ചങ്ങമ്പുഴ കൃഷ്‌ണപിളള ഹൃദയങ്ങളുടെ ചക്രവർത്തി

ചങ്ങമ്പുഴ കൃഷ്‌ണപിളള ഞങ്ങൾ കുട്ടികളായിരുന്ന കാലത്താണ്‌ വായനക്കാരെ പിടിച്ചടക്കുന്ന കവിയായി രംഗത്ത്‌ വരുന്നത്‌. ഇന്ന്‌ കുഞ്ഞുങ്ങളുടെ വായനാശീലം എങ്ങനെ ഉണ്ട്‌ എന്ന്‌ എനിക്ക്‌ നിശ്ചയമില്ല. ഒരു പ്രായം കഴിഞ്ഞാൽ എത്രത്തോളം വ്യാപകമായി കുട്ടികൾ വായിക്കുന്നു എന്നും നിശ്ചയമില്ല…പരസ്യങ്ങളിലൂടെ ജനശ്രദ്ധ ആകർഷിക്കുന്നവർ എഴുത്തുകാരാവുകയും അവരുടെ കൃതികൾ വായിക്കാതെപോലും അവർ എഴുത്തുകാർ ആണെന്ന്‌ നാം അറിയുകയും ചെയ്യുന്ന കാലഘട്ടമാണ്‌ ഇന്നുളളത്‌.

അന്ന്‌ പരസ്യങ്ങളെ ആശ്രയിക്കാതെ വർത്തമാനപത്രങ്ങളെയോ ആനുകാലിക പ്രസിദ്ധീകരണങ്ങളെയോ ആശ്രയിക്കാതെ സ്വന്തം കവിതയുടെ ബലത്തിൽ അനുവാചകമനസ്സുകളെ പിടിച്ചടക്കിയ ഒരു കവി എന്ന നിലയിൽ ചങ്ങമ്പുഴയ്‌ക്ക്‌ തുല്യനായി മറ്റാരുമില്ല. അതുകൊണ്ടാണ്‌ ഹൃദയങ്ങളുടെ ചക്രവർത്തി എന്നു വിശേഷിപ്പിക്കാൻ ഞാൻ തുനിയുന്നത്‌. അദ്ദേഹത്തോട്‌ വ്യക്തിപരമായി ഇഷ്‌ടമില്ലാത്തവർപോലും അദ്ദേഹത്തിന്റെ കവിതകൾ വായിക്കുകയും ഏകാന്തവേളകളിൽ അവ മൂളി സ്വയം ആസ്വദിക്കുകയും ചെയ്‌തുപോന്നിരുന്നു. എല്ലാരംഗങ്ങളിലും, ഒരു മേഖലയിൽ മാത്രമല്ല, വിദ്യാഭ്യാസമുളളവരിലും വിദ്യാഭ്യാസമില്ലാത്തവരുടെ ഇടയിലും അദ്ദേഹത്തിന്റെ കാവ്യങ്ങൾ ധാരാളമായി പ്രചരിച്ചിരുന്നു. അന്ന്‌ അസമിൽ അനേകമാളുകൾ കേരളത്തിൽനിന്ന്‌ ജോലിക്കു പോയിരുന്നു. അവിടെ ജോലി ചെയ്‌തിരുന്നവർപോലും അല്‌പം ആശ്വാസത്തിനുവേണ്ടി, മാനസോല്ലാസത്തിനുവേണ്ടി ചങ്ങമ്പുഴക്കവിതകൾ മൂളിയിരുന്നതായി അവർ അയച്ച കത്തുകളിൽ കാണാം. അതുപോലെതന്നെ രണ്ടാംലോകമഹായുദ്ധാരംഭകാലത്ത്‌ പട്ടാളത്തിൽ പോയിരുന്നവരും. വയലേലകളിൽ വിശ്രമസമയത്ത്‌ ചങ്ങമ്പുഴക്കവിതകൾ വായിച്ചുവന്നിരുന്നു. ഇതെല്ലാം ഓർമ്മിച്ചുകൊണ്ടാണ്‌ നാടിന്റെ നാവിൽ തത്തിക്കളിച്ച വരികൾ എന്ന്‌ ചങ്ങമ്പുഴ കവിതയെക്കുറിച്ച്‌ മുണ്ടശ്ശേരി മാസ്‌റ്റർ അഭിപ്രായപ്പെട്ടത്‌. അങ്ങനെ കവിതയുടെ ബലത്തിൽ, ജന്മസിദ്ധമായ പ്രതിഭയുടെ ബലത്തിൽ ഈശ്വരദൃഢമായ കാവ്യരചനാവൈഭവത്തിന്റെ ബലത്തിൽ അനുവാചകലോകത്ത്‌ വ്യാപകമായി തന്റെ തലം സൃഷ്‌ടിച്ചു.

ആ കാലഘട്ടത്തിൽ എല്ലാ കവികളും ചങ്ങമ്പുഴയുടെ മാസ്‌മരമായ സ്വാധീനശക്തിക്ക്‌ വിധേയരായിട്ടുണ്ട്‌. അദ്ദേഹത്തെ കവി ഗന്ധർവൻ എന്നും ഗാനഗന്ധർവൻ എന്നും ആ കാലഘട്ടം വിളിച്ചിരുന്നു. പില്‌ക്കാലത്ത്‌ അദ്ദേഹം ‘പാടുന്ന പിശാചി’ൽ എഴുതിഃ ‘ഗന്ധർവനായി പിറന്നു ഞാൻ. പക്ഷേ, ലോകം എന്നെ പിശാചാക്കി മാറ്റി.’ ആത്മവിശ്വാസത്തിന്റെ നാന്ദിയോടുകൂടിയാണ്‌ അദ്ദേഹം എഴുതിയത്‌. ‘കളിത്തോഴി’യുടെ മുഖവുരയിൽ പറയുന്നുഃ ‘എന്റെ ഏറ്റവും വലിയ ശത്രുക്കൾപോലും ഞാൻ കവിയാണെന്ന്‌ സമ്മതിക്കും. എന്റെ ഏറ്റവും വലിയ മിത്രങ്ങൾപോലും സമ്മതിക്കില്ല ഞാൻ നോവലിസ്‌റ്റാണെന്ന്‌.’ ഈ ആത്മവിശ്വാസം അദ്ദേഹത്തിന്‌, തന്റെ പ്രതിഭയുടെ ബലത്തിൽനിന്നും ആക്കിത്തീർക്കാൻ കഴിഞ്ഞതാണ്‌. അദ്ദേഹം ധാരാളമായി എഴുതുകയും ചെയ്‌തിരുന്നു. അങ്ങനെ എഴുതിയതിലൂടെ ഒരു കാലഘട്ടത്തിന്റെ നാദമായി മാറുകയാണ്‌ ചെയ്‌തത്‌.

ചങ്ങമ്പുഴയുടെ കാലഘട്ടം കേരളത്തിലെ ഏറ്റവും അധികം സാമ്പത്തികമാന്ദ്യം അനുഭവപ്പെട്ട കാലഘട്ടമാണ്‌. തൊഴിലില്ലാത്തവരുടെ ഹൃദയത്തിന്റെ തേങ്ങലുകൾ ചങ്ങമ്പുഴ തന്റെ കവിതയിലൂടെ ആവിഷ്‌കരിക്കുകയാണ്‌ ചെയ്‌തത്‌. അദ്ദേഹം കണ്ടത്‌ വിഷാദമായിരുന്നു. കേരളീയ ജീവിതത്തിന്റെ തേങ്ങൽ സ്വന്തം കവിതയിലൂടെ ഏറ്റെടുക്കുകയാണ്‌ ചെയ്‌തത്‌. അതോടൊപ്പം തന്നെ ഹൃദയലാഘവം ലഭിക്കത്തക്ക കവിതയ്‌ക്കുവേണ്ടി കേരളീയമനസ്സ്‌ അന്ന്‌ ദാഹിക്കുകയും ചെയ്‌തിരുന്നു. ആവർത്തനം കൊണ്ടും കാലാത്മകമായ വശ്യതകൊണ്ടും ഹൃദയങ്ങളെ വശീകരിക്കാൻ ചങ്ങമ്പുഴയ്‌ക്ക്‌ കഴിഞ്ഞു. മറ്റൊന്ന്‌, ഓരോ കവിയിലും അതുബാധകമാണ്‌-നിലവിലിരിക്കുന്ന അഭിരുചിയെ പ്രീണിപ്പിക്കുന്നവരല്ല, അഭിരുചിയെ പരിണാമം സൃഷ്‌ടിക്കുന്നവനാണ്‌ കവി. ഓരോ കവിയും തനിക്കാവശ്യമായ ഒരു സദസ്സിനെ തന്റെ നവീനമായ ശൈലിയിലൂടെ സ്വയം സൃഷ്‌ടിക്കുകയാണ്‌ ചെയ്‌തത്‌. നിലവിലിരിക്കുന്ന അഭിരുചിയെ പീഡിപ്പിക്കുകയല്ല നിലവിലിരുന്ന അഭിരുചിക്ക്‌ മറ്റൊരു സ്ഥാനം സൃഷ്‌ടിക്കുകയാണ്‌ ചെയ്‌തത്‌. അങ്ങനെ കവി എന്ന നിലയിൽ കേരളീയ ഹൃദയങ്ങളിൽ സ്ഥാനം നേടിയ ചങ്ങമ്പുഴ മുഖ്യമായും മൂന്ന്‌ പ്രവണതകളെ പ്രതിനിധാനം ചെയ്യുന്നുണ്ട്‌ എന്നു തോന്നുന്നുഃ കാലഘട്ടത്തിന്റെ നാദം, ശുഭപ്രതീക്ഷയുടെ വീര്യം സ്‌ഫുരിക്കുന്ന കവിതകൾ, കവിതയെ കവിതയ്‌ക്ക്‌ അപ്രാപ്യമായ ഒരു മേഖലയിലേക്ക്‌ ഉയർത്തുന്നതിനുവേണ്ടിയുളള പരിശ്രമം.

ശബ്‌ദത്തിന്‌ ഭാവപ്രതീതിജനകമാം വിധം വിന്യസിക്കുന്ന കവിതയെ ആവുന്നിടത്തോളം അർത്ഥമുക്തമാക്കാനുളള പരിശ്രമം നടത്തിയത്‌ ചങ്ങമ്പുഴ കൃഷ്‌ണപിളളയാണ്‌. അതിലൂടെ അദ്ദേഹം പുതിയ കവിതയ്‌ക്ക്‌ മാർഗ്ഗദർശിയായി. അന്ത്യഘട്ടത്തിൽ ലോകത്തിന്റെയും ജീവിതത്തിന്റെയും ബാലിശങ്ങൾ നല്ലതുപോലെ ഏറ്റെടുത്തുകൊണ്ട്‌ കവിതയിൽ പകർത്തുകയും ചെയ്‌തിട്ടുണ്ട്‌….

സ്‌പർശിനികൾകൊണ്ട്‌ വരാൻ പോകുന്ന കാലത്തിന്റെ വിശ്വാസരാഹിത്യം ഒരുപക്ഷേ മരണാഭിലാഷവും മറ്റും അദ്ദേഹം അന്ത്യകാലകവിതകളിൽ ആവിഷ്‌കരിക്കുകയും ചെയ്‌തു. എങ്കിലും അദ്ദേഹം ജീവിതം അവസാനിപ്പിച്ചത്‌ ശുഭപ്രതീക്ഷയിലാണ്‌. ആ ശുഭപ്രതീക്ഷയ്‌ക്ക്‌ നിദർശനമായ അദ്ദേഹത്തിന്റെ ഏറ്റവും മനോഹരമായ കവിതകളിലൊന്നാണ്‌ ‘മനസ്വിനി’.

ഇതെല്ലാം കൊണ്ടാണ്‌ ചങ്ങമ്പുഴ എന്റെ സൃഷ്‌ടിയിൽ മലയാളത്തിൽ അനുപമമായ മഹത്വവും സ്ഥാനവും നേടിയിട്ടുളളത്‌. അദ്ദേഹം എക്കാലത്തും സാഹിത്യചരിത്രത്തിൽ ഒരു കാലഘട്ടത്തിന്റെ കൊട്ടാരത്തിൽ സിംഹാസനത്തിലിരുന്നു വാഴേണ്ട ചക്രവർത്തിയായിരുന്നു.

Generated from archived content: essay1_july28.html Author: prof_mk_sanu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here