ആന
കുരങ്ങ്
ഒട്ടകം
കരടിയൊക്കെയാകണം.
തീ വളയത്തിലൂടെ ചാടണം.
സിനിമാപ്പാട്ടിനൊത്ത്
ചുവടുവയ്‌ക്കണം.
കോമാളിയാകണം
ഊഞ്ഞാലിൽ നിന്നും-
കൈതെറ്റിയ പോൽ
താഴേക്കു പോരണം.
ഓടുന്ന കുതിരയുടെ പുറത്ത്
തലകുത്തി നിൽക്കണം.
മുടിയിൽ ജീപ്പുകെട്ടി വലിക്കണം.
മരണക്കിണറിൽ
പായുന്ന ബൈക്കുകൾക്കൊപ്പം
സൈക്കിൾ ചവിട്ടണം.
ട്യൂബുകൾക്കുമീതെ കിടക്കണം,
അമ്മിക്കല്ല് നെഞ്ചത്തുകൊളളണം.
ഇണങ്ങാത്ത കടുവകളുടെ
കൂട്ടിൽ കയറണം.
വിഷപ്പാമ്പുകളെ നിറച്ച
ചില്ലുകൂട്ടിൽ കിടക്കണം.
വൃത്തപ്പലകയിൽ
കാലും കൈയും കണ്ണും
കെട്ടി നിറുത്തും
കത്തിമുനയുടെ ഇരമ്പൽ
ചോരയിൽ വന്നു
തറയാതിരിക്കാൻ
പിന്നീടു ഞാൻ
കാതും കെട്ടാൻ തുടങ്ങി.
മണിക്കൂറോളം
മണ്ണിനടിയിൽ കുഴിച്ചിടും
അപ്പോൾ മാത്രമാണ്
എനിക്കെന്നെക്കുറിച്ചോർക്കാൻ കഴിയുക.
കൂടാരത്തിൽ തട്ടി
തിരിച്ചുവന്നുകൊണ്ടിരിക്കും-
പാവം മനസ്സ്.
അപ്പോഴുമപ്പോഴും
നിലയ്‌ക്കാത്ത
കൈയ്യടികൾ
കൈയ്യടികൾ…
Generated from archived content: poem1_may4.html Author: pt_binu
Click this button or press Ctrl+G to toggle between Malayalam and English