യാത്രകളിലേക്കു മനസ്സിനെ മോഹിപ്പിച്ച എഴുത്തുകാരനാണ് എസ്. കെ പൊറ്റക്കാട്ട്. കണ്ട കാഴ്ചകള്‍ പറഞ്ഞു തന്നു പല നാടുകളും എന്റെ മോഹമനസ്സിലേക്ക് അദ്ദേഹം കൊണ്ടു വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ആകര്‍ഷണീയം പച്ച ചൂടി നില്‍ക്കുന്ന നാടാണു ബാലി ദ്വീപ്. പണ്ട് സ്കൂളില്‍ പഠിക്കുന്ന കാലത്താണ് എസ്. കെ യുടെ ബാലിദ്വീപ് യാത്രാ വിവരണം വായിച്ചത്.
എസ്. കെ യുടെ ബാലി ദ്വീപ് വായിക്കുമ്പോള്‍ മനസ്സു കൊണ്ടു ബഞ്ഞ്വാങ്ങിയില്‍ നിന്നു ഞാനും എസ്. കെ യോടൊപ്പം ബോട്ടില്‍ കയറി വെണ്മണല്‍ പറമ്പുകളും തെങ്ങിന്‍ തോപ്പുകളും ഓലമേഞ്ഞ കുടിലുകളും ചിതറിക്കിടക്കുന്ന കിളിമാനുക്കില്‍ നിന്നു തുടങ്ങിയ യാത്രയുടെ എല്ലാ കാഴ്ചകളെയും അക്ഷരങ്ങള്‍ കൊണ്ട് എസ്. കെ. എന്നെ അനുഭവിപ്പിച്ചു. കൃഷിയും കൈത്തൊഴിലും പാട്ടും കൂത്തും ഇണക്കിക്കോര്‍ത്ത ആ ജീവിതപ്പൂമാലയുടെ ഗന്ധം ഗ്രന്ഥകാരന്‍ എന്റെ മനസിലേക്കാണ് കോരിയിട്ടത്.
ത്യാങ് പാമിത്ത് ( ക്ഷമിക്കണം ഞാന്‍ പോയ് വരട്ടെ) എന്ന് എസ്. കെ ബാലിയോടു യാത്ര പറയുമ്പോള്‍ ഞാന്‍ ആ ദ്വീപിന്റെ സൗന്ദര്യങ്ങളിലേക്ക് ഒരു യാത്രയ്ക്ക് മനസ്സുകൊണ്ട് തയാറെടുക്കുകയായിരുന്നു . പക്ഷെ ആ യാത്ര ഇതുവരെ നടന്നില്ല.
ഞാന്‍ മോഹിച്ച യാത്രയാണ് ഇപ്പോള്‍ എന്റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ കെ.എസ് ഫ്രാന്‍സിസ് സഫലമാക്കിയിരിക്കുന്നത്. അറുപതു വര്‍ഷം മുമ്പു മഹാനായ ലോക സഞ്ചാരി പോയ വഴികളിലൂട്രെ അദ്ദേഹം പോയി വന്നു. ആ യാത്രയുടെ ആവിഷ്ക്കാരമാണ് ഈ പുസ്തകം.
കേരളവും ബാലിദ്വീപും തമ്മില്‍ ഒരു പാട് സാമ്യങ്ങളുണ്ടെന്ന് എസ്. കെ പൊറ്റക്കാട്ട് വിവരിക്കുന്നുണ്ട്. ബാലി ദ്വീപിലെ കടപ്പുറത്തു ചെന്നെത്തുമ്പോള്‍ കേരളത്തിലെ കായലുകളിലെ ഏതോ തുരുത്തില്‍ ചെന്നു കയറിയതുപോലെയാണു ലോക സഞ്ചാരിക്കു തോന്നിയത്. ആ ഗ്രാമമൂല പേരുകൊണ്ടും മലയാളത്തെ അനുസ്മരിപ്പിക്കുന്നു- കിളിമാനൂക്ക് . ഇന്നു കിളിമാനൂക്ക് ഒരു കൊച്ചു തുറമുഖപട്ടണമാണെന്നു ഫ്രാന്‍സിസ് എഴുതുന്നു.
എസ്. കെ പോയ വഴികളില്‍ വന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഫ്രാന്‍സിസ് ഈ യാത്രാവിവരണം എഴുതിയിട്ടുള്ളത് . മാറു മറയ്ക്കാത്ത പെണ്ണുങ്ങള്‍ എസ്. കെ യുടെ യാത്രാവിവരണത്തിലെ വേറൊരു ആകര്‍ഷണമായിരുന്നു. ജമ്പ്രാണ വനപ്രദേശത്തെ നാട്ടു പ്രദേശങ്ങളില്‍ ആ സുന്ദരാംഗികളെ ഒപ്പിയെടുക്കാന്‍ ഫ്രാന്‍സിസിന്റെ സഹയാത്രികനായ ഫോട്ടോഗ്രാഫര്‍ സമീര്‍ ക്യാമറ കൂര്‍പ്പിച്ചു കാത്തുനില്‍ക്കുന്നുണ്ട്. പക്ഷെ പെണ്ണുങ്ങളൊക്കെ മാറു മറയ്ക്കാന്‍ തുടങ്ങിയെന്നു മാത്രമല്ല പുത്തന്‍ വസ്ത്രങ്ങള്‍ അണിയാനും തുടങ്ങിയിരിക്കുന്നു.
ഇനിയും പോകുന്നവര്‍ക്ക് ഒരു നഷ്ടം കൂടിയുണ്ട്. ഡെന്‍പസാറില്‍ പൊറ്റക്കാട്ട് താമസിച്ച ബാലി ഹോട്ടല്‍ പൊളിച്ചു പണിയുകയാണ്. എസ്. കെ താമസിച്ച ഇരുപത്തിനാലാം നമ്പര്‍ മുറിയാണ് ഫ്രാന്‍സിസ് ചോദിച്ചു വാങ്ങുന്നത്. അതിലെ അവസാന താമസക്കാരനായി ഫ്രാന്‍സിസ്.
കിളിമാനൂക്കില്‍ നിന്നു ബസ്സില്‍ പുറപ്പെട്ട് എസ്. കെ അടുത്തുള്ള ഒരു ഗ്രാമത്തിലെത്തുന്നു . വാഴയും ചേമ്പും കുമ്പളവും കപ്പയും സമൃദ്ധമായി നട്ടുപിടിപ്പിച്ച ആ പ്രദേശത്തെത്തുമ്പോള്‍ കേരളക്കരയില്‍ നിന്നു നാലായിരം മൈല്‍ അകലെ കിടക്കുന്ന ഒരു ദ്വീപിലാണ് എത്തിയതെന്ന് അദ്ദേഹത്തിനു വിശ്വസിക്കാനേ കഴിഞ്ഞില്ല. കേരളവും ബാലി ദ്വീപും തമ്മില്‍ പിന്നെയും സാമ്യങ്ങളുണ്ടെന്ന് എസ്. കെ. എഴുതുന്നു. നാടന്‍ മലയാളി മട്ടില്‍ വാഴയിലയില്‍ ചോറും കറികളും വിളമ്പി നിലത്തു ചമ്രം പടഞ്ഞിരുന്നാണ് ബാലിക്കാരുടെ ഊണ്. പടവലങ്ങ, മത്തന്‍, പയര്‍ മുതലായ പച്ചകറികള്‍ കൊണ്ടുള്ള ഒരു പുഴുക്ക്. അകത്തിച്ചീരകൊണ്ടുണ്ടാക്കിയ കൊഴുത്ത ഉപ്പേരി. പിന്നെ സ്പെഷലായി കോഴിയിറച്ചിക്കറി. കറികളില്‍ നാളികേരം അരച്ചും ചതച്ചു ചേര്‍ത്തിരിക്കും. ആ ഊണും കഴിച്ച് ഒരു ഏമ്പക്കവുമിട്ട് തോട്ടിന്‍ വക്കിലൂടെ നടന്നുകൊണ്ടിരിക്കെ തെങ്ങിന്‍ തൈകളുടെ പീലിയോലകള്‍ പുലര്‍ കാറ്റില്‍ പുളകം കൊള്ളുമ്പോള്‍ വാഴയും ചേമ്പും പപ്പായയും വളര്‍ന്നു നില്‍ക്കുന്ന പറമ്പുകളില്‍ നിന്നു പൂങ്കോഴി ചാത്തന്റെ കൂകല്‍ കേള്‍ക്കുമ്പോള്‍ പൈക്കിടാവിനെ കയറിട്ടു പിടിച്ച് മാറു തുള്ളിച്ചു കൊണ്ട് കല്യാണിക്കുട്ടിയുടെ അനിയത്തി പറമ്പില്‍ നിന്ന് ഇടവഴിയിലേക്കിറങ്ങി വരുമ്പോള്‍ താന്‍ തന്റെ കേരളത്തിലല്ലെന്നു വിശ്വസിക്കാനാവുന്നില്ല. ഫ്രാന്‍സിസും സമീറും ബാലി ഹോട്ടലില്‍ ഊണു കഴിക്കുമ്പോള്‍ അവിടെ വാഴയില സ്റ്റോക്കില്ല. ഉടന്‍ അവരുടെ ഡ്രൈവര്‍ പുറത്തു പോയി വാഴയില സംഘടിപ്പിച്ചുവരികയാണ്. നാട്ടില്‍ നിന്ന് എത്രയോ അകലെ വാഴയിലയിലയില്‍ വിളമ്പിത്തന്ന ചോറുണ്ണുന്ന മലയാളിയുടെ ഗൃഹാതുരത്വം കൊണ്ടാകാം ഫ്രാന്‍സിസും സമീറും സാധാരണ കഴിക്കുന്നതിലധികം ചോറ്ടു വാരി വിഴുങ്ങുകയാണ്.
ബാലി ദ്വീപ് വായിക്കുമ്പോള്‍ എന്റെ സ്വപ്നങ്ങളിലേക്കു കയറിക്കൂടിയ രാജകുമാരിയാണു ശ്രീയാത്തൂണ്‍. ബാലിയില്‍ പോകുമ്പോള്‍ അവളെ കാണാന്‍ കൊതിച്ചു . ഏതാണ്ടു സമപ്രായക്കാരാകും ഞങ്ങള്‍. ഒരു രാജകുമാരിയെ നേരില്‍ കാണണം. അവളുടെ ‘ കുപ്പുകുപ്പുച്ചാരും’ എന്ന പാപ്പാത്തി നൃത്തം കാണണം. ശബ്ദമാധുര്യമുള്ള ആ പേരു കുറെക്കാലം എന്റെ മനസ്സില്‍ കിടന്നു മധുരിച്ചു. ഒരു രാജകുമാരിയെ നേരില്‍ കാണാനുള്ള അഭിലാഷത്തോടെ ഞാന്‍ ബാലി ദ്വീപ് സ്വപ്നം കണ്ടുറങ്ങി.
എസ്. കെ കാണുമ്പോള്‍ ശ്രീയാത്തൂണിനു പത്തു വയസ്സാണ് . അവളുടെ വളര്‍ച്ച എസ്. കെ ഭാവനയില്‍ കാണുന്നുണ്ട്. ശ്രീയാത്തൂണ്‍ ഞെച്ചിലാകുന്നതും ( വയസ്സറിയിക്കുന്നത്) അക്കാര്യം പെരുമ്പറ കൊട്ടി ഗ്രാമവാസികളെ അറിയിക്കുന്നതുമൊക്കെ എഴുത്തുകാരന്‍ വരാന്തയിലെ കസേരയില്‍ ചാരിക്കിടന്ന് ആലോചിച്ചു കൂട്ടുകയാണ്. പെണ്‍കുട്ടികള്‍ വയസ്സറിയിക്കുമ്പോള്‍ ബാലി ദ്വീപുകാര്‍ നടത്തുന്ന ചടങ്ങുകള്‍ ശ്രീയാത്തൂണ്‍ രാജകുമാരിയുടെ ഓര്‍മ്മകളിലൂടെ എസ്. കെ വരച്ചിടുന്നത്.
ശ്രീയാത്തൂണിന് സ്വന്തം അറയില്‍ തീണ്ടല്‍ കാലത്ത് അടച്ചിടുന്നതും തീണ്ടല്‍ കഴിഞ്ഞാല്‍ കുളിപ്പിച്ചു പുതുവസ്ത്രങ്ങളും പൊന്‍പണ്ടങ്ങളും പുഷ്പങ്ങളും അണിയിച്ച് ഒരുക്കി നിര്‍ത്തുന്നതും പുണ്യാഹം കുടിച്ചു തീണ്ടല്‍ മാറുന്നതും ക്ഷേത്രദര്‍ശനവും സദ്യയും രാത്രിയിലെ ആഘോഷവുമൊക്കെ എസ്. കെ മനസ്സില്‍ കാണുന്നു.
വയസ്സറിയിക്കല്‍ ആഘോഷത്തിന്റെ പിറ്റേന്നു പല്ലുരാകല്‍ കര്‍മമാണ്. മേല്‍വരിയിലെ പുറത്തു കാണുന്ന പല്ലുകളുടെ കീഴ്ഭാഗം അരം കൊണ്ടു രാകി നീളം കുറച്ച് സമനിരപ്പില്‍ മിനുക്കി ചന്തം വരുത്തും. അന്നും ഗംഭീര സദ്യ പത്തുവയസ്സുകാരിയെങ്കിലും വയസറിയിച്ച ഒരു സുന്ദരിപ്പെണ്ണായാണ് എസ്. കെ ശ്രീയാത്തൂണിനെ നമ്മുടെ മനസ്സിലേക്ക് അന്നേ കെട്ടി എഴുന്നുള്ളിച്ചത്. ആ ശ്രീയാത്തൂണ്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്ന അറിവാണ് ഫ്രാന്‍സിസിന്റെ ഈ പുസ്തകം തരുന്ന ആനന്ദം.
ശ്രീയാത്തൂണ്‍ ഇപ്പോള്‍ കൊട്ടാരത്തിലല്ല താമസം. അടുത്ത കാലത്തു നിര്‍മ്മിച്ച ഒരു ഇടത്തരം കോണ്‍ക്രീറ്റ് ഭവനത്തിലാണെന്ന് ഫ്രാന്‍സിസ് എഴുതുന്നു. അവരും രണ്ട് അനിയന്മാരും ചേര്‍ന്നു ഹോട്ടല്‍ ചമ്പൂവാന്‍ നടത്തുകയാണ്. എസ്. കെ യുടെ ആതിഥേയനും ശ്രീയാത്തൂണിന്റെ പിതാവുമായ ചെക്കോര്‍ദ്ദെ അഗൂങ് 1978 -ല്‍ മരിച്ചു പോയിരുന്നു. 1978 ജൂലൈയില്‍ മരിച്ച അദ്ദേഹത്തെ 1979 ഫെബ്രുവരിയിലാണ് സംസ്ക്കരിച്ചത്. ശവസംസ്ക്കാരത്തിനു നല്ല സമയം കാത്താണ് ആറുമാസത്തിലേറെ ശവം സൂക്ഷിച്ചു വച്ചത് അതും ബാലിക്കാരുടെ ഒരു ആചാരം.
ലോകത്ത് ഇന്ത്യയ്ക്കു പുറത്തു ഹിന്ദുക്കളുടെതായ ഒരു നാടുള്ളത് ബാലി ദ്വീപാണ്. ദൈവങ്ങളുടെ നാടെന്നു വിശെഷിപ്പിക്കാവുന്ന ഈ ദ്വീപില്‍ ഇപ്പോഴും 92.9 ശതമാനം ഹിന്ദുക്കളാണ്. ലോകത്ത് ഏറ്റവുമധികം മുസ്ലിംങ്ങളുള്ള രാജ്യമായ ഇന്തൊനോഷ്യയില്‍ ഉള്‍പ്പെടുന്ന ബാലി ദ്വീപില്‍ 5. 69 ശതമാനം മാത്രമാണു മുസ്ലിങ്ങള്. 60 വര്‍ഷം മുന്‍പ് എസ്. കെ കണ്ട ബാലി ദ്വീപല്ല ഇന്നത്തെ ബാലി ദ്വീപ്. ആ മാറ്റങ്ങളിലൂടെയാണ് ഫ്രാന്‍സിസ് സഞ്ചരിക്കുന്നത്. എസ്. കെ പൊറ്റക്കാട്ട് എന്ന വലിയ സഞ്ചാര സാഹിത്യകാരനുള്ള ആദരം കൂടിയാണ് കെ. എ ഫ്രാന്‍സിസിന്റെ ഈ പുസ്തകം.
സമീറിന്റെ ചിത്രങ്ങള്‍ ഈ യാത്രാപുസ്തകത്തിലെ പുതിയ ബാലി ദ്വീപിനെ വായനക്കാരുമായി കൂടുതല്‍ അടുപ്പിക്കുന്നു. എസ്.കെ യുടെ ബാലി ദ്വീപ് വായിക്കാത്തവര്‍ക്കു കൂടി രസകരമായ ഒരു വായനാനുഭവമാണ് ഈ പുസ്തകം.
ഞാന്‍ കാണാന്‍ കൊതിച്ച ബാലി ദ്വീപിനെ അറുപതു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എന്റെ മോഹമനസീലേക്കു കൊണ്ടുവന്ന ഫ്രാന്‍സിസിനു നന്ദി പറഞ്ഞു കൊണ്ട് ഈ പുസ്തകം പ്രിയ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
Generated from archived content: book1_may4_13.html Author: punathil_kunjabdulla
Click this button or press Ctrl+G to toggle between Malayalam and English