മഴ ! പുറത്ത് ശക്തിയായി ആര്‍ത്തലച്ചുപെയ്യുന്ന മഴ. തുറന്നിട്ട ജാലകത്തിലൂടെ ശക്തിയേറിയ മിന്നല്‍പ്പാളികള്‍ അവളുടെ ശരീരത്തിലേക്ക് ആഞ്ഞു പതിക്കുകയും വലിയ ശബ്ദത്തോടെ വെട്ടിയൊഴിയുകയും ചെയ്തു. അവള്‍ ജാലകങ്ങള്‍ അടച്ചില്ല. അവള്‍ മരണത്തിനെ ഒട്ടും ഭയപ്പെട്ടതുമില്ല. ഇടിത്തീവീണ് അങ്ങു തീര്‍ന്നു പോകട്ടേയെന്നാശിച്ചു ചുഴറ്റിയടിച്ച കാറ്റില്‍ ജാലകങ്ങള്‍ താനേ തുറക്കുകയും വലിയ ശബ്ദത്തോടെ ആഞ്ഞടയുകയും ചെയ്തുകൊണ്ടിരുന്നു.
ആ മുറിയിലേക്ക് അവളെത്തേടിയെത്തിയ പ്രണയസന്ദേശങ്ങളുടെ ആഴം എത്രമാത്രമാണെന്ന് തിരിച്ചറിഞ്ഞ ജാലകപ്പാളികള്‍ താനേ തല തല്ലുകയാണെന്നവള്‍ക്ക് തോന്നി.
മുറിയില്‍ നിലത്ത് കമിഴ്ന്നു കിടന്നുകൊണ്ടവള്‍ നെഞ്ചുപൊട്ടിക്കരഞ്ഞു. ഈശ്വരാ എത്ര പ്രതീക്ഷയോടെയാണ് രാവിലെ ബിജുവിനെ കാണാന്‍ പോയത്. ഇങ്ങിനെയായിരിക്കും മടക്കം എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. തിരിച്ച് വീട്ടിലേക്ക് മടങ്ങേണ്ടെന്ന് തോന്നി. നേരെ റയില്‍വേ സ്റ്റേഷനിലെയ്ക്ക് ഓടിയണച്ചു വരുന്ന ട്രെയിനിന്റെ മുന്നിലേക്ക് കണ്ണുകള്‍ ഇറുകെയടച്ച് എല്ലാം വിസ്മരിച്ച് കൊണ്ട് ഒറ്റച്ചാട്ടം. ജീവിതം അവിടെ തീര്‍ക്കാമായിരുന്നു പക്ഷെ…
അത് അബദ്ധമാണെന്ന് മനസ്സ് തിരുത്തി. രണ്ടു പേരെയും ഒരുമിച്ച് ഹോട്ടലില്‍ , തീയേറ്ററില്‍ കൂടാതെ ഒരു വനിതാ പോലീസ് രണ്ടുതവണയും കണ്ടതാണ്. തന്റെ സെറ്റ് സാരിയും ചതരഞ്ഞ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളും തിരിച്ചറിഞ്ഞാല്‍… രാവിലെ തന്റെ മൊബൈലിലിലേക്ക് വന്ന കോളുകളുടെ നമ്പര്‍ അറിഞ്ഞാല്‍ അത് ബിജുവിനെ ബാധിക്കാതിരിക്കില്ല.
പല പ്രവശ്യം മെസേജയച്ചിട്ടും അന്നൊക്കെ ഒഴിഞ്ഞു മാറി. എന്തിനാണ് വെറുതെ വയ്യാവേലി തലയിലെടുത്തു വെയ്ക്കുന്നു. സ്നേഹം നടിച്ച് മനസ്സ് പിടിച്ചെടുത്ത് ഒടുവില്‍ കാല്‍ക്കീഴിലിട്ട് ചവിട്ടിയരയ്ക്കും. എന്നിട്ടും ഒടുവില്‍ മനസ്സ് വീണുപോയി അയാളുടെ കാല്‍ക്കീഴില്‍. എന്തിന് വേണ്ടിയായിരുന്നു ഒന്നും അറിയാത്ത തന്നെ അയാളിലേക്ക് വലിച്ചടുപ്പിച്ചത് ! എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
ആ ഇടയ്ക്കാണ് നെറ്റില്‍ വന്ന കവിതയ്ക്ക് ഒരു പാട് അഭിനന്ദനങ്ങളൊഴുകിയെത്തി. അന്നും ആദ്യം വിളിച്ചത് ബിജു തന്നെയായിരുന്നു . മറുനാടന്‍ മലയാളികളുടെ ഭാഷാ സ്നേഹവും പ്രചോദനവും അവളെ എഴുതുവാന്‍ കൂടുതല്‍ ഉന്മേഷവതിയാക്കി. ആരേയും തിരിച്ചു വിളിക്കാതെ എല്ലാവരോടും മനസ്സ് കൊണ്ട് നന്ദി പറഞ്ഞ് സ്വയം തന്നിലേയ്ക്കൊതുങ്ങാനായിരുന്നു അവള്‍ക്കിഷടം. എന്നിട്ടും അറിയാതെ ഏതോ നിമിഷത്തില്‍ വീണുപോയ മനസ്സ്.
പിന്നെ ബിജു കൂടെ കൂടെ വിളിക്കാന്‍ തുടങ്ങി. പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഏതാണ് പബ്ലിക്കേഷന്‍സ്? മൂന്നുമാസത്തിലൊരിക്കല്‍ ബിസിനസ്സ് ആവശ്യാര്‍ത്ഥം നാട്ടില്‍ വരുന്നുണ്ട് അപ്പോള്‍ വായിക്കാനാണ് എന്നൊന്നൊക്കെ പറഞ്ഞപ്പോള്‍ ഒരു തവണ തിരിച്ച് വിളിച്ച് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി.
അടുത്ത ദിവസം താന്‍ നാട്ടിലെത്തുന്നുവെന്ന് ഉത്സാഹപൂര്‍വ്വം അയാള്‍ പറഞ്ഞപ്പോള്‍ സാമാന്യമര്യാദയനുസരിച്ച് ‘ വെല്‍ക്കം ടു കേരള’ എന്ന് മാത്രം തിരിച്ചു സന്ദേശമയച്ചു.
അന്ന് അവള്‍ക്ക് ഒരു ഫുള്‍ഡേ പ്രോഗ്രാമായിരുന്നു. പരിപാടി കഴിഞ്ഞ് ബസ്സില്‍ കയറിയപ്പോള്‍ അറിയാത്ത നമ്പറില്‍ ഒരു കോള്‍. അത് അവളുടെ ഗള്‍ഫ് സുഹൃത്തിന്റെതായിരുന്നു. വീട്ടിലെത്തിയാല്‍ ഉടനെ വിളിക്കണമെന്നും അയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്നു അവളോട് ഒരു പാട് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും പറഞ്ഞു.
വീട്ടില്‍ മറ്റാരുമല്ലാത്ത സമയമായിരുന്നതുകൊണ്ട് ഒരു പാട് നേരം സംസാരിക്കാന്‍ കഴിഞ്ഞു. കാലങ്ങളോളം പരിചയമുള്ള ഒരാളോട് സംസാരിക്കുന്നതു പോലുള്ള അനുഭവമാണവള്‍ക്ക് തോന്നിയത് . എത്ര സംസാരിച്ചാലും മടുപ്പ് തോന്നാത്ത രീതിയിലുള്ള അവളുടെ സംസാരം ‘’ വി ആര്‍ സെയിം മൈന്‍ഡ് ലെവല്‍ ‘’ എന്ന് അയാള്‍ ആവര്‍ത്തിച്ചു പറഞ്ഞത് ശരിയാണെന്നവള്‍ക്കു തോന്നി.
രാത്രി 11 മണിക്കു ശേഷമാണ് സാധാരണ എഴുതാനിരിക്കുക. വെട്ടും തിരുത്തലുമില്ലാത്ത സാഹിത്യം വാര്‍ന്നു വീഴുന്ന സമയം. ആ സമയത്ത് കാവ്യദേവതയെ ഉപാസിച്ചില്ലെങ്കില്‍ പിന്നെ ഓടിച്ചിട്ടു പിടിച്ചാലും കിട്ടില്ല. എഴുതാനിരുന്നപ്പോള്‍ വീണ്ടും ഗള്‍ഫ് സുഹൃത്തിന്റെ വിളി ‘’ ഉറങ്ങിയോ? ഈ സമയത്ത് വിളീച്ചത് ബുദ്ധിമുട്ടായോ?’‘
‘’ രാത്രികള്‍ പകലാക്കി മാറ്റുന്നവരാണ് എഴുത്തുകാര്‍. ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നതും സംശയങ്ങള്‍ തീര്‍ക്കുന്നതും ഈ സമയത്താണ്. ഇത്തരം ഉറക്കമില്ലാത്ത ഭ്രാന്തന്മാരുടെ ഒരു ശൃംഗല തന്നെയുണ്ട്. ഞങ്ങള്‍ക്ക് അത് കൊണ്ട് പറയു സുഹൃത്തേ…’‘ അവള്‍ അയാളെ ക്ഷണിച്ചു.
ആയിരക്കണക്കിനു രൂപയുടെ പുസ്തകശേഖരങ്ങളുടെ ഉടമയായ ഒരു നല്ല വായനക്കാരനാണ് അയാളെന്നറിഞ്ഞപ്പോള്‍ അവള്‍ക്കയാളോടു ബഹുമാനം തോന്നി.
അന്ന് രാത്രി ഏതാണ്ട് രണ്ടു മണിവരെ അവര്‍ മെസേജിലൂടെ ആശയവിനിമയം നടത്തി. ഒരു വല്ലാത്ത മൂഡിലെത്തിയിരുന്നു അയാള്‍ . മെസേജ് സൈലന്റാക്കാന്‍ അറിയാത്തതുകൊണ്ട് ഓരോ മെസേജും രാത്രിയില്‍ വലിയ ശബ്ദമുണ്ടാക്കിയപ്പോള്‍ അവള്‍ വല്ലാതെ വിഷമിച്ചു. എന്നാലും അയാളുടെ സന്തോഷത്തില്‍ കല്ലിടേണ്ടെന്നു കരുതി അവള്‍ സഹിച്ചു. ഇങ്ങിനെ ഒരു മെസെജിന്റെ കെട്ടു പൊട്ടുന്നത് അവളുടെ ജീവിതത്തിലാദ്യമായിരുന്നു.
‘’ നിങ്ങള്‍ക്ക് ഒന്നു സംസാരിക്കാമോ ? പതുക്കെ ശബ്ദം താഴ്ത്തി? ഒരു വല്ലാത്ത റൊമാന്റിക്ക് സൗണ്ടാണ് നിങ്ങളുടേത് ‘’ സംസാരിക്കാമെന്ന് അവള്‍ അനുമതി നല്‍കി. ആദ്യമായി അയാള്‍ വിളിച്ചു ‘’ പൊന്നൂ…’‘ ലോകത്തിലൊരു പുരുഷനും തന്റെ ഇണയെ ഇത്ര ആര്‍ദ്രമായി വിളിച്ചു കാണില്ല. അത്ര മധുരമായാണ് ആ വിളി അയാളില്‍ നിന്നും വന്നത്.
ആ വിളി അവളുടെ മനസ്സിന്റെ അടിത്തട്ടില്‍ പ്രണയത്തിന്റെ അപകടകരമായ ഒരു ചുഴികുത്ത് രൂപപ്പെടുത്തി. പത്ത് ദിവസത്തെ അവധി എന്‍ജോയ് ചെയ്യാന്‍ വന്ന അയാളുടെ മനസ്സ് നിരാശപ്പെടുത്താന്‍ അവള്‍ക്ക് തോന്നിയില്ല. കുട്ടികളുടേതു പോലുള്ള മനസ്സ് സംസാരത്തിനിടയില്‍ എത്ര കവിതകളാണ് ചൊല്ലിത്തന്നത്. എത്ര പാട്ടുകള്‍ പാടിത്തന്നു. യാതൊരു സങ്കോചവുമില്ലാതെ. പത്തു ദിവസം കഴിഞ്ഞാല്‍ ഈ ചിരിയും കളിയുമെല്ലാം മറന്ന് അയാളങ്ങു പോകുമല്ലോ. അയാള്‍ സന്തോഷത്തോടെ തിരിച്ചു പോവട്ടെ. അങ്ങിനെയാണ് അന്ന് കരുതിയത്. ആ ദിവസങ്ങള്‍ സന്ദേശങ്ങളുടെ കൊടിയേറ്റം തന്നെയായിരുന്നു. രാത്രിയും പകലും ഭേദമില്ലാതെ.
‘’ നാളെ വൈകുന്നേരം ഞാന്‍ തിരിച്ചു പോകുന്നു പൊന്നൂ… എന്റെ ബിസിനസ്സിന്റെ ചൂടു പിടിച്ച ലോകത്തേക്ക്. നാട്ടിലെ എന്റെ അവധി ദിവസങ്ങളിലെ അനര്‍ഘനിമിഷങ്ങള്‍ക്ക് സ്വര്‍ണ്ണക്കസവിട്ട എഴുത്തുകാരി ഐ ലവ് യൂ … മിസ് യൂ ലോട്ട് പൊന്നൂ… മൂന്നുമാസം കഴിഞ്ഞാല്‍ ഞാന്‍ വീണ്ടും വരും അന്ന് നമ്മള്‍ക്ക് നേരില്‍ കാണാം’‘ അയാള്‍ സങ്കടപൂര്‍വ്വം പറഞ്ഞു.
വെറും ഫ്രണ്ട് ഷിപ്പില്‍ നിന്നും മറ്റേതോ ഷിപ്പിലേക്ക് കാലുവെച്ചുവെന്ന് വേദനയോടെ തിരിച്ചറിഞ്ഞ നിമിഷം അയാള്‍ പോകുകയാണ് ……അയാള്‍ പോവുകയാണ്.
അല്ലെങ്കിലെന്താ അയാള്‍ നാട്ടിലായാലും ഗള്‍ഫിലായാലും തനിക്കൊരുപോലെയല്ലേ? മനസ്സ് സ്വയം സമാധാനിച്ചു. വൈകുന്നേരം എയര്‍പോര്‍ട്ടില്‍ നിന്നും വിളീയോടു വിളി. ”പൊന്നൂ ഐ ലവ് യൂ …പൊന്നൂ … മിസ് യു ലോട്ട് .. അയാളുടെ ഹൃദയം തല തല്ലുന്നത് അവളറിഞ്ഞു. ഫ്ലൈറ്റില്‍ കയറുന്നതുവരെ വിളിച്ചു. ഏറ്റവുമൊടുവില്‍ അങ്ങോട്ട് വിളിച്ചപ്പോള്‍ ഫോണ്‍ ‘’ സ്വിച്ചോഫ്’‘.
ഇപ്പോള്‍ അയാള്‍ സാഗരങ്ങള്‍ക്ക് മേലെ അതിവേഗം തന്നില്‍ നിന്നും പറന്നു പൊയ്ക്കൊണ്ടിരിക്കുന്നു. തന്റെ മനസ്സും കൊണ്ടാണല്ലോ അയാള്‍ തിരിച്ചു പറന്നത്….!
താല്‍ക്കാലികമായി കൊടുത്ത ഫ്രന്റ്ഷിപ്പിന് കിട്ടിയ പ്രതിഫലം … വേണ്ടായിരുന്നു ദൈവമേ … വേണ്ടായിരുന്നു. താങ്ങാനാവാത്ത നൊമ്പരം നെഞ്ചിനുള്ളില്‍ കിടന്ന് വിങ്ങി.
ഗുഡ്മോര്‍ണിംഗ് കേട്ടുണരുന്ന പ്രഭാതങ്ങള്‍ സ്വീറ്റ് ഡ്രീംസില്‍ മുഖമമര്‍ത്തി നിര്‍വൃതിയിലുറങ്ങുന്ന രാത്രികള്‍. ഇടയില്‍ ഒഴിവുകിട്ടുന്ന ഒരു സെക്കന്റ് പോലും പാഴാക്കാതെ വിളി പ്രണയത്തിന്റെ സാമ്രാജ്യത്തില്‍ അവര്‍ അവര്‍ക്കു മാത്രമായുള്ള ഒരു ഭാഷ രൂപപ്പെടുത്തിയിരുന്നു.
അവളോര്‍ത്തു തന്റെ ഫോട്ടോ നെറ്റില്‍ കണ്ടിട്ടുണ്ട്. പക്ഷെ അയാള്‍ എങ്ങിനെയിരിക്കും ? ചുരുണ്ട മുടി….? പ്രകാശമുള്ള കണ്ണുകള്‍….? മുത്ത് പോലെയുള്ള പല്ലുകള്‍….? കട്ടിയുള്ള മീശ…? അടങ്ങിയിരിക്കാത്ത പ്രസരിപ്പുള്ള സ്വഭാവം….?
ഇങ്ങിനെയൊക്കെയുള്ള ഒരു രൂപം അവള്‍ മനസ്സില്‍ വരച്ചിട്ടു. അയാളുടെ ശബ്ദത്തില്‍ നിന്ന് ചിരിയില്‍ നിന്ന് അങ്ങിനെയാണ് രൂപമെന്ന് സ്വയം ഭാവനത്തില്‍ കണ്ടു.
‘’ നമ്മള്‍ തമ്മില്‍ കണ്ടാല്‍ നിങ്ങള്‍ക്കെന്നെ ഇഷ്ടമാവുമോ?”
അവള്‍ ഇടയ്ക്കിടയ്ക്ക് അയാളോട് ചോദിച്ചു.
‘’ സംശയമെന്താ… നമ്മള്‍ മനസ്സുകൊണ്ടാണ് അടുത്തത്. സൗന്ദര്യത്തിനെന്ത് പ്രസക്തി? മനസാണ് നന്നാവേണ്ടത് പൊന്നൂ’‘
അയാള്‍ ആശ്വസിപ്പിച്ചു.
അടുത്തയാഴ്ച അയാള്‍ നാട്ടില്‍ വരുന്നുവെന്ന് പറഞ്ഞപ്പോള്‍ അവളുടെ മനസ്സിലൊരു കാളല്‍. പരസ്പരം കാണാത്തവര്‍. അയാള്‍ സുന്ദരനായിരിക്കും. തന്നെ അയാള്‍ക്കിഷ്ടമായില്ലെങ്കില്‍ തിരിച്ചു പോവാനാവാത്ത വിധം താനയാളിലേക്ക് അടുത്തു പോയില്ലെ? തന്നെ ഇഷ്ടപ്പെടാതിരിക്കുമോ? അവളുടെ മനസ്സ് പിടഞ്ഞു.
അവളുടെ സംശയം തീരുന്നില്ല. കൂടെ കൂടെ അവള്‍ വിളിച്ചു ചോദിച്ചു. എന്നെ ഇഷ്ടമല്ലെ? എന്നെ കൈവെടിയുകയില്ലല്ലോ. ഞാനിത്ര മാത്രം ഇഷ്ടപ്പെട്ടു പോയീട്ടോ പെണ്ണിന്റെ മനസ്സ് അങ്ങനെയാണ്. ഒരിക്കല്‍ അലിഞ്ഞു ചേര്‍ന്നാല്‍ പിന്നെ തിരിച്ചെടുക്കാനാവില്ലല്ലോ. ‘’ അവളുടെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു.
‘’ മണ്ട ശിരോമണി ഇങ്ങനെ ബാലിശമായി ചിന്തിക്കല്ലെ. മനസ്സ് കൊടുത്തവര്‍ പിരിയുന്ന പ്രശ്നമേയില്ല. പ്ലീസ് ടെക്ക് ലൈഫ് പോസറ്റീവ്. അയാം വിത്ത് യൂ പൊന്നൂ…’‘
അതൊരു വല്ലാത്ത ഉറപ്പായിരുന്നു. ഒരു പുരുഷന്‍ തന്റെ പ്രണയിനിക്ക് കൊടുത്ത വാക്കിന്റെ ഉറപ്പ്. ആ ഉറപ്പിന്മേല്‍ തന്നെയായിരുന്നു ഒരു കൂടിക്കാഴ്ചയ്ക്കൊരുങ്ങിയതും.
ദീര്‍ഘ ദൂരയാത്രയില്‍ കൃത്യമായി അയാള്‍ നിര്‍ദ്ദേശങ്ങള്‍ കൊടുത്തു. ഇനിയെത്ര ദൂരം ഏതേത് സ്റ്റോപ്പുകള്‍ റണ്ണിംഗ് ടൈം എല്ലാമെല്ലാം.
”ഡോണ്ട് വറി ..പൊന്നൂ അയാം വിത്ത് യൂ..”
ഒടുവില്‍…..ഒടുവില്‍ നേരില്‍ കണ്ടപ്പോള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിസ്സംഗഭാവം ചിരിയില്ല കളിയില്ല ഒരു പ്രസരിപ്പുമില്ല.
മനസ്സ് തളര്‍ന്നു പോയി സ്വയം നിയന്ത്രിച്ചു.
‘’ ഇങ്ങിനെയാണോ എന്നെ മനസ്സില്‍ കണ്ടത്?’‘
‘’ അതെ…’‘
‘’ എന്റെ കണ്ണുകള്‍ക്ക് തിളക്കമുണ്ടോ?’‘
‘’ ഉണ്ട്’‘
‘’ എന്നെ ഇഷ്ടമായോ?’‘
‘’ ഇഷ്ടമില്ലാതെ ഇത്ര ദൂരം ഒറ്റയ്ക്ക് കാറ്റും വെയിലും കൊണ്ടുണങ്ങി ഡ്രൈ ആയി ഇങ്ങോടു വരുമോ?’‘
‘’ ഞാനും എത്ര കിലോ മീറ്ററുകള്‍ക്കപ്പുറത്തു നിന്ന് വന്നതെന്നറിയില്ലേ?
‘’ അറിയാം’‘
‘’ശരി വളരെ നേരത്തെ പോന്നതല്ലെ ? ചായ കുടിക്കാം’‘
അവര്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു.
‘’ ടോയ് ലറ്റില്‍ പോവണമെങ്കില്‍ പൊയ്ക്കോളൂ ഇവിടെ ഇത്തിരി നേരമിരുന്ന് തണുത്തതിനു ശേഷം നമുക്കൊരു പടം കാണാം’‘
അവള്‍ തലയാട്ടി. നാളുകള്‍ക്കുള്ള കാത്തിരിപ്പിനു ശേഷം ആദ്യമായി കാണുമ്പോള്‍ ഇങ്ങിനെയാണോ ഇതാളു മാറിക്കാണുമോ? അങ്ങിനെയാവാന്‍ വഴിയില്ല. ആ ഫോണ്‍ തന്നെയാണ് കയ്യില്‍ വിളിക്കുമ്പോള്‍ കിട്ടുന്നുണ്ടല്ലോ സൗന്ദര്യമോ പ്രായമോ ബന്ധത്തിന് ഒരു തടസമാവില്ലെന്ന് എത്രവട്ടം പറഞ്ഞതാണ്.
‘’ നോ ഫോര്‍ മാലിറ്റീസ് ബിറ്റ് വീന്‍ അസ് ‘’ എന്ന് എത്രയോ തവണ …എന്നിട്ടും എന്താണിങ്ങനെ….? എന്തോ മനസ്സില്‍ സ്വയം അടിച്ചമര്‍ത്തുന്നുണ്ട്. എന്തൊക്കെയോ കാര്യങ്ങള്‍ തന്നോട് തുറന്നു പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ഒന്നും മനസ്സ് തുറക്കുന്നില്ലല്ലോ….!
എന്താണ് ഈ ഒഴിഞ്ഞു മാറ്റം. തണുത്തുറഞ്ഞ മനസ്സ് … അളന്ന് തൂക്കിയ സംസാരം. എല്ലാം യാന്ത്രികം. പടം കഴിഞ്ഞപ്പോള്‍ പറഞ്ഞു. ഭക്ഷണം കഴിക്കാമെന്ന്. അവര്‍ ഹോട്ടലില്‍ കയറി ‘’ ഇവിടുത്തെ ഏറ്റവും നല്ല ഹോട്ടലാണ്. ബിരിയാണിയ്ക്ക് ഫേമസ് ‘’
ഭക്ഷണം കഴിക്കുന്നതിനിടയില്‍ ബിരിയാണിയിലെ മുട്ട അവളുടെ പ്ലേറ്റിലേക്കിട്ടുകൊണ്ടയാള്‍ പറഞ്ഞു.
‘’ ഞാന്‍ മുട്ട കഴിക്കില്ല’‘
‘’ അതെന്താ?’‘
‘’ തടി കൂടിയാലോ?’‘
‘’ അത്രയ്ക്ക് തടിയൊന്നുമില്ല. എന്നാലും കുടവയറാക്കേണ്ട അവള്‍ ഒരു ഉപദേശം വെച്ചു. ഭക്ഷണത്തിന്റെ കാര്യത്തില്‍ അവളും വളരെ ലിമിറ്റാണ്. പക്ഷെ അയാള്‍ തന്റെ ഭക്ഷണത്തില്‍ നിന്നും ആദ്യമായി അവളുടെ പ്ലേറ്റിലേക്കിട്ടു തന്ന പങ്ക് അവള്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചു.
‘’ ഇപ്പോള്‍ പോയാല്‍?’‘
‘’ ആറുമണിയ്ക്കു മുമ്പ് വീട്ടിലെത്തും’‘
‘’ ശരി ഞാന്‍ ഒരു ഓട്ടോ വിളിച്ച് സ്റ്റാന്റിലേക്കു വിട്ടു തരാം.’‘
തിരിച്ച് ബസിലിരിക്കുമ്പോള്‍ അവളുടെ നെഞ്ച് വിങ്ങിപ്പൊട്ടി. മാസങ്ങളോളം മനസ്സിലിട്ട് ഓമനിച്ച സങ്കല്‍പ്പങ്ങള്‍ തകര്‍ന്നു വീണു . ഇങ്ങിനെയൊരു സമീപനമല്ല താന്‍ മനസ്സില്‍ കണ്ടത്. എത്രമാത്രം സ്നേഹം പകര്‍ന്ന വാക്കുകള്‍. എത്ര മാത്രം വാഗ്ദാനങ്ങള്‍. ‘’ പൊന്നൂ ‘’ എന്ന ഒറ്റ വിളി കേട്ടാല്‍ മതിയായിരുന്നു. അവള്‍ എത്ര സന്തോഷത്തോടെ തിരിച്ചു പോരുമായിരുന്നു.
ചുവന്ന പഴുത്ത ചക്രവാളം ഇരുണ്ടു. പെട്ടന്ന് ആകാശത്ത് കാര്‍മേഘം അടിഞ്ഞു കൂടി. മിന്നല്‍ പീണര്‍ പാഞ്ഞു നടന്നു. ശക്തിയായ കാറ്റും തണുത്ത കാറ്റിനോടൊപ്പം മഴയും ബസ്സിനുള്ളിലേക്ക് വീഴാന്‍ തുടങ്ങി.
ഇക്കുറി പാല നേരെത്തെ പൂത്തിരിക്കുന്നു. ഈറന്‍ കാറ്റിന് പാലപ്പൂവിന്റെ മണം. ഗന്ധര്‍വ്വ സാമീപ്യമുണര്‍ത്തുന്ന പാലപ്പൂവിന്റെ മണം. അതവരുടെ പ്രണയത്തിന്റെ മണമായിരുന്നു. അവരുടെ മാത്രം പ്രണയത്തിന്റെ മണം. അവരുടെ സന്ദേശങ്ങളിലുടനീളം പാലപ്പൂവും ഗന്ധര്‍വ്വനുമുണ്ടായിരുന്നു. അതോര്‍ത്തപ്പോള്‍ അവള്‍ക്ക് ഭ്രാന്ത് പിടിക്കുന്നുവെന്ന് തോന്നി. ആ ഭ്രാന്ത് ഒരു തല വേദനയുടെ രൂപത്തില്‍ അവളുടെ തലയ്ക്കുള്ളില്‍ കിടന്ന് ചുഴറ്റി താങ്ങാനാവാത്ത തലവേദനയുടെ രൂപത്തില്‍. താന്‍ അയാളെ അറിയുകപോലുമില്ലായിരുന്നല്ലോ ദൈവമേ… എന്തിനാണ് ഒന്നുമറിയാത്ത തന്നെ അയാള്‍ വിളിച്ചുണര്‍ത്തി അയാളിലേക്ക് വലിച്ചടുപ്പിച്ചത് …?എന്തിനാണ് തന്റെ മനസ്സില്‍ മോഹത്തിന്റെ വിത്ത് പാകിയത്? ഒരു പെണ്ണിന്റെ മനസ്സിനെ ഇത്രയൊക്കെ മോഹിപ്പിച്ച് ഒടുവില്‍ ഒന്നു മറിയാത്ത പോലെ നിസ്സംഗഭാവത്തില്‍ ഇരിക്കാന്‍ എങ്ങിനെ കഴിയുന്നു?
ഓര്‍ക്കുന്തോറും മനസ്സ് പൊട്ടിത്തകരുകയാണ്. നിലത്ത് കമിഴ്ന്നു കിടന്നുകൊണ്ടവള്‍ തേങ്ങിക്കരഞ്ഞു. കണ്ണീരു വീണ് നനഞ്ഞ സിമന്റ് തറയില്‍ മുഖം ചേര്‍ത്തവള്‍ കിടന്നു.
മഴ കൂടുതല്‍ ശക്തിയായി പെയ്യാന്‍ തുടങ്ങി. കേരളത്തില്‍ മഴ പെയ്യുമ്പോളൊക്കെ ഗള്‍ഫിലേക്കു വിളിച്ചു പറയണം. മഴ എപ്പോള്‍ തുടങ്ങി? എത്ര നേരം? എങ്ങിനെ പെയ്യുന്നു എന്നൊക്കെ. മഴ ബിജുവിന്റെ വീക്ക് നെസ്സായിരുന്നു. ആ മഴ ഇതാ ആര്‍ത്തലച്ചു പെയ്യുന്നു. ആര്‍ക്ക് വേണ്ടി? എല്ലാം ചോര്‍ന്നൊഴുകി പോയില്ലെ? തുടരെ തുടരെ മിന്നലും വെട്ടലും അവള്‍ ജാലകങ്ങള്‍ അടച്ചില്ല. ജാലകപ്പാളികള്‍ താനേ അടിച്ചു പൊളിഞ്ഞു പോവട്ടെ. ഒരൊറ്റ ഇടിമിന്നലില്‍ ഈ പ്രാണനങ്ങ് തിരിച്ചെടുത്തോട്ടെ. തന്റെ കണ്ണീരു കാണാന്‍ ദൈവത്തിന് എന്നും ഇഷ്ടമായിരുന്നല്ലോ. കണ്ണീരില്ലാത്ത ലോകത്തിലേക്കു തന്നെ അങ്ങ് തിരിച്ചു വിളിച്ചോട്ടെ.
പ്രണയത്തിന്റെ ബലിക്കല്ലില്‍ തന്റെ തല അടിച്ചു പൊളിക്കാന്‍ തോന്നി അവള്‍ക്ക്. കഥയും കവിതയും വിരിയുന്ന ഈ ബോധമണ്ടലം തനിക്കിനി വേണ്ട. നിത്യ വസന്തമായി പ്രണയം വിരിയുന്ന പാലപ്പൂവിന്റെ സുഗന്ധം നിറഞ്ഞ ഈ മനസ്സ് അതെനിക്കിനി വേണ്ട … ഈ മനസ്സ് തനിക്കിനി വേണ്ട….
Generated from archived content: story1_feb26_13.html Author: ps_nirmala