മഴ പെയ്‌ത രാത്രി,
കുടിൽ ചോർന്ന നേരം,
പഴമുറം ചൂടി ഞാൻ നിന്നു
നനയാതെ
ഉറങ്ങാതെ
മഴ തീരുവോളം.
മഴ കേട്ടുറങ്ങാൻ കൊതിച്ച കാലം,
അരികിലമ്മതൻ
നെഞ്ചിലെ നെടവീർപ്പുകൾ,
ഇടിനാദമായ് വന്നു നിറയെ,
ഇനിയാരുമുറങ്ങാതെയില്ലയെന്നോതി
രാപാടിയും പോയി ദൂരെ
എവിടെയും കണ്ടില്ല,
ഒരു മിന്നു വെട്ടവും,
ക്ഷമ ചൊല്ലിപ്പിരിയാതെ
മഴ പിന്നെയും പിന്നെയും
അതിലെന്റെ സ്വപ്‌നവും നിദ്രയും,
കടലാസു തോണിയായ് മാറവേ,
വല്ലാതെ സ്‌നേഹിച്ചിരുന്നു.
ഞാൻ മഴയെ,
വല്ലാതെ, വല്ലാതെ…..
Generated from archived content: poem1_july24_09.html Author: pu_ameer