വിവേകാനന്ദ വിഗ്രഹത്തിനു മുമ്പിൽ ഒരു നെയ്‌ത്തിരി

ടോണി മാത്യുവിന്റെ പ്രശ്‌നോത്തരി പരമ്പരയിലെ ഏറ്റവും പുതിയ പുസ്‌തകമാണ്‌ വിവേകാനന്ദ പ്രശ്‌നോത്തരി.

ഭാരതീയമായ എല്ലാ അറിവുകളുടെയും ആദർശത്തിന്റെയും ധർമ്മങ്ങളുടെയും സംസ്‌കാരത്തിന്റെയും ആൾരൂപമാണ്‌ സ്വാമി വിവേകാനന്ദൻ. ആ പേർ കേൾക്കുന്ന മാത്രത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ ഒരു കമ്പനം അനുഭവപ്പെടാത്തയാൾ ഭാരതീയനല്ലെന്നു തീർത്തുപറയാം. ആ രൂപം ചിത്രത്തിന്റെയോ പ്രതിമയുടെയോ രൂപത്തിൽ കാണുന്ന മാത്രയിൽ അഭിമാനംകൊണ്ടും ആരാധനകൊണ്ടും ജലാർദ്രമാകുന്ന മിഴികൾ തുടച്ചുകൊണ്ട്‌ ശിരസ്സു നമിച്ച്‌ നിശ്ചലനായി അല്‌പനേരം നില്‌ക്കാത്തയാൾ ഭാരതീയനല്ലെന്നു പറയാം. വിവേകാനന്ദവാണികൾ വായിക്കുമ്പോൾ ഒരു പുതിയ ഉണർവും ഉത്തേജനവും അനുഭവപ്പെടാത്തവനും, ഉത്താളമായ ദേശസ്‌നേഹത്തിന്റെയും ആർഷ സംസ്‌കാരപ്രേമത്തിന്റെയും തരംഗങ്ങളിൽപെട്ട്‌ ആന്ദോളനം ചെയ്യാത്തയാളും ഭാരതീയനല്ലതന്നെ.

ഭാരതീയതയോടോ ആർഷപാരമ്പര്യത്തോടോ എതിർപ്പും അകൽച്ചയുമില്ലെങ്കിലും ഗഹനവും വിപുലവുമായ വായനയ്‌ക്കു പഠനവും സമയവും സൗകര്യവും ലഭിക്കാതെ പോകുന്നതുകൊണ്ടുമാത്രം സ്വാമി വിവേകാനന്ദനെ അടുത്തറിയാൻ സാധിക്കാതെ പോയിട്ടുളള അനേകകോടി ആളുകൾ ഭാരതത്തിലുണ്ടെന്നുളളതും വിസ്‌മരിച്ചുകൂടാ. അത്തരക്കാരായ മലയാള വായനക്കാരെ ഉദ്ദേശിച്ച്‌ രചിക്കപ്പെട്ടതാണ്‌ ഈ പുസ്‌തകം. ഏഴു വാല്യങ്ങളുളള വിവേകാനന്ദ സാഹിത്യവും, വിവേകാനന്ദന്റെ ജീവചരിത്രഗ്രന്ഥങ്ങളും സനിഷ്‌കർഷം വായിച്ച്‌ ആ മഹാത്മാവിന്റെ ജീവിതം, ആദർശം, ആശയം എന്നിവയുമായി പരിചയപ്പെടാൻ സാധിക്കാതെ പോകുന്നവർക്ക്‌ പ്രൊഫ.ടോണി മാത്യുവിന്റെ ഈ പ്രശ്‌നോത്തരി വലിയൊരനുഗ്രഹമാണ്‌. അതുല്യവും അന്യൂനവുമായ ആ വ്യക്തിത്വത്തിന്റെ നാനാമുഖങ്ങൾ വായനക്കാരന്‌ എളുപ്പം മനസ്സിലാകത്തക്കവിധത്തിലുളളതാണ്‌. തെരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്‌ക്കു നല്‌കുന്ന കാര്യമാത്രപ്രസക്തവും ലളിതവുമായ ഉത്തരങ്ങളും. നൂറ്റിമുപ്പതോളം വിഷയങ്ങളെപ്പറ്റിയുളള സ്വാമികളുടെ തനതു മുദ്രയാർന്ന അഭിപ്രായങ്ങളും ആദർശങ്ങളും പുസ്‌തകത്തിന്റെ ഉത്തരാർദ്ധത്തിൽ ചേർത്തിരിക്കുന്ന മൊഴിമുത്തുകളിൽ സംഗ്രഹിച്ചവതരിപ്പിച്ചിരിക്കുന്നു.

വിവേകാനന്ദ പ്രശ്‌നോത്തരി, പ്രൊഫ. ടോണി മാത്യു, കറന്റ്‌ ബുക്‌സ്‌, വില – 35.00.

Generated from archived content: book2_may26.html Author: prof_harindranathakurup

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English