളളല്‍ തുടങ്ങി. നാഗത്തെപ്പോലെ വളഞ്ഞു പുളഞ്ഞു അവള്‍ കളത്തില്‍ മുഴുവന്‍ ഉരുണ്ടു. വര്‍ണ്ണ സുന്ദരമായ നാഗദേവതയുടെ രൂപം കലങ്ങി കറുത്തിരുണ്ടു.

അയ്യപ്പന്‍കുട്ടി കളത്തിനു മുമ്പില്‍ ഭക്തിയോടെ തൊഴുതു നിന്നു. ഈ സമയം രായപ്പന്‍ ഒരു യുവതിയുമായി സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതു അയ്യപ്പന്‍കുട്ടിയുടെ ശ്രദ്ധയില്‍ പെട്ടു.

ഏതോ ഉയര്‍ന്ന തറവാട്ടിലുള്ള വീട്ടമ്മയാണെന്ന് വിളിച്ചറിയിക്കുന്ന വേഷമായിരുന്നു യുവതിയുടേത്. വെളുത്ത് അല്‍പ്പം തടിച്ച അവരുടെ സമീപം രണ്ടു പെണ്‍കുട്ടികളും നിന്നിരുന്നു.

വെളുപ്പിനാണ് അമ്പലത്തിലെ ചടങ്ങുകള്‍ കഴിഞ്ഞത്. അതുവരെയും അയ്യപ്പന്‍കുട്ടിയും രായപ്പനും അമ്പലത്തില്‍ തന്നെ നിന്നു. അകലെ മാറി നിന്നിരുന്ന യുവതി രായപ്പനെ കണ്ണെടുക്കാതെ നോക്കി നിന്നിരുന്നു.

വളവര വഞ്ചിയുടെ അമരത്ത് അയ്യപ്പന്‍കുട്ടി ഇരുന്നു. അണിയത്തിരുന്ന് രായപ്പന്‍ തണ്ടു വലിച്ചു.

കുറച്ചു ദൂരം പോയിട്ടും രായപ്പന്‍ ഒന്നും മിണ്ടിയില്ല. ആ യുവതി ആരാണെന്ന് അറിയാനുള്ള ആകാംക്ഷയുണ്ടായിട്ടും രായപ്പന്‍ പറയട്ടെ എന്നു കരുതി അയ്യപ്പന്‍കുട്ടിയും മൗനം പാലിച്ചു.

വഞ്ചി എട്ടടിയോടം പാലം കഴിഞ്ഞ് ഒന്നാം തൂമ്പിനടുത്തെത്തിയപ്പോള്‍ രായപ്പന്‍ പറഞ്ഞു.

‘’ അയ്യപ്പന്‍കുട്ടി നമുക്കൊരു ചായ കുടിക്കാം. ദാമോദരന്‍ ചേട്ടന്റെ കട തുറന്നിട്ടുണ്ട്’‘

വഞ്ചി കടവിലടുത്തു. രണ്ടു പേരും ചായ വാങ്ങി കുടിച്ചു.

രായപ്പന്‍ ചോദിച്ചു.

‘’ അയ്യപ്പന്‍കുട്ടി, ഞാന്‍ സംസാരിച്ചുകൊണ്ടിരുന്ന പെണ്ണിനെ കണ്ടോ?”

” ഉവ്വ് ”

‘’ അതാരാണെന്ന് അറിയോ?’‘

‘’ ഇല്ല’‘

‘’ അതെന്റെ മുറപ്പെണ്ണാണ് ഗിരിജ’‘

ഇത്രേയുള്ളോ? അയ്യപ്പന്‍കുട്ടി മനസില്‍ കരുതി. അവരുടെ സംസാരം കണ്ടപ്പോള്‍ അതിനുമപ്പുറം എന്തോ ഉണ്ടെന്നു തോന്നിയിരുന്നു.

വീണ്ടും അവര്‍ വഞ്ചിയില്‍ കയറി തുഴഞ്ഞു നീങ്ങി.

രായപ്പന്‍ പതിവില്ലാത്ത വിധം സന്തോഷത്തോടെ സ്വയം കൃതിയായ ഒരു വഞ്ചിപ്പാട്ടു പാടി.

‘’ അമ്മാവന്റെ മോളാണല്ലോ

എന്റെ മുറപ്പെണ്ണാണല്ലോ

എന്നും ഞാനാ പൊങ്കുടത്തെ

സ്വപ്നം കാണുന്നു

തിത്തിത്താ‍ര തിത്തിത്തൈ

തിത്തൈ തകതൈതോം..’‘

പാട്ടുകഴിഞ്ഞയുടന്‍ രായപ്പന്‍ പൊട്ടി പൊട്ടി ചിരിച്ചു.

ഇത്തരമൊരു ഭാവം രായപ്പനില്‍ ആദ്യമായിട്ടാണ് കാണുന്നത്.

”വൈദ്യരേ… വൈദ്യര്‍ക്കെന്തു പറ്റി”

‘’ പ്രേമം …ദിവ്യമായ പ്രേമം”

ഇപ്രാവശ്യം ചിരിച്ചു പോയത് അയ്യപ്പന്‍കുട്ടിയായിരുന്നു.

‘’ പ്രേമിക്കുന്നത് കല്യാണം കഴിക്കാനല്ലേ? കല്യാണം കഴിച്ച പെണ്ണിനെ ആരെങ്കിലും പ്രേമിക്കുമോ?”

അയ്യപ്പന്‍കുട്ടിയുടെ മണ്ടന്‍ ചോദ്യത്തിനു മുന്നില്‍ രായപ്പന്‍ നിന്നു ചൂളി.

‘’ എടാ അവളെ ഞാന്‍ എന്നും പ്രേമിക്കും. ഇപ്പോഴും പ്രേമിക്കുന്നു’ ‘ ‘’ ആ കുട്ട്യോള്‍ അവരുടേതല്ലേ’‘

‘’ അതെ’‘

‘’ വെറുതെ ഒരു കുടുമ്മം കലക്കണോ?’‘

‘’ ആ കുടുമ്മം അല്ലെങ്കിലും കലങ്ങിയിരിക്കുകയാ’‘

അയ്യപ്പന്‍കുട്ടി മനസിലാകാത്തതുപോലെ രാ‍യപ്പനെ നോക്കി.

‘’ അവളന്റെ അമ്മാവന്റെ മോളാണ്. ചെറുപ്പം മുതലേ ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. ഞങ്ങളുടെ കല്യാണവും ചെറുപ്പത്തിലേ നിശ്ചയിച്ചതായിരുന്നു’‘

‘’ പിന്നെ എന്തു പറ്റി?’‘

‘’ കുറച്ചൊക്കെ നിനക്കും അറിയാവുന്നതാണല്ലോ. അച്ഛന്‍ മരിച്ചതോടെ ഞങ്ങളുടെ സ്ഥിതി അല്‍പ്പം മോശമായി. ആ സമയത്താണ് ഗിരിജക്ക് ഒരു കല്യാണാലോചന വന്നത്. വലിയ സാമ്പത്തിക സ്ഥിതിയുണ്ടെന്നു കേട്ടപ്പോള്‍ അമ്മാവന്‍ ഒന്നിളകി. അക്കാലത്ത് ഞാന്‍ തിരുവനന്തപുരത്തു നിന്ന് പഠിക്കുകയായിരുന്നു. ഗിരിജയുടെ കല്യാണം നടന്നത് ഞാന്‍ അറിഞ്ഞില്ല. അവളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് കല്യാണം നടത്തിയത്’‘

‘’ ഇനി എന്തുചെയ്യാനാ ഭാവം?’‘

‘’ നീയത് കണ്ടറിഞ്ഞോ?’‘

ഗൂഢമായ ഒരു മന്ദസ്മിതത്തോടെ രായപ്പന്‍ പറഞ്ഞു.

Generated from archived content: kanni11.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English