ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയും പ്രത്യാശയും

ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല മൊത്തത്തിലും, ഉന്നതവിദ്യാഭ്യാസമേഖല, പ്രത്യേകിച്ചും നിരവധി പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നൊരു കാലഘട്ടമാണിത്‌. സാമ്രാജ്യത്വം, നിയോ-കൊളോണിയൽ-നിയോ ലിബറൽ സ്വഭാവം കൈവരിച്ചു കഴിഞ്ഞിട്ടുളള ആധുനിക കാലഘട്ടത്തിൽ, ഉന്നത വിദ്യാഭ്യാസമേഖല തീർത്തും “ലാഭാധിഷ്‌ഠിതമായ വ്യവസായമായി മാറുന്ന ദുരന്തമാണിവിടെ സംഭവിക്കുന്നത്‌.” ആശയപരമായ ഈ മാറ്റവും ധനകാര്യമേഖലയിൽ വ്യാപകമായിത്തീർന്നിരിക്കുന്ന രൂക്ഷമായ പ്രതിസന്ധിയും കൂടി ചേരുമ്പോഴാണ്‌ വിദ്യാഭ്യാസ മേഖലയിലാകെത്തന്നെയും വിശിഷ്യാ ഉന്നത വിദ്യാഭ്യാസ മേഖലയിലും നാം നേരിടുന്ന വെല്ലുവിളിയുടെ യഥാർത്ഥമുഖം അനാവരണം ചെയ്യപ്പെടുന്നത്‌. ഈ വിധത്തിലൊരു കാലോചിതമായ കർമ്മം നിർവ്വഹിക്കുകയെന്നതാണ്‌ ഡോ. ജോയ്‌ ജോബ്‌ കുളവേലിൽ ചെയ്യുന്നത്‌. “ഉന്നത വിദ്യാഭ്യാസംഃ പ്രതിസന്ധിയും പ്രത്യാശയും” എന്ന ഗ്രന്ഥം ഊന്നൽ നൽകിയിരിക്കുന്നത്‌ വിദ്യാഭ്യാസത്തിന്റെ വ്യാപാരവൽക്കരണമെന്നോ, വാണിജ്യവൽക്കരണമെന്നോ പറയാവുന്ന പ്രക്രിയയുമായി ബന്ധപ്പെട്ട മേഖലയിലാണ്‌. ഉന്നത വിദ്യാഭ്യാസം ആഗോളതലത്തിൽ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ എന്തെല്ലാമാണെന്ന്‌ ലോകബാങ്കിന്റെ പഠനറിപ്പോർട്ടുകളും നിഗമനങ്ങളും ശുപാർശകളും വിശദമായ പരിശോധനയ്‌ക്കും വിലയിരുത്തലിനും വിധേയമാക്കാൻ ഗ്രന്ഥകാരൻ പരമാവധി പരിശ്രമിച്ചിട്ടുണ്ട്‌. ലോകബാങ്കിന്റെ നയസമീപനങ്ങളോട്‌ പരിപൂർണ്ണമായ വിയോജിപ്പ്‌ പ്രകടമാക്കാതെ തന്നെ ആഗോളവൽക്കരണ നയങ്ങൾ വികസ്വര രാജ്യങ്ങളെ വിദ്യാഭ്യാസ മേഖലയിലെ വികസന അജണ്ട നിർണ്ണയിക്കുന്നതിൽ ഈ സാർവ്വദേശീയ ഏജൻസി പ്രദർശിപ്പിച്ചുവരുന്ന സജീവമായ താല്‌പര്യം ക്ഷണിച്ചുവരുത്തുന്ന വിപത്തെന്ത്‌ എന്നതിനെപ്പറ്റി നമ്മെ ബോധവാന്മാരാക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്‌. മാത്രമല്ല, ലോകബാങ്ക്‌ ഉൾപ്പെടെയുളള യു.എൻ. ഏജൻസികൾ, വികസ്വര രാജ്യങ്ങളുടെമേൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ വ്യവസ്ഥ വികസിത രാജ്യങ്ങൾ ഒരിക്കൽപോലും അംഗീകരിക്കാത്ത ഒന്നാണെന്നും ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു. ലോകബാങ്ക്‌ സ്വയംഭരണമെന്ന തത്ത്വം വിദ്യാഭ്യാസമേഖലയിൽ പ്രാവർത്തികമാക്കണമെന്ന നിർദ്ദേശം ഉന്നയിക്കുമ്പോൾ സാധാരണക്കാരന്‌ തോന്നുക ഇതിൽ വലിയ തെറ്റൊന്നുമില്ലെന്നാണ്‌. അതേസമയം, ലോകബാങ്കിന്റെ നിർദ്ദേശം ശ്രദ്ധാപൂർവ്വം പരിശോധിക്കാതെ അത്‌ നടപ്പാക്കുമ്പോൾ, വികസ്വരരാജ്യങ്ങൾ പുത്തൻ സാമ്രാജ്യത്വത്തിന്റെ ചൂഷണത്തിന്‌ ഒരിക്കൽകൂടി വിധേയമാക്കപ്പെടും. നവകൊളോണിയലിസമെന്നോ, നവ ലിബറലിസമെന്നോ മറ്റോ ഇതിനെ വിശേഷിപ്പിക്കാമെങ്കിലും, അന്തിമവിശകലത്തിൽ ഇന്ത്യയെപ്പോലുളള മുൻകോളനി രാജ്യങ്ങൾക്ക്‌ തന്മൂലം ഗുരുതരമായ പ്രതിസന്ധികളാണ്‌ വരുംനാളുകളിൽ നേരിടേണ്ടിവരിക എന്ന മുന്നറിയിപ്പാണ്‌ ഈ സന്ദർഭത്തിൽ ഡോ.ജോയ്‌ കുളവേലിൽ നൽകുന്നത്‌.

എട്ട്‌ അദ്ധ്യായങ്ങളിലായി, ഉന്നത വിദ്യാഭ്യാസ മേഖല ദേശീയതലത്തിലും സംസ്ഥാനതലത്തിലും അഭിമുഖീകരിക്കുന്ന ബഹുമുഖമായ പ്രശ്‌നങ്ങൾ വിശകലനം ചെയ്യുക മാത്രമല്ല, ഗ്രന്ഥകാരൻ ചെയ്യുന്നത്‌. ഇത്തരം പ്രശ്‌നങ്ങൾ ആഗോളതലത്തിൽ ഏതു വിധേനയാണ്‌ കൈകാര്യം ചെയ്‌തു വരുന്നതെന്നും പരിശോധിക്കപ്പെടുന്നുണ്ട്‌. ഇതിൽ മൂന്നാമത്തെ അദ്ധ്യായം-“ഏകീകൃത സർവ്വകലാശാല നിയമം-അധിനിവേശത്തിനുളള എൻ.ഒ.സി.”-നിലവിലുളള സർവ്വകലാശാലകളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ഏതെല്ലാം വിധത്തിലാണ്‌ പ്രതികൂലമായി ബാധിക്കുകയെന്നു വ്യക്തമാക്കാൻ ഉദ്ദേശിച്ചിളളതാണ്‌. കേരളത്തിൽ സർവ്വകലാശാലകളുടെ പൊതുവായ അവസ്ഥയെന്തെന്ന്‌ വിശദമായി പരിശോധിക്കവെ, ഗ്രന്ഥകാരൻ ശ്രദ്ധേയമായൊരു പരാമർശം നടത്തുന്നുണ്ട്‌. ഓവർ അഫിലിയേഷൻ എന്ന പ്രവണതയാണ്‌ സർവ്വകലാശാലാ ഭരണസംവിധാനത്തെ പലപ്പോഴും അവതാളത്തിലാക്കുന്നത്‌ എന്നാണ്‌ ഗ്രന്ഥകാരന്റെ ഈ പരാമർശം. ഭരണരംഗത്ത്‌ ഉടലെടുക്കുന്ന സങ്കീർണ്ണമായ നിരവധി പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കണ്ടെത്തുകയെന്ന ശ്രമകരമായ പ്രവർത്തനങ്ങൾ മൂലം അക്കാദമിക്‌ താല്‌പര്യങ്ങൾ സംരക്ഷിക്കുന്നതിന്‌ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാതെ വരുന്നു. ഇതിനുളള പരിഹാരമെന്ന നിലയിൽ സ്വയംഭരണം എന്ന ആശയം പരിഗണിക്കാവുന്നതാണ്‌. ഇക്കാര്യത്തിൽ തമിഴ്‌നാട്‌ സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ അക്കാദമിക്‌ സ്വയംഭരണം നൽകിയിട്ടുണ്ടെന്ന കാര്യം പ്രസക്തമാണ്‌. കേരളത്തിലും ഇത്തരമൊരു പരീക്ഷണം നടത്തുന്നത്‌ നന്നായിരിക്കും. നമ്മുടെ സർക്കാർ ഇതിനുപകരം, ഭരണപരവും ധനപരവുമായ മേഖലകളിലാണ്‌ സ്വയംഭരണമെന്ന ആശയം പ്രയോഗിക്കാൻ ആലോചന നടത്തിയത്‌. അത്‌ ഇതുവരെ നടപ്പാക്കപ്പെട്ടിട്ടില്ലെന്നത്‌ വേറെ കാര്യം. അക്കാദമിക്‌ സ്വയംഭരണത്തിന്റെ സ്ഥാനത്ത്‌ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്‌ സമഗ്രമായ ഏകീകരണമാണെന്നത്‌ ഏറെ വിചിത്രമായി തോന്നുന്നു. ഈ പരിഷ്‌കാരത്തിന്റെ യഥാർത്ഥ ലക്ഷ്യം ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്‌ട്രവൽകരണം തന്നെയാണെന്ന്‌ ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നു.

ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയും പ്രത്യാശയും, ഡോ.ജോയ്‌ ജോബ്‌ കുളവേലിൽ, കറന്റ്‌ ബുക്‌സ്‌ തൃശൂർ, വില-95.00

Generated from archived content: bookrewiew1_sep7_05.html Author: prof_k_aravindakshan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English