കേട്ടുവോ നിങ്ങളാനിസ്വനമെന്മനോ
വീണയിലാരോ വിരൽതൊട്ടുമെല്ലവേ
മൂകമാവീണയുതിർത്തതാണാസ്വര-
രാഗങ്ങളേതോ വിഷാദങ്ങൾ പോലവേ……
ഏതോ വസന്തത്തിലെന്മനസ്സിൻ കോണിൽ
പൂത്തമരത്തിന്റെ കൊമ്പിലായാകൊച്ചു
കാണാക്കിളിവന്നിരുന്നു പാടീ ഞാനു-
മീണത്തിൽ രാഗങ്ങളേറ്റുപാടി വൃഥാ
മാറി, ഋതുക്കൾ കൊഴിഞ്ഞുപോയ് പൂക്കളും
നീറി, മനസ്‌സിന്റെ ശാഖികൾ ശുഷ്‌കമായ്.
ഇത്തിരിപ്പോരുമെൻ വ്യർത്ഥമോഹങ്ങളെ
തട്ടിക്കളഞ്ഞ് പറന്നുപോയെൻ സഖി
ഗാനം മറന്നു, പറന്ന് പോയ് ജീവിത-
പൂവനം തെടി, വസന്തം നുകർന്നിടാൻ
മൂകമെൻ മാനസവീണയുതിർത്തീതാ
ശോകഗാനങ്ങൾ ഒടുങ്ങാത്തലകളായ്……
തീരങ്ങളിൽ തലതല്ലുന്നൊരാഴിതൻ
തോരാത്ത ദുഃഖത്തിൻ ഗദ്‌ഗദം പോലവേ….
കേട്ടുവോ നിങ്ങളാ നിസ്വനമെന്മനോ
വീണയിലാരോ വിരൽ തൊട്ടുമെല്ലവേ……..
Generated from archived content: poem1_nov29_06.html Author: ps_nirmala
Click this button or press Ctrl+G to toggle between Malayalam and English