ആത്മാവിഷ്‌കാരത്തിന്റ തീവ്രതയുള്ള കവിതകൾ

സുഖദുഃഖ സമ്മിശ്രമായ ജീവിതമെന്ന സങ്കീർണ്ണ സമസ്യയിലെ അറിവനുഭവങ്ങളുടെ പരമ്പരകളെ കുത്തിനിറച്ചിരിക്കുന്ന ഹൃദയമെന്ന ഭാണ്ഡവും പേറിയുള്ള യാത്രയിലാണ്‌ ഓരോ മനുഷ്യനും. സർഗ്‌ഗാത്മകമായ മനസ്സിൽ നടക്കുന്ന രാസപ്രകൃയയിലൂടെ ആർജ്ജിതമായ അറിവും അനുഭവവും കവിതയായി മാറുന്നു. സ്വപ്നവും സങ്കൽപവും കൂടി ചേരുമ്പോൾ ആ കവിതയ്‌ക്ക്‌ ആത്മാവിഷ്‌കാരത്തിന്റ ശബ്ദവും മണവും ലഭിക്കും.

ശ്രീകൃഷ്ണദാസ്‌ മാത്തൂരിന്റ ‘അമ്മയുടെ സ്വന്തം’ എന്ന കവിതാസമാഹാരത്തിലെ ഒട്ടുമിക്ക കവിതകളിലും ആത്മാവിഷ്‌കാരത്തിന്റ തീവ്രതയും ധന്യതയുമുണ്ട്‌. ഒരു പ്രവാസിയുടെ ഗൃഹാതുരചിന്തകൾ പലപ്പോഴും കവിതകളെ ഹൃദയദ്രവീകരണക്ഷമമാക്കുന്നുണ്ട്‌. ഭാഷയും ഭാവവും ഭാവനയും സമന്വയിക്കുമ്പോഴുണ്ടാകുന്ന ഭദ്രത, അല്ലെങ്കിൽ കാളിദാസന്റ ഭാഷയിൽ പറഞ്ഞാലുള്ള ‘വാഗർത്ഥസംവ്യക്തത’ കരഗതമാകണമെങ്കിൽ, കാവ്യോപാസനയെ അസിധാരാവ്രതമാക്കേണ്ടതുണ്ട്‌ കവി. മനസ്‌സറിഞ്ഞുള്ള സരസ്വതീപൂജ നടക്കട്ടെ.

ഗ്രാമപ്രകൃതിയുടെ ഹൃദയത്തുടിപ്പുകളെയാണ്‌ മിടിപ്പുകൾ എന്ന കവിതയിൽ ഋജുവായി കവി ആവിഷ്‌കരിക്കുന്നത്‌. അവശരും ആർത്തരും ആലംബഹീനരുമായ മനുഷ്യരുടെ ഉൾവിളികളും വരികൾക്കിടയിലൂടെ വായിക്കവുന്നതാണ്‌. മഹാകവി ഉള്ളൂരിന്റ ‘തുമ്പപ്പൂവ്‌ ’ എന്ന കവിതയെപ്പോലെ ധ്വന്യാത്മകമായിരുന്നെങ്കിലെന്ന്‌ ആഗ്രഹിച്ചുപോകുന്നു.

‘തിരിച്ചെന്നാണെന്ന’ ചോദ്യം നേരിടാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല. അതൊരു കടമ്പയാണവിടെ എന്നാണു കവി പറയുന്നത്‌. അങ്കലാപ്പോടെ അമ്മയും ആ ചോദ്യം ചോദിക്കുന്ന ജീവിതാവസ്ഥയെയും ശ്രീകൃഷ്ണദാസ്‌ മാത്തൂർ പരിചയപ്പെടുത്തുകയാണ്‌ ‘ചോദ്യം’ എന്ന കവിതയിൽ.

പിറവി, ഗാന്ധ്യായനം തുടങ്ങിയ കവിതകളിൽ ഗൗരവതരമായ ചില സാമൂഹികചിന്തകളുടെ തീപ്പൊരികളും കാണാം. പ്രകൃതിയിൽ നിന്നകലുന്ന മനുഷ്യജീവിതത്തെക്കുറിച്ചാണ്‌ ‘എന്തോസൾഫാൻ’ എന്ന കവിതയിൽ ആകുലപ്പെടുന്നത്‌. സമകാലിക സമൂഹം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ ബോധവാനായ ഒരു കവിയുടെ വരികളാണിതിലൊക്കെയുള്ളത്‌.

മലയാള കവിതയുടെ പൈതൃകത്തെ മാറോടടുക്കിപ്പിടിച്ച്‌ ഛന്ദോബദ്ധമായ രീതിയിലെഴുതിയ ‘അമ്മയുടെ സ്വന്തം’ എന്ന കവിത പാരായണസുഖത്തിലും ഭാവസന്നിവേശത്തിലും മികച്ചു നിൽക്കുന്നു.

Generated from archived content: vayanayute29.html Author: prof_tony.mathew

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here