ആറ്റൂർ കവിതയുടെ മാറ്റ്‌

1995 മുതൽ 2003 വരെ രവിവർമ്മ രചിച്ച കവിതകളുടെ സമാഹാരമാണ്‌ ‘ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം രണ്ട്‌.’ സമകാലിക സാഹിത്യദർശനങ്ങളെ പൂരിപ്പിക്കുന്ന അമ്പതു കവിതകൾ ഈ സമാഹാരത്തിലുണ്ട്‌.

യാത്രയും മൗനവും ആനന്ദദായകമായ പരിരംഭണത്തിൽ ഏർപ്പെടുന്ന ഓജസ്സുറ്റ രചനാശൈലിയാണ്‌ ആറ്റൂർ കവിതകളുടെ മുഖമുദ്ര. സ്വയം നവീകരിക്കാനാകാതെ കാലത്തിന്റെ തടങ്കലിൽ പാർക്കുന്ന വ്യക്തിയുടെ സങ്കടങ്ങൾ ആറ്റൂർ മനസ്സിലാക്കുന്നു. ഇത്തരമൊരു മനോഭാവമാണ്‌ ‘കൊട്ടക’ എന്ന കവിതയുടെ ആന്തരികശോഭ വർദ്ധിപ്പിക്കുന്നത്‌. വ്യക്തി എല്ലായ്‌പ്പോഴും ഒരു തോടിനുളളിൽ ജീവിക്കുന്നു. വീടിന്റെ മേൽക്കൂരയും വണ്ടികളുടെ മുകൾഭാഗവും കുടകളും, മഞ്ഞും മഴയും കാറ്റും അവനിലേക്കു കടക്കാതെ കൂടെ സഞ്ചരിക്കുന്നു. ആഗ്രഹത്തിനൊത്തു വളരാൻ അവന്‌ സ്വാതന്ത്ര്യമില്ല. “കാഴ്‌ചക്കുറവില്ലെങ്കിലും&മുഖം മേൽപ്പോട്ടുയർത്താമെങ്കിലും&ഒരു പൂമരംപോലെ&മയിലാടുംപോലെ&ചളിപ്പാടംപോലെ&ആണ്ടോടാണ്ടു&പുതുക്കപ്പെട്ടീലാ ഞാൻ‘ എന്ന പരിഭവമാണ്‌ അവനുളളത്‌.”

ഏകലോകം ഒരു സ്വപ്‌നമായി കൊണ്ടുനടന്ന ഒരു തലമുറ മുമ്പ്‌ ഉണ്ടായിരുന്നു. എന്നാൽ ഈ സ്വപ്‌നം ഗ്രാമങ്ങളിലെ വൈവിദ്ധ്യങ്ങളെ ശിരച്ഛേദം ചെയ്‌ത്‌ ഏകശിലാനിർമ്മിതമായ നഗരസംസ്‌കാര രൂപീകരണത്തിന്‌ വഴിയൊരുക്കും. ഗ്രാമത്തിലേക്കുളള പുതുവഴി വലിച്ചുകൊണ്ടുവരുന്ന സംസ്‌കാരം ദുർബലനായ ഗ്രാമവാസിയെ ഹനിക്കും. കരുത്തൻ പുതുവഴികൾ നിർമ്മിച്ച്‌ ഏകനായി രക്ഷപ്പെടും. ദുർബലൻ തന്നോടുതന്നെ സംസാരിക്കാനായി ഒരു ഊമഭാഷ നിർമ്മിച്ച്‌ പഴയ തട്ടകത്തിൽ അടയിരിക്കും. കൈയൂക്കുളളവൻ പാത വലിച്ചുകൊണ്ടുവരുന്നതിനുമുമ്പ്‌ ഗ്രാമത്തിൽ തെറിക്കും ചിരിക്കും ആംഗ്യത്തിനും അറിവിനും പേടിക്കും ഒരേ മൊഴി വ്യവഹരിക്കപ്പെട്ടിരുന്നു. എന്നാൽ മറുഭാഷ പേശുന്നവൻ എത്തുന്നതോടെ സ്ഥിതി മാറും. “ഊരിന്നുചുറ്റും&രണ്ടാന പൊക്കത്തിൽ&മതിൽകെട്ടി&ഇരുമ്പുവായ&ഇടംവലം കാവൽക്കാർ.” എന്നിങ്ങനെ നഗരസംസ്‌കാരത്തിന്റെ പരസ്‌പരബന്ധമില്ലാത്ത ജീവിതരീതി പ്രത്യക്ഷപ്പെട്ടു തുടങ്ങും എന്ന ഭയം ’മരണം‘ എന്ന കവിതയിലുണ്ട്‌.

പ്രതിഭാശാലികളായ എഴുത്തുകാരെ എല്ലായ്‌പ്പോഴും വേട്ടയാടുന്ന ദാർശനികപ്രശ്‌നങ്ങളാണ്‌ സ്ഥലവും കാലവും. പകലും രാത്രിയും ഭൂഗോളത്തിന്റെ രണ്ടു പുറങ്ങളും ദിവസത്തിന്റെ രണ്ടു വശങ്ങളുമാണ്‌. സ്ഥലഭേദം ജീവിതത്തിന്റെ സമസ്‌ത മേഖലകളെയും സ്വാധീനിക്കും. ചിലപ്പോൾ അത്‌ മാനസികസംഘർഷത്തിനുതന്നെ കാരണമായേക്കാം. സ്ഥലഭേദവുമായി സമരസപ്പെട്ട്‌ പുതുമകളെ ഉൾക്കൊളളാൻ ശീലിച്ചു തുടങ്ങിയ വ്യക്തി നേരിടുന്ന പ്രതിസന്ധികളാണ്‌ ’അശാന്ത സമുദ്രക്കരയിൽ-1‘ എന്ന കവിതകളിലുളളത്‌. ഭാഷയോടും ഭക്ഷണത്തോടും കാഴ്‌ചകേൾവികളോടും സന്ധി ചെയ്‌തവന്റെ സ്വത്വം-“മാർഗ്ഗം കൂടിയവനിൽ പഴയ ദൈവങ്ങൾപോലെ, അണിഞ്ഞ കൊമ്പനിൽ അരണ്ട കാടുപോലെ, ആത്മഹത്യ ചെയ്‌തവൻ വിട്ടുപോയ ശബ്‌ദങ്ങൾപോലെ” ചില നേരങ്ങളിൽ ചില വേലിയേറ്റങ്ങൾ സൃഷ്‌ടിക്കുന്നത്‌ വായനക്കാരൻ മനസ്സിലാക്കുന്നു. ’അർക്ക‘വും ’പാണ്ടി‘യുംപോലുളള മുൻകാല കവിതകളിൽ ഊരുംപേരും വംശവും അന്വേഷിക്കുന്നവന്റെ മുഖം നിർമ്മിക്കുന്ന സ്ഥലം ഒരു പ്രതീകമായി പ്രത്യക്ഷപ്പെട്ടിരുന്നു. വംശാടയാളങ്ങൾ നഷ്‌ടപ്പെട്ടവന്റെ ഊരും പേരും അന്വേഷിക്കുന്ന കവിതയാണ്‌ ’ആറ്റുവെലി‘…

മൗനം ഉറക്കുപാട്ടും യാത്ര വഴികാട്ടിയുമായി ആസ്വാദകഹൃദയത്തെ കീഴടക്കുന്ന കവിതാസമാഹാരമാണ്‌ ’ആറ്റൂർ കവിത ഭാഗം-2‘. ഈ സമാഹാരത്തിലെ ’വാക്കുകളുടെ മാറാപ്പിൽ‘ ആറ്റൂർ രവിവർമ്മ ഒളിച്ചിരിക്കുന്നു. അലസവായനക്കാരനെ ആക്രമിക്കാനും സമാനഹൃദയനെ അത്ഭുതപ്പെടുത്താനും ആറ്റൂരിന്റെ കവിതകൾക്ക്‌ കഴിയും. സ്വന്തം കവിതകളിലൂടെ ചിലപ്പോൾ അന്യനിലെ തന്നെ കണ്ടെത്തുകയും ചെയ്യുന്ന ആറ്റൂരിന്റെ സ്വത്വാന്വേഷണ പരീക്ഷണമായി ഈ കവിതാസമാഹാരത്തെ വിലയിരുത്താം. വാക്കുകളിലും വായനാസാദ്ധ്യതയിലും ആറ്റൂർടച്ച്‌ നിലനിർത്തുന്ന പത്തരമാറ്റ്‌ കവിതകളുടെ സമാഹാരമാണ്‌ ’ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം-2‘.

(മലയാളം, ഡിസം.5, 2003)

ആറ്റൂർ രവിവർമ്മയുടെ കവിതകൾ (ഭാഗം രണ്ട്‌),

ഡി സി ബുക്‌സ്‌,

വില – 70.00

Generated from archived content: book-feb11.html Author: ps-santhosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English