പത്താംവയസുമുതൽ ‘കവിത’യെഴുതാൻ തുടങ്ങിയ ഒരു ബാലനാണ് “മൃദുതാളം” എന്ന ഈ കവിതാസമാഹാരത്തിന്റെ കർത്താവായ രാജ്‌മോഹൻ. ഇപ്പോൾ അദ്ദേഹത്തിന് പതിനഞ്ചുവയസ്സേയുളളു. ഇതിനകം മൂന്ന് പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. കാവ്യഗുണത്തിന്റെ അടിസ്ഥാനത്തിൽ അവയ്‌ക്ക് അംഗീകാരം ലഭിക്കുകയും ചെയ്‌തു. ഓരോ പുതിയ സമാഹാരത്തിലും അദ്ദേഹത്തിന്റെ വളർച്ചയുടെ മുദ്രകൾ അനുവാചകർക്ക് പ്രകടമായി കാണാം. അതാണ് ഈ കവിയെക്കുറിച്ച് ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെട്ട സവിശേഷത. ചലിച്ചുകൊണ്ടിരിക്കുന്ന കാലം വളർച്ചയിലേക്ക് മാത്രമേ ഈ കവിയെ നയിക്കുകയുളളു എന്നു വിശ്വസിക്കാൻ ഈ സവിശേഷത എന്നെ പ്രേരിപ്പിക്കുന്നു.
ആധുനികകാലത്ത് മനുഷ്യചേതനയെ അലട്ടിക്കൊണ്ടിരിക്കുന്ന വലിയ പ്രശ്‌നം പ്രകൃതിയുടെ നാശമാണ്. മനുഷ്യജീവിതത്തിന്റെ അവിഭാജ്യമായ ഒരംശമാണ് പ്രകൃതി എന്ന സത്യം ആധുനിക മനുഷ്യൻ മറന്നുപോയിരിക്കുന്നു. അതിന്റെ ഫലമായി ഭൂമിയിൽ മാത്രമല്ല, മനുഷ്യമനസ്സിലും മരുഭൂമികൾ വളരാൻ തുടങ്ങുന്നു. ആശങ്കയുളവാക്കുന്ന ഈ സ്ഥിതിവിശേഷം രാജ്‌മോഹന്റെ പ്രതിഭയിൽ ചലനമുളവാക്കിയതിന്റെ ഫലമാണ് “ഇനിയെങ്കിലും” എന്ന ഒന്നാമത്തെ കവിത.
“മലിനമാണു വെളിച്ചവും വാനവും
മലിനമല്ലാത്തതന്ധകാരം മാത്രം”
എന്നു കാണുന്ന അദ്ദേഹം ഒരു ഉൽബോധനം സമജാതരുടെ മുമ്പാകെ സമർപ്പിച്ചു കൊണ്ടാണ് കവിത അവസാനിപ്പിക്കുന്നത്.
“മരണമാണു വരുന്നതു മർത്ത്യരെ
മനസ്സുമാറ്റുക ഭൂമിയെ പോറ്റുക.”
ഭൂമിയേയും മനുഷ്യജന്മത്തെയും ഒന്നായി ദർശിക്കുന്ന കവിയുടെ കല്‌പന പല സമസ്യകളിലേക്കും വ്യാപിക്കുന്നതായിക്കാണുന്നു. അതിലൊന്ന് കാലം എന്ന സമസ്യയാണ്. ലോകാരംഭം മുതൽ മനുഷ്യമനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന ഈ സമസ്യയെക്കുറിച്ച് കവിതയെഴുതാൻ മുതിർന്നു എന്നതുതന്നെ രാജ്‌മോഹന്റെ ഭാവനയുടെ പക്വതയ്‌ക്ക് തെളിവാണ്.
“കാലമേറെ കടന്നുപോയെങ്കിലും
കാലമാരെന്നതുത്തരമില്ലാതെ
കാലമാകുന്ന ചക്രം കറങ്ങുന്നു
കാലമേറെയായ് ഉത്തരമില്ലാതെ.”
എന്ന വരികൾ സാധാരണഗതിയിൽ ഒരു ബാലന് രചിക്കാൻ കഴിയുന്നതല്ല. ഒരു സാധാരണ മനസ്സിന് പ്രായമായ അവസ്ഥയിൽപോലും ഈ ആശയം ആലോചിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
ജീവന്റെ വിശുദ്ധിയെക്കുറിച്ചുളള സ്‌മരണയുണർത്തുന്നതാണ് ‘യാത്രയും കാത്ത്’ എന്ന അവസാന കവിത. ആധുനിക കാലത്ത് മനുഷ്യസ്‌നേഹികളും ചിന്തകൻമാരും വധശിക്ഷയെക്കുറിച്ച് ഗാഢമായി ചിന്തിച്ചുപോരുന്നു. ആ ശിക്ഷയുടെ പിന്നിൽ പതിയിരിക്കുന്ന ക്രൂരതയുടെ ഭീകരമുഖം സാധാരണ ദൃഷ്‌ടികൾക്ക് കാണുക സാധ്യമല്ല. എന്നാൽ രാജ്‌മോഹന്റെ നിപുണ നേത്രങ്ങൾ ആ ക്രൂരതയുടെ ഭീകരരൂപം ദർശിക്കുന്നു എന്നാണ് ‘യാത്രയും കാത്ത്’ എന്ന കവിത വിളംബരം ചെയ്യുന്നത്.
മഴ എന്ന പ്രകൃതിയുടെ വരദാനം കവികളെ എന്നും പുളകം കൊളളിച്ചിട്ടുണ്ട്. ആ പുളകമാണ് “മൃദുതാളം” എന്ന കവിതയിൽ ആവിഷ്‌കൃതമായിരിക്കുന്നത്. മഴയുടെ മൃദുരാഗഗീതം മണ്ണിന്റെ ഹൃദയത്തിൽ പറ്റിച്ചേരുന്നു. വേനലിൽ വരണ്ട ഭൂമിയിൽ മഴ വസന്തോത്സവം സൃഷ്‌ടിക്കുന്നു. മരുഭൂമിയായി മാറാൻ തുടങ്ങുന്ന ജനഹൃദയവീഥിയിൽ മഴ ചോലമരങ്ങൾ വളർത്തുന്നു. ഇതുപോലുളള കല്‌പനകളിലൂടെയാണ് രാജ്‌മോഹൻ തന്റെ സൂക്ഷ്‌മഭാവം കാവ്യരൂപമായി വികസിപ്പിച്ചിട്ടുളളത്.
അതേസമയം തന്നെ തൊട്ടുരുമ്മി നിൽക്കുന്ന സമകാലിക യാഥാർത്ഥ്യങ്ങളെ രാജ്‌മോഹൻ അവഗണിക്കുന്നില്ല. ‘മാറാട്’ തീർച്ചയായും അദ്ദേഹത്തിന്റെ ആത്മാവിനെ മുറിവേൽപ്പിച്ചിരിക്കുന്നു. വർത്തമാനകാലത്തിന്റെ അനീതികളോട് ഏകാകിയായി പടപൊരുതിയ നവാബ് രാജേന്ദ്രനെ കാണാതിരിക്കാൻ അദ്ദേഹത്തിനു സാധ്യമല്ല. അങ്ങിനെ പലതും ഈ സമാഹാരത്തിൽ നിങ്ങളുടെ ഹൃദയത്തിൽ പതിയുമാറ് രാജ്‌മോഹൻ പകർത്തിയിട്ടുണ്ട്.
വർത്തമാനകാലത്തിലിരുന്നുകൊണ്ട് ശാശ്വത സമസ്യകളുമായി സല്ലപിക്കാൻ പ്രവണത കാട്ടുന്ന ഒരു ഭാവനയാണ് രാജ്‌മോഹൻ എന്ന കവിയുടെ കരുത്ത് എന്നു ഞാൻ കരുതുന്നു. ആ കരുത്ത് അങ്കുരാവസ്ഥയിൽ പ്രകടമാക്കുന്ന ഈ സമാഹാരത്തിന് ഏവരും പ്രതീക്ഷാപൂർവ്വം സ്വാഗതമരുളുമെന്നാണ് എന്റെ വിശ്വാസം.
ഛന്ദസ്സ് ഉപേക്ഷിക്കാതെ കവിത രചിക്കാൻ ഇക്കാലത്ത് ആരും മുതിർന്നു കാണുന്നില്ല. ഏതാണ്ട് ഫാഷനായിത്തീർന്നിട്ടുളള ആ പ്രവണതയ്‌ക്ക് വഴങ്ങുന്നില്ല എന്നതുതന്നെ രാജ്‌മോഹന്റെ തന്റേടമായി ഞാൻ കാണുന്നു. ചെറിയ കുട്ടിയാണെങ്കിലും വാർദ്ധക്യത്തിന്റെ അനുഭവം വരെ സ്വന്തം ഭാവനയിൽ ഉൾക്കൊളളാൻ കഴിയുന്നു എന്നതും ശ്രദ്ധാർഹമായ മേൻമയാണ്. ഈ സമാഹാരത്തിന് മുഖക്കുറിപ്പായി എഴുതിയിരിക്കുന്ന ഏഴുവരികൾ വായിക്കുന്നവർക്ക് ഇക്കാര്യം നല്ലപോലെ ബോധ്യമാകുമെന്നാണ് എന്റെ വിശ്വാസം.
ഭാവിയുടെ വാഗ്‌ദാനമായ ഒരു കവിയുടെ ഹൃദയസ്‌പന്ദനങ്ങൾ ഉൾക്കൊളളുന്ന ‘മൃദുതാളം’ എന്ന ഈ പുസ്‌തകം അഭിമാനത്തോടുകൂടി ഞാൻ സഹൃദയരുടെ മുമ്പാകെ അവതരിപ്പിച്ചുകൊളളുന്നു.
മൃദുതാളം, രാജ്‌മോഹൻ, വില – 35.00, പെൻ ബുക്‌സ്
Generated from archived content: book1_june22_06.html Author: prof_mk_sanu
Click this button or press Ctrl+G to toggle between Malayalam and English