സങ്കടങ്ങള്ക്കപ്പുറത്ത്
ഒരു സ്റ്റോപ്പ്,
അവിടെക്കാണെന്റെ ടിക്കറ്റ്
ഈ പെരുമഴയൊന്നു
തോര്‍ന്നിരുന്നെങ്കില്‍
വീശിയടിക്കുന്ന കാറ്റ്
വിളക്കുകളെല്ലാം
ഊതിക്കെടുത്തിയിരിക്കുന്നു
കാണാപ്പുറത്തൊരു ബസിന്റെ
ഇരമ്പല്‍,
ഇരുട്ടില്‍
ഭീകര സത്വത്തെപ്പോലെ
വെളിച്ചം കെട്ട്
അതെന്റെയടുത്തേക്ക്
സങ്കടങ്ങള്ക്കപ്പുറത്തേക്ക്
അവസാനത്തെ ബസ്!
‘വേഗം കയറു…വേഗം… വേഗം..
വിഷമദ്യം കഴിച്ച ആന്റണിയുടെ ശബ്ദം
‘ഇവിടെയിരിക്കാം’…
പുഴയില്‍ ചാടിയ ശാന്തമ്മയുടെ ശബ്ദം
‘ടിക്കറ്റ്….ടിക്കറ്റ്…’
പോലീസ് ലോക്കപ്പിലുള്ള അബുബക്കറിന്റെ ശബ്ദം
എവിടേക്കാ’….
തെങ്ങില്‍ നിന്നു വീണ വേലായുധന്റെ ശബ്ദം
ഇരുട്ടിലാരെയും കണ്ടില്ലെങ്കിലും
എനിക്കെല്ലാവരേയും അറിയാം.
Generated from archived content: poem1_july16_12.html Author: pu_ameer