കണ്ണികള്‍ – അധ്യായം പത്ത്

This post is part of the series കണ്ണികള്‍

Other posts in this series:

  1. കണ്ണികള്‍- അവസാന ഭാഗം
  2. കണ്ണികള്‍ – അധ്യായം 32
  3. കണ്ണികള്‍ – അധ്യായം 31

ഭര്‍ത്താവിന്റെ വീട്ടില്‍ ആദ്യരാത്രിയില്‍ തന്നെയുണ്ടായ ദുരനുഭവം നളിനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമപ്പുറമായിരുന്നു. ഏതെങ്കിലും ഒരു സ്ത്രീക്ക് ഇത്തരം അനുഭവമുണ്ടായതായി അവള്‍ കേട്ടിട്ടുപോലുമില്ല.

നേരം വെളുക്കുന്നതിനു മുമ്പ് തന്നെ എല്ലാവരും ഉണര്‍ന്ന് ഓരോ കാര്യങ്ങളില്‍ ഏര്‍പ്പെട്ടു തുടങ്ങി. അടുക്കളയില്‍ ‍തിരക്കോടു തിരക്കു തന്നെ. ചിലര്‍ പുട്ടു ചുടുന്നു, വെള്ളയപ്പം ഉണ്ടാക്കുന്നു, ഉരുളക്കിഴങ്ങു കറിയുണ്ടാക്കുന്നു, കടലക്കറിയുണ്ടാക്കുന്നു, പപ്പടം കാച്ചുന്നു, മുട്ട പുഴുങ്ങുന്നു, ഏത്തപ്പഴം പുഴുങ്ങുന്നു.

വെളുപ്പിനു തന്നെ കച്ചവടം തുടങ്ങുമെന്ന് നളിനി നേരെത്തെ കേട്ടിരുന്നെങ്കിലും അതിത്ര സജീവമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

അഞ്ചരമണിക്കാണ് എറണാകുളത്തേക്കുള്ള ആദ്യത്തെ ബോട്ട് എത്തുന്നത്. അതിനു മുമ്പ് യാത്രക്കാര്‍ ജെട്ടിയില്‍ എത്തും. തലേ ദിവസം രാത്രി വന്ന് ജെട്ടിയില്‍ തങ്ങുന്ന യാത്രക്കാരും ഉണ്ടാകും. മിക്കപേരും വീട്ടില്‍ നിന്ന് പ്രാതല്‍ കഴിച്ചിട്ടുണ്ടാകില്ല. ആദ്യ ബോട്ട് ‘ ചാമ്പച്ചന്‍’ പുറപ്പെടുന്നതുവരെ അവിടെ ഒരു ഉത്സവത്തിരക്കായിരിക്കും.

ഇതിനിടയില്‍ പുതുമണവാട്ടിയെ ശ്രദ്ധിക്കാന്‍ ആര്‍ക്കാ‍ണ് സമയം? നളിനി അല്‍പ്പനേരം പായില്‍ തന്നെ വെറുതെയിരുന്നു. പിന്നെ പ്രഭാതകൃത്യങ്ങളിലേക്കു കടന്നു.

ഒരു ചെമ്പുചരുവത്തില്‍ കിണറ്റില്‍ നിന്ന് വെള്ളം കോരി നിറച്ചു. എന്നിട്ട്, മറപ്പുരയില്‍ കുളിക്കാന്‍ കയറി. ഓലകൊണ്ടുകെട്ടിയ മറപ്പുര. മുകള്‍ ഭാഗം തുറന്നു കിടക്കുന്നു. വസ്ത്രം അഴിക്കാന്‍ തുടങ്ങിയപ്പോഴാണ് അടുത്ത പറമ്പിലെ തെങ്ങിലിരുന്നു ഒരാള്‍ കള്ളുചെത്തുന്നത് കണ്ടത് . നളിനി കുളിക്കാതെ ഇറങ്ങി . ചെത്തുകാരന്‍ ഇറങ്ങിയെന്നു ബോധ്യം വന്നപ്പോള്‍ അവള്‍ വീണ്ടും കുളിക്കാന്‍ നിന്നു. ശരീരത്തില്‍ തണുത്ത വെള്ളം കോരിയൊഴിച്ചപ്പോള്‍ അല്‍പ്പം സുഖം തോന്നി.

മറപ്പുരക്ക് അപ്പുറം ഒരു അനക്കം!

നളിനി ഓലയുടെ ദ്വാരത്തില്‍ കൂടി ആ ഭാഗത്തേക്കു നോക്കി. പ്രകാശന്റെ ഇളയ അനുജന്‍ പ്രതാപന്‍!

നളിനി തുണി വാരി പുതച്ചുകൊണ്ട് വീട്ടിനകത്തേക്ക് ഓടി. എല്ലാവരുടേയും തിരക്കിനല്‍പ്പം ശാന്തത കിട്ടിയപ്പോള്‍ നളിനി അമ്മയോട് ആദ്യം വിവരം പറഞ്ഞു.

അമ്മ വളരെ ഗൗരവത്തോടെ അതുകണ്ടതായി നളിനിക്കു തോന്നി.

‘’ ങാഹാ… അവന്‍ അങ്ങിനെ ചെയ്തോ? ചേട്ടന്റെ ഭാര്യ എന്നാല്‍ അവനാരാ? ചേട്ടത്തി. ചേട്ടത്തിയെ സ്വന്തം അമ്മയെപ്പോലെയല്ലേ കാണേണ്ടത്? നീയിത് ആരോടും പറയണ്ട. പറഞ്ഞാല്‍ മോശം കാര്യമല്ലേ ഞാന്‍ ചോദിക്കാം. ഇനി അവനില്‍ നിന്ന് ഇങ്ങിനെ ഉണ്ടാകാതെയും നോക്കാം’‘

അമ്മ അങ്ങിനെ പറഞ്ഞെങ്കിലും പ്രകാശന്‍ വന്നപ്പോള്‍ അവള്‍ ഉണ്ടായ കാര്യം പറഞ്ഞു. ആ മുഖത്തെ നിസ്സംഗഭാവം കണ്ടപ്പോള്‍ നളിനിക്കു ദേഷ്യമാണു തോന്നിയത്.

‘’ നിങ്ങളുടെ ഭാര്യ കുളിക്കുന്നത് ഒളിഞ്ഞു നോക്കിയ ആളോട് നിങ്ങള്‍ക്കൊരു ദേഷ്യവുമില്ലേ?’‘

‘’ അവനവിടെ മൂത്രമൊഴിക്കാന്‍ വന്നതായിരിക്കും’‘

‘’ അപ്പോ ഇന്നലെ രാത്രീല്‍ മുറിക്കകത്തു കയറിയതോ?’‘

‘’ അത് അവനാണെന്നു നീ കണ്ടോ?’‘

‘’ ഞാന്‍ കണ്ടില്ല , തീ ഊതിക്കെടുത്തിക്കളഞ്ഞില്ലേ? എങ്കിലും അവന്‍ തന്നെയാണെന്ന് ഉറപ്പാ’‘

‘’ ഒക്കെ നിന്റെ തോന്നലാ’‘

ആ സംഭാഷണം അവിടെ നിലച്ചു.

രാത്രി കിടക്കാന്‍ നേരത്ത് തലയിണക്കടിയില്‍ വയ്ക്കാന്‍ നളിനി ഒരായുധം തേടി. അമ്മൂമ്മയാണ് സ്വരക്ഷക്കു വേണ്ടി ചെയ്യാന്‍ അത്തരമൊരു ഉപദേശം നല്‍കിയിരുന്നത്. അടുക്കളയില്‍ തിരഞ്ഞപ്പോള്‍ നല്ല മൂര്‍ച്ചയും സാമാന്യം വലുപ്പവുമുള്ള ഒരു കറിക്കത്തി കിട്ടി.

വളരെ വൈകിയാണ് പ്രകാശന്‍ കിടക്കാനെത്തിയത്. നവദമ്പതികള്‍ ചെയ്യാറുള്ളതുപോലെ ഒരുമിച്ചിരുന്ന് ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ല. കാര്യമായി ഒന്നു സംസാരിക്കാന്‍ പോലും അവസരം കിട്ടിയില്ല. പ്രകാശന്‍ വന്നപാടെ പായയിലേക്കു ചാഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഉറക്കവും തുടങ്ങി.

നളിനി ഉറക്കത്തിലാണ്ട ഭര്‍ത്താവിനെ അല്‍പ്പനേരം നോക്കിയിരുന്നു. അതിനുശേഷം തലയണക്കടിയില്‍ കത്തിയും തീപ്പെട്ടിയും ഉണ്ടെന്നു ഉറപ്പുവരുത്തി . പിന്നെ, പായയില്‍ ചരിഞ്ഞു കിടന്നു.

കല്യാണത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചും എന്തെല്ലാം പ്രതീക്ഷകളാണുണ്ടായിരുന്നത് !

യൗവ്വനാരംഭത്തില്‍ മറ്റു പെണ്‍കുട്ടികളേപ്പോലെ പ്രേമത്തിന്റെ വലയില്‍ പെട്ടിട്ടില്ല. ജീവിതാന്ത്യം വരെ ഭര്‍ത്താവിനു സമര്‍പ്പിക്കാന്‍ തന്റെ ചാരിത്ര്യം അശുദ്ധമാകാതെ കാക്കണമെന്ന് അവള്‍ക്ക് നിഷ്ക്കര്‍ഷയുണ്ടായിരുന്നു. ഇളയ സഹോദരിമാര്‍ക്കും നളിനി നല്ലൊരു മാതൃകയായിരുന്നു. എന്നിട്ടും തനിക്കെന്തേ ഈ ഗതി വന്നു?

നളിനിയുടെ കണ്ണുകളില്‍ നിന്ന് ദു:ഖജലം ധാരധാരയായി ഒഴുകി. ശബ്ദമുണ്ടാക്കാതെ അവള്‍ ഏങ്ങലടിച്ചു. രാത്രി കുറെ ചെന്നപ്പോള്‍ പ്രകാശന്റെ കൈകള്‍ നളിനിയുടെ ശരീരത്തില്‍ മുട്ടി. നളിനി പ്രതീക്ഷയോടെ പ്രകാശനു നേരെ തിരിഞ്ഞു കിടന്നു. പക്ഷെ, അയാള്‍ തുടര്‍ന്ന് ഒന്നും ചെയ്തില്ല. പ്രകാശന്‍ ഉണര്‍ന്നാണ് കിടക്കുന്നതെന്ന് നളിനി മനസിലാക്കി.

ചില പുരുഷന്മാര്‍ ആദ്യം മുന്‍കൈ എടുക്കില്ലെന്നു കൂട്ടുകാരികള്‍ പറഞ്ഞിട്ടുള്ളത് നളിനി ഓര്‍ത്തു. ധൈര്യമില്ലാത്ത ഇത്തരം പുരുഷന്‍മാര്‍ക്ക് ആത്മധൈര്യം പകര്‍ന്നു കൊടുക്കേണ്ടത് ഭാര്യമാരുടെ കടമാണെത്രേ. നളിനി ഒരു കൈകൊണ്ട് മെല്ലെ പ്രകാശനെ പിടിച്ചു. അടുത്ത പ്രതികരണത്തിനു വേണ്ടി അവള്‍ കാത്തു കിടന്നു. പക്ഷെ പ്രകാശനില്‍ നിന്ന് ഒരു നീണ്ട നെടുവീര്‍പ്പല്ലാതെ മറ്റൊന്നും ഉണ്ടായില്ല. ഇതും കൂടി അറിയാത്ത ഒരാള്‍. നളിനി ദു:ഖത്തോടെ ഓര്‍ത്തു.

നളിനി മറുവശത്തേക്ക് തിരിഞ്ഞു. അവിടെയും ഒരാള്‍!

പെട്ടന്ന് നളിനി തലയിണക്കടിയില്‍ നിന്ന് കരുതി വച്ചിരുന്ന കത്തിയെടുത്ത് അയാളെ വെട്ടി. അയാള്‍ അലറി നിലവിളിച്ചു.

നളിനി അടുത്ത നിമിഷം തീപ്പട്ടിയുരച്ച് വിളക്കു കത്തിച്ചു .

പ്രതാപന്‍! അയാളുടെ കൈത്തണ്ടയില്‍ നിന്ന് ചോര ഇറ്റു വീണുകൊണ്ടിരുന്നു. വീട്ടിലെ എല്ലാ അംഗങ്ങളും ഓടിയെത്തി. രംഗം കണ്ട് അവര്‍ പകച്ചു. ഒന്നും പറയാതെ, ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്ന നിലയില്‍ പ്രകാശന്‍ നിന്നു.

‘’ എടാ നീയെന്തിനാ എന്റെ മുറിയില്‍ വന്നത്? പറയടാ..’‘എന്തിനാടാ എന്നെ കയറി പിടിച്ചത്? പറയടാ ഇല്ലെങ്കിലില്‍ നിന്നെ ഞാന്‍ കൊല്ലും പറയടാ….’‘

നളിനി കത്തിയെടുത്തു വീശിക്കൊണ്ട് പ്രതാപനോടു ഗര്‍ജ്ജിച്ചു. പ്രശ്നപരിഹാരത്തിന് പോം വഴിയില്ലാതെ വീട്ടുകാര്‍ വിഷമിച്ചു.

ഒടുവില്‍ കൊച്ചുപെണ്ണ് പറഞ്ഞു.

‘’ നീ ഇന്നലെ വന്നവളല്ലെ വേറെ വീട്ടില്‍ നിന്ന്. ഇവന്‍ ഇവിടെത്തെയാ. ഈ വീട്ടില്‍ അവന് എവിടേയും കേറാം.. പിന്നെ , നിന്നെ പിടിച്ചത് അത് നീ വഴിയൊണ്ടാക്കി കൊടുത്തിട്ടാവും’‘

നളിനി ഞെട്ടിപ്പോയി.

‘’ദേ തോന്ന്യാസം പറയരുത്. മോനെ ന്യായീകരിക്കാന്‍ നോക്കുകയാണൊ ? തെറ്റു ചെയ്യുമ്പ അതിനു കൂടുനില്‍ക്കുന്ന തള്ളമാരാ മക്കളെ ചീത്തയാക്കുന്നത്’‘

കൊച്ചുപെണ്ണിന് വാക്കുകള്‍ മുട്ടി. ഉടനെ അവര്‍ സ്ത്രീകളുടെ അവസാനത്തെ അടവ് എടുത്തു. ഒരൊറ്റ കരച്ചില്‍, നെഞ്ചത്തിടി.

‘’ ഇന്നലെ കയറി വന്ന പെണ്ണ് എന്നെ തള്ളേന്ന് വിളിച്ചത് കേട്ടില്ലെ, ആരുമില്ലേ ഇതിന്ന് സമാധാനം ചോദിക്കാന്‍. ഹോ ഈ കുടുമ്മത്തിന്റെ ഒരു വിധി…’‘

നളിനി , കൊച്ചുപെണ്ണിന്റെ അടവിനു മുമ്പില്‍ പകച്ചു നിന്നു . ഇനി , ഈ വീട്ടില്‍ പൊറുത്തിട്ടു കാര്യമില്ലെന്നു നളിനിക്കു തോന്നി. തന്റെ കുടുംബത്തിനു ഒരു ഭാരമായി മടങ്ങിച്ചെല്ലേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. പക്ഷെ ഇനി എന്തുണ്ടായാലും ഈ വീട്ടില്‍ നില്‍ക്കില്ല. നളിനി ദൃഢനിശ്ചയമെടുത്തു.

എല്ലാവരും കൂടി നളിനിയെ ഉപേക്ഷിക്കണമെന്നു തീരുമാനമെടുത്തു. വന്നു കയറിയവള്‍ അമ്മയെ എതിര്‍ക്കുകയും ‘’ തള്ളേ’‘ എന്ന് വിളിക്കുകയും ചെയ്തത് അക്ഷന്തവ്യമായ തെറ്റാണ്. വരുന്നതു വരട്ടെ എന്ന് നളിനിയും തീരുമാനിച്ചു. നേരം വെളുത്തയുടന്‍ നളിനി കുളിച്ച് വസ്ത്രം മാറി വീട്ടിലേക്കു പുറപ്പടാന് ‍കരുതി നിന്നു. അന്നവള്‍ അവിടെ നിന്ന് ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല.

അനിയനെ വിളിച്ച് മുറിയില്‍ കയറ്റിയെന്നും ചോദ്യം ചെയ്ത അമ്മയെ ” തള്ളെ” എന്നു വിളിച്ചെന്നു മായിരുന്നു നളിനിക്ക് എതിരെ ഉയര്‍ത്തിയ പ്രധാന ആരോപണം.

വ്യഭിചാര ദോഷത്താല്‍ സ്ത്രീയെ ഉപേക്ഷിക്കുന്നതിന് ‘ ആചാരം കൊടുക്കല്‍’ എന്നൊരു സമ്പ്രദായം ഈഴവരുടെ ഇടയിലുണ്ട്. ഭര്‍ത്താവ് ഉപേക്ഷിക്കുകയാണെങ്കില്‍ സ്ത്രീയെ അവളുടെ വീട്ടില്‍ എത്തിക്കണം. സ്ത്രീയാണ് ഉപേക്ഷിക്കുന്നതെങ്കില്‍ അവള്‍ തനിച്ചു പോകണം.

ഉച്ചവരെ ഇതിനെക്കുറിച്ചുള്ള ആലോചനകള്‍ നടന്നു. പക്ഷെ, പെണ്ണിനെ അവളുടെ വീട്ടിലെത്തിക്കാന്‍ ധൈര്യമുള്ള ആണുങ്ങള്‍ ആ വീട്ടിലുണ്ടായിരുന്നില്ല. ഇത്തരം ഘട്ടങ്ങളില്‍ വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തുന്നത് സാധാരണമായിരുന്നു.

ഉച്ചയായപ്പോള്‍ നളിനി കണ്ണുവിനോടു ചോദിച്ചു.

‘’ എന്താ എന്നെ വീട്ടില്‍ കൊണ്ടുപോയി ആക്കുന്നില്ലേ?’‘

‘’ ഇല്ല’‘

‘’ എന്താ കാര്യം?’‘

‘’ ഇപ്രാവശ്യം നിന്നോട് ക്ഷമിക്കാന്‍ തീരുമാനിച്ചു. ചെറുപ്പത്തിന്റെ വിവരക്കേടുകൊണ്ട് സംഭവിച്ചതാണെന്ന് ഞാന്‍ മനസിലാക്കി. നീ അമ്മയോട് തെറ്റു പറഞ്ഞ് അകത്തു കയറിക്കോ’‘

‘’ ഇല്ല ഞാന്‍ തെറ്റെന്നും ചെയ്തിട്ടില്ല ‘’

‘’ എന്നാലും നിന്റെ അമ്മയാണെന്നു കരുതി തെറ്റു പറയ്’‘

‘’ വേണ്ടാ ഞാന്‍ പൊയ്ക്കോളാം’‘

‘’ നിന്നെ ആരുകൊണ്ടുപോകും?’‘

‘’ ഞാന്‍ തനിയെ പോകും’‘ ‘’ അപ്പ, നീ തലേമ്മ തലതെറിച്ചതു തന്നെ. പൊയ്ക്കോ എങ്ങോട്ടെങ്കിലും ‘’

കണ്ണു ദേഷ്യപ്പെട്ട് പുറത്തേക്കു പോയി.

നളിനി വീട്ടില്‍ നിന്നു കൊണ്ടുവന്ന സാധങ്ങളെടുത്തു പുറത്തിറങ്ങി. ആരോടും യാത്ര പറയാനില്ല. അങ്ങിനെയൊരു ബന്ധം ആരുമായും ഉണ്ടായിട്ടില്ല. എങ്കിലും പുറത്തു നിന്നിരുന്ന അമ്മയോടു പറഞ്ഞു ‘’ ഞാന്‍ പോണ്’‘

കൊച്ചുപെണ്ണിന് അത് വിശ്വസിക്കാനേ കഴിഞ്ഞില്ല. പെണ്ണിന് ഇത്രയും ധിക്കാരമോ? എങ്ങനെയും അത് തടയണം.

‘’ നീ പോകരുത്’‘

പക്ഷെ , അവള്‍ നിന്നില്ല. മുന്നോട്ടു വച്ച കാല്‍ പിന്‍ വലിച്ചില്ല.

‘’ മോളേ അമ്മയാ പറയുന്നത് മോള്‍ പോകരുത്’‘

നളിനി മുന്നോട്ടു നടന്നു. അവളെ തടയാന്‍ ആര്‍ക്കും ആയില്ല.

Generated from archived content: kanni10.html Author: purushan_cherai

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English