This post is part of the series കണ്ണികള്‍
Other posts in this series:
‘’ പൂഹോയ്…പൂഹോയ്…പൂഹോയ്..’‘
തെങ്ങിന്റെ കവളന്‍ മടലുകൊണ്ട് മൂന്നു പ്രാവശ്യം നിലത്തടിച്ച് അയ്യപ്പന്‍ കുട്ടി കൂക്കി വിളിച്ചു. ആണ്‍കുഞ്ഞു പിറന്നാല്‍ കുഞ്ഞിന്റെ അച്ഛന്‍ ഇങ്ങനെ ‘പേടുതല്ലണം’ എന്നാണ് ആചാരം.
‘’ എടിയേ… കൗസല്യച്ചേടത്തി പെറ്റു ആണ്‍കുഞ്ഞാ..’‘
അയല്പക്കത്തെ സ്ത്രീകള്‍ പരസ്പരം അറിയിച്ചു.
‘’ മൂത്തതു മൂന്നും പെണ്ണല്ലേ , ഇതിനെ അയ്യപ്പന്‍കുട്ടിച്ചേട്ടന്‍ നിലത്തു വയ്ക്കില്ല നോക്കിക്കോ’‘
സ്ത്രീകളുടെ സദസ്സ് പ്രവചിച്ചു.
പ്രസവത്തിന്റെ ആലസ്യത്തിനിടയില്‍ കൗസല്യ തനിക്ക് ഒരാണ്‍കുഞ്ഞ് പിറന്നെന്ന് മനസിലാക്കി. അവളുടെ ചുണ്ടില്‍ സംതൃപ്തിയുടെ മന്ദഹാസം വിരിഞ്ഞു.
കുട്ടിയുടെ പൊക്കിള്‍ക്കൊടി മുറിച്ചിട്ടില്ല . മുറിയായി തിരിച്ചിട്ടുള്ള പനമ്പു തട്ടിയില്‍ നിന്ന് വയറ്റാട്ടി ഉണ്ണൂലിത്തള്ള ഒരു പൊളി വലിച്ചെടുത്തു. ദ്രവിച്ചിരുന്നതുകൊണ്ട് അത് ഒടിഞ്ഞു രണ്ടുമൂന്നെണ്ണം വേറെയും നോക്കി എല്ലാം തഥൈവ.
” എടീ , കൊച്ചാളേ , ഒരു കത്തി ഇങ്ങോട്ടെടുത്തേ’‘
ഉണ്ണൂലിത്തള്ള വിളിച്ചു പറഞ്ഞു.
കൗസല്യയുടെ മൂത്തമകള്‍ സാവിത്രി വീട്ടില്‍ മീന്‍ മുറിക്കുന്ന കത്തി വച്ചു നീട്ടി.
‘’ ഇതു കഴുകീല്ലെ , അസത്തേ…’‘
സാവിത്രി ഒരു ഇളിഭ്യച്ചിരി ചിരിച്ചു.
ഉണ്ണൂലിത്തള്ള ഉടുത്തിരുന്ന മുണ്ടില്‍ കത്തി തുടച്ചു കത്തികൊണ്ട് കുട്ടിയുടെ പൊക്കിള്‍കൊടി മുറിച്ചു. കുഞ്ഞ് ‘’ ള്ളേ…ള്ളേ ‘’ എന്ന് വാവിട്ടു കരഞ്ഞു.
അയ്യപ്പന്‍ കുട്ടി ധൃതി പിടിച്ച് സുഹൃത്ത് രായപ്പന്‍ വൈദ്യരെ കാണാന്‍ പോയി. കുഞ്ഞിന്റെ ജാതകം ഗണിക്കണം. പിന്നെ തന്റെ സന്തോഷം ആരെങ്കിലുമായി പങ്കിടുകയും വേണമല്ലോ.
രായപ്പന്‍ എണീറ്റിട്ടുണ്ടായിരുന്നില്ല. അയ്യപ്പന്‍കുട്ടി രായപ്പന്റെ മുറിയിലേക്കു കയറി. ഇങ്ങിനെ അവിടെ കയറാന്‍ അയ്യപ്പന്‍കുട്ടിക്കു മാത്രമേ സ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളൂ.
‘’വൈദ്യരേ…വൈദ്യരേ… എണീക്ക്’‘
അയ്യപ്പന്‍കുട്ടി കുലുക്കി വിളിച്ചു.
രായപ്പന്‍ ഒരു ഞെട്ടലോടെയാണ് എഴുന്നേറ്റത്.
‘’ എന്തുപറ്റി? എന്താ?’‘
കൗസല്യ പെറ്റു. ആണ്‍കുഞ്ഞ്’‘
‘’ഉവ്വോ ? എപ്പഴാ സമയം?’‘
‘’ കഴിഞ്ഞിട്ട് ഒരു രണ്ടു നാഴിക ആയിക്കാണും. ‘’
ഒന്നുരണ്ടു നിമിഷം രായപ്പന്‍ എന്തോ ആലോചിച്ചുകൊണ്ടിരുന്നു . അതിനു ശേഷം പറഞ്ഞു.
‘’ ചിങ്ങത്തിലെ അത്തമാ നാള്‍, കന്നിക്കൂറ്, രാവിലെ ജനനം . കുഞ്ഞ് കീര്‍ത്തിമാനാകും , തന്‍കൂറാ , ബാലാരിഷ്ടിത ഉണ്ടാകും..’‘
അയ്യപ്പന്‍കുട്ടിക്ക് വേറൊന്നും അറിയേണ്ട. മകന്‍ കീര്‍ത്തിമാനാകും, അതിലാണ് സംതൃപ്തിയും സന്തോഷവും.
‘’ വാ വൈദ്യര് വീട്ടിലേക്കു വാ..’‘
‘’ എടാ , അതിന് ഞാന്‍ കുളിച്ചിട്ടില്ല , പല്ലു തേച്ചിട്ടില്ല കക്കൂസി പോയിട്ടില്ല.’‘
‘’ എന്നാ വേഗം കക്കൂസി പോ, ബാക്കി നമുക്ക് ചെന്നിട്ടാകാം. ‘’
നാട്ടില്‍ കക്കൂസുള്ള വീടുകള്‍ അപൂര്‍വമാണ് . രായപ്പന്റെ വീടിനു പുറകില്‍ തോട്ടിലേക്ക് നീട്ടിക്കെട്ടിയ ഒരു ഓലമറയുണ്ട് അതാണ് കക്കൂസ്.
മറ്റു വീടുകളെ അപേക്ഷിച്ച് സാമാന്യം ഭേദപ്പെട്ട വീടാണ് രായപ്പന്റേത്. ചുവരുകള്‍ ചെങ്കല്ലുകൊണ്ട് കെട്ടിയതാണ് അത് വെങ്കിളി അടിച്ചിട്ടുണ്ട്. മുകളില്‍ ഓല മേഞ്ഞിരിക്കുന്നു . ഭൂമിനിരപ്പില്‍ നിന്ന് മണ്ണുയര്‍ത്തി അതിനു മുകളിലാണ് വീട്. വീടിന്റെ ഒരു വശത്ത് പശുത്തൊഴുത്ത്. എന്നും കറവയുള്ള ഒരു പശു ആ തൊഴുത്തിലുണ്ടാകും. അടുക്കളയോട് ചേര്‍ന്ന് കിണര്‍, വിറകുപുര, അകത്ത് ഒരു കട്ടില്‍. ആ കട്ടില്‍ രായപ്പന്റെ അച്ഛന്‍ കൊച്ചിറ്റാമന്‍ വൈദ്യര്‍ കിടന്നിരുന്നതാണ്. അദ്ദേഹത്തിന്റെ മരണശേഷം രായപ്പന്‍ കിടക്കുന്നു. എങ്കിലും പൂമുഖത്തു കിടക്കുന്ന ചാരുകസേരയില്‍ രായപ്പനോ മറ്റുള്ളവരോ ഇരിക്കാറില്ല . മഹാവൈദ്യനായ കൊച്ചിറ്റാമന്‍ വൈദ്യരുടെ സ്മാരകമായി അത് നില കൊള്ളുന്നു. മറ്റൊരു പ്രധാന വസ്തു ‘ വളവര വഞ്ചി’ എന്ന പേരിലറിയപ്പെടുന്ന യാത്രാ വഞ്ചിയാണ് . എട്ടുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. അമരക്കാരായ രണ്ടു തുഴച്ചില്‍ക്കാരും വേണം. വെയിലും മഴയും ഏല്‍ക്കാതിരിക്കാന്‍ മരം കൊണ്ട് നിര്‍മ്മിച്ച് ചിത്രപ്പണി ചെയ്ത കൂടാരമുണ്ട്. കൊച്ചിറ്റാമന്‍ വൈദ്യരും കുടുംബവും അദ്ദേഹത്തിന്റെ സഹോദരിമാരുടെ വീടായ കൂഴൂരും കൃഷ്ണ കോട്ടയിലും വിരുന്നു പോകാനാണ് ഈ യാത്രാ വഞ്ചി ഉപയോഗിച്ചിരുന്നത്. അദ്ദേഹത്തിന്റെ കാലശേഷം കുറെനാള്‍ വഞ്ചി കരയില്‍ കയറ്റി വച്ചിരുന്നു . പിന്നെ, ഒരു ദിവസം ചില്ലറ റിപ്പയര്‍ നടത്തി രായപ്പന്‍ വഞ്ചി നീറ്റിലിറക്കി. അയ്യപ്പന്‍ കുട്ടിയേയും കൂട്ടി രായപ്പന്‍ പല ദിവസങ്ങളിലും സന്ധ്യക്ക് തുഴഞ്ഞു നടക്കും.
രായപ്പന്റെ അമ്മ സൈരന്ധ്രി മുറിയിലേക്കു വന്നു. അയ്യപ്പന്‍ കുട്ടിയെ കണ്ടപ്പോള്‍ അവരുടെ മുഖമിരുണ്ടു.
‘’ നീയെന്താ കാലത്തെ?’‘
‘’ കൗസല്യ പെറ്റു. അതുപറയാന്‍ വന്നതാ’‘
‘’ എന്താ കുട്ടി? ‘’
‘’ആണ്‍കുട്ടിയാ’‘
‘’ഊം…’‘
അമ്മ അകത്തേക്കു കയറിപ്പോയി. കൊച്ചിറ്റാമന്‍ വൈദ്യര്‍ മരിച്ചതിനു ശേഷം അമ്മ ആരോടും അധികം സംസാരിക്കാറില്ല. അവരെ കെട്ടിക്കൊണ്ടു വരുമ്പോള്‍ പൊന്നിന്റെ നിറമായിരുന്നു എന്നാണു കേട്ടിരിക്കുന്നത്. ഇപ്പോഴും ആഢ്യത്വത്തിന് ഒരു കുറവുമില്ല . തൃപ്പൂണിത്തറക്കടുത്ത് എരൂരിലെ ഒരു പ്രമുഖ ആയൂര്‍വേദ വൈദ്യകുടുംബത്തിലെ അംഗമായിരുന്നു ആ അമ്മ. അവരുടെ അച്ഛന്‍ കൊച്ചി രാജാവിന്റെ ആസ്ഥാനവൈദ്യന്‍ ആയിരുന്നത്രെ.
രായപ്പന്‍ അയ്യപ്പന്‍ കുട്ടിയോടൊപ്പം പോകാന്‍ ഒരുങ്ങിയെത്തി. നല്ല വെള്ള ഷര്‍ട്ടും കസവുമുണ്ടും ധരിച്ചിട്ടുണ്ട്. രായപ്പന്റെ പ്രത്യേകതയാണത്. വീടിനു പുറത്തേക്കിറങ്ങുമ്പോള്‍ എപ്പോഴും നല്ല വസ്ത്രങ്ങള്‍ ധരിക്കും. വാസനതൈലം പുരട്ടും. എന്നാല്‍ അയ്യപ്പന്‍കുട്ടിക്ക് നല്ല വസ്ത്രങ്ങളില്ലായിരുന്നു. എപ്പോഴും ഒരു മുണ്ടും തോര്‍ത്തും ഉണ്ടാകും.
പുറത്തേക്കിറങ്ങിയപ്പോള്‍ അമ്മ വിളിച്ചു.
‘’ ഉണ്ണീ.. വല്ലതും കഴിച്ചിട്ടു പോകാം’‘
‘’ വന്നിട്ടു കഴിക്കാം’‘
‘’ വാലായ്മയുള്ള വീടാ , നീ അയ്യപ്പന്‍ കുട്ടീടെ വീട്ടീന്ന് ഒന്നും കഴിക്കരുത്’‘
‘’ ഇല്ല’‘
പെറ്റാലും മരിച്ചാലും വാലായ്മ ആചരിക്കുന്നത് നാട്ടു നടപ്പാണ്. പെറ്റാല്‍ 11 ദിവസവും മരിച്ചാല്‍ 16 ദിവസവും വാലായ്മയുണ്ട് . പുതിയ തലമുറക്ക് അതിനെകുറിച്ച് അറിയില്ല. അതാണ് അമ്മ ഓര്‍മ്മിപ്പിച്ചത്. അയ്യപ്പന്‍കുട്ടിയും രായപ്പനും നടന്നു. പടിക്കല്‍ നിന്നിരുന്ന കോമാവിന്റെ ഇല പറിച്ച് രായപ്പന്‍ പല്ലുതേച്ചുകൊണ്ടിരുന്നു . അയ്യപ്പന്‍കുട്ടി രാവിലെ പല്ലുതേച്ചിരുന്നില്ല. എങ്കിലും മാവില പ്രയോഗം നടത്തിയില്ല.
പാടത്തിന്റെ വരമ്പത്തുകൂടിയുള്ള യാത്ര. വഴിയില്‍ ഒന്നോ രണ്ടോ വീടുകള്‍ കൊയ്യാറായ പൊക്കാളിപ്പാടത്ത് കതിര്‍മണികള്‍ വിളഞ്ഞ് തലകുത്തുന്നു.
‘’ ഇപ്രാവശ്യം ഇവിടെ ചിങ്ങത്തില്‍ തന്നെ കൊയ്ത്തുണ്ടായേക്കാം . കണ്ടോ- നെല്ലുവിളഞ്ഞ് ചാഞ്ഞു തുടങ്ങി’‘
രായപ്പന്‍ പറഞ്ഞത് അയ്യപ്പന്‍കുട്ടിയുടെ മനസില്‍ പതിഞ്ഞില്ല.
അവന്റെ ചിന്ത മുഴുവന്‍ അല്‍പ്പം മുന്‍പു ജനിച്ച തന്റെ മകനെക്കുറിച്ച് ആയിരുന്നു. വേഗം വീട്ടിലെത്തണം തന്റെ മകനെ വൈദ്യര്‍ക്കു കാണിച്ചു കോടുക്കണം.
‘’ പൊക്കാളി കൃഷി നമ്മുടെ നാട്ടിലേയുള്ളു . ബാക്കി സ്ഥലങ്ങളിലെ നെല്‍ച്ചെടികള്‍ക്ക് ഇത്രയും പൊക്കം വയ്ക്കാറില്ല ‘’
അയ്യപ്പന്‍കുട്ടിക്ക് ഒന്നും മനസിലായില്ല. പലപ്പോഴും രായപ്പന്‍ പറയുന്നത് അയ്യപ്പന്‍കുട്ടിക്ക് മനസിലാകാറില്ല . ഇത്രയും അറിവുകള്‍ രായപ്പന് എവിടുന്നു കിട്ടുന്നു എന്ന് അയ്യപ്പന്‍കുട്ടി അത്ഭുതപ്പെടാറുണ്ട്.
പ്രഗത്ഭനായ ഒരു വൈദ്യരുടെ മകനായിരുന്നിട്ടും വൈദ്യം പഠിച്ചിട്ടുണ്ടെങ്കിലും രായപ്പന്‍ ചികിത്സിച്ചിരുന്നില്ല. ഇഷ്ടംപോലെ കറങ്ങി നടക്കാനായിരുന്നു താത്പര്യം. നല്ല തറവാടിത്തമുള്ള വീടുകളില്‍ നിന്ന് പല കല്യാണാലോചനകളും വന്നു . പക്ഷെ, രായപ്പന്‍ സമ്മതിച്ചില്ല.
നടത്തത്തിനിടയില്‍ വായ്ക്കുള്ളിലെ മാവില തുപ്പിക്കളഞ്ഞ് രായപ്പന്‍ പുത്തന്‍ തോട്ടിലിറങ്ങി വെള്ളം കവിള്‍കൊണ്ട് കുലുക്കിയുഴിഞ്ഞു. മിഥുനം കര്‍ക്കടകത്തിലെ നല്ല മഴ കിട്ടിയിട്ടും വെള്ളത്തിന് ഉപ്പുരസം.
അയ്യപ്പന്‍ കുട്ടി വെള്ളം തൊടാതെ അറച്ചു നിന്നു.
‘’ ഈ തോടു വെട്ടിയത് അയ്യപ്പന്‍കുട്ടിക്ക് ഓര്‍മ്മയുണ്ടോ?’‘
‘’ഉവ്വ് പത്തെഴുപത്തഞ്ച് പുലേന്മാര്‍ എത്ര നാളുകൊണ്ടാ വെട്ടിയത്!’‘
അയ്യപ്പന്‍കുട്ടി ആ സ്മരണ അയവിറക്കി.
“ 1915 -ലാ പണി തുടങ്ങിയത്. 16-ല്‍ അവസാനിച്ചു.”
രായപ്പന്‍ പറഞ്ഞു.
“ഈ തോട് ഇല്ലായിരുന്നെങ്കി അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ നീന്തണ്ടായിരുന്നു.”
അയ്യപ്പന്‍കുട്ടി പറഞ്ഞതുകേട്ട് രായപ്പന്‍ പൊട്ടിച്ചിരിച്ചു.
“എടാ, മണ്ടാ വൈപ്പിന്‍കരയില്‍ ഇതുകൂടാതെ വേറെയും തോടുകള്‍ വെട്ടിയിട്ടുണ്ട്. ഗതാഗതത്തിന് ഈതോട് എത്ര സൗകര്യമാണ് ഉണ്ടാക്കിയിട്ടുള്ളത് എന്നറിയാമോ?”
അയ്യപ്പന്‍കുട്ടിക്ക് അതറിവില്ലായിരുന്നു. അയ്യപ്പന്‍കുട്ടി ആരാധനയോടെ രായപ്പനെ നോക്കി. രായപ്പനുമായി ചങ്ങാത്തം കൂടിയിട്ടുള്ളതുതന്നെ രായപ്പന്റെ പല വിഷയങ്ങളിലുമുള്ള പാണ്ഡിത്യം കണ്ടിട്ടാണ്. ഒന്നും മനസ്സിലാകാറില്ലെങ്കിലും, മനസ്സില്‍ തങ്ങിനില്‍ക്കാറില്ലെങ്കിലും രായപ്പന്‍ പറയുന്നതെന്തും അയ്യപ്പന്‍കുട്ടിക്ക് ഇഷ്ടമായിരുന്നു. അയ്യപ്പന്‍കുട്ടിക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എഴുത്തോലയും നാരായവുമായി പിലാത്തറ കോന്നു ആശാന്റെ കുടിപ്പള്ളിക്കൂടത്തില്‍ പോയിട്ടുണ്ട്. ഉമ്മറത്ത് ചരല്‍മണ്ണില്‍ കൈപിടിച്ച് “ഹരിശ്രീ ഗണപതായേ നമ:” എന്ന് എഴുതിച്ചത് ഓര്‍മ്മയിലുണ്ട്.
വീട്ടിലെത്തിയപ്പോള്‍ നാലഞ്ചു പെണ്ണുങ്ങള്‍ മുറിക്കകത്തുണ്ട്. ആണുങ്ങളെ കണ്ടപ്പോള്‍ അവര്‍ പുറത്തേക്കിറങ്ങി. റൗക്കയിടാന്‍ പിന്നോക്ക വിഭാഗം സ്ത്രീകള്‍ക്ക് അവകാശം കിട്ടിയപ്പോള്‍ ആദ്യമായി റൗക്കയിട്ട കാര്‍ത്തു അമ്മായിയും കൗസല്യയുടെ കൂട്ടുകാരി ഗൗരിയും മാത്രമാണ് മാറ് മറച്ചിരിക്കുന്നത്. ചെറുപ്പക്കാരിയായ കമലാക്ഷിയും ശാരദയും കുഞ്ഞിപ്പെണ്ണുചേച്ചിയും മാറ് മറച്ചിരുന്നില്ല. റൗക്കയിട്ട് പരിഷ്കാരിയായ കാര്‍ത്തു അമ്മായി അക്കാലത്ത് ഒരുപാട് ചീത്ത കേട്ടിരുന്നു. സ്വഭാവദൂഷ്യം ഉള്ളതു കൊണ്ടാണത്രേ അവര്‍ റൗക്കയിട്ടത്.
പെണ്ണ് പെറ്റു കിടക്കുന്ന മുറിയില്‍ സാധാരണ നിലക്ക് പുറത്തുനിന്നുള്ള ആണുങ്ങള്‍ കയറാറില്ല. എങ്കിലും രായപ്പന്‍ അകത്തുകയറി .
കുഞ്ഞ് നിറുത്താതെ കരഞ്ഞുകൊണ്ടിരിക്കുകയാണ്. കുഞ്ഞിനു മീതെയിട്ടിരുന്ന പഴന്തുണി എടുത്തുമാറ്റി രായപ്പന്‍ കുഞ്ഞിനെ ആകെയൊന്നു നോക്കി. പൊക്കിള്‍ക്കൊടിയിലെ മുറിവില്‍ നിന്നും അപ്പോഴും കറുത്ത ചോര വന്നുകൊണ്ടിരുന്നു. കുഞ്ഞിനു നല്ല പനിയുമുണ്ട് .
‘’ ആരാ പൊക്കിള്‍ക്കൊടി മുടിച്ചത്? ചോര നിന്നിട്ടില്ലല്ലോ ‘’
രായപ്പന്‍ അല്‍പ്പം വെള്ളമെടുത്ത് മുറിവിനു ചുറ്റും വൃത്തിയാക്കി പുറത്തേക്കിറങ്ങി ഏതാനും പച്ചമരുന്നുകള്‍ ശേഖരിച്ച് ഇടിച്ചു പിഴിഞ്ഞ് തേച്ചു പിടിപ്പിച്ചു.
അന്നു വൈകുന്നേരംവരെ രായപ്പന്‍ അവിടെത്തന്നെ കഴിച്ചു കൂട്ടി. കരുപ്പട്ടിച്ചായയും മരച്ചീനി പുഴുങ്ങിയതും രാവിലെ കഴിച്ചു . ഉച്ചക്ക് കഞ്ഞിയും ചാളക്കറിയും . വൈകുന്നേരംവരെ രായപ്പന്‍ ആ ഇരിപ്പ് തുടര്‍ന്നു. കുഞ്ഞിന്റെ ശരീരം നീലനിറം കൈക്കൊണ്ടു. കരച്ചില്‍ കുറഞ്ഞെങ്കിലും കുഞ്ഞ് അപകടനിലയിലാണെന്ന് രായപ്പന്‍ മനസിലാക്കി.
വൈകീട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ രായപ്പന്‍ അയ്യപ്പന്‍കുട്ടിയെ വിളിച്ച് ഓര്‍മ്മിപ്പിച്ചു ‘’ എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ ഉടനെ അറിയിക്കണം‘’ അതുപോലെ തന്നെ കൂടെയിരിക്കുന്ന പെണ്ണിനോടും ഉറങ്ങാതെ കുഞ്ഞിനെ നോക്കണമെന്ന് നിര്‍ദ്ദേശം കൊടുത്തു.
രായപ്പന്റെ ഉള്ളില്‍ പ്രയാസം തോന്നി . ലക്ഷണം കണ്ടിട്ട് കുഞ്ഞ് രക്ഷപ്പെടാന്‍ വഴിയില്ല . എന്നാല്‍ , അയ്യപ്പന്‍കുട്ടി അക്കാര്യം മനസിലാക്കിയിട്ടില്ല . ഒരു ആണ്‍കുഞ്ഞിനുവേണ്ടി അവന്‍ അത്രക്ക് കൊതിച്ചിരുന്നതാണ്.
രായപ്പന്‍ , അച്ഛന്റെ ഗ്രന്ഥപ്പുരയില്‍ കയറി . അച്ചടിച്ച പുസ്തകങ്ങളും എഴുത്തോലക്കെട്ടുമായി ഒരു വലിയ ശേഖരം അവിടെയുണ്ട് . വാഗ്ഭടാനന്ദന്റെയും ചരകന്റെയും സുശ്രുതന്റെയുമെല്ലാം ഗ്രന്ഥങ്ങള്‍ പരിശോധിച്ചു . അപ്പോഴാണ് അമ്മ ഗ്രന്ഥപ്പുരയിലേക്കു വന്നത്.
;‘’ എന്താ ഉണ്ണീ പതിവില്ലാതെ ഗ്രന്ഥപ്പുരയില്‍?’‘
‘’ അത്…അത്..’‘
‘’ അയ്യപ്പന്‍കുട്ടിയുടെ മോന്‍ എങ്ങിനെയുണ്ട്?’‘
‘’ കുട്ടി നിര്‍ത്താതെ കരയുന്നു . പൊക്കിള്‍ക്കൊടിയില്‍ നിന്നും ചോര നില്‍ക്കുന്നില്ല പനിയുമുണ്ട്.’‘
‘’ പൊക്കിള്‍ക്കൊടി മുറിച്ചത് ശരിയായിട്ടുണ്ടാവില്ല . ഞാനൊരു ഗ്രന്ഥം തരാം . നീ അതൊന്ന് വായിച്ചു നോക്ക് ‘’
അമ്മ കുറച്ചു നേരം അറയില്‍ പരതി. ഒരു പഴയ ഓലക്കെട്ട് പുറത്തെടുത്തു.
‘’ ഇതാ ഇത് നിന്റെ മുത്തശ്ശന്‍ എഴുതിയതാ – സൂതികാശാസ്ത്രം ‘ ഇതില്‍ പ്രസവം മുതല്‍ ശിശുസംരക്ഷണം വരെയുള്ള എല്ലാ കാര്യങ്ങളുമുണ്ട്. ‘’
രായപ്പന്‍ നേരം പുലരുവോളം ഓല പരിശോധിച്ചു ആവശ്യമായ വിവരങ്ങള്‍ കുറിച്ചെടുത്തു.
നേരം വെളുത്തയുടന്‍ പുറത്തേക്കു പോകാന്‍ നടന്നു.
‘’ഉണ്ണീ നീ ഇതുകൂടി കൊണ്ടു പൊയ്ക്കോ. ഈ പൊടി മുറിവിലിടണം . ഗുളിക തേനിലോ മൊലപ്പാലിലോ ചാലിച്ച് കൊടുക്കണം’‘
അമ്മയുടെ മനോഭാവത്തില്‍ രായപ്പന് അതിയായ സന്തോഷം തോന്നി.
അയ്യപ്പന്‍കുട്ടിയുടെ വീടിനടുത്തെത്തിയപ്പോള്‍ നടുക്കുന്ന കൂട്ടനിലവിളിയാണ് എതിരേറ്റത്.
രായപ്പനെ കണ്ടപ്പോള്‍ അയ്യപ്പന്‍കുട്ടി ഓടി വന്ന് കെട്ടിപ്പിടിച്ചു.
‘’ വൈദ്യരേ …. എന്റെ മോന്‍ പോയി…’‘
അയ്യപ്പന്‍കുട്ടിയുടെ നിലവിളിയില്‍ രായപ്പന്‍ ഒരു നിമിഷം തളര്‍ന്നു നിന്നു.
തുടരും….
Generated from archived content: kanni1.html Author: purushan_cherai
തുടർന്ന് വായിക്കുക :
കണ്ണികള്‍ – അധ്യായം രണ്ട്
Click this button or press Ctrl+G to toggle between Malayalam and English