ശ്രീജ വരയ്‌ക്കുന്ന വീട്‌

മഞ്ഞ

സൂര്യകാന്തികളാൽ മേൽക്കൂര

ജലത്താൽ ഭിത്തികൾ

താഴ്‌വാരങ്ങളാൽ

വാതിൽ, ജനാലകൾ

കാടിന്നകങ്ങളാൽ മുറികൾ.

ഓരോ മുറിയിലും

ആകാശത്തിൻ സിംഫണികൾ,

കുട്ടികൾ നടക്കുന്ന-

പോലെപ്പോഴും കടൽ.

പച്ച

ഇലകളാലാവണം മുറ്റം

മഴകളാൽ പൂന്തോട്ടം

ഉണ്ണാനോ, ഉറങ്ങാനോ തോന്നാതെ

നോക്കിയിരിക്കാൻ

ശലഭങ്ങളാൽ വയലുകൾ

മുറ്റത്തിന്നപ്പുറം വേണം.

മഞ്ഞാൽ പൂച്ചകൾ

മുയലുകൾ മേഘങ്ങളാൽ

നിലാവാൽ അണ്ണാനുകൾ

പക്ഷികൾ കാറ്റാൽ

വെയിലാൽ കോഴികളെ-

പ്പോഴുമോടി നടക്കണം.

കോരിയാലുളളു നിറയണം

സൂര്യനും

ചന്ദ്രനും

കിണർ.

നീല

മലകളിലൂടെ

മരങ്ങൾക്കിടയിലൂടെ

പുഴ മീതെ

വയലുകൾക്കു നടുവിലൂടെ

വളഞ്ഞ്‌

പുളഞ്ഞ്‌

നക്ഷത്രങ്ങൾ വീണുകിടക്കുന്ന

വീട്ടിലേക്കുളള-

വഴി.

Generated from archived content: poem-sept8.html Author: pt_binu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English