ഫലങ്ങളും കൊന്നസുമങ്ങളും പൊന്നിൻ
പ്രഭയും കാർവർണ്ണൻ ശരീരകാന്തിയും
നിറഞ്ഞൊഴുകുന്ന സുദിനമാം വിഷു
നിറശോഭയാർന്നു വിരിഞ്ഞു നിൽക്കട്ടെ!
കതിർക്കുലയേന്തി കലിത കൗതുക-
മിളകിയാടുന്ന കൃഷിയിടങ്ങളിൽ
വിളവെടുപ്പിന്റെ തുടിമുഴക്കുന്ന
വിഷു നമുക്കെന്നും സുഖമരുളട്ടെ!
കിടാങ്ങളെ വിളിച്ചരികത്തു നിർത്തി
കിലുങ്ങും തുട്ടുകൾ മടിയിൽ നിന്നുട-
നെടുത്തവരുടെ വിടർത്തും കൈകളിൽ
കൊടുക്കും കാർണവർ ചിരിപൊഴിക്കട്ടെ!
തെളിഞ്ഞു കത്തുന്ന വിളക്കിന്റെ മുന്നിൽ
തളികയിൽ വച്ച വിശുദ്ധ ഗ്രന്ഥത്തിൻ
മഹിമ വാഴ്‌ത്തുന്ന ജനമനസ്സിന്റെ
മഹത്വമീമണ്ണിലൊളി പരത്തട്ടെ!
മനുകുലഫല പ്രവചന ദിനം
മഴമുകിൽ വർണ്ണൻ ദരിശന ദിനം
മനം കുളിർപ്പിക്കും സമൃദ്ധിതൻ ദിനം
മലയാണ്മയുടെ വിഷു ജയിക്കട്ടെ!
(കടപ്പാട് ഃ സായാഹ്‌ന കൈരളി മാഗസിൻ
Generated from archived content: poem1_apr12.html Author: prof_rp_menon