മരിയ ജോൺസിന്റെ മരണം ഞെട്ടലോടെയാണ് ഉൾക്കൊള്ളാൻ കഴിഞ്ഞത്. ഉൾക്കൊണ്ടുവെന്നു പറയുന്നത് തെറ്റാണ്. അതിപ്പോഴും പൂർണ്ണമായും ഉൾക്കൊള്ളാനായിട്ടില്ല. തലച്ചോറിലെ സ്‌റ്റോർ ചെയ്യപ്പെടാനുള്ള കോശങ്ങൾ ഓർമ്മകൾ പുനക്രമീകരിക്കുന്ന കോശങ്ങളുടെ അതിപ്രവർത്തനത്തിന്റെ വൈദ്യുതാഘാതത്തിലാണ്.
ഇന്നലെവരെ ഞങ്ങളോടൊപ്പമുണ്ടായിരുന്ന മരിയ. ഒരു ജൻമം കൊണ്ടുനൽകാവുന്ന സ്‌നേഹവും സഹായങ്ങളും ചുരുങ്ങിയ ആയുസ്സിനുള്ളിൽ, അതും ഓഫീസ് സഹപ്രവർത്തനത്തിന്റെ ഏതാനും വർഷങ്ങൾക്കുള്ളിൽ മരിയ ഞങ്ങൾക്കു തന്നു. മരിയ ഞങ്ങൾക്കെപ്പോഴും വിസ്‌മയമായിരുന്നു. കമ്പനിയിലെ പാവപ്പെട്ട തൊഴിലാളികൾക്കൊപ്പമായിരുന്നു അവൾ. കാണാൻ അത്രയ്‌ക്ക് ആകർഷകമല്ലെങ്കിലും തന്റേടക്കാരിയായിരുന്നു, മങ്ങിയ ഗോതമ്പു നിറമാർന്ന മരിയ. കമ്പനിയിലെ തുച്ഛശമ്പളക്കാരായ പാവങ്ങൾക്കുവേണ്ടി എപ്പോഴും വാദിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ മാനേജ്‌മെന്റിന് അവൾ ഏറെ തലവേദനയുണ്ടാക്കി.
രാജൻപിള്ളയുടെ മകളുടെ കല്ല്യാണത്തിനു പോകാനുള്ള അപേക്ഷ മാനേജ്‌മെന്റ് തള്ളി. ചൂടുകാലമായതിനാൽ പോകാനൊക്കില്ലെന്നായിരുന്നു കമ്പിനിയുടെ നിലപാട്. പിന്നെയല്ലൊവരും ചൂടിൽ നിന്നു രക്ഷപ്പെടാൻ നാടുപിടിക്കും. കൂട്ട അവധിയായിരിക്കും ഫലം. സെക്രട്ടറിയുടെ റോൾ മാത്രമായിരുന്നില്ല മരിയയുടേത്. പലപ്പോഴും അഡ്‌മിനിസ്‌ട്രേറ്ററുടെ റോളും.
രാജൻ പിളളയ്‌ക്ക് ആണും പെണ്ണുമായി ഏക സന്താനം രേഷ്‌മയാണ്. അച്ഛൻ ചെന്നില്ലെങ്കിൽ കല്യാണം വേണ്ടയെന്ന് മകൾ. പ്രവാസികളുടെ പങ്കപ്പാട് നാട്ടിലുളളവർക്ക് മനസ്സിലാകുമോ? മരിയ പേഴ്‌സണൽ മാനേജരെക്കണ്ടു ഒന്നല്ല. പലതവണ. ഒടുവിൽ മാനേജർ സമ്മതിച്ചു.
സക്‌ട്ടിംഗ് തൊഴിലാളി ഗീവർഗ്ഗീസിന് നെഞ്ചുവേദനയനുഭവപ്പെട്ടത് പെട്ടെന്നാണ്. നാട്ടിൽപോയി വിദഗ്‌ദ്ധ ചികിൽസനടത്തണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചു. ഒമ്പതു കൊല്ലമായി ഗീവർഗീസ് മരുഭൂമിയിലെ സൂര്യന്റെ കീഴിയിൽ ചോരവിയർപ്പാക്കുന്നു. എന്നിട്ടെന്ത്? നാട്ടിലെ എൻ.ആർ.ഐ. അക്കൗണ്ട് വട്ടപ്പൂജ്യം. കൈയിലാണെങ്കിൽ അഞ്ചു ദിർഹം പോലുമില്ല.
മരിയ പറഞ്ഞു. ‘സാരമില്ല’ അവൾ ഒരു ബുക്കെടുത്ത് എഴുതി. സ്വന്തം പേരിൽ ആദ്യം 200 ദിർഹം പിന്നെ, ലുബ്‌ധനായ മാനേജർ അടക്കം എല്ലാവരെക്കൊണ്ടും എഴുതിച്ചു. പാവത്തിന് യാത്രച്ചിലവിനും ചികിത്സയ്‌ക്കുമുള്ള കൊശൊപ്പിച്ചു. എന്തുകാര്യങ്ങൾക്കും തൊഴിലാളികൾ ആദ്യം വന്നുകാണുന്നത് മരിയയെയാണ്. തന്നെ ഈ കമ്പനിയിലേക്ക് ഇന്റർവ്യൂവിന് ക്ഷണിച്ചതും മരിയതന്നെ. പത്രപരസ്യം കണ്ട് അപേക്ഷിച്ചതാണ്. ഇന്റർവ്യൂകഴിഞ്ഞും മരിയ നിരന്തരം വിളിക്കുമായിരുന്നു. ‘സനീഷ് ഉടനെ വന്നു ചാർജ്ജെടുക്കാൻ മാനേജർ പറയുന്നു.’ മരിയയിലൂടെയായിരിക്കണം താൻ ആ കമ്പനിയിൽ കയറിയത്. അല്ലെങ്കിൽ അവളായിരിക്കണം അതിലേക്കുള്ള പാലം.
ചെറിയ കാര്യങ്ങൾക്കുപോലും മരിയ കലഹിക്കുമായിരുന്നു. അതവളുടെ അസുഖത്തിൽ നിന്നുണ്ടായ ടെൻഷൻ കൊണ്ടായിരുന്നുവെന്ന് മനസ്സിലാക്കാൻ വൈകി. എട്ടുകൊല്ലത്തോളം അവൾ കമ്പനിയിലുണ്ടായിരുന്നു. ജോലിഭാരവും കമ്പനിയിൽ നിന്നുള്ള സമ്മർദ്ദവും കാരണം അവൾ പെട്ടെന്നു രോഗിയായി. കമ്പനിയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളായിരുന്നു അവൾക്ക്. മാനേജരാണെങ്കിൽ മുൻകോപിയും ദുശ്ശാഠ്യക്കാരനുമായിരുന്നു. മരിയയെപ്പേലെ ഒരാൾക്കല്ലാതെ കമ്പനിയിൽ നിൽക്കാനാകുമായിരുന്നില്ല. അവളുടെ ലീവ് വേക്കൻസിയിൽ വന്ന പലപെൺകുട്ടികളും വെളിച്ചപ്പാടായ മാനേജരുടെ അട്ടഹാസം കേട്ട് ജീവനുംകൊണ്ട് ഓടി.
കമ്പനിക്കുവേണ്ടിയായിരുന്നു മരിയ ജീവിച്ചതും മരിച്ചതും. ഒരവധിപോലും അവൾ എടുക്കുമായിരുന്നില്ല. എന്നിട്ടെന്ത്? ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ മരിച്ചിട്ടും അലിവുള്ളവരായില്ല. മരുഭൂമിയിലെ മുൾമരങ്ങൾക്ക് തേനൂറുന്ന ഈന്തപ്പനകളാകാനാവില്ലല്ലോ?.
മരിയയുടെ മൃതദേഹം റാഷിദ് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു. അവിടുന്ന് ഇന്നുച്ചക്ക് മക്‌തും ആശുപത്രിയിലേക്കു കൊണ്ടുവരും. അവിടെവെച്ചാണ് എംബാമിംഗ്. അതുകഴിഞ്ഞ് മുംബൈയിലേയ്‌ക്ക് കൊണ്ടുപോകും. ഹൈറേഞ്ചിലുണ്ടായിരുന്ന അവരുടെ മണ്ണ് നേരത്തെ അന്യാധീനപ്പെട്ടുപോയി. മുംബൈയിലേക്കു കൂടിയേറി.
മോർച്ചറിയിൽ ഞങ്ങൾ അവസാനത്തെ ഒരു നോക്കുകാണാൻ തയ്യാറെടുത്തു. വിവരം പറഞ്ഞപ്പോൾ മാനേജർ പറഞ്ഞു. ‘മരിച്ചവർ മരിച്ചു എന്നുവെച്ച് എല്ലാവരും ലീവെടുത്ത് പോകാനൊക്കുമോ?“.
”പോയേ തീരൂ സാർ.“ ഞാൻ പറഞ്ഞു. ഗുജറാത്തി മാനേജർ പരിഹസിച്ചു. * ജോഗയാ ഓഗയ. തുലോ ക്‌ജായേഗാ തോ ക്യാകരേഗാ?* ലീവെടുത്താൽ ശമ്പളം കട്ട്‌ചെയ്യും നഷ്‌ടം നിങ്ങൾക്കു തന്നെ.”
ശമ്പളം പോയാലും വേണ്ടില്ലെന്നു കരുതി ഞങ്ങൾ ഏതാനും പേർ മൃതദേഹം ഒരു നോക്കുകാണാൻ കുതിച്ചു. മോർച്ചറിയിൽ നിന്ന് ശരീരം പുറത്തെടുത്ത് ദർശനത്തിന് വെച്ചിരുന്നു. പുരോഹിതന്മാർ പ്രാർത്ഥനകൾ ആലപിക്കുന്നു. മരിയയുടെ മുഖത്ത് എന്തോ പറയാൻ മറന്നുവെച്ച വാക്കുകൾ. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ഏക മകൾ ലീനയും അച്ഛൻ ജോൺസും കീറിയ പഴന്തുണിക്കെട്ടുകൾ പോലെ.
മരിയാ, നീ കമ്പനിക്കുവേണ്ടി കഠിനാദ്ധ്വാനം ചെയ്‌ത് നിന്റെ ജീവിതം തന്നെ ഇത്രപെട്ടെന്ന്…… പക്ഷേ, അവർക്കൊന്നും നിന്നെവേണ്ട. നിന്നക്കൊണ്ടവർക്കിനിയെന്തുകാര്യം?
കൂട്ടവിലാപങ്ങൾക്കും പ്രാർത്ഥനകൾക്കുമിടയിൽ മരിയാ നീ…. എങ്കിലും ഇത്രപെട്ടെന്ന്….. ഞങ്ങളോടിത് വേണ്ടായിരുന്നു.
* പോയവർപോയി. നിങ്ങൾ പോയിട്ടെന്തു ചെയ്യാൻ?*
Generated from archived content: story1_mar21_09.html Author: punnayoorkulam_sainudheen
Click this button or press Ctrl+G to toggle between Malayalam and English