തീർപ്പുകൾക്കു വഴങ്ങാത്ത പ്രതിനിധാനമാണ് ശ്രീനിവാസൻ. അന്തിമമെന്നു തോന്നിപ്പിക്കുന്ന ഓരോ തീർപ്പിനെയും റദ്ദാക്കിക്കൊണ്ട് അതു വീണ്ടും സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. വരുതിക്കു നില്‌ക്കാതെ എപ്പോഴും തെന്നിമാറിപ്പോകുന്ന സമകാലപുരാവൃത്തത്തിന്റെ ഘടനയാണ് ശ്രീനിവാസത്തത്തിനുളളത്. കീഴാളമായ കർത്തൃത്വരൂപീകരണത്തിന്റെ ആത്മപ്രതിഫലനാത്മകതയടങ്ങിയ സൂചകമായി അതു വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. കീഴാള മലയാളിസ്വത്വത്തെ കോമാളിവത്‌ക്കരിച്ചതിന്റെ പേരിൽ ആക്ഷേപിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ പരസ്‌പരവിരുദ്ധമെന്നു തോന്നിപ്പിക്കുന്ന ഈ രണ്ടു നിലപാടുകൾക്കുമിടയിലാണ് ശ്രീനിവാസന്റെ ഇടമെന്നു വിചാരിച്ചാൽ എങ്ങനെയാവും? എൺപതുകളിലും തൊണ്ണൂറുകളിലും താരവേന്ദ്രന്മാരായി വാണിരുന്ന മമ്മൂട്ടി-മോഹൽലാൽ ദ്വയത്തിന്റെ പ്രഭാവകാലത്താണ് ശ്രീനിവാസന്റെ ഒച്ച വേറിട്ടുകേട്ടു തുടങ്ങുന്നത്. പ്രത്യേകിച്ചും തിരക്കഥാകൃത്തിന്റെ അധികച്ചുമതല ഏറ്റെടുക്കുന്നതോടെ. അതുവരെ ‘നടനെ’ന്നനിലയിൽ ചലച്ചിത്രത്തിന്റെ വെളളിവെളിച്ചത്തിൽ അദൃശ്യവത്‌ക്കരിക്കുകയും വസ്‌തുവത്‌ക്കരിക്കുകയും ചെയ്യപ്പെട്ട ‘സവിശേഷ’ ഗണത്തിലായിരുന്നു ശ്രീനിവാസനെയും അകപ്പെടുത്തിയിരുന്നത്. ശരീരപ്രകൃതത്തോടു ബന്ധപ്പെടുത്തിയുളള തമസ്‌കരണത്തിന്റെ നാളുകളായിരുന്നു അയാളെ കാത്തിരുന്നത്. സത്യനെന്ന അഭിനേതാവിന്റെ മികവു വാഴ്‌ത്തുമ്പോഴും അയാളുടെ ‘യഥാർത്ഥ’രൂപത്തെയും നിറത്തെയും കുറിച്ച് ഇച്ഛാഭംഗത്തോടെ സംസാരിക്കുന്നത് അറുപതുകളിലെയും എഴുപതുകളിലെയും മലയാളികളുടെ (ആസ്വാദന) ശീലത്തിന്റെ ഭാഗമായിരുന്നല്ലോ. അഡയാർ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കാനെത്തിയ ശ്രീനിവാസനെ രാമു കാര്യാട്ടിനെപ്പോലൊരാൾ നിരുത്സാഹപ്പെടുത്തിയതും മറ്റൊന്നിന്റെ പേരിലാവണമെന്നില്ല. ഇവിടെയെല്ലാം അലിഖിതവും അനിശ്ചിതവുമായ ആനുകൂല്യങ്ങളും പ്രത്യേകാവകാശങ്ങളും കയ്യാളുന്ന സ്വാഭാവികമായ സാന്നിദ്ധ്യമാവുകയാണ് വെണ്മ. കറുപ്പാവട്ടെ, ഉടലിനോടും ഉടയാടയോടും വിളിപ്പേരിനോടും മൊഴിവഴക്കങ്ങളോടും കൂട്ടിച്ചേർക്കപ്പെടുന്നു. നായകവർണ്ണത്തിനു പ്രതികൂലമായി-അല്ലെങ്കിൽ വിധേയമായി-മാത്രമേ ‘അസുന്ദരവും അസ്വാഭാവികവു’മായ കറുപ്പിനു നിലനില്‌പ്പുളളൂ. ശാരീരികമായ കുറവുകളോടോ ഇല്ലായ്‌മയോടോ ബന്ധപ്പെട്ടുമാത്രം കറുപ്പുനിറം തിരിച്ചറിയപ്പെടുന്നു. ഉച്ചനീചത്വം അലിഞ്ഞുചേർന്ന നിറഭേദങ്ങൾ കാലാകാലങ്ങളായി ചലച്ചിത്രങ്ങളിലൂടെ സാധൂകരണം നേടിയത് യാദൃച്ഛികമല്ല. ശ്രീനിവാസന്റെ പോരാട്ടം അന്നൊക്കെ ശ്രീനിവാസത്തത്തോടു തന്നെയായിരുന്നുവെന്നു കാണാം.
വെളളിത്തിരയ്‌ക്കു പുറത്തുളള സാമൂഹിക-സാമ്പത്തിക സമവാക്യങ്ങൾ പുനരുത്‌പാദിപ്പിക്കുന്ന പ്രതിനിധാനങ്ങളായി കറുപ്പും കറുത്തയാളും നിരന്തരമായി അടയാളപ്പെടുന്നത് എൺപതുകളിലും തൊണ്ണൂറുകളിലുമാണ്. ബ്രാഹ്‌മണകേന്ദ്രീയതയെ വലംവയ്‌ക്കുന്ന ഹിന്ദുത്വരാഷ്‌ട്രീയം കൂടുതൽ ‘ആധികാരിക’മായി മാറുന്നതും ഇതേ കാലത്താണ്. മമ്മൂട്ടിയുടെയും (അതിലേറെ) ലാലിന്റെയും സ്വീകാര്യതയെയും ഇതിൽനിന്നും അടർത്തിമാറ്റാനാവില്ല. ഈയൊരു പശ്ചാത്തലത്തിലാണ് അതിനായകന്മാരുടെ അപരത്വമായി ശ്രീനിവാസത്തം നിർവ്വചിക്കപ്പെടുന്നത്. അയാളുടെ എഴുത്തിന് ജനസമ്മതി കൈവന്നതോടെ സിനിമയിലെ കല്‌പിച്ചനുവദിക്കപ്പെട്ട ഇടം കൂടുതൽ വിപുലമായി. ക്രമേണ, ജനകീയവത്‌ക്കരിക്കപ്പെടാത്തതും ജനായത്തപരമായി പെരുമാറാൻ അറിയാത്തതുമായ താരമണ്‌ഡലത്തിലേക്കയാൾ അതിക്രമിച്ചു കയറി. താരങ്ങൾ സ്വകാര്യസ്വത്തായി കൈവശംവച്ചിരുന്ന സ്ഥാനങ്ങളെയാകെ പ്രശ്‌നവത്‌ക്കരിക്കാൻ കഴിഞ്ഞുവെന്നിടത്താണ് അതിന്റെ തുടക്കം. നായകത്വത്തിന്റെ വിപരീതമെന്ന നിലയ്‌ക്കല്ല, തന്റെ വിപരീതമാണ് നായകത്വമെന്ന നിലയ്‌ക്കാണ് ശ്രീനിവാസത്തം സ്വയം നിർവ്വചിച്ചത്. നായകനെ കാല്‌പനികവത്‌ക്കരിക്കുകയും തന്നെ യഥാർത്ഥവത്‌ക്കരിക്കുകയും ചെയ്യുന്ന ആഖ്യാനതന്ത്രം കേവലം ആത്മനിരാസത്തിന്റേതു മാത്രമാവണമെന്നില്ല. നായകത്വം സുനിശ്ചിതവും നിശ്ചലവുമായി ചുരുങ്ങുമ്പോൾ ശ്രീനിയുടെ പ്രതിനായകത്വം അനിശ്ചിതവും ചലനാത്മകവുമാണ്. കാണികളുടെ സ്വീകാര്യതയെ സ്വന്തം അപരത്വംകൊണ്ടു പുനഃപ്രതിഷ്‌ഠിക്കുകയാണ് ശ്രീനിവാസന്റെ കുറേ കഥാപാത്രങ്ങളെങ്കിലും ചെയ്യുന്നത്. മുകേഷ്-ജയറാം ടീമുമായി ശ്രിനിവാസൻ സഹകരിച്ച ചിത്രത്തിൽ ഇതു കൂടതുൽ വാചാലമാണ്. നായകത്വത്തെ-അതുവഴി നായകനെയും-തന്റെ അപരമാക്കുന്ന വൈരുദ്ധ്യാത്മകഘടനതന്നെ ഇത്തരം ചിത്രങ്ങളിൽ കാണാം.
അതാവട്ടെ സിനിമയ്‌ക്കുളളിൽമാത്രമല്ല പുറത്തും പ്രതിഫലിപ്പിക്കാൻ ശ്രീനിവാസൻ ശ്രമിച്ചിരുന്നു. ‘വലിയ ലോകവും ചെറിയ ശ്രീനിയും’ എന്ന ടി.വി. പരമ്പരയുടെ ചില ഭാഗങ്ങളിലെങ്കിലും സിനിമാരംഗത്തെ ജാതിക്കുന്നായ്‌മയും തൻപ്രമാണിത്തവും താരജാടകളും പരാമർശിക്കപ്പെടുന്നത് ഇതിനു തെളിവാണ്. ഒരിക്കൽ മലയാളത്തിലെ സൂപ്പർതാരങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ ശ്രീനിവാസൻ പ്രതികരിച്ചതിങ്ങനെയാണ് ഃ “മമ്മൂട്ടി ഇന്ത്യൻ സിനിമയിൽ പലതുമാണ്, മോഹൻലാൽ ഇന്ത്യൻ സിനിമയിൽ ചിലതെല്ലാമാണ്, സുരേഷ്‌ഗോപി ഇന്ത്യൻ സിനിമയിൽ ഇനിയും പലതുമാകേണ്ടതുണ്ട്.” “ഒരു വിവാദത്തിന് ഇത്രയൊക്കെ പോരേ?” എന്ന അനുബന്ധച്ചോദ്യവും ശ്രീനി ഉന്നയിക്കുന്നുണ്ട്. താരപദവിയുടെ അസംബന്ധതയെ പൊളിച്ചുകാട്ടുന്ന സ്വാഭാവികമായ ശ്രീനിവാസൻ പ്രസ്‌താവമാണിത്. ഇവിടെ താരപ്രഭയിൽ സന്നിഹിതമാവുന്ന ആശയധാരകൾ സൃഷ്‌ടിക്കുന്ന കേവല യഥാർത്ഥതകൾ മിഥ്യാഭാവങ്ങളായി മാറുന്നു. അതോടെ ചിലതിലും പലതിനുമിടയിൽ സാരമായ വ്യത്യാസം അവശേഷിക്കുന്നില്ലെന്നും വരുന്നു. സ്വയം സമ്പൂർണ്ണതയും ഏകസ്വരതയും തിടംവച്ച കീഴ്‌വഴക്കങ്ങളെ ഇങ്ങനെ സംശയത്തിന്റെ മുനയിൽനിറുത്തുന്ന രീതിശാസ്‌ത്രം ശ്രീനിവാസന്റെ ചില ചിത്രങ്ങളിലെങ്കിലും പരീക്ഷിക്കപ്പെടുന്നുണ്ട്. വർത്തമാനകാലം ആവശ്യപ്പെടുന്ന പോർവീര്യം അതിനില്ലായിരിക്കാം. എന്നാൽ താരാസ്‌തിത്വം അരക്കിട്ടുറപ്പിക്കുന്ന അധികാരബന്ധങ്ങളെ ചില എതിർക്കാഴ്‌ചകളിലൂടെ അത് വല്ലാതെ ഉലയ്‌ക്കുന്നുണ്ട്. വരവേൽപ്പും മിഥുനവും കഴിഞ്ഞ് കിളിച്ചുണ്ടൻ മാമ്പഴത്തിലെത്തുമ്പോൾ അധികാരവും പദവിയുമൊക്കെ കയ്യാളുന്ന ശ്രീനിവാസന്റെ അപരമായി മോഹൻലാലിന് (അബ്‌ദു) ആദേശീകരണം സംഭവിക്കുന്നതു നോക്കുക. അയാൾ കഥയെഴുതുകയാണ് എന്ന പടത്തിൽ തന്റെ സ്വരൂപത്തോടു തട്ടിച്ചുകൊണ്ടാണ് നായകനായ മോഹൻലാലിന്റെ (സാഗർ കോട്ടപ്പുറം) “പൊണ്ണത്തടിയും മത്തങ്ങാമോന്ത”യും അപഹസിക്കപ്പെടുന്നത്. സൂപ്പർതാര ചിത്രങ്ങളിലെ ഇത്തരം വൈരുദ്ധ്യാത്മക കാഴ്‌ചകൾ തീവ്രവും നിരന്തരവുമാകാത്തതെന്തുകൊണ്ടെന്ന പ്രശ്‌നത്തിന്റെ സമാധാനം ശ്രീനിവാസനിൽ മാത്രമായി പരിമിതപ്പെടുന്ന ഒന്നല്ല. ബോധപൂർവ്വം തങ്ങൾക്കാവശ്യമുളള പലതിനെയും അമിതവത്‌ക്കരിക്കുകയും വേണ്ടാത്തവയെ ന്യൂനീകരിക്കുകയും ചെയ്‌തുപോരുന്ന വരിഷ്‌ഠമായ വിനോദവ്യവസായമാണ് ശ്രീനിവാസത്തെയും വ്യവസ്ഥ ചെയ്യുന്നത്. പുറമെ നോക്കുന്നതിനെക്കാൾ ശക്തവും സങ്കീർണ്ണവുമാണ് അതിന്റെ വ്യാപനശേഷി. പ്രതിനിധാനപരമായ രാഷ്‌ട്രീയ-സാംസ്‌കാരികപ്രയോഗങ്ങൾ നിരന്തരം നിർമ്മിക്കുകയും മോടിപ്പകിട്ടോടെ അവതരിപ്പിക്കുകയും ചെയ്യുന്ന മാധ്യമത്തിനുളളിലാണ് ശ്രീനിവാസനും പ്രവർത്തിക്കുന്നത്. നിശബ്‌ദീകരണത്തിന്റെയും അദൃശ്യവത്‌ക്കരണത്തിന്റെയും ചട്ടങ്ങൾ ഭേദിക്കുന്ന എന്തിനെയും താരമൂല്യത്തിന്റെ മുഷ്‌ക്കുകൊണ്ടത് നേരിടുന്നു. അതുകൊണ്ടുതന്നെ കീഴാള കർത്തൃത്വരൂപീകരണത്തെയും സ്‌ത്രീശാക്തീകരണത്തെയും ആവിയാക്കുന്നതിൽ മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾ ഇപ്പോഴും സജീവമാണ്.
വിധേയത്വത്തിന്റെയും പ്രതിരോധത്തിന്റെയും ഉദയഭാവംപേറുന്ന സ്വരൂപം ശ്രീനിവാസത്തത്തിനു വന്നുപെട്ടതിൽ ഇതെല്ലാം കാരണങ്ങളാവാം. എന്നാൽ സൂപ്പർതാര ചിത്രങ്ങളെമാത്രം മുൻനിറുത്തി ഈ രണ്ടവസ്ഥകളെയും വിശകലനം ചെയ്യുന്നത് ആപത്‌കരമായ ലഘൂകരണത്തിനു കാരണമാവുകയും ചെയ്യും. രണ്ടാംനിരയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുകേഷ്-ജയറാമുമാരോടൊത്ത് അഭിനയിച്ച പടങ്ങളിൽ ശ്രീനിവാസന്റെ നില മറ്റൊരു പ്രതലത്തിലാണ്. നായകത്വത്തോട് ഒത്തുതീർപ്പുണ്ടാക്കുകയോ നിഴലായി മാറുകയോ ചെയ്യുന്ന അപരത്വം അവിടെ ആരോപിക്കാനാവുന്നില്ല. നാഗരികമായ നായകന്മാരുടെ എതിർദിശയിലാണ് ശ്രീനിയുടെ സഞ്ചാരം. അയാളവിടെ നായകത്വത്തിന്റെ കേന്ദ്രീകരണപ്രക്രിയയ്‌ക്കു പുറത്തു നിലയുറപ്പിച്ചുകൊണ്ട് അതിനെ നേരിടുന്ന സാന്നിദ്ധ്യമാണ്. തനിക്കു നഷ്‌ടപ്പെട്ട ഇടങ്ങൾ വീണ്ടെടുക്കുന്നതിനുളള സാധ്യതകളാരായുന്ന ചിത്രങ്ങളായി അവയെ കാണാം. എന്നും നന്മകൾ, കൺകെട്ട്, പൊന്മുട്ടയിടുന്ന താറാവ് (ജയറാമുമൊത്ത്), ശിപായി ലഹള, വാരഫലം (മുകേഷുമൊത്ത്), ഫ്രണ്ട്‌സ്, ആയുഷ്‌കാലം (ഇരുവരോടുമൊത്ത്) തുടങ്ങിയ ചിത്രങ്ങളിൽ നായകത്വത്തിനു വികേന്ദ്രീകരണം സംഭവിക്കുന്നതു യാദൃച്ഛികമല്ല. ആദേശീകരണം വന്ന കർത്തൃത്വത്തിന്റെ വീണ്ടെടുപ്പിന് വ്യത്യസ്‌ത പരിസരങ്ങളിലായി കളമൊരുക്കുന്ന ചിത്രങ്ങൾ കൂടിയാണ് അവ. സമീപകാലത്ത് മോഹൻലാലിനോടൊത്തഭിനയിച്ച അയാൾ കഥയെഴുതുകയാണ്, കിളിച്ചുണ്ടൻ മാമ്പഴം എന്നിവയിലും ഇതിന്റെ ലാഞ്ഞ്‌ഛനകളുണ്ട്. നായകനെ ചൂഴുന്ന ‘യാഥാർത്ഥ്യങ്ങളെ’ സന്ദിഗ്‌ദ്ധമാക്കുന്ന സാന്നിദ്ധ്യമാണയാൾ; കേൾക്കാൻ കൂട്ടാക്കാത്ത സ്വരം കേൾപ്പിക്കുകയും ഓർക്കാനിഷ്‌ടപ്പെടാത്തവ ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന സാന്നിധ്യം. ആറാം തമ്പുരാൻ, നരസിംഹം തുടങ്ങി ആക്രമപൗരുഷത്തെ വാഴ്‌ത്തുന്ന ചിത്രങ്ങളുടെ നേർക്ക് അസഹിഷ്‌ണുത പ്രകടിപ്പിച്ചുകൊണ്ട് ശ്രീനി നടത്തിയ വിമർശനത്തെ ഇതോടുചേർത്തു വായിക്കാവുന്നതാണ്. ഇത്തരം ചിത്രങ്ങളിൽ സാന്നിദ്ധ്യത്തെക്കാൾ അസാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാവുന്ന പ്രതിനിധാനമായി ശ്രീനിവാസത്തത്തിനു രൂപാന്തരമുണ്ടാവുന്നു.
ഇതൊക്കെയാണെങ്കിലും ജനപ്രിയ സിനിമയുടെ രാഷ്‌ട്രീയ സമവാക്യങ്ങളെ പാടേ തിരുത്തിയെഴുതാൻ പോന്ന നിഷേധാത്മകത ശ്രീനിവാസത്തത്തിൽ ഉളളടങ്ങിയിട്ടുണ്ടോയെന്നു സംശയിക്കാവുന്നതാണ്. അടിച്ചേല്പിക്കപ്പെട്ടതും തിരിച്ചറിയപ്പെടാത്തതും അപരിഹാര്യവുമായ കീഴാളകർത്തൃത്വത്തെ ശകലീകരിക്കാനും അതിലേക്കു മുറുകെപ്പിടിക്കാനുമുളള നിരന്തരശ്രമമെന്ന നിലയ്‌ക്കാണ് ശ്രീനിവാസത്തം പ്രസക്തമാവുന്നത്. തമസ്‌കരണത്തെക്കാൾ ആദേശീകരണം സംഭവിച്ച കർത്തൃത്വത്തിന്റെ പുനഃപ്രതിഷ്‌ഠാപനമാണത്. പടയണിയിലും മറ്റും കാണുന്ന വിനോദത്തിലെന്നപോലെ അനുസരണയുടെയും ആശ്രിതത്വത്തിന്റെയും നാട്യത്തിലൂടെ ചെറുത്തുനില്‌പിന്റെ വാങ്ങ്‌മയമാണ് ശ്രീനിവാസനും സൃഷ്‌ടിക്കുന്നത്. ഇതു കൂടുതൽ മൂർത്തവും വാചാലവുമായിത്തീരുന്നതിന് കാലം കുറേയെടുത്തുവെന്നുമാത്രം. ചരിത്ര-സാമൂഹ്യ-രാഷ്‌ട്രീയസന്ദർഭങ്ങൾ സന്നിഹിതമായിരിക്കുന്ന വാക്കായി അയാൾപോലുമറിയാതെ അതു വിവർത്തനം ചെയ്യപ്പെടുന്നു. മാറിയ ഭൗതികസാഹചര്യങ്ങളിൽ വീണ്ടെടുത്ത സ്വന്തം ഇടം കൂടുതൽ വിപുലപ്പെടുത്തിക്കൊണ്ട് തന്റെ കർത്തൃത്വം പുനർനിർവ്വചിക്കുകയാണ് ശ്രീനിവാസത്തം. അതിന്മേൽ അന്തിമവിധി പ്രസ്‌താവിക്കുന്നതിന് ഇനിയും കാലമായിട്ടില്ല.
[കടപ്പാട് ഃ ഡഡാെ ലഎഎദ;ഡഡജജജഭകസങ്ങൂൂുഭെസൂടഡദമസലമുയഎലവനമഭലഎടഡഡാട ഡഡാടമാെ പച്ചക്കുതിര മാഗസിൻഡഡാടമാപ ഡഡാപ
Generated from archived content: essay1_jan27.html Author: ps_radhakrishnan