ചിതലരിച്ചൊരെൻ ശിഥില ജീവിതം
പൊടികുടഞ്ഞ് ഞാനടുക്കി വീണ്ടുമാ
നുറുങ്ങ് ചീളുകൾ പെറുക്കിയാത്മാവിൽ
നിറങ്ങൾ ചേർത്തതി മനോജ്ഞമാക്കീടാൻ
അഴലിൽ മാറാപ്പിലുറങ്ങീടു മോഹ-
ശലഭങ്ങൾ ചിറകടിച്ചു കേഴവേ-
കരങ്ങളായിരം വരുന്നിതെന്നിലേ
കരയുമാത്മാവിന്നഭയമേകിടാൻ.
ഒരുമാത്ര ഞാനും കൊതിച്ചുപോയെന്റെ
ഇരുണ്ട ജന്മത്തിന്നൊളിപകർന്നിടാൻ
ജനിമൃതികൾ തൻ മറുപുറം ജന്മ-
മിനിയുമുണ്ടോയെന്നറിവതില്ലാർക്കും.
അഴലിൻ മാറാപ്പിലുറങ്ങിടും മോഹ-
ശലഭങ്ങൾ ചുറ്റും പറന്ന് പൊങ്ങവേ-
നിറങ്ങളായിരം വിടർന്ന മാനസം
നിറമെഴും വർണ്ണക്കുടകൾ നീർത്തവേ-
നറുനിലാവിന്റെ നനുത്തമെത്തയിൽ
ഉറങ്ങിടാനൊന്ന് കൊതിച്ചുപോയി ഞാൻ.
Generated from archived content: poem2_july6_07.html Author: ps_nirmala